8.5.13

ഒന്നര ലക്ഷവും ബൈക്ക് യാത്രയും


                 
               അദ്ധ്യാപന ജീവിതത്തിന്റെ അന്ത്യനാളുകളിലെ ഒരു വർഷം പ്രധാന‌അദ്ധ്യാപികയായി പ്രമോഷൻ ലഭിച്ച ഞാൻ, പുതിയ വിദ്യാലയത്തിൽ ‘ഏക്ക് വർഷ് കാ സുൽത്താന’ ആയി വാഴുന്ന,,, അഞ്ച്‌കൊല്ലം മുൻപുള്ള സുവർണ്ണ കാലം. കണ്ണൂർ ജില്ലയിൽ തരികിടക്ക് ഒന്നാം സ്ഥാനവും എസ്.എസ്.എൽ.സി. വിജയശതമാനത്തിൽ ലാസ്റ്റാം സ്ഥാനവും മുൻ‌വർഷങ്ങളിൽ നേടിയെടുത്ത സർക്കാർ ഹയർസെക്കന്ററി വിദ്യാലയത്തിലെ ഹെഡ്‌മിസ്ട്രസ്സ് പോസ്റ്റിൽ, എന്നെ നിയമിച്ചത് സർക്കാറിന് എന്നോടുള്ള സ്നേഹംകൊണ്ടാണോ വിരോധംകൊണ്ടാണോ എന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.

അങ്ങനെ ഹൈ‌സ്ക്കൂൾ ഹെഡ്‌മിസ്ട്രസിന്റെ കസാരയിലിരുന്ന്  ഹെഡ് ആയി വാണരുളുമ്പോൾ,
ഒരു ദിവസം,,,,
                       സ്ക്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി ചെലവാക്കേണ്ട ഒന്നരലക്ഷം രൂപ ട്രഷറിയിൽ നിന്ന് വാങ്ങിയത് മുറുകെപിടിച്ചുകൊണ്ട് ഒരു നട്ടുച്ചനേരത്ത്, ഞാനെന്റെ സ്ക്കൂളിൽ എത്തിചേർന്നു. അന്യന്റെ പണമായാലും ലക്ഷങ്ങൾ കൈയിൽകിട്ടിയ സന്തോഷം ഉള്ളിലൊളിപ്പിച്ച് ഏതാനും മിനുട്ടുകൾ അങ്ങനെ ഇരുന്നു. ഹോ,,, മറ്റുള്ളവരുടെ പണം കൈയിൽ വെക്കുന്നതിന്റെ സുഖമൊന്നു വേറേയാണ്. അടുത്ത നിമിഷം,,, ഈ പണം മൊത്തമായി തൊട്ടടുത്ത ബാങ്കിൽ നിക്ഷേപിക്കണമെന്ന നിയമവശം, എന്റെ കാണാപ്പുറത്തിരുന്ന് കണക്കുബുക്കിൽ കണക്കെഴുതിക്കൊണ്ടിരിക്കുന്ന ക്ലാർക്ക് വീണാകുമാരി ഓർമ്മിപ്പിച്ചു.

                       ക്ലാർക്ക് പറഞ്ഞതിൽ ഒത്തിരി കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞ ഞാൻ, ഏറ്റവും അടുത്തുള്ള സഹകരണബാങ്കിന്റെ സായാഹ്നശാഖയിലെ സ്ക്കൂൾ അക്കൌണ്ടിൽ പണം നിക്ഷേപിക്കാൻ തീരുമാനിച്ചപ്പോഴേക്കും സമയം മൂന്ന് മണിയായി. സായാഹ്നമായതിനാൽ ആറുമണി ആയാലും പ്രശ്നമില്ലല്ലൊ. പണമിടപാടുകളെല്ലാം സ്വന്തമായി ചെയ്യുന്ന ഞാൻ ഒറ്റയ്ക്ക് ബാങ്കിലേക്ക് പോവാൻ തയ്യാറായപ്പോഴാണ് മനസ്സിന്റെ ഉള്ളിൽനിന്നും ഇത്തിരി ഭയം പൊങ്ങിവന്നത്. അന്യന്റെ മുതലായാലും ആദ്യമായാണ് കൈയിൽ ഒന്നരലക്ഷം വരുന്നത്. അതുംകൊണ്ട് ഒറ്റയ്ക്ക് നടന്നുപോയാലെങ്ങനെയാ??? ബാങ്കിലെത്താൻ പത്ത് മിനിട്ട് നടക്കണം അല്ലെങ്കിൽ ഓട്ടോപിടിച്ച് പോവണം, അവിടെന്ന് തിരിച്ച് സ്ക്കൂളിൽ വന്ന് ബാക്കി പണി പൂർത്തിയാക്കാനും ഉണ്ട്.

                       സാധാരണ സ്ക്കൂൾ ഹെഡ്ഡിനെ സഹായിക്കാനും സോപ്പിടാനും അതാത് സ്ക്കൂളിലെ സീനിയർ അദ്ധ്യാപകനോ അദ്ധ്യാപികയോ ഉണ്ടാവും. ഇവിടെയാണെങ്കിൽ ഉണ്ടചോറിൽ കള്ളം പറഞ്ഞ് ക്ലാസ്സിൽ പോവാതെ മുങ്ങുന്ന സീനിയറിനേയോ മറ്റുള്ള അദ്ധ്യാപകരെയോ വിശ്വസിക്കരുതെന്നാണ് അനുഭവം ഗുരു. പരിചയമില്ലാത്ത ഗ്രാമപ്രദേശമാണ്; ‘ടീച്ചർക്ക് ആരെയും അറിയില്ല’ എന്ന് നാട്ടുകാരനായ പി.ടി.എ പ്രസിഡണ്ട് പലപ്പോഴും  പറയാറുണ്ട്. അതുപോലെ അടിപിടി കേസുമായി വന്ന പത്താം‌തരത്തിലെ തരികിടപയ്യൻ ഒരിക്കൽ പറഞ്ഞു,
“എനിക്ക് മൂന്ന് വർഷത്തെ പരിചയം ഈ സ്ക്കൂളിലുണ്ട്; എന്നാൽ ഹെഡ്‌ടീച്ചർക്ക് വെറും മൂന്ന് മാസത്തെ പരിചയം മാത്രമേയുള്ളൂ”
ഇങ്ങനെയുള്ള അവസ്ഥയിൽ ഒന്നരയുമായി ഒറ്റക്ക് നടന്ന് എങ്ങനെ ബാങ്കിലെത്തും?
എങ്ങനെ തിരിച്ചെത്തും? ഒപ്പം വിളിക്കാവുന്ന ക്ലാർക്കാണെങ്കിൽ ഒരുപാവം ‘വീണ’.

