1.11.10

സാൾട്ട് മാംഗോ ട്രീ

              അനിക്കുട്ടൻ, മുത്തശ്ശിയുടെ കൂടെ എന്നും പൂജാമുറിയിൽ കടക്കുന്നത് ഭക്തി തലയിൽ‌കയറിയതു കൊണ്ടല്ല;
പിന്നെയോ,,,,,,?
                     എൽ.കെ.ജി. കാരനായ അവനെന്നും സന്ധ്യാനേരത്ത് മുത്തശ്ശിയുടെകൂടെ സ്വന്തം വീട്ടിലെ പൂജാമുറിയിൽ കടക്കുന്നത് സാക്ഷാൽ ഉണ്ണിക്കണ്ണനെ കാണാൻ മാത്രമാണ്. മഞ്ഞപ്പട്ടുടുത്ത്, പീലിത്തിരുമുടിയും കിരീടവും ചൂടി, ഓടക്കുഴൽ വിളിക്കുന്ന നീലനിറമാർന്ന കാർ‌വർണ്ണനെ സ്വയം മറന്ന് നോക്കിയിരിക്കെ; അവൻ ഉണ്ണിക്കണ്ണനായി രൂപാന്തരപ്പെട്ടിരിക്കും. മുത്തശ്ശി നാമം‌ചൊല്ലുന്ന നേരത്ത് കണ്ണനെ കണ്ണടക്കാതെ നോക്കുന്ന അനിക്കുട്ടന്റെ മനസ്സിൽ ആ രൂപം ആഴത്തിൽ പതിഞ്ഞിരിക്കയാണ്. തിരുമുടിയിൽ ചൂടിയ മയിൽ‌പീലിയെക്കാൾ അവനെ ആകർഷിച്ചത് ഉണ്ണിക്കണ്ണന്റെ ഓടക്കുഴലാണ്; പാട്ടുപാടാൻ അങ്ങനെയൊന്ന് തനിക്ക് കിട്ടിയെങ്കിൽ,,,

ഒരു ദിവസം അവൻ മുത്തശ്ശിയോട് ചോദിച്ചു,
“മുത്തശ്ശീ,,, ഈ ഓടക്കുഴലിന് ഇംഗ്ലീഷിലെന്താ പറയുക”
“മോനേ ഉണ്ണിക്കണ്ണനും ഓടക്കുഴലും മലയാളമാ, അതിന് ഇംഗ്ലീഷില്ല”
മുത്തശ്ശിയുടെ മറുപടി അവനെ തൃപ്തനാക്കിയില്ല. ഓടക്കുഴലിന്റെ ഇംഗ്ലീഷ് അറിഞ്ഞാലല്ലെ അതിന്റെ പേരും പറഞ്ഞ് ക്ലാസ്സിൽ ഷൈൻ ചെയ്യാൻ പറ്റത്തുള്ളു. അവൻ നേരെ മുത്തച്ഛനെ സമീപിച്ചു,
“മുത്തച്ഛാ,,, നമ്മുടെ പൂജാമുറിയിലെ ഉണ്ണിക്കണ്ണനില്ലെ, നമ്മുടെ ഗോഡ്; അവൻ പാട്ട്‌പാടുന്ന ആ ഓടക്കുഴലിന്റെ ഇംഗ്ലീഷ് നെയിം പറഞ്ഞുതാ,,?”
ഒരുകാൽ അല്പം ഉയർത്തി ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണന്റെ ആൿഷൻ കാണിച്ച്‌കൊണ്ട്, ചെറുമകൻ ചോദിച്ച ക്വസ്റ്റൻ‌കേട്ട  മുത്തച്ഛൻ വളരെനേരം ആലോചിച്ചുനോക്കിയിട്ടും ആ പഴഞ്ചൻ തലയിൽ ഉത്തരം തെളിഞ്ഞില്ല. ‘ഇത് വല്ലാത്ത കാലമാ,, ഇപ്പോഴെത്തെ പിള്ളേർക്കുള്ള വിവരമൊന്നും പ്രായമായവർക്കില്ല, എന്നാലും അറിയില്ല എന്ന് പറഞ്ഞ് തോറ്റുകൊടുക്കാൻ ഒരു പ്രയാസം’,
“അത് നിന്റെ ക്ലാസ്സിലെ ഇംഗ്ലീഷ് ടീച്ചർ‌തന്നെ ശരിയായി പറഞ്ഞുതരും, ഓടക്കുഴലിനെല്ലാം ഇപ്പോൾ പുതിയ ഇംഗ്ലീഷ് വേഡ് കണ്ടുപിടിച്ചിരിക്കയാ”
“അത് മുത്തച്ഛന് അറിയാത്തതുകൊണ്ടല്ലെ, ഷെയിം,, വെരി വെരി ഷെയിം,,, സില്ലീ ഓൾഡ്‌മാൻ”
                     അവിടെനിന്നും ഓടിപ്പോയ അനിക്കുട്ടൻ ടീവി തുറന്ന് ടോം&ജെറി വാച്ച് ചെയ്യാൻ തുടങ്ങി. ജെറിയും, ജെറിയെ ഫോളോ ചെയ്യുന്ന ടോം ആയും ചെയ്ഞ്ച് ചെയ്യുന്ന അവൻ ഉണ്ണിക്കണ്ണനെയും ഓടക്കുഴലിനെയും പെട്ടെന്ന് മറന്നു.

