17.9.13

ഇത് അവരുടെ വീട്; നമ്മുടേതും!!!


                                 എല്ലാ ദിവസവും എന്നെക്കാൾ മുന്നിൽ തിരക്കിട്ട് ഓടിപ്പോവുന്ന നാണിയമ്മ, നേരാം‌വണ്ണം വർത്താനം പറഞ്ഞത് ഇന്നു വൈകിട്ടാണ്. സ്ക്കൂളിൽനിന്നും വീട്ടിലേക്ക് വരുന്നവഴി ബസ്സിറങ്ങിയപ്പോൾ എന്റെ പിന്നാലെ ഇറങ്ങിവന്ന നാണിയമ്മ ആനേരത്ത് ഒരു തിരക്കും കാണിച്ചില്ല. ഒപ്പം നടന്നെത്തിയ അവർ ചോദിച്ചു,
“ടീച്ചറ് ഈനേരത്താണോ എപ്പളും വെരുന്നത്?”
“ഓ, നാണിയമ്മയോ; ഇന്നെങ്ങോട്ടാ ബസ്സിൽ പോയത്?”
“അന്റെ മൂത്തമോളെ പുരുവന്റെ എളേ പെങ്ങള് ആസ്പത്രീലാ,, ഓളെക്കാണാൻ പോയതാ”
“ഓൾക്കെന്ത് പറ്റി?”
“ഓക്കൊന്നും പറ്റീട്ടില്ല, നിർത്താൻ പോയതാ”
“നിർത്താനോ?”
“നിർത്താൻ തന്നെ, നാല് ആണിനെ പെറ്റ്‌കയിഞ്ഞപ്പം ഓള് നിർത്തി. ഒരു പെണ്ണിനെ കിട്ടൂന്ന് വിചാരിച്ച് ഇത്രേം കാത്തിരുന്നു”
“അത് നന്നായി, ഇനി അടുത്തതും ആണാണെങ്കിലോ?”
“അങ്ങനെത്തന്നെയാ ഞാമ്പറഞ്ഞത്; പിന്നെ,, ടീച്ചറെക്കാണുമ്പം ഞാനെപ്പളും ചോയിക്കണോന്ന് വിചാരിച്ചതാ, നിങ്ങക്കാടന്ന് കൊറച്ച് നേരത്തെ എറങ്ങിക്കൂടെ?”
“അതെങ്ങനാ നാണിയമ്മെ; നാല്‌മണിക്ക് ബെല്ലടിച്ച് സ്ക്കൂൾ വിട്ടാലല്ലാതെ അനക്ക് എറങ്ങാൻ‌കയിയോ?”
“ന്നാലും ‘വീട്ടിലാരും ഇല്ല, കൊറേ ദൂരേന്നാ വരുന്നൂന്ന്’ പറഞ്ഞാല് ഓറ് നിങ്ങളെ നേരത്തെ വ്‌ടൂല്ലെ”
“അതിപ്പം എന്റെ പണിയൊക്കെ ഞാന്തന്നെ ചെയ്യണ്ടെ, പിന്നെ വീട്ടിലാണെങ്കിൽ നിങ്ങളെപോലെ ഒരാളെ സഹായത്തിന് കിട്ടിയാൽ മതിയായിരുന്നു”

