16.10.12

‘മുരുട’,നക്കിയ നാടകം

ഒരു മാസം മുൻപ് അന്തരിച്ച എന്റെ പ്രീയപ്പെട്ട പിള്ളമാസ്റ്ററുടെ ഓർമ്മകൾക്ക് മുന്നിൽ, ‘നർമ കണ്ണൂരിൽ’ പ്രസിദ്ധീകരിച്ച നർമ്മം സമർപ്പിക്കുന്നു....
                                        സ്ക്കൂൾ യുവജനോത്സവം അണിയറയിലും അരങ്ങിലും പൊടിപാറി നടന്നുകൊണ്ടിരിക്കുന്ന ഒരു സുവർണ്ണകാലം.
അന്നൊരു ദിവസം എട്ടാം തരത്തിൽ ഒന്നാമനായി പഠിക്കുന്ന പയ്യൻ പിള്ളമാഷെ സമീപിച്ചു,
“മാഷെ , നമ്മക്കൊരു നാടകം കളിക്കണം”
“നമ്മക്ക് കളിക്കാമല്ലൊ”
“അത് മാഷെ, ഇക്കൊല്ലത്തെ യൂത്ത്‌ഫസ്റ്റിവെലിനു എന്റെ ക്ലാസ്സിലുള്ളവർക്ക് മത്സരിക്കാൻ ഒരു നാടകം വേണം”
“നാടകമോ? അത് സ്ക്കൂൾ ലൈബ്രറിയിൽ‌നിന്ന് എടുക്കാമല്ലൊ?”
“അതല്ല മാഷെ, നമ്മക്ക് മാഷെഴുതിയ നാടകം വേണം”
“ഞാനെഴുതിയ നാടകമോ? അതാരാ ഞാൻ നാടകമെഴുതുമെന്ന് പറഞ്ഞത്?”
“അതൊക്കെ നമ്മക്കറിയാം, നമ്മുടെ ക്ലാസ്സിലുള്ളവർക്ക് അഭിനയിക്കാൻ മാഷെഴുതിയ നാടകം തന്നെ വേണം, അത് പഠിച്ച് നമ്മൾ അഭിനയിച്ചോളും”

                       കേരളത്തിന്റെ തെക്കേയറ്റത്തുള്ള തിരുവനന്തപുരത്ത് നിന്നും ഒരുകാലത്ത് വടക്കെഅറ്റമായിരുന്ന കണ്ണൂർ ജില്ലയിൽ വന്ന്, ഇവിടെയുള്ള വില്ലന്മാരെയും വില്ലത്തികളെയും പഠിപ്പിച്ചുകൊണ്ടിരുന്ന നമ്മുടെ സ്വന്തം മലയാളം വിദ്വാൻ പിള്ളമാസ്റ്റർ; ‘നാടകം എഴുതുക മാത്രമല്ല, അഭിനയിക്കാറും ഉണ്ട്’ എന്നത്, അദ്ദേഹത്തിന്റെ യൂണിയൻ പ്രവർത്തനം‌പോലെ പരസ്യമായ ഒരു രഹസ്യമാണ്. അങ്ങനെയുള്ള മലയാളം അദ്ധ്യാപകൻ കുട്ടികളുടെ ആവശ്യം എങ്ങനെ നിരാകരിക്കും; അദ്ദേഹം പറഞ്ഞു,
“നാടകം ഞാനെഴുതിതരാം, അഭിനയം പഠിപ്പിക്കാനൊന്നും എന്നെക്കൊണ്ടാവത്തില്ല. അതൊക്കെ നന്നായി പഠിച്ച് അഭിനയിച്ചോളണം”
“ശരി മാഷെ”
“പിന്നെ ഒരു കാര്യം, ഞാനാണ് നാടകം എഴുതിയതെന്ന് മറ്റുള്ളവരോടൊന്നും പറയരുത്”
“അത് പിന്നെ പറയണോ മാഷെ? അതറിഞ്ഞ് മറ്റ് ക്ലാസ്സിലുള്ളവർ വന്നിട്ട്, മാഷ് അവർക്കും നാടകം എഴുതിക്കൊടുത്താൽ നമ്മുടെ സമ്മാനം നഷ്ടപ്പെടില്ലെ?”
                       വളരെ സന്തോഷത്തോടെ പിരിഞ്ഞുപോയ കുട്ടികൾക്ക് കൃത്യം മൂന്നാം ദിവസംതന്നെ നാടകം കിട്ടി. നീല വരയുള്ള വെള്ളക്കടലാസിൽ ഉറുമ്പരിക്കുന്നതുപോലുള്ള അക്ഷരങ്ങളിൽ നാടകം റെഡി.
അന്ന് വൈകുന്നേരം മുതൽ എട്ടാം‌തരം ബി. ക്ലാസ്സിൽ നാടകറിഹേഴ്സൽ ആരംഭിച്ചു,,,
സാമൂഹ്യനാടകമാണ്; പോയകാലത്തെ ജന്മിയും കുടിയാനും തറവാട്ട്കാരണവരും കാര്യസ്ഥനും നാട്ടുകാരും വീട്ടുകാരും ചേർന്ന് അഭിനയം തകർത്ത്‌കൊണ്ട് അരങ്ങേറാൻ തയ്യാറായി.