ചിന്തിച്ച് ചിന്തിച്ച് ഓഫീസിന്റെ വെളിയിലിറങ്ങി മുറ്റത്ത് നെല്ലിമരച്ചുവട്ടിൽ നോക്കിയപ്പോൾ അതാ,,,
എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടി!???
അവിടെ ഇരിക്കുന്നു,, ഓഫീസ് അസിസ്റ്റന്റ് എന്ന് വിളിക്കുന്ന പ്യൂൺ ശശീന്ദ്രന്റെ ഇരുചക്രവാഹനം!!!
ശശി,, എന്റെ മക്കളെക്കാൾ പ്രായം കുറഞ്ഞവൻ!!!
എനിക്കെന്താ അവന്റെ വണ്ടിയിൽ അവന്റെ പിന്നിലിരുന്ന് ബാങ്കിൽ പോയാൽ?
പണവുമായി പോവുമ്പോൾ കളരിയും കരാത്തെയും പഠിച്ച അന്നാട്ടുകാരൻ ശശിയെ എസ്ക്കോർട്ട് ആയി താൽക്കാലിക നിയമനം നടത്തുന്നത് എന്തുകൊണ്ടും എന്റെ ആരോഗ്യത്തിന് നല്ലതാണ്. 

നടക്കേണ്ട,
സമയം പാഴാക്കേണ്ട,
കള്ളന്മാരെ പേടിക്കേണ്ട,
ഓട്ടോ വിളിക്കേണ്ട,,,
വെറുതെ പണം നഷ്ടപ്പെടുത്തേണ്ട,,,
ബാങ്കിൽ പോവാം; അതെ വണ്ടിയിൽ തിരികെവരാം.
നാലാൾ‌കാൺകെ സ്ത്രീകൾ ബൈക്ക് ഓടിച്ച് പോവാനും അന്യന്റെ പിന്നിലിരുന്ന് യാത്രചെയ്യാനും മടിക്കുന്ന പഴയ കാലമാണെങ്കിലും ശശിയെ വിളിച്ച് കാര്യം പറഞ്ഞു,,,,
ഞാനൊരു പ്രധാന‌ അദ്ധ്യാപികയല്ലെ,,,?
                        സ്ക്കൂൾ ഹെഡ്‌മിസ്ട്രസ്സിനെ പിറകിലിരുത്തിക്കൊണ്ട് ശശീന്ദ്രൻ സ്വന്തം വണ്ടി സ്റ്റാർട്ട് ചെയ്തു. ബാങ്കിൽ എത്തിയപ്പോൾ ബാഗിലുള്ള പണം ഒന്നുകൂടി എണ്ണിനോക്കിയശേഷം സുരക്ഷിതമായി ക്യാഷ്യറെ ഏല്പിച്ച് അക്കൌണ്ടിൽ ചേർത്ത് പാസ്ബുക്കിൽ ഒപ്പിട്ട് വാങ്ങിയപ്പോഴേക്കും സമയം അഞ്ചുമണി ആവാറായി.

ഇനി മടക്കയാത്ര, സ്ക്കൂളിലേക്ക്,,,
                      ബാങ്കിൽ വന്ന അതേ ഇരുചക്രവാഹനത്തിൽ ശശിയെ മുന്നിലിരുത്തിയശേഷം ഞാൻ പിറകിൽ കയറിയിരുന്ന് സ്റ്റാർട്ട് പറഞ്ഞു. യാത്രയുടെ അടുത്ത മിനിട്ടിൽ സ്ക്കൂൾ വിട്ട് വെളിയിലേക്ക് ഇറങ്ങുന്ന വിദ്യാർത്ഥികളുടെ ഇടയിലൂടെ ഗയിറ്റ് കടന്ന് സ്ക്കൂൾ ഗ്രൌണ്ടിലൂടെ ഓഫീസിന് മുന്നിലെത്തി വണ്ടി നിർത്തിയത്. ചിരിച്ചും കളിച്ചുംകൊണ്ട് ഒന്നിച്ച് വെളിയിലേക്ക് പോവുന്ന ചെറുപ്പക്കാരികളായ ഏതാനും ഹയർ‌സെക്കന്ററി അദ്ധ്യാപികമാരുടെ മുന്നിൽ,,,
അവർക്ക് അവിടെ വരാൻ കണ്ടൊരു നേരം...
അക്കൂട്ടത്തിൽ ഏറ്റവും മുന്നിൽ,,,
എന്റെ അമ്മയുടെ ഇളയ സന്താനത്തിന്റെ പ്രീയപ്പെട്ട ഭാര്യ,,,
എന്റെ ആങ്ങളയുടെ ഭാര്യ,,, നാത്തൂൻ.
അതെ വിദ്യാലയത്തിൽ ഹയർ സെക്കന്ററി ജന്തുശാസ്ത്രം അദ്ധ്യാപികയുടെ രൂപത്തിൽ ജോലിചെയ്യുന്ന... അവളാണ് മുന്നിൽ നിൽക്കുന്നത്.
                       കഴുതപ്പുറത്തു നിന്നിറങ്ങുന്ന മഞ്ചുവാരിയർ സ്റ്റൈലിൽ, സ്ലോമോഷനായി വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ കാണികളായവർ ഒന്നുംതന്നെ ചോദിച്ചില്ലെങ്കിലും അമളിപറ്റിയമട്ടിൽ ചിരിച്ചുകൊണ്ട് ഞാനങ്ങോട്ട് പറഞ്ഞു,
“അതെയ് ബാങ്കിൽ പണമടക്കാൻ പോയതാണ്”
എന്നെനോക്കി ചിരിച്ച് അവരെല്ലാം പോയിക്കഴിഞ്ഞപ്പോൾ ബാഗ് തോളിൽ കയറ്റി കൈവീശിയിട്ട് ഓഫീസ്‌റൂമിലെക്ക് നടക്കുന്ന ഞാൻ അടുത്തനിമിഷം പ്രധാന‌അദ്ധ്യാപികയുടെ മുഖം‌മൂടി അണിഞ്ഞു.

