സന്ധ്യാനേരത്ത് അടുക്കളയിൽ
ഗ്യാസ്‌സ്റ്റൌ ജ്വലിച്ചുകൊണ്ടിരിക്കെ അതിനുമുകളിലിരിക്കുന്ന ചട്ടിയിൽനിന്നും കറിയുടെ കരിഞ്ഞമണം ഡൈനിംഗ് റൂമിലൂടെ ലിവിംഗ് റൂമിലൂടെ സ്വീകരണമുറിയിലിരിക്കുന്ന ശ്രീകുമാരിയമ്മയുടെ ഇടത്തെ മൂക്കിൽ കടന്നുകയറിയത് തുണിയഴിക്കുന്ന പരസ്യത്തിന്റെ
ക്ലൈമാക്സ് വേളയിലാണ്. മണംകേട്ട ശ്രീയമ്മ ‘ഊയെന്റപ്പാ അന്റെ കൂട്ടാൻ പോയി’ എന്ന്
നിലവിളിച്ച് അടുക്കളയിലേക്ക് ഓടിയ നേരത്താണ് ചാനലുകളിൽ മാറിയും മറിഞ്ഞും
ചാടിക്കളിക്കുന്ന ജാനുമോൾ, ടീവിയിൽ നിന്ന് പതുക്കെ നിലത്തേക്കിറങ്ങിയത്. തിളങ്ങുന്ന
മാർബിൾ തറയിൽ കാലുകുത്തിയപ്പോൾ ആദ്യം അല്പം വശപശ തോന്നിയെങ്കിലും അടുത്തനിമിഷം
കൈയും കാലും വീശിക്കുടഞ്ഞ് അവൾ ഓക്കെയായി. ഒന്നുരണ്ടടി വെച്ചപ്പോൾ പ്രയാസം
തോന്നിയെങ്കിലും ശ്രീയമ്മ തിരിച്ചുവരുന്നുണ്ടെന്ന് തോന്നിയതുകൊണ്ടാവാം പെട്ടെന്ന്
സ്വീകരണമുറിയിൽ നിന്ന് സിറ്റൌട്ടിലേക്ക് കടന്ന് ഗ്രാനൈറ്റ് പതിച്ച മുറ്റത്തിറങ്ങി
പോർച്ചിൽ കിടക്കുന്ന മാരുതിയുടെയും ഇന്നോവയുടെയും ഇടയിലൂടെ ഒരു നിഴലുപോലെ
ഓടിയിട്ട് തുറന്ന ഗെയിറ്റിലൂടെ അവൾ റോഡിലേക്കിറങ്ങി.
വഴിയിൽ സ്ട്രീറ്റ്‌ലൈറ്റിന്റെ
വെളിച്ചത്തിൽ പരിചിതമുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ജാനുമോൾ പതുക്കെ
നടക്കാൻ തുടങ്ങി. മറ്റുള്ളവർക്ക് മുഖംകൊടുക്കാതെ നടക്കുന്ന അവളെ, പാതയുടെ ഇരുവശത്തുനിന്ന് കണ്ണും വായും
തുറന്നപിടിച്ച് നിരീക്ഷിക്കുന്ന പുരുഷമൃഗങ്ങൾ മുഖംമാത്രം നോക്കിയില്ല, നോക്കാനൊട്ട് അവർ
ആഗ്രഹിച്ചില്ല. ഇനി അഥവാ അവരാരെങ്കിലും നോക്കിയാലോ? ജാനുമോൾ കുടുക്കിലായേനെ,,,
വർഷങ്ങളായി രാത്രിനേരത്ത് നാട്ടുകാരുടെ സ്വീകരണമുറിയിൽ ഓടിത്തകർക്കുന്ന കാക്കകറുമ്പിയായ
ജാനുമോളെ നേരിട്ട്‌കണ്ടാൽ ആരെങ്കിലും വെറുതെ വിടുമോ?
