19.7.10

അനിക്കുട്ടന്റെ ലോകം



   
                 എൽ.കെ.ജി, യു.കെ.ജി, ആദിയായവ വിജയകരമായി പൂർത്തിയാക്കി,,, ‘ഇനിയങ്ങോട്ട് പള്ളിക്കൂടത്തിലേക്കില്ല’ എന്നും പറഞ്ഞ്, വീട്ടിലിരിക്കുന്ന ‘അനിക്കുട്ടനു’വേണ്ടി വിലപേശാൻ പണം പെട്ടികളിലാക്കി വന്നവരെയെല്ലാം തോൽ‌പ്പിച്ച്, ഒടുവിൽ ലേലം ഉറപ്പിച്ചത് ഒരു സ്വകാര്യവ്യക്തി നടത്തുന്ന സ്വകാര്യസ്ക്കൂളിലെ മാനേജറാണ്. ലേലം ഉറപ്പിച്ചത് പെട്ടികളിലെ പണത്തിന്റെ കണക്കുനോക്കി മാത്രം ആയിരുന്നില്ല. അനിക്കുട്ടനെ അനുനയിപ്പിച്ച് സോപ്പും പൌഡറും പൂശിയതിനുശേഷം അനിക്കുട്ടന്റെ അച്ഛൻ എഴുതി തയ്യാറാക്കിയ ഒരു എഗ്രിമെന്റിനുതാഴെ സ്ക്കൂൾ‌മാനേജർ ഒപ്പിട്ടപ്പോൾ; ഒന്നാം തരത്തിൽ ലാസ്റ്റാമനായി, അനിക്കുട്ടനെ ചേർത്തു.
അതായത് ‘അനിക്കുട്ടൻ പത്താം ക്ലാസ്സുവരെ അതെ സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് അവന് ഒരു തരത്തിലുള്ള പ്രയാസവും മാനസിക സംഘർഷവും ഉണ്ടാവുകയില്ല’, എന്ന് മഞ്ഞക്കടലാസിൽ പച്ചമഷികൊണ്ട് എഴുതിയതിന്റെ അടിയിൽ മേനേജർ നീലമഷികൊണ്ട് ഒപ്പിട്ടു.

                      അങ്ങനെ ഭാരതത്തിന്റെ ഭാവി വാഗ്ദാനങ്ങളായ അനിക്കുട്ടന്മാരെ വാർത്തെടുക്കുന്ന മഹായജ്ഞങ്ങൾ നടക്കുന്ന നമ്മുടെ വിദ്യാലയങ്ങളിൽ പ്രവേശനോത്സം മഹോത്സവമായി മാറിയ, ഒന്നാം‌ദിവസം ഒന്നാംക്ലാസ്സിലിരുന്ന് വീട്ടിൽ തിരിച്ചെത്തിയ അനിക്കുട്ടനോട് അവന്റെ അച്ഛൻ ചോദിച്ചു,
“അനിക്കുട്ടാ, സ്ക്കൂളൊക്കെ എങ്ങനെ? അവിടെ എന്തെങ്കിലും പ്രയാസം ഉണ്ടായിരുന്നോ?”
“അച്ഛാ ഒരു പ്രയാസം ഉണ്ടായി, സ്ക്കൂൾ ബസ്സിൽ‌നിന്ന് ‘ഇറങ്ങി ക്ലാസ്സിൽ പോകാൻ’ മുറ്റത്തെ മണ്ണിലൂടെ നടക്കണം”
“അക്കാര്യം ഇപ്പംശരിയാക്കാം”