യുവജനോത്സവ സുദിനം വന്നെത്തി,,
കലാവാസനയുള്ള അദ്ധ്യാപകർക്ക് അദ്ധ്വാനഭാരം കൂടിയതും കലയുടെ ഗന്ധമില്ലാത്തവർക്ക് ജഡ്ജി ആയി വിശ്രമിക്കാനും ലഭിക്കുന്ന സുവർണ്ണാവസരം. പരിപാടികൾ ഓരോന്നായി കഴിഞ്ഞുപോകവെ രണ്ടാം ദിവസം ഉച്ചക്കുശേഷം ഒടുവിലത്തെ ഐറ്റം ‘നാടകം’ ആരംഭിച്ചപ്പോൾ പെട്ടെന്ന് പിള്ളമാസ്റ്ററുടെ മെമ്മറിയുടെ ഫയൽ ഹാർഡ്‌ഡിസ്ക്കിൽ നിന്ന് വെളിയിലേക്ക് ഉയർന്നു,
‘എട്ടാംതരത്തിലെ പിള്ളേർക്ക് ഒരു നാടകം എഴുതിക്കൊടുത്തിരുന്നല്ലൊ,, അത് ആ പിള്ളേർ അഭിനയിക്കുന്നത് ഒന്ന് കാണണമല്ലൊ’
മുൻ‌നിരയിൽ ഇരുന്ന പത്താം‌തരത്തിലെ പയ്യനെ ഔട്ടാക്കിയിട്ട്, അവിടെ കയറിയിരുന്നുകൊണ്ട് പിള്ളമാസ്റ്റർ നാടകം ഓരോന്നായി വീക്ഷിക്കാൻ ആരംഭിച്ചു.
ഒന്നാം നാടകം രചയിതാവ് പിള്ളമാസ്റ്റർ അല്ല
രണ്ടാം നാടകം രചയിതാവ് പിള്ളമാസ്റ്റർ അല്ല
മൂന്നാം നാടകം കർട്ടൻ ഉയർന്നു രചയിതാവ് പിള്ളമാസ്റ്റർ തന്നെയെന്ന് പിള്ളമാസ്റ്റർ ഉറപ്പിച്ചു.

ജന്മിയുടെ പറമ്പിൽ ജോലിചെയ്യുന്ന തൊഴിലാളി, ചൂരലടിയേറ്റ് കരയുന്ന രംഗത്തോടെയാണ് നാടകം ആരംഭിക്കുന്നത്,,, വിപ്ലവം നിറഞ്ഞ കാലഘട്ടത്തിന്റെ കഥ,,, കുട്ടികൾ തകർത്ത് അഭിനയിക്കുകയാണ്.
‘ഹൊ ഈ കൊച്ചുപിള്ളേർ ഇങ്ങനെ അഭിനയിക്കുമെന്ന് സ്വപ്നത്തിൽ‌പോലും ചിന്തിച്ചിരുന്നില്ല,,’ അദ്ദേഹം രോമാഞ്ചകഞ്ചുകം എടുത്ത് മേലാകെ അണിഞ്ഞു.
രംഗങ്ങൾ ഓരോന്നായി പിന്നിടുകയാണ്,,