പിറ്റേദിവസം,
അനിക്കുട്ടന്റെ സ്ക്കൂളിൽ,
അനിക്കുട്ടന്റെ എൽ.കെ.ജി. ക്ലാസ്സിൽ,
അനിക്കുട്ടന്റെ ഇംഗ്ലീഷ് പിരീഡിൽ,
അനിക്കുട്ടന്റെ ഇംഗ്ലീഷ് മിസ്സ് മന്ദം മന്ദം, ‘ബാക്ക്ഓക്കെ’ സ്റ്റൈലിൽ നടന്നുവന്നു.
മിസ്സിസ്സ് ആവാൻ കൊതിച്ചെങ്കിലും ഇപ്പോഴും മിസ്സ് ആയി തുടരുന്ന സുന്ദരിയായ ഇംഗ്ലീഷ് മിസ്സ്,
ചൂരീദാറിൽ മൂടിയ മേനിയഴകിൽ നിന്ന്, പരിസരത്തേക്ക് പരക്കുന്ന പൌഡറിന്റെയും സ്പ്രേയുടെയും ഗന്ധം അവരോടൊപ്പം ക്ലാസ്സിൽ നിറഞ്ഞൊഴുകി.

കുട്ടികൾ എഴുന്നേറ്റു,
“ഗുഡ്‌മോണിംഗ് മിസ്സ്”
“ഗുഡ്‌മോണിംഗ് ചിൽഡ്രൻ, യാ,, ആൾ സിറ്റ്‌ഡൌൺ”
ഇംഗ്ലീഷ് മിസ്സ് ക്ലാസ്സ് തുടങ്ങി,
“ഇത് പുസ്തകം, ഇംഗ്ലീഷിൽ,,, ബുക്ക്; ബീഒ‌ഒകെ, ബുക്ക്”
കുട്ടികൾ ഏറ്റുപറഞ്ഞു,
“ഇത് പുസ്തകം, ഇംഗ്ലീഷിൽ,,, ബുക്ക്; ബീഒ‌ഒകെ, ബുക്ക്”
“ഇത് പേന, ഇംഗ്ലീഷിൽ,,, പെൻ; പീ‍‌ഇഎൻ, പെൻ”
“ഇത് പേന, ഇംഗ്ലീഷിൽ,,, പെൻ; പീ‍‌ഇഎൻ, പെൻ”
ഇപ്പോൾ അതാ നമ്മുടെ അനിക്കുട്ടൻ പതുക്കെ എഴുന്നേറ്റ് നിൽക്കുന്നു!!!!!,
ക്ലാസ്സിലെ നാല്പത്തിയെട്ട് കണ്ണുകൾ അനിക്കുട്ടനെ ഫോക്കസ് ചെയ്തു,
“മിസ്സ് ഒരു ഡൌട്ട്”
“യേസ് പ്ലീസ്,,”
“നമ്മുടെ ഓടക്കുഴലിന്റെ ഇംഗ്ലീഷ് വേഡ്?”
“വാറ്റ്,,,? യൂ മീൻ ഓഡാക്കുഴൽ?”
“യെസ് മിസ്സ്”
“യാ, സിറ്റ്‌ഡൌൺ,,, വൺ മിനിട്ട്, പ്ലീസ്,,,
ഏ സിവിയർ ഹെഡ്‌എയ്ക്ക് ഫോർ മി,,, ഓൾ ദ ക്ലാസ്സ്, പ്ലീസ് റീഡ് യുവർ ലസൻ”

                         ആകെ വിയർക്കാൻ തുടങ്ങിയപ്പോൾ ഇംഗീഷ് മിസ്സ് ചേയറിൽ ഇരുന്ന്, സ്വന്തമായ രണ്ട് കൈയാൽ തലതാങ്ങി, തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി.
‘ഈ നാശം‌പിടിച്ച പയ്യന്റെയൊരു ചോദ്യം. ഇതൊക്കെ പഠിച്ചിരുന്നെങ്കിൽ ഈ പണിക്ക് വരുമായിരുന്നോ? ഇംഗ്ലീഷിൽ വെറും D+ വാങ്ങി എസ്.എസ്.എൽ.സി. പാസ്സായിട്ടും ഇംഗ്ലീഷ്മീഡിയം സ്ക്കൂളിൽ ടീച്ചറായി വന്നത് മാനേജർക്ക് കൊടുത്ത പണത്തിന്റെ കനത്തിലാണെന്ന് പിള്ളേരോട് പറയാൻ പറ്റുമോ? ഏതായാലും അല്പം ആലോചിക്കട്ടെ,,’
‘ഓടക്കുഴൽ,,, ഓട,,, കുഴൽ;
ഓടകൾ,,,, റോഡരികിലുള്ള ഓടകളിലെ നാറ്റം‌കാരണം വഴിനടക്കാൻ പറ്റാതായിട്ടുണ്ട്,,
അതിന് പറയുന്ന പേര്???,,,  = ഡ്രെയിനേജ് സംവിധാനം,,,;
കുഴൽ,,,= പൈപ്പ്,,,
അപ്പോൾ ഓടക്കുഴൽ = ഡ്രെയിനേജ് പൈപ്പ്,,, ഹായി ഉത്തരം കിട്ടി,,,’

ഹെഡെയ്ക്ക് മാറിയ മിസ്സ് ‘സഡൻ ഓക്കെ‌ആയി’ എഴുന്നേറ്റു,
“ഓൾ സ്റ്റാന്റപ്പ്; അനിക്കുട്ടനെന്താ ഇംഗ്ലീഷ് നെയിം ആസ്ക് ചെയ്തത്?”
“ഓടക്കുഴൽ”
“അതാണ്,,, ഡ്രെയിനേജ് പൈപ്പ്, ഓഡാക്കുഴലിന്റെ ഇംഗ്ലീഷ് നെയിം?”
“ഡ്രെയിനേജ് പൈപ്പ്”
അനിക്കുട്ടനോടൊപ്പം എല്ലാകുട്ടികളും ഒന്നിച്ച് ഉത്തരം പറഞ്ഞു.

