16.12.17

പ്രണയപരവശനായ്          പൊടിപൊടിച്ച മൊബൈൽ പ്രേമത്തിന്റെ ഒടുവിൽ അവളെ സ്വന്തമാക്കാൻ അവൻ തയ്യാറായി. വലിയവീടും അനേകം വാഹനങ്ങളുമുള്ള വീട്ടിൽ ജീവിച്ചവൾ ഇനിയങ്ങോട്ട് ജോലിയും കൂലിയും ഇല്ലാത്തവന്റെ ഭാര്യയായി ചെറ്റക്കുടിലിൽ ജീവിക്കാൻ തയ്യാറായിരിക്കുന്നു,, അതാണ് പ്രേമത്തിന്റെ ശക്തി. എല്ലാം അറിഞ്ഞുകൊണ്ട് അവനെ പ്രേമിക്കുന്നവളെ പോലെയാവണം പെൺ‌കുട്ടികൾ. ഏതുനേരത്തും ഇറങ്ങിവരാൻ തയ്യാറാണെന്ന് പലതവണ പറഞ്ഞതാണല്ലൊ,,,


          അവളുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ ദേഹമാസകലം ഒരു വിറയൽ പടർന്നുകയറി. കൊട്ടാരം പോലുള്ള വീടിനുമുന്നിൽ ചലിക്കുന്ന ചെറിയകൊട്ടാരം പോലുള്ള മൂന്ന് വണ്ടികൾ നിർത്തിയിട്ടുണ്ട്. ഏത് വണ്ടിയിലായിരിക്കും അവൾ വരുന്നത്?

അവൻ മൊബൈൽ തുറന്ന് ക്ലിക്കി,

“ഹലോ,, രാജി ഇത് ഞാനാ നിന്റെ അനിക്കുട്ടൻ,,”

“ഡാ കുട്ടാ, നീയിപ്പം എവിടെയാ?”

“ഞാനിപ്പം നിന്റെ വീടിന്റെ എതിർ‌വശത്തുള്ള പെട്ടിക്കടയുടെ അടുത്തുണ്ട്, നീയെപ്പൊഴാ വരിക?”

“ഞാനിതാ പുറപ്പെടുകയായി”

“പിന്നെ വീട്ടുകാരൊന്നും അറിയില്ലല്ലൊ”

“വീട്ടിലിപ്പം പ്രായമായ മുത്തശ്ശി മാത്രമേയുള്ളു,,, നീയവിടെ നിന്നോ, ഞാനെത്തി,,”

“പിന്നെ നീയെല്ലാം എടുത്തിട്ടില്ലെ?”

“അതുപിന്നെ എനിക്കുള്ളതെല്ലാം എടുത്തിട്ടുണ്ട്, ഇവിടെയെന്തിനാ വെക്കുന്നത്?”

“നമുക്ക് നാളെത്തന്നെ വിവാഹം രജിസ്റ്റർ ചെയ്യാം”

“അതുതന്നെയാ എന്റെയും അഭിപ്രായം, ആരെയും പേടിക്കണ്ടല്ലൊ”


        വീട്ടിലേക്ക് നോക്കിയിരിക്കെ അവൾ വരുന്നതു കണ്ടപ്പോൾ അവന്റെ ഹൃദയം പടപടാന്ന് അടിക്കാൻ തുടങ്ങി. ‘സ്വന്തമായൊരു വീടോ ബന്ധുക്കളൊ ഇല്ലാത്തവൻ കോടീശ്വരിയായി ജീവിച്ച പെൺകുട്ടിയെ എങ്ങനെയാണ് പോറ്റുക’യെന്ന ചിന്ത ഉയർന്നപ്പോൾ അവനാകെ അങ്കലാപ്പിലായി. കൊട്ടാര സമാനമായ വീട്ടിൽ കോടീശ്വരിയായി ജീവിച്ചവൾക്ക് തന്നെപ്പോലുള്ള പാവപ്പെട്ടവന്റെ ഭാര്യയായി ജീവിക്കാനാവുമോ? മനസ്സുകൾ തമ്മിലുള്ള മറയില്ലാത്ത പ്രേമം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവും എന്നവൻ ആശ്വസിച്ചുകൊണ്ടിരിക്കെ വിടർന്ന ചിരിയുമായി അവൾ വന്നു,

“ചെക്കാ, നീ വന്നിട്ട് കൊറേ നേരായോ?”

