31.1.10

സാരി അഴിച്ച്മാറ്റി ഒരു സമരം



                            മലയാളി വനിതകൾക്ക് അനുയോജ്യമായ വേഷം ഏതാണ്?
ഓരോ വ്യക്തിയും സ്വന്തം കാഴ്ചപ്പാടിൽ വ്യത്യസ്തങ്ങളായ ഉത്തരങ്ങൾ നൽകും. കാലത്തിനൊത്ത് സ്ത്രീകളുടെ വസ്ത്ര ഡിസൈനിലും ഫാഷനിലും മാറ്റങ്ങൾ വരാറുണ്ടെങ്കിലും കൂടുതൽ‌പേരുടെ ഉത്തരം സാരി എന്നായിരിക്കും.

                           ഭക്ഷണം കഴിക്കുന്നത് സ്വന്തം ആവശ്യത്തിന് മാത്രമാണെങ്കിലും വസ്ത്രം ധരിക്കുന്നത് മറ്റുള്ളവർക്ക് കൂടിയുമാണ്. ശാരീരിക ആവശ്യങ്ങൾ കൂടാതെ, സാമൂഹ്യജീവിയായ മനുഷ്യൻ സമൂഹത്തിൽ അംഗീകാരം നേടാനും വ്യക്തിത്വം നിലനിർത്താനും വേണ്ടി വസ്ത്രധാരണം നടത്തുന്നു. പുരാതന കേരളത്തിൽ ഒരു തോർത്ത്മുണ്ടിൽ തുടങ്ങിയ മലയാളിമങ്കമാരുടെ വസ്ത്രധാരണം പതുക്കെ മുണ്ടുടുത്ത്, മാറുമറച്ച ബ്ലൌസിൽ കടന്ന്, പാവാടയിലൂടെ, ധാവണിയും കടന്ന്, ചേലചുറ്റിയത് സാരിയാക്കി, ചൂരീദാറിൽ കയറിയ ശേഷം അറബിക്കടലിന്റെ കരയിൽ ഉണങ്ങാൻ കിടക്കുന്ന മദാമ്മമാരെ നോക്കിനിൽ‌പ്പാണ്.

                            വസ്ത്രങ്ങൾ  തിരിച്ചറിയാനുള്ള ഒരു അടയാളം ആയി മാറുന്നുണ്ട്; പ്രത്യേകിച്ച് സ്ത്രീകൾക്ക്. പുരുഷന്മാരുടെ വേഷം നോക്കി അവരുടെ ‘മതം, ദേശം, ജോലി, സംസ്ക്കാരം’ ആദിയായവ തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ സ്ത്രീകളെ കണ്ടാൽ ഒരു പരിധിവരെ ഇവയെല്ലാം തിരിച്ചറിയാം. സ്ത്രീയുടെ വേഷത്തെ, അവർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ചില മതങ്ങൾ കർശ്ശനമായി നിയന്ത്രിക്കുന്നുണ്ട്.

                            ‘ഉദരനിമിത്തം ബഹുകൃത വേഷം’ ആണെങ്കിലും കേരളീയർക്ക് അത് ‘ജോലിനിമിത്തം ബഹുകൃത വേഷം’ കൂടിയാണ്. എല്ലാ ദിവസവും അണിയുന്ന പ്രീയപ്പെട്ട വേഷം മാറ്റി മറ്റൊന്നിലേക്ക് കയറുന്നത് പലർക്കും മാനസികപ്രയാസം സൃഷ്ടിക്കാറുണ്ട്. അങ്ങനെ ഒരു വേഷം‌മാറൽ കാരണം ഉണ്ടായ ഗുലുമാലും പുലിവാലും ചേർന്ന വാൽക്കഷ്ണം ഇവിടെ വിളമ്പുകയാണ്.

                           ഒരു കാലത്ത് ടീച്ചർ ആയി ട്രെയിനിങ്ങ് നടത്തുമ്പോൾ (B.Ed,T.T.C) വിദ്യാർത്ഥിനികൾ എല്ലാവരും, യൂനിഫോം അല്ലെങ്കിലും, സാരി ധരിക്കുന്നതോടൊപ്പം മുടി വട്ടത്തിൽ കെട്ടിവെക്കണം. ഇത് അതതു സ്ഥാപനമേധാവികൾ നൽകുന്ന നിർദ്ദേശമാണ്. ചിലയിടങ്ങളിൽ ഇപ്പോഴും ഇത്തരം നിയമങ്ങൾ ഉണ്ട്. സാരി ആയാൽ കൂടുതൽ പക്വത വന്നു, എന്ന ഒരു ധാരണയാണ് ഇതിനു കാരണം. ചൂരീദാറിൽ വരുന്ന ‘അദ്ധ്യാപികയും ശിഷ്യയും തമ്മിൽ എന്താണ് വ്യാത്യാസം’ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ ഒരേ വേഷത്തിൽ വരുന്ന അദ്ധ്യാപകനും ശിഷ്യനും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടോ എന്ന് ആരും ചോദിക്കാറില്ല.

                            ഇപ്പോൾ നമ്മുടെ അദ്ധ്യാപികമാർക്ക് ചൂരീദാറിൽ കയറാൻ ‘നമ്മുടെ കോടതി’ അനുവാദം നൽകിയിരിക്കയാണ്. അവർ ഭാഗ്യം ചെയ്തവരാണ്; വിദ്യാലയം എന്ന സ്വർഗരാജ്യത്തിന്റെ വാതായനങ്ങൾ ഇതാ നിങ്ങൾക്കായി തുറന്നിരിക്കുന്നു. പ്രീയപ്പെട്ട അദ്ധ്യാപികമാരെ നിങ്ങൾക്കിനി കൈവിലങ്ങുകളും കാൽ‌വിലങ്ങുകളും ഇല്ല. സർവ്വത്ര സ്വതന്ത്രമായ രണ്ട് കൈയും കാലും ഉപയോഗിച്ച് ഓടാം, ചാടാം, വില്ലന്മാരെ ചവിട്ടാം, ബൈക്കിന് പിന്നിലിരുന്ന് (മലയാളി മങ്കമാർ മുന്നിലിരിക്കല്ലല്ലൊ) ചെത്താം. കൂടാതെ പഠിപ്പിക്കുന്ന അദ്ധ്യാപികയുടെ മുഖം നോക്കാതെ വാക്കുകൾ കേൾക്കാതെ, മറ്റു ഭാഗങ്ങളിലേക്കായുള്ള കുട്ടിവില്ലന്മാരുടെ ഒളിഞ്ഞു നോട്ടത്തിൽ‌നിന്നും ഇനി രക്ഷപ്പെടാം.