അന്ന് വൈകുന്നേരം,
അനിക്കുട്ടൻ വീട്ടിലെത്തിയ ഉടനെ മുത്തശ്ശിയോട് പറഞ്ഞു,
“മുത്തശ്ശീ നമ്മുടെ പൂജാമുറിയിലെ ഉണ്ണിക്കണ്ണൻ പാട്ടുപാടുന്നത് ഡ്രെയിനേജ് പൈപ്പ് യൂസ് ചെയ്താണ്”

10.10.10

ദേശാഭിമാനികളെ ചവിട്ടരുത്

                 ഏതാനും വർഷങ്ങൾക്ക് മുൻപ്; കൃത്യം 210 മാർക്ക് വാങ്ങിയതിനാൽ, ‘ജയിച്ചു’ എന്ന് സീല് പതിഞ്ഞ എസ്.എസ്.എൽ.സി ബുക്കുമായി ഹൈസ്ക്കൂളിന്റെ പടിയും ഗെയിറ്റും കടത്തിവിട്ട പൂർവ്വശിഷ്യനാണ്, തൊഴിലാളിയായി രൂപാന്തരപ്പെട്ട് എന്റെ വീട്ടിൽ വന്നത്.
അവൻ എന്റെ ശിഷ്യനാണെന്നതിൽ കൂടുതലായി ഓർമ്മയിൽ തങ്ങിനിൽക്കുന്ന നല്ല കാര്യങ്ങളൊന്നും ഇല്ലെങ്കിലും അത്ര നല്ലതല്ലാത്ത ഒരു കാര്യം ഇന്നും എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്.

എസ്.എസ്.എൽ.സി. ബയോളജി പരീക്ഷ കഴിഞ്ഞ ദിവസം,,, നട്ടുച്ചനേരം,
തൊട്ടടുത്ത വിദ്യാലയത്തിൽ‌നിന്ന് പരീക്ഷാഡ്യൂട്ടി കഴിഞ്ഞ്, ഉച്ചവെയിൽ അവഗണിച്ച് സ്വന്തം വിദ്യാലയത്തിൽ ഞാൻ എത്തിച്ചേരുന്നു.
പരീക്ഷ എഴുതിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ അവരുടെ സ്വന്തം ബയോളജി ടീച്ചറായ എനിക്ക് ചുറ്റും‌കൂടി അന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും ചർച്ച ചെയ്യുകയാണ്; ആകെ ബഹളം‌തന്നെ.
                   എന്നാൽ ഇതിൽ‌നിന്നെല്ലാം ഒഴിഞ്ഞുമാറി ‘പോടാ പുല്ലേ’ എന്നമട്ടിൽ ഒരുശിഷ്യൻ‌ റോഡരികിൽ നിൽക്കുകയാണ്. പെട്ടെന്ന് അവൻ കൈയിലുള്ള പുസ്തകത്തിന്റെ പേജുകൾ ഓരോന്നായി കീറിയെടുത്ത് ചെറുകഷ്ണങ്ങളാക്കി മുകളിലോട്ട് എറിഞ്ഞ് കൈകൊട്ടിചിരിക്കാൻ തുടങ്ങി. പത്ത് വർഷം പഠിച്ചതിന്റെയും പഠിപ്പിച്ചതിന്റെയും പ്രതിഷേധം മുഴുവൻ ആ പുസ്തകങ്ങളോട്, അവൻ കാണിക്കുകയാണ്.
                   ബയോളജിയോടും അത് പഠിപ്പിച്ച ടീച്ചറോടും ഉള്ള പ്രതിഷേധം(?) ടെൿസ്റ്റ് ബുക്ക് കീറിയെറിഞ്ഞ് ആഘോഷിച്ച, അവനാണ് ഇപ്പോൾ ഒരു കെട്ടിടനിർമ്മാണ തൊഴിലാളിയായി രൂപാന്തരപ്പെട്ട് എന്റെ വീട്ടിൽ വന്നത്.

എന്നാൽ ഇപ്പോൾ അവൻ പണ്ടത്തെ ഇരുണ്ടനിറമുള്ള കോല്‌മോഡൽ പാവം പയ്യനല്ല,
കറുത്തിരുണ്ട് ഒരുഗ്രൻ കൊട്ടേഷൻഗുണ്ട മോഡൽ തടിയൻ,,,
കാലം അവനെ തൊഴിലാളി വർഗ്ഗത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന വിപ്ലവവീര്യം അലതല്ലുന്ന ആസ്സൽ തൊഴിലാളി ആക്കി മാറ്റിയിരിക്കുന്നു.

                 എങ്കിലും പഴയ അദ്ധ്യാപികയെ കണ്ടപ്പോൾ അവനിൽ വിനയഭാവം പ്രത്യക്ഷപ്പെട്ടു,
“ടിച്ചറെ അന്ന് മര്യാദക്ക് പഠിച്ചിരുന്നെങ്കിൽ വിനീതിനെപ്പോലെ ഞാനും ഒരു എഞ്ചിനീയറാകുമായിരുന്നു”
“അതിന് കൂടുതൽ പഠിച്ചില്ലെങ്കിലും ജീവിക്കാൻ പറ്റിയ ഒരു ജോലി നിനക്ക് കിട്ടിയില്ലെ?”
“എന്നാലും, അന്നേരം ഒന്നും ആലോചിക്കാതെ പഠിക്കാതെ നടന്നത് വളരെ മോശമായെന്ന് ഇപ്പൊഴാ തോന്നുന്നത്,”
“ഇപ്പൊഴെങ്കിലും അങ്ങനെ തോന്നിയല്ലൊ, നന്നായി”

