4.6.20

ശതമാനം

  ഗുണശേഖരൻ എന്ന കണക്ക് മാഷിന്റെ വീട്ടിലേക്ക് ആദ്യമായിട്ടാണ് ഞാൻ പോയത്. ഗുണിതൻ മാഷെന്ന് ശിഷ്യന്മാർ വിളിക്കുന്ന അദ്ദേഹത്തിന്റെ വീട്ടിൽ ഗെയ്റ്റ് തുറന്നാൽ കാണുന്ന മുറ്റം മുതൽ മോന്തായം വരെ ഗണിതമയമാണ്. എങ്ങോട്ടു നോക്കിയാലും ചിഹ്നങ്ങളും അളവുകളും സൂത്രവാക്ക്യങ്ങളും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പലതരം ഷെയ്പ്പിൽ അളന്നെടുത്ത ടൈത്സ് മുറ്റത്ത് പാകിയത് കുറേനേരം നോക്കിയാൽ എന്നെപ്പോലുള്ള അല്പബുദ്ധിക്ക് പോലും ജ്യോമട്രി പഠിക്കാം. അദ്ധ്യാപകനെ ഭയമുള്ളതിനാൽ തോട്ടത്തിലെ മരങ്ങളൊക്കെ അദ്ദേഹം പറയുന്നതുപോലെ വൃത്തം, ചതുരം, ത്രികോണം തുടങ്ങിയ ആകൃതിയിലാണ് വളരുന്നത്. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന മഹാസത്യം കണ്ടെത്തിയ ചാക്കോമാഷെ ഓർത്തുപോയി.
 വൃത്താകൃതിയിലുള്ള കോളിങ്‌ബെൽ അമർത്തി‌‌യപ്പോൾ അകത്തുനിന്നും പെന്റുലത്തി‌ന്റെ മണിനാദം നിശ്ചിത ഇടവേളകളിൽ കേട്ടു. നാദം നിലച്ചതോടെ ദ്വീർഘചതുര ആകൃതിയിലുള്ള വാതിൽ തുറക്കപ്പെടുകയും ഗുണിതൻ‌ മാസ്റ്റർ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്റെ ആഗമന ലക്ഷ്യം അറിഞ്ഞതോടെ അദ്ദേഹം സന്തോഷവാനായി. മുപ്പത് മിനിട്ടും നാല്പത്തിമൂന്ന് സെക്കന്റും ഞങ്ങൾ സംസാരിച്ചു.
 തിരികെ പോകാൻ നേരത്താണ് അകത്തു‌നിന്നും മൂന്ന് കുട്ടികൾ വന്നത്. പല പ്രായത്തിലുള്ള മൂന്നുപേരും കൈയിലുള്ള റൂബിക്സ് ക്യൂബിൽ മാത്രം ശ്രദ്ധിക്കുകയാണ്. അദ്ദേഹം കുട്ടികളെ പരിചയപ്പെടുത്തി,
“ഇതെന്റെ മൂന്ന് മക്കളാണ്,, മൂത്തവൾ ബിന്ദു,, എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. റൂബിക്സ് ക്യൂബ് പത്ത് സെക്കന്റ് കൊണ്ട് നേരെയാക്കും”
  മഞ്ഞനിറമുള്ള ചൂരിദാറണിഞ്ഞ് മുന്നിലുള്ളവരെ ശ്രദ്ധിക്കാതെ ചതുരങ്ങൾ കറക്കിക്കൊണ്ടിരിക്കുന്ന ബിന്ദുവിനെ ഞാൻ നോക്കി. ആകാശം ഇടിഞ്ഞു വീണാലും ഭൂമി വെള്ളത്തിൽ മുങ്ങിയാലും ആ ക്യൂബ് അവൾ തിരിച്ചുകൊണ്ടിരിക്കും, എന്നകാര്യം ഉറപ്പാണ്.
അപ്പോൾ ബിന്ദുവിന്റെ താഴെയോ?