നാടകം പകുതി കഴിഞ്ഞു,
അടുത്തരംഗം,,,
                           കർട്ടൻ ഉയരുമ്പോൾ തറവാട്ടിലെ കാരണവർ ചാരുകസാരയിൽ മലർന്നിരുന്ന് പത്രം വായിക്കുകയാണ്, അല്പസമയം കഴിഞ്ഞപ്പോൾ ഇടതുവശത്തെ കർട്ടനു പിന്നിൽ‌നിന്നും ‘സ്വർണ്ണനിറത്തിൽ തിളങ്ങുന്ന ഉരുണ്ട ഓട്ടുപാത്രവുമായി’ കാര്യസ്ഥൻ രംഗപ്രവേശം ചെയ്തു. സ്റ്റേജിന്റെ മുന്നിലെത്തിയ കാര്യസ്ഥൻ പാത്രം ഉയർത്തിപിടിച്ച് സ്വന്തം നാവ്‌നീട്ടി അതിനെ നക്കാൻ തുടങ്ങിയതോടെ പിള്ളമാഷ് മാത്രമല്ല, കാണികളായ പിള്ളേരും അദ്ധ്യാപകരും നാട്ടുകാരും അന്തംവിട്ടു!!!
                          കാര്യസ്ഥൻ പാത്രം തിരിച്ചും‌മറിച്ചും നക്കിക്കൊണ്ട് കാരണവരുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി രണ്ട്‌മൂന്ന് തവണ നടത്തം തുടർന്നുകൊണ്ടിരിക്കെ വിശാലമായ സദസ്സിന്റെ പിന്നിൽ‌നിന്നും പതുക്കെ ഒരു കൂവൽ ഉയർന്നു. തുടർന്ന് പലഭാഗത്തുനിന്നായി, ശിഷ്യരും പൂർവ്വശിഷ്യരും നാട്ടുകാരും ഒത്തൊരുമിച്ച് ഏറ്റ്‌കൂവാൻ തുടങ്ങി. അങ്ങനെ കാണികളെല്ലാം ഒന്നിച്ച് കൂവി തകർക്കുന്നതിനിടയിൽ പിള്ളമാഷ് പിന്നിലൂടെ സ്റ്റേജിലേക്ക് ഓടിക്കയറിയിട്ട് കർട്ടൻ നിയന്ത്രിക്കുന്നവനെ നോക്കി ഉച്ചത്തിൽ ഒരു അലർച്ച,
“താഴ്‌ത്തെടാ കർട്ടൻ”
ഒച്ചകേട്ടനിമിഷം കർട്ടൻ പൊട്ടിവീണു,,, കാര്യസ്ഥനും കാരണവരും ഒന്നിച്ച് ഞെട്ടി,
“സർ,,, നമ്മുടെ നാടകം,,,”
“നിന്റെയൊക്കെ നാടകം,, എന്തുവാടാ ഈ സാധനം?”
അദ്ദേഹം കാര്യസ്ഥന്റെ കൈയ്യിലിരിക്കുന്ന ഉരുണ്ട്‌തിളങ്ങുന്ന സാധനം ചൂണ്ടിക്കൊണ്ട് ചോദിച്ചു.
“അത് സർ,, മുരുട”
“മുരുടയോ? ആരെടാ ഇതും‌കൊണ്ട് സ്റ്റേജിൽ വന്ന് നക്കാൻ പറഞ്ഞത്?”
“അത്,,, സാറെഴുതിത്തന്ന നാടകത്തിൽ ഉണ്ടല്ലൊ”
“എന്റെ നാടകത്തിലോ? ഈ മൊന്ത നക്കാനോ?”
“അതേ സാർ,, ഇക്കാലത്ത് വീടുകളിലൊന്നും മുരുടയില്ലാത്തതുകൊണ്ട് അമ്പലത്തിൽ‌പോയി പൂജാരിയുടെ കാല് പിടിച്ചാണ് ഞങ്ങളിത് സംഘടിപ്പിച്ചത്”
കാര്യസ്ഥനും കാരണവരും ഒരുമിച്ച്, വളരെ സന്തോഷത്തോടെ പറഞ്ഞിട്ടും നമ്മുടെ പിള്ളമാഷിന് ഒട്ടും മനസ്സിലായില്ല;
നാടകത്തിൽ എങ്ങനെ, ഇങ്ങനെയൊരു സാധനം കയറിവന്നു?
“ഞാനെഴുതിയ നാടകത്തിൽ ഇങ്ങനെയൊരു രംഗം ഉണ്ടാകത്തില്ലല്ലൊ?”
“ഉണ്ട് സർ മൂന്നാം രംഗം തുടങ്ങുന്നത് ഇത് നക്കിക്കൊണ്ടാണ്”
“അതെങ്ങനെ? ഇതാരാ പഠിപ്പിച്ചത്?”
പെട്ടെന്ന്, സ്റ്റേജിന്റെ പിന്നിൽ‌നിന്നും നാടകം സംവിധാനം ചെയ്ത പത്താം‌തരക്കാരൻ കടലാസുമായി ഓടിവന്നു,
“സാറെഴുതിത്തന്ന നാടകത്തിൽ നോക്കിയാട്ടെ,, മൂന്നാം രംഗത്തിൽ മുരടയുണ്ടല്ലൊ”
“മുരടയോ? താനെന്തുവാടാ പറയുന്നത്? വായിച്ചാട്ടെ,,,”
പയ്യൻസ് കടലാസ് നോക്കി വായിക്കാൻ തുടങ്ങി,

“മൂന്നാം രംഗം,
കാരണവർ ചാരുകസാരയിൽ മലർന്നിരുന്ന് പത്രം വായിക്കുന്നു,, അപ്പോൾ കാര്യസ്ഥൻ ‘മുരടനക്കിക്കൊണ്ട്’, പ്രവേശിച്ച് അദ്ദേഹത്തിന്റെ മുന്നിലൂടെ മൂന്ന്‌തവണ നടക്കുന്നു, അതാണ് സർ ഇവൻ നക്കുന്നത്, മുരുട,,,”
കർട്ടൻ താഴ്ത്തിയ സ്റ്റേജിൽ‌വെച്ച് നമ്മുടെ പിള്ളമാസ്റ്റർ പിള്ളേരെ വിചാരണ ചെയ്യുമ്പോൾ, നാടകം തീരുന്നതിന് മുൻപെ ക്ലൈമാക്സ് അരങ്ങേറിയതിനാൽ സദസ്സിലിരിക്കുന്നവർ കൂവിതകർക്കുകയാണ്.