                      വീട്ടിൽ അവന് ചെയ്യാനുള്ള ജോലി നിലം പോളിഷിങ്ങ് മാത്രമാണ്. തൊഴിലാളിക്ഷാമത്താൽ നാട്ടുകാർ നട്ടം‌തിരിയുമ്പോൾ, ഒരു വീട് മൊത്തമായി നിർമ്മിക്കാൻ തൊഴിലാളികളെ ചിലപ്പോൾ കിട്ടിയാലും നിർമ്മാണം പൂർത്തിയായ വീട് റിപ്പയർ ചെയ്യാൻ ഒരിക്കലും ഒരു തൊഴിലാളിയെ കിട്ടുകയില്ല. പിന്നെ പഴയവീട്‌ റിപ്പയർ ആണെങ്കിൽ ‘മാഷേ അത് സ്വന്തമായി അങ്ങ് ചെയ്താൽ മതി’ എന്ന മറുപടി ആയിരിക്കും ലഭിക്കുന്നത്.
                    ഏറെനാളത്തെ തിരച്ചിലിനിടയിൽ എന്റെ ഭർത്താവ്, അങ്ങനെയൊരുത്തനെ ഒപ്പിച്ച്; അവനെയും‌കൂട്ടി വീട്ടിൽ വന്നപ്പോൾ, അവന് ഒരു കാര്യം മനസ്സിലായി; വന്നത് പണ്ട് പത്താം തരത്തിൽ പഠിപ്പിച്ച ടീച്ചറുടെ വീട്ടിലാണെന്ന്.
                    ഇവിടെ വെറും രണ്ട് ദിവസത്തെ പണിമാത്രം, അപ്‌സ്റ്റെയറിലെ വരാന്തയിൽ വീട് നിർമ്മിച്ച കാലത്ത് സാധാ സിമന്റിട്ടത് ആകെ നിറം‌മങ്ങിയിരിക്കുന്നു. അത് പൊളിച്ചുമാറ്റാതെ അതിന്റെ മുകളിൽ കാവിപൂശി ഒന്ന് പോളിഷ് ചെയ്യണം.

                    ഇന്നലെ വന്ന് സൈറ്റ് പരിശോധിക്കുന്നതിനിടയിൽ അവൻ ഒരുകാര്യം തന്നെ പലതവണ പറഞ്ഞു,
“മാഷേ ഈ സിമന്റും പോളിഷുമൊക്കെ പഴഞ്ചനാ, പൊളിച്ചുമാറ്റി പുത്തൻ ടൈൽ‌സ് വെക്കുന്നതാ നല്ലത്; അതിന്റെ പണിക്ക് എന്നെ വിളിച്ചാൽ മതി”
“അത് ഈ പഴയ വീട് പൊളിച്ച് പുതിയതൊന്ന് ഉണ്ടാക്കാനാണ് മകന്റെ പ്ലാൻ. അതുവരെ ഒരു തൽക്കാല അഡ്‌ജസ്റ്റ്‌മെന്റ് ആയി പോളിഷ് ചെയ്യുന്നതാ”
മാസ്റ്റർ പറഞ്ഞ മറുപടിയിൽ അവന് അശേഷം തൃപ്തി വന്നില്ല; അവൻ അതുതന്നെ ആവർത്തിച്ചു പറഞ്ഞു.
“എന്നാലും ടൈൽ‌സ് വെക്കുന്നതല്ലെ ഭംഗി?”
                    ഇപ്പോൾ നിലം പോളിഷ് ചെയ്യാനും സമീപഭാവിയിൽ പുത്തൻ വീട് നിർമ്മിക്കുന്ന കൊട്ടേഷൻ അവന് കൊടുക്കാമെന്നും ഉള്ള ഉറപ്പ് കിട്ടിയപ്പോൾ അവൻ പണിയെടുക്കാമെന്ന് ഏറ്റു. രാവിലെതന്നെ പുത്തനായി വാങ്ങിയ പെയിന്റും പോളിഷും ബ്രഷും പിന്നെ പേരറിയാത്തകെട്ടുകൾ പലതും വരാന്തയിലെത്തിച്ച് അവൻ ജോലി ആരംഭിച്ചു.

                    ഒരു തൊഴിലാളി വീട്ടിലുണ്ടെങ്കിൽ അന്ന് ഏറ്റവും വലിയ തിരക്ക് അടുക്കളയിലായിരിക്കും. വീട്ടിൽ ഒരു ‘വിഐപി വിരുന്നുകാരൻ വന്നതുപോലുള്ള പരിഗണന അവർക്ക് നൽകണം’ എന്ന് എല്ലാവർക്കും അറിയാം. മര്യാദക്ക് ചോറും കറിയും വെച്ച്‌കൊടുത്താലും അതിൽ ഉപ്പോ മുളകോ, കൂടിയോ കുറഞ്ഞോ പോയാൽ തൊഴിലാളി പൊടിയും‌തട്ടി അവന്റെ പാട്ടിനു പോകും. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് അവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കണം.
                 
                   അങ്ങനെ അടുക്കളയിൽ ചോറും കറിയും വെക്കുന്നതിനിടയിൽ ഉച്ചയാവാറായപ്പോൾ ഞാനൊരു കാര്യം ശ്രദ്ധിച്ചു, അപ്‌സ്റ്റെയറിൽ പണിയെടുക്കുന്നതിന്റെ ഒച്ചയും അനക്കവും ഇല്ല. ഞാൻ അദ്ദേഹത്തെ വിളിച്ചു,
“നിങ്ങളൊരുത്തനെ പോളിഷിടാൻ വിട്ട് ഇവിടെ പേപ്പറും വായിച്ച് ഇരിക്കയാണോ? ഒന്ന് പോയി നോക്കിയാലെന്താ?”
“നീ പോയി നോക്ക്, നിന്റെ ശിഷ്യനല്ലെ”
“എന്തായാലും അവൻ ജോലിചെയ്യുന്നത് നമ്മുടെ വീട്ടിലല്ലെ?”
ഇത്രയും പറഞ്ഞ് ഞാൻ കോണിപ്പടി കയറുന്നത് കണ്ടപ്പോൾ പിന്നലെ മാഷും കയറാൻ തുടങ്ങി.
അപ്പൊഴാണ് മേലേനിന്നും തൊഴിലാളിശിഷ്യന്റെ അറിയിപ്പ്,
“ടീച്ചറേ കൊറച്ച് പേപ്പറ് വേണം, പോളിഷ് ചെയ്യുമ്പോൾ നിലത്ത് വിരിച്ച് ചവിട്ടാനാണ്”

