20.10.14

കാൽനോട്ടം


             ഗെയ്റ്റ് തുറന്ന് സ്ക്കൂൾ വരാന്തയിൽ കാലുകുത്തിയനിമിഷം നമ്മുടെപ്യൂൺ കുട്ടിയമ്മക്ക്, തലേദിവസം ചായക്കടക്കാരൻ അനീഷ് പറഞ്ഞത് ഓർമ്മവന്നു; കാര്യം എന്താണെന്നോ?

നമ്മുടെ സർക്കാർ ഹയർസെക്കന്ററി സ്ക്കൂളിലെ ഒരാൾ ‘3000 രൂപയുടെ ഷൂസ് കാലിൽ അണിയുന്നുണ്ട്’.

                  സ്ക്കൂളിലെ ജീവനുള്ളതും അല്ലാത്തതുമായ എല്ലാ സംഗതികളും നിത്യപരിചയമായ കുട്ടിയമ്മക്ക് അതൊരു പുതിയ അറിവായിരുന്നു. അതാരാണെന്ന് ചോദിച്ചപ്പോൾ അവനൊട്ട് പറയുന്നതേയില്ല; അറിയണമെങ്കിൽ കണ്ടുപിടിക്കണം പോലും! എങ്കിൽ അതൊന്ന് കണ്ടുപിടിച്ചിട്ടുതന്നെ ഇന്നത്തെ കാര്യം,,,



                   ഓഫീസ്റൂം തുറന്ന് ഹാജർ‌പട്ടികയിൽ ഒപ്പുവെച്ചപ്പോഴാണ് സീനിയർ അസിസ്റ്റന്റ് സുകുമാരൻ മാസ്റ്ററുടെ പ്രവേശനം. പെട്ടെന്ന് കുട്ടിയമ്മ ചോദിച്ചു,

“സാർ എനിക്കൊരു സംശയം; സാറിന്റെ കാലിലുള്ള ഷൂസിന് എത്ര വിലവരും?”

“അതെന്താ കുട്ടിയമ്മെ അങ്ങനെ ചോദിക്കുന്നത്? ഞാനെപ്പോഴെങ്കിലും ഷൂ ധരിച്ച് വരാറുണ്ടോ? അതൊക്കെ ചെറുപ്പക്കാരുടെ സംഗതിയല്ലെ”

കുട്ടിയമ്മ സാറിന്റെ കാലുകളിൽ നോക്കി; കറുത്ത പാന്റ്സിന്റെ ചുവട്ടിലായി ഇളം‌മഞ്ഞ നിറത്തിൽ രണ്ട് ചെരിപ്പുകൾ!



                   അമളി പറ്റിയത് അറിയാത്തമട്ടിൽ താക്കൊൽ‌കൂട്ടവുമായി കുട്ടിയമ്മ ക്ലാസ്‌മുറികൾക്കു നേരെ നടന്നു. എല്ലാ മുറികളും തുറന്നിട്ടശേഷം തിരികെ വന്നപ്പോഴാണ് ഹൈസ്ക്കൂൾ ക്ലാർക്ക് സുശീലനെ കണ്ടത്,

“സുശീലാ എനിക്കൊരു സംശയം, നിന്റെയീ ഷൂസിന്റെ വില 3000 രൂപയാണോ?”

അതുകേട്ട് ഞെട്ടിയ സുശീലൻ കുട്ടിയമ്മയെ തുറിച്ചുനോക്കി,

“ഇങ്ങനെ പേടിപ്പിക്കുന്ന കാര്യമൊന്നും രാവിലെതന്നെ പറയല്ലെ; ഇതിനാകെ  കൊടുത്തത് 790രൂപയാണ്, അതും അരമണിക്കൂർ വിലപേശിയിട്ട്. എന്താ, ഇതുപോലൊന്ന് മകന് വാങ്ങിക്കൊടുക്കുന്നുണ്ടോ?”

“അതിനൊന്നുമല്ല, വെറുതെ ചോദിച്ചതാ”



                    പതിവുപോലെ മണികൾ ഓരോന്നായി അടിച്ചുകൊണ്ടിരിക്കെ, കൃത്യം പത്ത്‌മണിയായപ്പോൾ ഹെഡ്‌മാസ്റ്റർ വന്നുചേർന്നു. അതിനു മുൻപുതന്നെ ഓഫീസും പരിസരവും വൃത്തിയാക്കിയ കുട്ടിയമ്മ ഹെഡ്‌മാസ്റ്റർ‌റൂമിലെ ടേബിളും വി.ഐ.പി. ചെയറും പൊടിതട്ടിയശേഷം അത്യാവശ്യ ഫയലുകളെല്ലാം യഥാസ്ഥാനത്ത് വെച്ചിരുന്നു. അല്പസമയം കഴിഞ്ഞ് ഹെഡ്‌മാസ്റ്ററുടെ മുന്നിൽ അറ്റ‌ന്റൻസ് രജിസ്റ്ററുമായി പ്രത്യക്ഷപ്പെട്ട അവർ, അല്പം കുനിഞ്ഞ് അദ്ദേഹത്തിന്റെ കാലിൽ നോക്കിയിട്ട് ചോദിച്ചു,

“സാർ എനിക്കൊരുകാര്യം അറിയണമായിരുന്നു, സാറിന്റെ ഷൂസിന് എത്ര വിലവരും?”

കുട്ടിയമ്മയുടെ മണ്ടത്തരങ്ങൾ അറിയാവുന്ന പ്രധാനാദ്ധ്യാപകൻ മറുപടി പറഞ്ഞു,

“കുട്ടിയമ്മ പ്യൂണിന്റെജോലി രാജിവെച്ച് ചെരിപ്പുകട തുടങ്ങുന്നുണ്ടോ? ഈ ഷൂസ് മകൾ ഗൾഫിൽ നിന്ന് കൊണ്ടുവന്നതാ, വിലയറിയണമെങ്കിൽ അവളോട് ചോദിച്ചിട്ട് പറയാം”

“അതൊന്നും വേണ്ട, ഞാൻ വെറുതെ ചോദിച്ചതാണ് സർ”



                      ക്ലാസ്സ് തുടങ്ങി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ സീനിയർ അസിസ്റ്റന്റ് നൽകിയ എക്സ്ട്രാ വർക്കുമായി സ്റ്റാഫ്‌റൂമിന്റെ പടികൾ ആയാസപ്പെട്ട് കയറിവരുന്ന കുട്ടിയമ്മയെ കണ്ടപ്പോൾ അവിടെയിരുന്ന് നുണ പറഞ്ഞുകൊണ്ടിരുന്ന സീനിയർ ഫിസിക്സ്, ജൂനിയർ ഹിന്ദിയുടെ ചെവിയിൽ പറഞ്ഞു,

