12.8.09

19. അദ്ധ്യാപകന്‍ ‘ഗ്രൌണ്ടില്‍‘ ഡ്യൂട്ടിയിലാണ്.



ഒരു വിദ്യാലയം അവിടത്തെ ഹെഡ്‌മാസ്റ്ററെ ആശ്രയിച്ചിരിക്കും; ആ വിദ്യാലയത്തിലെ ഒരു ക്ലാസ്സ്, അതിലെ ക്ലാസ്സ് ടീച്ചറെ ആശ്രയിച്ചിരിക്കും. അതുപോലെ ക്ലാസ്സിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ അവിടത്തെ കായികാദ്ധ്യാപകനെ ആശ്രയിച്ചിരിക്കും. നല്ല (ഭീകരനായ) ഒരു ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (PET) സ്ക്കൂളിലുണ്ടെങ്കില്‍ എച്ച്. എം.ന്റെ ജോലി പകുതിയായി കുറയും. ഏത് വില്ലനായ കുട്ടിയെയും അറ്റന്‍‌ഷന്‍ പറഞ്ഞ് നിര്‍ത്താനുള്ള കഴിവ് കായികഅദ്ധ്യാപകന് ഉണ്ട്. മതില്‍ ചാടുന്നവനെയും വേലി ചാടുന്നവനെയും കണ്ടുപിടിക്കുന്നത് അവരായിരിക്കും. ഇക്കാര്യത്തില്‍ പുരുഷ- വനിത പി.ഇ.ടി. മാര്‍ ഒരു പോലെ കഴിവുള്ളവരാണ്. നിയമപ്രകാരം തെറ്റാണെങ്കിലും ആവശ്യമുള്ളപ്പോള്‍ ‘മര്‍മ്മം ഒഴിവാക്കി ഒന്ന് പൊട്ടിച്ചു കൊടുക്കാന്‍’ അവരെപോലെ മറ്റാര്‍ക്കും കഴിവില്ല.

ഞങ്ങളുടെ വിദ്യാലയത്തില്‍ എല്ലാകഴിവുകളും തികഞ്ഞ ഒരു കായിക അദ്ധ്യാപകന്‍ ഉണ്ട്. ആ വര്‍ഷം പെന്‍ഷന്‍ പറ്റി പിരിഞ്ഞു പോകേണ്ട ആളാണെങ്കിലും കുട്ടികളുടെ കൂടെയെത്തിയാല്‍ ചെറുപ്പക്കാരുടെ ആവേശമാണ്. സമരക്കാരുടെ മുന്നിലും പിന്നിലും അദ്ദേഹം ഉണ്ടാവും. അസുഖമുള്ള കുട്ടിയെ വീട്ടിലെത്തിക്കാനും ഉച്ചക്കഞ്ഞി പാചകസ്ഥലത്തും ശബ്ദം ഉയരുന്ന ക്ലാസ്സുകളിലും പെട്ടെന്ന് കായികഅദ്ധ്യാപകന്‍ എത്തിച്ചേരും.
‘ഇവിടെ പറഞ്ഞവയെല്ലാം അദ്ദേഹം സ്ക്കൂളില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ചെയ്യുന്ന കാര്യങ്ങളാണ്‘. എന്നാല്‍ ഈ കായികത്തെ കണ്ടുകിട്ടുന്നത് അപൂര്‍‌വ്വമാണ്. സ്ക്കൂളിന് സ്വന്തമായി ഗ്രൌണ്ടില്ലെങ്കിലും അതിരാവിലെ മുതല്‍ അദ്ദേഹം ഏതെങ്കിലും ഗ്രൌണ്ടില്‍ ആയിരിക്കും. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകനെ അന്വേഷിച്ച് കണ്ടെത്തി സ്വന്തമല്ലാത്ത ഗ്രൌണ്ടില്‍ പോയി പ്രാക്റ്റീസ് ചെയ്യും. മഴക്കാലത്ത് നീന്തല്‍, വേനല്‍‌ക്കാലത്ത് നീന്തല്‍ ഒഴികെയുള്ള ഐറ്റം‌സ്.

