30.10.09

25. കലാലയ ജീവിതത്തിലെ ഒരു മലയാളം ക്ലാസ്സ്
   ഒരുവട്ടം കൂടിയ പ്രീഡിഗ്രി ക്ലാസ്സില്‍
   ഒരുമിച്ചിരിക്കുവാന്‍ ...   മോഹം.
   വെറുതെയാ മോഹമെന്നറിയുന്ന നേരത്ത്
   വെറുതെ ഓര്‍ത്തിരിക്കുവാന്‍ ...   മോഹം.

                     അതെ സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ, ചിരിയും കണ്ണീരും കൊണ്ട് നിറഞ്ഞ; ആ പ്രീ ഡിഗ്രി ക്ലാസ്സ്. - നമ്മുടെ കോളേജുകളില്‍ നിന്ന് മുറിച്ചുമാറ്റിയത്  ‘പ്രീ ഡിഗ്രിയല്ല’; കലാലയ സ്വപ്നങ്ങളുടെ ‘ചിറകുകളാണ്’. പഠനത്തിന്റെ വിരസതയില്ലാത്ത കുസൃതികളും തമാശകളും പ്രേമവും സ്വപ്നവും ചേര്‍ന്ന് അലയടിക്കുന്ന ആ ലോകം. ഒടുവില്‍ വിരഹം പേറുന്ന മാര്‍ച്ച് മാസത്തില്‍ നമുക്ക് കാണാന്‍ കഴിയും;


   എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും
   അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം.
   ആമരത്തണലില്‍ പൂക്കള്‍ക്കൊപ്പം
   കണ്ണീര് പെയ്യുന്നു, പ്രണയജോഡികള്‍.

                       എന്നാല്‍ പ്രേമിക്കുക എന്നത് അത്ര എളുപ്പമായിരിന്നില്ല. മനസ്സില്‍ തോന്നുന്നത് ഒന്ന് പറയാന്‍ (പരസ്പരം ഒന്ന് സ്നേഹിക്കാന്‍ ) മരച്ചുവട്ടിലോ, കോളേജ്‌കേന്റീനിലോ, മതിലിന്റെ പിന്നിലൊ, ജോഡികളായി ഇരിക്കുന്നത് പിടിച്ചാല്‍ (പിടിക്കുന്നത് അദ്ധ്യാപകരൊ മറ്റു ജീവനക്കാരോ ആവാം) കിട്ടുന്നത് സസ്പെന്‍‌ഷന്‍ ആയിരിക്കും. ആ വിവരം നോട്ടീസ്‌ബോര്‍ഡില്‍ പതിക്കുക മാത്രമല്ല, എല്ലാ ക്ലാസ്സുകളിലും മെമ്മൊ ആ‍യും അറിയിക്കും. അത്കൊണ്ട് ആരെങ്കിലും പ്രേമിക്കാതിരിക്കുമോ?
                        ന്യൂട്ടന്റെ മൂന്നാം ചലന നിയമം പഠിക്കുന്നത് പ്രീഡിഗ്രി കാലത്താണ്; ‘For every action there is an equal and opposite reaction’ . അതുപോലെ സസ്പെന്‍ഷന്‍ ഡിസ്മിസ്സല്‍ ആയാലും കൌമാരപ്രായക്കാരുടെ പ്രണയത്തിന്റെ തീവ്രത വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
.
                       എന്നാല്‍ എന്താണെന്നറിയില്ല, കൂടെപഠിക്കുന്ന ഒരുത്തനോടും എനിക്ക്  പ്രേമം തോന്നിയില്ല; അതായത് എനിക്ക് പ്രേമിക്കാന്‍ യോഗ്യതയുള്ള ആരെയും ഞാന്‍ കണ്ടില്ല. പിന്നെ പ്രേമിച്ചത് മുഴുവന്‍ അദ്ധ്യാപകരെയാണ്. അത്കൊണ്ട് എന്റെ പ്രേമം പുറത്തുവിടാതെ മനസ്സില്‍ ഒളിപ്പിച്ചു. എന്റെ പ്രീ ഡിഗ്രി കാലത്ത് ചെറുപ്പക്കാരായ അവിവാഹിതരായ ‘പുരുഷ ലക്ച്ചര്‍മാരുടെ’ ഒരു പടതന്നെ ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ അവരെ ആരാധിക്കുകയും പിന്നെ ആരാധന മൂത്ത് പ്രേമിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ ഒരാളായതിനാല്‍ എന്റെ പ്രേമവും പൂക്കാതെ കായ്ക്കാതെ കരിഞ്ഞുപോയി.
 .
                        എന്റെ ജീവിതത്തിലെ ഏറ്റവും വലുത് എന്ന് ഞാന്‍ വിശ്വസിച്ച, ‘ചെറിയ അപകടം’ നടന്നത് പ്രീ ഡിഗ്രി പഠനകാലത്താണ്. ഇതുവരെ ആരോടും പറയാത്ത ആ അപകടം ഇപ്പോഴും ഞാന്‍ പറയത്തില്ല. വളരെ നിസ്സാരമായ അപകടത്തെ ഒരു ആനക്കാര്യമായി ഞാന്‍ കണക്കാക്കുകയും അതില്‍ നിന്നുള്ള പാഠങ്ങള്‍  ഉള്‍ക്കൊണ്ട്, ഭാവി ജീവിതത്തില്‍ ഉയരങ്ങളില്‍ എത്തി ആനപ്പുറത്ത് കയറാനും എനിക്ക് കഴിഞ്ഞു. (ഒരിക്കല്‍ ശരിക്കും ആനപ്പുറത്ത് ‘ഈ ഞാന്‍ ’ കയറിയിട്ടുണ്ട്; നാല് കാലും ഒരു വാലും ഒരു തുമ്പിക്കൈയും ഉള്ള, ജീവനുള്ള ഒറിജിനല്‍ ആനയുടെ പുറത്ത് തന്നെ. എന്നെയുംകൊണ്ട് ആന പത്ത് മിനുട്ട് നടന്നു)
.
                          ഈ പോസ്റ്റ് വായിക്കുന്നവരില്‍ പലരും ഞാന്‍ പറയുന്ന സംഭവം നടക്കുന്ന കാലത്ത് ജനിച്ചവരായിരിക്കില്ല. നാല്പത് വര്‍ഷം മുന്‍പുള്ള കണ്ണൂര്‍ എസ്. എന്‍ . കോളേജാണ് ഞാന്‍ ഇവിടെ വിവരിച്ചത്. കോളേജില്‍ ചേര്‍ന്നതിനു ശേഷം ഒരു വര്‍ഷം (ഫസ്റ്റ് പീഡീസി) പലരും പലതും പഠിപ്പിച്ചു; എന്നാല്‍ ഒന്നും മനസ്സിലായില്ല. കാരണം എല്ലാം ഇംഗ്ലീഷ് തന്നെ. ചോദിക്കുന്നതും പറയുന്നതും ഇംഗ്ലീഷില്‍ മാത്രം.  ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും വന്ന ചില വിദ്യാര്‍ത്ഥികള്‍ ഓരോ ബാച്ചിലും കാണും. അവര്‍ മലയാളികളെക്കാള്‍ ഉന്നതസ്ഥാനീയരാണ് എന്ന് അറിയിക്കാന്‍ പരമാവധി പൊങ്ങച്ചം കാട്ടും. 