“ഡ്യൂട്ടി എനിക്ക് തന്നെയായിരിക്കും, നമ്മളിവിടിരുന്ന് സംസാരിക്കുന്നത് ആ സീനിയറിന് സഹിക്കത്തില്ല”

പറഞ്ഞതുപോലെ അല്ലെങ്കിലും ഫസ്റ്റ് പിരീഡ് എക്സ്ട്രാവർക്ക് കിട്ടിയത് കവിത വായിക്കുന്ന മലയാളത്തിനുമാത്രം. അവരെ ബുക്കിൽ ഒപ്പിടീച്ച കുട്ടിയമ്മ, ഒഴിഞ്ഞ ഒരു കസേരയിൽ ഇരുന്നശേഷം, സ്റ്റാഫ്‌റൂമിൽ ഇരുന്ന് വായിക്കുന്നതും എഴുതുന്നതുമായ എല്ലാ ടീച്ചേഴ്‌സിന്റെയും കാലുകളിൽ നോക്കി. അക്കൂട്ടത്തിൽ സ്ത്രീജനങ്ങളെ ഒഴിവാക്കിയിട്ട് പുരുഷജനങ്ങളെ നിരീക്ഷിച്ചപ്പോൾ ആകെമൊത്തംടോട്ടലായി ഷൂസ് അണിഞ്ഞ രണ്ട് കാലുകൾമാത്രം കിട്ടി, അതുരണ്ടും ജൂനിയർ കണക്ക് മാസ്റ്ററുടേത്. കുട്ടിയമ്മ എല്ലാവരുംകേൾക്കെ ചോദിച്ചു,

“നമ്മുടെ കണക്കുസാർ കാലിലിട്ടത് 3000 രൂപയുടെ ഷൂസാണോ?”

കുട്ടിയമ്മയുടെ കണക്ക് കേട്ടപ്പോൾ അതുവരെ ചെയ്യുന്ന തൊഴിൽ അവസാനിപ്പിച്ചിട്ട് എല്ലാവരും ഒന്നിച്ച് തലഉയർത്തി, ഒപ്പം ചെവികളും. ആനേരത്ത് കണക്ക് പൊട്ടിത്തെറിച്ചു,

“ഈയാള് സ്റ്റാഫ്‌റൂമിൽ വന്ന് മണിയടിക്കേണ്ട, കേട്ടോ; എന്റെ ഷൂസിന്റെ വില ചിലപ്പോൾ അയ്യായിരമോ പത്തായിരമോ ആയിരിക്കും, നിങ്ങളാരാ അതുചോദിക്കാൻ?”

ട്ടത്തിൽ സ്ത്രീജനങ്ങളെ ഒഴിവാക്കിയിട്ട് പുരുഷജനങ്ങളെ നിരീക്ഷി 790 രൂപയാ കൊടുത്തത്, അതും അരമണിക്കൂർ വിലപേശിയിട്ട്. എന്താ മകന് 

                 കണക്കിൽ‌നിന്ന് കിട്ടിയതെല്ലാം അതേപടി സ്വീകരിച്ചുകൊണ്ട്  കുട്ടിയമ്മ നേരെ ഹയർസെക്കന്ററി സ്റ്റാഫ് റൂമിലേക്ക് പോയി. ഡൈവോഴ്സ് കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കെ ഒരേ കൂരക്കുതാഴെ ജീവിക്കുന്ന ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് നമ്മുടെ വിദ്യാലയത്തിലെ ഹൈസ്ക്കൂൾ : ഹയർ സെക്കന്ററി അദ്ധ്യാപകർ. രണ്ട് വർഷം കൂടുതൽ പഠിച്ചതിന്റെ തണ്ടുംകൊണ്ട് നടക്കുന്ന ഹയർസെക്കന്ററിക്കാരുടെ അഹങ്കാരം ഒരിക്കലും വെച്ചുപൊറുപ്പിക്കാത്തവരാണ് സീനിയോറിറ്റിയിൽ മുതിർന്ന ഹൈസ്ക്കൂൾ അദ്ധ്യാപകർ.വരുടെയിടയിൽ വാർത്താവിതരണവും ഒപ്പം പാരവിതരണവും സൈഡ്‌ബിസിനസ് ആയി ചെയ്യുന്നവളാണ് നമ്മുടെ കുട്ടിയമ്മ. ഉലയിൽവെച്ച് ചുട്ടുപഴുപ്പിച്ച പാരകൾ ചൂടാറും മുൻപുതന്നെ രണ്ട് സ്റ്റാഫ് റൂമിലും കുട്ടിയമ്മ വിതരണം ചെയ്യാറുണ്ട്.



                 ഹയർ‌സെക്കന്ററി സ്റ്റാഫ്‌റൂമിൽ കടന്നഉടനെ ഡോറിനു എതിർ‌വശത്തിരിക്കുന്ന ഗസ്റ്റ് അദ്ധ്യാപികയെ നോക്കി ‘ഒരു പുഞ്ചിരി’ നൽകിയശേഷം കുട്ടിയമ്മ ഒഴിഞ്ഞ കസേരയിൽ പോയിരുന്ന് എല്ലാവരെയും നോക്കി.

എന്നാൽ ആരും അവരെ നോക്കിയില്ല,,,

ആരും അവരോട് മിണ്ടിയില്ല.

എല്ലാവരും തിരക്കിട്ട ജോലിയിലാണെന്ന് അറിഞ്ഞുകൊണ്ട് കുട്ടിയമ്മ ഓരോരുത്തരുടേയും കാലുകൾ ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോൾ അവരത് കണ്ടു, ചെറുപ്പക്കാരായ പുരുഷന്മാർ നാലുപേരുടേയും കാലിൽ അടിപൊളി ഷൂസുകൾ; അതിൽ ഏതായിരിക്കും മൂവായിരത്തിന്റേത്?

അവർ കെമിസ്ട്രി സാറിനെ സമീപിച്ചു,

“സാർ ഒരു സംശയം ചോദിക്കട്ടെ,,,”

“ചോദിക്കാമല്ലൊ”

“സാറിന്റെ കാലിലുള്ള ഷൂസിന്റെ വില മൂവായിരമാണോ?”

“മൂവായിരമോ അത്രയും വിലയുള്ളത് ഏതായാലും ഇപ്പോഴെന്റെ കാലിലില്ല. അതെന്താ കുട്ടിയമ്മെ അങ്ങനെ ചോദിക്കുന്നത്?”

“അത്, ഇവിടെയുള്ള ആരോ മൂവായിരത്തിന്റെ ഷൂസാണ് കാലിലിട്ടതെന്ന് എന്നോട് ഒരാൾ പറഞ്ഞു”

“ഏതായാലും അത് ഞാനല്ല, പിന്നെ ഇവന്മാരൊക്കെ ആയിരത്തിനു മേലെ മാത്രം ചെലവാക്കുന്നവരാണ്”

അതുകേട്ടപ്പോൾ ഇംഗ്ലീഷ് എഴുന്നേറ്റു,

“എന്റെ കാലിൽ തൊള്ളായിരത്തിന്റെ ഷൂസാണ്, മൂവായിരത്തെക്കാൽ വലുത്”

“അപ്പോൾ മറ്റുള്ളവരോ?”