ദിവസങ്ങൾ കഴിഞ്ഞു,,,
നാത്തൂൻ‌പോര് ഒട്ടും കാണിക്കാതെ ഞാനും സഹോദരപത്നിയും അതെ വിദ്യാലയത്തിൽ തുടരുകയാണ്,
അവൾ ഹയർ സെക്കന്ററി ജന്തുശാസ്ത്രം,
ഞാൻ ഹൈസ്ക്കൂൾ ഹെഡ്,
ഒരു ദിവസം,,, ഞാൻ ചോദിച്ചു,
“അന്ന്,, ശശിയുടെകൂടെ വണ്ടിയിൽ വന്നിട്ട് ഞാനിറങ്ങുന്നത് കണ്ടപ്പോൾ കൂടെയുള്ള ടീച്ചേർസ് എന്തെങ്കിലും പറഞ്ഞിരുന്നോ?”
“അയ്യോ, അവരൊന്നും പറഞ്ഞിട്ടില്ല,, പക്ഷെ?”
“പക്ഷെ?”
“ഒരാൾ പറഞ്ഞു”
“ഒരാളോ? അതാര്?”
“നിങ്ങളെ സ്വന്തം ആങ്ങള,,, ഓഫീസ്‌സ്റ്റാഫിന്റെ കൂടെ ബൈക്കിൽ വന്നിറങ്ങിയ ഏടത്തിയെകുറിച്ച് ഓറോട് ഞാൻ പറഞ്ഞു, അപ്പോൾ,,,”
“അപ്പോൾ അവനെന്ത് പറഞ്ഞു?”
“അതെന്റെ ഏടത്തിയല്ലെ; ബൈക്കിലും കയറും, മരത്തിലും കയറും,,, അത് കണ്ടിട്ട് നീ കയറാതിരുന്നാൽ മതിയെന്ന് എന്നോട് പറഞ്ഞു”

19.3.13

ഡിലീറ്റ് ചെയ്തുപോയ കുളിസീൻ വീഡിയോ


അങ്ങ് വടക്ക്, തലസ്ഥാന നഗരിയിലെ, കേരളാഹൌസിന്റെ, കുളിമുറിയിൽ,,,
                     ഒളിക്യാമറ വെച്ച് കുളിസീനുകൾ പകർത്തിയത് ചില പിള്ളേർ ഇടപെട്ട് കൈയോടെ പിടിക്കപ്പെട്ടപ്പോൾ അത്രയും‌കാലം അവിടെ ജോലിചെയ്ത പലരുടെയും കുളിതെറ്റി. ആരുടെയൊക്കെ കുളിസീനുകളാണ് ആ ക്യാമറയിലുള്ളതെന്ന് ദുഷ്ടന്മാർ പറഞ്ഞുതന്നതുമില്ല.
                     കേരളാഹൌസിൽ ഒളിക്യാമറ വെക്കാമെങ്കിൽ എനിക്കെന്താ എന്റെ സ്വന്തം ഹൌസിൽ സ്വന്തം ഡിജിറ്റൽ ക്യാമറവെച്ച് കുളിസീൻ ഷൂട്ട് ചെയ്താൽ? പിടിക്കപ്പെടാതിരുന്നാൽ പോരെ,, പിന്നെ കുളിസീൻ വീഡിയോ പകർത്തുന്നത് എന്റെയോ, എന്റെ വീട്ടുകാരുടേയോ, എന്റെ ബന്ധുക്കളുടേയോ അല്ലല്ലൊ. പരിചയമില്ലാത്ത ആരൊക്കെയോ കുളിക്കുന്നത്, എന്റെ വീട്ടുപരിസരത്തായാൽ അത് ക്യാമറയിൽ പിടിക്കുന്നതിലെന്താണ് തെറ്റ്? കുളിക്കാൻ വരുന്നവരുടെ കൂട്ടത്തിലാരും അറിയാതിരുന്നാൽ നല്ലത്. പിന്നെ കുളിസീനിന്റെ വീഡിയോ യൂട്യൂബിൽ ഇട്ടാലും വലിയ കുഴപ്പമില്ല; കാരണം കമ്പ്യൂട്ടർ തുറക്കുന്നവരും നെറ്റ് സേർച്ച് ചെയ്യുന്നവരും ആയി അവരുടെ കൂട്ടത്തിൽ ആരും ഇല്ലന്ന് ഉറപ്പാണ്.

ഇന്നലെയാണ് അത് സംഭവിച്ചത്,,,
                   നല്ലൊരു കുളിസീൻ ഞാനെന്റെ ക്യാമറയിൽ പകർത്തി; അത് ശരിക്കൊന്ന് നോക്കി ആസ്വദിക്കുന്നതിന് മുൻപെ കുളിസീനിന്റെ വീഡിയോഫയൽ നഷ്ടപ്പെട്ടു. ആ നഷ്ടത്തിന്റെ ആഘാതം താങ്ങാനാവാതെ കൊറേനേരം ഞാൻ പൊട്ടിക്കരഞ്ഞു. നഷ്ടം ഓർത്തുകൊണ്ട് രാത്രി ഉറങ്ങാൻ കിടന്നതിനാൽ ഉറക്കത്തിൽ എന്തൊക്കെയോ സംസാരിച്ചെന്ന് വീട്ടുകാർ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. അതിൽ കുളിസീൻ, ക്യാമറ, വീഡിയോ, യൂട്യൂബ്, ഡിലീറ്റ് എന്നീ വാക്കുകൾ അവർ തിരിച്ചറിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇന്ന്‌രാവിലെ ഞാൻ വിവരിച്ചതുകേട്ട് അവരെല്ലാം എന്റെകൂടെ കരഞ്ഞപ്പോൾ, നിർമ്മാണത്തിനുശേഷം ഒരുതുള്ളി വെള്ളം പോലും ഇതുവരെ ഒഴുകാത്ത പഴശ്ശി പ്രോജക്റ്റ് കനാലുകളിലൂടെ ഇന്ന് രാവിലെ വെള്ളം കുതിച്ചൊഴുകി. ഒടുവിൽ എന്റെ ഭർത്താവ് പറഞ്ഞു, ‘ഇന്ന് വൈകുന്നേരവും അതേ സ്ഥലത്ത് ക്യാമറവെച്ച് കുളിസീൻ ഷൂട്ട് ചെയ്യാൻ’. 
                    2007 ഡിസംബർ 27ന് ഡിജിറ്റൽ ക്യാമറ സ്വന്തമാക്കിയതിനുശേഷം ആദ്യമായാണ് ഇത്രയും നല്ലൊരു രംഗം വീഡിയോയിൽ പിടിച്ചത്; അതും ഒരു കുളിസീൻ. എന്റെ അശ്രദ്ധ കാരണം ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ കമ്പ്യൂട്ടറിൽ പകർത്തുന്നതിന് മുൻപെ എന്റെ വലം‌കൈയാൽ അത് ഡിലീറ്റ് ചെയ്യപ്പെട്ടു.
ഞാനെങ്ങനെ ഇത് സഹിക്കും?