ഞങ്ങളുടെ സ്ക്കൂളിലെ sslc വിജയശതമാനം കഴിഞ്ഞ വര്‍ഷം വളരെ പിന്നിലാണെന്ന് കണ്ടെത്തിയതോടെ അത്, എല്ലാവരും ഒത്തുപിടിച്ച് ഉയര്‍ത്തുന്ന കാലഘട്ടം. ജില്ലാകേന്ദ്രങ്ങളില്‍ നിന്ന് അദ്ധ്യാപകര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കുകയും ഇടയ്ക്കിടെ പരിശോധനകള്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ പരീക്ഷകളിലും റിസല്‍‌ട്ടിലും ഒരു താല്പര്യവും കാണിക്കാതെ നമ്മുടെ കായികം പതിവ് ശൈലികള്‍‌ തന്നെ തുടര്‍ന്നതില്‍ എല്ലാവര്‍ക്കും അസൂയയും അമര്‍ഷവും ഉണ്ട്. പുതിയ ഹെഡ്‌മാസ്റ്റര്‍ വന്നപ്പോഴെങ്കിലും ഡ്രില്ല്‌മാഷ് സ്ക്കൂളില്‍ ഒതുങ്ങിക്കൂടും എന്ന് എല്ലാവരും പ്രതീക്ഷിച്ചു.

നമ്മുടെ കായികാദ്ധ്യാപകന്‍ സ്ക്കൂളില്‍ വരാതിരിക്കുന്നത് എല്ലാ രേഖകളോടും കൂടിയായിരിക്കും. ജില്ലയിലും, ജില്ലയ്ക്ക് പുറത്തും നടക്കുന്ന എല്ലാ കായിക മാമാങ്കങ്ങള്‍ക്കും ‘നമ്മുടെ സ്ക്കൂളിലെ’ അദ്ധ്യാപകന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കും. അദ്ദേഹത്തെ ഗ്രൌണ്ടിലേക്ക് വിട്ടുകൊടുക്കാനുള്ള അറിയിപ്പുകള്‍ ഹെഡ്‌മാസ്റ്റര്‍ക്ക് ഇടയ്ക്കിടെ കിട്ടികൊണ്ടിരിക്കും. ഒരൊ വര്‍ഷവും 200 പ്രവൃത്തി ദിവസങ്ങളാണുള്ളത്; എന്നാല്‍ നമ്മുടെ ഡ്രില്ല്‌മാഷിന് ഇതൊന്നും പ്രശ്നമല്ല. പക്ഷെ മാസത്തില്‍ ഒരു ദിവസം, ശമ്പളബില്ല് കാഷ്‌ ചെയ്യുന്ന ആ ദിവസം, അദ്ദേഹം കൃത്യമായി കണ്ടുപിടിച്ച് സ്ക്കൂളിലെത്തും.

ഒരു ദിവസം സ്ക്കൂളിന്റെ പഠന നിലവാരം പരിശോധിക്കാനായി ജില്ലാതലത്തിലെ ഓഫീസര്‍ സ്ക്കൂളില്‍ വന്നു. കായികാദ്ധ്യാപകന്റെ അസാന്നിധ്യം കൊണ്ടുള്ള പ്രശ്നം ഹെഡ്‌മാസ്റ്റര്‍ അദ്ദേഹത്തെ അറിയിച്ചു. അതിന് പ്രതിവിധി ഓഫീസര്‍‌ തന്നെ പറഞ്ഞു കൊടുത്തു; ‘ഇനി സ്ക്കൂളിന് വെളിയില്‍ സ്പോഡ്‌സ്, ഗെയിം‌സ് എന്നിവ നടത്താന്‍ കായികത്തിന് രേഖാമൂലം അനുവാദം കൊടുക്കേണ്ട. കൂടാതെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ഇനിമുതല്‍ ഈ വിദ്യാലയത്തിലെ ഡ്രില്ല്‌മാഷിന്റെ സേവനം ആവശ്യപ്പെട്ട് ഒരിക്കലും കടലാസ് അയക്കുകയില്ല’. ഇതെല്ലാം കേട്ട ഹെഡ്‌മാസ്റ്റര്‍ വളരെ സന്തോഷിച്ചു. ഇനിമുതല്‍ കായിക അദ്ധ്യാപകനെ വരച്ച വരയില്‍ നിര്‍ത്തി ‘ലെഫ്റ്റ്, റൈറ്റ്’ എന്ന് പറയിക്കാമല്ലോ.

