21.11.18

കൊലസ്ത്രീ


           പി.എസ്.സി. യുടെ അനുഗ്രഹത്താൽ മകൾ സർക്കാർ ജോലിയിൽ പ്രവേശിച്ചു. പിറ്റേദിവസം മുതൽ വീട്ടിൽ മഹാസംഭവങ്ങൾ അരങ്ങേറാൻ തുടങ്ങി.

എന്താണെന്നോ,, ?

കല്ല്യാണ ആലോചനകൾ,,,

    അതുവരെ മര്യാദക്ക് ഒരുത്തനും പെണ്ണുകാണാൻ വന്നില്ലെങ്കിലും ഇപ്പോൾ എത്രയാണെന്നോ പടപോലെ വരുന്നത്,, ദിവസേന രണ്ടും മൂന്നും. അവധി ദിവസത്തെ കാര്യം പറയുകയേ വേണ്ട, അണിഞ്ഞൊരുങ്ങിയിട്ട് മകളും ചായ ഉണ്ടാക്കിയിട്ട് ഞാനും ഒരുപോലെ ക്ഷീണിച്ചെങ്കിലും ഒന്നും ശരിയായില്ല. ഡിമാന്റുകൾ പലതും ഉണ്ട്,, പൊന്നു വേണ്ട,, സ്വത്ത് വേണ്ട,, പിന്നെ പണം? അക്കാര്യം നമ്മുടെ കണ്ണൂരിൽ ആരും മിണ്ടാറേയില്ല. പിന്നെന്ത് പറ്റിയെന്നോ?

വന്നവരെല്ലാം പെണ്ണിനെയങ്ങ് ഇഷ്ടപ്പെട്ടു,,, സർക്കാൽ ശമ്പളം വാങ്ങുന്നവളല്ലെ!

ചിലരെ എനിക്ക് ഇഷ്ടപ്പെട്ടു,, പക്ഷെ?

കെട്ടേണ്ട പെണ്ണിന് ചെക്കനെ ഇഷ്ടപ്പെടില്ല, ചെക്കന്റെ ജോലി ഇഷ്ടപ്പെടില്ല, ചെക്കന്റെ സ്വഭാവം ഇഷ്ടപ്പെടില്ല.


     വരുന്ന വിവാഹാലോചനയൊക്കെ ഒഴിവാക്കുന്ന കഥയൊക്കെ നാട്ടിൽ പാട്ടാവാൻ തുടങ്ങിയപ്പോഴാണ് അസ്സലൊരു ചെക്കൻ വന്നത്. വന്ന പയ്യനെ ആകെമൊത്തം ടോട്ടലായി എന്റെ അരുമസന്താനം പരിശോധിച്ചു നോക്കിയപ്പോൾ ഒരു കുറ്റവും കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ ഞാൻ ഹാപ്പിയായി, അവളുടെ തന്ത ഹാപ്പിയായി, പിന്നാലെ വരുന്ന ഇളയമകളും ഹാപ്പിയായി.

        സർക്കർ സർവ്വീസിൽ എഞ്ചിനീയറായ പയ്യനെ ആ നിമിഷം ഞങ്ങളെല്ലാവരും ഇഷ്ടപ്പെട്ടു. തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് അതങ്ങട്ട് ഉറപ്പിക്കാമെന്ന് തീരുമാനമായി. രാവിലെ ഉറപ്പുകൊടുക്കാമെന്ന മോഹവുമായിട്ടാണ് ആ ദിവസം രാത്രിയിൽ ഉറങ്ങാൻ കിടന്നത്.


     പിറ്റേദിവസം,, പതിവുപോലെ നേരം പുലർന്നു,, പതിവുപോലെ ഞാൻ അടുക്കളഡ്യൂട്ടിയിൽ പ്രവേശിച്ചു. അപ്പോഴാണ് ഒരു കൊടുങ്കാറ്റുപോലെ മകൾ പത്രവുമായി ഓടിവന്നത്,

“അമ്മേ ഇത് പറ്റില്ല”

“എന്ത്?”

“ഇത് പറ്റില്ല”

“ഏത്?”

“ഈ കല്ല്യാണം പറ്റില്ല”

അതുവരെ പൂച്ചമോഡലായ ഞാനൊരു പുലിവേഷം അണിഞ്ഞു,

“നീയെന്താടീ പറഞ്ഞത്? ഒരു ജോലി കിട്ടിയെന്നുവെച്ച് ആളെക്കൊണ്ട് പറയിപ്പിക്കുന്നോ?”