                    രണ്ട് വർഷം മുൻപ് നർമവേദി നടക്കുന്ന പോലീസ്‌ക്ലബിലെ സ്റ്റേജിൽ‌വെച്ച് ഞാൻ പാട്ട് പാടുമ്പോൾ ക്യാമറയിൽ വീഡിയോ പിടിക്കാൻ എന്റെ കെട്ടിയവനെ ഏല്പിച്ചെങ്കിലും അദ്ദേഹം അതാകെ കൊളമാക്കി. എന്താണെന്നോ? വീഡിയോയിൽ ക്ലിക്ക് ചെയ്ത് പാട്ട് തീരുന്നതുവരെ മുറുകെ പിടിച്ചപ്പോൾ ക്യാമറയിൽ ഒന്നും പതിഞ്ഞില്ല. ഏതാനും മാസം കഴിഞ്ഞപ്പോൾ ഞാൻ കഥ പറയുന്നത് വീഡിയോ പിടിക്കാൻ ക്യാമറസൂത്രങ്ങൾ പഠിപ്പിച്ചശേഷം അതേ കെട്ടിയവനെതന്നെ ഞാനേല്പിച്ചു. അന്ന് കഥ പറഞ്ഞുതീരുന്നതുവരെ സ്വിച്ച് ഓൺ ചെയ്യാതെ ക്യാമറയിലെ സ്ക്രീനിലൂടെ എന്നെ നോക്കിയങ്ങനെ,,, അദ്ദേഹം ഇരുന്നുപോയി. അതിനുശേഷം എന്റെ ക്യാമറ ഞാൻ‌തന്നെ ഉപയോഗിച്ചാൽ മതിയെന്ന് ഞാനങ്ങട്ട് തീരുമാനിച്ചു.

ഓ,, നമ്മുടെ കുളിസീൻ കാര്യം,,,
                   ഒരാഴ്ച മുൻപാണ് സംഗതി എന്റെ ശ്രദ്ധയിൽ പെട്ടത്. മറ്റാരും കാണാത്ത മറ്റുള്ളവർ ശ്രദ്ധിക്കാനിടയില്ലാത്ത ഒരിടത്ത് ആളില്ലാത്ത നേരത്ത് ചിലർ കുളിക്കാൻ വരുന്നുണ്ട്. അറിഞ്ഞത് എങ്ങനെയെന്നോ? കുളികഴിഞ്ഞ് നനഞ്ഞ മേനിയഴകുമായി എന്റെ വീടിന്റെ പരിസരത്ത് കൂടി ഒറ്റക്കും കുട്ടായും ചിലർ കറങ്ങുന്നത് എന്റെ കണ്ണിൽപെട്ടു. അപ്പോൾ ഒരു കുളിസീൻ വീഡിയോ പിടിച്ചാലോ? പറ്റിയാൽ യൂട്യൂബിലിട്ട്, എന്റെ വീട്ടുപരിസരത്ത് നടക്കുന്ന കുളിസിൻ എല്ലാവരെയും കാണിക്കാമല്ലൊ. ധാരാളം ഫോട്ടോ എടുക്കുന്ന കൂട്ടത്തിൽ വീഡിയോ പിടിക്കുന്നത് വളരെ പ്രധാനപ്പെട്ട സംഭവങ്ങൾക്ക് മാത്രമായിരുന്നു. കുളിസീൻ ലൈവ് ആയി ഷൂട്ട് ചെയ്യുക എന്നത് ഒരു പ്രധാന സംഗതിയാണല്ലൊ,,,

                    ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകൾ ഇന്നലെ വൈകുന്നേരം ആരംഭിച്ചു. സംഗതി വീട്ടിലാരോടും പറയാതിരിക്കുന്നതാണ് നല്ലത്. മറ്റുള്ളവരെ അറിയിച്ചാൽ ഞാൻ ക്യാമറയിലാക്കുന്നതിനിടയിൽ കുളി കാണാനായി ആരെങ്കിലും കയറിവന്നാലോ? കുളിക്കാൻ വരുന്നവരെ എനിക്ക് തീരെ പരിചയം ഇല്ല. പിന്നെ ആരുടെയൊക്കെ കുളിയാണ് വീഡിയോയിൽ പതിയുന്നത് എന്ന കാര്യത്തിലും ഉറപ്പില്ല. അതിനിടയിൽ പരിസരത്ത് ആരെങ്കിലും ഉണ്ടെന്ന് സംശയം തോന്നിയാൽ കുളിക്കാൻ വരുന്നവരെല്ലാം പെട്ടെന്ന് തിരിച്ചുപോയാലോ,,,

                     നാല്‌മണി കഴിഞ്ഞപ്പോൾ ശബ്ദം കേൾപ്പിക്കാതെ പതുക്കെ കോണികയറി ടെറസ്സിലെത്തിയിട്ട് നോക്കിയപ്പോൾ, ഞാൻ‌കണ്ടത് മഴക്കാർ മൂടിയിട്ട് പ്രകാശം കുറഞ്ഞ അന്തരീക്ഷമാണ്. കുളിസീൻ നന്നായി കാണുന്നത് എന്റെ വീടിന്റെ ടെറസ്സിൽ നിന്നാണെങ്കിലും ഒളിച്ചിരുന്ന് നോക്കിയാൽ അവർക്ക് സംശയം തോന്നിയാലോ! അതുകൊണ്ട് മറ്റാരും കാണാത്തതും ശ്രദ്ധിക്കാനിടയില്ലാത്തതുമായ ഒരു മൂലയിൽ വീഡിയോ അഡ്‌ജസ്റ്റ് ചെയ്ത ക്യാമറ അനക്കാതെ വെച്ചശേഷം ഓൺ ചെയ്തു. വീഡിയോ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം കയറിയതുപോലെ പതിഞ്ഞ കാലടികളോടെ ഞാൻ താഴേക്ക് ഇറങ്ങി. ക്യാമറയിലെ ബാറ്ററി ഫുൾ‌ ചാർജ്ജ് ചെയ്തതാണ്; ഇനി അരമണിക്കൂർ കഴിഞ്ഞ് ക്യാമറ ഓഫാക്കിയിട്ട് നോക്കിയാൽ മതി. ഭാഗ്യമുണ്ടെങ്കിൽ ആരെങ്കിലും കുളിക്കാൻ വരും,,, അതുവരെ വീട്ടിലെ മറ്റു ജോലികൾ ചെയ്യാം.

