27.1.20

അസുഖം വന്ന പെൺ‌കുട്ടി



         പട്ടണത്തിനു സമീപമുള്ള തെക്കേക്കര ഗവൺ‌മെന്റ് അപ്പർ പ്രൈമറി വിദ്യാലയത്തിലെ പ്രധാന‌‌അദ്ധ്യാപികയായി ശ്രീലത ടീച്ചർ ചാർജ്ജെടുത്തത് ജൂൺ മാസം സ്ക്കൂൾ തുറന്നപ്പോഴാണ്. എച്ച്.എം. വിരമിച്ച ഒഴിവിൽ പ്രമോഷൻ ആയി വന്നപ്പോൾ അവർക്ക് വളരെയധികം സന്തോഷം തോന്നി. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സു‌കളിൽ ധാരാളം കുട്ടികൾ. എല്ലാ കാര്യത്തിലും മികച്ചുനിൽക്കുന്ന അറിയപ്പെടുന്ന സ്ക്കൂൾ.
    ജൂലായ് മാസത്തിൽ മഴയില്ലാത്ത ഒരു ദിവസം,, ക്ലാസ്സ് തുടങ്ങി അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് വെളിയിൽ നിന്നും ബഹളം കേട്ടത്. ആ നേരത്ത് ശരിയാക്കി‌ക്കൊണ്ടിരിക്കുന്ന രജിസ്റ്റർ അടച്ചുവെച്ചശേഷം പെട്ടെന്നെഴുന്നേറ്റ് വാതിൽക്കൽ വന്നപ്പോൾ അവരൊന്ന് ഞെട്ടി,
ചെറുപ്പക്കാരും പ്രായമുള്ളവരും ഉൾപ്പെടെ ഏതാണ്ട് അറുപതോളം പുരുഷന്മാർ സ്ക്കൂൾ ഓഫിസിനു മുന്നിൽ നിരന്നുനിന്നിട്ട് എന്തൊക്കെയോ ഉച്ചത്തിൽ പറയുന്നു. ടീച്ചർ ചോദിച്ചു,
“എന്താ കാര്യം?”
         എല്ലാവരും ചേർന്ന് വിളിച്ചുകൂവുകയും ഇടയ്ക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ട്. പിന്നിലുള്ള ഏതാനും ചെറുപ്പക്കാരുടെ കൈയിൽ വടിയും കല്ലുകളും കണ്ടതോടെ ടീച്ചറാകെ പേടിച്ചു. അപ്പോൾ കൂട്ടത്തിൽ നേതാവെന്ന് തോന്നുന്ന ആൾ മുന്നിൽ വന്നിട്ട് പറഞ്ഞു,
“എന്താ കാര്യമെന്നോ? ഒന്നും അറിയാത്തപോലെ, ഒരു ഹെഡ്‌ടീച്ചറായി ഇരുന്നാൽ മതിയോ?”
“എന്തുപറ്റി?”
“ഇന്നലെ സുഖമില്ലാത്ത ഒരു കുട്ടിയെ വീട്ടിലെക്കയച്ചിട്ട് ഒന്നുമറിയാത്തതുപോലെ ഇരിക്കുന്നോ?”
“ആർക്കാ സുഖമില്ലാത്തത്?”
“ടിച്ചറൊന്നും അറിയില്ല. ഇവിടെ ഇരുന്നാലെങ്ങനെയാ,, ഇന്നലെ പ്രഭാകരന്റെ മകൾക്ക് സുഖമില്ലാതായപ്പോൾ ഇവിടെന്നല്ലേ വീട്ടിലേക്കയച്ചത്?”