“രണ്ടാമത്തെ മകളാണ് രേഖ, ആറാം ക്ലാസ്സുകാരിയാണ്. അവൾ അഞ്ച് സെക്കന്റുകൊണ്ട് റൂബിക്സ് ക്യൂബ് ശരിയാക്കും”
ഞാൻ രേഖയെ നോക്കി,, ഭക്ഷണവും ഉറക്കവും ഒഴിവാക്കിയിട്ട് ക്യൂബ് തിരിക്കുന്നതു കൊണ്ടായിരിക്കാം പാവാടക്കാരിയായ അവളാകെ മെലിഞ്ഞ് രേഖപോലെ ആയത്.
ഇനി മൂന്നാമത്തവൾ??
“കൂട്ടത്തിൽ മിടുക്കി എന്റെ മൂന്നാമത്തെ മകളായ രശ്മിയാണ്. മൂന്നാം ക്ലാസ്സുകാരിയായ അവൾ മൂന്ന് സെക്കന്റു കൊണ്ട് റൂബിക്സ് ക്യൂബ് തിരിച്ച് നേരെയാക്കും”
  കണ്ണടച്ചുകൊണ്ട് ക്യൂബ് തിരിക്കുന്ന രശ്മിയെ ഞാൻ നോക്കി. കുട്ടിയുടുപ്പിട്ട ആ കൊച്ചു സുന്ദരിയെ കണ്ടപ്പോൾ എന്റെ കണ്ണിലൂടെ പലതരം രശ്മികൾ കടന്നുപോയി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു,
“നല്ല പേരുകൾ താങ്കളൊരു കണക്ക് അദ്ധ്യാപകനായതുകൊണ്ട് കണക്കിലെ പേരുകളാണല്ലോ മക്കൾക്ക് നൽകിയത്”
“പിന്നെ,, കണക്കില്ലാതെ എന്തെങ്കിലും കണക്കാക്കാൻ കഴിയുമോ? എന്റെ വീടിന്റെ പേര് വായിച്ചിട്ടില്ലെ?”
“ഞാനത് നോക്കിയില്ല”
“നിങ്ങള് നോക്കുകയില്ല, അതിനൊക്കെ കണക്കിലൊരു കണ്ണുവേണം. വീടിന്റെപേര് ഗെയിറ്റിനു മുകളിൽ എഴുതിയിട്ടുണ്ട്,, ‘സമചതുരം’?”
“നല്ലത്,, സാറിന്റെ ഭാര്യയെ കണ്ടില്ല,, അവരും കണക്കാണോ?”
“ആയ്,, നമ്മുടെ കൂട്ടത്തിലൊന്നും അവളില്ല. കണക്കിന്റെ അയലത്തുപോലും വരാത്ത ജന്തുവാണവൾ”
   ആ നേരത്ത് ന്യൂജൻ സ്റ്റൈലിൽ പച്ച ബ്ലൌസും ചുവന്ന സാരിയും അണിഞ്ഞ സ്ത്രീ ട്രേയിൽ ചായയുമായി വന്നു. നമ്മുടെ കണക്ക് അദ്ധ്യാപകൻ അവരെ പരിചയപ്പെടുത്തി,
“ഇതാണെന്റെ ഭാര്യ വിലാസിനി,, ഈ വീട്ടിൽ കണക്കിൽ പെടാത്ത പേരുള്ളത് ഇവൾക്ക് മാത്രമാണ്”
  ട്രേയിലുള്ള ചായ എടുത്തുതന്നശേഷം എന്നെനോക്കി ചിരിച്ച ചുവന്ന കസവുസാരിയിൽ സുന്ദരിയായ ആ സ്ത്രീയെ ഞാൻ നോക്കി. ആ നേരത്ത് അവൾക്ക് കണക്കായ പേര് അവളുടെ ദേഹത്ത് അടയാളപ്പെടുത്തിയത് ഞാൻ വായിച്ചു,,
“ശതമാനം”
*******

2.2.20

