31.3.09

3. കുടുംബാസൂത്രണവും കുട്ടികളുടെ എണ്ണവും



കുട്ടികള്‍ക്ക് ബാലവാടികള്‍ പോലെയാണ് വൃദ്ധജനങ്ങള്‍ക്ക് വയോജന കേന്ദ്രങ്ങള്‍. എന്റെ നാട്ടുകാരായ അറുപത് വയസ്സ് കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും മാസത്തില്‍ ഒരു ദിവസം അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ ഒത്ത് ചേരും. അവിടെ വെച്ച് ആടുകയും പാടുകയും കഥ പറയുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്ത് ചെറുപ്പക്കാ‍രായി വീട്ടിലേക്കു തിരിച്ച് പോവും. അങ്ങനെയുള്ള ഒരു വയോജന കൂട്ടായ്മയില്‍ ഒരു ദിവസം എഴുപത് കഴിഞ്ഞ ഒരാള്‍ പങ്കു വെച്ച പൂര്‍വ്വകാല അനുഭവമാണിത്.
കഥാനായകന്റെ കല്ല്യാണം കഴിഞ്ഞു. ഭാര്യയെ നേരാംവണ്ണം കാണാനും സംസാരിക്കാനും കഴിഞ്ഞത് ഒരാഴ്ച കഴിഞ്ഞാണ്. അന്നു രാത്രി രണ്ടുപേരും തട്ടിന്‍പുറത്തുള്ള മുറിയിലെ പത്തായത്തിനു മുകളില്‍ ആദ്യമായി ഒന്നിച്ച് ഉറങ്ങാന്‍ കിടന്നു. അങ്ങനെ കിടക്കുമ്പോള്‍ ഭാര്യക്ക് ഒരു സംശയം.
“നമുക്ക് ഒരു കുട്ടി ഉണ്ടായാല്‍ എവിടെ കിടത്തും?“
“ഓ അതാണോ കാര്യം, ഇവിടെ നമ്മുടെ ഇടയില്‍ കിടത്താമല്ലോ". അയാള്‍ മറുപടി പറഞ്ഞ് കൊണ്ട് അല്പം അകന്നു മാറി കിടന്നു.
”അപ്പോള്‍ രണ്ട് മക്കളുണ്ടായാലോ?” അവള്‍ വീണ്ടും ചോദിച്ചു.
“അതിനുമാത്രം സ്ഥലം ഈ പത്തായത്തിലുണ്ടല്ലോ”. ഇതും പറഞ്ഞ് കുറച്ച് കൂടി അകന്നു മാറി കിടന്നു.
“ദേ, ഒരു സംശയം കൂടി”.
“എന്താടി പറഞ്ഞുതൊലയ്ക്ക്”.
“അത് പിന്നെ നമ്മക്ക് കുട്ടികള്‍ മൂന്നായാലോ?”
“മൂന്നായാല്‍ പിന്നെ എന്താ ഈ പത്തായത്തില്‍ തന്നെ നമ്മുടെ ഇടയ്ക്ക് കിടത്താന്‍ സ്ഥലമുണ്ടല്ലോ”.
ഇതും പറഞ്ഞ് അയാള്‍ കുറച്ച് കൂടി അകന്നു മാറി, തുടര്‍ന്ന് പത്തായത്തിന്റെ അറ്റത്ത് എത്തി താഴേക്ക് ഒറ്റ വീഴ്ച !!!!!.....
അന്ന് ആ വീഴ്ചയില്‍ വലിയ അപകടം ഒന്നും സംഭവിച്ചില്ലെങ്കിലും രണ്ട് പേരും തീരുമാനിച്ചു ‘കുട്ടികള്‍ രണ്ട് മതി’. അങ്ങനെ കുടുംബാസൂത്രണത്തിനോട് സഹകരിച്ച് രണ്ട് മക്കളും പേരമക്കളും ചേര്‍ന്നതാണ് അവരുടെ മാതൃകാകുടുംബം.

25.3.09

2. നിങ്ങള്‍ പറഞ്ഞത് പോലെ ചെയ്യാം--ശിക്ഷിക്കപ്പെടാം

നിങ്ങള്‍ പറഞ്ഞത് പോലെ ചെയ്താല്‍???