“കുട്ടിയമ്മെ ഇവിടെയാരും ആയിരത്തിൽ കൂടുതലുള്ളത് വാങ്ങാറില്ല”

                   ഷൂസ് ധരിച്ചവരെല്ലാം ഒന്നിച്ച് പറഞ്ഞതുകേട്ടപ്പോൾ കുട്ടിയമ്മയുടെ സംശയം കൂടി. പിന്നെയാരായിരിക്കും ആ മൂവായിരക്കാരൻ? പ്രിൻസിപ്പാളാണെങ്കിൽ മുണ്ടുടുക്കുന്ന തനിനാടൻ മലയാളി. അദ്ദേഹം ഒരിക്കലും ഷൂ അണിയാനിടയില്ല.

             

                  അവർ എഴുന്നേറ്റ് വെളിയിലേക്ക് നടന്നു, നേരെ ഓഫീസിലെത്തി സ്വന്തം ഇരിപ്പിടത്തിലിരുന്ന് ചിന്തിക്കാൻ തുടങ്ങി, ‘ഈ ചായക്കടക്കാരൻ പറയുന്നതുകേട്ട് മറ്റുള്ളവരുടെ കാല്‌നോക്കാൻ പോയത് വെറും മണ്ടത്തരംതന്നെ. എല്ലാം വെറുതെ,,,

“കുട്ടിയമ്മ ഇവിടെ ഇരിക്കുകയാണോ, പണിയൊന്നും ഇല്ലെ?”

ചോദിച്ചത് അഭിലാഷ്; രണ്ടുമാസംമുൻപ് പ്യൂൺ ആയി വന്നവൻ,,,

“പണിയൊക്കെ നീ ചെയ്താൽ മതി, പോയി ബെല്ലടിക്ക്”

സീനിയറായവർക്ക് ജൂനിയറിനോട് എന്തും പറയാമല്ലൊ. സർവ്വീസിലിരിക്കെ സ്വന്തം അച്ഛൻ മരിച്ചവകയിൽ ജോലിയിൽ കയറിയ അവനെ അങ്ങിനെ വിടാൻ‌പറ്റില്ല.

“കുട്ടിയമ്മയുടെ മണിയടി കേൾക്കാനാണ് കുട്ടികൾക്കിഷ്ടം”

“അത് നിനക്കും മണിയടി ,,,,,,”

കുട്ടിയമ്മ പെട്ടെന്ന് നിർത്തി,, അവന്റെ കാലിൽ നോക്കി,

“മോനെ അഭിലാഷെ നിന്റെ കാലിലെ ഷൂസ് മൂവായിരത്തിന്റേതാണോ? ഒരാൾ എന്നോട് പറഞ്ഞതാ”


“ഏത് പരനാറിയാ ഇതിന് മൂവായിരമെന്ന് പറഞ്ഞത്? ഇതേയ് ഏഴായിരത്തി തൊള്ളായിരത്തിന് കണ്ണൂർ വുഡ്‌ലാന്റ്സിൽ നിന്ന് വാങ്ങിയതാ, ബില്ല് കാണണോ?”  