“ഞാനൊന്നും അറിയില്ല. എന്താ പറ്റിയത്?”
“ടീച്ചറേ ഏഴാം ക്ലാസ്സിലെ കുഞ്ഞിമോൾ‌ക്ക് തലവേദന വന്നപ്പോൾ ഇവിടത്തെ ഏതോ ടീച്ചർ വീട്ടിലേക്ക് പറഞ്ഞുവിട്ടു. അതും ഒറ്റക്ക്,, സുഖമില്ലാത്ത ഒരു പെൺ‌കുട്ടി ഒറ്റക്ക് അരമണിക്കൂർ നടന്ന് വീട്ടിലേക്ക് വരുന്ന പ്രയാസമൊന്നും കാറിൽ‌ വരുന്ന ടീച്ചർ‌മാർക്ക് അറിയില്ല”
“കുഞ്ഞിമോളോ? അതെതാ കുട്ടി”
“ഹോ,, സ്ക്കൂളിലെ ഹെഡിന് കുട്ടീന്റെ പേരുപോലും അറിയില്ല,, പാവം”
    അപകടത്തിന്റെ മുന്നോടിയായി ആളുകൾ ജനാലയും വാതിലും അടിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി. മറ്റുള്ള അദ്ധ്യാപകരെക്കെ ചുറ്റും വന്നുകൂടി. കൂട്ടത്തിൽ പ്രായമുള്ള ജനാർദ്ദനൻ മാസ്റ്റർ കൂടി വന്നപ്പോൾ ഹെഡ്‌ടീച്ചർക്ക് ആശ്വാസമായി. ജനാർദ്ദനൻ മാസ്റ്റർ  പരിചയക്കാരനായ ഒരാളെ ഒപ്പം കണ്ടപ്പോൾ ചോദിച്ചു,
“എന്താ രാജേന്ദ്രാ,, എന്താ കാര്യം?”
“അത് മാഷേ,, നിങ്ങളൊക്കെ നന്നായി കുട്ട്യോളെ നോക്കുന്നുണ്ട്. എന്നാല് ഈടത്തെ ടീച്ചർമാര് ശരിയല്ല”
“അതിനുമാത്രം എന്തുണ്ടായി?”
“ഇന്നലെ ഏഴാം ക്ലാസ്സിലെ ഒരു കുട്ടിക്ക്, എന്താടോ,, പേര്,, ആ, കുഞ്ഞിമോൾ, തന്നെ, ആ കുട്ടിക്ക് തലവേദന വന്നപ്പം ഈടത്തെ ആരോ ടീച്ചറ് പുസ്തകമെടുത്ത് വീട്ടില് പോകാൻ പറഞ്ഞു. ആ കുട്ടി വീട്ടിലേക്ക് നടന്നു പോകുമ്പം വഴിയിൽ ബോധക്കേടായി വീണ്. എന്നിട്ട് നാട്ടുകാര് ആസ്പത്രിയിൽ ആക്കി. സുഖമില്ലാത്ത പെങ്കുട്ടീനെ ഒറ്റക്ക് വിടുന്നത് ശരിയാണോ?”
“എന്നിട്ട് കുട്ടിക്കെങ്ങിനെയുണ്ട്?”
“ഓളെ ഡോക്റ്റരെ കാണിച്ചിട്ട് അപ്പോൾതന്നെ വീട്ടിൽ വന്നു. പക്ഷെ കാര്യം ചോദിക്കണ്ടേ?”
“ചോദിക്കണം,, പക്ഷെ,, ഈ കുഞ്ഞുമോൾ എന്നൊരു കുട്ടി ഇവിടെ പഠിക്കുന്നില്ലല്ലോ”
“പഠിക്കുന്നില്ലെന്നോ? പ്രഭാകരന്റെ മോള്, പ്രഭാകരൻ ഇവിടെ ഒപ്പരം ഉണ്ടായിരുന്നു”