                     അവരുമായിട്ടുള്ള സംഭാഷണം നീണ്ടുപോകാൻ ഞാനാഗ്രഹിച്ചു. രാവിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ പലപ്പോഴും കണികാണുന്നത് നാണിയമ്മയെ ആയിരിക്കും. എന്റെ പിന്നിലാണെങ്കിൽ വേഗത്തിൽ നടന്ന് മുന്നിലെത്തിയിട്ട് രണ്ട് വീട് അകലെയുള്ള വില്ലേജ് ഓഫീസറുടെ വീടിന്റെ ഗെയിറ്റ് തുറക്കുമ്പോൾ പറയും, ‘ടീച്ചറെ നേരം വയീപ്പോയ്, ഞാമ്പരുന്നേ’ എന്ന്‌. ഒപ്പം ഗെയിറ്റടച്ച് കൊളുത്തിട്ടശേഷം മന്ത്രിമന്ദിരങ്ങളിൽ സരിത കയറിപോവുന്നതുപോലെ നേരെ അവരങ്ങോട്ട് നടക്കുന്നത് കാണാം. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത കാണിക്കുന്ന ഒരു വീട്ടുവേലക്കാരി നാണിയമ്മ മാത്രമായിരിക്കും. ഇതുപോലുള്ള ഒരു വേലക്കാരി എന്റെ വീട്ടിൽ ഉണ്ടായാൽ എത്ര നന്നായിരിക്കും! പറ്റുമെങ്കിൽ അവരെയൊന്ന് സോപ്പിട്ട് എന്റെ വീട്ടിൽ ജോലിക്ക് നിർത്തിയാൽ പ്രായമായ അമ്മക്ക് ഒരു സഹായവും ആവും. പെൻഷൻ‌പറ്റി വീട്ടിലിരിക്കാൻ പോകുന്ന വില്ലേജ് ഓഫീസറുടെ വീട്ടിൽ നിന്ന് കൊടുക്കുന്നതിലും കൂടുതൽ കൂലി കൊടുത്താലും നഷ്ടംവരില്ല.

ഇപ്പോഴാണെങ്കിൽ നാണിയമ്മക്ക് തിരക്കില്ല, നല്ല സമയം; ഞാൻ പതുക്കെ ചോദിച്ചു,
“നാണിയമ്മക്ക് വൈകുന്നേരം വരെ വില്ലേജ് ഓഫീസറുടെ വീട്ടിൽ ജോലിയുണ്ടോ?”
“ഓ ആട‌യെനക്ക് അഞ്ച് മണിവരെ പണീണ്ടാകും, ചെലപ്പം ആറുമണിയാകും. അന്റെ വീട്ടില് എളേമോളുള്ളതുകൊണ്ട് നേരംവൈയ്യാലും കൊയപ്പൊല്ല”
“അവിടെന്ന് ശമ്പളമായിട്ട് കൊറേ പൈസ തരാറുണ്ടോ?”
                  എനിക്ക് അതാണ് അറിയേണ്ടത്, എന്റെവീട്ടിൽ ജോലിക്ക് വന്നാൽ അതിൽ കൂടുതൽ തരാമെന്ന് പറയണം. എന്നിട്ട് പതുക്കെ, പതുക്കെ അവരെ ആ വില്ലേജ് ഓഫീസറുടെ വീട്ടിൽ‌നിന്ന്, അടർത്തിയെടുക്കണം. അവർ‌പറഞ്ഞ മറുപടി കേട്ട് എനിക്ക് സന്തോഷം വന്നു.
“അനക്ക് ശമ്പളായിട്ട് ആപ്പീസർ ആയിരംരൂപ തെരും”
“വെറും ആയിരം രൂപയോ? ഇക്കാലത്ത് ദിവസക്കൂലിയായിട്ട് ഒരാൾക്ക് അഞ്ഞൂറ് രൂപ കൊടുക്കേണ്ടി വരാറുണ്ടല്ലൊ”
“മൂന്നാല് കൊല്ലം മുൻപെ തീരുമാനിച്ച ആയിരം തന്നെയാ ഇപ്പൊം അവറ് തെരുന്നത്, പക്ഷെ,,,”
“അടുക്കളപണിക്ക് മാസത്തിൽ അയ്യായിരമൊക്കെ വാങ്ങുന്നവരുണ്ടല്ലൊ, അങ്ങനാണെങ്കിൽ നാണിയമ്മക്ക് എന്റെ വീട്ടില് വരാമോ? ഇതിന്റെ ഇരട്ടി പണംതരാം”
“ദൈവം തമ്പുരാൻ എറങ്ങിവന്ന് സ്വർണ്ണം തരാന്ന്‌പറഞ്ഞാലും ഞാനാടത്തെ പണി ബിടൂല്ല”
“അതെന്താ അങ്ങനെ പറയുന്നത്? നിങ്ങൾക്ക് ഇപ്പോൾ ഒരുദിവസം കിട്ടുന്നത് വെറും 33 രൂപയായിരിക്കും. എന്റെ വീട്ടിൽ വരികയാണെങ്കിൽ ദിവസം നൂറ് രൂപവെച്ച് തരാം”
“അയ്യോ ടീച്ചറെ അത് ശമ്പളം ആയിരമാണെങ്കിലും അനക്ക് അഞ്ചാറായിരത്തിനടുത്ത് ഒരു മാസം കിട്ടും. ചെലപ്പൊ പത്തായിരം വരെകിട്ടും?”