                  അതുകേട്ട ഞാൻ പഴയ പത്രങ്ങളുടെ കൂട്ടത്തിൽ‌നിന്ന് ഒരു വലിയ കെട്ട് പൊക്കിയെടുത്ത് അവന്റെ മുന്നിലെത്തിച്ചു.
മുന്നിൽ‌കാണുന്ന പത്രങ്ങൾ ഓരോന്നായി അവൻ നിവർത്തിനോക്കി. അതിനുശേഷം അവയോരോന്നും ഭംഗിയായി അടുക്കിവെച്ചശേഷം മാഷെനോക്കി,
“ഇതൊന്നും പറ്റില്ല മാഷെ, വേറെ പേപ്പറൊന്നും ഇല്ലെ?”
“ഇതെല്ലാം പഴയതാ, തൂക്കിവിൽക്കാൻ കഴിയാത്തതു കൊണ്ട് ധാരാളം ഉണ്ട്; ഇനിയും വേണോ?”
“മാഷെ, ഇതെല്ലാം ദേശാഭിമാനിയാ, ദേശാഭിമാനികളെ ചവിട്ടരുത്; മാഷ് നമ്മുടെ ആപ്പീസിൽ പോയാൽ ഇഷ്ടം‌പോലെ മറ്റുള്ള പഴയ പേപ്പറുകൾ കിട്ടും”

21.9.10

കുട്ടിരാമന്റെ കണക്ക് പറച്ചിൽ

                       നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് തെങ്ങ്കയറ്റം അറിയാത്തതിനാൽ ഒറിജിനൽ ചെത്ത് അജ്ഞാതമെങ്കിലും എപ്പോഴും അവർ ചെത്തി നടക്കാറുണ്ട്. വലതു കൈയാൽ മൊബൈലിനെ ഇടതുചെവി കാണിച്ച്, ഇടതു കൈകൊണ്ട് ബൈക്ക് പിടിച്ച്, തിരിച്ച്, സൂപ്പർഫാസ്റ്റ് സ്പീഡിൽ; സ്വന്തം വീടിന് തീപ്പിടിച്ചതായി വിവരം കിട്ടിയ ഫയർ‌സർവീസ് വണ്ടിയുടെ ഡ്രൈവറെപ്പോലെ ഓടിച്ച് പോകുന്ന ഇവനെയൊക്കെ കണ്ടാൽ ഇരുവശത്തുമുള്ള  കാൽ‌നടയാത്രക്കാർ ഇരുവശത്തേക്കും പേടിച്ചോടി കുഴിയിൽച്ചാടും. ആയുസ്സിന്റെ വര തലയിൽ വരച്ചത് ഈ വക ചെത്തുകാർ ചെത്താൻ തുടങ്ങുന്നതിനു മുൻപായത്‌കൊണ്ട് മാത്രമാണ് യാത്രക്കാരിൽ പലരും ജീവനോടെ ഇന്നും ഇരിക്കുന്നത്.

                        ഇങ്ങനെ ജോലിയും കൂലിയും ഇല്ലാത്ത ഈ ചെത്തുകാർക്ക് ഇങ്ങനെ ചെത്താൻ പണം കിട്ടിയത് എങ്ങനെയാണെന്ന് സീനിയർ സിറ്റിസൺ ആയ പലരും ചേർന്ന് സി.ബി.ഐ. പണിയും ചാരപ്പണിയും നടത്തിയിട്ടുണ്ട്. അധോലോകത്തിന്റെ അദൃശ്യകരങ്ങൾ ചെത്തുകാർക്ക് അദൃശ്യസഹായവാഗ്ദാനങ്ങൾ നൽകി മോഹിപ്പിക്കുന്നുണ്ടോ എന്ന് പോലും ചിലരുടെ പഴഞ്ചൻ തലയിൽ സംശയവ്യൂഹങ്ങൾ പത്തിവിടർത്തി താണ്ഡവമാടിയിട്ടുണ്ട്.

                        അങ്ങനെ ഒരു നല്ല ദിവസം ജോലി ചെയ്യാതെ കൂലി വാങ്ങുന്ന നാട്ടിലെ സീനിയർമോസ്റ്റ് സിറ്റിസനുകൾ ഒരിടത്ത് കൂട്ടായിരുന്ന്, ജോലിയും കൂലിയുമില്ലാത്ത ജൂനിയർ സിറ്റിസൺ‌ന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. എല്ലാരും അന്യോന്യം കുറ്റപ്പെടുത്തിയെങ്കിലും എല്ലാവർക്കും ഒരുകാര്യം മനസ്സിലായി,
‘മക്കൾ ആണായാലും പെണ്ണായാലും അവർക്ക് ചെത്താൻ പണം കൊടുക്കുന്നത് രക്ഷിതാക്കൾ തന്നെയാണ്. നമ്മുടെ നാട്ടിലെ എല്ലാ അച്ഛനും അമ്മയും അവർക്ക് പിറന്ന സ്വന്തം മക്കളെ പേടിക്കുന്നു’.
മക്കൾ അവരെ ഭീഷണിപ്പെടുത്തുന്നു.
ആ ഭീഷണിയിൽ ചിലർ കെട്ടുതാലിപോലും ഊരി മക്കൾക്ക് ചെത്താൻ കൊടുക്കുന്നു,
അങ്ങനെയങ്ങനെ ചെത്തുകാർ നാട് വാണിടും കാലം