                      വെളിയിൽ മുറ്റത്തിറങ്ങി ചെടികൾക്ക് വെള്ളം നനക്കുമ്പോഴും അടുക്കളയിൽ കയറി ചായ നിർമ്മിക്കുമ്പോഴും എന്റെ ചിന്തമുഴുവൻ ക്യാമറയുടെചുറ്റും ആയിരുന്നു. ഏതാനും വർഷം കൊണ്ട് എത്രയെത്ര ഫോട്ടോകളാണ് എടുത്തത്. കൊച്ചുമകളുടെ കളികളും വീട്ടിലെ പ്രധാന ചടങ്ങുകളും വീഡിയോയിൽ ഷൂട്ട് ചെയ്ത് കമ്പ്യൂട്ടറിൽ നിറച്ചിരിക്കയാണ്. എന്നാൽ ഒരു കുളിസീൻ ആദ്യമായാണ് എന്റെ ക്യാമറയിൽ കടന്നുവരുന്നത്, അതും ഇത്രയും അടുത്തുനിന്നുള്ള കുളി!!! ക്യാമറ ഒളിപ്പിച്ചത് മറ്റുള്ളവർക്ക് കണ്ടുപിടിക്കാനാവില്ലെങ്കിലും അതിൽ വെള്ളം തെറിക്കാതിരുന്നാൽ മതിയായിരുന്നു. കുളിസീൻ ഉണ്ടെങ്കിൽ രാത്രിയിൽ തന്നെ കമ്പ്യൂട്ടറിൽ കയറ്റിയിട്ട് യൂട്യൂബിൽ ആഡ് ചെയ്യണം.

                       അങ്ങനെ അരമണിക്കൂർ പോയതറിഞ്ഞില്ല; ചായ കുടിച്ചതിനുശേഷം ടെറസ്സിലേക്ക് കയറാനുള്ള കോണിയുടെ ചുവട്ടിൽ നിന്ന് പരിസരം വീക്ഷിച്ചു. കുളിക്കുന്ന ശബ്ദം കേൾക്കുന്നില്ലെങ്കിലും സമീപത്ത് വീട്ടുപറമ്പിലാകെ ശബ്ദകോലാഹലങ്ങളാണ്. മരംകൊത്തികൾ താളം‌പിടിച്ച് മരംകൊത്തുമ്പോൾ ബുൾബുളും ഒലേഞ്ഞാലിയും മഞ്ഞക്കിളികളും പരസ്പരം മത്സരിച്ച് ഗാനമേള നടത്തുകയാണ്. അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ടെറസ്സിൽ കയറിയ ഞാൻ പതുക്കെ അങ്ങോട്ട് എത്തിനോക്കി. വെള്ളം ചുറ്റുപാടും ചിതറി തെറിച്ചിട്ടുണ്ടെങ്കിലും ആ നേരത്ത് കുളിക്കുന്ന ആരെയും കണ്ടില്ല. അര മണിക്കൂറിനിടയിൽ ആരൊക്കെയോ വന്ന് കുളിച്ചശേഷം സ്ഥലം വിട്ടിരിക്കും. വീഡിയോ ഓഫാക്കിയിട്ട് ക്യാമറ കൈയിലെടുത്തപ്പോൽ നല്ല ചൂട്, കുറേനേരം ഓൺ ചെയ്തതുകൊണ്ടാവാം. അവിടെവെച്ചുതന്നെ സെയ്‌വ് ചെയ്ത ഫയൽ തുറന്ന് നോക്കി. ആദ്യരംഗങ്ങളിൽ പരിസരത്ത് ആരെയും കണ്ടില്ല. വീഡിയോ സ്പീഡിൽ കടന്നുപോയ്ക്കൊണ്ടിരിക്കെ അവസാന ഭാഗത്ത് അതാ അവൾ വരുന്നു,,,, കറുപ്പും വെളുപ്പും കലർന്ന അഴകോടെ,,, ഒരു തോർത്തുമുണ്ട് പോലും ചുറ്റാതെ രംഗത്തുവന്ന അവൾ പരിസരമാകെ നിരീക്ഷിച്ചശേഷം മുങ്ങിക്കുളിക്കുകയാണ്. കുളി കഴിഞ്ഞശേഷം തലപോലും തോർത്താതെ പെട്ടെന്നുതന്നെ സ്ഥലം‌വിട്ടു.
ഹോ,, എനിക്ക് വന്ന സന്തോഷം,,, ഇത്രയും നല്ലൊരു കുളിസീൻ ഷൂട്ട് ചെയ്യാൻ എന്നെക്കൊണ്ടല്ലാതെ ആർക്ക് പറ്റും!

                     ടെറസ്സിൽ നിന്ന് ഞാൻ താഴെയിറങ്ങി. ‘നേരം സന്ധ്യ ആയല്ലൊ, ഇനി രാത്രി ഭക്ഷണത്തിനുശേഷം വീഡിയൊ നോക്കാം’ എന്ന് ചിന്തിച്ച ഞാൻ, ഓഫ് ചെയ്ത ക്യാമറ കമ്പ്യൂട്ടർ ടേബിളിൽ വെച്ചശേഷം വീട്ടുജോലികളിൽ മുഴുകി. എല്ലാവർക്കും ഭക്ഷണം കൊടുത്തശേഷം ഞാനും കഴിച്ചെന്ന് വരുത്തിയിട്ട് കമ്പ്യൂട്ടർ തുറന്നു. സാധാരണ ചിത്രങ്ങൾ നിറയുമ്പോഴാണ് ക്യാമറയിൽ‌നിന്നും കമ്പ്യൂട്ടറിലേക്ക് ഫയലുകൾ മാറ്റുന്നതെങ്കിലും ഇന്ന് കുളിസീൻ കാണാനുള്ള തിരക്കാണല്ലൊ. ക്യാമറ കമ്പ്യൂട്ടറിൽ ഘടിപ്പിച്ചപ്പോൾ ചിത്രങ്ങളുടെയും വീഡിയോകളുടെയും ഫയലിന്റെ ഐക്കണുകൾ മോണിറ്ററിൽ നിരന്നു. ക്യാമറയിലെ അനാവശ്യ ഫയലുകളും ഏതാനും ചിത്രങ്ങളും ഡിലീറ്റ് ചെയ്തതിനുശേഷം മറ്റുള്ളവ കമ്പ്യൂട്ടറിൽ സെയ്‌വ് ചെയ്യാൻ ആരംഭിച്ചു. എല്ലാ ഫയലുകലും കമ്പ്യൂട്ടറിൽ കയറിയെന്ന് ഉറപ്പുവരുത്തിയിട്ട് ക്യാമറ ഓഫാക്കിയശേഷം കുളിസീൻ വീഡിയോ തുറക്കാൻ നോക്കിയപ്പോൾ വീഡിയോ ഫയൽ മാത്രം കാണാനില്ല. അരമണിക്കൂർ സമയദൈർഘ്യമുള്ള വീഡിയോ കാണാതെ പരിഭ്രമിച്ച ഞാൻ ക്യാമറയിലും കമ്പ്യൂട്ടറിലുമായി അരമണിക്കൂർ നേരം സേർച്ച് ചെയ്തു.
                 എത്ര പരിശ്രമിച്ചിട്ടും ഞാനെടുത്ത കുളിസീൻ വീഡിയോ മാത്രം കാണാനില്ല,, എന്ത് പറ്റിയെന്നോ,,, അനാവശ്യ ഫയലുകൾ ക്യാമറയിൽ നിന്ന് ഡിലീറ്റ് ചെയ്ത കൂട്ടത്തിൽ എന്റെ കുളിസീൻ വീഡിയോ കൂടി ഡിലീറ്റ് ചെയ്തിരിക്കാം. കമ്പ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ റിസൈക്കിൾ ബിന്നിൽ കാണും,, ആവശ്യമാണെങ്കിൽ തിരികെയെടുക്കാം. ഇവിടെ ക്യാമറയിൽ നിന്ന് ഡിലീറ്റ് ചെയ്ത ഫയൽ തിരികെ കൊണ്ടുവരാനുള്ള സൂത്രങ്ങളൊന്നും എനിക്കറിയില്ല. പിന്നെ ക്യാമറ ഓപ്പറേറ്റമാരെ ഏല്പിക്കാൻ എനിക്കൊട്ടും ധൈര്യം പോര,,,