                      അതൊരു പുതിയ അറിവാണല്ലൊ, ആയിരം രൂപ ശമ്പളം വാങ്ങുന്ന അടുക്കളക്കാരിക്ക് കിമ്പളം ചേർത്ത് പത്തായിരം. അതും എല്ലാ ചെലവും കഴിച്ച്; പ്രായമൊത്തിരി ആയെങ്കിലും!!!
വെറുതെയല്ല എന്നുംരാവിലെ ഓഫീസറുടെ വീട്ടിലേക്ക് ഓടിപ്പോവുന്നത്.

എനിക്ക് സംശയം കൂടിവന്നു,
“അത് നാണിയമ്മെ പത്തായിരം ആരാണ് തരുന്നത്?”
“എന്റെ ടീച്ചറെ, ആപ്പീസറുടെ ഭാര്യ ലീല ഒന്നാം തീയതി എല്ലാരും‌കാണെ തെരുന്നത് അയാള്‌കൊടുത്ത ആയിരം, പിന്നെ മറ്റാരും കാണാതെ നൂറും ഇരുന്നൂറും എടക്കിടെ തെരും”
“അപ്പൊ അതെങ്ങനെ പത്തായിരമാവും?”
“അത് അനക്ക് പണം തെരുന്നത് അവര് മാത്രമല്ല, ചെലപ്പൊ വെഷമം പറഞ്ഞാല് ആപ്പീസറ് തന്നെ ആയിരമോ അഞ്ഞൂറോ കീശേന്നെടുത്ത് മറ്റാരും അറിയാതെ തെരും. പിന്നെ കുപ്പായം അലക്കി ഇസ്ത്രിയിട്ട് കൊടുക്കുന്നതുകൊണ്ട് എഞ്ചിനീയറായ മോൻ ആ ദിവസംതെരും അയിമ്പതും നൂറും. കുട്ട്യോളെ നോക്കുന്നകൊണ്ട് ഓന്റോള് ഡോക്റ്ററ് ആരും‌കാണാതെ രണ്ടായിരം തെരും, മാസത്തിൽ. പിന്നെ ഓറെ മോള് പുരുവന്റൊപ്പരം വന്നാല് അനക്ക് കോളാണ്, ഇഷ്ടം‌പോലെ പണോം തുണീം തെരും”
“അതൊക്കെ ലീലേച്ചി അറിയാറുണ്ടോ?”
“ആ‍രറിയാനാണ് ടീച്ചറേ,, അവറ് അന്യോന്യം മിണ്ടിയിട്ട്‌വേണ്ടെ അറിയാൻ!! അനക്കാട പോയാല് പണിയൊന്നും ഇല്ല; അന്നാലും ഞാമ്പോകാതെ ആടയൊന്നും നടക്കൂല്ല. രാവിലെത്തന്നെ ചായെം ദോശേം കൂട്ടാനുമൊക്കെ അവരുണ്ടാക്കും. എന്നിട്ടെന്താ,, ഞാമ്പന്നാലെ നേരാം‌വണ്ണം മറ്റുള്ളാൾക്ക് തിന്നാൻ‌കിട്ടൂള്ളു”
“അതെന്താ നാണിയമ്മക്കാണോ വിളമ്പാനുള്ള ചാർജ്ജ്?”
“ഓ, വിളമ്പുന്നതൊക്കെ അവറ് തന്നെയാ,, ചോറ്റുങ്കലമൊന്നും അന്നെക്കൊണ്ട് തൊടീക്കില്ല”
“പിന്നെ നിങ്ങളുടെ ഡ്യൂട്ടി?”