.നാട്ടിൽ ഒരേയൊരു നല്ലപയ്യൻ മാത്രം,,, അതാണ് രാമൻ മകൻ കുട്ടിരാമൻ,,,
അവൻ ചെത്താൻ പോകാറില്ല,
കുടിക്കാൻ പോകാറില്ല,
പല്ലുതേക്കാതെ കാപ്പി കുടിക്കാറില്ല,
കൈ കഴുകാതെ ചോറ് തിന്നാറില്ല,
പെൺപിള്ളെരുടെ പിന്നാലെ നടന്ന് തോണ്ടാറില്ല,
സുന്ദരിമാരെ മിസ്‌കോൾ അടിക്കാറില്ല,
ബസ്സിൽ ലേഡീസ്‌സീറ്റിനു സമീപം വരാറില്ല,
കുളിക്കാതെ വീട്ടിന്ന് പുറത്തിറങ്ങാറില്ല,
അച്ഛനോടും അമ്മയോടും എതിർത്ത് ഒന്നും മിണ്ടാറില്ല,
പഠിപ്പിച്ച ടീച്ചർ‌മാരെ കമന്റടിക്കാറില്ല,
.ഒരു പാവം പയ്യൻ,,,
              
                    ‘കഴിഞ്ഞജന്മത്തിലെ മുഖ്യശത്രുവിന്റെ സന്താനമായിട്ടായിരിക്കും നടപ്പുജന്മം പിറക്കുന്നത്’,,, എന്ന് നമ്മുടെ അല്ല എന്റെ നാട്ടിലെ ഒരു ചൊല്ലുണ്ട്. ആ ചൊല്ലിന് മെയിൻകാരണം കുട്ടിരാമന്റെ അച്ഛനായ ‘രാമന്റെ’ സ്വഭാവമഹിമ ഒന്ന്‌കൊണ്ട് മാത്രമാണ്.

                    രാമന്റെ മകനായതുകൊണ്ട് നാട്ടുകാർക്ക് അവൻ കുട്ടിരാമനാണെങ്കിലും അവന്, അച്ഛൻ രാമന്റെ സമ്പാദ്യം പോയിട്ട് നല്ല സ്വഭാവം പോലും പാരമ്പര്യമായി കിട്ടിയിട്ടില്ല. കുടിയന്മാരായ നാട്ടുകാരുടെ മാതൃകാ പുരുഷോത്തമനാണ് രാമൻ.
രാമൻ അതായത് അച്ഛൻരാമൻ അതിരാവിലെ എഴുന്നേറ്റ് സ്വന്തം ഭാര്യ ദേവിയെ വിളിക്കും, “എടി മൂധേവീ, നിന്നെ കെട്ടിയെടുത്തോ?”
.കുട്ടിരാമന് സ്വന്തം ഭാര്യ ഇല്ലാത്തതിനാലും അച്ഛന്റെ ഭാര്യ, സ്വന്തം അമ്മ ആയതിനാലും അവൻ അങ്ങനെ വിളിക്കാറില്ല.
രാമൻ കൂലിപ്പണിക്ക് നടന്ന്‌പോകും; തിരിച്ചുവരുമ്പോൾ കിട്ടിയകൂലിയെല്ലാം ചാരായരൂപത്തിൽ വയറ്റിലാക്കി ഇഴഞ്ഞ് പാമ്പായിമാറും.
.കുട്ടിരാമനും കൂലിപ്പണിക്ക് പോകും; ചാരായം അലർജ്ജി ആയതിനാൽ തിരിച്ച് വരുമ്പോൾ വീട്ടിലേക്ക് വേണ്ടതെല്ലാം വാങ്ങി ബാക്കിപ്പണം അമ്മയെ ഏല്പിക്കും.
സ്വന്തം വീട്ടിലുള്ള പൊട്ടുന്നതെല്ലാം രാമൻ പൊട്ടിച്ച്, ചോറും കറിയും അടുക്കളപ്പുറത്തെ വാഴക്ക് വളമാക്കി മാറ്റും.
.കുട്ടിരാമന് പൊട്ടിക്കാൻ താല്പര്യം ടീവി, ഫ്രിഡ്ജ്, മിക്സി, ഏസി, എന്നിവയാണ്. അവയൊന്നും ആ വീട്ടിൽ  ഇല്ലാത്തതിനാൽ വല്ലതും പൊട്ടിക്കാനായി അവന്റെ കൈ തരിക്കും.
അടിച്ചങ്ങ്പൂസായ രാമൻ നാട്ടുകാരുമായി എന്നും വഴക്കുണ്ടാക്കും. നാട്ടുകാർ രാമന്റെ ദേഹമാസകലം തല്ലിയിട്ട് ബോഡിഷെയ്പ്പ് മാറ്റി പതം വരുത്തും.
.കുട്ടിരാമൻ അടികിട്ടിയ അച്ഛനെയും താങ്ങി, വേതാളത്തെ ചുമക്കുന്ന വിക്രമാദിത്ത്യൻ മോഡൽ വീട്ടിലെത്തിച്ച് അമ്മയെയും പെങ്ങമ്മരെയും ഏല്പിക്കും.
പാമ്പായി മാറിയ രാമൻ പതിവായി പാതിരാവിൽ ഉണർന്ന് ഭാര്യയെ തല്ലും.
.കുട്ടിരാമൻ പാതിരാവിൽ തല്ല്‌കൊണ്ട് കരയുന്ന അമ്മ പെങ്ങമ്മാരോടൊപ്പം കരഞ്ഞ് സുഖമായി ഉറങ്ങും.

