20.11.11

നിത്യഗർഭിണി


                            നാട്ടിലെ സീനിയർ‌മോസ്റ്റ് പൌരി ആയ മാധവിയമ്മ ഇന്ന് പുലർച്ചെ അന്തരിച്ചു. മരിക്കാൻ നേരത്ത് അവർക്ക് പ്രായം നൂറാണെന്നും നൂറ്റിഒന്നാണെന്നും പൊതുജനങ്ങൾക്കിടയിലുള്ള തർക്കം രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കഴിഞ്ഞില്ല. മൂന്ന് മക്കൾ ഉള്ളവരിൽ രണ്ട് ആൺ‌മക്കളും പറഞ്ഞു, അമ്മക്ക് നൂറ് തികഞ്ഞെന്ന്. എന്നാൽ ഒരേഒരു പെൺ‌മണി കൺ‌മണി പറയുന്നു, അമ്മക്ക് നൂറ്റിഒന്ന് തികഞ്ഞെന്ന്. ഏതായാലും സെഞ്ച്വറി തികച്ചു എന്ന കാര്യം ഉറപ്പാണ്.

                          മരിക്കുന്നതിന് ഏതാനും ദിവസം മുൻപ്‌വരെ മാധവിയമ്മ അയൽ‌പക്കത്ത് പോയി വിശേഷങ്ങൾ ചോദിച്ചതും പറഞ്ഞതുമാണ്. കൂലിപ്പണിയെടുത്ത് മക്കളെ വളർത്തി ഉന്നതനിലയിലെത്തിച്ച അവർക്ക് പറയാനുള്ളത് രസമുള്ള കാര്യങ്ങൾ മാത്രമായിരുന്നു. അദ്ധ്വാനിച്ച് ജീവിക്കുമ്പോഴുള്ള പീഡനത്തിന്റെതും വേദനകളുടെതുമായ കഥകളൊന്നും അവർ പറയാറില്ല; മറിച്ച് തൊഴിലിടങ്ങളിൽ വീണുകിട്ടുന്ന ഇടവേളകളിലെ തമാശകളായിരുന്നു പറഞ്ഞത്.  എന്നും പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന മാധവിയമ്മയോട് സംസാരിക്കുമ്പോൾ സമയം പോകുന്നത് നമ്മൾ അറിയാറേ ഇല്ല. ഒരിക്കൽ നമ്മുടെ കടൽ‌തീരഗ്രാമത്തിൽ പുതിയതായി വന്ന പൊസ്റ്റ്‌മാൻ മാധവിയമ്മയോട് സംശയം ചോദിച്ചു,
“മാധവിയമ്മെ, നിങ്ങളെ ഈ നാട്ടിൽ ഒരുപാട് വയസ്സന്മാരും വയസ്സികളും ഉണ്ടല്ലൊ; ഇവിടെയുള്ളവരുടെ ദീർഘായുസിന്റെ രഹസ്യമൊന്ന് പറയാമോ?”
മാധവിയമ്മ പെട്ടെന്ന് ഉത്തരം നൽകി,
“അത്‌മോനേ ഈ നാട്ടിന്റെ തൊട്ടപ്പുറത്ത് പടിഞ്ഞാറ് അറബിക്കടലാണ്. അതുകൊണ്ട് മണ്ണിലും മരത്തിലും കാറ്റിലും വെള്ളത്തിലും ഒക്കെ ഉപ്പാണ്. അങ്ങനെ ഉപ്പിലിട്ട മനുഷ്യന്മാരാണ് ഈ നാട്ടില്, കേടാവാതെ കൊറേക്കാലം ജീവിക്കുന്നത്”

                        രാവിലെ മുതൽ മാധവിയമ്മയുടെ അന്ത്യയാത്രയിൽ പങ്കെടുക്കാൻ അനേകം ആളുകൾ വരികയും പോവുകയും ചെയ്യുന്നുണ്ട്. എന്നും വെള്ളവസ്ത്രം മാത്രം അണിയുന്ന മാധവിയമ്മയെ ബന്ധുക്കൾ ചേർന്ന് കുളിപ്പിച്ചശേഷം വെള്ളവസ്ത്രംതന്നെ അണിയിച്ച് വീടിന്റെ നടുമുറിയിൽ കിടത്തിയിരിക്കയാണ്. അവരെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേർന്ന ബന്ധുക്കളും നാട്ടുകാരും മുറിയിൽ നിറഞ്ഞു കവിഞ്ഞിരിക്കയാണ്.