                     അവര്‍ സംസാരിക്കുന്നതും നടക്കുന്നതും കുടിക്കുന്നതും തിന്നുന്നതും എല്ലാം ഇംഗ്ലീഷില്‍; അതങ്ങനെയാണ്. നമ്മള്‍ കേന്റീനില്‍ ചായക്കും കാപ്പിക്കും വേണ്ടി തിക്കിതിരക്കി മുന്നിലെത്തി ‘ഒരു കാപ്പി’ എന്ന് പറയുമ്പോള്‍ സമീപത്തു നിന്നും ചിലപ്പോള്‍ കേള്‍ക്കാം ഒരു കിളിനാദം ‘ഒണ്‍ കോഫീ പ്ലീസ്
 .
                      പിന്നെ കോളേജില്‍ ചേര്‍ന്നാല്‍ വേഷം സാരി ആയിരിക്കണം എന്ന ചിന്ത പെണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്നു. പ്രീ ഡിഗ്രി ഒന്നാം വര്‍ഷം പാവാടക്കാരിയായി വന്ന അവളുമാരെല്ലാം വെക്കേഷന്‍ കഴിഞ്ഞ് തിരിച്ച് രണ്ടാം വര്‍ഷത്തിലേക്ക് വരുന്നത് സാരിയിലായിരിക്കും. ഈ പാവാട ഒന്നുകില്‍ മുട്ടിനു മുകളില്‍, അല്ലെങ്കില്‍ നിലത്തിഴയുന്നത് ആയിരിക്കും. ചില മിടുക്കികള്‍ അമ്മയുടെ പഴയ ഇരുമ്പുപെട്ടി തുറന്ന്, അവരുടെ മധുവിധു കാലത്ത് വാങ്ങിയ, പഴമയുടെ ഗന്ധമുള്ള പട്ടുസാരികള്‍ അമ്മ അറിയാതെ പുറത്തെടുക്കുന്നത് അപ്പോഴായിരിക്കും. 


                       ഡിഗ്രി വിദ്യാര്‍ത്ഥിനികള്‍ പൂര്‍ണ്ണമായി സാരിയിലേക്ക് കടക്കും. ഇതിനിടയില്‍ ‘ഹാഫ്‌സാരി എന്ന് പറയുന്ന ധാവണി’ ധരിച്ച് ചിലര്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ആദ്യമായി കാണുന്നവര്‍ വാ പൊളിച്ച് നോക്കിനില്‍ക്കുന്ന ഒരു വേഷത്തില്‍ അപൂര്‍വ്വം ചിലരെ കാണാം. മുട്ടോളമെത്താന്‍ മടികാണിക്കുന്ന ഉടുപ്പിട്ട്, മുടിയൊക്കെ മുറിച്ച് ഉയര്‍ത്തി, നിര്‍ത്താതെ ചറപറാ ഇംഗ്ലീഷ് പറഞ്ഞ്, ആണിവെച്ച് ഉയര്‍ത്തിയ ചെരിപ്പുമിട്ട് അവര്‍ നടന്നുപോകുമ്പോള്‍ ചുറ്റും കാണും ഒരു പട നാടന്‍ മലയാളികള്‍. അതാണ് ആഗ്ലോഇന്ത്യന്‍‌ . (ഇന്ന് ഈ വേഷക്കാര്‍ കേരളത്തിലെ  എല്ലാവിട്ടിലും കാണും)
 .
                         നമ്മുടെ മാതൃഭാഷക്ക് –മലയാളത്തിന്‍- എന്തോ ഒരു അയിത്തം കല്പിച്ച ഒരു കാലമായിരുന്നു അത്. സെക്കന്റ് ലേഗ്വേജ് ആയി മലയാളവും ഹിന്ദിയും കോളേജില്‍ വെച്ച് പഠിപ്പിക്കുന്നുണ്ട്. പ്രീ ഡിഗ്രി ക്ലാസ്സിലെ മൂന്നില്‍ രണ്ട് ഭാഗം വിദ്യാര്‍ത്ഥികളും മലയാളം ഒഴിവാക്കി ഹിന്ദി പഠിക്കുന്നു. മലയാളത്തെ സ്നേഹിക്കുന്ന ഒരു ചെറിയ വിഭാഗം മാത്രം സ്വന്തം മലയാളഭാഷ പഠിക്കുന്നു. മലയാളത്തില്‍ ആരും തോല്‍ക്കാറില്ല. എന്നാല്‍ തോറ്റാലും ചിലര്‍ക്ക് ഹിന്ദി തന്നെ പഠിക്കണം.
.
                        നമ്മുടെ മലയാളം ക്ലാസ്സ് വളരെ രസകരമായിരുന്നു. അന്യജില്ലക്കാരായ ലക്ച്ചര്‍മാരുടെ രസകരമായ  ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഒരു മണിക്കൂര്‍ കടന്നുപോകുന്നത് അറിയത്തില്ല. പിന്നെ മലയാളം ക്ലാസ്സില്‍ എന്റെ സ്ഥാനം പിന്‍ബെഞ്ചിലാണ്. സ്വന്തം ക്ലാസ്സില്‍ നിന്നും മലയാളത്തിനു വേണ്ടി മറ്റൊരു ക്ലാസ്സില്‍ വന്നിരിക്കുമ്പോള്‍ ഒരിക്കലും മുന്നില്‍ സ്ഥാനം ലഭിക്കാറില്ല.
.
                        ‘മലയാളം അധ്യാപകരില്‍ ഒരാള്‍‘ അല്പം അശ്ലീലവും തമാശയും പറയുന്ന ആളാണ്. ശിഷ്യഗണങ്ങള്‍ക്ക് പ്രീയപ്പെട്ട അദ്ദേഹം ചിലപ്പോള്‍ പരിധി വിട്ട് പുറത്ത് കടക്കാറും ഉണ്ട്. ക്ലാസ്സില്‍ ലെയിറ്റായി വരുന്ന ശിഷ്യനോട് ചോദിക്കും,
 “എവിടെ നിന്നാ വരുന്നത്? ഭാര്യാഗൃഹത്തില്‍ നിന്നാണോ?”
                            അത് കേള്‍ക്കുന്ന ചിലര്‍ പ്രതികരിച്ച സംഭവങ്ങള്‍ ഉണ്ടായിരുന്നു. ടെക്‍സ്റ്റ് പുസ്തകവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളായിരിക്കും പഠിപ്പിക്കുന്നത്. ഒരു ദിവസം മുഴുവന്‍ മലയാളം ക്ലാസ്സില്‍ അദ്ദേഹം ലക്ച്ചര്‍ നടത്തിയത് സ്ത്രീ സൌന്ദര്യത്തെപറ്റിയായിരുന്നു. ഞങ്ങള്‍ മുഴുവന്‍ കേട്ടിരുന്നു എന്ന് പറയുന്നത് ശരിയല്ല. പലരും പ്രോബ്ലം സോള്‍വ് ചെയ്യുന്നു. ചിലര്‍ റെക്കാഡ് എഴുതുന്നു. മറ്റു ചിലര്‍ ഉറങ്ങുന്നു. ഞാന്‍ പിന്നിലിരുന്ന് ലൈബ്രറി പുസ്തകം വായിക്കുന്നു.