“അന്റെ പണിയോ? ആപ്പീസർ കുപ്പായമൊക്കെ ഇട്ട് പൊറപ്പെട്ടാൽ അടുക്കളെ നോക്കി പറയും, ‘ചായ ആയിനെങ്കിൽ കൊണ്ടാ’ എന്ന്. അന്നേരം അയാളെ ഓള് ചായെം‌കടിയും എട്‌ത്ത് മേശപ്പൊറത്ത് വെച്ചിട്ട് അന്നോട് പറയും, ‘ചായയായിന്‌ന്ന് ഓറോട് പറ’ എന്ന്”
“അതെന്ത,, അങ്ങിനെ?”
“ഓറ് നേരിട്ട് മിണ്ടാറില്ല, അതുകൊണ്ട് ഞാമ്പറയും, ‘സാറിന് കഴിക്കാനുള്ള ചായയും ദോശയും കറിം മേശപ്പൊറത്ത് വെച്ചിട്ട്‌ണ്ട്’ന്ന്. സാറ് ചായകുടിക്കുന്നേരം എന്തെങ്കിലും വേണെങ്കിൽ അന്നോട് പറയും”
“പിന്നെ?”
“പിന്നെ ഓപ്പീസിൽ പൊറപ്പെടാൻ‌നേരത്ത് അയാള് ചോയിക്കും ‘വീട്ടിലെക്കെന്തെങ്കിലും വാങ്ങാനുണ്ടോ?’ന്ന്. അപ്പൊ ഞാനത് ഓളോട് പറഞ്ഞാൽ ഓള് അടുക്കളേൽ വാങ്ങണ്ട സാധനത്തിന്റെ ലിസ്റ്റ് തരും. അത്‌ഞാൻ സാറിന് കൊടുക്കും, അങ്ങനെയാ ആ വിട്ടിലെക്കാര്യം”
“അപ്പോൾ അവരുടെ മക്കൾ; അവരും മിണ്ടാറില്ലെ?”
“മോനും മോന്റോളും ആണെങ്കിൽ ഈച്ചേം വെല്ലോം പോലെയാ, എപ്പളും ഒന്നിച്ചെ കാണൂ; അവരെ ഒരു മോളുണ്ട്, ഒരു സുന്ദരിക്കുട്ടി,, അയിനെ അക്കൂട്ടറ് രണ്ടാളും നെലത്ത് വെക്കൂല,,”
“അവരൊന്നും അച്ഛനോടും അമ്മയോടും മിണ്ടാറില്ലെ?”
“ഓറ് മിണ്ടാൻ‌പോയിട്ട് അവരെ നോക്കാൻ‌പോലും കിട്ടാറില്ല. പണികയിഞ്ഞ് വന്നാല് എപ്പളും മുറിയടച്ച് രണ്ടാളും ആത്തിരിക്കും. എടക്ക് മുറിതൊറന്ന് ഓളോ ഓനോ അന്നെ വിളിക്കും, ‘നാണിയമ്മെ ചായയായോ, ചോറായോ എന്ന് ചോയിക്ക്’ന്ന്. ഞാനത് അടുക്കളെ ചോയിച്ചിട്ട് അവരോട് തിന്നാനും കുടിക്കാനും പറയും. രണ്ടാളും വന്നിരുന്ന് തിന്നുമ്പം എന്തെങ്കിലും അധികം മേണെങ്കിൽ അന്നോട് പറയും, ‘ചായക്ക് മധുരം പോരാ’, കൂട്ടാനിൽ ഉപ്പ് അധികം’ എന്നൊക്കെ. അതാണ് ആടത്തെക്കാര്യം”