                         ആ നേരത്താണ് എന്റെ ഇളയമ്മയുടെ മൂത്തസന്താനം; രണ്ട് മക്കളെ പ്രസവിച്ചശേഷം നാല്പത്തിഅഞ്ച് കഴിഞ്ഞിട്ടും ‘നിത്യഗർഭിണി’ ആയ ‘ലച്ചി’ ശരീരഭാരവുമായി ആ മുറിയിലെക്ക് കടന്നുവന്നത്. അവൾ‌വന്ന് മാധവിയമ്മയെ ഒരു തവണനോക്കിയതേയുള്ളു; കരയാൻ തുടങ്ങി. കോമഡിഷോകൾ കണ്ടാൽ‌പോലും കരയുന്ന സ്വഭാവം അവൾക്ക് പണ്ടേയുള്ളതാണ്. അപ്പോൾ‌പിന്നെ അയൽ‌വാസിയായ അകന്നബന്ധുവിന്റെ (അ)കാല ചരമത്തിൽ കരയാതിരിക്കുമോ?
                          ഒഴുകിവന്ന കണ്ണുനീർ തുവാലയിൽ ഒതുക്കിയിട്ട് അവൾ ഏതാനും സ്ത്രീകൾ ഇരിക്കുന്ന ഇടത്തേക്ക്  പോയി. അവിടെ പഴയ മരം‌കൊണ്ടുള്ള ബെഞ്ചിൽ ഇരിക്കുന്ന പരിചയമില്ലാത്ത സ്ത്രീകളുടെ സമീപം നിന്നപ്പോൾ കൂട്ടത്തിൽ പ്രായം‌ചെന്ന സ്ത്രീ അവളെ തൊട്ടുകൊണ്ട് പറഞ്ഞു,
“മോളേ, നീയിവിടെ ഇരുന്നോ?”
അവൾ തിരിഞ്ഞുനോക്കിയപ്പോൾ ആ സ്ത്രീ വീണ്ടും പറയാൻ തുടങ്ങി,
“മാസം തികഞ്ഞിരിക്കുന്ന നിനക്ക്, അധികനേരം നിന്നിട്ട് ക്ഷീണം വന്നാലോ?”
അവർ എഴുന്നേറ്റശേഷം ലച്ചിയെ മരബെഞ്ചിൽ ‘സഹതടിച്ചികളുടെ’ കൂട്ടത്തിൽ പിടിച്ചിരുത്തി.

ഒരുനിമിഷം,,
ബെഞ്ചൊന്ന് ഇളകി,
“ഠിം, ഠ്രിട്രിഡ്രിം, ഢിം”
പിന്നെ പൊട്ടിവീണു,,,
ഒപ്പം അതിലിരുന്ന അഞ്ച്‌പേരും,,
ഇരിക്കുന്നു, കിടക്കുന്നു,, തറയിൽ,,,
ഇതെല്ലാം കണ്ടും കേട്ടും നിൽക്കുന്നവർ മരണവീടാണെന്നോർക്കാതെ ചിരിക്കാൻ തുടങ്ങി. കൂട്ടത്തിൽ ഒരാളുടെ പൊട്ടിച്ചിരി ഉച്ചത്തിൽകേട്ടപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി.
അപ്പോൾ അതാ,,,
മാധവിയമ്മയും പൊട്ടിച്ചിരിക്കുന്നു,,,
കുളിപ്പിച്ച് കിടത്തിയ മാധവിയമ്മ തന്നെ പുതപ്പിച്ച തുണിമാറ്റി എഴുന്നേറ്റിരിക്കുന്നു. ആരോ മൂക്കി‌ൽ തിരുകികയറ്റിയ പഞ്ഞികൾ എടുത്തുമാറ്റിയശേഷം പരിസരം മറന്ന് അവർ പൊട്ടിച്ചിരിക്കുകയാണ്. അതിനുശേഷം ഇരുകൈയിലും‌ ഉള്ള പഞ്ഞി അതേമൂക്കിൽ‌തന്നെ തിരുകിയിട്ട്, അതേസ്ഥാനത്ത് കിടന്ന് അവർ കണ്ണടച്ചു!!! 

പിൻ‌കുറിപ്പ്: 
എന്റെ നാട്ടിൽ നടന്ന സംഭവം, ‘ലച്ചി’ തന്നെയാണ് എന്നോട് പറഞ്ഞത്, ലച്ചി കഥാപാത്രമായ ഒറിജിനൽ അനുഭവം കാണാൻ തുറക്കുക,
എട്ട് സുന്ദരികളും ഒരു സിനിമയും