8.5.13

ഒന്നര ലക്ഷവും ബൈക്ക് യാത്രയും


                 
               അദ്ധ്യാപന ജീവിതത്തിന്റെ അന്ത്യനാളുകളിലെ ഒരു വർഷം പ്രധാന‌അദ്ധ്യാപികയായി പ്രമോഷൻ ലഭിച്ച ഞാൻ, പുതിയ വിദ്യാലയത്തിൽ ‘ഏക്ക് വർഷ് കാ സുൽത്താന’ ആയി വാഴുന്ന,,, അഞ്ച്‌കൊല്ലം മുൻപുള്ള സുവർണ്ണ കാലം. കണ്ണൂർ ജില്ലയിൽ തരികിടക്ക് ഒന്നാം സ്ഥാനവും എസ്.എസ്.എൽ.സി. വിജയശതമാനത്തിൽ ലാസ്റ്റാം സ്ഥാനവും മുൻ‌വർഷങ്ങളിൽ നേടിയെടുത്ത സർക്കാർ ഹയർസെക്കന്ററി വിദ്യാലയത്തിലെ ഹെഡ്‌മിസ്ട്രസ്സ് പോസ്റ്റിൽ, എന്നെ നിയമിച്ചത് സർക്കാറിന് എന്നോടുള്ള സ്നേഹംകൊണ്ടാണോ വിരോധംകൊണ്ടാണോ എന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.

അങ്ങനെ ഹൈ‌സ്ക്കൂൾ ഹെഡ്‌മിസ്ട്രസിന്റെ കസാരയിലിരുന്ന്  ഹെഡ് ആയി വാണരുളുമ്പോൾ,
ഒരു ദിവസം,,,,
                       സ്ക്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി ചെലവാക്കേണ്ട ഒന്നരലക്ഷം രൂപ ട്രഷറിയിൽ നിന്ന് വാങ്ങിയത് മുറുകെപിടിച്ചുകൊണ്ട് ഒരു നട്ടുച്ചനേരത്ത്, ഞാനെന്റെ സ്ക്കൂളിൽ എത്തിചേർന്നു. അന്യന്റെ പണമായാലും ലക്ഷങ്ങൾ കൈയിൽകിട്ടിയ സന്തോഷം ഉള്ളിലൊളിപ്പിച്ച് ഏതാനും മിനുട്ടുകൾ അങ്ങനെ ഇരുന്നു. ഹോ,,, മറ്റുള്ളവരുടെ പണം കൈയിൽ വെക്കുന്നതിന്റെ സുഖമൊന്നു വേറേയാണ്. അടുത്ത നിമിഷം,,, ഈ പണം മൊത്തമായി തൊട്ടടുത്ത ബാങ്കിൽ നിക്ഷേപിക്കണമെന്ന നിയമവശം, എന്റെ കാണാപ്പുറത്തിരുന്ന് കണക്കുബുക്കിൽ കണക്കെഴുതിക്കൊണ്ടിരിക്കുന്ന ക്ലാർക്ക് വീണാകുമാരി ഓർമ്മിപ്പിച്ചു.

                       ക്ലാർക്ക് പറഞ്ഞതിൽ ഒത്തിരി കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞ ഞാൻ, ഏറ്റവും അടുത്തുള്ള സഹകരണബാങ്കിന്റെ സായാഹ്നശാഖയിലെ സ്ക്കൂൾ അക്കൌണ്ടിൽ പണം നിക്ഷേപിക്കാൻ തീരുമാനിച്ചപ്പോഴേക്കും സമയം മൂന്ന് മണിയായി. സായാഹ്നമായതിനാൽ ആറുമണി ആയാലും പ്രശ്നമില്ലല്ലൊ. പണമിടപാടുകളെല്ലാം സ്വന്തമായി ചെയ്യുന്ന ഞാൻ ഒറ്റയ്ക്ക് ബാങ്കിലേക്ക് പോവാൻ തയ്യാറായപ്പോഴാണ് മനസ്സിന്റെ ഉള്ളിൽനിന്നും ഇത്തിരി ഭയം പൊങ്ങിവന്നത്. അന്യന്റെ മുതലായാലും ആദ്യമായാണ് കൈയിൽ ഒന്നരലക്ഷം വരുന്നത്. അതുംകൊണ്ട് ഒറ്റയ്ക്ക് നടന്നുപോയാലെങ്ങനെയാ??? ബാങ്കിലെത്താൻ പത്ത് മിനിട്ട് നടക്കണം അല്ലെങ്കിൽ ഓട്ടോപിടിച്ച് പോവണം, അവിടെന്ന് തിരിച്ച് സ്ക്കൂളിൽ വന്ന് ബാക്കി പണി പൂർത്തിയാക്കാനും ഉണ്ട്.