                       അനിക്കുട്ടന്റെ അച്ഛൻ സ്ക്കൂൾ മാനേജറെ ഫോൺ ചെയ്ത് കാര്യം പറഞ്ഞു. മേനേജർ ചിന്തിച്ചു, ‘ഇത് അനിക്കുട്ടന്റെ മാത്രം പ്രശ്നമല്ലല്ലൊ; അപ്പോൾ അവനു മാത്രമായി എങ്ങനെ പരിഹരിക്കും? താൻ മാനേജറായിരിക്കുന്ന വിദ്യാലയത്തിലെ രണ്ടായിരത്തി പതിനഞ്ച് വിദ്യാർത്ഥികളുടെയും പ്രശ്നത്തിന് പരിഹാരം കാണണം’. 
മാനേജർ ഹെഡ്‌മാസ്റ്ററെ വിളിച്ച് ഓർഡർ പാസ്സാക്കി,
“എല്ലാദിവസവും സ്ക്കൂൾ ബസ്സിൽ നിന്നിറങ്ങുന്ന കുട്ടികളെ നിലം‌തൊടാതെ ക്ലാസ്സിലെത്തിക്കാൻ ഒരു ക്രെയിൻ സംഘടിപ്പിക്കണം”
ഹെഡ്‌മാസ്റ്റർ ‘യെസ്‌സർ’ എന്ന് മൂളി.

                       പിറ്റേന്ന് മുതൽ സ്ക്കൂൾബസ്സിൽ കയറി മുറ്റത്തു വന്നവർ നിലം‌തൊടാതെ ക്ലാസ്സിലെത്തുകയും വൈകുന്നേരം അതേപടി  ക്ലാസ്സിൽനിന്ന് ബസ്സിൽ എത്തുകയും ചെയ്തു. അങ്ങനെ ഒന്നാം തരത്തിലെ അനിക്കുട്ടനും പത്താം തരത്തിലെ തടിച്ചി അമ്മുക്കുട്ടിയും നിലം തൊടാതെ ക്ലാസ്സിലെത്തി,,, തിരിച്ചുപോയി.
ഇതെല്ലാം കണ്ടുനിൽക്കുന്ന അദ്ധ്യാപകരെ നോക്കി അനിക്കുട്ടൻ ചിരിച്ചു,,,
“ഹ,ഹഹ”

ഒരാഴ്ച കഴിഞ്ഞു,,,
അനിക്കുട്ടന്റെ അച്ഛൻ ചോദിച്ചു,
“അനിക്കുട്ടാ, സ്ക്കൂളൊക്കെ എങ്ങനെ? എന്തെങ്കിലും പ്രയാസം ഉണ്ടോ?”
“അച്ഛാ എനിക്ക് സ്ക്കൂൾബാഗ് എടുക്കാൻ വളരെ പ്രയാസം”
“അക്കാര്യം ഇപ്പംശരിയാക്കാം”
                      അനിക്കുട്ടന്റെ അച്ഛൻ സ്ക്കൂൾ മാനേജർക്ക് മെസേജ് അയച്ചു, മാനേജർ ചിന്തിച്ചു; ഹെഡ്‌മാസ്റ്ററെ വിളിച്ച് കല്പിച്ചു,
“കുട്ടികൾ പുസ്തകച്ചുമട് എടുക്കാൻ പാടില്ല. അതിനായി ചുമട്ടുകാരെ ഏർപ്പെടുത്തുക”
                     പിറ്റേദിവസം മുതൽ ചുമട്ടുകാർ വന്ന് ഒന്നാം തരം മുതൽ പത്താം തരം വരെയുള്ളവരുടെ പുസ്തകങ്ങൾ ചുമലിലേറ്റി അവർ പോകുന്ന വഴിയെ ‘തെക്കുവടക്ക്, കിഴക്കുപടിഞ്ഞാറ്’ നടക്കാൻ തുടങ്ങി.
ഇതെല്ലാം കണ്ടുനിൽക്കുന്ന അദ്ധ്യാപകരെ നോക്കി അനിക്കുട്ടൻ ചിരിച്ചു,,,
“ഹ,ഹഹ”