അവളുടെ കെട്ടിയോൻ തെക്കുവടക്കായ് വളഞ്ഞുകിടക്കുന്ന കേരളത്തിന്റെ റോഡിലൂടെ ബസ്സിൽ യാത്ര ചെയ്യുമ്പോൾ  ഇരിക്കാനൊരു ഇടം ലഭിക്കുക എന്നത് ഒത്തിരി ആശ്വാസമാണ്, പ്രത്യേകിച്ചും പ്രായമായ സ്ത്രീകൾക്ക്,, എന്നാൽ ഇരിപ്പിടം ഉണ്ടെങ്കിലും ചില സ്ത്രീകൾ ബസ്സിനകത്തു കയറിയാൽ ഇരിക്കില്ല. കാരണം? ഒഴിഞ്ഞിരിക്കുന്ന ഇരിപ്പിടത്തിന്റെ അടുത്തിരിക്കുന്നതൊരു പുരുഷൻ ആയിരിക്കും. അയാളുടെ കൂടെയിരുന്നാൽ അദൃശ്യമായ രശ്മികൾ പ്രവഹിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയാലോ? സ്ത്രീകളല്ലെ സൂക്ഷിക്കണം,,
     വയ്യാത്ത കാൽ‌മുട്ട് വേദനയോടൊപ്പം ഒരു കൈ മൊബൈലിൽ പിടിച്ച്, മറുകയ്യാൽ കമ്പിയിൽ പിടിച്ചുതൂങ്ങുന്ന അവസ്ഥയിലും മഹിളാമണികളിൽ ചിലർ പുരുഷന്മാരുടെ അടുത്തിരിക്കില്ല. എന്നാൽ,,, ഒരു പരിചയവും ഇല്ലാത്തവന്റെ മടിയിലും തലയിലും കയറിയിട്ട് ഇരിക്കുന്ന അതിമനോഹരങ്ങളായ രംഗം ചില അവസരങ്ങളിൽ നമുക്കു കാണാൻ കഴിയും. എപ്പോഴാണെന്നോ?
പെട്ടെന്നൊരു ബസ്സ് സമരം വരട്ടെ,, അപ്പോൾ കാണാം,,
ഈ പറഞ്ഞവളുടെ ഇരിപ്പിന്റെ തനിനിറം.
       ഇതിൽ നിന്നും ഏറെ മാറ്റമുള്ളതാണ് എന്റെ ശീലങ്ങൾ. ബസ്സിൽ കയറിയാൽ ആദ്യം കാണുന്ന ഒഴിവുള്ള സീറ്റിൽ ഞാനങ്ങോട്ട് ഇരിക്കും. തൊട്ടടുത്തിരിക്കുന്നത് ആണാണോ പെണ്ണാണോ എന്നൊന്നും നോക്കാറില്ല. കൂടാതെ സ്ത്രീസംവരണവും വയോജന സംവരണവും ചോദിച്ചു വാങ്ങുന്നതും എന്റെ പതിവു ശൈലിയാണ്.

   ഒരു ഞായറാഴ്ച രാവിലെ എന്റെ നാട്ടിൽ നിന്നും കണ്ണൂരിലേക്കു യാത്രയിൽ നിറയെ ആളുകളുള്ള ബസ്സിൽ കയറി. നിൽക്കുന്നവരെല്ലാം സ്ത്രീകൾ,,, ഞാൻ നോക്കിയപ്പോൾ ഇടതുവശത്ത് മൂന്നാം നമ്പർ ഇരിപ്പിടത്തിൽ ഒരാൾക്കിരിക്കാൻ സ്ഥലം ഉണ്ട്. അടുത്തിരിക്കുന്നത് ഒരു യുവാവായതു കൊണ്ടാവണം, നിന്നുകൊണ്ട് യാത്രചെയ്യുന്ന മഹിളാ‌മണി‌കളൊന്നും അങ്ങോട്ട് നോക്കുന്നതേയില്ല. ബസ്സിൽ കയറി ഇരുവശത്തേക്കും നോക്കിയ ഞാൻ വനിതാ സംവരണവും വയോജന സംവരണവും അവഗണിച്ച് നേരെയങ്ങോട്ട് നടന്ന് അവന്റെ തൊട്ടടുത്ത് ഇരുന്നു. ഞാനാരാ മോൾ!!!