പിറ്റേ ദിവസം മുതല്‍ നമ്മുടെ കായികം അണ്ടിപോയ അണ്ണാനെപോലെ ക്ലാസ്സുകള്‍‌തോറും നടന്നു. ഗൌണ്ടില്ലാത്ത സ്ക്കൂളില്‍ അദ്ദേഹം എന്ത് ചെയ്യാനാണ്? അങ്ങനെ നാല് ദിവസം കഴിഞ്ഞു; കുട്ടികള്‍‌ക്കെല്ലാം തികഞ്ഞ അച്ചടക്കം. അഞ്ചാം ദിവസം പിറന്നു. അന്ന് ഉച്ചയ്ക്ക് ശേഷം ഹെഡ്‌മാസ്റ്റര്‍ക്ക് ഒരു പ്രത്യേക അറിയിപ്പ് പോസ്റ്റലായി വന്നു. അറിയിപ്പ് ഇതാണ് ‘ജില്ലാ പോലീസ് അസോസിയേഷന്റെ കായികമേളയുടെ സുഗമമായ നടത്തിപ്പിന് 10 ദിവസം നിങ്ങളുടെ സ്ക്കൂളിലെ ‘ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറുടെ’ സേവനം വിട്ടുതരണം’. ആ അറിയിപ്പ് വന്നത് പോലീസ്‌സ്റ്റേഷനില്‍ നിന്ന് തന്നെ. ഹെഡ്‌മാസ്റ്റര്‍ ആ കടലാസ് വായിച്ച് തിരിച്ചും മറിച്ചും നോക്കുമ്പോഴേക്കും നമ്മുടെ കായികാദ്ധ്യാപകന്‍ മുന്നിലെത്തിയിരുന്നു.
.
കായികം പതുക്കെ ചോദിച്ചു, “സര്‍ നമ്മള്‍ ടീച്ചേര്‍‌സ് പോലീസുകാരെ പിണക്കണോ? സാറ് വിളിക്കുമ്പോള്‍ പെട്ടെന്ന് ഓടിയെത്തുന്നവരാണ്”

4.8.09

18. കലിയുഗ ചിന്തകള്‍


യുഗങ്ങള്‍ നാലാണ്. ഇപ്പോള്‍ നാം സഞ്ചരിച്ച് കൊണ്ടിരിക്കുന്നത് കലിയുഗത്തില്‍ കൂടിയാണ്. കലിയുഗത്തിന്റെ അവസാന കാലത്തെ ലക്ഷണങ്ങള്‍ മഹാഭാരതത്തില്‍ പറയുന്നുണ്ട്.
.
‘മനുഷ്യരുടെ ചിന്തയും പ്രവൃത്തിയും പരസ്പരവിരുദ്ധമായി മാറുന്നു. ആളുകള്‍ക്ക് ഭക്ഷ്യവും അഭക്ഷ്യവും തിരിച്ചറിയാതാവുന്നു. ഭൂമി മ്ലേച്ഛന്മാര്‍ ഭരിക്കുന്നു. സ്ത്രീകള്‍ പൊക്കം കുറഞ്ഞവരും ധാരാളം പ്രസവിക്കുന്നവരും ആയി മാറുന്നു. ഗുരുനാഥന്മാര്‍ വിദ്യ വില്‍ക്കുന്നു. സ്ത്രീകള്‍ ശരീരം വില്‍ക്കുന്ന വേശ്യകളായി മാറുന്നു. ഗൃഹസ്ഥന്മാര്‍ ചോറ് വില്‍ക്കുന്നു. പുരുഷന്മാര്‍ക്ക് സ്വന്തം മകളിലും സ്ത്രീകള്‍ക്ക് ഭൃത്യന്മാരിലും മക്കള്‍ ഉണ്ടാവുന്നു. ഭിക്ഷാടനമെന്ന പേരില്‍ വീട്ടില്‍ കയറി മോഷണം നടത്തുന്നു. കള്ളവും തട്ടിപ്പും മദ്യപാനവും നാട്ടില്‍ വര്‍ദ്ധിക്കുന്നു.സസ്യങ്ങളില്‍ നിന്നും ജന്തുക്കളില്‍ നിന്നും ആദായം കുറയുന്നു. മരങ്ങളില്‍ മറ്റു പക്ഷികള്‍ കുറഞ്ഞ് കാക്കകള്‍ വര്‍ദ്ധിക്കുന്നു... അങ്ങനെ ഒടുവില്‍ ഏഴ് സൂര്യന്‍മാര്‍ ചേര്‍ന്നുള്ള പ്രളയാഗ്നിയില്‍ പ്രപഞ്ചം നശിക്കുന്നു’.