                            ഇങ്ങനെയൊരു അനുവാദത്തിനു മുൻപ് എന്തെല്ലാം പൊല്ലാപ്പുകളാണ് ഉണ്ടായത്! ജീവിതത്തിൽ ഇതുവരെ സാരി ധരിക്കാത്ത, സാരിയെപറ്റി ശരിക്കും ധരിക്കാത്ത ഒരു പെൺകുട്ടി ആദ്യമായി സാരി ധരിച്ച് വന്നത് നമ്മുടെ സ്ക്കൂളിലാണ്.  ‘പീടി‌എ’ നിർദ്ദേശപ്രകാരം ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന എട്ടാം തരത്തിലെ വിദ്യാർത്ഥികൾക്ക് നാല് മണിക്ക് ശേഷം പ്രത്യേക കോച്ചിങ്ങ് നൽകണം. അതിനായി ഇന്റർവ്യൂ നടത്തി ചെറുപ്പക്കാരിയായ ഒരു ടീച്ചറെ നിയമിച്ചു. ഇന്റർവ്യൂവിൽ പങ്കെടുത്ത ആറ് പേരിൽ ഏറ്റവും സ്മാർട്ട് ആയ പെൺകുട്ടിയെയാണ് സെലക്റ്റ് ചെയ്തത്.

                             ഇന്റർ‌വ്യൂ സമയത്ത്‌തന്നെ ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടു. വന്നവരിൽ ആറുപേരും ചൂരീദാർ ധാരികൾ. ബഹുമാനപ്പെട്ട കോടതി അദ്ധ്യാപികമാരെ ചൂരീദാർ അണിയിക്കന്നതിനു മുൻപായതിനാൽ നിയമനം ലഭിച്ചവളോട് ഒരു കാര്യം ആദ്യമേ അറിയിച്ചു, ‘സ്ക്കൂളിൽ പഠിപ്പിക്കാൻ വരുന്നത് സാരിഅണിഞ്ഞ്‌തന്നെ ആയിരിക്കണം’. ഒരു ജോലിയല്ലെ, ഏത് വേഷം‌കെട്ടാനും അവൾ തയ്യാർ.

                             പിറ്റേദിവസം മൂന്ന് മണിക്ക്തന്നെ ചെറുപ്പക്കാരിയായ ഇംഗ്ലീഷ്ടീച്ചർ സാരിചുറ്റി, പൊട്ടുകുത്തി ‘മാതൃക അദ്ധ്യാപിക’ വേഷം ധരിച്ച് സ്ക്കൂളിൽ എത്തി. വളരെക്കാലമായി ട്രാൻസ്ഫർ, നിയമനം എന്നിവ നടക്കാത്തതിനാൽ മുരടിച്ച അന്തരീക്ഷത്തിൽ, അവളുടെ വരവ്  ഒരു വസന്തമായി മാറി. ആദ്യദിവസമായതിനാൽ നാല് മണിക്ക് പകരം മൂന്നരക്ക് തന്നെ ഇംഗ്ലീഷ് സ്പെഷ്യൽ കോച്ചിങ്ങ് ആരംഭിച്ചു. അതിനായി എട്ടാം ക്ലാസ്സിലെ പിന്നോക്കക്കാരായ ഇരുപത് വിദ്യാർത്ഥികളെ സമീപമുള്ള പ്രത്യേക ക്ലാസ്സിലിരുത്തി പുതിയ ഇംഗ്ലീഷ് ടീച്ചർ അദ്ധ്യാപനത്തിന് 'abcd' കുറിച്ചു.

                            സ്ക്കൂളിലെ എട്ടാം ക്ലാസ്സുകളെല്ലാം പിൻ‌വശത്തുള്ള ഒരു പ്രത്യേക കെട്ടിടത്തിലാണ്. അവിടെയുള്ള കുട്ടികുരങ്ങന്മാരുടെ വികൃതികളൊന്നും ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, എന്നീ ക്ലാസ്സിലുള്ളവർ അറിയുകയില്ല.  എന്നാൽ അദ്ധ്യാപകരുടെ ശ്രദ്ധ ഇടയ്ക്കിടെ അവിടെ പതിയും. കാരണം എട്ടാം ക്ലാസ്സുകൾക്ക് മുന്നിലൂടെയാണ് ‘പുരുഷ-വനിത’ അദ്ധ്യാപകർക്ക്; വവ്വേറെയായി സ്ഥിതിചെയ്യുന്ന ബാത്ത്‌റുമിൽ പോകേണ്ടത്.

                            ഇംഗ്ലീഷ് ടീച്ചറെയും വിദ്യാർത്ഥികളെയും സ്പെഷ്യലായി രൂപം‌കൊണ്ട ക്ലാസ്സിലിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയ ശേഷം ഹെഡ്‌മാസ്റ്റർ ഓഫീസിൽ വന്ന് സ്വന്തം ഇരിപ്പിടത്തിൽ ആസനസ്ഥനായി.

                             ഏതാനും മിനിട്ടുകൾ അതിവേഗസഞ്ചാരം തുടങ്ങി. പെട്ടെന്ന് പുതുയതായി രൂപം‌കൊണ്ട എട്ടാം ക്ലാസ്സിൽ വലിയ ബഹളം; തുടർന്ന് കുട്ടികളെല്ലാം പേടിച്ച് കരയുകയാണ്. അത് കേട്ട് സമീപമുള്ള ക്ലാസ്സിലെ രണ്ട് അദ്ധ്യാപികമാർ പുതിയ ക്ലാസ്സിൽ ഓടിയെത്തി. അത് മറ്റാരുമല്ല; നമ്മുടെ ഹിന്ദിയും സംഗീതവും തന്നെ. ക്ലാസ്സിൽ കടന്ന അവർ അന്തംവിട്ട് നോക്കിനിന്നു. ഒറ്റ നോട്ടത്തിൽ ഇംഗ്ലീഷ് ക്ലാസ് വസ്ത്രാക്ഷേപം കഴിഞ്ഞ  കൌരവസഭ പോലെ ആയി മാറിയിരിക്കയാണ്. പക്ഷെ ദുശാസനനെയോ ദുര്യോദനനേയോ സമീപത്തൊന്നും കാണപ്പെട്ടില്ല. ടീച്ചറുടെ അഞ്ചര മീറ്റർ സാരിയുടെ നാലര മീറ്ററും നിലത്ത് കിടന്ന് ഇഴയുന്നു. വിദ്യാർത്ഥികളെല്ലാം പേടിച്ച്‌വിറച്ച് ക്ലാസ്സിനു പിന്നിൽ ഒന്നിച്ച് കൂടിയിരിപ്പാണ്. അകത്ത് അതിക്രമിച്ച് കടന്നവരെ അവഗണിച്ച് ടീച്ചർ ക്ലാസ്സിലെ കുട്ടികളെ ഭീഷണിപ്പെടുത്തുകയാണ്, 
“എന്റെ പേര് ചോദിക്കാൻ നിങ്ങളാരും വളർന്നിട്ടില്ല. ആർക്കാടാ എന്റെ പേര് അറിയേണ്ടത്?”