അല്പസമയം നടന്നുകഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ചോദിച്ചു,
“അപ്പോൾ ലീലേച്ചിയുടെ മകൾ വന്നാലോ? അവൾ മറ്റുള്ളവരോട് മിണ്ടൂല്ലെ?”
“ഓളെ മോളോ? ഓളാണാടത്തെ കൊയപ്പം അധികാക്ക്ന്ന്; ഓള് വന്നാൽ തൊടങ്ങും കുറ്റം പറച്ചില്. ‘അമ്മക്ക് വൃത്തിയില്ല, അച്ചന് ഡീസെന്റില്ല, എണങ്ങത്തി അഹങ്കാരിയാണ്’ എന്നൊക്കെ പറഞ്ഞിട്ട് വന്ന്‌പോകുന്നത്‌വരെ ആട കലമ്പും കൂട്ടോം ആയിരിക്കും. പിന്നെ ഓളെ പുരുവനുണ്ട് ഒരുത്തൻ; അയാള് വന്നാല്,,,”
“അയാളും കുഴപ്പക്കാരനാണോ?”
“അയാള് പാവം, അക്കൂട്ടറെ കുടുംബത്തിലുള്ളോനല്ലെങ്കിലും കേരിവന്ന ഓനൊരുത്തൻ മാത്രാ നല്ലോനായിട്ട് ആടെഒള്ളത്. എല്ലാറോടും ചിരിക്കേം കളിക്കേം വർത്താനംപറേം ഒക്കെചെയ്യും. പക്ഷെ ഇതൊന്നും ഓന്റോക്ക് ഇഷ്ടെല്ല. ഓന് അന്നെ ബെല്ല്യകാര്യാണ്”
“അയാള് വിചാരിച്ചാൽ അവരെയെല്ലാം യോജിപ്പിച്ച് നന്നാക്കിക്കൂടെ?”

“ആർക്ക് നന്നാവണം ടീച്ചറെ,,, ഓർക്കെല്ലാം അന്യോന്യം കലമ്പാനല്ലാതെ മറ്റെന്തിനാ നേരം? കലമ്പാനില്ലാത്ത നേരത്ത് ഓറെല്ലാം മിണ്ടാതിരിക്ക്ന്ന്”
“അപ്പോൾ ആ വീട്ടിൽ‌പോയാൽ നാണിയമ്മക്ക്  പണിയൊന്നും എടുക്കേണ്ട, അല്ലെ?”
“ഇപ്പൊ ആടപ്പോയാല് അനക്ക് പണിയൊന്നും എട്‌ക്കേണ്ട, ആടെന്ന് ഞാനേടിയും പോകൂല്ല; അനക്ക് ഇഷ്ടം‌പോലെ പണം കിട്ടും”
"എന്നാലും അവരിങ്ങനെ വല്യ ഓഫീസറും ഡോക്റ്ററും എഞ്ചിനീയറും ഒക്കെ ആയിട്ട്”
“അതാണ് അവരുടെ വീട്, അങ്ങനെയാണ് അവരുടെ കാര്യങ്ങൾ”
നാണിയമ്മ സന്തോഷത്തോടെ നടന്നുനീങ്ങിയപ്പോൾ ഞാൻ സ്വയം പറഞ്ഞു,
‘ഇത് അവരുടെ വീട് മാത്രമല്ല; നമ്മുടേതും കൂടിയാണ്’