                         നമ്മുടെ അദ്ധ്യാപകന്‍ സൌന്ദര്യ വര്‍ണ്ണനയുമായി ഒരാഴ്ച കഴിഞ്ഞു. ആദ്യ ക്ലാസ്സില്‍ വിവരിച്ചത് കേശസൌന്ദര്യത്തെയാണ്. അത് കഴിഞ്ഞപ്പോള്‍ മുഖസൌന്ദര്യമായി. കണ്ണ്, മൂക്ക്, വായ, ചെവി, എല്ലാം ചേര്‍ന്ന സൌന്ദര്യ വര്‍ണ്ണന തന്നെ. ഒരു ദിവസം ‘ഞാന്‍ ഒരു സുന്ദരിയുടെ മുഖം വരക്കാം’ എന്ന് പറഞ്ഞ്, വെളുത്ത ചോക്കുകൊണ്ട് കറുത്ത ബോര്‍ഡില്‍ ഒരു ദീര്‍ഘവൃത്തം വരച്ചു. ശേഷം ശിഷ്യഗണങ്ങളെ നോക്കി പറഞ്ഞു,
 “ലോകത്തിലെ ഒന്നാം നമ്പര്‍ സുന്ദരിയുടെ മുഖത്തിന്റെ ചിത്രമാണ് ഇവിടെ വരച്ചത്”. ഇത് കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ ഒരുത്തന്‍ ചോദിച്ചു,
“സാര്‍ ഈ സുന്ദരിക്ക് കണ്ണും മൂക്കും വായൊന്നും ഇല്ലെ?”
  അധ്യാപകന്റെ മറുപടി ഉടനെ വന്നു,
 “അതൊക്കെ ഉണ്ടെങ്കിലും നിങ്ങള്‍ക്ക് കാണാന്‍ സാധ്യമല്ല. ആ സൌന്ദര്യത്തിന്റെ തിളക്കത്തില്‍ മറ്റൊന്നും നിങ്ങള്‍ കാണുകയില്ല”

                        ഇത് കേട്ടപ്പോള്‍ വിദ്യാര്‍ത്ഥികളെല്ലാം പൊട്ടിചിരിക്കാന്‍ തുടങ്ങി. അങ്ങനെ നമ്മുടെ മലയാളം ക്ലാസ്സില്‍ പൊടിപൊടിച്ച് സൌന്ദര്യം നിറഞ്ഞൊഴുകുകയാണ്. അങ്ങനെ ഒരാഴ്ചകൂടി കഴിഞ്ഞ ഒരു ദിവസം; മലയാളം ക്ലാസ്സില്‍ ശരീരസൌന്ദര്യം തല കഴിഞ്ഞ് താഴോട്ടൊഴുകാന്‍ തുടങ്ങി. 
                           അന്ന് നമ്മുടെ മലയാളം ലക്ച്ചര്‍ വളരെ ഗൌരവത്തിലാണ്. വന്ന ഉടനെ ബോഡീ ഷെയ്പ്പ് എന്ന് പറഞ്ഞുള്ള വര്‍ണ്ണനയാണ്. മലയാളം ക്ലാസ്സാണെങ്കിലും ഇംഗ്ലീഷും മലയാളവും ചേര്‍ത്തായിരിക്കും ലക്ച്ചറിങ്ങ്. പെട്ടെന്ന് അദ്ദേഹം ചുമരിലെ ബ്ലാക്ക്ബോര്‍ഡില്‍ രണ്ട് ചിഹ്നങ്ങള്‍ വരച്ചു; 
                 ) , >
 ; ശേഷം കുമാരികുമാരന്മാരോടായി പറഞ്ഞു, 
“ഇതാണ്‍ സ്ത്രീ സൌന്ദര്യത്തിന്റെ പ്രധാന ഘടകം, ഇതില്‍ ഏതാണ് ഏറ്റവും നല്ല ഷെയ്പ്പ്?”

                            ക്ലാസ്സ് മൊത്തത്തില്‍ ശ്വാസം‌പോലും വിടാതെയിരിപ്പാണ്. ഉറങ്ങാന്‍ തുടങ്ങിയവര്‍ ഉറക്കം ഒഴിവാക്കി. നോട്ട് എഴുതുന്നവര്‍ അത് അടച്ചുവെച്ചു. ഞാന്‍ വായിക്കാനെടുത്ത ചെറുകഥാ പുസ്തകം കമഴ്ത്തിവെച്ചു. നമ്മുടെ അദ്ധ്യാപകന്‍ ചോദ്യം തുടരുകയാണ്,
“എന്താ നിങ്ങളാരും ഉത്തരം പറയത്തില്ലെ? Which one is the best? I think the second shape is more beautiful than the first”
                                   
                           കാര്യം മനസ്സിലായിട്ടും മനസ്സിലാവാത്ത മട്ടില്‍ എല്ലാ വിദ്യാര്‍ത്ഥികളും ആകാംക്ഷയോടെ അമര്‍ന്നിരിപ്പാണ്. അപ്പോള്‍ പിന്നിലിരിക്കുന്ന ഒരുത്തന്‍ എല്ലാവരും കേള്‍ക്കെ വിളിച്ചുപറഞ്ഞു, “എടാ സാറ് ബോര്‍ഡില്‍ വരച്ചിരിക്കുന്ന ചിത്രം പെണ്ണുങ്ങളുടെ …….”
                            ആ ക്ലാസ്സിലിരിക്കുന്നവരാരും അന്ന് അവന്‍  പറഞ്ഞത് മുഴുവനായി കേട്ടില്ല; അപ്പോഴേക്കും ... തുടങ്ങിയിരുന്നു –‘ചിരിയുടെ വെടിക്കെട്ട്’.
                           മധുരപതിനേഴില്‍ കടന്ന ഏതാണ്ട് എണ്‍പതോളം കുട്ടികള്‍  ഒന്നിച്ചിരുന്ന് പരമാവധി ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുക. ഡെസ്ക്കിലും ബഞ്ചിലും അടിച്ച് നിര്‍ത്താതെ പൊട്ടിച്ചിരി. കൂട്ടുകാരോടൊപ്പം ചിരിക്കില്ല എന്ന് തീരുമാനമെടുത്ത ഞാനും അന്ന് മതിമറന്ന് പൊട്ടിചിരിച്ചു. പുതിയതായി നിര്‍മ്മിച്ച കോണ്‍‌ക്രീറ്റ് കൊണ്ടുള്ള മേല്‍ക്കുരയുള്ളതിനാല്‍  കെട്ടിടത്തിനൊന്നും പരിക്കേറ്റില്ല.

                         അന്ന് കണ്ണൂര്‍ എസ്. എന്‍ . കോളേജിലെ മലയാളം ക്ലാസ്സിലുണ്ടായതു പോലെ കൂട്ടച്ചിരി പിന്നീട് എന്റെ ജീവിതത്തില്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. അതാണ് നമ്മുടെ പ്രീ ഡിഗ്രി; അതാണ് നമ്മുടെ മലയാളം.  

