6.5.12

മനസ്സിലപ്പടി പയറ്റിൽ കുടയുടെ പിടി

                        ആറടി അഞ്ചിഞ്ച് ഉയരവും അറുപത്തിഅഞ്ച് കിലോഗ്രാം ഭാരവും ഉള്ള, അവിവാഹിതയായ ചെറുപ്പക്കാരിയാണ് അവൾ. കളരി, കരാത്തെ, ജൂഡോ, കുംങ്ഫു, ബോക്സിംഗ്, ഓട്ടം, ചാട്ടം, അടിപിടി ആദിയായ പരിപാടികളെല്ലാംതന്നെ അറിയപ്പെടുന്ന ഗുരുക്കന്മാരിൽനിന്നും അവൾ പരിശീലിച്ചിട്ടുണ്ട്. ബോംബ്, കല്ല്, മുള്ള്, കത്തി, കത്രിക, സ്കട്ടർ, ബ്ലെയ്ഡ്, കഠാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങളോടൊപ്പം നിറതോക്കും മുളകുപൊടിയും കൂടി അവളുടെ യാത്രാവേളകളിൽ സ്വന്തംബാഗിൽ എപ്പോഴും കരുതിയിരിക്കും. പിന്നെ എല്ലാറ്റിനെയും കവച്ചുവെക്കുന്ന മറ്റൊരായുധം കൂടി അവളുടെ പക്കലുണ്ട്,,,
അത് അവളുടെ നാവാണ്,,
അതൊന്ന് നീട്ടി വെടിവെച്ചാൽ??? മുന്നിലുള്ളവരെല്ലാം അപ്പടി ആ നിമിഷം തറപറ്റും.
കാലം വല്ലാത്തതാണ്,,, ഇതെല്ലാം എപ്പൊഴാണ് ആവശ്യം വരുന്നതെന്നറിയാനാവില്ലല്ലൊ,,,

അങ്ങനെ ഒരു വെള്ളിയാഴ്ച നട്ടുച്ചക്ക് മുൻപ്,
                      കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ അവൾ നമ്മുടെ പഴയ ബസ്സ്റ്റാന്റിലേക്ക് തിരക്കിട്ട് നടക്കുകയാണ്. ആണും പെണ്ണുമായി അനേകം ആളുകൾ സ്വന്തം കാര്യം സിന്ദാബാദാക്കി അങ്ങോട്ടും ഇങ്ങോട്ടുമായി നടക്കുന്നുണ്ട്. കൈക്കുഞ്ഞുങ്ങൾ അമ്മമാരുടെ ചുമലിൽ കിടക്കുമ്പോൾ പടുകിഴവന്മാർ മക്കളുടെ ചുമലിൽ ചാഞ്ഞും ചരിഞ്ഞും യാത്രചെയ്യുകയാണ്. അമിതമായ ആത്മവിശ്വാസത്തോടെ പരിസരം മറന്ന് നടക്കുന്ന അവൾ, ഉച്ചവെയിൽ അസഹനീയമായപ്പോൾ നാലായിമടക്കിയ കുട ബാഗിൽനിന്നെടുത്ത് ഞെക്കിത്തുറക്കാൻ ആരംഭിച്ചു, പൊട്ടിവിടരുന്ന വർണ്ണക്കുട,,,
ആ നേരത്താണ് അത് സംഭവിച്ചത്,
തിരക്കിട്ട് നടന്നുപോകുന്ന ഒരു തടിയൻ അവളുടെ ദേഹത്ത്, ‘അവൾപോലും നേരിട്ട്കാണാത്ത ഭാഗത്ത്’ അമർത്തിയിട്ടൊന്ന് നുള്ളി.
                              അപ്പോഴുണ്ടായ വേദനയാൽ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ അവൾ കൈയിലുള്ള കുടയുടെ പിടികൊണ്ട് അവനെയൊന്ന് വീശിയടിച്ചു. അടികൊള്ളാതെ ഒഴിഞ്ഞുമാറിയ ആ ‘തടിയൻ’ ഞാനൊന്നുമറിഞ്ഞില്ല എന്നമട്ടിൽ നടന്നുപോകുന്നത് അവൾ നോക്കിനിന്നു!!!

പിൻ‌കുറിപ്പ്: 2012 ഏപ്രിൽ മാസത്തെ നർമകണ്ണൂരിൽ വന്ന മിനിനർമം