24.8.13

കുത്തും കൊമയും ചേർന്ന മൌണ്ട് എവറസ്റ്റ്



                         അനിക്കുട്ടൻ ജി.കെ. എന്നറിയപ്പെടുന്ന ജെനറൽ നോളിഡ്ജ് പഠിക്കുകയാണ്. ഒന്നാം തരത്തിലെ ജികെ. മിസ്സ് എഴുതിക്കൊടുത്ത നോട്ട് അതേപടി പറഞ്ഞ് പഠിക്കുന്നതാണ് അവന്റെ ശീലം. മൂന്നാം തവണയും അവൻ ഒരേ വാക്ക് ആവർത്തിച്ചു,
“ടോളസ്റ്റ് മൌണ്ടൻ ഇൻ ദ വേൾഡ് ഈസ് എവറസ്റ്റ്; ഇറ്റ്സ് ഹൈറ്റ് ഈസ്, എയിറ്റ് പോയിന്റ് എയിറ്റ് ഫോർ റ്റു മീറ്റർ”
                            അനിക്കുട്ടൻ പറയുന്ന എവറസ്റ്റിന്റെ ഉയരം കേട്ട് മുത്തച്ഛൻ ആശ്ചര്യപ്പെട്ടു. അദ്ദേഹം ഒന്നുകൂടി ശ്രദ്ധിച്ചു, പിന്നെ വീണ്ടും ആശ്ചര്യപ്പെട്ടു, ‘കാലം പോയ പോക്കെ,, ഭൂമിയിൽ ഏറ്റവും ഉയരം‌കൂടിയത് എന്ന് അഹങ്കരിച്ച എവറസ്റ്റിന് ഇങ്ങനെയൊരു ഗതി വന്നല്ലൊ, മൊത്തത്തിൽ ഇടിച്ചുനിരത്തി കരിങ്കൽ പീസുകളാക്കി ക്രഷർ,,,ക്വാറി മൊതലാളിമാർ അപ്പാടെ വിറ്റു കാശാക്കിയിരിക്കും!!!’, അദ്ദേഹം ചോദിച്ചു,
“മോനെ അനിക്കുട്ടാ എവറസ്റ്റ് എങ്ങനെയാ ചെറുതായിപോയത്”
“എവറസ്റ്റ് ചെറുതല്ല,, ഇമ്മിണി ബല്യ മൌണ്ടനാ,, നമ്മുടെ തൊട്ടപ്രത്തെ എയർ‌ടെൽ ടവറിനെക്കാൾ ആയിരം ഇരട്ടി ഹൈറ്റാണ്”
മുത്തച്ഛന്റെ സംശയം എയർ‌ടെലും ബി.എസ്.എൻ.എല്ലും ഐഡിയയും കടന്ന് വീണ്ടും ഉയരാൻ തുടങ്ങി, ‘ഈ ടവറൊക്കെ എട്ട് മീറ്ററിനെക്കാളും എത്രയോ അധികമാണല്ലൊ!’, അദ്ദേഹം വീണ്ടും ചോദിച്ചു,
“അനിക്കുട്ടാ നീ പുസ്തകത്തിൽ എഴുതിയതാണോ വായിക്കുന്നത്?”
“ഗ്രാന്റ്പാ,, ഇത് ടെൿസ്റ്റ് ബുക്കിലുള്ളത് ജികെ. മിസ്സ് നോട്ടിൽ എഴുതിതന്നതാ,,, അതെന്താ മുത്തച്ഛനൊരു ഡൌട്ട്?”
“മോനാ പുസ്തകം ഒന്ന് തുറന്ന് കാണിച്ചെ?”
അനിക്കുട്ടന്റെ വായിക്കുന്ന പുസ്തകം നോക്കിയ മുത്തച്ഛൻ വീണ്ടും ഒന്ന് ഞെട്ടി,,
അനിക്കുട്ടൻ പറഞ്ഞത് അപ്പടി ശരിയാണ്; 8.842 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയതാ അവന്റെ നോട്ടുബുക്കിൽ; അക്കത്തിൽ എഴുതിയത് അനിക്കുട്ടൻ വായിക്കുന്നതാണ് ഇത്രനേരവും മുത്തച്ഛൻ കേട്ടത്. അപ്പോൾ നോട്ട് പകർത്തി എഴുതിയത് തെറ്റിയതാവാം,
“മോനേ എവറസ്റ്റ് എന്ന് പറഞ്ഞാൽ വളരെ വലുതാണ്, എന്നാൽ നിന്റെ നോട്ടിൽ എഴുതിയത് വെറും എട്ട് മീറ്റർ എന്നാണ്. ഇതിപ്പം നമ്മുടെ വീടിനെക്കാളും ഉയരം കുറവാണല്ലൊ. നോട്ട് പകർത്തി എഴുതുമ്പം തെറ്റിയതായിരിക്കും”
“അത് മുത്തച്ഛാ മിസ്സ് ബോർഡിലെഴുതിയത് അതേപടി ഞാൻ പകർത്തിയതാണ്. അന്റെ മിസ്സിനെല്ലാം അറിയാം“
“എന്നാലും ഈ തെറ്റ് മോനെന്തിനാ പഠിക്കുന്നത്? മുത്തച്ഛൻ തിരുത്തിത്തരാം”
പുസ്തകത്തിലെ പോയിന്റ് തടഞ്ഞ് എഴുതിയിട്ട് പറഞ്ഞുകൊടുത്തു,
“ടോളസ്റ്റ് മൌണ്ടൻ ഇൻ ദ വേൾഡ് ഈസ് ദി എവറസ്റ്റ്; ഇറ്റ്സ് ഹൈറ്റ് ഈസ്, എയിറ്റ് തൌസന്റ് എയിറ്റ് ഹൺ‌ട്രഡ് ആന്റ് ഫോർട്ടിറ്റു മീറ്റേർസ്”
മുത്തച്ഛന്റെ ഇടപെടൽ കാരണം പെട്ടെന്ന് എവറസ്റ്റിന്റെ ഉയരം കൂടി; അനിക്കുട്ടൻ ബൈഹാർട്ട് പഠിക്കാൻ തുടങ്ങി. ആറാമത്തെ തവണയും ഉരുവിട്ടപ്പോൾ അവന്റെ മനസ്സിലെ എവറസ്റ്റ് ശരിയായ ഉയരത്തിൽ നിവർന്നുനിന്നു.