   റോഡിലെ കുഴികളിലൂടെ ഇറങ്ങിയും‌ കയറിയും ആടിയുലഞ്ഞ് ബസ്സ് സഞ്ചരിക്കു‌മ്പോൾ തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരനെ മുട്ടിയുരുമ്മി ചേർന്നിരിക്കുന്ന എന്നെ നിൽക്കുന്നവരും ഇരിക്കുന്നവരും തുറിച്ചുനോക്കാൻ തുടങ്ങി. ഉം, നോക്കട്ടെ,, അസൂയ തോന്നുന്നുണ്ടാവും,,,
   ഞാനങ്ങനെ സ്വയം മറന്നിരിക്കുന്ന നേരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സ്, അടുത്ത സ്റ്റോപ്പിൽ നിർത്തി. അകത്തുള്ള രണ്ടുപേർ ഇറങ്ങിക്കൊണ്ടിരിക്കെ മുന്നിലുള്ള വനിതാ‌സംവരണത്തിൽ ഇരിക്കുന്ന ഒരുവൾ എഴുന്നേറ്റുവന്ന് എനിക്കുനേരെ വിരൽ ചൂണ്ടിയിട്ട് ആജ്ഞാപിച്ചു,
“അവിടെന്ന് എഴുന്നേറ്റാട്ടെ”
സംഗതി മനസ്സിലാവാത്ത ഞാൻ അവളോട് ചോദിച്ചു,
“എന്തിന്?”
“അവിടെയിരിക്കേണ്ടത് നീയല്ല, ഞാനാണ്”
“അതെങ്ങനെ? ഒഴിഞ്ഞ സീറ്റിലാണ് ഞാനിരുന്നത്. കണ്ണൂരിലെത്താതെ എഴുന്നേൽക്കില്ല”
 എന്റെ ശബ്ദം കൂടിയതോടെ ബസ്സിലുള്ളവരെല്ലാം ശ്രദ്ധിക്കാൻ തുടങ്ങി. അടുത്തിരിക്കുന്ന അവനാണെങ്കിൽ ഒരക്ഷരം മിണ്ടാതെ വായടച്ച് ഇരിപ്പാണ്. അതോടെ നിൽക്കുന്നവൾ ഒറിജിനൽ ഭദ്രകാളിയുടെ ഡ്യൂപ്പായി രൂപാന്തരപ്പെട്ട് വായിലുള്ള നാവ് നീട്ടിയിട്ട് വെടിയുതിർക്കാൻ തുടങ്ങി,
“നിനക്കെന്താ ഈയാളുടെ അടുത്തുന്ന് എഴുന്നേൽക്കാനൊരു മടി? അവിടെയിരിക്കേണ്ടത് ഞാനാണ്”
“ഞാനിവിടെ ആളില്ലാത്ത സീറ്റിലിരുന്നിട്ട്, നീയെന്താടി പറയുന്നത്?”
“അതേയ്, ഇതെന്റെ കെട്ടിയോനാണ്, അയാളുടെ അടുത്ത് നീയങ്ങനെ ഇരിക്കേണ്ട. അവിടെയിരിക്കാനിപ്പോൾ ഞാനുണ്ട്”
അപ്പോൾ അതാണ് കാര്യം,, എന്റെ അടുത്തിരിക്കുന്ന ചെറുപ്പക്കാരൻ ഓളെ കെട്ടിയോനാണ് പോലും! അപ്പോൾപിന്നെ,, അവൾക്ക് ചൊറിച്ചിൽ വരാതിരിക്കുമോ?

   പെട്ടെന്ന് ഞാൻ ഞാനായി മാറി, അവളുടെ അമ്മയുടെ പ്രായമുള്ള എന്നോടാണോ ഇങ്ങനെയൊരു ഡയലോഗ്,,,
“എടീ, നിന്റെ കെട്ടിയോനൊക്കെ നിന്റെ വീട്ടില്; ഇത് നാട്ടുകാരെല്ലാം കയറുന്ന ബസ്സാണ്. ഇതിനകത്ത് ഒഴിവുള്ള ഏത് സീറ്റിലും ഞാനിരിക്കും. അടുത്ത് ഞാനിരുന്ന‌പ്പോഴാണോ ഇവൻ നിന്റെ കെട്ടിയോനായത്? നീ പോയി കേസ് കൊടുക്ക്”
ആ നേരത്തും മിണ്ടാതെതെയിരിക്കുന്ന അവന്റെ കൂടുതൽ അടുത്ത് ഞാനിരുന്നു. കിളിയുടെ മണിയടി കേട്ടതോടെ ബസ്സ് ഓടാൻ തുടങ്ങി.