                           പരിസരബോധം വീണ്ടെടുത്ത ഹിന്ദി ടീച്ചർ ആ ചെറുപ്പക്കാരിയെ മുറുകെ പിടിച്ചു. സംഗീതം ടീച്ചർ സാരി മൊത്തത്തിൽ വാരിയെടുത്ത് അവളെ ഉടുപ്പിക്കാൻ തുടങ്ങി. സാരി ഉടുക്കുന്ന ഓരോ ഘട്ടത്തിലും അവൾ പറയുന്നുണ്ടായിരുന്നു, 
“ഞാൻ സാരി ഉടുക്കില്ല, ആരും എന്നെ സാരി ഉടുപ്പിക്കാൻ നോക്കേണ്ട”

അപ്പോൾ ഇവിടെ അതാണ് പ്രശ്നം. തീരെ ഇഷ്ടമില്ലാതെ ആദ്യമായി സാരി അണിഞ്ഞ് വന്നത്, അവളിൽ മാനസികമായ പ്രയാസം സൃഷ്ടിച്ചു. 
                           ശബ്ദം കേട്ടപ്പോൾ നമ്മുടെ കണക്ക് അദ്ധ്യാപകൻ ഓടിവന്നു. അദ്ദേഹം അകത്തേക്ക് നോക്കിയപ്പോൾ രണ്ട് ടീച്ചർ‌മാർ ചേർന്ന് ഒരാളെ സാരിയുടുപ്പിക്കുന്ന രംഗമാണ് മുന്നിൽ കണ്ടത്. അപ്പോഴേക്കും അടുത്തപറമ്പിൽ നിന്നും മരം മുറിച്ചുകൊണ്ടിരിക്കുന്ന രണ്ട് തൊഴിലാളികൾ സംഭവം അന്വേഷിച്ച് എത്തി. രക്ഷിതാക്കളായ അവർ ഓടി വരുന്നത് കണ്ടപ്പോൾ‌തന്നെ നമ്മുടെ കണക്ക് മാസ്റ്റർ ക്ലാസ്സിലേക്ക് കടക്കാനുള്ള വാതിൽ വലിച്ചടച്ചശേഷം പ്രശ്നമൊന്നും ഇല്ലെന്ന് പറഞ്ഞ് തൊഴിലാളികളെ തിരിച്ചയച്ചു. അദ്ധ്യാപികമാർ ചേർന്ന് സാരി ധരിപ്പിച്ച ശേഷം ടീച്ചറെ ഹെഡ്‌മാസ്റ്ററുടെ മുന്നിൽ ഹാജരാക്കി. ഇതെല്ലാം നടന്നത് സ്ക്കൂളിനു പിന്നിലെ ഒറ്റപ്പെട്ട കെട്ടിടത്തിലായതിനാൽ മറ്റു ക്ലാസ്സിലുള്ളവർ സാധാരണപോലെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

                           വളരെ ഉച്ചത്തിൽ സംസാരിക്കുന്ന, ശ്ബ്ദം കേട്ടാൽ മറ്റുള്ള അദ്ധ്യാപകർ പോലും പേടിച്ച്‌പോകുന്ന ഹെഡ്‌മാസ്റ്ററുടെ മുന്നിലെത്തിയപ്പോൾ അതുവരെ ബഹളംവെച്ച ടീച്ചർ ഒന്നും സംസാരിച്ചില്ല; ചോദ്യത്തിനൊന്നും മറുപടി ലഭിച്ചില്ല. ഒടുവിൽ അവരെ ഓഫീസിനകത്ത് ഇരുത്തിയ ശേഷം രക്ഷിതാവിന് ഫോൺ ചെയ്തു.

                         വളരെ പ്രതീക്ഷകളുമായി പഠിക്കാൻ തുടങ്ങിയ ക്ലാസ്സിലെ വിദ്യാർത്ഥികൾ ആകെ ഭയപ്പെട്ടിരിക്കയാണ്. പ്രശ്നം എന്താണെന്ന് അവർക്കാർക്കും മനസ്സിലായില്ല. ടീച്ചർ ക്ലാസ്സിൽ വന്ന്, ആദ്യം തന്നെ എല്ലാവരുടെയും പേര് ചോദിച്ച് പരിചയപ്പെട്ടതിനു ശേഷം ഒരു പയ്യൻ ടീച്ചറുടെ പേര് ചോദിച്ചു. അല്ലാതെ ഒരു കുറ്റവും അവൻ ചെയ്തില്ല. അപ്പോഴേക്കും ടീച്ചറുടെ ഭാവം മാറി. പേര് ചോദിച്ചവനെ പിടിച്ച് മുന്നിൽ നിർത്തി ഭീഷണിപ്പെടുത്തിക്കൊണ്ട് ക്ലാസ്സിനു ചുറ്റും ഓടി. അതിനിടയിൽ സാരി അഴിയാനും അഴിക്കാനും തുടങ്ങിയപ്പോൾ കുട്ടികളെല്ലാം പേടിച്ച് കരയാൻ തുടങ്ങി.

                          അങ്ങനെ ഒന്നും മിണ്ടാതെ ഓഫീസിലിരിക്കുന്ന പുതിയ ടീച്ചറുടെ സമീപം നമ്മുടെ പ്യൂൺ കുട്ടിയമ്മ വന്നു. സ്വന്തം മകളുടെ പ്രായത്തിലുള്ള ചെറുപ്പക്കാരിക്ക് എന്ത് പ്രശ്നമാണുള്ളതെന്ന് എന്നറിയാൻ അവർക്ക് താല്പര്യം തോന്നി. അവർ  അടുത്ത്‌വന്ന് ചുമലിൽ തലോടി അവളോട് ചോദിച്ചു,
“മോളേ നിനക്കെന്താണ് പ്രയാസം? എന്നോട് പറ”
പെട്ടെന്ന് ടീച്ചറുടെ ഭാവം മാറി; മുഖത്ത് ദേഷ്യം ഇരച്ച് കയറി. പെട്ടെന്ന് ഇരിപ്പിടം വിട്ടെഴുന്നേറ്റ അവൾ രണ്ട് കൈകൊണ്ടും കുട്ടിയമ്മയുടെ കഴുത്തിൽ ബലമായി പിടിച്ചു. കുട്ടിയമ്മയുടെ കഴുത്ത് അവളുടെ കൈയിൽ  ഒതുങ്ങിയില്ലെങ്കിലും നീണ്ട്‌കൂർത്ത നഖം കൊണ്ട് മുറിഞ്ഞു. രണ്ട്‌പേരും ചേർന്ന പിടിവലിക്കിടയിൽ വേദനകൊണ്ട കുട്ടിയമ്മ കരയാൻ തുടങ്ങി. സഹപ്രവർത്തകർ ഓടിയെത്തിയതു കൊണ്ട് കൂടുതൽ അപകടം ഉണ്ടായില്ല.