                       സാധാരണ സ്ക്കൂൾ ഹെഡ്ഡിനെ സഹായിക്കാനും സോപ്പിടാനും അതാത് സ്ക്കൂളിലെ സീനിയർ അദ്ധ്യാപകനോ അദ്ധ്യാപികയോ ഉണ്ടാവും. ഇവിടെയാണെങ്കിൽ ഉണ്ടചോറിൽ കള്ളം പറഞ്ഞ് ക്ലാസ്സിൽ പോവാതെ മുങ്ങുന്ന സീനിയറിനേയോ മറ്റുള്ള അദ്ധ്യാപകരെയോ വിശ്വസിക്കരുതെന്നാണ് അനുഭവം ഗുരു. പരിചയമില്ലാത്ത ഗ്രാമപ്രദേശമാണ്; ‘ടീച്ചർക്ക് ആരെയും അറിയില്ല’ എന്ന് നാട്ടുകാരനായ പി.ടി.എ പ്രസിഡണ്ട് പലപ്പോഴും  പറയാറുണ്ട്. അതുപോലെ അടിപിടി കേസുമായി വന്ന പത്താം‌തരത്തിലെ തരികിടപയ്യൻ ഒരിക്കൽ പറഞ്ഞു,
“എനിക്ക് മൂന്ന് വർഷത്തെ പരിചയം ഈ സ്ക്കൂളിലുണ്ട്; എന്നാൽ ഹെഡ്‌ടീച്ചർക്ക് വെറും മൂന്ന് മാസത്തെ പരിചയം മാത്രമേയുള്ളൂ”
ഇങ്ങനെയുള്ള അവസ്ഥയിൽ ഒന്നരയുമായി ഒറ്റക്ക് നടന്ന് എങ്ങനെ ബാങ്കിലെത്തും?
എങ്ങനെ തിരിച്ചെത്തും? ഒപ്പം വിളിക്കാവുന്ന ക്ലാർക്കാണെങ്കിൽ ഒരുപാവം ‘വീണ’.

ചിന്തിച്ച് ചിന്തിച്ച് ഓഫീസിന്റെ വെളിയിലിറങ്ങി മുറ്റത്ത് നെല്ലിമരച്ചുവട്ടിൽ നോക്കിയപ്പോൾ അതാ,,,
എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടി!???
അവിടെ ഇരിക്കുന്നു,, ഓഫീസ് അസിസ്റ്റന്റ് എന്ന് വിളിക്കുന്ന പ്യൂൺ ശശീന്ദ്രന്റെ ഇരുചക്രവാഹനം!!!
ശശി,, എന്റെ മക്കളെക്കാൾ പ്രായം കുറഞ്ഞവൻ!!!
എനിക്കെന്താ അവന്റെ വണ്ടിയിൽ അവന്റെ പിന്നിലിരുന്ന് ബാങ്കിൽ പോയാൽ?
പണവുമായി പോവുമ്പോൾ കളരിയും കരാത്തെയും പഠിച്ച അന്നാട്ടുകാരൻ ശശിയെ എസ്ക്കോർട്ട് ആയി താൽക്കാലിക നിയമനം നടത്തുന്നത് എന്തുകൊണ്ടും എന്റെ ആരോഗ്യത്തിന് നല്ലതാണ്. 

നടക്കേണ്ട,
സമയം പാഴാക്കേണ്ട,
കള്ളന്മാരെ പേടിക്കേണ്ട,
ഓട്ടോ വിളിക്കേണ്ട,,,
വെറുതെ പണം നഷ്ടപ്പെടുത്തേണ്ട,,,
ബാങ്കിൽ പോവാം; അതെ വണ്ടിയിൽ തിരികെവരാം.
നാലാൾ‌കാൺകെ സ്ത്രീകൾ ബൈക്ക് ഓടിച്ച് പോവാനും അന്യന്റെ പിന്നിലിരുന്ന് യാത്രചെയ്യാനും മടിക്കുന്ന പഴയ കാലമാണെങ്കിലും ശശിയെ വിളിച്ച് കാര്യം പറഞ്ഞു,,,,
ഞാനൊരു പ്രധാന‌ അദ്ധ്യാപികയല്ലെ,,,?
                        സ്ക്കൂൾ ഹെഡ്‌മിസ്ട്രസ്സിനെ പിറകിലിരുത്തിക്കൊണ്ട് ശശീന്ദ്രൻ സ്വന്തം വണ്ടി സ്റ്റാർട്ട് ചെയ്തു. ബാങ്കിൽ എത്തിയപ്പോൾ ബാഗിലുള്ള പണം ഒന്നുകൂടി എണ്ണിനോക്കിയശേഷം സുരക്ഷിതമായി ക്യാഷ്യറെ ഏല്പിച്ച് അക്കൌണ്ടിൽ ചേർത്ത് പാസ്ബുക്കിൽ ഒപ്പിട്ട് വാങ്ങിയപ്പോഴേക്കും സമയം അഞ്ചുമണി ആവാറായി.