                   അങ്ങനെ നടന്നും ഇഴഞ്ഞും രാമന്റെ നാളുകൾ സസുഖം മുന്നോട്ട് നീങ്ങുന്നതിൽ നല്ലവരായ നാട്ടുകാർക്കെല്ലാം അസൂയയും പരാതിയും മാത്രമാണ്. അതെല്ലാം കേൾക്കാനുള്ള സ്വബോധം രാമനില്ലാത്തതിനാൽ അവരെല്ലാം പരാതിക്കെട്ടുകൾ അഴിക്കുന്നത് കുട്ടിരാമനു മുന്നിലാണ്. അവനെല്ലാം കേട്ടു കേട്ടു മടുത്തപ്പോൾ പറയാനുള്ള സാഹിത്യമെല്ലാം ആ തന്തപ്പടിയോട് പറഞ്ഞുകഴിഞ്ഞു. ഇനി ഒരു വഴി മാത്രം മുന്നിലുണ്ട്, നല്ല ചുട്ട അടി. പക്ഷെ ആ ഒരടിക്ക് തന്തപ്പടി കാഞ്ഞുപോവുകയും താൻ ജയിലിൽ പോവുകയും ചെയ്താൽ അമ്മയും രണ്ട് പെങ്ങമ്മാരും ആനാഥരാവുമല്ലൊ എന്ന ചിന്ത, അവനെ ആ ഉദ്യമത്തിൽ‌നിന്ന് പിൻ‌തിരിപ്പിച്ചു.
.എന്നാലും ഇങ്ങനെയുണ്ടോ, ഒരു അച്ഛൻ!

ഒരു ദിവസം കുട്ടിരാമൻ അമ്മയോട് ചോദിച്ചു,
“ഈ ദുനിയാവിൽ എത്രയെത്ര ആണുങ്ങളുണ്ട്; എന്നിട്ടും എന്റെ അമ്മയെന്തിന് ഈ അച്ഛനെത്തന്നെ സെലക്റ്റ്‌ചെയ്ത് കല്ല്യാണം കഴിച്ചു?”
“അത് കല്ല്യാണനേരത്ത് ഞാനറിഞ്ഞില്ല മോനേ”
“എന്നാല് അറിഞ്ഞനേരത്ത് അമ്മക്ക് ഇയാളെയങ്ങ് ഡൈവോഴ്സ് ചെയ്യാമായിരുന്നുല്ലെ?”
“മോനേ, ഞാനങ്ങനെ ചെയ്താലുള്ള മനഃപ്രയാസം കൊണ്ട് ഇയാള് എന്തെങ്കിലും കടുംകൈ ചെയ്താലോ?”
കുട്ടിരാമൻ സ്വന്തം അച്ഛൻ കാരണം പകൽ‌വെളിച്ചത്ത് നാട്ടിലിറങ്ങാതായി.
പരിചയക്കാരെക്കണ്ടാൽ മുഖം കാണിക്കാതിരിക്കാൻ തലയിൽ മുണ്ടിടാൻ തുടങ്ങി.
ഈവക അച്ഛന്മാർ ഭൂമീലുണ്ടോ?
എന്നിട്ടും,
അച്ഛൻ രാമന് ഒരു കുലുക്കവും ഇല്ല,
പതിവായി പാമ്പായി വീട്ടിൽ വരുന്നത് മുറതെറ്റാതെ തുടർന്നു.
വീട്ടിലെ പുത്തൻ ചട്ടിയും കലവും പൊട്ടുന്നത് തുടർന്ന് കൊണ്ടേയിരുന്നു.
അമ്മയുടെ കണ്ണീർക്കയത്തിൽ മക്കൾ മുങ്ങിത്താണു പോയ്ക്കൊണ്ടേയിരുന്നു.

അങ്ങനെ ഒരു ദിവസം
രാമൻ കുപ്പികളുമായി ആടിയാടി മന്ദം മന്ദം വീട്ടിലേക്ക് വന്നുകൊണ്ടിരിക്കയാണ്,
മുറ്റത്തെത്തിയപ്പോൾ പതിവില്ലാതെ ഒരു ആൾക്കൂട്ടം.
സ്വന്തം വീട് തന്നെയാണെന്ന് ഒരിക്കൽ‌കൂടി ഉറപ്പിച്ച് മുറ്റത്ത് കാലെടുത്തുവെച്ച രാമൻ ,പാട്ടുപാടി ആനന്ദനൃത്തത്തിൽ ആറാടുന്ന ഒരുത്തനെ കണ്ടു,
ഒരു കൈയിൽ തുറക്കാത്ത ചാരായക്കുപ്പിയും മറുകൈയിൽ കാലിയാവാറായ മറ്റൊരു കുപ്പിയുമായി നിൽക്കുകയാണ്,
രാമന്റെ അരുമ ഏക ആൺസന്താനം കുട്ടിരാമൻ,,,
മുറ്റത്ത് വടക്കെമൂലയിൽ അവന്റെ അമ്മയും രണ്ട് സഹോദരിമാരും തലയിൽ കൈവെച്ച് ഇരിക്കുന്നുണ്ട്.
രാമനെ കണ്ട ഉടനെ കുട്ടിരാമൻ ഗാനമേള നിർത്തി,
“ഹലോ അച്ഛാ, ഇത്രയും കാലം ഇത്രനല്ല സാധനം അച്ഛൻ എന്നിൽനിന്ന് ഒളിച്ചുവെച്ചല്ലൊ, അച്ഛാ;
എന്റെ അച്ഛനിന്നലെ വല്ലാത്തൊരക്കിടിപറ്റി,,,”
“എടാ നീ,,,”
“മിണ്ടരുത്, ഇത് ഞാനാ കുട്ടിരാമൻ, രാമന്റെ മകൻ; ഇന്ന് വൈകുന്നേരം ബാറിൽ‌പോയി മതിയാവോളം കുടിച്ച് വാളും‌വെച്ചാ മോൻ വന്നത്, അച്ഛനു വേണോ?”
മകന്റെ രൂപമാറ്റം കണ്ട് രണ്ട്‌കണ്ണും തള്ളിയ അവസ്ഥയിൽ നിൽക്കുന്ന രാമന്റെ ദേഹത്തുനിന്നും ഇതുവരെ കുടിച്ച ചാരായം മുഴുവൻ ആവിയായിപ്പോയി; ഇതുവരെ സ്വബോധം ഇല്ലാത്ത രാമന്റെ തലയിൽ പതുക്കെ ചാരായഅലർജ്ജി കയറിപ്പറ്റി.

