2.2.20

അവളുടെ കെട്ടിയോൻ



 തെക്കുവടക്കായ് വളഞ്ഞുകിടക്കുന്ന കേരളത്തിന്റെ റോഡിലൂടെ ബസ്സിൽ യാത്ര ചെയ്യുമ്പോൾ  ഇരിക്കാനൊരു ഇടം ലഭിക്കുക എന്നത് ഒത്തിരി ആശ്വാസമാണ്, പ്രത്യേകിച്ചും പ്രായമായ സ്ത്രീകൾക്ക്,, എന്നാൽ ഇരിപ്പിടം ഉണ്ടെങ്കിലും ചില സ്ത്രീകൾ ബസ്സിനകത്തു കയറിയാൽ ഇരിക്കില്ല. കാരണം? ഒഴിഞ്ഞിരിക്കുന്ന ഇരിപ്പിടത്തിന്റെ അടുത്തിരിക്കുന്നതൊരു പുരുഷൻ ആയിരിക്കും. അയാളുടെ കൂടെയിരുന്നാൽ അദൃശ്യമായ രശ്മികൾ പ്രവഹിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയാലോ? സ്ത്രീകളല്ലെ സൂക്ഷിക്കണം,,
     വയ്യാത്ത കാൽ‌മുട്ട് വേദനയോടൊപ്പം ഒരു കൈ മൊബൈലിൽ പിടിച്ച്, മറുകയ്യാൽ കമ്പിയിൽ പിടിച്ചുതൂങ്ങുന്ന അവസ്ഥയിലും മഹിളാമണികളിൽ ചിലർ പുരുഷന്മാരുടെ അടുത്തിരിക്കില്ല. എന്നാൽ,,, ഒരു പരിചയവും ഇല്ലാത്തവന്റെ മടിയിലും തലയിലും കയറിയിട്ട് ഇരിക്കുന്ന അതിമനോഹരങ്ങളായ രംഗം ചില അവസരങ്ങളിൽ നമുക്കു കാണാൻ കഴിയും. എപ്പോഴാണെന്നോ?
പെട്ടെന്നൊരു ബസ്സ് സമരം വരട്ടെ,, അപ്പോൾ കാണാം,,
ഈ പറഞ്ഞവളുടെ ഇരിപ്പിന്റെ തനിനിറം.
       ഇതിൽ നിന്നും ഏറെ മാറ്റമുള്ളതാണ് എന്റെ ശീലങ്ങൾ. ബസ്സിൽ കയറിയാൽ ആദ്യം കാണുന്ന ഒഴിവുള്ള സീറ്റിൽ ഞാനങ്ങോട്ട് ഇരിക്കും. തൊട്ടടുത്തിരിക്കുന്നത് ആണാണോ പെണ്ണാണോ എന്നൊന്നും നോക്കാറില്ല. കൂടാതെ സ്ത്രീസംവരണവും വയോജന സംവരണവും ചോദിച്ചു വാങ്ങുന്നതും എന്റെ പതിവു ശൈലിയാണ്.