                          നമ്മുടെ സ്ക്കൂളിലെ ഒന്നാം നമ്പർ മുങ്ങൽ‌വിദഗ്ദയാണ് കുട്ടിയമ്മ. ജനവരി മാസം‌തന്നെ 20 കാഷ്വൽ ലീവും കാലിയാക്കിയ ശേഷം ഡിസമ്പർ തീർന്ന് പുതുവർഷം പിറക്കുന്നതുവരെ സ്ക്കൂളിൽ‌നിന്ന് ഏത് നേരത്തും മുങ്ങും. ഒരിക്കൽ മണിയടിച്ചുകൊണ്ടിരിക്കെ ഇരുമ്പ്‌ഹേമർ സ്വന്തം കാലിൽ വീണെന്ന് കരഞ്ഞ്‌പറഞ്ഞ് മുങ്ങിയശേഷം പൊങ്ങിയത് മൂന്നാം ദിവസമായിരുന്നു. അങ്ങനെയുള്ള കുട്ടിയമ്മയുടെ കഴുത്തിലാണ് കക്ഷി കടന്ന് പിടിച്ചത്. ഉടനെ ഒരു ഓട്ടോ വരുത്തി അദ്ധ്യാപികമാരുടെ കൂടെ കുട്ടിയമ്മയെ അടുത്ത ഹെൽത്ത് സെന്ററിൽ എത്തിച്ചു. ഇനി എത്ര കഴിഞ്ഞാവും പൊങ്ങുക എന്ന് കണ്ട് തന്നെ അറിയണം!

                            ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പുതിയ ടീച്ചറുടെ രക്ഷിതാവായ അച്ഛൻ വന്നു. തനി നാട്ടിൻ‌പുറത്തുകാരനായ ഒരു കൃഷിക്കാരൻ. അദ്ദേഹം ഹെഡ്‌മാസ്റ്റർ വിവരിക്കുന്നത് മുഴുവനും കേട്ടു. ഒടുവിൽ അദ്ദേഹം  പറഞ്ഞു,
“ദയവ് ചെയ്ത് മാഷ് എന്റെ മകളെ പിരിച്ച് വിടരുത്. അവൾ ഇതുവരെ സാരി ഉടുത്തിട്ടില്ല. ‘സാരി’ എന്ന് കേട്ടാൽ ഭയങ്കര വെറുപ്പാണ്. പിന്നെ അവൾക്കിഷ്ടമില്ലാത്ത വസ്ത്രം ധരിച്ച് സ്ക്കൂളിൽ വരണമെന്ന് മാഷ് പറഞ്ഞാലെങ്ങനെയാ. അവളുടെ ഇഷ്ടത്തിന് എതിരായി വീട്ടിലാരും ഒന്നും പറയാറില്ല; പറഞ്ഞാൽ അവൾ കുഴപ്പമുണ്ടാക്കും. അത്കൊണ്ട് ഇവിടെ വരുമ്പോൾ മാസ്റ്റർ അവൾക്ക് ഇഷ്ടമുള്ളത് ഉടുക്കാൻ അനുവധിക്കണം”

                            ഇഷ്ടമുള്ള ആ വസ്ത്രം ചൂരീദാർ ആയതിനാൽ ഹെഡ്‌മാസ്റ്ററും അദ്ധ്യാപകരും എതിരൊന്നും പറഞ്ഞില്ല. അങ്ങനെ പിറ്റേദിവസം മുതൽ ചൂരീദാറിൽ കയറിയ ടീച്ചർ വളരെ മര്യാദക്കാരിയായി വർഷാവസാനം വരെ പഠിപ്പിച്ചു.

15.1.10

CID ഉണ്ണികൃഷ്ണൻ M A, M Ed.




                           പതിവുപോലെ രാക്കഞ്ഞികുടിച്ച് ഉറങ്ങാൻ കിടന്ന നാട്ടുകാർ അർദ്ധരാത്രി സമയത്ത്, നിദ്രയിലേക്ക് വഴുതി വീഴുന്നതിന് മുൻപ്‌തന്നെ ഉച്ചവെയിൽ തട്ടി  ഞെട്ടിയുണർന്നു. പുറത്തിറങ്ങി നോക്കിയപ്പോൾ ഉച്ചസൂര്യൻ ഉച്ചിയിൽ ഉയർന്നതായിക്കണ്ട നാട്ടുകാർ, വെയിലത്ത് കണ്ണും തിരുമ്മി അന്തം‌വിട്ട് നോക്കി. പ്രായമായവരുടെ പഴമനസ്സുകളിൽ നട്ടുച്ചക്ക് ഇരുട്ടായതിന്റെയും അർദ്ധരാത്രി സൂര്യനുദിച്ചതിന്റെയും അമാവാസി രാത്രിയിൽ ചന്ദ്രനുദിച്ചതിന്റെയും ചരിത്രങ്ങൾ ഉണ്ട്. എന്നാൽ പുതിയ തലമുറ ഇങ്ങനെയൊരു അത്ഭുതം ആദ്യമായാണ് കാണുന്നത്.

                         പുറത്തിറങ്ങിയ നാട്ടാരെ കാത്തിരുന്നത് മറ്റൊരത്ഭുതമാണ്. നാട്ടിലെ ഒരേയൊരു കുന്നിനു മുകളിൽ, കരക്റ്റ് സ്ഥാനത്ത് തന്നെ, ഒന്നല്ല രണ്ട് ‘ആൽ‌മരങ്ങൾ’ മുളച്ച് വളർന്ന് പന്തലിച്ചിരിക്കുന്നു. കിടക്കയിലെ പൊടിതട്ടി എഴുന്നേറ്റ കുഞ്ഞുകുട്ടികളടക്കം എല്ലാവരും പുത്തൻ റീയാലിറ്റി ഷോ ലൈവ്‌ആയി കാണാൻ, കുന്നിൻ‌ചുവട്ടിൽ ഒത്തുകൂടി മേലോട്ട് കയറി അവിടെയുള്ള ഒറ്റപ്പെട്ട വീടിനു  മുന്നിലെത്തി. സൂര്യന്റെ ചൂട് സഹിക്കാനാവാത്തവർ ‘അർദ്ധരാത്രി തന്നെ കുടപിടിക്കാൻ’ തുടങ്ങി. കുടയില്ലാത്തവർ ആലിന്റെ തണലിൽ കുത്തിയിരുന്ന് മേലോട്ട് നോക്കി.