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തണമെന്ന് നമ്മുടെ സര്‍ക്കാറിനു പലപ്പോഴും തോന്നാറുണ്ട്. ഈ നിലവാരം ഉയര്‍ത്തുന്നത് പല തരത്തിലാണ്. ചിലപ്പോള്‍ അദ്ധ്യാപകരുടെ നിലവാരം ഉയര്‍ത്തും. മറ്റു ചിലപ്പോള്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്തും. എന്നാല്‍ അപൂര്‍വ്വമായി അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നിലവാരം ഉയര്‍ത്തണമെന്ന് തോന്നും. അങ്ങനെ അപൂര്‍വ്വമായ അദ്ധ്യാപക-വിദ്യാര്‍ത്ഥി നിലവാരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം.
…സര്‍ക്കാരിന്റെ സ്വന്തം ചെലവില്‍ നിര്‍മ്മിച്ച, സര്‍ക്കാര്‍ തന്നെ അദ്ധ്യാപക നിയമനം നടത്തി ശമ്പളം കൊടുക്കുന്ന,,,മാതൃഭാഷയില്‍ പഠനം നടത്തുന്ന, ഗ്രാമപ്രദേശത്തെ മാതൃകാവിദ്യാലയത്തിലെ മാതൃക അല്ലാത്ത അദ്ധ്യാപികയാണ് ഞാന്‍
-ഗവണ്മേന്റ് ഹൈ സ്ക്കൂള്‍ ടീച്ചര്‍-
ഓ;;;മാതൃക ആവാത്തതോ??..അതിന്റെ കാരണങ്ങള്‍ ധാരാളം ഉണ്ട്……..
  1. എന്റെ സ്വന്തം കുട്ടികളെ ഞാന്‍ ജോലി ചെയ്യുന്ന സ്വന്തം സ്ക്കൂളില്‍ മാതൃഭാഷയില്‍ പഠിക്കാന്‍ വിടുന്നു.
  2. സ്വന്തം കുട്ടികളെ പഠിപ്പിക്കാനായി പരീക്ഷാസമയത്ത് മുങ്ങിയും ലീവെടുത്തും വീട്ടിലിരിക്കാറില്ല.
  3. വൈകിമാത്രം സ്ക്കൂളില്‍ വരികയും നേരത്തെ പോവുകയും ചെയ്യുന്നില്ല.
  4. ശമ്പളവര്‍ദ്ധനവ്, ഡി.എ., ടി.എ., അലവന്‍സ്, അറിയേര്‍സ്,എച്ച്.ആര്‍.എ., തുടങ്ങിയ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല.
  5. കൂടുതല്‍ സമയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചെലവഴിക്കുന്നു.
  6. സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോള്‍ നുണപറയുന്നതിനു പകരം പഠനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.….
  7. ഇനിയും എല്ലാം പറഞ്ഞാല്‍ ബ്ലോഗ് നിറയും-നിര്‍ത്തുന്നു.

അങ്ങനെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തൊരുമിച്ച് നിലവാരം ഉയര്‍ത്തുന്ന ഒരു കാലം,,.ഇടയ്ക്കിടെ ടീച്ചേര്‍സിനു പരിശീലന ക്ലാസ്സുകള്‍, മുകളില്‍ നിന്നുള്ള പരിശോധനകള്‍. എല്ലാംകൊണ്ടും അന്തരീക്ഷത്തിനു ഒരു പുത്തന്‍ ഉണര്‍വ്. കുട്ടികള്‍ക്കു കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കി അവരുടെ ശേഷി വര്‍ദ്ധിപ്പിക്കുക. എനിക്കു കിട്ടിയത് 8 A ക്ലാസ്സിന്റെ ചാര്‍ജ്ജ്.

:—പഠിപ്പിക്കുന്ന വിഷയങ്ങള്‍…!!! ഫിസിക്സ്, കെമിസ്ട്രി, ബയോളജി ,,, ക്ലാസ്സിലെ കുട്ടികളെ എല്ലാം കൊണ്ടും ഒരു വിധം ശരിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജില്ലയില്‍ നിന്നുള്ള പരിശോധകര്‍ ഇടയ്ക്കിടെ വരാറുണ്ട്.