അവളെ നോക്കിയിരെക്കെ മറുപടി പറയാൻ മറന്നു,

“നീയെന്താടാ മിണ്ടാത്തെ? വാ?”

“എങ്ങോട്ട്?”

“നിന്റെ വീട്ടിലേക്ക്,, നീയല്ലെ പറഞ്ഞത് നിന്റമ്മക്ക് എതിർപ്പൊന്നും ഇല്ലെന്ന്,,”

“ശരി പോകാം,, എല്ലാം എടുത്തിട്ടില്ലെ?”

     മറുപടിയായി ഇടതു കൈയിലെ കനമുള്ള ബാഗ് കൊടുത്തപ്പോൾ അവനത് വലത്തെ ചുമലിലിട്ടു. എന്തൊക്കെയോ കുത്തിനിറച്ച ലേഡീസ് ബാഗുമായി മുന്നിൽ നടക്കുന്ന അവളെ കേശാദിപാദം അവൻ നിരീക്ഷിച്ചു. അവളാകെ അണിഞ്ഞത് സാധാരണ കാണാറുള്ള കമ്മലും ചെറിയൊരു മാലയും മാത്രം. അപ്പോൾ മറ്റുള്ള സ്വർണ്ണമൊക്കെ ബാഗിനകത്ത് ആയിരിക്കും അതാണവൾ മുറുകെ പിടിച്ചിട്ടുള്ളത്, കുറഞ്ഞത് നൂറ് പവനെങ്കിലും ഉണ്ടാവും. പിന്നെ പണമൊക്കെ ഭാരമുള്ള ഈ ബാഗിനകത്തായിരിക്കും. ഭാവിയിൽ അടിച്ചുപൊളിച്ചു ജീവിക്കാനുള്ളതൊക്കെ എടുത്തിട്ടുണ്ടാവുമല്ലൊ. വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാനാ‌വണം ആഭരണമൊന്നും അണിയാഞ്ഞത്. എന്നാലും കോടീശ്വരിയായ പെൺകുട്ടി ഇനിയങ്ങോട്ട് കുടിലിലാണല്ലൊ ജീവിക്കേണ്ടത് എന്നോർക്കുമ്പോൾ,,, അതാണല്ലൊ പ്രേമത്തിന്റെ ശക്തി. അവൻ ചോദിച്ചു, 

“എന്റെ ചക്കര ഇറങ്ങിയത് വീട്ടിലാരും അറിഞ്ഞില്ലല്ലൊ,,”

“പിന്നെ അറിയാതെ എങ്ങനെയാ?”

“ആരെങ്കിലും അന്വേഷിച്ച് വന്നാൽ കുഴപ്പമാവില്ലെ?”

“എന്തു കുഴപ്പം?”

“പോലീസിൽ അറിയിച്ചാലോ?”

“പോലീസിനെ അറിയിക്കേണ്ടതില്ലല്ലൊ, കണക്കുപറഞ്ഞ് ഒഴിവായിട്ടാണ് ഞാനിറങ്ങിയത്”

“അപ്പോൾ ഇനി?”

“ഇനി നിന്റെ വീട്ടിൽ പോകാം, എന്നിട്ട് വിവാഹം കഴിക്കാമല്ലൊ”

“എന്നാലും നിന്റെ വീട്ടുകാർ അന്വേഷിച്ച് വന്നാലോ? പൊന്നും പണവുമൊക്കെ എടുത്തിട്ട്?”

“അന്വേഷിച്ചു വരാൻ മാത്രം ബന്ധുക്കളാരും എനിക്കില്ല. പിന്നെ പണമൊക്കെ അവിടെന്ന് ഇറങ്ങുമ്പോൾ കണക്കുപറഞ്ഞ് വാങ്ങിയ എന്റെ സ്വന്തം പണമാണ്”

“കണക്കു പറഞ്ഞ് വാങ്ങാനോ? അതെങ്ങനെയാ വീട്ടുകാർ സമ്മതിച്ചൊ?”