25.8.14

കുട്ടിയമ്മയുടെ കൊട്ടേഷൻ

                   പുതുമഴ പെയ്തിറങ്ങിയ നേരത്താണ് കൊട്ടേഷൻ ടീം നേതാവ് വന്നത്. ടൈൽ‌സ് പതിച്ച മുറ്റത്ത് തളംകെട്ടിനിൽക്കുന്ന വെള്ളത്തിൽ ചവിട്ടിനടന്ന് വാരാന്തയിൽ കയറിയ അയാൾ കോളിംഗ് ബെല്ല് അടിച്ചപ്പോൾ ചിത്രശില്പവാതിൽ തുറന്ന് വെളിയിലേക്കിറങ്ങിയ കുട്ടിയമ്മ ചോദിച്ചു,
“ആരാണ്? എന്തുവേണം?”
“കുട്ടിയമ്മ???”
“അതെ,,, നിങ്ങൾ?”
“മാഡം വിളിച്ചതനുസരിച്ച് നേതാവായ ഞാൻ തന്നെ വന്നിരിക്കയാണ്; കൊട്ടേഷൻ;;;”
“എങ്കിൽ നമുക്ക് അകത്തിരുന്ന് സംസാരിക്കാം; അതാണ് നല്ലത്”
അകത്ത് സ്വീകരണമുറിയിൽ പ്രവേശിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു,
“മാഡം ഞങ്ങളുടെ രീതികളും റെയിറ്റുകളും അറിയാമോ?”
“രീതികളൊക്കെ അറിയാം, പിന്നെ റെയിറ്റൊക്കെ നമ്മൾ പറഞ്ഞൊറപ്പിക്കുന്നതല്ലെ നല്ലത്. അധികമൊന്നും ചോദിക്കരുത് ഞാനൊരു പാവമാണ്”
“അത് ഏറ്റവുംകുറഞ്ഞ റെയിറ്റിൽ ചെയ്യുന്നത് ഒറ്റയടിക്ക് കൊല്ലുന്നതിനാണ്; അതും പലതരത്തിലുണ്ട്”
“പലതരത്തിൽ കൊല്ലുകയോ? അതെങ്ങനെ?”
“പെട്ടെന്ന് കൊല്ലാൻ ഏറ്റവും കുറച്ച് പണം ചെലവാക്കിയാൽ മതി; പിന്നെ പീഡിപ്പിച്ച് കൊല്ലുമ്പോൾ സമയദൈർഘ്യം അനുസരിച്ച് ചാർജ്ജ് കൂടിക്കൊണ്ടിരിക്കും”
“അതെങ്ങനെ?”
“ആളറിയാതെ പീന്നിലൂടെ ചെന്ന് ഒറ്റവെട്ടിന് കൊല്ലുമ്പോൾ ചാവുന്നവന് ഒരു പ്രയാസവും ഉണ്ടാവില്ല; നമുക്കും പണി എളുപ്പം. എന്നാൽ ഒരു മണിക്കൂർ പീഢിപ്പിച്ച് കൊല്ലുന്നതിന് അതിന്റെ ഇരട്ടി പണം തരണം. അതുപോലെ ദിവസങ്ങളോ ആഴ്ചകളൊ മാസങ്ങളോ പീഡിപ്പിച്ച് ഒരാളെ കൊല്ലുന്ന പരിപാടി കൂടി നമ്മുടെ ടീം ഏറ്റെടുക്കാറുണ്ട്. അതെല്ലാം ചെലവ് വളരെ കൂടിയ ഇനമാണ്. മാഡത്തിന് ഏത് ഐറ്റമാണ് ആവശ്യം?”
“എനിക്കിപ്പോൾ ആളെ കൊല്ലണ്ട,, ഒരാളുടെ കൈയും കാലും ഒടിച്ചിട്ടാൽ മതി”
“അങ്ങനെയാണോ? കൈവെട്ടിനും കാൽ‌വെട്ടിനും ഒരേ റെയിറ്റാണ്”
“കൈയും കാലുമൊന്നും വെട്ടരുത്; അങ്ങനെയായാൽ കൃത്രിമ കൈകാലുകൾ ഫിറ്റ് ചെയ്യും. കൈകാലുകൾ ഒടിച്ചിട്ടാൽ മതി”
“അങ്ങനെ ഒടിച്ചാൽ ചികിത്സിച്ച് പൂർവ്വസ്ഥിതിയിൽ ആവുകയില്ലെ?”
“അതാണ് നിങ്ങളുടെ ടീമിന്റെ മിടുക്ക്; ഒടിഞ്ഞ കൈകൊണ്ട് അയാൾ ആരെയും അടിക്കരുത്; അതുപോലെ ആ കാലുകൾ കൊണ്ട് ഇനിയാരെയും ചവിട്ടാനും പറ്റരുത്”
“കൊല്ലുന്നതിനെക്കാൾ റെയിറ്റ് കൂടുതാലാണ് അവയവത്തിനു കേടുവരുത്തുന്നതിന്; ഓരോ പാർട്ട്സിനും പ്രത്യേക റെയിറ്റാണ്’ അതിൽ ഏറ്റവും കൂടിയത് കണ്ണുപൊട്ടിക്കലിനാണ്”
“കണ്ണൊന്നും പൊട്ടിക്കേണ്ട”
“മാഡം നമ്മളോട് ഡ്യൂട്ടി പറഞ്ഞാലും; എന്നിട്ട് റെയിറ്റിനെക്കുറിച്ച് അറിയിക്കാം”
“ആദ്യം അയാളുടെ രണ്ട് കൈയും ഒടിക്കണം; പിന്നെ അയാളുടെ രണ്ട് കാലും ഒടിക്കണം. മറ്റൊരു അവയവത്തിനും കേടുവരാൻ പാടില്ല”
“മാഡം, ഇതൊരു കുരുട്ട്‌പിടിച്ച ഡ്യൂട്ടിയാണല്ലൊ,,, മറ്റൊരു പാർട്സിനും കേടുവരാതെ കൈകാലുകൾ ഒടിക്കുക,, അതിനിപ്പം തുക കൊറച്ച് അധികമാവുമല്ലൊ”
“പണമൊരു പ്രശ്നമേയല്ല,, സംഗതി ശരിയായാൽ ഇപ്പോൾ പറയുന്ന തുകതരും. ആരും അറിയരുത്, കേസും പൊല്ലാപ്പുമൊന്നും പാടില്ല”
“ഏതായാലും മാഡം തരുന്ന ഡ്യൂട്ടി നമ്മൾ ഏറ്റെടുത്തു; പിന്നെ ആളിന്റെ ഫോട്ടോ വേണം പറ്റുമെങ്കിൽ ആളെ കാണിച്ചുതരണം. പിന്നെ സംഗതി എവിടെവെച്ചാണ് നടത്തേണ്ടത്? അതായത് സൈറ്റ് കൂടി പറഞ്ഞുതരണം; വീട്ടിൽ വെച്ചോ? വഴിയിൽ വെച്ചോ? അതല്ല,,,”
“പുത്തൻ ഇന്നോവ കാറിലാണ് അയാളുടെ യാത്ര,, അത് തടഞ്ഞുനിർത്തിയിട്ട് കൈയും കാലും ഒടിക്കണം”
“കാറിന്റെ നമ്പർ,, ആളിന്റെ ഫോട്ടോ,,, പിന്നെ,, മറ്റു വിവരങ്ങൾ?”
“അയാളുടെ ഫോട്ടോ ഇതാണ്,, കാറിന്റെനമ്പർ ഫോട്ടോയുടെ പിന്നിൽ എഴുതിയിട്ടുണ്ട്”

കുട്ടിയമ്മ കൊടുത്ത ഫോട്ടോ വാങ്ങിനോക്കിയിട്ട് നേതാവ് പറഞ്ഞു,
“മാഡം ഇത് ഗ്രൂപ്പ് ഫോട്ടോയിൽ‌നിന്ന് മുറിച്ചുമാറ്റിയതാണല്ലൊ,, ഇതൊരു,,, കല്ല്യാണഫോട്ടോ മാതിരി,,,”
“കല്ല്യാണഫോട്ടോ തന്നെയാണ്; അതിൽ‌നിന്നും എന്റെഭാഗം മുറിച്ചുകളഞ്ഞതാണ്. പിന്നെയ്,, അയാൾ സഞ്ചരിക്കുന്ന വണ്ടി പുത്തിയതായി വാങ്ങിയതാണ്. അത് കേടാവാതെ നോക്കണം,, ആനേരത്ത് റിപ്പെയറിനൊന്നും പോവാൻ എന്നെക്കൊണ്ടാവില്ല”
“അത് മാഡം?”
“തനിക്കെന്താടോ സംശയം? അങ്ങേരുടെ പണം അങ്ങേരെ കൊല്ലാനായി ഉപയോഗിക്കുന്നു,, അത്രതന്നെ”
ഇതുകേട്ട് ഞെട്ടിയ കൊട്ടേഷൻ നേതാവിന്റെ കൈയിൽനിന്നും ഫോട്ടോ താഴേക്ക് പതിച്ചു.
****************************************