ഒരു മാസം കഴിഞ്ഞു,
അനിക്കുട്ടന്റെ അച്ഛൻ ചോദിച്ചു,
“അനിക്കുട്ടാ, സ്ക്കൂളൊക്കെ എങ്ങനെ? എന്തെങ്കിലും പ്രയാസം ഉണ്ടോ?”
“അച്ഛാ എനിക്ക് ക്ലാസ്സിലിരുന്ന് പഠിക്കാൻ പ്രയാസം”
“അക്കാര്യം ഇപ്പം ശരിയാക്കാം”
                     അനിക്കുട്ടന്റെ അച്ഛൻ സ്ക്കൂൾ മാനേജർക്ക് മെസേജ് അയച്ചു, മാനേജർ ചിന്തിച്ചു; ഉടൻ ഹെഡ്‌മാസ്റ്ററെ വിളിച്ച് കല്പിച്ചു,
“ഇനി മുതൽ അദ്ധ്യാപകർ ക്ലാസ്സിൽപോയാലും ഒന്നും പഠിപ്പിക്കാൻ പാടില്ല”
                     ഹെഡ്‌മാസ്റ്ററുടെ അറിയിപ്പ് കിട്ടിയ അദ്ധ്യാപകർ ക്ലാസ്സിലിരുന്ന് ബോറടിക്കുകയും വിദ്യാർത്ഥികൾ ക്ലാസ്സിലിരുന്ന് കളിക്കുകയും ചെയ്തു.
ഇതെല്ലാം കണ്ടുനിൽക്കുന്ന അദ്ധ്യാപകരെ നോക്കി അനിക്കുട്ടൻ ചിരിച്ചു,,,
“ഹ,ഹഹ”

ആറ് മാസം കഴിഞ്ഞു,
അനിക്കുട്ടന്റെ അച്ഛൻ ചോദിച്ചു,
“അനിക്കുട്ടാ, സ്ക്കൂളൊക്കെ എങ്ങനെ? എന്തെങ്കിലും പ്രയാസം ഉണ്ടോ?”
“അച്ഛാ പരീക്ഷ വരുന്നു, എനിക്ക് പരീക്ഷയെഴുതാൻ പ്രയാസം”
“അക്കാര്യം ഇപ്പം ശരിയാക്കാം”
                     അനിക്കുട്ടന്റെ അച്ഛൻ സ്ക്കൂൾ മാനേജർക്ക് മെസേജ് അയച്ചു, മാനേജർ ചിന്തിച്ചു; ഉടൻ ഹെഡ്‌മാസ്റ്ററെ വിളിച്ച് കല്പിച്ചു,
“ഇനി മുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതാൻ പാടില്ല; പകരം അദ്ധ്യാപകർ എഴുതിയാൽ മതി”
                    ഹെഡ്‌മാസ്റ്റർ പരീക്ഷയെഴുതാൻ പറഞ്ഞപ്പോൾ എല്ലാ അദ്ധ്യാപകരും, ഒന്നാം‌തരം മുതൽ പത്താം‌തരം വരെയുള്ള ക്ലാസ്സുകളിൽ കുത്തിയിരുന്ന് പരീക്ഷയെഴുതാൻ തുടങ്ങി.
എഴുതിയെഴുതി കൈ വേദനിച്ചപ്പോൾ കരയുന്ന അദ്ധ്യാപകരെ നോക്കി അനിക്കുട്ടൻ ചിരിച്ചു.
“ഹ,ഹഹ”

വീണ്ടും ഒരു മാസം കഴിഞ്ഞു,
അനിക്കുട്ടന്റെ അച്ഛൻ ചോദിച്ചു,
“അനിക്കുട്ടാ, സ്ക്കൂളൊക്കെ എങ്ങനെ? എന്തെങ്കിലും പ്രയാസം ഉണ്ടോ?”
“ഇപ്പോൾ സ്ക്കൂൾ മുറ്റത്തും കളിസ്ഥലത്തും വെയിലുള്ളതുകൊണ്ട് പ്രയാസം”
“അക്കാര്യം ഇപ്പം ശരിയാക്കാം”
                     അനിക്കുട്ടന്റെ അച്ഛൻ സ്ക്കൂൾ മാനേജർക്ക് മെസേജ് അയച്ചു, മാനേജർ ചിന്തിച്ചു; ഉടൻ ഹെഡ്‌മാസ്റ്ററെ വിളിച്ച് കല്പിച്ചു,
“കുട്ടികളെ വെയിലുകൊള്ളാൻ അനുവദിക്കരുത്; സ്ക്കൂൾ മുറ്റത്തും കളിസ്ഥലത്തും വെയിലുകൊള്ളാതിരിക്കാൻ പന്തൽ നിർമ്മിക്കുക”
                     ഒന്നാം തരത്തിലെ അനിക്കുട്ടനും പത്താം തരത്തിലെ അമ്മുക്കുട്ടിയും വെയിലുകൊള്ളാതെ, പള്ളിക്കൂടത്തിന്റെ മുറ്റത്തും ഗ്രൌണ്ടിലും ഓടിക്കളിച്ചു.
ഇതെല്ലാം കണ്ടുനിൽക്കുന്ന അദ്ധ്യാപകരെ നോക്കി അനിക്കുട്ടൻ ചിരിച്ചു,,,
“ഹ,ഹഹ”