ജാനുമോൾക്ക് വിശക്കാൻ
തുടങ്ങി; സാധാരണ സോഫ്റ്റ്‌ഫുഡ് കഴിക്കുന്ന മൂന്നാംസീരീസ് പരസ്യത്തിന്റെ
ഇടവേളയിലാണ് ടീവിയിൽ നിന്ന് ഇറങ്ങിയത്. അവൾ ചിന്തിക്കാൻ തുടങ്ങി, ‘ഇപ്പോൾ
വീട്ടമ്മമാർ എന്ത് ചെയ്യുന്നുണ്ടാവും’? പരസ്യത്തിന്റെ ഇടവേള കഴിഞ്ഞ ഈ നേരത്ത് ‘ജാനുമോളെ കാണുന്നില്ല’ എന്നറിയുന്ന അവരെല്ലാം ഒന്നിച്ച് കണ്ണീർപുഴ ഒഴുക്കുകയില്ലെ?
ഏതായാലും ഇനി ടീവിയിലേക്കില്ല, ഏതെങ്കിലും വല്യവീട്ടിൽ വേലക്കാരിയായോ ചുമടെടുത്തോ
ഇനി ജീവിക്കണം’. ‘ഒ അത് നടക്കുമോ? പത്ത് വയസുകാരി ചുമടെടുത്താൽ അത് ‘ബാലവേലചെയ്യിച്ചു’,
എന്ന വയ്യാവേലി ആവുകയില്ലെ? എന്തെല്ലാം നിയമങ്ങളാണ് ഈ നാട്ടിൽ!
പെട്ടെന്ന് നാടാകെ ഇരുട്ടിലായി, ലോഡ്‌ഷെഡ്ഡിംഗ്
ആയിരിക്കാം. കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന് മുഖംനോക്കാതെയാണെങ്കിലും നേരിട്ട്
വർത്തമാനംപറയുന്ന ഒരെയൊരു അവസരം. ‘ഇനിയൊരു മൂന്ന്‌വർഷം കൂടി ഇതുപോലുള്ള
കുടുംബസംഗമം നിത്യേന നടക്കും; അതുകഴിഞ്ഞാൽ ലോഡ്‌ഷെഡ്ഡിംഗ് പിൻവലിക്കുന്നതോടെ
വീട്ടുകാർ തമ്മിൽ സംസാരിക്കാതാവും’. ചുറ്റും പരക്കുന്ന ഇരുട്ടിനെ ജാനുമോൾ
ഭയപ്പെടാൻ തുടങ്ങി. വെള്ളിവെളിച്ചത്തിൽ മാത്രം ജീവിച്ച അവൾ ആദ്യമായാണ് ഇരുട്ടിനെ
മുഖാമുഖം കാണുന്നത്. മുന്നിൽ കാണുന്ന പാതയിലൂടെ ദിക്കറിയാതെ അവൾ നടക്കാൻ
തുടങ്ങിയപ്പോൾ അകലെ വെളിച്ചം ചിതറുന്നത് കണ്ട് നേരെ അങ്ങോട്ട് നടന്നു.
ത്രീജിയും ടൂജിയും നോജിയും
വിൽക്കുന്ന മൊബൈൽ ഷോപ്പിൽ നിന്നാണ് ഇരുട്ടിനെ കീറിമുറിച്ച് പാട്ടും വെളിച്ചവും
പുറത്തുചാടിയത്. അങ്ങോട്ട് നടന്നുനീങ്ങിയ ജാനുമോളെ ആദ്യം കണ്ടത് തൊട്ടടുത്ത്
അടച്ചുപൂട്ടിയ കടവരാന്തയിലിരുന്ന് കൊലവെറി കേൾക്കുന്ന പൊന്നൂട്ടനാണ്. അവൻ കൂട്ടുകാർ
കേൾക്കാനായി വിളിച്ചുകൂവി,
“എടാ നോക്ക്, ഒരു ചരക്ക്”
“ചരക്കൊ? അത് വെറും ഞാഞ്ഞൂല്,,, കുഞ്ഞ്”
“ഞാഞ്ഞൂലായാലും പെണ്ണാടാ,, വാ”
ഇരകിട്ടിയ സന്തോഷത്തോടെ ചെന്നായ്‌കൂട്ടം
ഞാഞ്ഞൂലിനു നേരെ തിരിഞ്ഞു.