അന്നൊരു വെള്ളിയാഴ്ച,,,,പത്താം ക്ലാസ്സില്‍ പരിണാമം ചര്‍ച്ച ചെയ്യുമ്പോഴാണ് ഹെഡ് മിസ്ട്രസ്സിന്റെ വിളി…ഓഫീസിലെത്താന്‍…ആരോ ഒരു ഓഫീസര്‍ തിരുവനന്തപുരത്തുനിന്നും ക്ലാസ്സ് പരിശോധിക്കാന്‍ വന്നിട്ടുണ്ട് …ഓഫീസിലെത്തിയ ഞാന്‍ കണ്ടത് ഒരു പുതുമുഖത്തെയാണ്—കറുത്ത് മെലിഞ്ഞ് ഉയരം കുറഞ്ഞ പുരുഷന്‍ കസേരയില്‍ ഇരിക്കുന്നു,അകമ്പടിക്കാരായി രണ്ടു പേര്‍ രണ്ടു വശത്തായി നില്‍ക്കുന്നു..

അവരുടെ മുന്നിലിരുന്ന് പരുങ്ങുന്ന ഹെഡ്ടീച്ചര്‍ എന്നോടായി പറഞ്ഞു,

“ടീച്ചറെ നിങ്ങളുടെ ക്ലാസ്സിലെ നിലവാരവും പഠനരീതികളും ഒന്ന് പറഞ്ഞു കൊടുക്കൂ”,,, എച്ച്.എം.ആകെ ഭയന്നിരിക്കുകയാണ് –വന്നത് ആരെന്നോ എവിടെ നിന്നാണെന്നോ പറഞ്ഞില്ല. ഇതിനിടയില്‍ മലയാളം പഠിപ്പിക്കുന്ന തിരുവനന്തപുരത്തുകാരനായ പിള്ളമാഷ് കൂടി അവിടെ എത്തിയപ്പോള്‍ എനിക്കു ധൈര്യം വന്നു.എന്റെ പ്രവര്‍ത്തനങ്ങള്‍ പറയാനുള്ള അവസരമല്ലേ,

ഞാന്‍ തുടങ്ങി “എന്റെ ക്ലാസ്സിലെ 43 കുട്ടികളുടേയും വീടുകള്‍ സന്ദര്‍ശ്ശിച്ച ശേഷം……….”എന്റെ വിവരണം പകുതിയായപ്പോള്‍ ഓഫീസര്‍ നിര്‍ത്താന്‍ പറഞ്ഞു.
“നിങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം എഴുതിയ ടീച്ചിങ്ങ് നോട്ട് കാണിക്കൂ. എനിക്കു അത് കണ്ടാല്‍ മതി.” ചുരുക്കത്തില്‍ രേഖകള്‍ മാത്രം മതിയെന്ന്.

“സര്‍ അത് എന്റെ ക്ലാസ്സില്‍ വന്ന് പരിശോധിച്ചാല്‍ മനസ്സിലാക്കാം. പാഠഭാഗങ്ങള്‍ മാത്രമേ ടീച്ചിങ്ങ് നോട്ടില്‍ എഴുതാറുള്ളു“.

“അത് മാത്രം എഴുതിയാല്‍ പോരാ; നിത്യേന ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നോട്ടില്‍ എഴുതണം.അല്ലാതെ ഇങ്ങനെ ചെയ്താലൊന്നും പ്രയോജനമില്ല.………”. പിന്നീട് ഉപദേശങ്ങളുടെയും ആജ്ഞകളുടെയും പെരുമഴയാണ്.
എല്ലാം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, “സര്‍, ഇനിയങ്ങോട്ട് നിങ്ങള്‍ പറഞ്ഞത് പോലെ എഴുതാം”.
എന്റെ മറുപടി ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കണം ഓഫീസര്‍ ഹെഡ്ടീച്ചറോടായി അല്പം ദേഷ്യത്തോടെ പറഞ്ഞു,“ഈ ടീച്ചര്‍ കുട്ടികള്‍ക്കായി ഒന്നും ചെയ്യുന്നില്ല. ഒന്നും ശരിയല്ല”.
“സര്‍ അത് ക്ലാസ്സില്‍ പോയി നോക്കിയാല്‍ അറിയാന്‍ കഴിയും. ഈ സ്ക്കൂളിലെ ഏറ്റവും നല്ല ക്ലാസ്സ് ടീച്ചറുടേതാണ്”. ഹെഡ് മിസ്ട്രസ്സ് എന്റെ ഭാഗം ചേര്‍ന്നു. ഇതെല്ലാം കണ്ടുനില്‍ക്കുന്ന പിള്ളസാര്‍ മുന്നോട്ട് വന്ന് ഓഫീസറെ വണങ്ങി.

