25.8.14

കുട്ടിയമ്മയുടെ കൊട്ടേഷൻ

                   പുതുമഴ പെയ്തിറങ്ങിയ നേരത്താണ് കൊട്ടേഷൻ ടീം നേതാവ് വന്നത്. ടൈൽ‌സ് പതിച്ച മുറ്റത്ത് തളംകെട്ടിനിൽക്കുന്ന വെള്ളത്തിൽ ചവിട്ടിനടന്ന് വാരാന്തയിൽ കയറിയ അയാൾ കോളിംഗ് ബെല്ല് അടിച്ചപ്പോൾ ചിത്രശില്പവാതിൽ തുറന്ന് വെളിയിലേക്കിറങ്ങിയ കുട്ടിയമ്മ ചോദിച്ചു,
“ആരാണ്? എന്തുവേണം?”
“കുട്ടിയമ്മ???”
“അതെ,,, നിങ്ങൾ?”
“മാഡം വിളിച്ചതനുസരിച്ച് നേതാവായ ഞാൻ തന്നെ വന്നിരിക്കയാണ്; കൊട്ടേഷൻ;;;”
“എങ്കിൽ നമുക്ക് അകത്തിരുന്ന് സംസാരിക്കാം; അതാണ് നല്ലത്”
അകത്ത് സ്വീകരണമുറിയിൽ പ്രവേശിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു,
“മാഡം ഞങ്ങളുടെ രീതികളും റെയിറ്റുകളും അറിയാമോ?”
“രീതികളൊക്കെ അറിയാം, പിന്നെ റെയിറ്റൊക്കെ നമ്മൾ പറഞ്ഞൊറപ്പിക്കുന്നതല്ലെ നല്ലത്. അധികമൊന്നും ചോദിക്കരുത് ഞാനൊരു പാവമാണ്”
“അത് ഏറ്റവുംകുറഞ്ഞ റെയിറ്റിൽ ചെയ്യുന്നത് ഒറ്റയടിക്ക് കൊല്ലുന്നതിനാണ്; അതും പലതരത്തിലുണ്ട്”
“പലതരത്തിൽ കൊല്ലുകയോ? അതെങ്ങനെ?”
“പെട്ടെന്ന് കൊല്ലാൻ ഏറ്റവും കുറച്ച് പണം ചെലവാക്കിയാൽ മതി; പിന്നെ പീഡിപ്പിച്ച് കൊല്ലുമ്പോൾ സമയദൈർഘ്യം അനുസരിച്ച് ചാർജ്ജ് കൂടിക്കൊണ്ടിരിക്കും”
“അതെങ്ങനെ?”
“ആളറിയാതെ പീന്നിലൂടെ ചെന്ന് ഒറ്റവെട്ടിന് കൊല്ലുമ്പോൾ ചാവുന്നവന് ഒരു പ്രയാസവും ഉണ്ടാവില്ല; നമുക്കും പണി എളുപ്പം. എന്നാൽ ഒരു മണിക്കൂർ പീഢിപ്പിച്ച് കൊല്ലുന്നതിന് അതിന്റെ ഇരട്ടി പണം തരണം. അതുപോലെ ദിവസങ്ങളോ ആഴ്ചകളൊ മാസങ്ങളോ പീഡിപ്പിച്ച് ഒരാളെ കൊല്ലുന്ന പരിപാടി കൂടി നമ്മുടെ ടീം ഏറ്റെടുക്കാറുണ്ട്. അതെല്ലാം ചെലവ് വളരെ കൂടിയ ഇനമാണ്. മാഡത്തിന് ഏത് ഐറ്റമാണ് ആവശ്യം?”
“എനിക്കിപ്പോൾ ആളെ കൊല്ലണ്ട,, ഒരാളുടെ കൈയും കാലും ഒടിച്ചിട്ടാൽ മതി”
“അങ്ങനെയാണോ? കൈവെട്ടിനും കാൽ‌വെട്ടിനും ഒരേ റെയിറ്റാണ്”
“കൈയും കാലുമൊന്നും വെട്ടരുത്; അങ്ങനെയായാൽ കൃത്രിമ കൈകാലുകൾ ഫിറ്റ് ചെയ്യും. കൈകാലുകൾ ഒടിച്ചിട്ടാൽ മതി”
“അങ്ങനെ ഒടിച്ചാൽ ചികിത്സിച്ച് പൂർവ്വസ്ഥിതിയിൽ ആവുകയില്ലെ?”
“അതാണ് നിങ്ങളുടെ ടീമിന്റെ മിടുക്ക്; ഒടിഞ്ഞ കൈകൊണ്ട് അയാൾ ആരെയും അടിക്കരുത്; അതുപോലെ ആ കാലുകൾ കൊണ്ട് ഇനിയാരെയും ചവിട്ടാനും പറ്റരുത്”
“കൊല്ലുന്നതിനെക്കാൾ റെയിറ്റ് കൂടുതാലാണ് അവയവത്തിനു കേടുവരുത്തുന്നതിന്; ഓരോ പാർട്ട്സിനും പ്രത്യേക റെയിറ്റാണ്’ അതിൽ ഏറ്റവും കൂടിയത് കണ്ണുപൊട്ടിക്കലിനാണ്”
“കണ്ണൊന്നും പൊട്ടിക്കേണ്ട”
“മാഡം നമ്മളോട് ഡ്യൂട്ടി പറഞ്ഞാലും; എന്നിട്ട് റെയിറ്റിനെക്കുറിച്ച് അറിയിക്കാം”
“ആദ്യം അയാളുടെ രണ്ട് കൈയും ഒടിക്കണം; പിന്നെ അയാളുടെ രണ്ട് കാലും ഒടിക്കണം. മറ്റൊരു അവയവത്തിനും കേടുവരാൻ പാടില്ല”
“മാഡം, ഇതൊരു കുരുട്ട്‌പിടിച്ച ഡ്യൂട്ടിയാണല്ലൊ,,, മറ്റൊരു പാർട്സിനും കേടുവരാതെ കൈകാലുകൾ ഒടിക്കുക,, അതിനിപ്പം തുക കൊറച്ച് അധികമാവുമല്ലൊ”
“പണമൊരു പ്രശ്നമേയല്ല,, സംഗതി ശരിയായാൽ ഇപ്പോൾ പറയുന്ന തുകതരും. ആരും അറിയരുത്, കേസും പൊല്ലാപ്പുമൊന്നും പാടില്ല”
“ഏതായാലും മാഡം തരുന്ന ഡ്യൂട്ടി നമ്മൾ ഏറ്റെടുത്തു; പിന്നെ ആളിന്റെ ഫോട്ടോ വേണം പറ്റുമെങ്കിൽ ആളെ കാണിച്ചുതരണം. പിന്നെ സംഗതി എവിടെവെച്ചാണ് നടത്തേണ്ടത്? അതായത് സൈറ്റ് കൂടി പറഞ്ഞുതരണം; വീട്ടിൽ വെച്ചോ? വഴിയിൽ വെച്ചോ? അതല്ല,,,”
“പുത്തൻ ഇന്നോവ കാറിലാണ് അയാളുടെ യാത്ര,, അത് തടഞ്ഞുനിർത്തിയിട്ട് കൈയും കാലും ഒടിക്കണം”
“കാറിന്റെ നമ്പർ,, ആളിന്റെ ഫോട്ടോ,,, പിന്നെ,, മറ്റു വിവരങ്ങൾ?”
“അയാളുടെ ഫോട്ടോ ഇതാണ്,, കാറിന്റെനമ്പർ ഫോട്ടോയുടെ പിന്നിൽ എഴുതിയിട്ടുണ്ട്”