പിന്‍‌കുറിപ്പ് : 

  1. ഞാന്‍ നര്‍മ്മം എഴുതിയത് ആരെയും പരിഹസിക്കാനായിട്ടല്ല. ചിരിക്കാന്‍ മാത്രമാണ്. ഒരു അധ്യാപികയായിരുന്ന ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവങ്ങള്‍ ഓര്‍മ്മിച്ച് ഈ ബ്ലോഗിലൂടെ മാത്രമാണ് ചിരി പങ്കുവെക്കുന്നത്.  
  2. പിന്നീട് ഒരിക്കല്‍ ഡിഗ്രി ക്ലാസ്സില്‌വെച്ച് ഇതെ അദ്ധ്യാപകന്റെ അശ്ലീലം പറച്ചിലിനെതിരായി പ്രതികരിച്ചു. മലയാളം വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് ബഹിഷ്ക്കരിച്ചു. പെണ്‍‌കുട്ടികളുടെ കൂട്ടത്തില്‍ ആദ്യം പുറത്തിറങ്ങിയത് ഞാനായിരുന്നു. ക്ലാസ്സിനു വെളിയില്‍ വന്ന്, കൊ ഓപ്പറേറ്റീവ് സ്റ്റോറിനു സമീപം എത്തിയപ്പോള്‍ ഉണ്ടായ ഉഗ്രന്‍ വീഴ്ചയില്‍ എന്റെ കാലും കൈയും മുറിഞ്ഞു. 
  3. ക്ലാസ്സില്‍ ശല്യം ചെയ്യുന്ന മിടുക്കരായ ശിഷ്യരെ അധ്യാപകന്‍ ഇപ്രകാരം ശപിക്കാറുണ്ട്, ‘ഭാവിയില്‍ നീ എന്നെപ്പോലെ ഒരു അധ്യാപകന്‍ ആയി മാറട്ടെ’. എന്നാല്‍ ഇപ്പോള്‍ ആരും അങ്ങനെ ശപിക്കാറില്ല; അതുകൊണ്ട് ഈ പണി അത്ര എളുപ്പത്തില്‍ അടിച്ചെടുക്കാമെന്ന് ആരും കൊതിക്കണ്ട.

17.10.09

24. അച്ഛനും അമ്മയും സിനിമ കാണുകയാ...
                             സിനിമ കാണാന്‍ ഒരു കാലത്ത് വലിപ്പച്ചെറുപ്പം നോക്കാതെ, ‘മാനുഷരെല്ലാരും ഒന്നുപോലെ’ സിനിമാ തിയറ്ററില്‍ (സിനിമാകൊട്ടക അല്ലെങ്കില്‍ സിനിമാടാക്കിസ് എന്നും പറയാം) പോയിരുന്നു. അങ്ങനെ സിനിമ കാണാന്‍ മുതലാളി ഉയര്‍ന്ന   ‘ബാല്‍ക്കണി ടിക്കറ്റെടുക്കുമ്പോള്‍’ തൊഴിലാളികള്‍ ‘തറ ടിക്കറ്റ്’ എടുത്തും സിനിമ കാണുന്ന കാലം ഉണ്ടായിരുന്നു. മൂട്ടകടി കൊണ്ടാലും പൂവാല ശല്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സിനിമയെല്ലാം വീട്ടിനകത്ത് ടീവിയില്‍ കാണുന്നു. പോരാതെ വന്നാല്‍ ‘സീഡി പ്ലെയെര്‍, ഡീവീഡി പ്ലെയെര്‍’, എന്നിവ കൂടാതെ കൈയില്‍ കൊണ്ടുനടക്കാവുന്ന അനേകം ഉപകരണങ്ങള്‍ വേറെയും കാണും.
.
                             നമ്മുടെ സീഡി പ്ലെയര്‍ കണ്ടുപിടിക്കുന്നതിനു മുന്‍പ് ഒരു പ്രത്യേക ഉപകരണം ഉണ്ടായിരുന്നു – ‘വീസിപി’ – (വീസീആര്‍- എന്നും പറയാറുണ്ട്) . അക്കാലത്ത് പൊങ്ങച്ചംകാട്ടാനായി വാങ്ങിയ  വീസീപിയും അതില്‍ ഇട്ട് സിനിമ കാണിക്കുന്ന വീഡിയോ-കാസറ്റുകളും ഇന്ന് പല വീടുകളിലെയും പുരാവസ്തുക്കളുടെ കൂട്ടത്തില്‍ ഉണ്ടാവും. (എന്റെ വീട്ടിലും ഉണ്ട്) അക്കാലത്ത് സ്വന്തമായി വീസീപി ഇല്ലാത്തവര്‍ വീഡിയോ കാസറ്റ് മാത്രമല്ല, അത് കാണാനുള്ള വീസീപിയും വാടകക്ക് വീട്ടില്‍ കൊണ്ടുവരാറുണ്ടായിരുന്നു. എല്ലാവര്‍ക്കും അറിയുന്ന കാര്യം ഇപ്പോള്‍ പറയാന്‍ കാരണം നമ്മുടെ കഥ നടക്കുന്നത് ഒരു വീസീപി കാലഘട്ടത്തിലാണ്.

                              നിലാവില്ലാത്ത ഒരു വേനല്‍ക്കാല രാത്രി. സമയം 11 മണി കഴിഞ്ഞപ്പോഴാണ് അയല്‍‌പക്കത്തെ കൊച്ചു വീട്ടില്‍‌നിന്ന് അടിയും കരച്ചിലും ബഹളവും ഒന്നിച്ചു കേട്ടത്. നാട്ടില്‍ ഏറ്റവും വൈകി ഉറങ്ങുന്നതും അതുപോലെ ഉണരുന്നതും എന്റെ വീടാണ്. അതുകൊണ്ട് വീട്ടിലുള്ളവരെല്ലാം പുറത്തിറങ്ങി സംഭവം എന്താണെന്ന് ശ്രദ്ധിച്ചു. സംഭവം നടക്കുന്നത് ‘നാട്ടിന്‍പുറത്തായതിനാല്‍’ ആരൊക്കെയോ കരച്ചില്‍ കേട്ട വീട്ടിലേക്ക് ഓടിപോകുന്നുണ്ട്. കൂടാതെ ടോര്‍ച്ച് തെളിയിച്ച് വയല്‍‌വരമ്പിലൂടെയും ഇടവഴിയിലൂടെയും ആളുകള്‍ എന്തോ അന്വേഷിച്ച് ഓടുന്നുണ്ട്.