അവർ അടുത്തെത്തിയപ്പോൾ ജാനുക്കുഞ്ഞ് നേരെ
നിന്ന് അവരെയൊന്ന് നിരീക്ഷിച്ചു, പിന്നെ ചോദിച്ചു,
“ചേട്ടന്മാരെ നിങ്ങളെന്താ ചെയ്യാമ്പോന്നത്?”
അവരൊന്നും മിണ്ടിയില്ല, മുന്നിലുള്ള തടിയൻ രാജുമോൻ
സ്റ്റാർട്ട് പറഞ്ഞ,
“ടാ പിടിക്കെടാ”
“എന്റെ ചെട്ടന്മാരെ നിങ്ങൾക്കാർക്കും എന്നെ
പിടിക്കാനാവില്ല”
“ടാ, തടിയാ ആ പെണ്ണ് പറേന്ന കേട്ടൊ,, ഓള
പിടിക്കാമ്പറ്റില്ല പോലും”
“ചേട്ടന്മാരെ,, എന്തിനാ മെനക്കെടുന്നത്? ആ
നേരത്ത് മൊബൈൽ ഓൺചെയ്ത് അടിപൊളി സിനിമ കാണ്”
“തർക്കുത്തരം പറയുന്നോ? എന്നാ പിന്നെ ഇവളെ
പിടിച്ചിട്ട് തന്നെ കാര്യം”
“ഓട്ടത്തിൽ എന്നെയാർക്കും
തോല്പിക്കാനാവില്ല; പിന്നെ എങ്ങനെ എന്നെ പിടിക്കാനാവും!”
ജാനുക്കുഞ്ഞ് പെട്ടെന്ന് ഓടാൻ തുടങ്ങി.
കാറ്റിന്റെ വേഗത്തിൽ ഓടുന്ന അവളോടൊപ്പം എത്താൻ തടിയന്മാർ ഒത്തിരി ഊർജ്ജം
ചെലവാക്കി.
എന്നിട്ടോ?
ഇരുട്ടിന്റെ മറവ്‌പറ്റി ഓടിയ ജാനുക്കുഞ്ഞ്
ചെന്നായ്ക്കൂട്ടത്തെ പിന്നിലാക്കി വളരെയേറെ മുന്നിലെത്തി. ഓട്ടം
അവസാനിപ്പിച്ചനേരത്ത് അതുവരെ അവളെ വിട്ടുപോയ വിശപ്പും ദാഹവും വീണ്ടും
കയറിവന്നപ്പോൾ, ദ,, മുന്നിലൊരു തട്ടുകട,,,
പക്ഷെ???
അത്
അടച്ചുപൂട്ടിയിരിക്കയാണ്, എങ്കിലും അതിന്റെ അടിവശത്തുകൂടി നുഴഞ്ഞുകയറിയ ജാനുമോൾ
സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ ചില്ലലമാരയിൽ അടുക്കിവെച്ച പൊറോട്ടയും
തൊട്ടടുത്തായി തൂങ്ങിക്കിടക്കുന്ന റോബസ്റ്റകുലയും കൺകുളിർക്കെ കണ്ടു. അപ്പോൾ
അവളുടെ കുഞ്ഞുമനസ്സിൽ ഒരു ചിന്ത കടന്നുകയറി, ‘അന്യന്റെ മുതൽ എടുക്കരുത്’. നല്ല
മനസ്സുള്ള ജാനുമോൾ പിന്നീട് ഒരുഗ്ലാസ് കലക്കുവെള്ളം കുടിച്ചശേഷം ഒരുകാൽ ഇളക്കമുള്ള
ബെഞ്ചിൽ കിടന്ന് ഉറങ്ങാൻ തുടങ്ങി.