“സര്‍ ഞാന്‍ ഇവിടത്തെ മലയാളം അദ്ധ്യാപകനാണ്, ഭാഷ പഠിപ്പിക്കുമ്പോള്‍ ഒരു പ്രശ്നമുണ്ട്, അത് പരിഹരിച്ചാല്‍ നന്നായിരിക്കും”.

“പറയൂ ഞാന്‍ പരിഹരിക്കാന്‍ നോക്കാം”.

“അത് സാര്‍ ഇപ്പോള്‍ മലയാളം പാഠപുസ്തകത്തില്‍ സമാസം പഠിപ്പിച്ച ശേഷമാണ് സന്ധി പഠിപ്പിക്കേണ്ടത്; അത് മാറ്റി സന്ധിക്കു ശേഷം സമാസമാക്കിയാല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ എളുപ്പമായിരിക്കും”.പിള്ളമാഷ് താണുവണങ്ങി പറഞ്ഞു.
“ഇതു നല്ല നിര്‍ദ്ദേശമാണ്, ഉടനെ മാറ്റം വരുത്താം. ഞാന്‍ തിരുവനന്തപുരത്ത് എത്തിയ ഉടനെ ഈ അഭിപ്രായം പറഞ്ഞ മാസ്റ്റര്‍ക്കു ഒരു അവാര്‍ഡിനു വേണ്ടി റക്കമന്റ് ചെയ്യുന്നുണ്ട്.എന്നാല്‍ ഈ ടീച്ചര്‍ക്കെതിരായി നടപടി വേണം, തീരെ ശരിയല്ല”.

അങ്ങനെ പരിശോധന കഴിഞ്ഞപ്പോള്‍ രണ്ട് നിര്‍ദ്ദേശം ഉണ്ടായി.

  1. സമാസവും സന്ധിയും നന്നായി പഠിപ്പിക്കുന്ന സാറിന് ഒരു അവാര്‍ഡ് കൊടുക്കണം.
  2. സ്ക്കൂളില്‍ പഠിപ്പിക്കാന്‍ അറിയാത്ത,ഓഫീസറെ ബഹുമാനിക്കാന്‍ അറിയാത്ത, നിങ്ങള്‍ എന്നു വിളിച്ച് അപമാനിച്ച ടീച്ചറെ ശിക്ഷിക്കണം.ചുരുങ്ങിയത് ഒരു പണിഷ് മെന്റ് ട്രാന്‍സ് ഫര്‍ എങ്കിലും കൊടുക്കണം.
    എന്നാല്‍ കാത്തിരുന്നത് പോലെ ഒന്നും സംഭവിച്ചില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ സംശയങ്ങള്‍ ബാക്കിയാണ്
    .

***ഞങ്ങള്‍ കണ്ണൂരില്‍ വെച്ച് ബഹുമാനസൂചകമായി നിങ്ങളെ നിങ്ങള്‍ എന്നു വിളിച്ചപ്പോള്‍ അത് തിരുവനന്തപുരത്ത്കാരായ നിങ്ങള്‍ക്ക് എങ്ങനെ അപമാനമായി????