*******

27.1.20

അസുഖം വന്ന പെൺ‌കുട്ടി         പട്ടണത്തിനു സമീപമുള്ള തെക്കേക്കര ഗവൺ‌മെന്റ് അപ്പർ പ്രൈമറി വിദ്യാലയത്തിലെ പ്രധാന‌‌അദ്ധ്യാപികയായി ശ്രീലത ടീച്ചർ ചാർജ്ജെടുത്തത് ജൂൺ മാസം സ്ക്കൂൾ തുറന്നപ്പോഴാണ്. എച്ച്.എം. വിരമിച്ച ഒഴിവിൽ പ്രമോഷൻ ആയി വന്നപ്പോൾ അവർക്ക് വളരെയധികം സന്തോഷം തോന്നി. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സു‌കളിൽ ധാരാളം കുട്ടികൾ. എല്ലാ കാര്യത്തിലും മികച്ചുനിൽക്കുന്ന അറിയപ്പെടുന്ന സ്ക്കൂൾ.
    ജൂലായ് മാസത്തിൽ മഴയില്ലാത്ത ഒരു ദിവസം,, ക്ലാസ്സ് തുടങ്ങി അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് വെളിയിൽ നിന്നും ബഹളം കേട്ടത്. ആ നേരത്ത് ശരിയാക്കി‌ക്കൊണ്ടിരിക്കുന്ന രജിസ്റ്റർ അടച്ചുവെച്ചശേഷം പെട്ടെന്നെഴുന്നേറ്റ് വാതിൽക്കൽ വന്നപ്പോൾ അവരൊന്ന് ഞെട്ടി,
ചെറുപ്പക്കാരും പ്രായമുള്ളവരും ഉൾപ്പെടെ ഏതാണ്ട് അറുപതോളം പുരുഷന്മാർ സ്ക്കൂൾ ഓഫിസിനു മുന്നിൽ നിരന്നുനിന്നിട്ട് എന്തൊക്കെയോ ഉച്ചത്തിൽ പറയുന്നു. ടീച്ചർ ചോദിച്ചു,
“എന്താ കാര്യം?”
         എല്ലാവരും ചേർന്ന് വിളിച്ചുകൂവുകയും ഇടയ്ക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ട്. പിന്നിലുള്ള ഏതാനും ചെറുപ്പക്കാരുടെ കൈയിൽ വടിയും കല്ലുകളും കണ്ടതോടെ ടീച്ചറാകെ പേടിച്ചു. അപ്പോൾ കൂട്ടത്തിൽ നേതാവെന്ന് തോന്നുന്ന ആൾ മുന്നിൽ വന്നിട്ട് പറഞ്ഞു,
“എന്താ കാര്യമെന്നോ? ഒന്നും അറിയാത്തപോലെ, ഒരു ഹെഡ്‌ടീച്ചറായി ഇരുന്നാൽ മതിയോ?”
“എന്തുപറ്റി?”
“ഇന്നലെ സുഖമില്ലാത്ത ഒരു കുട്ടിയെ വീട്ടിലെക്കയച്ചിട്ട് ഒന്നുമറിയാത്തതുപോലെ ഇരിക്കുന്നോ?”
“ആർക്കാ സുഖമില്ലാത്തത്?”
“ടിച്ചറൊന്നും അറിയില്ല. ഇവിടെ ഇരുന്നാലെങ്ങനെയാ,, ഇന്നലെ പ്രഭാകരന്റെ മകൾക്ക് സുഖമില്ലാതായപ്പോൾ ഇവിടെന്നല്ലേ വീട്ടിലേക്കയച്ചത്?”
“ഞാനൊന്നും അറിയില്ല. എന്താ പറ്റിയത്?”