ഉറക്കത്തിൽ ജാനുമോൾ പലതരം സ്വപ്നങ്ങൾ കണ്ടു; സ്വപ്നത്തിന്റെ ഒടുവിൽ അവളുടെ അമ്മ ഒരു വെളുത്ത
സുന്ദരിക്കുട്ടിയെ കളിപ്പിക്കുകയാണ്. വെളുത്ത കുഞ്ഞിനെ ലഭിച്ചപ്പോൾ സന്തോഷംകൊണ്ട്
മതിമറന്ന് മറ്റൊരമ്മ നൃത്തം ചെയ്യുകയാണ്. കറുത്ത കുഞ്ഞിന് വെളുത്ത കുഞ്ഞുങ്ങളെ
സ്വപ്നം കണ്ടുകൂടെ?
പരിസരം മറന്ന് ഉറങ്ങുന്ന
ജാനുമോൾ കാക്കകളുടെ കലപില കേട്ടാണ് ഉണർന്നു. നേരം പുലർന്നെന്ന് തിരിച്ചരിഞ്ഞപ്പോൾ
അവൾ കണ്ണുംതിരുമ്മി എഴുന്നേറ്റു; ശരീരമാകെ വേദന,,, ഹോ,, ഇന്നലെ ഉറങ്ങിയത് ഈ
മരത്തിന്റെ പുറത്താണോ? അതുവരെ പതുപതുത്ത മെത്തയിൽ മാത്രം കിടന്നുശിലിച്ച അവൾക്ക്
ആകെ പ്രയാസമായി. തലേന്ന് രാത്രിയിലെ സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്തപ്പോൾ അവൾക്ക്
പരിസരബോധം വന്നു, ഇനിയെന്ത് ചെയ്യും? താനില്ലാതെ വീട്ടമ്മമാർ എങ്ങനെ കഥയറിയും?
സ്വീകരണമുറിയിൽ ടീവിയുടെ മുന്നിലിരിക്കുന്ന അവർ ജാനുമോളെ കാണാതായാൽ എങ്ങനെ
നേരം കൂട്ടും?
തട്ടുകടയിൽ നിന്ന്
വെളിയിലിറങ്ങി മറ്റാരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ട് എങ്ങോട്ടെന്നില്ലാതെ
നടക്കാൻ തുടങ്ങിയ നേരത്താണ് അവളുടെ ഇടത്തെ ചുമലിൽ ആരുടെയോ കൈ വന്നു പതിച്ചത്.
നോക്കിയപ്പോൾ അവൾ കണ്ടത് ഐഷാമ്മയെയാണ്. ഏറെക്കാലം തന്റെ സ്വന്തം അമ്മായായവർ!
“മോളേ,, നിന്നെതേടി രാത്രിമുഴുവൻ
ഉറക്കമിളച്ച് ഞാനെത്ര അലഞ്ഞു? ഇപ്പോഴെങ്കിലും കണ്ടെത്തിയല്ലൊ. വാ നമുക്ക് വീട്ടിൽ
പോകാം”
എവിടെനിന്നെന്നറിയില്ല, പെട്ടെന്ന് മൂന്ന്
സ്ത്രീകൾ കൂടി അവിടെയെത്തി. അവരിൽ ചന്ദനക്കുറിയിട്ട അമ്മു അവളെ കെട്ടിപ്പിടിച്ച്
പറയാൻ തുടങ്ങി,
“എന്റെ പൊന്നുമോളേ, നീയില്ലാതെ ഞാനെങ്ങനെ
ജീവിക്കും? നീ എന്റെ ഒപ്പം വരണം”
അമ്മുഅമ്മയെ തള്ളിമാറ്റി മുന്നിൽ വന്നത്
ക്ലാരമ്മയാണ്,