               ഞാന്‍ വീട്ടുകാരനായ ഭര്‍ത്താവിനോട് പറഞ്ഞു, “ഒന്ന് പോയി നോക്കരുതോ; കള്ളന്‍ കയറിയതാവാനാണ് സാദ്ധ്യത”
“പിന്നെ കള്ളന്റെ അടി എനിക്ക് കിട്ടാന്‍ വേണ്ടിയാണോ? എനിക്ക് വയ്യ” അദ്ദേഹം തീര്‍ത്തു പറഞ്ഞു.
    എങ്കിലും തൊട്ടയല്‍‌പക്കത്തു നടക്കുന്ന സംഭവം അറിയാന്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷ അദ്ദേഹത്തിനു തന്നെയാണ്.  അത്കൊണ്ട് അദ്ദേഹംതന്നെ മുറ്റത്തിറങ്ങി ടോര്‍ച്ചുമായി വരുന്ന ആദ്യംകണ്ടവനെ വിളിച്ച് ചോദിച്ചു, 
“എന്താ പറ്റിയത്; കള്ളനെ പിടിച്ചോ?”
“ഏതു കള്ളന്‍” മുറ്റത്തു വന്ന മനുഷ്യന്‍ ചോദിച്ചു.
“നിങ്ങളൊക്കെ ഓടുന്നത് കണ്ട് ചോദിച്ചതാ; എന്താണ് സംഭവം?”
“മാഷ് ഇങ്ങനെ വീട്ടില്‍ നിന്നാലെങ്ങനെയാ; അവിടെത്തെ വാസുവിന്റെ മകള്‍ രാത്രി  വീട്ടില്‍‌നിന്നും ഇറങ്ങി എങ്ങോട്ടോ പോയി. ഇപ്പോള്‍ അവളെ കാണാനില്ല.” അയാള്‍ അതു പറയുമ്പോഴേക്കും കൂടുതല്‍ ചെറുപ്പക്കാര്‍ ഞങ്ങളുടെ വീടിന്റെ മുറ്റത്തെത്തി.
 .
                            സംഭവിച്ചത് ചെറുതെങ്കിലും വലിയ സംഭവം തന്നെയാണ്. അയല്‍‌വാസിയായ വാസുവിന് രണ്ട് മക്കള്‍; മൂത്തവള്‍ പ്രീ ഡിഗ്രി രണ്ടാം വര്‍ഷം, ഇളയവന്‍ പത്താം തരം. കൂലിപ്പണിക്കാരനായ വാസു ദിവസേന കൂലിയും വാങ്ങി ലഹരിയും അടിച്ച് വീട്ടില്‍ വരും. എന്നാല്‍ മക്കളെയും ഭാര്യയെയും പൊന്നുപോലെ നോക്കുന്ന വാസു അവര്‍ക്ക് വേണ്ടുന്നതെല്ലാം മുടക്കം കൂടാതെ ചെയ്തുകൊടുക്കും. നാട്ടിലെല്ലാവരും ടീവി എന്ന ‘ടെലിവിഷം’ വാങ്ങി വീട്ടില്‍‌വെച്ച് പാട്ടും കൂത്തും കാണാന്‍ തുടങ്ങിയപ്പോള്‍ വാസുവിന് ഇരിപ്പുറക്കാതായി. അങ്ങനെ അടുത്തുള്ള സഹകരണബേങ്കില്‍ നിന്നും ലോണ്‍ ശരിയാക്കി വാസുവിന്റെ വീട്ടിലും ടീവി വാങ്ങി.
 .
                         പുരപ്പുറത്തു കുറ്റിനാട്ടിയ ആന്റിനയിലൂടെ വരുന്ന ഹിന്ദി, ഇംഗ്ലീഷ്, മലയാളം പരിപാടികള്‍ക്കിടയില്‍ അപൂര്‍വ്വം ചില മലയാളസിനിമകള്‍ മാത്രമായിരുന്നു ദൃശ്യമായത്. ഒരു ദിവസം കള്ള്‌ഷാപ്പില്‍‌വെച്ച് രണ്ട് കുപ്പി അകത്താക്കിയ ശേഷം അച്ചുവേട്ടനാണ് ‘വീസീയാറിനെ പറ്റി’ ഒരു ലഘുവിവരണം നല്‍കിയത്. മുതലാളിയുടെ വീട്ടിലെ വീസീയാറിന്റെ മുന്നിലിരുന്ന് സിനിമ കാണാനും കല്ല്യാണകാസറ്റ് കാണാനും അച്ചുവേട്ടന് ഒരു ദിവസം ഭാഗ്യം ലഭിച്ചിട്ടിണ്ട്. ഇതൊന്നും കാണാന്‍ ഭാഗ്യമില്ലാതെ പഠിപ്പില്‍‌മാത്രം ശ്രദ്ധിച്ച് എപ്പോഴും കുത്തിയിരുന്ന് പുസ്തകം വായിക്കുന്ന മക്കളെപറ്റി ഒരുനിമിഷം വാസുവിന് ഓര്‍മ്മ വന്നു.
 .
                        മാസങ്ങള്‍ കൊഴിഞ്ഞുപോകവെ ഒരു ദിവസം കെട്ടിയവന്റെ നല്ല മൂഡ്‌നോക്കി വാസുവിന്റെ ഭാര്യ ചെവിയില്‍ പറഞ്ഞു,
“നമ്മുടെ പലചരക്ക് പീടികയുടെ എതിര്‍വശത്തായി ഒരു കാസറ്റ് പീടിക തൊറന്നിട്ടുണ്ട്. അവിടെന്ന് വീസീയാര്‍ വാടകക്ക് തരും. അതൊന്ന് വാങ്ങിയാല്‍ നമ്മക്ക് ഒരാഴ്ച സിനിമ കാണാം; പിന്നെ നമ്മളെ നാണുവിന്റെ മോന്റെ കല്ല്യാണകാസറ്റും കൂടി അതിലിട്ട് കാണാം”
                       അങ്ങനെ വാസുവിന്റെ കൊച്ചുവീട്ടിലും വീസീയാര്‍ (വാടക വിസിപി) വന്നു. വാസുവിന്റെ വീട് സിനിമാടാക്കിസായി മാറി; കാണികളായി വാസു&ഫേമലി കൂടാതെ ചിലപ്പോള്‍ അയല്‍‌വാസികളും കാണും.
.
                              വാസുവും വാടകവീസിയാറും തമ്മിലുള്ള ബന്ധം ഇങ്ങനെ പല തവണ ആവര്‍ത്തിച്ചു. ചില ദിവസം പണിക്ക് പോകാതെയും വാസു സിനിമ കാണല്‍ തുടര്‍ന്നു. എന്നാല്‍ വാസുവിന്റെ മക്കള്‍ ഇതിലൊന്നും വലിയ താല്പര്യം കാ‍ണിച്ചില്ല.
                            ഒരു ദിവസം എന്റെ വീട്ടില്‍ വന്നപ്പോള്‍ വാസുവിന്റെ മകള്‍‌തന്നെ അക്കാര്യം എന്നോട് പറഞ്ഞു.“ടീച്ചറെ ഇപ്പോള്‍ വീട്ടില്‍ അച്ഛന്‍ വീസിയാര്‍ കൊണ്ടുവരുന്നതുകൊണ്ട് പഠിക്കാന്‍ കഴിയുന്നില്ല. എപ്പോഴും കാസറ്റിട്ട് സിനിമ കാണല്‍ തന്നെ”
   “അതൊന്നും നീ നോക്കേണ്ട; പിന്നെ നിനക്ക് രാത്രി ഇരുന്ന് പഠിക്കാമല്ലൊ” ഞാന്‍ പറഞ്ഞു.
   “അയ്യോ ടീച്ചറെ രാത്രി എപ്പോഴും സിനിമയാ; ചിലപ്പോള്‍ ഒരുമണിവരെ” അവള്‍ക്ക് പഠിപ്പിലാണ് താല്പര്യം മുഴുവന്‍ .
   “നിങ്ങള്‍ രണ്ടുപേരും സിനിമയൊന്നും കാണാതെ പഠിച്ചാല്‍ നിങ്ങള്‍ക്ക് തന്നെയാ നല്ലത്” ഞാന്‍ അവളെ ഉപദേശിച്ചു.
   “ഞാന്‍ മുറിയടച്ചിരുന്ന് പഠിക്കും, എന്നാല്‍ അനിയന്‍ പത്തുമണിക്ക് തന്നെ ഉറങ്ങും”
    ഇങ്ങനെ പറഞ്ഞ കുട്ടിയാണ് രാത്രി വീട്ടില്‍‌നിന്നും ഒറ്റക്ക് ഇറങ്ങി എങ്ങോ പോയത്.
.
                            വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ പെണ്‍കുട്ടിയെ അരമണിക്കൂറിനു ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി ആഘോഷപൂര്‍വ്വം സ്വന്തം വീട്ടില്‍തന്നെ എത്തിച്ചു. അപ്പോള്‍ വാസുവും ഭാര്യയും, കലിതുള്ളി നില്‍ക്കുകയാണ്.
                              ‘അന്നും വാസു പതിവ് പോലെ പുതിയ സിനിമയുടെ പുതിയ കാസറ്റ് വാങ്ങി വീട്ടില്‍ വന്നതാണ്. വീട്ടിലെത്തി വീസിയാര്‍ തുറന്നപ്പോള്‍ അത് പണിമുടക്കിയിരിക്കുന്നു. വാടക വീസീയാര്‍ ഇങ്ങനെയായാല്‍ തിരിച്ച് കൊടുക്കുമ്പോള്‍ അവര്‍ തന്നെ കുറ്റം പറഞ്ഞ് റിപ്പെയറിങ്ങ് ചാര്‍ജ്ജ് വാങ്ങിയാലോ; അത് തിരിച്ചും മറിച്ചും നോക്കി. അപ്പോള്‍ വാസു ആ കാഴ്ച കണ്ട് ഞെട്ടി; വീസീപിയുടെ പിന്നിലെ വയറുകള്‍ മുറിച്ചിരിക്കുന്നു’. വാസുവിന്റെ മനസ്സില്‍ തീയെരിയാന്‍ തുടങ്ങി. ‘ഇത് മകള്‍‌തന്നെ ചെയ്തതാവണം; സിനിമ ഇഷ്ടപ്പെടാത്തവള്‍’. അമ്മയുടെ വക നാവുകൊണ്ടും അച്ഛന്റെ വക കൈകൊണ്ടും മകള്‍ക്ക് വേണ്ടത്ര കൊടുത്തു. അവള്‍ കരഞ്ഞ് ഇറങ്ങിയോടി.
                             ഇത്രയേ സംഭവിച്ചുള്ളു, അതിന് ഒരു പെണ്‍‌കുട്ടി രാത്രിസമയത്ത് വീട്ടില്‍ നിന്നും വെളിയിലേക്ക് ഇറങ്ങി ഓടണോ?
 .
                             മകള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയും അച്ഛനും പറഞ്ഞത് കേട്ട് നാട്ടുകാര്‍ മകളെ ഉപദേശിച്ചു. പ്രായമേറെയുള്ള രക്ഷിതാക്കള്‍ സിനിമ കാണുന്നത് ഒരിക്കലും കുറ്റമല്ല എന്നും അതിന് എതിര്‍പ്പ് കാണിക്കരുത് എന്നും അവളോട് പറഞ്ഞു. ഇനിയും ഓടിപ്പോയാല്‍ ആരും തിരഞ്ഞു വരില്ല എന്ന് ഭീഷണിപ്പെടുത്തിയ ശേഷം എല്ലാവരും ചേര്‍ന്ന സഭ പിരിച്ച്‌വിട്ടു.
 .
                           ‘അവള്‍ അടികൊണ്ട് ഓടിപോവാന്‍ കാരണം? വീസീപിയുടെ കേബിള്‍ മുറിക്കാന്‍ കാരണം?’
                             പിറ്റേ ദിവസം ഞായറാഴ്ച ഞാന്‍ തനിച്ചാണെന്ന് അറിഞ്ഞ് വാസുവിന്റെ മകള്‍ വീട്ടില്‍ വന്നു. ഞാന്‍ അവളോട് ചോദിച്ചു,
    “നീയാണോ വീസിപിയുടെ കേബിള്‍ മുറിച്ചത്?”
    “അതെ. ആ നാശം കൊണ്ടുവന്നതു മുതല്‍ അച്ഛന്‍ മര്യാദക്ക് പണിക്ക്പോവാതായി” വെറുപ്പോടെ അവള്‍ പറഞ്ഞു.
   “നിനക്ക് മുറിയടച്ചിരുന്ന് പഠിച്ചാല്‍ പോരെ? വെറുതെ നാട്ടുകാരെകൊണ്ട് പറയിപ്പിക്കണോ?”
.
അവള്‍ അല്പസമയം കരഞ്ഞു; പിന്നെ സംഭവങ്ങള്‍ പറഞ്ഞു.
                             രാത്രി മാതാപിതാക്കള്‍ ഉറക്കമിളച്ച് സിനിമ കാണുമ്പോള്‍ അവള്‍ക്ക് വളരെ സന്തോഷമായിരുന്നു; ഒറ്റയ്ക്കിരുന്ന് രാത്രി പഠിക്കുമ്പോള്‍ ഒരു ധൈര്യം. എന്നാല്‍ കഴിഞ്ഞ ഒരു ദിവസം വാതില്‍ പതുക്കെ തുറന്നപ്പോള്‍ അവള്‍‌കണ്ട ടീവിയിലെ ചിത്രങ്ങളില്‍ ഒരാള്‍ക്കും ഉടുതുണി കാണാനില്ല. അതുംകണ്ട് പരിസരം മറന്ന് രസിച്ചിരിക്കുകയാണ്, അവളുടെ അച്ഛനും അമ്മയും. അന്നേരം ഒന്നും പറയാതെ മകള്‍ വാതിലടച്ച് ഉറങ്ങി. പിന്നെ കിട്ടിയ അടുത്ത ചാന്‍സില്‍; മറ്റൊന്നും ആലോചിക്കാതെ, ആരും കാണാതെ വീസിപിയുടെ കേബിള്‍ മുറിച്ചു.
.
   “അപ്പോള്‍ ഇന്നലെ രാത്രി നാട്ടുകാര്‍ നിന്നെ കുറ്റപ്പെടുത്തുമ്പോള്‍ ഇക്കാര്യം നിനക്ക് പറയാമായിരുന്നില്ലെ?” ചോദ്യം മണ്ടത്തര മാണെങ്കിലും ഞാന്‍ അവളോട് ചോദിച്ചു.