“ടീച്ചറേ ഏഴാം ക്ലാസ്സിലെ കുഞ്ഞിമോൾ‌ക്ക് തലവേദന വന്നപ്പോൾ ഇവിടത്തെ ഏതോ ടീച്ചർ വീട്ടിലേക്ക് പറഞ്ഞുവിട്ടു. അതും ഒറ്റക്ക്,, സുഖമില്ലാത്ത ഒരു പെൺ‌കുട്ടി ഒറ്റക്ക് അരമണിക്കൂർ നടന്ന് വീട്ടിലേക്ക് വരുന്ന പ്രയാസമൊന്നും കാറിൽ‌ വരുന്ന ടീച്ചർ‌മാർക്ക് അറിയില്ല”
“കുഞ്ഞിമോളോ? അതെതാ കുട്ടി”
“ഹോ,, സ്ക്കൂളിലെ ഹെഡിന് കുട്ടീന്റെ പേരുപോലും അറിയില്ല,, പാവം”
    അപകടത്തിന്റെ മുന്നോടിയായി ആളുകൾ ജനാലയും വാതിലും അടിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി. മറ്റുള്ള അദ്ധ്യാപകരെക്കെ ചുറ്റും വന്നുകൂടി. കൂട്ടത്തിൽ പ്രായമുള്ള ജനാർദ്ദനൻ മാസ്റ്റർ കൂടി വന്നപ്പോൾ ഹെഡ്‌ടീച്ചർക്ക് ആശ്വാസമായി. ജനാർദ്ദനൻ മാസ്റ്റർ  പരിചയക്കാരനായ ഒരാളെ ഒപ്പം കണ്ടപ്പോൾ ചോദിച്ചു,
“എന്താ രാജേന്ദ്രാ,, എന്താ കാര്യം?”
“അത് മാഷേ,, നിങ്ങളൊക്കെ നന്നായി കുട്ട്യോളെ നോക്കുന്നുണ്ട്. എന്നാല് ഈടത്തെ ടീച്ചർമാര് ശരിയല്ല”
“അതിനുമാത്രം എന്തുണ്ടായി?”
“ഇന്നലെ ഏഴാം ക്ലാസ്സിലെ ഒരു കുട്ടിക്ക്, എന്താടോ,, പേര്,, ആ, കുഞ്ഞിമോൾ, തന്നെ, ആ കുട്ടിക്ക് തലവേദന വന്നപ്പം ഈടത്തെ ആരോ ടീച്ചറ് പുസ്തകമെടുത്ത് വീട്ടില് പോകാൻ പറഞ്ഞു. ആ കുട്ടി വീട്ടിലേക്ക് നടന്നു പോകുമ്പം വഴിയിൽ ബോധക്കേടായി വീണ്. എന്നിട്ട് നാട്ടുകാര് ആസ്പത്രിയിൽ ആക്കി. സുഖമില്ലാത്ത പെങ്കുട്ടീനെ ഒറ്റക്ക് വിടുന്നത് ശരിയാണോ?”
“എന്നിട്ട് കുട്ടിക്കെങ്ങിനെയുണ്ട്?”
“ഓളെ ഡോക്റ്റരെ കാണിച്ചിട്ട് അപ്പോൾതന്നെ വീട്ടിൽ വന്നു. പക്ഷെ കാര്യം ചോദിക്കണ്ടേ?”
“ചോദിക്കണം,, പക്ഷെ,, ഈ കുഞ്ഞുമോൾ എന്നൊരു കുട്ടി ഇവിടെ പഠിക്കുന്നില്ലല്ലോ”
“പഠിക്കുന്നില്ലെന്നോ? പ്രഭാകരന്റെ മോള്, പ്രഭാകരൻ ഇവിടെ ഒപ്പരം ഉണ്ടായിരുന്നു”
ആളുകളുടെ കൂട്ടത്തിൽ നിന്നും കാലുകൾ ഭൂമിയിൽ ഉറച്ചു നിൽക്കാത്ത പ്രഭാകരനെ മുന്നിലാക്കി. അദ്ധ്യാപകർക്ക് പരിചയമില്ലാത്ത മനുഷ്യൻ,, മാസ്റ്റർ ചോദിച്ചു,
“പ്രഭാകരാ നിന്റെ മോളെ പേരെന്താ?”