                   രാമൻ ആദ്യമായി മകനെയും ഭാര്യയെയും ‌മക്കളെയും ശരിക്കൊന്ന് നോക്കി,
“മോനേ നീ അകത്ത് പോ”
“മോനോ???  എപ്പഴാ ഞാൻ നിന്റെ മോനായത്; ഞാനിനിയും കുടിക്കും. അച്ഛന്റെ കുടി നിർത്താൻ കഴിയാത്ത ഞാൻ ഇനിയും കുടിക്കും”
ഇത്രയും പറഞ്ഞ് കുട്ടിരാമൻ വെട്ടിയ വാഴത്തടപോലെ മുറ്റത്ത് കമഴ്ന്ന് വീണപ്പോൾ ഏതാനും ചിലർ അവനെത്താങ്ങി നേരെയിരുത്തി തലയിൽ പച്ചവെള്ളം കോരിയൊഴിച്ചു.
വെള്ളം തലയിൽ വീണപ്പോൾ ഇത്രയും നേരം മുറ്റത്തെ മൂലയിൽ ഇരുന്ന് കരയുന്ന അമ്മ പെങ്ങന്മാരെ നോക്കി കുട്ടിരാമൻ പറഞ്ഞു,
“അമ്മയും മക്കളും ഇപ്പൊഴെന്തിനാ കരയുന്നത്? എന്റെ അച്ഛൻ കുടിച്ച് പൂസായി വീണപ്പോൾ ആരും കരഞ്ഞിട്ടില്ലല്ലൊ?”

                     വൺ‌മാൻ റിയാലിറ്റി ഷോ കണ്ട് രസം പിടിച്ച് ചിരിക്കുന്ന നാട്ടുകാരിൽ ചിലരുടെ മുഖം കണ്ടപ്പോൾ അച്ഛൻരാമന് പെട്ടെന്ന് നാണക്കേട് തോന്നാൻ തുടങ്ങി. ഇത്രയും കാലം പാമ്പും പെരുമ്പാമ്പും ആയി വന്നപ്പോൾ ഇല്ലാത്ത അഭിമാനം പെട്ടെന്ന് ഉള്ളിൽനിന്നും തലപൊക്കി,
“എടാ നീ അകത്തു പോ, എടി ദേവീ  നീ ഇവനെപ്പിടിച്ച് വീട്ടിനകത്താക്കിയാട്ടെ”
“എന്നെ വീട്ടിനത്താക്കിയാൽ പുറത്തുള്ളവർ ഒന്നും അറിയില്ലല്ലൊ; അങ്ങനെയെന്ന അകത്താക്കാൻ താൻ നോക്കേണ്ട”
“എടാ നിന്റച്ഛനാ പറയുന്നത് അകത്തു പോകാൻ, പറയുന്നത് അനുസരിക്ക്”
അച്ഛനും മകനും ചേർന്ന പിടിവലിയിൽ അച്ഛൻ തോറ്റ് താഴെ വീണപ്പോൾ മകൻ കൈകൊട്ടിച്ചിരിക്കാൻ തുടങ്ങി.
“താനാരാ എന്നോട് പറയാൻ?”
മകന്റെ മുന്നിൽ തോറ്റ് തുന്നം പാടിയ രാമൻ ഒടുവിൽ പറഞ്ഞു,
“എടാ നിന്നെ ഉണ്ടാക്കിയത് ഞാനാ; പറയുന്നത് അനുസരിക്കുന്നതാ നിനക്ക് നല്ലത്, അകത്ത് പോ”
“ഓ, എന്നെ വളർത്തിയിട്ടില്ലെങ്കിലും ഉണ്ടാക്കിയതിന്റെ കണക്ക് പറയുകയാണ്. ഇപ്പൊം പറഞ്ഞൊ, അതിന് എത്ര പൈസ വേണം”
അണ്ടർ‌വെയറിന്റെ വലതു പോക്കറ്റിൽ നിന്ന് നൂറിന്റെയും പത്തിന്റെയും അനേകം നോട്ടുകൾ കുട്ടിരാമൻ പുറത്തെടുത്ത് അച്ഛന് നേരെ നീട്ടി,
“പറഞ്ഞൊ, എന്നെ ഉണ്ടാക്കിയതിന് എത്രയാന്ന് പറഞ്ഞാൽ തരാം”
മകൻ നീട്ടിയ പണം നോക്കി അച്ഛനായ രാമൻ നിലത്തിരുന്നു.
പിൻ‌കുറിപ്പ്:
ദിവസങ്ങൾക്ക് ശേഷം
രാമൻ മദ്യപാനം പൂർണ്ണമായി നിർത്തി; എന്നാൽ കുട്ടിരാമൻ നാട്ടിലെ ഏറ്റവും വലിയ കുടിയനായി ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നു.
എന്റെ നാട്ടിലെ കുടുംബകലഹത്തിനിടയിൽ മക്കൾ മാതാപിതാക്കളോട് ചോദിക്കും; ‘ഞാനും കുട്ടിരാമനെപ്പോലെ കണക്ക് പറയണോ’ എന്ന്, അത് കേട്ട് പേടിച്ച അച്ഛനും അമ്മയും, ചോദിച്ചതെല്ലാം മക്കൾക്ക് കൊടുക്കും.
...(ഒറിജിനൽ ചെത്ത് കാണാത്തവർക്കായി ഒരു ഫോട്ടോ മുകളിൽ കൊടുത്തിട്ടുണ്ട്).