10.3.09

1. രാമചരിതം


രാമചരിതം

രാമന്‍…..ഇത് പുരാണത്തിലെ ശ്രീരാമനല്ല…..എന്റെ അടുത്ത വീട്ടിലെ രാമേട്ടനാണ്…..ഞങ്ങള്‍ രാമാട്ടാ എന്നു വിളിക്കും. പാവം 10 വര്‍ഷം മുന്‍പ് മരിച്ചു പോയി. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ഭാര്യ ദേവിയും മരിച്ചു. മക്കള്‍ ഇല്ല. ഇതെല്ലാം പറയുന്നത് ജീവിച്ചിരിക്കുമെങ്കില്‍ അയാള്‍ ഈ ബ്ലോഗ് വായിച്ച് എന്നെ വഴി തടയും എന്നു പേടിച്ചിട്ടല്ല. കമ്പ്യൂട്ടര്‍ സാക്ഷരത നേടിയാലും അയാള്‍ എന്റെ ബ്ലോഗ് വായിക്കില്ല. കാരണം കക്ഷിക്കോ ഭാര്യ ദേവിക്കോ വായിക്കാന്‍ അറിയില്ല. …
<നിരക്ഷര കുടുംബം>
പണ്ട് സാക്ഷരതാ ജ്വരം പിടിപെട്ട കാലത്ത് പഠിപ്പിക്കാന്‍ വന്ന പെണ്‍കുട്ടിയോട് രാമാട്ടന്‍ പറഞ്ഞു…” ഈ വയസ്സുകാലത്ത് എഴുതാനൊക്കെ പഠിച്ചിട്ട് പ്രേമലേഖനമൊന്നും എഴുതി തരാന്‍ എന്നെക്കൊണ്ടാവില്ല കുട്ടീ“…

സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശം. ഭക്ഷണത്തിനുള്ള വകയെല്ലാം നാട്ടുകാര്‍ കൃഷി ചെയ്ത് ഉണ്ടാക്കാറാണ് പതിവ്. രാമാട്ടന് അന്ന് നാല്പത്തി എട്ടും ദേവിക്ക് മുപ്പത്തി അഞ്ചും പ്രായം. രണ്ടു പേര്‍ക്കും കൃഷിപ്പണി. ഭാര്യ ദേവിക്ക് സ്വന്തമായി ധാരാളം വയലുകളും തെങ്ങിന്‍ പുരയിടവും ഉള്ളതിനാല്‍ കല്ല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ രണ്ടു പേരും ഭാര്യവീട്ടിലാണ് താമസം. ഓ ഒരു കാര്യം വിട്ടുപോയി. അവരുടെ വീട്ടില്‍ രണ്ട് പേരും കൂടാതെ ദേവിയുടെ എണ്‍പത് വയസ്സു കഴിഞ്ഞ അമ്മയും ഉണ്ട്.
രാമേട്ടനും ദേവിക്കും ഒരു പ്രധാന ദുഖം ഉണ്ട്….കല്ല്യാണം കഴിഞ്ഞു പത്തു വര്‍ഷമായിട്ടും കുട്ടികളില്ല…. അയല്‍ക്കാരുടെ ഉപദേശപ്രകാരം അമ്പലങ്ങളിലും ആശുപത്രികളിലും ധാരാളം പണം ചെലവാക്കി. രാമാട്ടന്റെയും ദേവിയുടെയും ‘കുട്ടികളില്ലെന്ന‘ പരാതി കേട്ട് നാട്ടിലെ ചെറുപ്പക്കാര്‍ പരിഹസിക്കാന്‍ തുടങ്ങി.

ഒരു ദിവസം വീട്ടില്‍ വന്ന രാമാട്ടനോട് കണ്ണൂര്‍ ആശുപത്രിയില്‍ പുതിയതായി ഒരു ഗൈനക്കോളജിസ്റ്റ് വന്നിട്ടുണ്ടെന്നും നാളെ രാവിലെതന്നെ ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ആശുപത്രിയില്‍ പോയാല്‍ അവരുടെ ചികിത്സകൊണ്ട് കുട്ടികളില്ലാത്ത പ്രശ്നം പരിഹരിക്കപ്പെടുമെന്നും എന്റെ അച്ചന്‍ പറഞ്ഞു. ഇതു കേട്ട് വളരെ സന്തോഷത്തോടെ രാമാട്ടന്‍ അവരുടെ വീട്ടിലേക്കു പോയി.