“ഇതെന്റെ സ്വന്തം ജാനുമോളാണ്, ഇവളെ പെറ്റതും
പേറ്റ്‌നോവറിഞ്ഞതും ഞാനാണ്”
ആ നിമിഷം ക്ലാരമ്മയെ പിന്നിലേക്ക്
തള്ളിയിട്ട് അവൾ വന്നു, സുമതിക്കുട്ടിയമ്മ,,,
“ഹ, നീയാരാടി ഇവളെ പെറാൻ; ഇത് ഞാൻ പ്രസവിച്ച
കുഞ്ഞാണ് എന്റെ ജാനുമോൾ”
എല്ലാവരും ചേർന്ന് ജാനുമോളെ കൈയുംകാലും പിടിച്ചുവലിക്കുമ്പോൾ
അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി,
“അയ്യോ എന്നെ കൊല്ലുന്നേ,, ഈ അമ്മമാരെന്നെ
കൊല്ലുന്നേ”
ഒരു പെൺകുട്ടിയുടെ ദയനീയമായ
കരച്ചിൽ അതിരാവിലെ കേട്ട പൊതുജനം നല്ലവർ സ്വന്തംകാര്യം മറന്ന് ഓടിയെത്തി. വന്നവർ
വന്നവർ മൂക്കത്ത് വിരൽവെച്ച് പറഞ്ഞു,
“അയ്യോ ഇത് നമ്മുടെ ജാനുമോളല്ലെ,, ഇന്നലെ
രാത്രി ഇവളെ ടീവീന്ന് പെട്ടെന്ന് കാണാതായതല്ലെ; ജാനുമോൾ വന്നേയ്”
ആളുകൾ ഒത്തുകൂടി ജയ് വിളിച്ചു,
“ജാനുമോൾ വന്നേയ്, ജെയ്, ജെയ്”
നാട്ടുകാർ റോഡുകളിലൂടെ
ഒഴുകാൻ തുടങ്ങിയപ്പോൾ വാഹനഗതാഗതം തകർന്ന് ഭരണം അറബിക്കടലിൽ താഴാൻ തുടങ്ങി. അങ്ങനെ
താഴുന്നതിന് മുൻപ് പോലീസ് വകുപ്പ് നടപടി തുടങ്ങി,
…ഉണ്ടയില്ലാ
വെടി, പുകവെടി, ജലവെടി ഒടുവിൽ ഉണ്ട നിറച്ച് വെടിവെച്ചപ്പോൾ നാലുപേർ പരലോകത്തും പതിനാലുപേർ ലോക്കപ്പുകളിലും
എത്തിച്ചേർന്നു. അതിനിടയിൽ വനിതാപോലീസ് വണ്ടിവന്ന് ജാനുമോളെയും അമ്മമാരെയും നിലം
തൊടീക്കാതെ വനിതാ കോടതിയിൽ എത്തിച്ചു. ആ നേരത്തും അമ്മമാർ അടി
തുടർന്നുകൊണ്ടേയിരുന്നു.
കോടതിയിൽ എത്തിയപ്പോൾ അവിടെയിരിക്കുന്നു,
ജഡ്ജി ബാലയമ്മ, അമ്മമാർ പറയുന്നതെല്ലാം അവർ ശ്രദ്ധിച്ച് കേട്ടു. എല്ലാവർക്കും
ജാനുമോളെ വേണം. ഒടുവിൽ ജാനുമോളോട് ജഡ്ജി ചോദിച്ചു,
“ജാനുക്കുഞ്ഞെ, നിനക്കാരെയാ ഇഷ്ടം? മോളുടെ
അമ്മ ആരാണ്?”
ജാനുക്കുഞ്ഞിന് ആകെയൊരു കൺഫ്യൂഷൻ, അവളെങ്ങനെ
അമ്മയെ ചൂണ്ടിക്കാണിക്കും? എല്ലാവരും അവളുടെ അമ്മയാണെന്ന് അവൾ വിശ്വസിക്കുന്നു.