ആളുകളുടെ കൂട്ടത്തിൽ നിന്നും കാലുകൾ ഭൂമിയിൽ ഉറച്ചു നിൽക്കാത്ത പ്രഭാകരനെ മുന്നിലാക്കി. അദ്ധ്യാപകർക്ക് പരിചയമില്ലാത്ത മനുഷ്യൻ,, മാസ്റ്റർ ചോദിച്ചു,
“പ്രഭാകരാ നിന്റെ മോളെ പേരെന്താ?”
“കുഞ്ഞിമോള്”
“എന്നാൽ ഈ സ്ക്കൂളിൽ കുഞ്ഞിമോൾ എന്നൊരു കുട്ടി പഠിക്കുന്നില്ല”
അത് കേട്ടപ്പോൾ രക്ഷിതാക്കൾ ബഹളമായി. അദ്ധ്യാപകർ ചേർന്ന് കള്ളം പറയുന്നതായി ആരോപണം തുടങ്ങിയപ്പോൾ മാസ്റ്റർ ചൊദിച്ചു,
“പ്രഭാകരാ നിന്റെ കുട്ടിയെ സ്ക്കൂളിൽ ചേർത്തത് ഏത് പേരിലാണ്?”
“അത് ഓളെ അമ്മയാ ചേർത്തത്,, ശനിശാ എന്നാണ് അമ്മ വിളിക്കുന്നത്”
“നിങ്ങളുടെ ജോലി എന്താണ്?”
“അങ്ങിനെ കാര്യമായ പണിയൊന്നും ഇല്ല. എന്ത് ജോലിയും ചെയ്യാം”
“നിങ്ങളുടെ വീട് എവിടെയാണ്?”
“കുഞ്ഞിപ്പള്ളിയിൽ”
പെട്ടെന്ന് ജനാർദ്ദനൻ മാസ്റ്റർക്ക് ആശ്വാസമായി. അദ്ദേഹം പറഞ്ഞു,
“കുഞ്ഞിപ്പള്ളിയിൽ നിന്നുള്ള ഒരു കുട്ടിയും ഈ സ്ക്കൂളിൽ പഠിക്കുന്നില്ല. നിങ്ങളുടെ മകൾ ഏത് ക്ലാസ്സിലാ പഠിക്കുന്നത്?”
“അത് ഏഴിലായിരുന്നു,, കഴിഞ്ഞകൊല്ലം. ഇക്കൊല്ലം ഈട ചേർന്നത് എട്ടിലാന്നാ തോന്നുന്നത്”
“അതിനാണോ ഇവിടെവന്ന് ബഹളം ഉണ്ടാക്കുന്നത്? ഇത് തെക്കേക്കര യൂ.പി. സ്കൂളാണ്,, ഇവിടെ ഏഴാം‌‌‌ക്ലാസ് വരെയെ ഉള്ളൂ”
“അതെന്താ ഇവിടെ എട്ടാം ക്ലാസ്സ് ഇല്ലാത്തത്?”
അതുവരെ ഇടഞ്ഞുനിനിന്ന രക്ഷിതാക്കൾ പ്രഭാകരനു ചുറ്റും കൂടിയിട്ട് ചോദിച്ചു,
“എടാ @#$#%$%^& നിന്റെ മോള് ഏത് സ്ക്കൂളിലാ പഠിക്കുന്നത്?”
“അത് തെക്കേക്കര സ്ക്കൂളിലാണെന്നാ ഓളേ അമ്മ പറഞ്ഞത്”
ജനാർദ്ദനൻ മാസ്റ്റർ രക്ഷിതാക്കളോടായി പറഞ്ഞു,
“അയാളുടെ കുട്ടി പഠിക്കുന്നത് തെക്കേക്കര എ.ബി.സി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ആയിരിക്കും. നേരെ അങ്ങൊട്ട് പോകുന്നതിന് മുൻപ് കുട്ടിയുടെ പേരും പഠിക്കുന്ന ക്ലാസ്സും ചോദിച്ചിട്ട് ഉറപ്പിക്കണം. കേട്ടോ,,”
“അയ്യോ മാഷെ, ഈ തെണ്ടിയെയും കൊണ്ട് നമ്മളിനി എങ്ങോട്ടുമില്ല” 