                      പിറ്റേദിവസം സ്ക്കൂൾ വിട്ട് വന്ന നിമിഷം അനിക്കുട്ടൻ മുത്തച്ഛന്റെ മുന്നിലെത്തി പരാതി പറയാൻ തുടങ്ങി,
“മുത്തച്ഛാ മിസ്സ് പറഞ്ഞു മുത്തച്ഛനൊന്നും അറിയില്ലാന്ന്, മുത്തച്ഛനെഴുതിയത് തിരുത്തിയിട്ട് മിസ്സ് ശരിയാക്കി തന്നു, നോക്കിയാട്ടെ”
അനിക്കുട്ടന്റെ നോട്ട് നോക്കിയ മുത്തച്ഛന് ദേഷ്യം വന്നു, അവന്റെ നോട്ടിലെ എവറസ്റ്റ് വീണ്ടും ചെറുതായിരിക്കുന്നു. ഇപ്പോഴെത്തെ ടീച്ചറുമാർക്കൊന്നും വിവരം ഇല്ലെ? ഇവളൊക്കെ ജോലി വാങ്ങാൻ മാത്രമല്ല പരീക്ഷ പാസ്സാവാനും കൈക്കൂലി കൊടുത്തിരിക്കും. അദ്ദേഹം അനിക്കുട്ടനോട് പറഞ്ഞു,
“മോന്റെ ടീച്ചർക്ക് അറിയാഞ്ഞിട്ടാണ്, മോൻ ചോദിക്കണം എവറസ്റ്റ് എങ്ങനെയാ എട്ട് മീറ്ററാവുന്നതെന്ന്?”
അദ്ദേഹം അനിക്കുട്ടന്റെ നോട്ട് വാങ്ങിയിട്ട് വീണ്ടും തിരുത്തൽ നടത്തി. എട്ട് മീറ്ററുള്ള എവറസ്റ്റിനെ എണ്ണായിരത്തി എണ്ണൂറ്റി നാല്പത്തിരണ്ട് മീറ്ററാക്കി മാറ്റി എഴുതിയിട്ട് പറഞ്ഞു,
“മുത്തച്ഛൻ പണ്ട് പട്ടാളത്തിലായപ്പം എവറസ്റ്റൊക്കെ കണ്ടിട്ടുണ്ടെന്ന് മിസ്സിനോട് പറയണം”
അനിക്കുട്ടൻ ആകെ കൺഫ്യൂഷനിലായി; സ്ക്കൂളിലെത്തിയാൽ എവറസ്റ്റ് ചെറുതാവുന്നു, വീട്ടിലെത്തിയാൽ എവറസ്റ്റ് വലുതാവുന്നു! ഏതായാലും മിസ്സിനോട് ഒന്നുകൂടി പറഞ്ഞുനോക്കാം.