                 എന്റെ പ്രതീക്ഷകളെല്ലാം തകർന്നു,,, ഇനിയെന്ത് ചെയ്യും? ഇത്രയും നല്ലൊരു കുളിസീൻ വലിയൊരു നഷ്ടം തന്നെ. സത്യം പറഞ്ഞാൽ രാത്രി എനിക്ക് ഉറക്കം വന്നതേയില്ല. ഇന്ന് രാവിലെ ഭർത്താവിനോടും മക്കളോടും‘കുളിസീൻ വീഡിയോ സംഭവം’ പറഞ്ഞപ്പോൾ എന്നെക്കാൾ കൂടുതൽ വിഷമം അവർക്കായിരുന്നു. ഒടുവിൽ ‘ഇന്ന് വൈകുന്നേരവും അതെ സമയത്ത് അതെ സ്ഥലത്ത് ക്യാമറ ഓൺ ചെയ്ത് വെക്കാൻ’ അവരെല്ലാം‌ചേർന്ന് എന്നോട് പറഞ്ഞു.
സംഗതി ശരിയാണല്ലൊ,, ഇന്നും അതേ സ്ഥലത്ത് അവർ കുളിക്കാൻ വരും,, ആ നേരത്ത് ഒളിക്യാമറ തുറന്നുവെച്ച് വീഡിയോ ഷൂട്ട് ചെയ്യാൻ ഞാനൊന്ന് ശ്രമിക്കട്ടെ,,,

ഇനി ഞാനെന്തിന് വിഷമിക്കണം? 
                 ‘ടെറസ്സിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാൻ ഇന്നലെ വന്നത്, ആകെയൊരു മണ്ണാത്തിപുള്ള് മാത്രമായിരുന്നു,, ഇന്ന് കുളിക്കാൻ വരുന്നത് ഓലേഞ്ഞാലിയോ, മൈനയോ, മഞ്ഞക്കിളിയോ, ബുൾബുൾ പക്ഷികളോ ആയിരിക്കാം. അപ്പോൾ അവരുടെ കുളിസീൻ ക്യാമറയിൽ പിടിച്ച് യൂട്യൂബിൽ ഇടാമല്ലൊ’

28.2.13

ഒരു ചെരിപ്പും രണ്ട് കാലുകളും

മുൻ‌കുറിപ്പ്:

കൂടുതൽ സമയം ഇന്റർനെറ്റിൽ ചുറ്റിയടിച്ച് ഇടയ്ക്കിടെ ഫെയ്സ്ബുക്കിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനിടയിൽ ബ്ലോഗിൽ കയറാതെ പോവുന്ന എന്റെ ഒരു സുഹൃത്തിന്, ഏതാനും വർഷം മുൻപ് ബസ്‌യാത്രക്കിടയിൽ ഉണ്ടായ അനുഭവം അദ്ദേഹത്തിന്റെ അനുവാദം ചോദിക്കാതെ ഇവിടെ പകർത്തുകയാണ്.

അന്നൊരു നാൾ നട്ടുച്ചയ്ക്ക്...
                      സുന്ദരനും സാധാശീലനും ആരോഗ്യവാനും സർവ്വോപരി അവിവാഹിതനുമായ നമ്മുടെ ഹൈസ്ക്കൂൾ ക്ലാർക്ക്, പഠിപ്പിക്കുന്നവരും പഠിപ്പിക്കാത്തവരുമായ സ്ക്കൂൾ‌ജീവനക്കാരുടെ ശമ്പളം കണ്ണൂർ ട്രഷറിയിൽനിന്നും വാങ്ങിയിട്ട് എണ്ണിനോക്കാതെ സ്വന്തം ബാഗിലിട്ടു. പണം വാങ്ങുമ്പോൾ എണ്ണിനോക്കുന്ന സ്വഭാവമൊക്കെ സംശയാലുക്കളായ അദ്ധ്യാപകർക്ക് മാത്രം ഉള്ളതാണ്. അദ്ധ്യാപകരല്ലാത്തവർ ട്രഷറിയിലെ ഇരുമ്പ്‌വലക്കുള്ളിൽ ഇരുന്ന് കേഷ്യർ പണം എണ്ണുമ്പോൾ അവരോടൊപ്പം എണ്ണുന്നതിനാൽ, കൈയിൽ കിട്ടിയ പണം അവിടെനിന്ന് രണ്ടാമതൊന്ന് എണ്ണിനോക്കുന്ന സ്വഭാവമില്ല. അതിനാൽ ബാഗിലെ പണം മുറുകെപിടിച്ചുകൊണ്ട് ഒരു ചായപോലും കുടിക്കാതെ നേരെ ബസ്‌സ്റ്റോപ്പിലേക്ക് നടന്ന് സ്ക്കൂളിൽ എത്തിചേരാനുള്ള ബസ്സിൽ അദ്ദേഹം കയറി. സ്ക്കൂളിലാണെങ്കിൽ,,, ക്ലാർക്കിന്റെ വരവും‌നോക്കിയിട്ട് പഠിപ്പിക്കാതെ ഇരിക്കുന്ന അദ്ധ്യാപകർ ഒട്ടനവധി ഉണ്ട്.