“കുഞ്ഞിമോള്”
“എന്നാൽ ഈ സ്ക്കൂളിൽ കുഞ്ഞിമോൾ എന്നൊരു കുട്ടി പഠിക്കുന്നില്ല”
അത് കേട്ടപ്പോൾ രക്ഷിതാക്കൾ ബഹളമായി. അദ്ധ്യാപകർ ചേർന്ന് കള്ളം പറയുന്നതായി ആരോപണം തുടങ്ങിയപ്പോൾ മാസ്റ്റർ ചൊദിച്ചു,
“പ്രഭാകരാ നിന്റെ കുട്ടിയെ സ്ക്കൂളിൽ ചേർത്തത് ഏത് പേരിലാണ്?”
“അത് ഓളെ അമ്മയാ ചേർത്തത്,, ശനിശാ എന്നാണ് അമ്മ വിളിക്കുന്നത്”
“നിങ്ങളുടെ ജോലി എന്താണ്?”
“അങ്ങിനെ കാര്യമായ പണിയൊന്നും ഇല്ല. എന്ത് ജോലിയും ചെയ്യാം”
“നിങ്ങളുടെ വീട് എവിടെയാണ്?”
“കുഞ്ഞിപ്പള്ളിയിൽ”
പെട്ടെന്ന് ജനാർദ്ദനൻ മാസ്റ്റർക്ക് ആശ്വാസമായി. അദ്ദേഹം പറഞ്ഞു,
“കുഞ്ഞിപ്പള്ളിയിൽ നിന്നുള്ള ഒരു കുട്ടിയും ഈ സ്ക്കൂളിൽ പഠിക്കുന്നില്ല. നിങ്ങളുടെ മകൾ ഏത് ക്ലാസ്സിലാ പഠിക്കുന്നത്?”
“അത് ഏഴിലായിരുന്നു,, കഴിഞ്ഞകൊല്ലം. ഇക്കൊല്ലം ഈട ചേർന്നത് എട്ടിലാന്നാ തോന്നുന്നത്”
“അതിനാണോ ഇവിടെവന്ന് ബഹളം ഉണ്ടാക്കുന്നത്? ഇത് തെക്കേക്കര യൂ.പി. സ്കൂളാണ്,, ഇവിടെ ഏഴാം‌‌‌ക്ലാസ് വരെയെ ഉള്ളൂ”
“അതെന്താ ഇവിടെ എട്ടാം ക്ലാസ്സ് ഇല്ലാത്തത്?”
അതുവരെ ഇടഞ്ഞുനിനിന്ന രക്ഷിതാക്കൾ പ്രഭാകരനു ചുറ്റും കൂടിയിട്ട് ചോദിച്ചു,
“എടാ @#$#%$%^& നിന്റെ മോള് ഏത് സ്ക്കൂളിലാ പഠിക്കുന്നത്?”
“അത് തെക്കേക്കര സ്ക്കൂളിലാണെന്നാ ഓളേ അമ്മ പറഞ്ഞത്”
ജനാർദ്ദനൻ മാസ്റ്റർ രക്ഷിതാക്കളോടായി പറഞ്ഞു,
“അയാളുടെ കുട്ടി പഠിക്കുന്നത് തെക്കേക്കര എ.ബി.സി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ആയിരിക്കും. നേരെ അങ്ങൊട്ട് പോകുന്നതിന് മുൻപ് കുട്ടിയുടെ പേരും പഠിക്കുന്ന ക്ലാസ്സും ചോദിച്ചിട്ട് ഉറപ്പിക്കണം. കേട്ടോ,,”
“അയ്യോ മാഷെ, ഈ തെണ്ടിയെയും കൊണ്ട് നമ്മളിനി എങ്ങോട്ടുമില്ല” 


 പിൻ‌കുറിപ്പ്:
അന്ന് അവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരിൽ പലരും ഇപ്പോഴും സർവ്വീസിൽ ഉണ്ടാവാൻ ഇടയില്ല. റോഡരികിൽ പലനിലകളിലുള്ള ഹൈടെക്ക് കെട്ടിടവുമായി തെക്കേക്കര യു.പി. സ്ക്കൂൾ ഇപ്പോഴും തിളങ്ങിനിൽക്കുന്നു.