“കണക്കെല്ലാം പറഞ്ഞിട്ട് ഒഴിവായതുകൊണ്ട് അടുക്കളപ്പണി ചെയ്യാനായി അവർ മറ്റൊരു ഹോം‌‌നേഴ്സിനെ വിളിക്കും. നമുക്ക് നമ്മുടെ കാര്യം”

“ഹോം‌‌‌നേഴ്സ്??”

“ഹോം‌‌‌നേഴ്സിനിപ്പോൾ നല്ല ഡിമാന്റാണ്. കല്ല്യാണത്തിനുശേഷം നിനക്കിഷ്ടമാണെങ്കിൽ മറ്റേതെങ്കിലും വീട്ടിൽ ഹോം‌നേഴ്സായി എനിക്ക് പോകാമല്ലൊ”

“അപ്പോൾ ഈ ബാഗിലൊക്കെ?”

“ബാഗിനകത്തുള്ളത് എന്റെ ഡ്രസ്സ്,, എടാ നീയെന്താ വിചാരിച്ചത്?”

“ഒന്നുമില്ല,, ഞാനിവിടെയൊന്ന് ഇരിക്കട്ടെ”

*******

19.7.17

പണം വരുന്ന വഴികൾ

                   സുഹൃത്തുക്കളുമൊത്ത് അതിമഹത്തായ സായാഹ്നം അടിച്ചുപൊളിച്ചശേഷം വീട്ടിലേക്ക് വന്ന അനിക്കുട്ടൻ വെളിയിലാരെയും കണ്ടില്ല. എപ്പോഴും വഴക്കുപറയുന്ന മമ്മി അറിയാതെ, കാണാതെ അവൻ അടുക്കളവാതിലിലൂടെ അകത്തുകയറി നേരെനടന്ന് സ്റ്റോർ‌മുറിയിൽ ഒളിച്ചിരുന്നു.
           അപ്പോഴാണ് അവനൊരു അടിപൊളി കാഴ്ച കണ്ടത്; ഡൈനിംഗ്‌റൂമിൽ മമ്മിയോടൊപ്പം പരിചയമില്ലാത്ത ഒരു പുരുഷൻ!!!

          ഇനിയെന്ത് ചെയ്യണമെന്ന് ചിന്തിച്ചിരിക്കെ ഗെയിറ്റുകടന്ന് വരുന്ന പപ്പയുടെ കാറിന്റെ ഹോണടിശബ്ദം. ആനിമിഷം മമ്മി വരാന്തയിലേക്ക് ഓടിയപ്പോൾ കൂടെയുള്ള ആൾ അകത്തേക്ക് ഓടിയിട്ട് നേരെ സ്റ്റോർ‌റൂമിൽ കടന്ന് ഒളിച്ചിരുന്നു. മങ്ങിയ വെളിച്ചം ശരിക്കും തെളിഞ്ഞ നേരത്ത് നേരെ മുന്നിൽ ഇരുന്നുകൊണ്ട്, തന്നെ നോക്കുന്ന അനിക്കുട്ടനെ കണ്ടപ്പോൾ അയാളൊന്ന് ഞെട്ടി,, ശരിക്കും ഞെട്ടി.,,
‘എന്റെ ദൈവമേ,,’