                      ബസ്സിൽ കയറിയപ്പോൾ നമ്മുടെ ക്ലാർക്കിന് ഇരിക്കാൻ ഇടം കിട്ടിയത് ലേഡീസ് സീറ്റിന്റെ തൊട്ടുപിന്നിലുള്ള ഇരിപ്പിടത്തിൽ. അവിടെ ഇരിക്കാൻ‌നേരത്ത് തൊട്ടടുത്തിരിക്കുന്നവനെ ഒന്നുനോക്കി, യൂനിഫോം അണിഞ്ഞിരിക്കുന്ന ഒരു സ്ക്കൂൾ‌കുട്ടി. പത്താം തരത്തിലായിരിക്കും; ഇവനെന്തിനാണ് അസമയത്ത് ബസ്സിൽ യാത്ര ചെയ്യുന്നത്? എന്തെങ്കിലുമാവട്ടെ,,, ബാഗിന്റെ കനം മടിയിൽ സ്ഥാപിച്ച് രണ്ട് കണ്ണുകൊണ്ടും അതിനെ ഇടയ്ക്കിടെ ശ്രദ്ധിച്ച് അങ്ങനെ ഇരിക്കുമ്പോൾ ബസ് സ്റ്റാർട്ട് ചെയ്ത് ഫുൾസ്പീഡിൽ ഓടാൻ തുടങ്ങി. ഇനി അരമണിക്കൂർ യാത്ര ചെയ്താൽ ബസ്സിൽനിന്ന് ഇറങ്ങിയശേഷം പത്ത് മിനിട്ട് നടന്നാൽ നമ്മുടെ സർക്കാർ ഹൈസ്ക്കൂളിൽ എത്താം.

                      ബസ് ഓടിക്കൊണ്ടിരിക്കെ എന്തോ ഒരു പന്തികേട്; മുന്നിലുള്ള വനിതാസംവരണ സീറ്റുകളിലിരിക്കുന്നത് ഒരു യുവതിയും പ്രായമേറെയുള്ള ഒരു സ്ത്രീയുമാണ്. സുന്ദരിയായ ആ യുവതി ഒരു തവണ പിന്നിലേക്ക് തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു. രണ്ടാം തവണയും പുഞ്ചിരിച്ചശേഷം തൊട്ടടുത്തിരിക്കുന്ന സ്ത്രീയോട് –അവളുടെ തള്ളയായിരിക്കാം- എന്തോ അടക്കം പറയുകയാണ്. അവൾ വീണ്ടും വീണ്ടും തലതിരിച്ച് നോക്കുകയാണ്. സുന്ദരിയായ ഒരു പെണ്ണ് അവിവാഹിതനായ യുവാവിനെ നോക്കി ഇടയ്ക്കിടെ പുഞ്ചിരിച്ചാൽ കാര്യം മനസ്സിലാക്കാം; എന്നാൽ ഇവിടെ നോക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നവളുടെ നെറ്റിയുടെ മുകളിൽ,,, സീമന്തരേഖയിൽ,,, സിന്ദൂരം വിതരി ചോരയൊലിപ്പിച്ചത് പോലെ ആക്കിയിട്ടുണ്ട്. പോരാത്തതിന് ആനച്ചങ്ങല പോലത്തെ താലിചെയിനും. ഇതെല്ലാം പൊതുജനത്തെ കാണിക്കുന്ന ഇവൾ മറ്റൊരുത്തനെ നോക്കുന്നത് എന്തിനായിരിക്കും? മതിലും വേലിയും ഉള്ള വീട്ടിലെ കൊച്ചെന്തിന് വെളിയിലേക്ക് നോക്കുന്നു?

പെട്ടെന്ന് ആ യുവതി ഉച്ചത്തിൽ വിളിച്ചുകൂവി,
“ചെരിപ്പ്,, ചെരിപ്പ്”
അതോടൊപ്പം തൊട്ടടുത്തിരിക്കുന്ന അമ്മച്ചിയുടെ ഒച്ച ഉയർന്നു,
“ബസ് നിർത്ത്, നിർത്തിയാട്ടെ”
പെട്ടെന്ന് ബസ് നിന്നു, ഒച്ചകേട്ട ഭാഗത്ത് എല്ലാവരും എത്തിനോക്കി. അവിടെ അവൾ എഴുന്നേറ്റ്‌നിന്ന് എല്ലാവരും കാൺകെ ഒരു ചെരിപ്പ് ഉയർത്തിപിടിച്ച് കൂവുകയാണ്,
“ചെരിപ്പ് കിട്ടിയേ,, എന്നെ ചവിട്ടിയവന്റെ ചെരിപ്പ് കിട്ടി,, ഇതാ ഒരു ചെരിപ്പ്”
തുടർന്ന് അവളുടെ അമ്മയോട് പറയാൻ തുടങ്ങി,
“ഇത്രയും നേരം എന്റെ കാല് ചൊറിഞ്ഞവന്റെ ചെരിപ്പാണ് ഇത്”

                           തൊട്ടുമുന്നിലെ ടാങ്കർ ലോറിയെ ഓവർ‌ടെയ്ക്ക് ചെയ്യാൻ പരിശ്രമിക്കുന്ന ബസ്‌ഡ്രൈവർ ഇതിനിടയിൽ ആ പരിശ്രമം മതിയാക്കി ആളുകൾ ഒഴിഞ്ഞ, കടകളൊന്നും ഇല്ലാത്ത ഇടത്ത് ഇടതുവശത്തായി പതുക്കെ ബസ് നിർത്തി. അപ്പോഴേക്കും യാത്രക്കാരായ പൊതുജനങ്ങൾക്കിടയിലെ പുരുഷസഹോദരങ്ങൾ ഒന്നിച്ച് ഒച്ചകേട്ട ഭാഗത്ത് തടിച്ചുകൂടിയപ്പോൾ അവൾ പൊടിപ്പും തൊങ്ങൽ‌സും വെച്ച് ചെരിപ്പ് വിശേഷം നമ്മുടെ ക്ലാർക്കിനെ ചൂണ്ടിക്കാട്ടിയിട്ട് വിളമ്പുകയാണ്.
“ഇതാ ഇവനാണ് എന്നെ കാലുകൊണ്ട് ചൊറിഞ്ഞത്, കണ്ണൂരിൽ നിന്നേ ഇയാൾ തൊടങ്ങിയതാ”
അതുവരെ കേരളത്തിലെ എല്ലാ ബസ്സുകളിലും ഉണ്ടായ പീഡനകഥകൾ പറഞ്ഞ് അതിനെല്ലാം കാരണം നമ്മുടെ സ്ക്കൂളിലെ ക്ലാർക്കിന്റെ തലയിൽ വന്നുവീഴാൻ തുടങ്ങി. അഭിപ്രായങ്ങൽ പെരുമഴയായി വന്നു,,,
“നമുക്കുവനെ പോലീസ് സ്റ്റേഷനിൽ എത്തിക്കാം”
“വേണ്ട, ഇവനെ ഇവിടെവെച്ച് തന്നെ കൈകാര്യം ചെയ്യാം”
“അതൊന്നും വേണ്ട പെങ്ങള് ആ ചെരിപ്പുകൊണ്ട് ഇവന്റെ മുഖത്ത് അടിച്ചാൽ മതി”
                         ആ നേരത്ത് സ്ത്രീകളുടെ ചുറ്റും നിന്നവരെ വകഞ്ഞുമാറ്റിയിട്ട് പിന്നിലിരുന്ന രണ്ടുപേർ മുന്നിൽ‌വന്നു. അവരെ കണ്ടപ്പോൾ അവളുടെ ആവേശം വീണ്ടും ഉയർന്നു,
“ഏട്ടാ ഇയാളെ വെറുതെ വിടരുത്”
അയാൾ മറ്റുള്ളവരെ നോക്കിയിട്ട് പറഞ്ഞു,
“ഇക്കാര്യം നമ്മൾ കൈകാര്യം ചെയ്തുകൊള്ളും. ഞാനിവളുടെ ഏട്ടനാണ്, പിന്നെ ഇത് ഇവളുടെ ഭർത്താവാണ്”
                     