   ഒരു ഞായറാഴ്ച രാവിലെ എന്റെ നാട്ടിൽ നിന്നും കണ്ണൂരിലേക്കു യാത്രയിൽ നിറയെ ആളുകളുള്ള ബസ്സിൽ കയറി. നിൽക്കുന്നവരെല്ലാം സ്ത്രീകൾ,,, ഞാൻ നോക്കിയപ്പോൾ ഇടതുവശത്ത് മൂന്നാം നമ്പർ ഇരിപ്പിടത്തിൽ ഒരാൾക്കിരിക്കാൻ സ്ഥലം ഉണ്ട്. അടുത്തിരിക്കുന്നത് ഒരു യുവാവായതു കൊണ്ടാവണം, നിന്നുകൊണ്ട് യാത്രചെയ്യുന്ന മഹിളാ‌മണി‌കളൊന്നും അങ്ങോട്ട് നോക്കുന്നതേയില്ല. ബസ്സിൽ കയറി ഇരുവശത്തേക്കും നോക്കിയ ഞാൻ വനിതാ സംവരണവും വയോജന സംവരണവും അവഗണിച്ച് നേരെയങ്ങോട്ട് നടന്ന് അവന്റെ തൊട്ടടുത്ത് ഇരുന്നു. ഞാനാരാ മോൾ!!!
   റോഡിലെ കുഴികളിലൂടെ ഇറങ്ങിയും‌ കയറിയും ആടിയുലഞ്ഞ് ബസ്സ് സഞ്ചരിക്കു‌മ്പോൾ തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരനെ മുട്ടിയുരുമ്മി ചേർന്നിരിക്കുന്ന എന്നെ നിൽക്കുന്നവരും ഇരിക്കുന്നവരും തുറിച്ചുനോക്കാൻ തുടങ്ങി. ഉം, നോക്കട്ടെ,, അസൂയ തോന്നുന്നുണ്ടാവും,,,
   ഞാനങ്ങനെ സ്വയം മറന്നിരിക്കുന്ന നേരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സ്, അടുത്ത സ്റ്റോപ്പിൽ നിർത്തി. അകത്തുള്ള രണ്ടുപേർ ഇറങ്ങിക്കൊണ്ടിരിക്കെ മുന്നിലുള്ള വനിതാ‌സംവരണത്തിൽ ഇരിക്കുന്ന ഒരുവൾ എഴുന്നേറ്റുവന്ന് എനിക്കുനേരെ വിരൽ ചൂണ്ടിയിട്ട് ആജ്ഞാപിച്ചു,
“അവിടെന്ന് എഴുന്നേറ്റാട്ടെ”
സംഗതി മനസ്സിലാവാത്ത ഞാൻ അവളോട് ചോദിച്ചു,
“എന്തിന്?”
“അവിടെയിരിക്കേണ്ടത് നീയല്ല, ഞാനാണ്”
“അതെങ്ങനെ? ഒഴിഞ്ഞ സീറ്റിലാണ് ഞാനിരുന്നത്. കണ്ണൂരിലെത്താതെ എഴുന്നേൽക്കില്ല”
 എന്റെ ശബ്ദം കൂടിയതോടെ ബസ്സിലുള്ളവരെല്ലാം ശ്രദ്ധിക്കാൻ തുടങ്ങി. അടുത്തിരിക്കുന്ന അവനാണെങ്കിൽ ഒരക്ഷരം മിണ്ടാതെ വായടച്ച് ഇരിപ്പാണ്. അതോടെ നിൽക്കുന്നവൾ ഒറിജിനൽ ഭദ്രകാളിയുടെ ഡ്യൂപ്പായി രൂപാന്തരപ്പെട്ട് വായിലുള്ള നാവ് നീട്ടിയിട്ട് വെടിയുതിർക്കാൻ തുടങ്ങി,
“നിനക്കെന്താ ഈയാളുടെ അടുത്തുന്ന് എഴുന്നേൽക്കാനൊരു മടി? അവിടെയിരിക്കേണ്ടത് ഞാനാണ്”
“ഞാനിവിടെ ആളില്ലാത്ത സീറ്റിലിരുന്നിട്ട്, നീയെന്താടി പറയുന്നത്?”
“അതേയ്, ഇതെന്റെ കെട്ടിയോനാണ്, അയാളുടെ അടുത്ത് നീയങ്ങനെ ഇരിക്കേണ്ട. അവിടെയിരിക്കാനിപ്പോൾ ഞാനുണ്ട്”
അപ്പോൾ അതാണ് കാര്യം,, എന്റെ അടുത്തിരിക്കുന്ന ചെറുപ്പക്കാരൻ ഓളെ കെട്ടിയോനാണ് പോലും! അപ്പോൾപിന്നെ,, അവൾക്ക് ചൊറിച്ചിൽ വരാതിരിക്കുമോ?

   പെട്ടെന്ന് ഞാൻ ഞാനായി മാറി, അവളുടെ അമ്മയുടെ പ്രായമുള്ള എന്നോടാണോ ഇങ്ങനെയൊരു ഡയലോഗ്,,,
“എടീ, നിന്റെ കെട്ടിയോനൊക്കെ നിന്റെ വീട്ടില്; ഇത് നാട്ടുകാരെല്ലാം കയറുന്ന ബസ്സാണ്. ഇതിനകത്ത് ഒഴിവുള്ള ഏത് സീറ്റിലും ഞാനിരിക്കും. അടുത്ത് ഞാനിരുന്ന‌പ്പോഴാണോ ഇവൻ നിന്റെ കെട്ടിയോനായത്? നീ പോയി കേസ് കൊടുക്ക്”
ആ നേരത്തും മിണ്ടാതെതെയിരിക്കുന്ന അവന്റെ കൂടുതൽ അടുത്ത് ഞാനിരുന്നു. കിളിയുടെ മണിയടി കേട്ടതോടെ ബസ്സ് ഓടാൻ തുടങ്ങി.
*******