18.8.12

ഓട്ടോറെയ്സ്


കുട്ടിയമ്മയുടെ ഓട്ടോറെയ്സ്
                          സർക്കാർ ഹൈസ്ക്കൂളിലെ ലാസ്റ്റാമത്തെ ലാസ്റ്റ്‌ഗ്രെയ്ഡ് സെർവന്റായ കുട്ടിയമ്മക്ക് സ്ക്കൂളിൽ‌വെച്ച് അന്നൊരുനാൾ അപൂർവ്വമായ ഒരു ഡ്യൂട്ടി ലഭിച്ചു. വളരെ പ്രധാനപ്പെട്ട ഒരു ഫയലിൽ ഹെഡ്‌മാസ്റ്ററെക്കൊണ്ട് ഒപ്പ് ചാർത്തിക്കണം. അദ്ദേഹം ലീവ് ആയതിനാൽ വീട്ടിൽ പോയിട്ട്‌വേണം ആ കർമ്മം നിർവ്വഹിക്കാൻ. പലതവണ ഹെഡ്‌മാസ്റ്ററുടെ വീട്ടിൽ പോയിട്ടുള്ള കുട്ടിയമ്മക്ക് ഇതൊരു സിമ്പിൾ കാര്യം മാത്രം.
                         രാവിലെ തന്നെ സീനിയർ അദ്ധ്യാപകൻ നൽകിയ ഫയലുമായി കുട്ടിയമ്മ സ്വന്തം ഹെഡ്‌മാസ്റ്ററുടെ വീട്ടിലേക്ക് യാത്ര ആരംഭിച്ചു. സ്ക്കൂളിന്റെ ഗെയ്റ്റ് കടന്ന് പത്ത് മിനിട്ട് നടന്നശേഷം ബസ്‌സ്റ്റോപ്പിൽ എത്തിയ കുട്ടിയമ്മ, ലിമിറ്റഡ് സ്റ്റോപ്പ്, നോൺ സ്റ്റോപ്പ് തുടങ്ങിയ നാടൻ ബസ്സിലൊന്നും കയറാതെ നേരെ ഹെഡ്‌മാസ്റ്ററുടെ നാട്ടിലേക്ക് പോകേണ്ട ടൌൺ ബസ്സിൽ കയറി. ബസ്സിൽ തിരക്ക് കുറവാണെങ്കിലും ഇരിക്കാനിടം കിട്ടുമ്പോഴേക്കും അവർക്ക് ഇറങ്ങാനുള്ള ഇടം എത്തിക്കഴിഞ്ഞിരുന്നു.