പിറ്റേ ദിവസം വൈകുന്നേരമാണ് രാമാട്ടനെയും ദേവിയേയും കാണുന്നത്. അവര്‍ എവിടെയോ യാത്ര പോവുകയാണ്. നാല് സഞ്ചികളിലായി വസ്ത്രങ്ങളും അവശ്യസാധനങ്ങളും കുത്തി നിറച്ചിട്ടുണ്ട്. വീട്ടിനു മുന്നിലൂടെ നടന്നു പോകുന്ന മാതൃകാ ദമ്പതികള്‍ അച്ചനെ കണ്ട് മുന്നോട്ട് വന്നു. അവരെ ഈ വേഷത്തില്‍ കണ്ട അച്ചന്‍ അമ്പരന്നു.

“അല്ല രാമാ വയസ്സായ അമ്മയെ തനിച്ചാക്കി നിങ്ങള്‍ എവിടെയാ പോകുന്നത്?“

“ മാഷ് പറഞ്ഞത് പോലെ രാവിലെ ഡോക്റ്ററെ കണ്ടപ്പോള്‍ പറഞ്ഞതാ”.

“ എന്ത്? വീടു വിട്ടിറങ്ങണമെന്നോ?”

“ സ്വന്തം വീട്ടില്‍ പോയി താമസ്സിക്കണമെന്ന് പറഞ്ഞു,എന്നാലേ കുട്ടികളുണ്ടാവൂ”.രാമേട്ടന്‍ അല്പം ദേഷ്യത്തോടെ പറഞ്ഞു.

“അതെന്തെ രാമാ‍ അങ്ങനെ പറയാന്‍?.

“മാഷ് അറ്യേണ്ടതാണ്, ഈ ഡോക്റ്ററ് മാരുടെ ഓരോ കാര്യം. അവര്‍ പരിശോദിക്കലൊന്നും നടത്തീട്ടില്ല, ഓരോ കാര്യങ്ങള്‍ ചോദിച്ചു, പിന്നെ എന്റെ വീട്ടില്‍ പോയി താമസ്സിക്കാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ താമസം മാറ്റുവാ”…

“ഡോക്റ്ററ് എന്തൊക്കെയാ ചോദിച്ചത്?”

“ഇവളോട് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണോ താമസ്സിക്കുന്നതെന്ന് ചോദിച്ചു,…അതിനവള്‍ സത്യം പറഞ്ഞു….“രാമേട്ടന്‍ അല്പം പരുങ്ങലോടെ പറഞ്ഞു.

ഇത്രയും സമയം എല്ലാം കെട്ടുനില്‍ക്കുന്ന ദേവി ഇടക്കു കയറി വന്നു.
“ഞാനെന്റെ സ്വന്തം വീട്ടിലാ താമസ്സിക്കുന്നതെന്ന് പറഞ്ഞപ്പോഴാ മാഷേ ആ ഡാക്കിട്ടറ് പറേന്നത് ഭര്‍ത്താവിന്റെ വീട്ടില്‍തന്നെ കുറേക്കാലം നിക്കണന്ന്. എന്നാലേ കുട്ട്യോളുണ്ടാവൂന്ന്… വയസ്സായ അമ്മ ഒറ്റക്കാണെന്നു പറഞ്ഞിട്ടൊന്നും ഈയാള്‍ സമ്മതിക്കണില്ല“.
“അപ്പോള്‍ രാമാ നീ ഭാര്യവീട്ടിലാണ് താമസമെന്ന് ഡോക്റ്ററോട് പറ്ഞ്ഞില്ലേ?”അച്ചന്‍ സംശയം ചൊദിച്ചു.

“അതെങ്ങനാ മാഷേ, ഭാര്യവീട്ടില്‍ തമസ്സിക്കുന്നത് നമ്മള്‍ ആണുങ്ങള്‍ക്ക് നാണക്കേടല്ലെ. ഞാനെന്റെ സ്വന്തം വീട്ടില്‍ താമസിക്കുന്നതായി ഡോക്റ്ററോട് പറഞ്ഞു. ഏതായാലും ഒരു കുട്ടി ആയാലേ ഇനി ഇവളുടെ വീട്ടിലേക്കുള്ളൂ ”

അങ്ങനെ ആ മാതൃകാ ദമ്പതികള്‍ ഇടവഴിയിലൂടെ-വയല്‍ വരമ്പിലൂടെ നടന്നുനീങ്ങി.

ഇതോടെ രാമചരിതം ഒന്നാം ഭാഗം സമാപിക്കുന്നു.