തലയിൽ കൈരണ്ടും വെച്ചുകൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു,
“മോനേ അനിക്കുട്ടാ, ചതിക്കല്ലെ,,, നിനക്കെന്തു വേണമെങ്കിലും തരാം”
“ഒന്നും വേണ്ട, പപ്പ വന്നു,,, ഞാൻ പുറത്തേക്ക് പോവുകയാ”
“അയ്യോ കുട്ടാ മുത്തേ,, ഞാനിവിടെയുള്ള കാര്യം പറയല്ലെ; മോനെത്ര പണം വേണം?”
“എത്ര തരും?”
“നൂറ്”
“വെറും നൂറോ? ഞാൻ പോവുകയാ”
“അങ്ങനെ പോവല്ലെ, ആയിരം തരാം”
“ആയിരം മാത്രമോ?”
“എന്നാൽ പതിനായിരം”
“ആർക്കുവേണം പതിനായിരം?”
“പിന്നെ എത്രവേണമെന്ന് എന്റെ കുട്ടൻ പറ”
“ഒരു ലക്ഷം”
“ഒരു ലക്ഷമോ?”
“ഒരു ലക്ഷത്തിന് ഒരു രൂപപോലും കുറയില്ല, ഇപ്പോൾ അഡ്‌വാൻസ് കൈയിലെത്രയുണ്ട്?”
“ഇപ്പോൾ പത്തായിരം തരാം,, മോന്റെ മമ്മിക്ക് കൊടുക്കാൻ കൊണ്ടുവന്നതാ”
“അപ്പോൾ ബാക്കി”
“ബാക്കി അടുത്തതവണ,, പണം തന്നിട്ട് തടി രക്ഷപ്പെടുത്താൻ നോക്ക്”

      ഏതാനും ദിവസങ്ങളായി അനിക്കുട്ടന്റെ അടിപൊളി ജീവിതം കണ്ടപ്പോൾ മമ്മിക്കും പപ്പക്കും സംശയം പെരുത്തു. ഈ ചെക്കനെന്ത് പറ്റി? അടിച്ചുപൊളിക്കാൻ ഇത്രമാത്രം പണം അവന്റെ കൈയിൽ എങ്ങനെ വന്നൂ,,,?
സംശയം പെരുകിയ മമ്മി പപ്പയോട് കല്പിച്ചു,
“എന്റെ കുട്ടന്റെ അച്ഛാ, നമ്മുടെ പൊന്നാരമോൻ പിഴച്ചുപോയോ എന്നൊരു സംശയം. നിങ്ങളൊന്ന് അവനെ ചോദ്യം ചെയ്ത് ഉത്തരം പിഴിഞ്ഞെടുത്താട്ടെ”
“ശരി ഭാര്യെ,, ഞാനവനെ ഉത്തരത്തിൽ കെട്ടിത്തൂക്കി ഉച്ചിയിൽ മുളകുപൊടി തേച്ചുപിടിപ്പിക്കാം. കൊച്ചു കുട്ടിയായിട്ടും അവന്റെ കൈയിൽ പണം വരുന്ന വഴികൾ അറിയണമല്ലൊ,,”

       മർദ്ദനമുറകൾക്കു മുന്നിൽ തൊപ്പിയിട്ട സ്വന്തം പിതാവ് അവനെ ആൾട്ടോയിൽ കയറ്റി യാത്രയായി,, നേരെ മനശാസ്ത്ര കൌൺസിലറുടെ അടുത്തേക്ക്,,,
പിതാവും പുത്രനും മുറിയിൽകടന്ന് ഇരുന്നശേഷം കൌൺസിലറെ നോക്കി,,,
കൌൺസിലർ അനിക്കുട്ടനെ ഒന്നു നോക്കിയതെ ഉള്ളു,,
തലയിൽ കൈവെച്ചുകൊണ്ട് പുറത്തേക്ക് ഓടുന്നതിനിടയിൽ അയാൾ വിളിച്ചുപറഞ്ഞു,
“എടാ ദുഷ്ടാ,, പത്തായിരം തന്നിട്ടും നീയെന്നെ ജീവിക്കാൻ അനുവദിക്കില്ലേ,,,”
***********************************************