“നിങ്ങളൊക്കെ എന്തുപറഞ്ഞാലും ഞാനിവനെ കെട്ടുകയേ ഇല്ല. അമ്മ കെട്ടിക്കോ,”


       ഞാനാകെ വിയർത്തുകുളിച്ചു,, അവൾ ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നുതന്നെയാണ്. പതുക്കെ ഞാനൊരു തള്ളപ്പൂച്ച മോഡലായി,

“എടി മോളേ അവരൊക്കെ ചേർന്ന് എല്ലാവരും ഇഷ്ടപ്പെട്ടതല്ലെ,, നീയെന്താടി ആ ചെക്കന് കുറ്റം കണ്ടുപിടിച്ചത്?”

“ചെക്കന് കുറ്റമൊന്നും ഇല്ല”

“പിന്നെ എനിക്കാണോ കുറ്റം?”

“അല്ല”

“പിന്നെ ആർക്കാടീ കുറ്റം?”

“അത് അന്നു പെണ്ണുകാണാൻ കൂടെ വന്നത് അവന്റെ അമ്മയല്ലെ?”

“അതെ, അവർ നല്ലൊരു സ്ത്രീയല്ലെ? എന്നെക്കാളും നല്ല അമ്മച്ചിയാനെന്ന് നീ തന്നെയല്ലെ അവരെക്കുറിച്ചു പറഞ്ഞത്”

“അവരുടെ ഫോട്ടോ ഇതാ പത്രത്തിന്റെ മുൻ‌പേജിലുണ്ട്”

“പത്രത്തിലോ? കാണട്ടെ?”


         പത്രത്തിന്റെ മുൻ‌പേജിൽ പേരിനു താഴെയായി അച്ചടിച്ച ഗ്രൂപ്പ് ഫോട്ടോ എന്റെ മുന്നിൽ നിവർത്തി. ധാരാളം സ്ത്രീകളോടൊപ്പം ബാനർ പിടിച്ച് നടക്കുന്ന അമ്മായിഅമ്മ ആവാനിടയുള്ള സ്ത്രീയുടെ ചിത്രത്തിനു നേരെ വിരൽ ചൂണ്ടിയിട്ട് അവളെന്നോട് പറഞ്ഞു,

“അമ്മേ, ഇവരല്ലേ അന്നു വീട്ടിൽ വന്ന പയ്യന്റെ തള്ള?”

“അതേ, ഇതാ സ്ത്രീ തന്നെയാണല്ലോ,, ഇവരെങ്ങിനെ പത്രത്തിൽ കയറി?”

“അതാണ് ഞാനും പറയുന്നത്, അമ്മേ ഇത് കുലസ്ത്രീകളുടെ പ്രകടനമാണ്”

“അയ്യോ”

“അവരൊരു കുലസ്ത്രീ ആണമ്മേ”

“അതുകൊണ്ട് നിനക്കെന്താ വിഷമം? നീ വിവാഹം കഴിക്കുന്നത് അവരെയല്ലല്ലോ,, അവരുടെ മകനെയല്ലേ?”

“അവരുടെ മകനായതാണ് പ്രശ്നം?”

“എന്ത് പ്രശ്നം?”

“ഞാനവിടെ പുത്രവധുവായി എത്തിയാൽ”

“എത്തിയാൽ?”

“അവരെനിക്ക് ഭക്ഷണം തരുന്നത് മകൻ കഴിച്ച എച്ചിൽ പാത്രത്തിലായിരിക്കും”

“അതെന്താ അവിടെ മറ്റു പാത്രങ്ങൊളൊന്നും കാണില്ലെ?”

“പിന്നെ എല്ലാ ദിവസവും ഞാനവന്റെ അച്ഛന്റെയും അമ്മയുടെയും കാലുപിടിക്കണം”

“നീയല്ലെ ആള്,, അവരെ വലിച്ച് താഴെയിടാനും മതി”

“പിന്നെ മാസത്തിൽ ഏഴ് ദിവസം വെളിയിലൊന്നും പോകാതെ ഇരുട്ടറയിൽ കിടക്കണം”

“അതൊരു വിശ്രമം അല്ലേ. നീയവിടെ കിടന്ന് മൊബൈലിൽ കളിച്ചാൽ മതി”

“വീട്ടിൽനിന്ന് എന്നെ വെളിയിലേക്ക് വിടുമ്പോൾ കൂടെ ആളുണ്ടാവും”

“അത് നിനക്കൊരു ധൈര്യമല്ലെ. അപ്പോൾ ഓഫീസിലോ?”

“ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല, ചിരിക്കാൻ പാടില്ല, കളിക്കാൻ പാടില്ല, വായിക്കാൻ പാടില്ല, പാടാനും പാടില്ല”

“അതെല്ലാം കുറക്കുന്നത് നല്ലതല്ലെ മോളേ,,”

“പിന്നെ, അവിടെയെത്തിയാൽ മാറ് മറക്കാൻ പാടില്ല”

“അപ്പോൾ മറ്റെല്ലാം മറക്കാൻ പറ്റുമോ?”