                         ഒരു നല്ല ഉറക്കം നഷ്ടപ്പെട്ട നാട്ടുകാർ രഹസ്യമായും പരസ്യമായും ചർച്ച ചെയ്യാൻ തുടങ്ങി. ആ ചർച്ച ആദിയും അന്തവും ഇല്ലാതെ അങ്ങനെ നീണ്ടുപോയി.
…….
                          നമ്മുടെ നാട്ടിലെ ഒരേയൊരു പ്രിൻസിപാൾ ആയി അറിയപ്പെടുന്ന; നാട്ടുകാരെല്ലാം ബഹുമാനിക്കുന്ന ഒരേയൊരു ‘വിവിഐപി’യാണ്, ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. അദ്ദേഹത്തെ കാണുമ്പോൾ ഏഴും എഴുപതും വയസുകാർ ഒരു പോലെ ഇരിപ്പിടം വിട്ടെഴുന്നേറ്റ് ബഹുമാനിക്കും. നാട്ടിലെ രക്ഷിതാക്കളെല്ലാം സ്വന്തം മക്കളോട് ഉണ്ണികൃഷ്ണനെപോലെ നല്ലവനായി ജീവിക്കാൻ പറയും. ഭാര്യമാർ സ്വന്തം ഭർത്താക്കന്മാരോട് ഉണ്ണികൃഷ്ണനെപോലെ സ്നേഹസമ്പന്നനായ ഭർത്താവ്, ആയി മാറാൻ പറയും. മക്കൾ സ്വന്തം അച്ഛനോട് ഉണ്ണിയേട്ടനെ മാതൃകയാക്കി വാത്സല്യം കാണിക്കാനും, മക്കളുടെ ഉയർച്ചക്ക്‌വേണ്ടി പരിശ്രമിക്കാനും പറയും.

                           നാട്ടിലുള്ള എല്ലാ സ്ത്രീകളും ഉണ്ണികൃഷ്ണന്റെ ‘അമ്മയും പെങ്ങളും’ ആയതിനാൽ നാട്ടാർക്കെല്ലാം അദ്ദേഹത്ത അമിതമായ വിശ്വാസമാണ്. അത്‌കൊണ്ട് സ്ത്രീജനങ്ങൾക്ക്, ഏത് കൂരിരുട്ടിലും അദ്ദേഹത്തിന്റെ കൂടെ കാട്ടിലും കടലിലും മലയിലും വരെ ധൈര്യമായി പോകാം. രാത്രി നേരം‌തെറ്റി വരുന്ന മകൾ ‘ഉണ്ണിയേട്ടൻ കൂടെയുണ്ടായിരുന്നു’ എന്ന് പറഞ്ഞാൽ ‘അത് നന്നായി’ എന്ന് രക്ഷിതാക്കൾ പറയും.

                       നാട്ടുകാരുടെ ഏത് പ്രശ്നവും ഉണ്ണികൃഷ്ണന്റെ മുന്നിലെത്തിയാൽ പരിഹരിക്കപ്പെടും. കുടുംബശ്രീ മുതൽ വയോജനസംഗമം വരെ ഉത്ഘാടനം ചെയ്യാൻ നാട്ടുകാർക്ക് ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. തന്നെ വേണം. സുനാമി തിരമാലകളെ തോൽ‌പ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ജോലിയും കൂലിയും മറന്ന്, മാനുഷരെല്ലാരും ഒന്നുപോലെ മൈക്കിനു മുന്നിൽ അണിനിരക്കും. പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും അദ്ദേഹത്തിന്റെ ആംഗ്യവിക്ഷേപങ്ങളും ആകാരസൌഷ്ഠവവും കാണുമ്പോഴുള്ള രസം ഒന്നു വേറേതന്നെയാണ്.
  
                      ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. പഠനം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ (റിസൽറ്റ് വരുന്നതിന് മുൻപ് തന്നെ) പ്രിൻസിപാളായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. തുടക്കത്തിൽ സ്വന്തമായി സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയത്തിന്റെ പ്രിൻസിപാളും ടീച്ചറും ക്ലാർക്കും പ്യൂണും എല്ലാം അദ്ദേഹം തന്നെയായിരുന്നു. വിദ്യാലയത്തിൽ വിദ്യാർത്ഥികളും ഒപ്പം വിജയവും കൂടാൻ തുടങ്ങിയപ്പോൾ അദ്ധ്യാപകരുടെയും പണത്തിന്റെയും എണ്ണം കൂടാൻ തുടങ്ങി. അതോടെ പ്രിൻസിപാളിന്റെയും സ്ഥാപനത്തിന്റെയും പേര്, ‘ബുർജ് ഖലീഫ’ ആയി ഉയർന്ന് പൊങ്ങാൻ തുടങ്ങി. എന്നാൽ അത് ‘വേൾഡ് ട്രെയിഡ് സെന്റർ’ ആയി മാറാതിരിക്കാനുള്ള സൂത്രങ്ങൾ കൂടി ഒപ്പിക്കാൻ അദ്ദേഹത്തിനറിയാം. ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയപ്പോൾ വീട്ടിലും വിദ്യാലയത്തിലും അദ്ദേഹത്തിന്റെ പേര് പ്രത്യേകം എഴുതിചേർത്തു,
                    ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed.
                                പ്രിൻസിപാൾ

                         ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. കുടുംബജീവിതത്തിൽ സമ്പൂർണ്ണ വിജയം കൊയ്ത് മുന്നേറുകയാണ്. അകലെയുള്ള സ്ക്കൂളിൽ അദ്ധ്യാപികയായ ഭാര്യയും +2 പഠിക്കുന്ന മകനും 8ൽ പഠിക്കുന്ന മകളും ചേർന്ന ആ മാതൃകാഭവനം അശരണർക്ക് ആശ്രയമായി മാറി. ഉണ്ണിയേട്ടൻ പറഞ്ഞാൽ തല്ലാനും കൊല്ലാനും ചാവാനും റഡിയായി നിൽ‌പ്പാണ് നാടും നാട്ടാരും.

                         ആശ്രിതവത്സലനും പാവങ്ങളുടെ കണ്ണിലുണ്ണിയും ആയ ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. വളരെ പെട്ടെന്നാണ് നാട്ടാരുടെ കണ്ണിൽ സംശയത്തിന്റെ വിത്തുകൾ വിതച്ചത്. ഒറ്റത്തവണയായി നാട്ടാരിൽ നിന്നും കടം വാങ്ങി, പല തവണയായി തിരിച്ച്‌കൊടുക്കുന്ന നാട്ടിലെ വാർത്താചാനലായ തൊമ്മാച്ചനാണ് ആദ്യവാർത്ത പ്രക്ഷേപണം ചെയ്തത്. ഉണ്ണികൃഷ്ണന്റെ ഉച്ചഭക്ഷണ സമയം നോക്കി ഒരു ഗാന്ധിയെ തട്ടിയെടുക്കാൻ വീട്ടിൽ പോയപ്പോൾ അകത്തൊരു ചൂരീദാറിന്റെ നിഴലാട്ടം. അതോടെ അഞ്ഞൂറിന്റെ കാര്യം മറന്ന തൊമ്മാച്ചന്റെ നൂറ് ശതമാനവും ശ്രദ്ധ ആ നിഴലിന് പിന്നാലെ ആയതിനാൽ ഗെയ്റ്റിനു പുറത്ത് ഒളിച്ചിരുന്ന് നിരീക്ഷണം തുടർന്നു.