22.7.14

അത്യുന്നതങ്ങളിൽ

                        സർക്കാർജീവനക്കാർ ഓഫീസുകളിലിരുന്ന് ജോലി ചെയ്യുന്ന നേരത്ത്, രാവിലെതന്നെ നഗരത്തെ ഉണർത്തിയത് അവിചാരിതമായ ഒരു പ്രകടനമാണ്. തലയിൽ തോർത്തുചുറ്റിക്കെട്ടി മറ്റൊരുതോർത്ത് ഉടുത്തുകൊണ്ട്, കഴുത്തിൽ തളയിട്ട് വലതുകൈയിൽ ഉയർത്തിപ്പിടിച്ച കത്തിവാൾവീശി മുദ്രാവാക്യം വിളിച്ചുകൊണ്ട്, ഏതാണ്ട് അറുപതുപേർ റോഡിലൂടെ വരിവരിയായി നടക്കുകയാണ്. ഏറ്റവും മുന്നിലായി രണ്ടുപേർ ഉയർത്തിയ ഏണിയിൽ ഫക്സ് ബോർഡിൽ എഴുതിയിരിക്കുന്നു,,, ‘അഖിലലോക തെങ്ങ്‌കയറ്റ തൊഴിലാളികളുടെ അവകാശസമരം’.
             ഉയരത്തിൽ കയറുകയും ഉയർന്ന കൂലിവാങ്ങുകയും ഉന്നതനിലവാരത്തിൽ ജീവിക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക് ഇനിയെന്ത് അവകാശമാണ് നേടിയെടുക്കാനുള്ളത് എന്നറിയാതെ പൊതുജനം മൂക്കത്ത് വിരൽ‌വെച്ചു. പ്രകടനം ആരംഭിച്ച് അഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ പെട്ടെന്ന് തോക്കും ലാത്തിയുമായി നാലുവണ്ടി പോലീസുകാർ പറന്നുവന്നു. ചെറിയൊരു ലാത്തിച്ചാർജ്ജ് പോലും നടത്താതെ നേതാവിനെയടക്കം തൂക്കിയേടുത്ത് വണ്ടിയിൽ കയറ്റി, നേരെ പോയത്,,, പോലീസ്‌സ്റ്റേഷനിൽ.

              നേതാവിനെ കണ്ടപ്പോൾ എസ്.ഐ എഴുന്നേറ്റ് ബഹുമാനിച്ചശേഷം സമീപത്തെ ഇരിപ്പിടം ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു, “സർ ഇതാ ഇവിടെയിരുന്നാട്ടെ, വിഷമിപ്പിച്ചതിന് ക്ഷമചോദിക്കുന്നു. സാറിനെന്താ വേണ്ടത്? ചായയോ കാപ്പിയോ? ഒപ്പം ഭക്ഷണത്തിനും ഏർപ്പാടാക്കുന്നുണ്ട്”
നേതാവൊന്ന് ഞെട്ടി; പറയുന്നത് തന്നോട് തന്നെയാണെന്ന് വിശ്വസിക്കാനാവാതെ ചുറ്റുംനോക്കി. അയാളുടെ പരവേശം കണ്ടപ്പോൾ എസ്.ഐ. പറഞ്ഞു,
“സാറ് ഭയപ്പെടെണ്ട, ഇരുന്നാട്ടെ; ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. പോലീസ്‌സ്റ്റേഷനിൽ വരുന്നവരെ ഞങ്ങൾ വളരെ ബഹുമാനത്തോടെയാണ് സ്വീകരിക്കുന്നത്. പൊതുജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറക്കേണ്ടത് അത്യാവശ്യമാണ്. പിന്നെ സാറിനെപ്പോലെ ഉയർന്ന നേതാവിന് മെച്ചപ്പെട്ട സ്വീകരണം തരേണ്ടതല്ലെ. ഇനി ചായകുടിച്ചിട്ട് സംസാരിക്കാം; ഇരിക്കു”

              പൂച്ചകൾ ചേർന്ന് എലികൾക്ക് സ്വീകരണം നൽകുന്നകാര്യം ഓർത്തുകൊണ്ട് നേതാവ് കസാരയിലിരുന്നപ്പോൾ അനുയായികൾ നിലത്തിരുന്നു. പോലീസുകാർ കൊണ്ടുവന്ന ചായയും പരിപ്പുവടയും കഴിക്കുന്നതിനിടയിൽ എല്ലാവരും വെളിയിലേക്കുള്ള വാതിലിനുനേരെ നോക്കി; അപകടം വന്നാൽ ഓടിപ്പോകാനൊരു വഴി കാണണമല്ലൊ. അങ്ങനെ വിശപ്പും ദാഹവും മാറ്റുന്നതിനിടയിൽ നേതാവിന്റെ കൈ പിടിച്ചുകൊണ്ട് എസ്.ഐ. പറഞ്ഞു,
“ഇത് വളരെനല്ല കൈകളാണല്ലൊ; ഉച്ചവരെ ഇവിടെ ഇരിക്കുകയാണെങ്കിൽ സാറിനുമാത്രം ബിരിയാണി ഏർപ്പാടാക്കാം. പിന്നെ സാറെനിക്കൊരു ഉപകാരം ചെയ്യണം,,, അത്”
“എന്താണ് സർ? എന്ത് വേണമെങ്കിലും ചെയ്യാം”
അതുവരെ ചലനമറ്റ നേതാവിന്റെ നാവ് പ്രവർത്തനമാരംഭിച്ചു.
“എന്റെ പുരയിടം ഏകദേശം ആറേക്കർ വരും, നിറയെ തെങ്ങുകളാണ്. തേങ്ങ വീഴുന്നത് പേടിച്ച് പറമ്പിലാരും ഇറങ്ങാറില്ല. അതുപോലെ ഭാര്യവീട്ടുകാർക്ക് പത്ത്‌പതിനഞ്ച് ഏക്കർ ഉണ്ട്. അതുകൊണ്ട് ഇവരിൽ കുറച്ചുപേരെ അങ്ങോട്ട് അയച്ചാൽ പറയുന്ന കൂലി കൊടുക്കാം”
“അത്, സർ,,,”
“ഒന്നും പറയേണ്ട,, പിന്നെ ഇവിടെയുള്ള പലരുടേയും വീട്ടിൽ തേങ്ങകൾ ഉണങ്ങിക്കിടക്കുകയാണ്; സാറൊന്ന് മനസ്സുവെക്കണം”
“അതെല്ലാം ശരിയാണ് സർ പക്ഷെ,,”
“എന്തോന്ന് പക്ഷെ?”
“സാറിവിടെ അറസ്റ്റ് ചെയ്തവരിൽ ഞാനടക്കം ആർക്കും തെങ്ങിന്മേൽ മാത്രമല്ല ഒരു മരത്തേലും കയറാൻ അറിയില്ല. ഈനാട്ടിൽ ഉള്ള ജോലിയൊക്കെ അന്യസംസ്ഥാനക്കാർ ചെയ്യുമ്പോൾ മലയാളികളായ ഞങ്ങൾക്ക് പണിയൊന്നും ഇല്ല. അതുകൊണ്ട് ബോറടിച്ചപ്പോൾ ജാഥനടത്തുന്നു എന്നുമാത്രം. പരിചയമില്ലാത്തവൻ തെങ്ങിന്മേൽ കയറിയിട്ട് അപകടം വരുത്തണോ സർ?”   