അന്ന് കലിയുഗ ലക്ഷണമായി പറഞ്ഞതെല്ലാം ഇന്ന് ആചാരമായി മാറിയിരിക്കയാണ്. ‘ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ബന്ധം ഇല്ലാതായിട്ട് വളരെ നാളായി. കഴിക്കുന്നത് എന്താണെന്നറിയാതെയാണ് പലതും നാം ഭക്ഷിക്കുന്നത്. ഭൂമി ഭരിക്കുന്നത് ഇപ്പോള്‍ തട്ടിപ്പ്‌വീരന്മാരാണ്. പിന്നെ സ്ത്രീകള്‍ ധാരാളം പ്രസവിക്കും; കുടും‌ബാസൂത്രണം കാരണം ചാന്‍സ് കിട്ടാത്തതു കൊണ്ടാണ്. ഗുരുനാഥന്മാര്‍ ശമ്പളം കണക്ക്‍പറഞ്ഞ് വാങ്ങുകയും നിരക്ക് കൂട്ടാന്‍ സമരം നടത്തുകയും ചെയ്യുന്നു. സ്ത്രീകള്‍‌ക്ക് എളുപ്പത്തില്‍ വില്‍ക്കാന്‍ പറ്റുന്നത് ശരീരമാണല്ലോ; എന്നാല്‍ ഇപ്പോള്‍ ആണ്‍‌വേശ്യകളും പെരുകുന്നു. ഗൃഹസ്ഥന്മാര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ നടത്തി ചോറ് വില്‍ക്കുന്നു. മക്കളെ ഉണ്ടാക്കുന്ന കാര്യമാണെങ്കില്‍; – ‘എന്റെ കൊച്ചിന്റെ അച്ഛന്‍, എന്റെ അച്ഛനാണ്‘, എന്ന് പറയേണ്ട അവസ്ഥയിലുള്ള കൊച്ചു പെണ്‍‌കുട്ടികള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെ കാണും- സ്ത്രീകള്‍ ഭര്‍ത്താവിനെയും മക്കളെയും മറന്ന് മറ്റ് പുരുഷന്മാരുടെ പിന്നാലെ പായുന്നു. വീട്ടില്‍ വരുന്ന അപരിചിതരെല്ലാം തട്ടിപ്പുകാരും കള്ളന്മാരും ആണെന്ന സംശയത്തിന് ഇടയാക്കുന്ന സാഹചര്യം വര്‍ദ്ധിക്കുന്നു. അച്ഛന്റെ തൊഴില്‍ എന്താണെന്ന് ചോദിച്ചാല്‍ ‘മദ്യപാനം’ എന്ന് മക്കള്‍ തന്നെ പറയുന്നു. രാസവളവും കീടനാശിനിയും ചേര്‍ന്ന് കൃഷി നശിപ്പിക്കുന്നു. കാക്കകളെ പേടിച്ച് ഇപ്പോള്‍ തണല്‍‌മരങ്ങളുടെ ചുവട്ടില്‍‌പോലും ആരും നില്‍ക്കാറില്ല’ : … ഞാന്‍ ചോദിക്കുകയാണ്: എന്നിട്ടും എന്തേ പ്രളയാഗ്നി ഇത്രയും വൈകുന്നത്?



നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാന്‍ കഴിയാത്ത പലതുമാണ് ഇന്ന് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത് എന്ന് അറിയാന്‍ കഴിയും. പുതിയ കലിയുഗലക്ഷണങ്ങള്‍ അവതരിക്കുകയാണ്. അതിലൊന്നാണ് സ്വവര്‍ഗ്ഗ വിവാഹം. കല്ല്യാണം കഴിക്കാന്‍ ഇനി ‘ആണിന് പെണ്ണും, ‘പെണ്ണിന് ആണും, തന്നെ വേണമെന്നില്ല. ഇനി മനുഷ്യനു പകരം മറ്റ് ഏതെങ്കിലും ജീവിയായാലും മതി എന്ന് നിയമം വരുമോ!!! ഒരു മനുഷ്യനോട് അയാളുടെ ഭര്‍ത്താവ് or ഭാര്യ ‘ആണോ, പെണ്ണോ‘ എന്ന് മാത്രമല്ല; ഏത് ജീവിയാണെന്ന് കൂടി ചോദിക്കേണ്ട കാലം തന്നെ വരാം. സ്വവര്‍ഗ്ഗവിവാഹം നിയമാനുസൃതമാക്കിയതിനാല്‍ ഇനിയങ്ങോട്ട് പുതിയ രൂപത്തിലുള്ള ബയോഡാറ്റകള്‍ കൊച്ചു കേരളത്തിലും പ്രത്യക്ഷപ്പെടാം.
പേര്‍ : അസന്തുഷ്ടന്‍
പുരുഷനോ സ്ത്രീയോ : സ്ത്രീ
കല്ല്യാണം കഴിച്ചതാണോ : അതെ
പങ്കാളിയുടെ പേര്‍ : അവിഹിത
പുരുഷനോ സ്ത്രീയോ : സ്ത്രീ
കുട്ടികളുടെ എണ്ണം : രണ്ട്
ബാക്കി ഭാവനയില്‍ പലതും ചേര്‍ക്കാം.



അപ്പോള്‍ ഇനിയങ്ങോട്ട് മകന് കല്ല്യാണം കഴിക്കാന്‍ പറ്റിയ പെണ്ണിനെ മാത്രമല്ല ആണിനെയും അന്വേഷിക്കാം. അതുപോലെ മകളെ കനത്ത സ്ത്രീധനം കൊടുത്ത് കല്ല്യാണം കഴിച്ചയക്കുന്നതിനു പകരം ഒരു പെണ്ണിനെതന്നെയായാല്‍ പ്രശ്നം പരിഹരിക്കപ്പെട്ടല്ലൊ. പിന്നെ ജനപ്പെരുപ്പം തടയാന്‍ എളുപ്പവഴിയാണ് ഇത്തരം വിവാഹങ്ങള്‍. കുട്ടികളുടെ ജനനവും വിവാഹവും തമ്മില്‍ ഒരു ബന്ധവും ഇല്ലാതാവുന്ന അവസ്ഥയില്‍ ജനനം സ്പോണ്‍സര്‍ ചെയ്യാന്‍ സ്ക്കൂളുകള്‍ തമ്മില്‍ മത്സരമാവും. കലിയുഗമല്ലെ; കാലം മാറുകയല്ലെ; ആ മാറ്റത്തിനൊത്ത് നമ്മളും മുന്നേറണ്ടതല്ലെ.