   “ അയ്യോ ടീച്ചര്‍, എന്റെ അച്ഛനും അമ്മയും, ഇത്രയും വൃത്തികെട്ടവരാണെന്ന് നാട്ടുകാര്‍ മനസ്സിലാക്കിയാലോ? അതുകൊണ്ടാണ് എനിക്കൊന്നും പറയാന്‍ കഴിയാഞ്ഞത്” 
 അവളുടെ മറുപടി കേട്ട് ഞാന്‍ അല്പനേരം ചിന്തിച്ചിരുന്നു.

3.10.09

23. വിശ്വവിഖ്യാതമായ പിന്‍‌വശം.


ഗവേഷണവും നാമകരണവും
                 ‘മലയാളം പഠിപ്പിക്കാന്‍ പുതിയ ടീച്ചര്‍ വരും’ എന്ന് പറയാന്‍ തുടങ്ങിയിട്ട് ഒരു മാസമായി. ഒടുവില്‍ ആ ആണ്‍‌പള്ളിക്കൂടത്തില്‍ വന്നുചേര്‍ന്ന പുതിയ ടീച്ചറെ കണ്ടപ്പോള്‍ കുട്ടികള്‍ മാത്രമല്ല, ആ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും കൂടി ഒന്നിച്ച് ഞെട്ടിയിരിക്കണം. ഇത്രയും വലിയ വനിതാരത്നത്തെ ജീവിതത്തില്‍ ആദ്യമായിട്ടാണ് പലരും കാണുന്നത്. നീളത്തെക്കാള്‍ വീതി എന്ന് പറയുന്നതുപോലെ; ഉയരത്തെക്കാള്‍ വണ്ണം. എന്നാല്‍ ടീച്ചറുടെ ഭര്‍ത്താവിന്റെ ഷെയ്പ്പ്&സൈസ് നേരെ എതിരാണ്. സ്ക്കൂളില്‍ ജോയിന്‍ ചെയ്യാന്‍ വന്ന ദമ്പതികളെ കണ്ടപ്പോള്‍ ഇതുവരെ ഒരു കോമഡി പോലും പറയാത്ത പ്യൂണ്‍ സ്റ്റാഫ് റൂമില്‍ ഓടിവന്ന് പറഞ്ഞു; 
“10 കാണാത്തവര്‍ ഉണ്ടെങ്കില്‍ ഉടനെ ഓഫീസില്‍ പോയാല്‍ കാണാം”
 പിന്നെ ഇവരുടെ കുഞ്ഞന്‍സ് ഏതു സൈസാണെന്ന് കണ്ടെത്താനുള്ള ശ്രമം അദ്ധ്യാപകര്‍ തന്നെ ഏറ്റെടുത്തു.