*******************************************

21.2.14

തെയ്യം കാണാൻ പോയപ്പോൾ

           ഉത്തരമലബാറിലെ ഗ്രാമീണർ ഒത്തുചേരുന്ന ഗ്രാമീണക്കൂട്ടായ്മയുടെ ആഘോഷമാണ് തെയ്യം. ഇവിടെ, ഓരോ ഗ്രാമത്തിനും സ്വന്തമായി രണ്ടോ മൂന്നോ കാവുകളും അവിടെവെച്ച് വർഷത്തിൽ ഒരുതവണ കെട്ടിയാടുന്ന അനേകം തെയ്യങ്ങളും ഉണ്ട്. ‘തെയ്യം കുറിച്ചാൽ’ ഗ്രാമത്തിലുള്ളവർ ബന്ധുക്കളെ കണ്ടെത്തിയിട്ട് ‘തെയ്യായിട്ട് വരണേ’ എന്ന് അറിയിച്ചാൽ ദൂരെയുള്ളവർ തെയ്യക്കാലത്ത് വീട്ടിൽ വിരുന്നുവന്ന് താമസിക്കാറുണ്ട്. വിവാഹിതരായ പെൺ‌മക്കളെല്ലാം ഭർത്താവിനെ മാത്രമല്ല, അമ്മായിഅമ്മയെയും നാത്തൂനേയും അവിടെയുള്ള കൊച്ചുപിള്ളേർസിനെയും ഒപ്പംകൂട്ടി സ്വന്തം വീട്ടിൽ‌വന്ന് അന്തിയുറങ്ങുന്ന, ബഹുജനങ്ങൾ പലവിധം ഒത്തുചേരുന്ന ഗ്രാമീണ ആഘോഷമാണ് നമ്മുടെതെയ്യം. ആളുകളുടെ ജീവിതരീതിക്ക് മാറ്റം വന്നെങ്കിലും ഭക്തിയോടൊപ്പം ആഘോഷമായ തെയ്യങ്ങളും പണ്ടത്തെക്കാൾ മെച്ചമായി നമ്മുടെ ഗ്രാമങ്ങളിൽ ഇന്നും നടന്നുവരുന്നുണ്ട്.
                    ഏതാനും വർഷമായി തെയ്യം കാണാൻ പോവാറില്ലെങ്കിലും കുട്ടിക്കാലത്ത് കാവിന്റെ മുറ്റത്തുവെച്ച് കോല് ചെണ്ടയുടെ മുകളിൽ പതിക്കുന്നത് കേൾക്കുമ്പോൾ‌തന്നെ ഞാനും എന്റെ സമപ്രായക്കാരും അവിടെ ഹാജരുണ്ടാവും. കാവിലെത്തിയാൽ എല്ലാവരും സ്വതന്ത്രരാണ്; കുട്ടികളായാലും എവിടെയും പോവാം, ചിരിക്കാം, കളിക്കാം. എല്ലാവരും നാട്ടുകാരാണ്, പരിചയക്കാരാണ്, അതുകൊണ്ട് കൈവിട്ടുപോയാലും രക്ഷിതാക്കൾക്ക് മക്കളെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. അതൊരു ആഘോഷമായിരുന്നു,,, ഓർമ്മകളിൽ മുങ്ങിത്താഴ്‌ന്നാൽ പൊങ്ങാൻ ഇഷ്ടപ്പെടാത്ത എന്റെ കുട്ടിക്കാലത്തെ ആഘോഷം,,,

                     ഗ്രാമത്തിലുള്ള എന്റെ വീട്ടിൽ‌നിന്ന് ഏറ്റവും അടുത്തുള്ള കാവ്, പാറക്കണ്ടി കാവ്; ചെണ്ടകൊട്ടുമ്പോൾ വീട്ടിലിരുന്നാലും നന്നായി കേൾക്കാം. മൂന്ന് ദിവസമാണ് അവിടെ ആഘോഷം; അതിനിടയിൽ ചമയങ്ങൾ അണിഞ്ഞ അനേകം തെയ്യങ്ങൾ ദൈവങ്ങളുടെ പ്രതിപുരുഷന്മാരായി വന്ന് മഞ്ഞൾക്കുറി കൊടുത്ത് ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നതോടൊപ്പം കാണിക്ക സ്വീകരിക്കുകയും ചെയ്യം. ഈ ആഘോഷങ്ങൾക്ക് പകിട്ടേകാൻ ഗ്രാമീണചന്തകളും ചായക്കടകളും കൂടാതെ കലാപരിപാടികളും അലങ്കാരങ്ങൾ അടിയറവെക്കലും ഉണ്ടാവുമ്പോൾ ആകെ ശബ്ദമുഖരിതമായ അന്തരീക്ഷമായിരിക്കും. മുതിർന്ന ബന്ധുക്കൾ കുട്ടികൾക്ക് കണ്മഷി, ചാന്തുപൊട്ട് ?, വള, റിബ്ബൺ എന്നിവയൊക്കെ വാങ്ങിക്കൊടുക്കുന്നതിനാൽ തെയ്യം‌കഴിഞ്ഞ് പിറ്റേദിവസം പെൺകുട്ടികൾ സ്ക്കൂളിൽ വരുന്നത് ഇവയെല്ലാം അണിഞ്ഞായിരിക്കും.

വർഷങ്ങൾക്കു മുൻപ്,,,
അങ്ങിനെ ഒരു തെയ്യക്കാ‍ലത്ത്,,,
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ,,,
                     തലേദിവസം കാവിൽ‌വെച്ച് ‘ദുര്യോദനവധം’ കഥകളി കണ്ടതിനാൽ ഉറക്കമിളച്ച ക്ഷീണം മുഖത്തുകാണിക്കാതെയാണ് അതിരാവിലെ ഞാൻ പാറക്കണ്ടികാവിൽ പോയത്. കൂടെ ഇളയ സഹോദരൻ ഉണ്ടെങ്കിലും കാവിന്റെ നടയിൽ എത്തിയപ്പോൾ ആദ്യംകണ്ട കൂട്ടുകാരന്റെ കൂടെ അവൻ സ്ഥലംവിട്ടു. കാവിന്റെ മുറ്റത്തുനിന്ന് ഉയരുന്ന ചെണ്ടമേളം കേട്ടാലറിയാം, കാവിലെ പരദേവത പുറപ്പെടുകയാണെന്ന്. തിരക്കിനിടയിൽ നുഴഞ്ഞുകയറിയ ഞാൻ നേരെ അങ്ങോട്ട് പോയപ്പോൾ കണ്ടത് ചെണ്ടയുടെ താളത്തിനനുസൃതമായി ചുവന്നപട്ടുടുത്ത് തെച്ചിപ്പൂ മാലകളും കിരീടവും അണിഞ്ഞ പരദേവത കാവ്‌ചുറ്റി നടക്കുന്നതാണ്. തളികയിൽ അരിയും തിരിയിട്ട് കത്തിച്ച കാക്കവിളക്കും പിടിച്ച് മുന്നിൽ നടക്കുന്ന കൊച്ചുപെൺ‌കുട്ടികൾ തെയ്യം തലകുനിക്കുമ്പോൾ അരിവാരി എറിയുന്നുണ്ട്. കുട്ടിക്കാലത്തെ ഏതാനും വർഷം ഞാനും അതുപോലെ ഒരു തളികയും‌ പിടിച്ചുനടന്ന് അരി‌എറിഞ്ഞ് പരദേവതയെ സ്വീകരിച്ചതാണ്; ഇപ്പോൾ മുതിർന്നുപോയല്ലൊ.
               മൂന്ന്‌തവണ കാവ്‌ചുറ്റിയശേഷം മുറ്റത്തുവന്ന് ചെണ്ടയുടെ താളത്തിനൊത്ത് തെയ്യം ഉറഞ്ഞുതുള്ളുമ്പോൾ ആൺകുട്ടികൾ കൂവിയാർക്കുകയാണ്,,, എത്ര മഹത്തായ ആചാരങ്ങൾ,,, മനുഷ്യമനസ്സിൽ ഐക്യം വളർത്തുന്ന, സന്തോഷം വളർത്തുന്ന ആചാരങ്ങളെല്ലാം നല്ലതുതന്നെ,,,