                          ബസ്സിൽ നിന്നും ഇറങ്ങിയ കുട്ടിയമ്മ നിരനിരയായി ക്യൂ പാലിച്ച് നിർത്തിയ ഓട്ടോ സമൂഹത്തെ നിവർന്ന്‌നിന്ന് ഒന്ന് നോക്കി. ഇനി പത്ത് മിനിട്ട് ഓട്ടോയിൽ പോകണം, അല്ലെങ്കിൽ അര മണിക്കൂർ നടക്കണം. നട്ടുച്ചവെയിലത്ത് നടത്തം ആരോഗ്യത്തിന് ഹാനികരമെന്ന് തിരിച്ചറിഞ്ഞ കുട്ടിയമ്മ ആദ്യത്തെ ഓട്ടോയിൽ കയറിയിട്ട് ആജ്ഞാപിച്ചു,
“ഹെഡ്‌മാസ്റ്റർ കുറുപ്പ് സാറിന്റെ വീട്ടിലേക്ക്”
                           നാട്ടിലാകെ അറിയപ്പെടുന്നത് ഒരേഒരു കുറുപ്പ് സാർ മാത്രമായതുകൊണ്ട് ഒട്ടും സംശയിക്കാതെ ‘എന്റെ സുന്ദരി’യായ ഓട്ടോ സ്റ്റാർട്ട് ചെയ്തു; നേരെ കുറുപ്പ് സാറിന്റെ വീട്ടിലേക്ക്,,,
                          അപ്പോഴാണ് കുട്ടിയമ്മ അവിശ്വസനീയമായ രംഗം കണ്ടത്, കുറുപ്പ് സാർ അദ്ദേഹത്തിന്റെ വെള്ള ആൾട്ടോയിൽ വന്നിറങ്ങിയിട്ട്, മുന്നിൽ നിർത്തിയ ബസ്സിലേക്ക് കയറാൻ പോകുന്നു. പെട്ടെന്ന് അവർ വിളിച്ചു പറഞ്ഞു,
“നിർത്ത്, നിർത്ത്,,, ,,, ഒന്ന് നിർത്തേ,,, എനിക്കിവിടെ ഇറങ്ങണം,,,,,”
                          എന്നാൽ പറയുന്നത് മൈന്റ് ചെയ്യാത്ത ഓട്ടോഡ്രൈവർ ഫസ്റ്റ് ഗിയറിൽ നിന്ന്, സെക്കന്റും തേർഡും ഫോർത്തും കഴിഞ്ഞ് ടോപ്പ് ഗിയറിൽ ഓട്ടോ പറപ്പിക്കാൻ തുടങ്ങി. അങ്ങനെ ഓടിക്കുന്നതിനിടയിൽ പിന്നിലേക്ക് നോക്കിയിട്ട് അനൌൺസ് ചെയ്തു,
“അതേയ് ‘എന്റെ സുന്ദരി’ സ്റ്റാർട്ട് ചെയ്താൽ‌പിന്നെ ഫിനിഷിംഗ് പോയിന്റിലെ നിൽക്കുള്ളു, അതായത് കുറുപ്പ്‌സാറിന്റെ വീട്ടിൽ”

                   കുട്ടിയമ്മ പിന്നെയൊന്നും മിണ്ടിയില്ല; അവർ പ്രകൃതിഭംഗിയും റോഡരികിലെ മാലിന്യഗന്ധവും ആസ്വദിച്ച് അങ്ങനെയിരുന്നു. കൃത്യം പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ ‘കുറുപ്പ്‌വസതിക്ക്’ മുന്നിൽ നിർത്തിയിട്ട് ഓട്ടോക്കാരൻ പറഞ്ഞു,
“ഹെയ് ഇറങ്ങിയാട്ടെ, കുറുപ്പ് സാറിന്റെ വീടെത്തി”
കുട്ടിയമ്മ ഓട്ടോയിൽ നിന്ന് ഇറങ്ങിയില്ല,
“ഇവിടെയെന്തിന് ഇറങ്ങണം? എനിക്ക് കാണേണ്ട, ഹെഡ്‌മാസ്റ്റർ കുറുപ്പ് സാറിനെ ബസ്‌സ്റ്റോപ്പിൽ കണ്ടതാ; നേരെ അങ്ങോട്ടേക്ക് തിരിച്ചുവിട്ടോ”
                     അത് കേട്ടതോടെ റിസ്റ്റാർട്ടായ ‘എന്റെ സുന്ദരി’ റിവേർസ് ഗിയറിനുശേഷം സൂപ്പർഫാസ്റ്റ് സ്പീഡിൽ വന്നവഴിയെ ഓടാൻ തുടങ്ങി. അങ്ങനെ ഓടിയോടിയിട്ട്, ഒടുവിൽ ബസ്‌സ്റ്റോപ്പിലെ ഓട്ടോകൂട്ടത്തിന് മുന്നിൽ ലാന്റ് ചെയ്തപ്പോൾ കുട്ടിയമ്മ ആദ്യം ഇടതുകാലും പിന്നീട് വലതുകാലും വെളിയിൽ വെച്ച് പൂർണ്ണകായയായി ഓട്ടോക്ക് വെളിയിൽ ചാടിയിട്ട് നേരെ വെയിറ്റിംഗ് റൂമിലേക്ക് നടക്കുമ്പോൾ ഡ്രൈവർ പിൻ‌വിളി വിളിച്ചു,
“ഹായ്, പൈസ തന്നിട്ട് പോവണം; ഓട്ടോ ഓടിയ ചാർജ്ജ്, അറുപത്തിഎട്ട് രൂപ”
കുട്ടിയമ്മ അയാളെ ഒന്ന് നോക്കി, പിന്നീട് ഇടതുകൈയ്യാൽ ക്രീംകളർ കോട്ടൺസാരിയുടെ കസവ് ഒതുക്കിയിട്ട് പറയാൻ തുടങ്ങി,
“അതേയ് ഞാൻ പറഞ്ഞോ ഓട്ടോ ഓടിക്കാൻ? ഇതേ ബസ്‌സ്റ്റോപ്പിൽ‌‌തന്നെ എന്നെ ഇറക്കിവിടാൻ പറഞ്ഞതായിരുന്നല്ലൊ?”
“സ്റ്റാർട്ട് ചെയ്ത ഓട്ടോ നിർത്തില്ല, എന്ന് ഞാൻ പറഞ്ഞല്ലൊ; പെങ്ങളെ ഓട്ടൊകൂലി തന്നിട്ട് പോയാട്ടെ”
“ഒരൊറ്റ പൈസയും ഞാൻ തരില്ല; നിർത്താൻ പറഞ്ഞ വണ്ടി ഓടിക്കാൻ നിന്നോട് ഞാൻ പറഞ്ഞോ?”