                     യാത്രക്കാരിക്ക് ഭർത്താവും സഹോദരനും ഉണ്ടെന്നറിഞ്ഞതോടെ മറ്റുള്ളവർ ഡയലോഗ് നിർത്തിയിട്ട്, ലൈവായി ഒരു സ്റ്റണ്ട് കാണാനുള്ള കൊതിയോടെ അനുസരണ കുട്ടപ്പന്മാനും കുട്ടപ്പിമാരുമായി മാറി. മറ്റുള്ളവരുടെ ബഹളത്തിനിടയിലും കൈയിലുള്ള പണം ശ്രദ്ധിച്ചുകൊണ്ട് മിണ്ടാതിരിക്കുന്ന ക്ലാർക്കിനോട് കൂട്ടത്തിൽ തടിയൻ ചോദിച്ചു,
“മാന്യന്മാരുടെ വേഷം ധരിച്ച നീയെന്തിനാടാ ചെരിപ്പുകൊണ്ട് എന്റെ ഭാര്യയെ തോണ്ടാൻ പോയത്?”
അതുവരെ ഒരക്ഷരവും മിണ്ടാതിരുന്ന അദ്ദേഹം പെട്ടെന്നെഴുന്നേറ്റ് എല്ലാവരും കേൾക്കെ പറഞ്ഞു,
“താനെന്താടോ പറഞ്ഞത്,,, ഈ ചെരിപ്പ് എന്റേതോ? കാലിൽ ആയിരത്തി ഇരുന്നൂറിന്റെ ഷൂ ഇട്ട് മാത്രം ഓഫീസിൽ പോവുന്ന എന്റെ കാലിലെങ്ങനെയാടാ ചെരിപ്പ്?”
                     എല്ലാവരുടേയും നോട്ടം താഴോട്ടിറങ്ങിയിട്ട് അദ്ദേഹത്തിന്റെ കാലിലേക്കായി, അവിടെ രണ്ട് കാലിലും കറുത്ത് മിന്നുന്ന ഷൂസ് കണ്ടപ്പോൾ അതുവരെ അലറിവിളിച്ച യുവതിയടക്കം നിശബ്ദമായി. അപ്പോൾ ഏട്ടൻ പറഞ്ഞു,
“അളിയാ ഒരു ചെരിപ്പ് ഉള്ളത് ഇയാളുടേതല്ലല്ലൊ. പിന്നെ ഇതിന്റെ ജോഡി ആരുടെ കാലിലാണ്?”
അതുവരെ അങ്കം നോക്കി രസിച്ചങ്ങനെ തൊട്ടടുത്ത് ഇരിക്കുന്ന സ്ക്കൂൾ വിദ്യാർത്ഥിയുടെ കാലിലേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞു. അവന് രണ്ട് കാലുകളും ഉണ്ട്; എന്നാൽ ചെരിപ്പ് ഒന്നുമാത്രം.
“ചൊറിഞ്ഞത് ഇവൻ തന്നെ ഇനി ഇവന്റെ ചൊറിച്ചിൽ നമ്മൾ മാറ്റിക്കൊള്ളം. ഇവനെ ഞങ്ങൾ കൊണ്ടുപോവുകയാ,, ബസ്  വിട്ടോ?”
                      അതുവരെ പ്രതിയാക്കപ്പെട്ട നമ്മുടെ ക്ലാർക്കിനോട് രണ്ടുപേരും മാപ്പ് പറഞ്ഞശേഷം സ്ക്കൂൾ വിദ്യാർത്ഥിയായ ആ ചെറുപ്പക്കാരന്റെ ഓരോ കൈയും പിടിച്ച് ബസ്സിന്റെ ഏറ്റവും പിന്നിലുള്ള സീറ്റിൽ ഇരുത്തിയിട്ട്, അവന്റെ ഇരുവശത്തും ചെരിപ്പ് കിട്ടിയ യുവതിയുടെ ഏട്ടനും കെട്ടിയവനും ഇരുന്നു. അതിൽ ഒരാൾ അവനോട് ചോദിച്ചു,
“മോനേ നിന്റെ പേരെന്താ?”
……..
“അളിയാ ഇവൻ മിണ്ടില്ല, അതൊക്കെ നമുക്ക് നോക്കാം” അയാൾ പയ്യന്റെ എല്ലാ പുസ്തകവും പിടിച്ചുവാങ്ങിയിട്ട് അതിലൊന്ന് തുറന്ന് വായിച്ചു,
“ശ്രീകുമാർ,, മോനേ ശ്രീ കുമാരാ നീയെന്തിനാ,, പഠിക്കാൻ പോന്നത്?”
അതോടൊപ്പം പേജുകൾ ഒരോന്നായി കീറി എറിയാൻ തുടങ്ങി.
അങ്ങനെ ഓരോ പുസ്തകവും തുറന്ന് ഓരോ പേജുകളായി കീറി എറിയുമ്പോഴെല്ലാം അവർ കോറസ്സായി പറഞ്ഞു,
“മോനേ നീ എന്തിനാടാ,,, പഠിക്കാ‍ൻ പോന്നത്?”
             പണം മുറുകെപിടിച്ചുകൊണ്ട് നമ്മുടെക്ലാർക്ക് ഹൈസ്ക്കൂൾ സ്റ്റോപ്പിൽ  ഇറങ്ങുമ്പോഴും ബസ്സിന്റെ പിൻ‌സീറ്റിലിരുന്ന് അളിയന്മാർ പേജുകൾ ഒരോന്നായി കീറി എറിയുന്നുണ്ടായിരുന്നു. ഒപ്പം വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്നു,
“മോനേ ശ്രീ കുമാരാ,,, നീ, എന്തിനാ,,,, പഠിക്കാൻ പോന്നത്?”