10.10.10

ദേശാഭിമാനികളെ ചവിട്ടരുത്

                 ഏതാനും വർഷങ്ങൾക്ക് മുൻപ്; കൃത്യം 210 മാർക്ക് വാങ്ങിയതിനാൽ, ‘ജയിച്ചു’ എന്ന് സീല് പതിഞ്ഞ എസ്.എസ്.എൽ.സി ബുക്കുമായി ഹൈസ്ക്കൂളിന്റെ പടിയും ഗെയിറ്റും കടത്തിവിട്ട പൂർവ്വശിഷ്യനാണ്, തൊഴിലാളിയായി രൂപാന്തരപ്പെട്ട് എന്റെ വീട്ടിൽ വന്നത്.
അവൻ എന്റെ ശിഷ്യനാണെന്നതിൽ കൂടുതലായി ഓർമ്മയിൽ തങ്ങിനിൽക്കുന്ന നല്ല കാര്യങ്ങളൊന്നും ഇല്ലെങ്കിലും അത്ര നല്ലതല്ലാത്ത ഒരു കാര്യം ഇന്നും എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്.

എസ്.എസ്.എൽ.സി. ബയോളജി പരീക്ഷ കഴിഞ്ഞ ദിവസം,,, നട്ടുച്ചനേരം,
തൊട്ടടുത്ത വിദ്യാലയത്തിൽ‌നിന്ന് പരീക്ഷാഡ്യൂട്ടി കഴിഞ്ഞ്, ഉച്ചവെയിൽ അവഗണിച്ച് സ്വന്തം വിദ്യാലയത്തിൽ ഞാൻ എത്തിച്ചേരുന്നു.
പരീക്ഷ എഴുതിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ അവരുടെ സ്വന്തം ബയോളജി ടീച്ചറായ എനിക്ക് ചുറ്റും‌കൂടി അന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും ചർച്ച ചെയ്യുകയാണ്; ആകെ ബഹളം‌തന്നെ.
                   എന്നാൽ ഇതിൽ‌നിന്നെല്ലാം ഒഴിഞ്ഞുമാറി ‘പോടാ പുല്ലേ’ എന്നമട്ടിൽ ഒരുശിഷ്യൻ‌ റോഡരികിൽ നിൽക്കുകയാണ്. പെട്ടെന്ന് അവൻ കൈയിലുള്ള പുസ്തകത്തിന്റെ പേജുകൾ ഓരോന്നായി കീറിയെടുത്ത് ചെറുകഷ്ണങ്ങളാക്കി മുകളിലോട്ട് എറിഞ്ഞ് കൈകൊട്ടിചിരിക്കാൻ തുടങ്ങി. പത്ത് വർഷം പഠിച്ചതിന്റെയും പഠിപ്പിച്ചതിന്റെയും പ്രതിഷേധം മുഴുവൻ ആ പുസ്തകങ്ങളോട്, അവൻ കാണിക്കുകയാണ്.
                   ബയോളജിയോടും അത് പഠിപ്പിച്ച ടീച്ചറോടും ഉള്ള പ്രതിഷേധം(?) ടെൿസ്റ്റ് ബുക്ക് കീറിയെറിഞ്ഞ് ആഘോഷിച്ച, അവനാണ് ഇപ്പോൾ ഒരു കെട്ടിടനിർമ്മാണ തൊഴിലാളിയായി രൂപാന്തരപ്പെട്ട് എന്റെ വീട്ടിൽ വന്നത്.

എന്നാൽ ഇപ്പോൾ അവൻ പണ്ടത്തെ ഇരുണ്ടനിറമുള്ള കോല്‌മോഡൽ പാവം പയ്യനല്ല,
കറുത്തിരുണ്ട് ഒരുഗ്രൻ കൊട്ടേഷൻഗുണ്ട മോഡൽ തടിയൻ,,,
കാലം അവനെ തൊഴിലാളി വർഗ്ഗത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന വിപ്ലവവീര്യം അലതല്ലുന്ന ആസ്സൽ തൊഴിലാളി ആക്കി മാറ്റിയിരിക്കുന്നു.

