7.7.26
നേരം വൈകി ഉണരുന്നവർക്ക്
സ്കൂളിൽ എന്നും വൈകിവരുന്ന കുട്ടിയമ്മ ഹെഡ് ടീച്ചർക്ക് മാത്രമല്ല സ്കൂളിനും മൊത്തം പ്രശ്നമാണ്. എന്നും വൈകി എത്തിയതിനാൽ നേരാംവണ്ണം ജോലി ചെയ്യാത്ത പ്യൂണിനെ കുറിച്ച് മറ്റുള്ളവരുടെ പരാതികൾ മൊത്തം എച്ച്.എം.ന് നേരെയാണ്. പ്യൂൺ കുട്ടിയമ്മയെ ഇങ്ങനെ കയറൂരി വിട്ടാൽ അധ്യാപകരും കയറ് പൊട്ടിക്കും എന്ന അവസ്ഥ ആയപ്പോൾ ഒരു ദിവസം സ്റ്റാഫ് മീറ്റിംഗിൽ കുട്ടിയമ്മയോട് നമ്മുടെ ഹെഡ് വിശാലാക്ഷി ടീച്ചർ പറഞ്ഞു,
“കുട്ടിയമ്മേ ഇനിയിങ്ങനെ വൈകി വന്നാൽ ഞാൻ ഹാഫ് ലീവ് മാർക്ക് ചെയ്യും, കേട്ടോ?”
“അയ്യോ മാഷേ ചതിക്കല്ലേ,, ഇങ്ങനെയൊരു ജോലി ഉള്ളതുകൊണ്ടാണ് ഞാനും എന്റെ വീടും കഞ്ഞി കുടിക്കുന്നത്”
“എന്നാലും നേരത്തെ വരാൻ പറ്റില്ല, ഇനി മുതൽ നേരത്തെ വന്നില്ലെങ്കിൽ വീട്ടിൽ തന്നെ ഇരുന്നാൽ മതി”
സ്കൂളിലെ കണക്ക് മാഷ് പറഞ്ഞത് കേട്ട് കുട്ടിയമ്മ കരയാൻ തുടങ്ങി,
“അയ്യോ ടീച്ചറേ ഞാനിനി നേരത്തെ വരാൻ നോക്കാം. രാവിലെ എഴുന്നേറ്റ് കുറേ ജോലി ചെയ്യുന്നത് കൊണ്ടാണ് ഓടിവന്നിട്ടും ഈടയെത്തുമ്പം വൈകുന്നത്”
“അതിന് നേരത്തെ ഉണരണം,”
“ഞാൻ നാല് മണിക്ക് ഉണരും, എന്നിട്ട് പണിയെല്ലാം തീരുമ്പോൾ എട്ട് മണി കഴിയും. പിന്നെ കുളിച്ച് പുറപ്പെടുമ്പോഴാണ് ലെയ്റ്റ് ആകുന്നത്”
“നാല് മണിക്ക് ഉണർന്നിട്ട് ഇത്രക്ക് തീരാത്ത ജോലി എന്താണ്?”
“നിങ്ങളെ വീട്ടിലെ പോലെ രണ്ടും നാലും ആളല്ല എന്റെ വീടിൽ, ഭർത്താവ്, മകൻ, മകൾ, മകളുടെ ഭർത്താവ്, മകളുടെ രണ്ട് മക്കൾ, അങ്ങേരുടെ അമ്മയും അച്ഛനും എല്ലാവർക്കും വേണ്ടി തിന്നാനുള്ളത് അടുക്കളയിൽ ഞാനൊരാൾ ഉണ്ടാക്കണം”
“അവരൊന്നും സഹായിക്കില്ലേ?”
“സഹായിക്കാൻ ആരാണുള്ളത്? മകൾക്ക് ചെറിയ കുട്ടിയുണ്ട്.പിന്നെന്ത് ചെയ്യാൻ? കുളിക്കാതെ ഉടുക്കാതെ മെയ്ക്കപ് ചെയ്യാതെ ഇങ്ങോട്ട് വരാൻ പറ്റുമോ?”
അപ്പോൾ ഹെഡ് ടീച്ചർ ഉച്ചത്തിൽ പറഞ്ഞു,
“കുട്ടിയമ്മക്ക് ഒരു കാര്യം ചെയ്താൽ നേരത്തെ വരാം.
രാത്രി ജോലിയെല്ലാം കഴിഞ്ഞാൽ നേരെ ഫ്രിഡ്ജിൽ കയറി ഇരുന്നാൽ മതി. രാവിലെ ഇറങ്ങി വന്നാൽ പിന്നെ വീട്ടിജോലി കഴിഞ്ഞ് നേരത്തെ വരാമല്ലോ”
*******
Subscribe to:
Posts (Atom)