 .
                             ടീച്ചറുടെ വണ്ണം കണക്കിലെടുത്ത് സ്ക്കൂളിനടുത്ത്‌തന്നെ താമസിക്കാന്‍ ഒരു വീട് കണ്ടുപിടിച്ചു. ഈ ശരീരഭാരവും വഹിച്ച് നിത്യേനയുള്ള ബസ്‌യാത്ര അപ്രാപ്യമാണ്. അഥവാ ടീച്ചര്‍ ബസ്‌യാത്രക്ക് തയ്യാറാവുകയാണെങ്കില്‍, സ്ക്കൂള്‍ ബസ്‌സ്റ്റോപ്പില്‍ ‘നിര്‍ത്താന്‍ തുടങ്ങിയ ബസ്’ പോലും പെട്ടെന്ന് നിര്‍ത്താതെ പോകും. അങ്ങനെ നിത്യയാത്രക്കാരായ അദ്ധ്യാപകരുടെ കാര്യം കഷ്ടത്തിലാവും.


 .
           വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തിന് ഒരു നിര്‍വ്വചനം ഉണ്ട്- ‘പെണ്‍കുട്ടികള്‍ മാത്രം ഉള്ള ക്ലാസ്സ് :വളരെ അച്ചടക്കം, മിക്സഡ് ക്ലാസ്സ് :മിനിമം അച്ചടക്കം, ആണ്‍കുട്ടികള്‍ മാത്രം ഉള്ള ക്ലാസ്സ് :അച്ചടക്കരഹിതം’.
 അപ്പോള്‍പിന്നെ നമ്മുടെ ബോയ്സ് ഹൈ സ്ക്കൂള്‍ അച്ചടക്കത്തിന്റെ കാര്യത്തില്‍ കൊടുങ്കാറ്റടിക്കുന്ന കടല്‍ പോലെയാണ്. എങ്ങും എന്നും ബഹളമയം.
ഒരു വിദ്യാര്‍ത്ഥിയെ ‘ഇങ്ങോട്ടു വാ’ എന്നു വിളിച്ചാല്‍ നേരെ എതിരായി ‘അങ്ങോട്ടു പോകും’. പിന്നെ ഒരു വശത്ത് റോഡ്, മറുവശത്ത് റെയില്‍പ്പാളം. ഒരു വശത്ത് സൈറണ്‍ മുഴക്കി വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ മറുവശത്ത് തീവണ്ടി കൂകിപ്പായുന്നു. പറയുന്നതല്ല കേള്‍ക്കുന്നത്, കേള്‍ക്കുന്നതല്ല എഴുതുന്നത്. അതിനിടയില്‍ നമ്മുടെ മലയാളം കാലുകള്‍ അമര്‍ത്തിചവിട്ടി ഉരുണ്ടുരുണ്ട് ഓരോ ക്ലാസ്സിലും കയറി ആശാനെയും വള്ളത്തോളിനെയും എടുത്ത് അമ്മാനമാടാന്‍ തുടങ്ങി.


.
               പുതിയ അദ്ധ്യാപകര്‍ സ്ക്കൂളില്‍ വന്നാല്‍, നമ്മുടെ ആണ്‍പിള്ളേര്‍ ചെറുതും വലുതുമായ ‘റേഗിങ്ങ്’ നടത്താറുണ്ട്. ആ റേഗിങ്ങ് കാരണം ചില പാവം ടീച്ചര്‍മാര്‍ക്ക് ‘ടീച്ചര്‍ജോലി’യോടുതന്നെ വെറുപ്പ് തോന്നും. 
        ആ പതിവ് തെറ്റിച്ചത് നമ്മുടെ പുതിയ മലയാളം ടീച്ചറാണ്. ആദ്യദിവസംതന്നെ പ്രീയശിഷ്യന്മാരെപറ്റി വളരെ നല്ല കമന്റ് പാസ്സാക്കി;
 “എത്ര നല്ല അച്ചടക്കമുള്ള ആണ്‍കുട്ടികള്‍, എനിക്ക് വളരെ ഇഷ്ടപ്പെട്ടു”. 

“കുട്ടികളെല്ലാം ടീച്ചറെ കണ്ടപാടെ പേടിച്ച് പതുങ്ങിയിരിപ്പാവും” ഇതുകേട്ട സഹപ്രവര്‍ത്തകര്‍ ടീച്ചര്‍ കേള്‍ക്കാതെ പറഞ്ഞു.


 .
                  ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഏതോ ഒരു വിരുതന്‍ പുതിയ ടീച്ചര്‍ക്ക് നാമകരണം നടത്തി; ‘റബ്ബര്‍’. മലയാളം ടീച്ചറല്ലെ; കുട്ടികളുടെ നോട്ട് നോക്കാനായി ക്ലാസ്സില്‍ ചുറ്റിനടക്കുന്ന ടീച്ചറുടെ പിന്‍‌വശമാണ് അവരുടെ ശ്രദ്ധയാകര്‍ഷിച്ചത്. (മുന്‍‌വശം നേരെ നോക്കാന്‍ ഒരു പയ്യനും ധൈര്യം കാണില്ല) അത്ര വലിയ ബേക്കപ്പ് –പിന്‍‌വശം- അവര്‍ ആദ്യമായാണ് കാണുന്നത്. അത് ഒറിജിനലല്ല, റബ്ബര്‍ഷീറ്റ് വെച്ച് കെട്ടിയതായിരിക്കും എന്ന് വിശ്വസിച്ച പാവം ഏതോ ഒരു പയ്യന്‍ ടീച്ചര്‍ക്ക് പേരിട്ടു; ‘റബ്ബര്‍ചന്തി’. അത് പറയാനുള്ള എളുപ്പത്തിന് ‘റബ്ബര്‍’ എന്ന് ചുരുക്കി.