7.4.17

ഉരലും ഉലക്കയും അയൽക്കാരിയും

            
         ഉച്ചകഴിഞ്ഞനേരത്ത് ചട്ടിയും കലവും ഉരച്ചുകഴുകി വെയിലത്ത് ഉണക്കാൻ വെച്ച് നിവർന്നു നോക്കിയപ്പോഴാണ് കാർത്ത്യായെനിയെ കണ്ടത്. കാർത്ത്യായെനി ആരാണെന്നോ? നമ്മുടെ അയൽ‌വാസിനിയാണ്,,, വിദ്യാഭ്യാസം തീരെയില്ലെങ്കിലും വിവരമുള്ളവൾ, ഒരുകലം ചോറ് ഒറ്റയിരിപ്പിന് തിന്നുന്നവൾ,,
മുറ്റത്ത് നിൽക്കുന്ന കാർത്ത്യായെനിയോട് അമ്മ ചോദിച്ചു,
“എന്തിനാ കാർത്തീ നട്ടുച്ചക്ക് വന്നത്? നീ ചോറ് ബെയിച്ചൊ?”
“ചോറെല്ലാം എപ്പളേ അകത്താക്കി,,”
“പിന്നെ നീയെന്തിനാ വന്നത്?”
“ഒലക്ക”
“ഒലക്കയെന്നോ? നിനക്കെന്നോട് എന്തും പറയാമെന്നായോ?”
“ഏടത്തീ ഞാൻ വന്നത് ഇവിടത്തെ ഒലക്കക്കാണ്; ഒലക്ക മാത്രമല്ല ഒരലും വേണം. കൊറച്ച് നെല്ല് കുത്താനുണ്ട്”
“അതിപ്പം നീ ഒറ്റക്ക് തലയില് വെച്ച് കൊണ്ടുപോവ്വോ?”
“അതൊക്കെ ഞാനെടുത്ത് കൊണ്ടുപോകാം. ഒലക്ക കൈയിൽ പിടിച്ചോളും”
“എന്നാല് ഒരല് പൊന്തിച്ച് തലയിൽ വെച്ചുതരാൻ മക്കളെ ആരെയെങ്കിലും വിളിക്കട്ടെ. എനിക്കാണെങ്കിൽ അത് നിലത്തിന്ന് ഉരുട്ടാനല്ലാതെ പൊന്തിച്ച് തലേൽ വെച്ചുതരാനാവില്ല”
                 അടുക്കളയുടെ മൂലയിൽ അമ്മ കാണിച്ചുകൊടുത്ത ഉരല് കാർത്ത്യായെനി ഉരുട്ടി വരാന്തയിൽ കൊണ്ടുവെച്ച് പൊടിയൊക്കെ തുടച്ചുമാറ്റി. ഒപ്പം ഉലക്കയെടുത്ത് അവൾക്ക് നൽകിയിട്ട് അമ്മ പറഞ്ഞു,
“നിനക്ക് ഒരലെടുത്ത് തലയിൽ വെക്കാൻ ഒറ്റക്ക് കഴിയില്ലല്ലൊ. അത് പിടിച്ചുയർത്താൻ മക്കളെ ആരെയെങ്കിലും വിളിക്കട്ടെ. അതുവരെ നീയിവിടെ ഇരിക്ക്”