ഒരു ഫ്ലാഷ് ബാക്ക് :
പുതിയതായി ഹൈസ്ക്കൂളില്‍ ജോലി ലഭിച്ച് ഏതാനും മാസം കഴിഞ്ഞു. ഒന്‍പതാം ക്ലാസ്സില്‍ മനുഷ്യശരീരം പഠിപ്പിച്ച് മുന്നേറുകയാണ്. അപ്പോഴാണ് അത് കണ്ടത്. പിന്‍‌ബഞ്ചിലിരിക്കുന്ന ഒരു ആണ്‍‌കുട്ടി നോട്ട്‌ബുക്കില്‍ നിന്നും പറിച്ചടുത്ത നാലായി മടക്കിയ കടലാസ് തൊട്ടപ്പുറമുള്ള ഒരുത്തന് കൊടുക്കുന്നു. അത് കിട്ടിയവന്‍ ഉടനെ ബയോളജി ടെക്‍സ്റ്റ് ബുക്കില്‍ ഒളിപ്പിക്കുന്നു. പഠനത്തില്‍ ശ്രദ്ധിക്കാതെ ഒളിപ്പിച്ചത്, പിടിച്ചെടുക്കേണ്ടത് എന്റെ ഡ്യൂട്ടിയില്‍ ഉള്‍പ്പെട്ടതാണല്ലൊ. ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ ഞാന്‍ നടന്ന് പിന്നിലെത്തി ടെക്‍സ്റ്റ് ബുക്ക് തുറന്ന് തൊണ്ടിസാധനം എടുത്തു. ഉടനെ, ആ കടലാസ് തിരിച്ച്‌കിട്ടാന്‍, കൊടുത്തവനും കിട്ടിയവനും പരിശ്രമിച്ചു. ക്ലാസ്സ് കഴിഞ്ഞതിനു ശേഷവും അവര്‍ എന്റെ പിന്നാലെ വന്ന് ആ കടലാസിനുവേണ്ടി അപേക്ഷിക്കുമ്പോള്‍ ഗുരുതരമായ എന്തോ പ്രശ്നം അതിലുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയതിനാല്‍ തിരിച്ചുകൊടുത്തില്ല.


സ്റ്റാഫ് റൂമില്‍ എത്തി സീറ്റിലിരുന്ന് സമാധാനമായി വായിച്ചു. അസ്സല്‍ പ്രേമലേഖനം തന്നെ. ഒരുവന്‍ അതേ ബഞ്ചിലിരിക്കുന്ന മറ്റൊരുവന് കൊടുത്തത്. ഒരാണ്‍‌കുട്ടിക്ക് മറ്റൊരു ആണ്‍കുട്ടിയോട് തീവ്രമായ പ്രേമം. ദിവസേന കണ്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്ന് വരെ എഴുതിയിരിക്കുന്നു. പിന്നെ എഴുതാനും പറയാനും വായിക്കാനും പറ്റാത്ത പലതും. പുതുമയുള്ള ഈ വസ്തു ബാബുമാസ്റ്ററെ ഏല്‍‌പ്പിച്ചു. വിദ്യാര്‍ത്ഥികള്‍ പേടിക്കുന്ന ഭീകരനായ കണക്ക്‍മാഷാണ് അദ്ദേഹം. ബാബുമാസ്റ്റര്‍ വിശുദ്ധ പ്രേമലേഖനം വായിച്ച് എന്നോട് പറഞ്ഞു;

“ടീച്ചറെ ഇതൊക്കെ അവര്‍ക്ക് ശരിയായിരിക്കും, നമ്മള്‍ ഈ കത്തിന്റെ പേരില്‍ ചോദ്യം‌ ചെയ്യാത്തതാണ് നല്ലത്. ഇത് ഒരു പെണ്‍‌കുട്ടിക്കാണ് കൊടുത്തതെങ്കില്‍ അത് തെറ്റാണെന്ന് നമുക്ക് പറയാം. അവനെ ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാം”


അതെ അതു തന്നെയാണ് ശരി. തെറ്റും ശരിയും വേര്‍‌തിരിക്കാന്‍ ആര്‍ക്ക് കഴിയും?
ആശാന്‍ പറഞ്ഞത് പോലെ…
“ഇന്നലെ ചെയ്തോരബദ്ധം
ഇന്നത്തോര്‍‌ക്കാചാരമാവാം
നാളത്തെ ശാസ്ത്രം അതാവാം
അതില്‍ ...”
ഇപ്പോള്‍ ഇത്രയും പറഞ്ഞ് ഞാന്‍ നിര്‍ത്തുന്നു...