അതിൽ ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാട്ടിയാൽ അവർ തന്റെ പ്രീയപ്പെട്ട അമ്മയാവും. അപ്പോൾ
സ്വന്തം അമ്മ ജാനുമോളെന്ന കറുത്തകുഞ്ഞിന്റെ അമ്മയാവുന്നത് അവരോട് ചെയ്യുന്ന
ദ്രോഹമല്ലെ.
അവൾ പറയാൻ തുടങ്ങി,
“എനിക്കറിയില്ല; ഇവരെല്ലാം എന്റെ
അമ്മമാരാണ്”
ബാലയമ്മ അമ്മമാരെ നോക്കി പറഞ്ഞു, ഒരു കുഞ്ഞിന്
ഒരമ്മ മാത്രമായിരിക്കും, നിങ്ങളിൽ ഒരാൾ മാത്രമായിരിക്കും അവളുടെ അമ്മ”
“അത് ഞാനാണ്” ഐഷാമ്മ,
“അത് ഞാനാണ്” സുമതിക്കുട്ടിയമ്മ,
“അത് ഞാനാണ്” ക്ലാരമ്മ,
“അത് ഞാനാണ്” അമ്മുഅമ്മ,
ബാലയമ്മ അന്തംവിട്ടു, ഇക്കാലത്ത് ഒരു
കുഞ്ഞിന്റെ അമ്മയാണെന്ന് പറഞ്ഞ് ഒരു സ്ത്രീ വരുന്നത്‌പോലും അപൂർവ്വമാണ്. എന്നാൽ
ഇപ്പോൾ ഇവിടെ നാല് സ്ത്രീകളാണ് ഒരു കുഞ്ഞിനുവേണ്ടി അവകാശവാദം ഉന്നയിക്കുന്നത്.
കാലം പോയ പോക്കേ,,, അവർ ചോദിച്ചു,
“അപ്പോൾ ജാനുമോളുടെ അച്ഛൻ?”
“അവളെന്റെ മകളായാൽ അച്ഛനെ
കാണിച്ചുകൊടുക്കാം, അമ്മ പറയുന്ന ആളാണല്ലൊ അച്ഛൻ”
ബാലയമ്മ പെണ്ണുങ്ങളെക്കൊണ്ട് തോറ്റ് അടിയറവ്
പറഞ്ഞു. വിധി പറഞ്ഞ് രണ്ടിലൊന്ന് തീരുമാനിക്കാം,
“നാലുപേരും വിട്ടുതരാത്തതുകൊണ്ട് ഇനി ഡി.എൻ.എ.
ടെസ്റ്റ് നടത്തിയിട്ട് യഥാർത്ഥ അമ്മയെ കണ്ടെത്തുക”
“ഡി എൻ എ ടെസ്റ്റ് വേണ്ടേ വേണ്ട” നാല്
അമ്മമാരും ഒന്നിച്ച് പറഞ്ഞു.
“അപ്പോൾ പിന്നെ ഒരു വഴി മാത്രം, അത്,,,”
“അതെന്താണ്?”
“ജാനുമോളെ നാലായി മുറിച്ച് ഒരോ അമ്മക്കും
നൽകുക”
ബാലയമ്മയുടെ വിധികേട്ട് അമ്മമാർ ഒരുനിമിഷം
ചിന്തിച്ചു, ‘ഡി.എൻ.എ. ടെസ്റ്റ് നടത്തിയാൽ അവൾ എന്റെ മകളായില്ലെങ്കിലോ? അങ്ങനെ
മറ്റുള്ളവർക്ക് ജാനുമോളെ വിട്ടുകൊടുത്തുകൂട’,,
“ജാനുമോളെ നാലായി പിളർന്നിട്ട്, തുല്യമായി പങ്ക്‌വെച്ച്
എന്റെ ഓഹരി തന്നാൽ മതി,,,”
നാല് അമ്മമാരും ഒന്നിച്ച് പറയുന്നത്
കേൾക്കുന്നതിന് മുൻപ് ജാനുമോളുടെ ബോധം നഷ്ടപ്പെട്ടിരുന്നു.