                 എങ്കിലും പഴയ അദ്ധ്യാപികയെ കണ്ടപ്പോൾ അവനിൽ വിനയഭാവം പ്രത്യക്ഷപ്പെട്ടു,
“ടിച്ചറെ അന്ന് മര്യാദക്ക് പഠിച്ചിരുന്നെങ്കിൽ വിനീതിനെപ്പോലെ ഞാനും ഒരു എഞ്ചിനീയറാകുമായിരുന്നു”
“അതിന് കൂടുതൽ പഠിച്ചില്ലെങ്കിലും ജീവിക്കാൻ പറ്റിയ ഒരു ജോലി നിനക്ക് കിട്ടിയില്ലെ?”
“എന്നാലും, അന്നേരം ഒന്നും ആലോചിക്കാതെ പഠിക്കാതെ നടന്നത് വളരെ മോശമായെന്ന് ഇപ്പൊഴാ തോന്നുന്നത്,”
“ഇപ്പൊഴെങ്കിലും അങ്ങനെ തോന്നിയല്ലൊ, നന്നായി”

                      വീട്ടിൽ അവന് ചെയ്യാനുള്ള ജോലി നിലം പോളിഷിങ്ങ് മാത്രമാണ്. തൊഴിലാളിക്ഷാമത്താൽ നാട്ടുകാർ നട്ടം‌തിരിയുമ്പോൾ, ഒരു വീട് മൊത്തമായി നിർമ്മിക്കാൻ തൊഴിലാളികളെ ചിലപ്പോൾ കിട്ടിയാലും നിർമ്മാണം പൂർത്തിയായ വീട് റിപ്പയർ ചെയ്യാൻ ഒരിക്കലും ഒരു തൊഴിലാളിയെ കിട്ടുകയില്ല. പിന്നെ പഴയവീട്‌ റിപ്പയർ ആണെങ്കിൽ ‘മാഷേ അത് സ്വന്തമായി അങ്ങ് ചെയ്താൽ മതി’ എന്ന മറുപടി ആയിരിക്കും ലഭിക്കുന്നത്.
                    ഏറെനാളത്തെ തിരച്ചിലിനിടയിൽ എന്റെ ഭർത്താവ്, അങ്ങനെയൊരുത്തനെ ഒപ്പിച്ച്; അവനെയും‌കൂട്ടി വീട്ടിൽ വന്നപ്പോൾ, അവന് ഒരു കാര്യം മനസ്സിലായി; വന്നത് പണ്ട് പത്താം തരത്തിൽ പഠിപ്പിച്ച ടീച്ചറുടെ വീട്ടിലാണെന്ന്.
                    ഇവിടെ വെറും രണ്ട് ദിവസത്തെ പണിമാത്രം, അപ്‌സ്റ്റെയറിലെ വരാന്തയിൽ വീട് നിർമ്മിച്ച കാലത്ത് സാധാ സിമന്റിട്ടത് ആകെ നിറം‌മങ്ങിയിരിക്കുന്നു. അത് പൊളിച്ചുമാറ്റാതെ അതിന്റെ മുകളിൽ കാവിപൂശി ഒന്ന് പോളിഷ് ചെയ്യണം.

                    ഇന്നലെ വന്ന് സൈറ്റ് പരിശോധിക്കുന്നതിനിടയിൽ അവൻ ഒരുകാര്യം തന്നെ പലതവണ പറഞ്ഞു,
“മാഷേ ഈ സിമന്റും പോളിഷുമൊക്കെ പഴഞ്ചനാ, പൊളിച്ചുമാറ്റി പുത്തൻ ടൈൽ‌സ് വെക്കുന്നതാ നല്ലത്; അതിന്റെ പണിക്ക് എന്നെ വിളിച്ചാൽ മതി”
“അത് ഈ പഴയ വീട് പൊളിച്ച് പുതിയതൊന്ന് ഉണ്ടാക്കാനാണ് മകന്റെ പ്ലാൻ. അതുവരെ ഒരു തൽക്കാല അഡ്‌ജസ്റ്റ്‌മെന്റ് ആയി പോളിഷ് ചെയ്യുന്നതാ”
മാസ്റ്റർ പറഞ്ഞ മറുപടിയിൽ അവന് അശേഷം തൃപ്തി വന്നില്ല; അവൻ അതുതന്നെ ആവർത്തിച്ചു പറഞ്ഞു.
“എന്നാലും ടൈൽ‌സ് വെക്കുന്നതല്ലെ ഭംഗി?”
                    ഇപ്പോൾ നിലം പോളിഷ് ചെയ്യാനും സമീപഭാവിയിൽ പുത്തൻ വീട് നിർമ്മിക്കുന്ന കൊട്ടേഷൻ അവന് കൊടുക്കാമെന്നും ഉള്ള ഉറപ്പ് കിട്ടിയപ്പോൾ അവൻ പണിയെടുക്കാമെന്ന് ഏറ്റു. രാവിലെതന്നെ പുത്തനായി വാങ്ങിയ പെയിന്റും പോളിഷും ബ്രഷും പിന്നെ പേരറിയാത്തകെട്ടുകൾ പലതും വരാന്തയിലെത്തിച്ച് അവൻ ജോലി ആരംഭിച്ചു.