അങ്ങനെ മൂന്ന് ദിവസം കൂടി കഴിഞ്ഞു,
അനിക്കുട്ടന്റെ അച്ഛൻ ചോദിച്ചു,
“അനിക്കുട്ടാ, സ്ക്കൂളൊക്കെ എങ്ങനെ? എന്തെങ്കിലും പ്രയാസം ഉണ്ടോ?”
“അച്ഛാ ഇപ്പോൾ ഫുട്ബോൾ‌മത്സരം നടക്കുന്ന സമയമായതിനാൽ വലിയ കുട്ടികൾ മാത്രം പന്ത്‌കളിക്കുന്നു. ഒരു ബോളിന്റെ പിന്നാലെ എത്ര കുട്ടികളാ ഓടുന്നത്? എന്നെ ‘ആ പന്ത്’ തൊടാൻ‌പോലും അനുവദിക്കുന്നില്ല”
“അക്കാര്യം ഇപ്പം ശരിയാക്കാം”
                    അനിക്കുട്ടന്റെ അച്ഛൻ സ്ക്കൂൾ മാനേജർക്ക് മെസേജ് അയച്ചു, മാനേജർ ചിന്തിച്ചു; ഉടൻ ഹെഡ്‌മാസ്റ്ററെ വിളിച്ച് കല്പിച്ചു,
“രണ്ടായിരത്തി പതിനഞ്ച് പന്തുകൾ വാങ്ങി നമ്മുടെ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ഓരോ പന്ത്‌വീതം കൊടുക്കുക”
                     പിറ്റേദിവസം പാഴ്സൽ ലോറികൾ സ്ക്കൂൾ‌ഗെയിറ്റ് കടന്ന്‌വന്നു. രണ്ടായിരത്തി പതിനഞ്ച് പന്തുകൾ സ്ക്കൂൾ അങ്കണത്തിൽ ഇറക്കി. ഹെഡ്മാസ്റ്റർ ഹാജർ‌പട്ടിക നോക്കി, ഓരോ കുട്ടിയെയും വിളിച്ച് ഓരോ പന്ത്‌വീതം കൊടുത്തു.
                      അപ്പോൾ ഒന്നാം തരത്തിലെ അനിക്കുട്ടനും പത്താം തരത്തിലെ തടിച്ചി അമ്മുക്കുട്ടിയും സ്വന്തമായി കിട്ടിയ പന്തുകളുമായി കളിക്കാൻ ഗ്രൌണ്ടിലേക്കോടിയപ്പോൾ കൂടെ എല്ലാ വിദ്യാർത്ഥികളും ഉണ്ടായിരുന്നു.
അങ്ങനെ ഓടിപ്പൊകുമ്പോൾ ഇതെല്ലാം കണ്ടുനിൽക്കുന്ന അദ്ധ്യാപകരെ നോക്കി അനിക്കുട്ടൻ ചിരിച്ചു,,,
“ഹ,ഹഹ”


... അങ്ങനെ പത്താം തരം വരെ അനിക്കുട്ടന്റെ പരിപാടികൾ തുടരുന്നതായിരിക്കും,,,