                      ആ നിഴൽ ഒരു പെൺകുട്ടിയുടെ രൂപത്തിൽ വെളിയിൽ വന്ന് ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. ന്റെ കൂടെ കാറിൽ കയറി. സ്വന്തമായി ഓടിക്കുന്ന കാറ് വെളിയിൽ നിർത്തി, ഗെയ്റ്റ് അടക്കുമ്പോൾ അദ്ദേഹത്തിന്റെ സഹയാത്രികയെ ഒരു നോക്ക് കാണാൻ തൊമ്മാച്ചന്റെ കണ്ണട വെച്ച കണ്ണിനുപോലും കഴിഞ്ഞില്ല. അകത്ത് നടക്കുന്നതൊന്നും പുറത്ത് കാണിക്കാത്ത ഗ്ലാസ്സ് കാരണം എങ്ങനെ കാണാനാണ്?

                             ഉച്ചഭക്ഷണ സമയത്ത് ഭാര്യയും മക്കളും വീട്ടിലില്ലാത്ത നേരത്ത് ഗൃഹനാഥന്റെ കൂടെ ഒരു പെണ്ണ് വീട്ടിൽ‌നിന്നും പുറത്തിറങ്ങി ഒന്നിച്ച് പോവുക. എന്നാൽ ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. ആയത്‌കൊണ്ട് അതിൽ തെറ്റൊന്നും പറയാനില്ല. എങ്കിലും അത് ആരാണെന്ന് അറിയാനുള്ള മോഹം തൊമ്മാച്ചന്റെ ഉള്ളിൽ തിളച്ച് മറിയാൻ തുടങ്ങി. 

                        ഹംസക്കയുടെ ചായക്കടയിൽ വെച്ച് തൊമ്മാച്ചൻ പൊട്ടിച്ച വാർത്താബോംബ് ആ നിമിഷം‌തന്നെ ചീറ്റിപ്പോയി. കണ്ടത് റണ്ണിംഗ് കമന്ററി ആയി അവതരിപ്പിച്ചപ്പോൾ തൊമ്മാച്ചന് കിട്ടിയത് പരിഹാസവും ഭീഷണിയും. ‘ഒരു പ്രിൻസിപാൾ ആയ ഉണ്ണികൃഷ്ണൻ സാറിനെപറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടുതുണിയില്ലാതെ നടക്കേണ്ടി വരും’ എന്ന് ഹംസക്ക ഭീഷണിപ്പെടുത്തിയപ്പോൾ ചായ കുടിക്കാതെ തന്നെ തൊമ്മാച്ചൻ ദാഹശമനിയായി.

                    എങ്കിലും നിത്യേനയുള്ള ഈ ഉച്ചസന്ദർശനം കാണുന്ന വിശാലമനസ്ക്കരായ, നല്ലവരായ നാട്ടുകാരുടെ, വിവരമില്ലാത്ത തലയിൽ, സഹയാത്രിക ആരാണെന്ന സംശയം കേൻസർ പോലെ വളർന്നു. ഒടുവിൽ അത് എത്തേണ്ടിടത്ത് തന്നെ എത്തിച്ചേർന്നു; ലീലാവതി ടീച്ചറുടെ ചെവിയിൽ.  ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. ന്റെ ഒരേയൊരു ഭാര്യയാണ്, സുന്ദരിയും സുശീലയും സുമുഖിയും സുഭാഷിണിയും ആയ ലീലാവതി.

                         സഹപ്രവർത്തകരുടെ സംശയം കേട്ട ലീലാവതിക്ക് ആളെ പിടികിട്ടിയില്ലെങ്കിലും വളരെ സന്തോഷം തോന്നി. തന്റെ കെട്ടിയവൻ ഒരു വലിയ ആളായതിനാൽ അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ മറ്റൊരാളും കൂടിയുണ്ടാവുന്നത് വളരെ ആശ്വാസമായി അവർക്ക് തോന്നി. സപത്നിമാരുടെ എണ്ണം നോക്കി രാജാവിന് ഗ്രെയ്‌ഡ് കൊടുക്കുമ്പോൾ കിടപ്പറ പങ്കാളികളുടെ എണ്ണം നോക്കിയാണല്ലൊ പ്രജകൾക്ക് ഗ്രെയ്‌ഡ് കൊടുക്കേണ്ടത്.

                         അന്ന് രാത്രി ഡൈനിംഗ് ടേബിളിനു മുന്നിലുള്ള കുടുംബസംഗമത്തിൽ ഭാര്യ ഭർത്താവിനു മുന്നിൽ നാട്ടുകാരുടെ സംശയം അവതരിപ്പിച്ചു,
“ഉണ്ണിയേട്ടന്റെ കൂടെ എന്നും ഇവിടെ ഒരു പെൺകുട്ടി വരാറുണ്ടെന്ന്, നാട്ടുകാരൊക്കെ പറയുന്നു. ഈ ഞായറാഴ്ച അവളോട് വരാൻ പറയണം; എനിക്ക് അവളെ ഒന്ന് കാണാമല്ലൊ”
“അതെയ് ഞാനിപ്പൊ കമ്പ്യൂട്ടർ പഠിക്കുന്നുണ്ട്. എന്നെ പഠിപ്പിക്കുന്നത് അവളാണ്; മറുനാട്ടിൽനിന്നും ജോലി തേടിവന്ന കുട്ടപ്പന്റെ ഭാര്യ ‘ലക്ഷ്മി’. ഉച്ചഭക്ഷണസമയത്ത് നമ്മുടെ വീട്ടിലെ കമ്പ്യൂട്ടറിലാണ് പഠനം”
“അത് വളരെ നന്നായി; അവളെ ചേട്ടന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചു കൂടേ?”
വിശാല മനസ്ക്കയായ അവൾ ഭർത്താവിനോട് ചോദിച്ചു.
“ഞാനും ഒരിക്കൽ അത് ആലോചിച്ചതാണ്; നീ പറഞ്ഞത് നന്നായി”

                        ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. കമ്പ്യൂട്ടർ പഠിച്ച് അനേകം പ്രോഗ്രാമുകൾ ചെയ്യാൻ തുടങ്ങി. ലീലാവതി ടീച്ചർ, അദ്ധ്യാപികക്കും ശിഷ്യനും കഴിക്കാൻ‌വേണ്ടി, പാചകകലകൾ പഠിച്ച് പുതുപുത്തൻ സദ്യകൾ തയാറാക്കി വിളമ്പിവെക്കും. ചില ദിവസങ്ങളിൽ പ്രിൻസിപാൾ കോളേജിൽ പോകാതെയും കമ്പ്യൂട്ടർ പഠനം തുടർന്നു.