                    അതെല്ലാം നോക്കിനടന്നശേഷം കാവിന്റെ പിന്നിലുള്ള ചന്തകൾക്കുനേരെ ഞാൻ നടന്നു. അച്ഛൻ‌തന്ന പണം ചെലവാക്കിയിട്ട് കൈനിറയെ വളകൾ അണിയണം, കൂട്ടത്തിൽ ഏതാനും കുപ്പിവളകളും വാങ്ങണം; പൊട്ടിയാലെന്താ,, അത്രനേരത്തേക്ക് വളയിട്ടാൽ പോരെ,,,
                   പെട്ടെന്നാണ് തിരക്കിനിടയിൽ‌നിന്ന് ഒരു കുഞ്ഞുമായി അവൾ വന്നത്, എന്റെ ബന്ധുവായ ശൈലജ. എന്നെക്കാൾ ഒരുവയസ്സ് ഇളയതാണെങ്കിലും അവളെപ്പോഴും മുതിർന്നവളാണ്. ചിരട്ടയിൽ മണ്ണപ്പവും ചോറും കറിയും വെക്കുമ്പോൾ അവളായിരിക്കും അമ്മ, ഞാൻ മകളും. ടീച്ചറും കുട്ടിയും കളിക്കുമ്പോൾ അവളായിരിക്കും ടീച്ചർ, ഞാൻ കുട്ടിയും. അങ്ങനെ കളിച്ച്‌കളിച്ച് നടക്കുന്ന പ്രായത്തിൽ എന്നെ അടിക്കാനുള്ള ഒരു ചാൻസും അവൾ വിട്ടുകളയാറില്ല.
എന്നെ കണ്ടപ്പോൾ അവളൊരു ചോദ്യം,
“നീയിവിടെ ഒറ്റക്ക് നടന്നുകളിക്ക്യാണോ?”
“ഞാൻ വളവാങ്ങാൻ പോവുകയാ,, ഇതാരാ ഈ കുട്ടി?”
“ഇതാ കുട്ടീനെ പിടിച്ചാട്ടെ,,,”
                    എന്റെ ചോദ്യത്തിനു മറുപടി പറയാതെ കൈയ്യിലുള്ള കുഞ്ഞിനെ എന്നെ ഏല്പിച്ചു. നല്ല പട്ടുടുപ്പും ട്രൌസറും അണിഞ്ഞ ആ കുഞ്ഞിനെ നോക്കിയിരിക്കെ ശൈലജ തിരക്കിനിടയിൽ മറഞ്ഞു. കുഞ്ഞ് ചിരിക്കുകയാണ്, ഞാനും അവനെനോക്കി നന്നായി ചിരിച്ചു. നല്ല ഓമനത്തമുള്ള ചുരുളമുടിക്കാരൻ ആൺകുട്ടിക്ക് നടക്കാൻ പ്രായമായിട്ടില്ല. തൊട്ടടുത്തുള്ള കല്ലിന്റെ നടയിലിരുന്ന് ഞാനവനെ കളിപ്പിക്കാൻ തുടങ്ങി. കഷ്ടിച്ച് എട്ട്‌മാസം പ്രായംതോന്നുന്ന അവന് നന്നായി ചിരിക്കാനും ചിണുങ്ങാനും അറിയാം. ഒന്നുംപറയാതെ ഇങ്ങനെയൊരു കുട്ടിയെ എന്നെ ഏല്പിച്ച് അവളെങ്ങോട്ടായിരിക്കും തിരക്കിട്ട് പോയത്?

                     ആരുടേതെന്നറിയാത്ത കുഞ്ഞിനെ എന്റെ ഒക്കത്തിരുത്തിയിട്ട് വളകൾ വിൽക്കുന്നിടത്തേക്ക് നീങ്ങിയപ്പോഴാണ് പ്രശ്നം; കുഞ്ഞ് ചൂണ്ടുകയാണ്, അവിടെയുള്ള പലതും അവനുവേണം. അവിടെ ആൺകുട്ടികൾക്കായി ആകെയുള്ളത് പീപ്പിയാണ്, അത് ഊതാനുള്ള പ്രായം അവനായിട്ടില്ല. ഏതായാലും വളയൊക്കെ പിന്നെവാങ്ങാം, കാവിന്റെ മുറ്റത്തേക്കുതന്നെ ഞാൻ നടന്നു. അവിടെ തെയ്യങ്ങളുടെ എണ്ണം മൂന്നായിട്ടുണ്ട്, അതോടൊപ്പമുള്ള ചെണ്ടയുടെ ശബ്ദം കേട്ടതോടെ കുഞ്ഞ് പേടിച്ച് കരയാൻ തുടങ്ങി. താരാട്ടുപാടാനും കരച്ചിൽ നിർത്താനും അവന്റെ പേരെനിക്കറിയില്ലല്ലൊ. എന്നാലും ഇങ്ങനെയൊരു ചെറിയ കുട്ടിയെ എന്റെ കൈയിൽ തന്നിട്ട് സ്ഥലം‌വിടുക? ഇവൻ ശൈലജയുടെ അനുജനല്ല; കാരണം അവരെയൊക്കെ എനിക്കറിയാം. എന്നെ ഏല്പിച്ചവളെ കണ്ടെത്താനായി കുട്ടിയെയുംഎടുത്ത് കാവിന്റെ പലഭാഗങ്ങളിലും ഞാൻ നടന്നു. ഒടുവിൽ കാവിന് സമീപമുള്ള കഴകപ്പുരയുടെ ചാണകം തേച്ച് മിനുസപ്പെടുത്തിയ വരാന്തയിൽ അവനെ ഇരുത്തിയിട്ട് സമീപം ഞാനും ഇരുന്നു; അപ്പോഴേക്കും എനിക്ക് കരച്ചിൽ വരാൻ തുടങ്ങി. സമയം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെ അവിടെയിരുന്ന് ഭാവിപരിപാടികൾ പലതും ഞാൻ ചിന്തിച്ചു,
‘ആരുമറിയാതെ കുട്ടിയെ ഇവിടെയിരുത്തിയിട്ട് മുങ്ങിയാലോ?’
അയ്യോ, അവൻ കരഞ്ഞ് ബഹളമുണ്ടാക്കും.
‘കാവിലുള്ള മുതിർന്ന ആരെയെങ്കിലും കണ്ടുപിടിച്ച് കാര്യം പറഞ്ഞാലോ?’
തെയ്യം കാണുന്നതിനിടയിൽ ഇങ്ങനെയൊരു പ്രശ്നം പരിഹരിക്കാൻ ആരും മെനക്കെടില്ല.
‘നേരെ ശൈലജയുടെ വീട്ടിലേക്ക് പോയാലോ?’
അയ്യോ, അവളുടെ അമ്മ,,, ഭദ്രകാളിയുടെ ഏട്ടത്തി, എന്നെ തിന്നുകളയും.
ഒടുവിൽ ഒരു തീരുമാനത്തിലെത്തി,,,
‘വീട്ടിൽ പോവാം, എന്നിട്ട് അമ്മയോട് കാര്യംപറഞ്ഞ് ഈ കുട്ടിയെയും വീട്ടിൽ വളർത്താം. അവിടെ ഒരുമാസം മുൻപ് എന്റെ രണ്ടാം‌നമ്പർ അനുജനെ പ്രസവിച്ചശേഷം അമ്മ വിശ്രമത്തിലാണ്.’