“അവരുടെ മകനില്ലാത്ത നേരത്ത് വീട്ടിൽ വരുന്ന വി.ഐ.പി.‌കളെ എന്റെ ഉറക്കറ‌യിലേക്ക് കയറ്റിവിടും”

“അതെന്താ അവിടെ വേറെ അറകളൊന്നും ഇല്ലേ?”

“പിന്നെ, ആ പയ്യൻ മരിച്ചാൽ”

“മരിച്ചാൽ?”

“മരിച്ചാൽ അവന്റെ ചിതയിൽ എന്നെയും ചേർത്ത് ജീവനോടെ കത്തിക്കും”

“അയ്യോ മോളേ”

“എന്താ അമ്മേ”

“വേണ്ട മോളേ,,നമുക്കീ കൊലസ്ത്രീബന്ധം വേണ്ടാ,,,”

“വേണ്ടമ്മേ,,”

“എന്റെ മോളേ,,”

     അല്പനേരത്തേക്ക് അടുക്കളക്കാര്യം മറന്നുകൊണ്ട് വളരെക്കാലത്തിനുശേഷം ഞാനെന്റെ മകളെ കെട്ടിപ്പിടിച്ചു.

*****

10.11.18

ദുർഗന്ധം വരുന്ന വഴികൾ

 

   രാവിലെ മുതൽ വൈകുന്നേരം വരെ പറയുന്നതൊന്നും മനസ്സിലാ‍വാത്ത ഫയലുകളോടും അതേപോലുള്ള പിള്ളേരോടും വഴക്കടിച്ച് തിരികെ വരുമ്പോൾ കയറുന്ന ബസ്സിൽ ഒന്നിരിക്കാനിടം കിട്ടിയില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ? എന്നാൽ പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് ബസ്സിൽ യാത്രചെയ്യുന്ന ഏതാനും ഉദ്യോഗസ്ഥികൾക്ക് പഴയ‌കാലത്ത് യാത്രാപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വനിതാസംവരണം എന്നെഴുതി വെച്ചില്ലെങ്കിലും ഞങ്ങൾക്ക് ബസ്സിൽ ഇരിപ്പിടം ലഭിച്ചിരുന്നു. അന്നത്തെ സ്ത്രീകളുടെ ശരീരാരോഗ്യം കാരണം രണ്ടുപേർക്ക് ഇരിക്കാവുന്ന ഇടങ്ങളിൽ ഞങ്ങൾ മൂന്നുപേർ സസുഖം ഇരിക്കാറുണ്ട്.


ഒരു വെള്ളിയാഴ്ച ദിവസം,

സമയം അഞ്ചുമണി കഴിഞ്ഞ് പത്ത് മിനിട്ട്,

        ഞങ്ങൾ മൂന്നുപേർ ബസ്സിൽ ഇരുന്നുകൊണ്ട് യാത്രചെയ്യുകയാണ്. ഇരിക്കുന്നതാവട്ടെ, ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള ഇരിപ്പിടത്തിൽ. ആരൊക്കെയാണെന്നോ? ജനാലക്ക് അരികിലൊരു ടീച്ചർ, തൊട്ടടുത്ത് വില്ലേജ് ഓഫീസ് ക്ലാർക്ക്, അവർക്കുശേഷം അറ്റത്തിരിക്കുന്നത് ഞാൻ, അതായത് രണ്ട് ടീച്ചർമാരും നടുവിലൊരു ക്ലാർക്കും. അങ്ങനെ ബസ് പിലാത്തറ കഴിഞ്ഞ് വിളയങ്കോട് വഴി പരിയാരം എത്തിയപ്പോഴാണ് അത് തുടങ്ങിയത്. ഏതാണെന്നോ? നാറ്റം, അതായത് ദുർ‌ഗന്ധം.