                       കാക്കകൂട്ടത്തിലൊന്നിന് അത്യാഹിതം സംഭവിച്ചതുപോലെയാണ് പിന്നീട് സംഭവിച്ചത്. ഓട്ടോബ്രദേർസ് ഒന്നിച്ചൊന്നായ് അണിചേർന്ന് കുട്ടിയമ്മയെയും ‘എന്റെ സുന്ദരി’യെയും പൊതിഞ്ഞു. അവരെല്ലാം‌ചേർന്ന് കുട്ടിയമ്മയെ ഭീഷണിപ്പെടുത്തിയപ്പോൾ അതൊന്നും മൈന്റ് ചെയ്യാത്ത കുട്ടിയമ്മ ബാഗിൽ‌നിന്നും മൊബൈൽ എടുത്ത് അതിന്റെ നെഞ്ചത്ത് പലതവണ കുത്തിയശേഷം ചെവിയിൽ വെച്ചു,
“ഹലോ ടൌൺ പോലീസ്‌സ്റ്റേഷനല്ലെ? ഇത് എസ്.ഐ. രാമദാസനാണോ?”
……….
“മോനെ ദാസാ നിയൊന്നിവിടം വരെ വന്നാട്ടെ,, ഇവിടെ കൊറേ ഓട്ടോക്കാർ എന്നെ വളഞ്ഞുവെച്ചിരിക്കയാ”
……….
“പെട്ടെന്ന് വാ,, എനിക്ക് സ്ക്കൂളിൽ പോയിട്ട് വേണം ശമ്പള ബില്ല് ട്രഷറിയിൽ കൊണ്ടുപോകാൻ”
മൂന്നാം ഡയലോഗ് പൂർണ്ണമായി കേൾക്കുന്നതിന് മുൻപ് കുട്ടിയമ്മയെ തനിയെവിട്ട്, കിട്ടിയ യാത്രക്കാരെയും കയറ്റി ഓട്ടോക്കാർ യാത്രപുറപ്പെട്ടിരുന്നു.
ഡയൽ ചെയ്യാത്ത മൊബൈൽ ബാഗിലിടുന്നതിന് മുൻപ്, കുട്ടിയമ്മ അതിനെ നോക്കിയൊന്ന് ചിരിച്ചു.