                   അവനെ എടുത്തപ്പോൾ ഭാരം കൂടിയതുപോലെ, വളരെനേരമായല്ലൊ എടുത്തുനടക്കാൻ തുടങ്ങിയിട്ട്. വീട്ടിലേക്ക് പോവാനായി ആളുകൾക്കിടയിലൂടെ നടന്ന് കാവിന്റെ നട ഇറങ്ങാൻ നേരത്ത്,,, നേരെ മുന്നിൽ,
എന്റെ ഇളയമ്മ,, അമ്മയുടെ സ്വന്തം അനിയത്തി,
എന്നെക്കണ്ട ഉടനെ ചോദ്യം,
“അവളെവിടെ?”
“ആര്?”
“ആ ശൈലപ്പെണ്ണ്,,”
“ഓളെ കാണാനില്ല, ഈ കുട്ടിനെ,,,”
“ഈടെന്ന് കണ്ടഒടനെ അന്റെ ഒക്കത്ത്‌ന്ന് മോ‍നെ ഏടുത്തിട്ട് ഓടിപ്പോയതാ,, എന്നിട്ടിപ്പം കുട്ടീനെ നിന്നെ ഏല്പിച്ചിട്ട് ഓളെവിടെയാ പോയത്? എത്ര നേരമായി ഞാനിവനെ തെരഞ്ഞ്‌നടക്കാൻ തൊടങ്ങീറ്റ്?”
പെറ്റമ്മയെ കണ്ടപ്പോൾ വായതുറന്ന് ചിരിക്കുന്ന കുഞ്ഞിനെ എന്റെ കൈയ്യിൽ‌നിന്നും വാങ്ങിയിട്ട് അവർ പറഞ്ഞു,
“അന്റെ മോന് വെശക്കുന്നില്ലെ? പാല്‌കുടിക്കാൻ നേരായി, ഏടിയാ ഇത്രേരം പോയത്?”
സ്വന്തം മകനെയുമെടുത്ത് അവർ കാവിന്റെ പിന്നിലേക്ക് പോവുന്നതിനിടയിൽ എന്നോടായി പറഞ്ഞു,
“നിയെവിടെം പോകല്ലെ, വളയും ചാന്തുമൊക്കെ വാങ്ങിത്തരാം”
???
                 അവൻ ഇളയമ്മയുടെ മകനാണ്, എന്റെ അനുജൻ!! തറവാട്‌വീട്ടിൽ‌വെച്ച്പ്രസവിച്ച് കുഞ്ഞിന് മൂന്നുമാസം പ്രായമായപ്പോൾ ഭർത്താവിന്റെ വീട്ടിലേക്ക് പോയ ഇളയമ്മ നേരെ കാവിലേക്ക് തെയ്യായിട്ട് വന്നതാണ്. മൂന്നാം മാസത്തിൽ ഞാൻകണ്ട കുഞ്ഞ് ഏതാനും  മാസങ്ങൾ കഴിഞ്ഞ് കമഴ്ന്ന് കിടന്നശേഷം ഇരിക്കുകയും പിന്നീട് മുട്ടിലിഴഞ്ഞ് നടക്കാൻ ശ്രമിക്കുമെന്നും അവൻ വലുതാവുമെന്നും ഞാൻ ചിന്തിച്ചതേയില്ല. നാല്‌മാസം മുൻപ് ഭർത്താവിന്റെ വീട്ടിലേക്ക് പോയ ഇളയമ്മയും മകനും നേരെ കാവിലേക്ക് വരുമെന്ന് ആനേരത്ത് എങ്ങനെ ഓർക്കാനാണ്.


പിൻ‌കുറിപ്പ്:
  1. ആ കുഞ്ഞിന്റെ ഇപ്പോഴെത്ത ഫോട്ടോ ഫെയ്സ്‌ബുക്കിൽ നിന്ന് അടിച്ചുമാറ്റിയതാണ് ഒടുവിൽ കൊടുത്തിരിക്കുന്നത്.
  2. ‘തെയ്യം’ ഫോട്ടോ പാറക്കണ്ടി കാവ് അല്ല.
  3. ‘ഇങ്ങനെയൊരു സംഗതി നടന്നിരുന്നൂ’, എന്ന് ആകുഞ്ഞും വീട്ടുകാരും നാട്ടുകാരും അറിയുന്നത് ഈ പോസ്റ്റ് വായിക്കുമ്പോൾ മാത്രം ആയിരിക്കും.
  4. അതെ ഗ്രാമത്തിലാണെങ്കിലും എന്റെ ഫേമലി ആ കാലത്ത് താമസിച്ചിരുന്നത്, തറവാട്‌വീട്ടിലല്ല.  
  5. കഥാനായകനായ ആകുഞ്ഞിന് ഇപ്പോൾ,,, ഒരു ഭാര്യയും രണ്ട് മക്കളും വലിയ വീടും ഗൾഫിൽ ജോലിയും ഉണ്ട്. 
  6. ആ ശൈലപ്പെണ്ണിനെ അടിക്കാനായില്ലെങ്കിലും പ്രൈമറി സ്ക്കൂളിൽ ടീച്ചറായപ്പോൾ അവളുടെ മകനെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ആ കാലത്ത് അമ്മ തന്നത് പലിശസഹിതം മകന് കൊടുത്തിട്ടുണ്ട്???
*********************************************