                         നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന തേങ്ങ മോഷ്ടാവാണ് ശ്രീ രജീഷ് നാരായണൻ. കൂടെയുള്ളവർ അക്ഷരം പഠിക്കുമ്പോൾ രജീഷ് സ്വന്തം അദ്ധ്യാപകന്റെ പോക്കറ്റടിക്കാനായി പഠിച്ചു. പഠിച്ച് ഉയർന്ന അവന്റെ നോട്ടം ഇപ്പോൾ തെങ്ങിന്മേലാണ്. നാട്ടുകാർക്ക് രജീഷിനോടുള്ള അനിഷ്ടം അവൻ വെറുമൊരു മോഷ്ടാവായതു കൊണ്ടല്ല; അവർക്ക് തേങ്ങ പറിക്കാൻ ആളെ കിട്ടാത്തതുകൊണ്ടാണ്. രാത്രി ഇരുട്ടത്ത് ഏത് പീറ്റത്തെങ്ങിലും കയറുന്ന അവന്; പകൽ‌സമയത്ത് തെങ്ങിന്മേൽ കയറാൻ അറിയില്ല. അങ്ങനെയുള്ള രജീഷ് നൈറ്റ്‌ഡ്യൂട്ടിക്ക് പോയപ്പോൾ തെങ്ങിന്റെ മണ്ടയിൽ വെച്ചാണ് അത് കണ്ടത്; കുന്നിനു മുകളിലെ ആളില്ലാത്ത വീട്ടിൽ രാത്രിസമയത്ത് ഒരു ആളനക്കം.

                     ജോലിയും കൂലിയും ഇല്ലാതെ തേരാപാരാ നടക്കുന്ന ആൺപടയുടെ ജിജ്ഞാസ പൊടിതട്ടിയുണർന്നു. പിറ്റേദിവസം രാത്രി ഉറക്കമിളച്ച് കാത്തിരുന്ന അവർ അക്കാര്യം കണ്ടുപിടിച്ചു. രാത്രിയുടെ ഇരുട്ടിന്റെ മറവിൽ രണ്ട് മനുഷ്യർ കുന്ന് കയറി ആളില്ലാവീടിന്റെ വാതിൽ തുറന്ന് അകത്ത് കയറുന്നു; ഒരാണും ഒരു പെണ്ണും.

                     കർമ്മനിരതരായ യുവാക്കളുടെ പട അതിൽ വലിയ തെറ്റൊന്നും കണ്ടില്ല. ആണിനും പെണ്ണിനും ഒന്നിച്ച് രാത്രിസമയത്ത് എന്തൊക്കെ ചെയ്യാനുണ്ടാവും? എന്നാൽ അവർ ആരാണെന്നും എന്താണ് ചെയ്യുന്നതെന്നും അറിയേണ്ടത് മനുഷ്യസഹജമാണ്. പെട്ടെന്ന് അവരുടെ തലയിൽ ഭയം ഇരച്ചുകയറി; ‘പ്രേതങ്ങളാണോ? ഏതായാലും നാട്ടാരെ വിളിച്ച്കൂട്ടി വീട് ഒന്ന് പരിശോദിക്കണം. അവർ വീട്‌തോറും കയറി ആളെകൂട്ടിയശേഷം പന്തം കൊളുത്തിപടചേർന്ന് കുന്ന് കയറാൻ തുടങ്ങി.

                      നാട്ടാരുടെ കൂട്ടത്തിൽ ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. മാത്രം ഉണ്ടായിരുന്നില്ല. നാട്ടാർ‌പട ആദ്യം‌തന്നെ പോയത് അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. കോളിംഗ്‌ബെൽ കേട്ട് വാതിൽ തുറന്നത് ലീലാവതി ടീച്ചർ നാട്ടാരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു,
“അദ്ദേഹം മുറിയടച്ച് പൂട്ടി കമ്പ്യൂട്ടർ പഠിക്കുകയാണ്, പത്തായത്തിലൊന്നും ഇല്ല”

                         ജീവിതത്തിൽ ഒരിക്കൽ‌പോലും കള്ളം പറയാത്ത ടീച്ചർ പറഞ്ഞത് അതേപടി എല്ലാവരും വിശ്വസിച്ചു. എന്നാൽ നാട്ടാരെല്ലാം ചേർന്ന് അർദ്ധരാത്രി തന്നെ കുന്ന് കയറുന്നത്, അകലെവെച്ച കണ്ട ടീച്ചറുടെ തലയിലൂടെ ഒരു മിന്നൽ‌ ഫ്ലാഷ് ചെയ്തു.
‘ആ കുന്നിൻ‌മുകളിലെ വീട്ടിലാണല്ലൊ ഉണ്ണിയേട്ടൻ കമ്പ്യൂട്ടർ പഠിക്കാൻ പോയത്. കൂടെ അവളും കാണുമല്ലൊ. ഈ പൊതുജനം എന്ന കഴുതകൾ‌ ഇരുട്ടിൽ അദ്ദേഹത്തെ ആക്രമിച്ചാലോ?’.             
                   പതിവ്രതയായ ലീലാവതി പൂജാ മുറിയിൽ കയറി സൂര്യഭഗവാനെ പ്രാർത്ഥിക്കാൻ തുടങ്ങി.
 “ജീവന്റെ ഊർജ്ജമായ ഭഗവാനേ, പണ്ടൊരുകാലത്ത് ഒരു ശീലാവതിയെ രക്ഷിക്കാൻ മൂന്ന് ദിവസം ഉദയം ബഹിഷ്ക്കരിച്ച ആളാണല്ലൊ. അതുപോലെ ഈ ലീലാവതിയെ രക്ഷിക്കാൻ ഈ അർദ്ധരാത്രി തന്നെ പകലാക്കി മാറ്റി അദ്ദേഹത്തെ വെളിച്ചത്തിലേക്ക് നയിച്ചാലും,,,” 

                           സൂര്യഭഗവാൻ ഒരു നിമിഷം ആലോചിച്ചു; ‘സംഭവം ശരിയാണല്ലൊ, പതിവ്രതമാർക്ക് വേണ്ടി പണ്ടുമുതൽ പലതും ചെയ്തതാണ്. ഇത് കലിയുഗമാണെങ്കിലും നാട്ടിലെ ഒരേയൊരു പതിവ്രതയാണ് പ്രാർത്ഥിക്കുന്നത്. എങ്ങനെ വരം നൽ‌കാതിരിക്കും?’ 


                          സൂര്യൻ തന്റെ കുതിരകളുടെ റിമോട്ടിൽ വിരലമർത്തി. അതോടെ സൂപ്പർ ‌പ്രകാശവേഗതയിൽ അച്ചുതണ്ട് കറങ്ങിയപ്പോൾ അമേരിക്കയിലെ, ഒബാമയുടെ ആകാശം വിട്ട് സൂര്യൻ ശരിക്കും നമ്മുടെ കുന്നിനു മുകളിലെ ആകാശത്തിൽ ലാന്റ് ചെയ്തു.