 പിൻ‌കുറിപ്പ്:
അന്ന് അവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരിൽ പലരും ഇപ്പോഴും സർവ്വീസിൽ ഉണ്ടാവാൻ ഇടയില്ല. റോഡരികിൽ പലനിലകളിലുള്ള ഹൈടെക്ക് കെട്ടിടവുമായി തെക്കേക്കര യു.പി. സ്ക്കൂൾ ഇപ്പോഴും തിളങ്ങിനിൽക്കുന്നു.

9 comments:

  1. സ്വന്തം മക്കളുടെ കാര്യങ്ങൾ അറിയാത്ത രക്ഷിതാക്കൾ നമുക്കിടയിൽ ഉണ്ട്.

    ReplyDelete
  2. എന്തൊരു കഷ്ടമാ ടീച്ചർ.
    ആ മോളുടെ കാര്യം ആലോചിക്കുമ്പോൾ
    എന്തോ ഒരു അലട്ടൽ.
    നല്ല രസകരമായ എഴുത്ത്.
    സലാം ടീച്ചർ.

    ReplyDelete
    Replies
    1. അങ്ങിനെയുള്ള രക്ഷിതാക്കളും നമുക്കിടയിൽ ഉണ്ട്. അഭിപ്രായത്തിന് നന്ദി

      Delete
  3. നാട്ടുകാരിൽ കാര്യവിവരമുള്ള അരുമില്ലാെതെ i പോയേല്ലോ , കഷ്ടം.

    ReplyDelete
    Replies
    1. അസുഖമുള്ള ഒരു പെൺ‌കുട്ടിയെ ഒറ്റക്ക് വീട്ടിലേക്ക് വിട്ടു എന്നറിയുമ്പോൾ അന്വേഷിക്കാൻ വരുന്നത് മലയാളിയുടെ പൊതുസ്വഭാവം ആണല്ലോ,, കുഴപ്പം ഉണ്ടാക്കാനുള്ള ഒരു ചാൻസും വിടില്ല. അദ്ധ്യാപകർ അസമയത്ത് രോഗമുള്ള കുട്ടിയെ വീട്ടിളെക്ക് ഒറ്റക്ക് വിടാൻ പാടില്ലാത്തതാണ്. പക്ഷേ,, ആ രക്ഷിതാവ്,, അയാൾക്ക് ഒരു രക്ഷിതാവിന്റെ യോഗ്യതയില്ല. സ്വന്തം മകളെകുറിച്ച് ഒന്നും അറിയാതെ വെള്ളമടിച്ച് നടക്കുന്ന അയാൾ ഇന്നത്തെ സമൂഹത്തിന്റെ മറ്റൊരു ദുരന്ത മുഖമാണ്,,

      Delete
  4. കൊച്ചിന്റെ പേരെങ്കിലും ഓർക്കുന്നുണ്ടല്ലോ. പരമഭാഗ്യം..

    ReplyDelete
    Replies
    1. അതും അമ്മ വിളിക്കുന്നത് മാത്രം,, ഇത്തരം ദുരിതം നൽകുന്ന രക്ഷിതാക്കൾ ചില കുട്ടികൾക്കുണ്ട്

      Delete
  5. കാര്യ വിവരമില്ലാത്ത മാതാ പിതാക്കൾ.പഠിത്തമൊന്നും ഇല്ല. PTA മീറ്റിംഗുകൾ ഒരു formality ആക്കാതെ എല്ലാ മാതാപിതാക്കളെയും കാണാനും പരിചയപ്പെടാനും അദ്ധ്യാപകർ ശ്രദ്ധിക്കണം.

    ReplyDelete
  6. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന നാട്ടുകാരെയാണ് ആദ്യം പറയേണ്ടത്.സ്വന്തം മകൾ പഠിക്കുന്ന സ്കൂൾ അറിയാത്ത തന്ത ഭൂലോക ദുരന്തം.സുഖമില്ലാത്ത കുട്ടിയേ വീട്ടിലേക്ക് പറഞ്ഞയക്കുമ്പോൾ കൂട്ടിന് ആരെങ്കിലും വിടാത്തത് അധ്യാപകരുടെ തെറ്റ്...
    ഇപ്പോൾ എല്ലാം മൊബൈൽ ആയാതിനാൽ കാര്യങ്ങൾ എല്ലാം എളുപ്പവും ത്രൂ ചാനലുമായി....
    ഏതായാലും ഓർമ്മകൾ കോറിയിട്ടത്, ഓർമ്മപ്പെടുത്തലുകൾ കൂടിയാവുന്നു....

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!