                    ഒരു തൊഴിലാളി വീട്ടിലുണ്ടെങ്കിൽ അന്ന് ഏറ്റവും വലിയ തിരക്ക് അടുക്കളയിലായിരിക്കും. വീട്ടിൽ ഒരു ‘വിഐപി വിരുന്നുകാരൻ വന്നതുപോലുള്ള പരിഗണന അവർക്ക് നൽകണം’ എന്ന് എല്ലാവർക്കും അറിയാം. മര്യാദക്ക് ചോറും കറിയും വെച്ച്‌കൊടുത്താലും അതിൽ ഉപ്പോ മുളകോ, കൂടിയോ കുറഞ്ഞോ പോയാൽ തൊഴിലാളി പൊടിയും‌തട്ടി അവന്റെ പാട്ടിനു പോകും. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് അവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കണം.
                 
                   അങ്ങനെ അടുക്കളയിൽ ചോറും കറിയും വെക്കുന്നതിനിടയിൽ ഉച്ചയാവാറായപ്പോൾ ഞാനൊരു കാര്യം ശ്രദ്ധിച്ചു, അപ്‌സ്റ്റെയറിൽ പണിയെടുക്കുന്നതിന്റെ ഒച്ചയും അനക്കവും ഇല്ല. ഞാൻ അദ്ദേഹത്തെ വിളിച്ചു,
“നിങ്ങളൊരുത്തനെ പോളിഷിടാൻ വിട്ട് ഇവിടെ പേപ്പറും വായിച്ച് ഇരിക്കയാണോ? ഒന്ന് പോയി നോക്കിയാലെന്താ?”
“നീ പോയി നോക്ക്, നിന്റെ ശിഷ്യനല്ലെ”
“എന്തായാലും അവൻ ജോലിചെയ്യുന്നത് നമ്മുടെ വീട്ടിലല്ലെ?”
ഇത്രയും പറഞ്ഞ് ഞാൻ കോണിപ്പടി കയറുന്നത് കണ്ടപ്പോൾ പിന്നലെ മാഷും കയറാൻ തുടങ്ങി.
അപ്പൊഴാണ് മേലേനിന്നും തൊഴിലാളിശിഷ്യന്റെ അറിയിപ്പ്,
“ടീച്ചറേ കൊറച്ച് പേപ്പറ് വേണം, പോളിഷ് ചെയ്യുമ്പോൾ നിലത്ത് വിരിച്ച് ചവിട്ടാനാണ്”

                  അതുകേട്ട ഞാൻ പഴയ പത്രങ്ങളുടെ കൂട്ടത്തിൽ‌നിന്ന് ഒരു വലിയ കെട്ട് പൊക്കിയെടുത്ത് അവന്റെ മുന്നിലെത്തിച്ചു.
മുന്നിൽ‌കാണുന്ന പത്രങ്ങൾ ഓരോന്നായി അവൻ നിവർത്തിനോക്കി. അതിനുശേഷം അവയോരോന്നും ഭംഗിയായി അടുക്കിവെച്ചശേഷം മാഷെനോക്കി,
“ഇതൊന്നും പറ്റില്ല മാഷെ, വേറെ പേപ്പറൊന്നും ഇല്ലെ?”
“ഇതെല്ലാം പഴയതാ, തൂക്കിവിൽക്കാൻ കഴിയാത്തതു കൊണ്ട് ധാരാളം ഉണ്ട്; ഇനിയും വേണോ?”
“മാഷെ, ഇതെല്ലാം ദേശാഭിമാനിയാ, ദേശാഭിമാനികളെ ചവിട്ടരുത്; മാഷ് നമ്മുടെ ആപ്പീസിൽ പോയാൽ ഇഷ്ടം‌പോലെ മറ്റുള്ള പഴയ പേപ്പറുകൾ കിട്ടും”