                അമ്മ നേരെ പോയത് വരാന്തയിലിരുന്ന് റേഡിയോ വാർത്ത കേട്ടുകൊണ്ടിരിക്കുന്ന മൂത്ത മകനെ വിളിക്കാനാണ്,
“മോനേ അപ്രത്തെ കാർത്തിക്ക് നമ്മളെ ഒരല് വേണം‌‌പോലും. ഓള് തലയിൽ‌വെച്ച് കൊണ്ടുപോകും. അതൊന്ന് പൊന്തിച്ച് തലയില് വെക്കാൻ നീയൊന്ന് സഹായിച്ചാട്ടെ”
“അയ്യൊ അമ്മെ, കാർത്തിയേച്ചിയുടെ തലയില് ഉരല് വെക്കുമ്പം അവരെന്നെ നോക്കും. അതുകൊണ്ട് ഞാനില്ല”
               കൂടുതലൊന്നും പറയാതെ അമ്മ അകത്തേക്ക് പോയി; ചെറുപ്പക്കാരനായ മകനെയെങ്ങാനും കാർത്തി വലവീശി പിടിച്ചാലോ? അവളെക്കുറിച്ച് പലതും പറഞ്ഞുകേട്ടതാണ്.
അകത്തുവന്നപ്പോൾ കണ്ടത് പത്തായപുരയിലിരുന്ന് പഠിക്കുന്ന ഇളയ മകളെയാണ്, അതായത് എന്റെ അനുജത്തി. അമ്മ അവളോട് കാര്യം പറഞ്ഞു,
“മോളേ നീയൊന്നാ ഒരലു പിടിച്ച് ആ കാർത്തീന്റെ തലയില് വെച്ചുകൊടുത്താട്ടെ. അവളത് ഒറ്റക്ക് കൊണ്ടോവും എന്നാണ് പറയുന്നത്”
            അമ്മ പറയുന്നതുകേട്ട് അനുജത്തിയാകെ അമ്പരന്നു,, ഇത്രേം വലിയ കാർത്തീന്റെ തലയിൽ ഇത്രക്ക് ചെറിയവൾ ഉരലെടുത്ത് വെക്കാനോ? ഈ അമ്മക്കെന്ത് പറ്റീ!
“അയ്യോ എനിക്ക് ഒരലെടുത്ത് അനക്കാൻ പറ്റുമോ? അമ്മയെന്താ ഒന്നും അറിയാത്തതുപോലെ”               
                  അക്കാര്യം അമ്മ ഇപ്പോഴാണ് ഓർത്തത്, ഉരലെങ്ങാനും വീണിട്ട് മകളുടെ കാല് മുറിഞ്ഞാലോ? അവർ നേരെ ഇളയ മകന്റെ അടുത്തുവന്നു,
“മോനേ നീയൊന്ന് അടുക്കളപ്പൊറത്ത് വന്നിട്ട് ആ കാർത്തീന്റെ തലയിൽ ഒരല് വെക്കാൻ സഹായിച്ചാട്ടെ. അവൾക്കത് വേണം പോലും”
“നാളെ എനിക്ക് പരീക്ഷയാ,, അതിനെടയിലാ അമ്മേടെ ഒരലും ഒലക്കയും”

             പിന്നെയവിടെ നിന്നില്ല, നേരെ കോണികയറി മുകളിലെ മുറിയിൽ വന്നിട്ട് പഠനസഹായി വായിച്ചുപഠിക്കുന്ന എന്നോട് പറഞ്ഞു,
“അവരോടെല്ലാം പറഞ്ഞിട്ട് സഹായിക്കുന്നില്ല. ഒരല് പിടിക്കാൻ നീയൊന്ന് സഹായിച്ചാട്ടെ”
“ഒരല് പിടിക്കാനോ? അതിപ്പം എനിക്ക് പൊന്തുമോ?”
“നീ പൊന്തിക്കേണ്ട, കാർത്തി ഒരലെടുത്ത് തലേല് വെക്കുമ്പം നീയൊന്ന് കൈകൊടുത്താൽ മതി”
“അങ്ങനെ മതിയോ,, അവര് വന്നിട്ടുണ്ടോ?”
പുസ്തകം അടച്ചുവെച്ച് എഴുന്നേറ്റ ഞാനും അമ്മയും കോണിയിറങ്ങി താഴെവന്ന് വരാന്തയിലെത്തി. അവിടെ നോക്കിയപ്പോൾ കാർത്ത്യായെനി ഇല്ല, ഉരലും ഉലക്കയും ഇല്ല.
“അമ്മെ കാർത്തിയേടത്തിയെ കാണുന്നില്ലല്ലൊ”
“അവളിവിടെ ഉണ്ടായിരുന്നല്ലൊ,, ഇത്ര പെട്ടെന്നെവിടെയാ പോയത്?”
“അമ്മെടെ കാർത്തിയതാ ഉരലും തലയിലെടുത്ത് പോകുന്നു,,,”
ഇടതുകൈയിൽ ഉലക്കയും തലയിൽ ഉരലുമായ് ഇടവഴിയിലൂടെ നടന്നുപോകുന്ന കാർത്ത്യായെനിയെ നോക്കിയിരിക്കെ അമ്മ തലയിൽ കൈവെച്ചിട്ട് പറഞ്ഞു,

“എന്നാലുമെന്റെ കാർത്തിയെ നീയൊരു ഒന്നൊന്നര കാർത്ത്യാനി തന്നെ”