കുട്ടിയമ്മ കൊടുത്ത ഫോട്ടോ വാങ്ങിനോക്കിയിട്ട് നേതാവ് പറഞ്ഞു,
“മാഡം ഇത് ഗ്രൂപ്പ് ഫോട്ടോയിൽ‌നിന്ന് മുറിച്ചുമാറ്റിയതാണല്ലൊ,, ഇതൊരു,,, കല്ല്യാണഫോട്ടോ മാതിരി,,,”
“കല്ല്യാണഫോട്ടോ തന്നെയാണ്; അതിൽ‌നിന്നും എന്റെഭാഗം മുറിച്ചുകളഞ്ഞതാണ്. പിന്നെയ്,, അയാൾ സഞ്ചരിക്കുന്ന വണ്ടി പുത്തിയതായി വാങ്ങിയതാണ്. അത് കേടാവാതെ നോക്കണം,, ആനേരത്ത് റിപ്പെയറിനൊന്നും പോവാൻ എന്നെക്കൊണ്ടാവില്ല”
“അത് മാഡം?”
“തനിക്കെന്താടോ സംശയം? അങ്ങേരുടെ പണം അങ്ങേരെ കൊല്ലാനായി ഉപയോഗിക്കുന്നു,, അത്രതന്നെ”
ഇതുകേട്ട് ഞെട്ടിയ കൊട്ടേഷൻ നേതാവിന്റെ കൈയിൽനിന്നും ഫോട്ടോ താഴേക്ക് പതിച്ചു.
****************************************