ഇനി മടക്കയാത്ര, സ്ക്കൂളിലേക്ക്,,,
                      ബാങ്കിൽ വന്ന അതേ ഇരുചക്രവാഹനത്തിൽ ശശിയെ മുന്നിലിരുത്തിയശേഷം ഞാൻ പിറകിൽ കയറിയിരുന്ന് സ്റ്റാർട്ട് പറഞ്ഞു. യാത്രയുടെ അടുത്ത മിനിട്ടിൽ സ്ക്കൂൾ വിട്ട് വെളിയിലേക്ക് ഇറങ്ങുന്ന വിദ്യാർത്ഥികളുടെ ഇടയിലൂടെ ഗയിറ്റ് കടന്ന് സ്ക്കൂൾ ഗ്രൌണ്ടിലൂടെ ഓഫീസിന് മുന്നിലെത്തി വണ്ടി നിർത്തിയത്. ചിരിച്ചും കളിച്ചുംകൊണ്ട് ഒന്നിച്ച് വെളിയിലേക്ക് പോവുന്ന ചെറുപ്പക്കാരികളായ ഏതാനും ഹയർ‌സെക്കന്ററി അദ്ധ്യാപികമാരുടെ മുന്നിൽ,,,
അവർക്ക് അവിടെ വരാൻ കണ്ടൊരു നേരം...
അക്കൂട്ടത്തിൽ ഏറ്റവും മുന്നിൽ,,,
എന്റെ അമ്മയുടെ ഇളയ സന്താനത്തിന്റെ പ്രീയപ്പെട്ട ഭാര്യ,,,
എന്റെ ആങ്ങളയുടെ ഭാര്യ,,, നാത്തൂൻ.
അതെ വിദ്യാലയത്തിൽ ഹയർ സെക്കന്ററി ജന്തുശാസ്ത്രം അദ്ധ്യാപികയുടെ രൂപത്തിൽ ജോലിചെയ്യുന്ന... അവളാണ് മുന്നിൽ നിൽക്കുന്നത്.
                       കഴുതപ്പുറത്തു നിന്നിറങ്ങുന്ന മഞ്ചുവാരിയർ സ്റ്റൈലിൽ, സ്ലോമോഷനായി വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ കാണികളായവർ ഒന്നുംതന്നെ ചോദിച്ചില്ലെങ്കിലും അമളിപറ്റിയമട്ടിൽ ചിരിച്ചുകൊണ്ട് ഞാനങ്ങോട്ട് പറഞ്ഞു,
“അതെയ് ബാങ്കിൽ പണമടക്കാൻ പോയതാണ്”
എന്നെനോക്കി ചിരിച്ച് അവരെല്ലാം പോയിക്കഴിഞ്ഞപ്പോൾ ബാഗ് തോളിൽ കയറ്റി കൈവീശിയിട്ട് ഓഫീസ്‌റൂമിലെക്ക് നടക്കുന്ന ഞാൻ അടുത്തനിമിഷം പ്രധാന‌അദ്ധ്യാപികയുടെ മുഖം‌മൂടി അണിഞ്ഞു.

ദിവസങ്ങൾ കഴിഞ്ഞു,,,
നാത്തൂൻ‌പോര് ഒട്ടും കാണിക്കാതെ ഞാനും സഹോദരപത്നിയും അതെ വിദ്യാലയത്തിൽ തുടരുകയാണ്,
അവൾ ഹയർ സെക്കന്ററി ജന്തുശാസ്ത്രം,
ഞാൻ ഹൈസ്ക്കൂൾ ഹെഡ്,
ഒരു ദിവസം,,, ഞാൻ ചോദിച്ചു,
“അന്ന്,, ശശിയുടെകൂടെ വണ്ടിയിൽ വന്നിട്ട് ഞാനിറങ്ങുന്നത് കണ്ടപ്പോൾ കൂടെയുള്ള ടീച്ചേർസ് എന്തെങ്കിലും പറഞ്ഞിരുന്നോ?”
“അയ്യോ, അവരൊന്നും പറഞ്ഞിട്ടില്ല,, പക്ഷെ?”
“പക്ഷെ?”
“ഒരാൾ പറഞ്ഞു”
“ഒരാളോ? അതാര്?”
“നിങ്ങളെ സ്വന്തം ആങ്ങള,,, ഓഫീസ്‌സ്റ്റാഫിന്റെ കൂടെ ബൈക്കിൽ വന്നിറങ്ങിയ ഏടത്തിയെകുറിച്ച് ഓറോട് ഞാൻ പറഞ്ഞു, അപ്പോൾ,,,”
“അപ്പോൾ അവനെന്ത് പറഞ്ഞു?”
“അതെന്റെ ഏടത്തിയല്ലെ; ബൈക്കിലും കയറും, മരത്തിലും കയറും,,, അത് കണ്ടിട്ട് നീ കയറാതിരുന്നാൽ മതിയെന്ന് എന്നോട് പറഞ്ഞു”