.
                    നാല് വിദ്യാര്‍ത്ഥി സമരങ്ങളും രണ്ട് അദ്ധ്യാപക സമരങ്ങളും അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും കൂടാതെ ഒരു മാസം കൂടി കഴിഞ്ഞു. മലയാളം ടീച്ചറുടെ വണ്ണം ഒന്നുകൂടി വര്‍ദ്ധിച്ചുവെങ്കിലും അവര്‍ക്ക് അതൊരു പ്രശ്നമേയല്ല.
                 അങ്ങനെയിരിക്കെ ഏതാനും ദിവസമായി പുതിയ ടീച്ചര്‍ പഠിപ്പിക്കുന്ന 10A ക്ലാസ്സില്‍ ചെറിയ ഇളക്കം. ക്ലാസ്സിലെ കുട്ടികള്‍ക്കിടയിലൂടെ ടീച്ചര്‍ മുന്നോട്ടു നടക്കുമ്പോള്‍ കേള്‍ക്കാം, പിന്നില്‍നിന്നും ശബ്ദം. അവനെ കണ്ടുപിടിക്കാനായി ടീച്ചര്‍ അരവട്ടം കറങ്ങുമ്പോള്‍ ക്ലാസ്സ് മൊത്തത്തില്‍ നിശബ്ദം. ഇത് പലവട്ടം ആവര്‍ത്തിക്കും.                മലയാളം ടീച്ചറുടെ കാര്യത്തില്‍ ക്ലാസ്സില്‍ പ്രശ്നം ഉണ്ടാക്കിയത് ക്ലാസ്സ് ലീഡര്‍ തന്നെയാണ്. ചെക്കന് ഒരു ചിന്ന സംശയം; അവന്‍ പ്രഖ്യാപിച്ചു,
 “എല്ലാരും ചൊല്ലണപോലെ ടീച്ചര്‍ വണ്ണം കൂട്ടാന്‍ റബര്‍ഷീറ്റൊന്നും വെച്ച്കെട്ടിയതല്ല; സംഗതി ഒറിജിനല്‍ തന്നെയാ”

“സിനിമയിലും ഡാന്‍സിലും കഥകളിയിലും ഒക്കെ എല്ലാം വെച്ചുകെട്ടാ. ഇതും അതുപോലെ വെച്ചുകെട്ടിയതാണ്” ലീഡറെ അനുയായികള്‍ വെല്ലുവിളിച്ചു.


          നോക്കണേ പൊല്ലാപ്പ്, കൌമാരത്തിലേക്ക് കാല് കുത്തിയ കുമാരന്മാരുടെ ലോകമല്ലെ. പിള്ളേര്‍ ബെറ്റ്കെട്ടാന്‍ തുടങ്ങി; ഒരു വട്ടം, രണ്ടു വട്ടം, മൂന്നു വട്ടം.


 .
                    ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നാമത്തെ പിരിയേഡ്; സമയം 2.30. നമ്മുടെ മലയാളം അദ്ധ്യാപിക സ്റ്റാഫ്‌റൂമില്‍ നിന്നും ഉച്ചഭക്ഷണം കഴിഞ്ഞശേഷം ഉറക്കച്ചടവില്‍ ഇറങ്ങി, പതുക്കെ നടന്ന്  ‘10A’ ക്ലാസ്സില്‍ പ്രവേശിച്ചു. ‘സംസ്കൃതം, അറബിക്ക്’ ആദിയായവ ‘ഒന്നാം ഭാഷ’ ആയി പഠിക്കുന്ന കുട്ടികള്‍ മാത്രം ഉള്ള ക്ലാസ്സ് ആയതിനാല്‍; മലയാളം സെക്കന്റ് പേപ്പറിനു വേണ്ട വകയാണ് അവര്‍ക്ക് ഇവിടെ വിഷയം. ഉപപാഠം ആയി പഠിക്കേണ്ടത് വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ നോവല്‍ ‘പാത്തുമ്മയുടെ ആട്’.                      ടീച്ചര്‍ ക്ലാസിനകത്ത് പ്രവേശിച്ച് പഠിപ്പിക്കാന്‍ തുടങ്ങി. ഡെസ്ക്കിനുമുകളില്‍ എല്ലാവരുടെയും ‘പാത്തുമ്മയുടെ ആട്’ തുറന്നുമലര്‍ന്ന് അങ്ങനെ കിടക്കുകയാണ്. കഥകളും ഉപകഥകളും പറഞ്ഞ് രസം പിടിച്ച പഠനം. ‘ആട്’ പതുക്കെ ‘ബാല്യകാലസഖിയും മതിലുകളും’ ഓരോ പേജുകളായി തിന്നുകൊണ്ടിരിക്കുമ്പോഴാണ്, ടീച്ചര്‍ക്ക് വിദ്യാര്‍ത്ഥികളെ ശ്രദ്ധിച്ചുകൊണ്ട് ക്ലാസ്സില്‍ ചുറ്റിനടക്കാന്‍ തോന്നിയത്. ടീച്ചര്‍ ചുറ്റിനടക്കുന്നതു കണ്ടപ്പോള്‍, ബെഞ്ചിന്റെ അറ്റത്തിരിക്കുന്ന എല്ലാ വീരന്മാരും കൈയുടെ അറ്റം ഡസ്ക്കിന്റെ അറ്റത്തുവെച്ചു. ‘പിന്‍‌വശം ഒന്നു തൊട്ടു നോക്കിയിട്ടു വേണം അവിടെയുള്ള എക്‍സ്ട്രാഫിറ്റിങ്ങ്സ് തിരിച്ചറിയാന്‍ ’. ഒടുവില്‍ സ്പര്‍ശനം ലഭിച്ചത് ഏറ്റവും പിന്നിലെ ബഞ്ചില്‍ ഏറ്റവും പിന്നിലിരിക്കുന്നവനാണ്. പെട്ടെന്ന് പരിസരം മറന്ന് അവന്‍ വിളിച്ചുകൂവി;
“എടാ ഇത് ഒറിജിനലാ”


ശബ്ദം കേട്ടപ്പോള്‍ മുന്നോട്ട് പോയ ടീച്ചര്‍ തിരിഞ്ഞുനോക്കി ചോദിച്ചു,
“ആരെടാ ഒച്ചയാക്കിയത്?”


ആളെ തിരിച്ചറിഞ്ഞില്ലെന്ന്, തിരിച്ചറിഞ്ഞ പിന്‍‌ബഞ്ചുകാര്‍ ഓരോരുത്തരും പറഞ്ഞു;
 “ഞാനല്ല”


 “അപ്പോള്‍‌പിന്നെ ശബ്ദം കേട്ടത്?” ടീച്ചര്‍ ആദ്യമായിട്ടാണ് ഇത്രയും ദേഷ്യപ്പെടുന്നത്.


“ഞങ്ങളാരും ഒരു ശബ്ദവും കേട്ടില്ല ടീച്ചര്‍” എല്ലാവരും ഒന്നിച്ച് വിളിച്ചുപറഞ്ഞു.


പിറ്റേ ദിവസം ഒരു ശുഭമുഹൂര്‍ത്തത്തില്‍ അദ്ധ്യാപികയുടെ പേര്‍ ‘റബര്‍’ എന്നത് മാറ്റി ‘ഡബ്ള്‍’ എന്ന് നാമകരണം ചെയ്തു.


. പിന്‍‌കുറിപ്പ്: 

  1. പയ്യന്മാര്‍ ക്ലാസ്സില്‍ മൊബൈല്‍ ക്യേമറ കൊണ്ടുവരാഞ്ഞത്; അത് സ്ക്കൂളില്‍ നിരോധിച്ചതു കൊണ്ടല്ല,  കണ്ടുപിടിക്കാന്‍ ഐഡിയ ഇല്ലാത്തതു കൊണ്ടാണ്.
  2.  ആദ്യമായി ക്ലാസ്സില്‍ വരുന്ന അദ്ധ്യാപകര്‍ സ്വന്തം പേര് പറഞ്ഞാലും ഇല്ലെങ്കിലും ആളും തരവും നോക്കി പേരിടുന്നത് വിദ്യാര്‍ത്ഥികളുടെ ജന്മാവകാശമാണ്.(നാമകരണം കൂടുതല്‍ അറിയാന്‍ മിനിനര്‍മ്മത്തില്‍ നമ്പര്‍10 പോസ്റ്റ് കാണുക)