   സം‌ഭവത്തിന്റെ ഉറവിടം അറിയാനായി ഞങ്ങൾ മൂന്നുപേരുടേയും നാസികാഗ്രങ്ങൾ വിടർന്നുയർന്ന് പരിസരം പരതിനോക്കി. ആ മഹാനോ മഹതിയോ ആരായിരിക്കും? ബസ്സിൽ നിറയെ ആളുകൾ, തൊട്ടുമുന്നിൽ വളയം പിടിച്ചുതിരിക്കുന്ന ഡ്രൈവർ. ബസ്സ് വളവും തിരിവും പിന്നിട്ടുകൊണ്ടിരിക്കെ ഗന്ധത്തിന്റെ ഏറ്റക്കുറച്ചിലും തുടരുകയാണ്. എനിക്ക് സംശയം മുന്നിലിരിക്കുന്ന ഡ്രൈവറെയാണ്. മഴക്കാലമായതുകൊണ്ടും മലിനീകരണം വരുന്നതിന് മുൻപും ആയതിനാൽ റോഡിന്റെ ഇരുവശത്തുകൂടിയും തോടുകളിലൂടെ തെളിനീർ ഒഴുകുന്നുണ്ട്. ആയതുകൊണ്ട് ഞാൻ മനസ്സിൽ കണക്കുകൂട്ടാൻ തുടങ്ങി. അടുത്തനിമിഷം, മുന്നിലിരിക്കുന്ന ഡ്രൈവർ വയറിളക്കം സഹിക്കാനാവാതെ തോട്ടിനരികിൽ ബസ്സ് നിർത്തിയശേഷം ഇറങ്ങി വെള്ളത്തിലേക്ക് ഓടാനിടയുണ്ട്. അല്ലാതെ അയാൾ പിന്നെന്ത് ചെയ്യും?


        ഇക്കാര്യത്തിൽ ഞാനൊന്നും മിണ്ടിയില്ലെങ്കിലും ജനാലക്കരികിലിരിക്കുന്ന ടീച്ചറും ക്ലാർക്കും ഇടയ്ക്കിടെ അഭിപ്രായം പറയുന്നുണ്ട്. ക്ലാർക്കിന്റെ മുടിയിലുള്ള വാടിയ മുല്ലപ്പൂ ഊരിയെടുത്ത് മണത്തു കൊണ്ടിരിക്കുന്നതിനിടയിൽ ടീച്ചർ പറഞ്ഞു,

“എന്നാലും ഇത്രയും ദൂരം ബസ്സിൽ പോകുന്നവൻ ഇന്നുച്ചക്ക് ചക്കക്കുരു തിന്നാൻ പാടുണ്ടോ?”

അതുകേട്ടപ്പോൾ ക്ലാർക്ക് പറഞ്ഞു,

“ടീച്ചറെ ചക്കക്കുരു തന്നെ തിന്നണമെന്നില്ല, എന്നാലും എന്തൊരു നാറ്റമാണ്”

“ഇതിൽ കയറിയപ്പോഴേ നാറ്റം ഉണ്ടായിരുന്നു, സഹിക്കുക തന്നെ”

തൂവാലകൊണ്ട് അവർ മൂക്കും വായയും അമർത്തിപിടിച്ചു.


                 മൂക്ക് അടച്ചും തുറന്നും കൊണ്ടിരിക്കെ എല്ലാം കേട്ട് തലകുലുക്കിയിട്ട് അവർക്കരികിൽ ഞാനിരുന്നു. ബസ്സ് ഓടിയോടി തളിപ്പറമ്പിൽ നിർത്തിയശേഷം ഏഴാം മൈൽ കടന്ന് കുറ്റിക്കോൽ എത്തിയപ്പോഴും നാറ്റം കുറയുകയോ പ്രതീക്ഷിച്ചതുപോലെ ഡ്രൈവർ ഇറങ്ങുകയോ ഓടുകയോ ചെയ്തില്ല. ജനാലക്കരികിൽ ഇരുന്ന ടീച്ചർ ഇറങ്ങേണ്ട ധർമ്മശാല അടുത്ത സ്റ്റോപ്പാണ്. ബസ് നിർത്തിയപ്പോൾ അവരെഴുന്നേറ്റ് യാത്രപറഞ്ഞിറങ്ങിയതോടെ കണ്ണൂരിൽ ഇറങ്ങേണ്ട ക്ലാർക്കും ഞാനും അതേ ഇരിപ്പിടത്തിൽ വിശാലമായി ഇരുന്നു.


ധർമ്മശാല കഴിഞ്ഞ് മാങ്ങാട് വഴി കല്ല്യാശേരി എത്തിയപ്പോൾ ക്ലാർക്ക് എന്നെ വിളിച്ചു,

“ടീച്ചറേ,, ഇപ്പോഴാ നാറ്റം ഇല്ലല്ലോ”

“അതു ശരിയാണല്ലോ,, നാറ്റം എവിടെപ്പോയി?”

“അതല്ലെ ടീച്ചറേ ഇറങ്ങിപ്പോയത്”

ഞങ്ങൾ അന്യോന്യം നോക്കി ചിരിച്ചു. ദുർ‌ഗന്ധം വരുന്ന വഴി മറ്റുള്ളവർ അറിയാതിരിക്കാൻ എന്തൊക്കെ പരാക്രമങ്ങളാണ് മനുഷ്യൻ ചെയ്യുന്നത്,,,

*******