…….
                          നാട്ടുകാർ വാതിലിൽ തട്ടുകയും മുട്ടുകയും ചെയ്തതോടെ വീടിന്റെ ചിത്രശില്പവാതിൽ തുറന്നു. അവരുടെ മുന്നിൽ ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. ഒരു ചിലന്തിയെപോലെ വളർന്ന് നിൽക്കുന്നു; തൊട്ടുപിന്നിൽ അവളും. അർദ്ധരാത്രി സൂര്യനുദിച്ചത് അറിഞ്ഞില്ലെങ്കിലും നാട്ടുകാരെ കണ്ടപാടെ ഉണ്ണികൃഷ്ണൻ ചോദിച്ചു,
“എന്ത് പറ്റി? എല്ലാവരും ഒന്നിച്ച് വന്നത് എന്തിനാണ്?”
“അത് സാറിവിടെ എന്ത് ചെയ്യുന്നു എന്നറിയാനാ”
മുന്നിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞു.

“അതാണോ കാര്യം. ഞാനിവിടെ കമ്പ്യൂട്ടർ പഠിക്കുകയാ; ‘പകൽ സോഫ്റ്റ്‌വെയറും രാത്രി ഹാർഡ്‌വെയറും’; ഇവൾ എന്നെ പഠിപ്പിക്കന്നു. ആർക്കാടാ സംശയം?”
“നമ്മക്കൊന്നും ഒരു സംശയവും ഇല്ലേ,,,”
നാട്ടുകാർ ഒന്നിച്ച് വിളിച്ചു കൂവി.
  
              എങ്കിലും അതുവരെ പിൻ‌നിരയിൽ ഒതുങ്ങികൂടിയ സ്ത്രീജനങ്ങൾ മുന്നിലെത്തി. അവരുടെ നേതാവി റോസമ്മ കുര്യാക്കോസ് പറഞ്ഞു,
“ഇതൊന്നും ശരിയല്ല, രാത്രി സമയത്താണോ കമ്പ്യൂട്ടർ പഠിക്കുന്നത്? അതും ഒരു പെൺകുട്ടിയുടെ കൂടെ ഒറ്റക്ക് ഒരു വീട്ടിൽ?”
“റോസാമ്മെ നീയാണോ പറയുന്നത്? നിന്റെ കെട്ടിയവൻ കുര്യാക്കോസ് പോലും കാണാത്ത നിന്റെ ഹാർഡ് വെയറിലെ കറുത്ത അടയാളങ്ങൾ ഞാൻ നാട്ടാരുടെ മുന്നിൽ വിളിച്ചു പറയട്ടെ?”
ഉണ്ണികൃഷ്ണൻ അടയാളം പറയുന്നതിനു മുൻപ്‌തന്നെ റോസമ്മ ഒറ്റ ചാട്ടത്തിന് കുന്നിനു താഴെയെത്തി. ആ വഴിയിൽ പുല്ല് മുളക്കാൻ ഋശ്യശൃംഗൻ വന്ന് വെള്ളമൊഴിക്കണം എന്നാണ്’ ഭൌമശാസ്ത്ര ഗവേഷകർ പിന്നീട് പറഞ്ഞത്.

                    എല്ലാം കണ്ടും കേട്ടും നിന്ന ഹംസക്കയുടെ മനുഷ്യത്വം ഉണർന്നു,
“ഒരു അദ്ധ്യാപകനായ, ഒരു സ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ ആയ, നിങ്ങൾ ചെയ്യുന്നത് തെറ്റ് തന്നെയാണ്. രാത്രി ഒരാണിനെയും പെണ്ണിനെയും ഒറ്റക്ക് കണ്ടാൽ ‘കമ്പ്യൂട്ടർ പഠിക്കുന്നു’ എന്ന് വിശ്വസിക്കാൻ ഞങ്ങൾ പൊതുജനം  അത്ര മണ്ടന്മാരൊന്നുമല്ല”

“ഞാൻ ഇപ്പോൾ പ്രിൻസിപ്പാൾ അല്ല; C.I.D. ഉണ്ണികൃഷ്ണൻ M.A, M.Ed. നാട്ടിലെ പെണ്ണുങ്ങളുടെ രഹസ്യങ്ങൾ രഹസ്യമായി കണ്ടെത്തി എന്റെ കമ്പ്യൂട്ടറിൽ സെയ്‌വ് ചെയ്തിട്ടുണ്ട്. അങ്ങനെ ഈ നാട്ടിലെ എല്ലാ പെണ്ണുങ്ങളുടെയും അടയാളങ്ങൾ പരസ്യമായി പറയാൻ എനിക്കറിയാം. ഹംസക്കയുടെ കെട്ടിയോളുടെ വലത്തെ തുടയിൽ ഒരു കറുത്ത മറുക് ഉണ്ട്. പിന്നെ കല്ല്യാണം കഴിയാത്ത ഇളയ മകളുടെ അരക്കെട്ടിൽ
ബാക്കി കേൾക്കുന്നതിനു മുൻപ് ഹംസക്ക ഒരു കാക്കയായി പറന്ന് സ്വന്തം ചായക്കടയിലെ അടുക്കളയിൽ‌തന്നെ ലാന്റ് ചെയ്തു.

                        എന്നിട്ടും പരിസരം കാലിയാക്കാത്തവരോടായി C.I.D. ഉണ്ണികൃഷ്ണൻ M.A, M.Ed. പറഞ്ഞു,
“ഈ പെൺകുട്ടി അർദ്ധരാത്രിയിൽ എന്നെ കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിൽ അവൾക്കോ അവളുടെ ഭർത്താവിനോ, എനിക്കോ എന്റെ ഭാര്യക്കോ പരാതിയില്ല. അപ്പോൾ പിന്നെ മറ്റുള്ളവർ എന്തിന് പരാതിപ്പെടണം. ഒരു പുതിയ ഹാർഡ്‌വെയർ ഫിറ്റ് ചെയ്ത്, സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ്‌തന്നെ വന്നിരിക്കുന്നു; നാശങ്ങൾ?”

                            C.I.D. ഉണ്ണികൃഷ്ണൻ M.A, M.Ed. കമ്പ്യൂട്ടർ പഠിക്കാനായി പെൺകുട്ടിയോടൊപ്പം കുന്നിൻ‌മുകളിലെ, ആലിൻ‌തണലിലെ, വീട്ടിനുള്ളിൽ കടന്ന് വാതിലടച്ചു. സൂര്യൻ തലക്ക് മുകളിൽ ഉള്ളതിനാൽ അർദ്ധരാത്രി ആയിട്ടും വർണ്ണക്കുട പിടിച്ച്‌കൊണ്ട് നാട്ടുകാരെല്ലാം അവരവരുടെ വീട്ടിൽ‌പോയി കൂർക്കം‌വലിച്ച് ഉറങ്ങാൻ തുടങ്ങി