                പിറ്റേന്ന് സ്ക്കൂൾ വിട്ട്‌വന്നപ്പോൾ അനിക്കുട്ടൻ മുത്തച്ഛനെ സമീപിച്ചത് നോട്ട്ബുക്കും ജി.കെ. ടെക്സ്റ്റ്ബുക്കും കൊണ്ടാണ്. വന്നപാടെ അവൻ പറഞ്ഞു,
“ഈ മുത്തച്ഛനൊന്നും അറിയില്ല, സില്ലി ഓൾഡ് മാൻ. മിസ്സ് പറഞ്ഞു ജി.കെ ടെൿസ്റ്റ് ബുക്കിൽ നോക്കാൻ. അതിലുണ്ട് മൌണ്ട് എവറസ്റ്റിന്റെ ഹൈറ്റ്, എയിറ്റ് പോയിന്റ് എയിറ്റ് ഫോർ റ്റൂ മീറ്റർ എന്ന്”
അനിക്കുട്ടൻ ടെൿസ്റ്റ് ബുക്ക് തുറന്ന് മുത്തച്ഛന്റെ കാണിച്ചു,
എവറസ്റ്റ് കൊടുമുടി 8.842 മീറ്റർ എന്ന് അച്ചടിച്ചത് കണ്ടപ്പോൾ മുത്തശ്ശൻ ആ അക്കങ്ങളെ തുറിച്ചുനോക്കി. അദ്ദേഹത്തിന് സംഗതി പിടികിട്ടി; എട്ട് കഴിഞ്ഞ് ഒരു കൊമയിട്ടത്ത് ‘8,842’ അല്പം ചെറുതായപ്പോൾ ജീ.കെ മിസ്സ് കുത്ത്‌ആക്കിമാറ്റി കുട്ടികളെ പഠിപ്പിച്ചതാണ്,,, 8.842,,,

22.6.13

അണ്ടർ…വെയർ?

മുൻ‌കുറിപ്പ്:
‘ശമ്പള പരിഷ്ക്കരണം, വിദ്യാലയ പരിഷ്ക്കരണം, സിലബസ് പരിഷ്ക്കരണം, പെൻഷൻ പ്രായപരിഷ്ക്കരണം’ തുടങ്ങിയ ആഘോഷങ്ങൾ ഘോഷമായി നടത്തിയിട്ട്, നമ്മുടെ വിദ്യാലയങ്ങളെ കൊളം‌കോരി കൊക്കൊളമാക്കിയശേഷം ചെളി നിറച്ച് താമര വിരിയിക്കാൻ പരിശ്രമിച്ച് പരാജയം അടയുന്നതിന് മുൻപുള്ള സുന്ദരമായ കാലത്ത് അരങ്ങേറിയ മഹാത്തായ സംഭവം ഇവിടെ വായിക്കാം.
>>>>>>>>>>>>>>>> 

ഈ കഥ(സംഭവം) നടക്കുന്നത് നാട്ടുകാരനായ മാനേജർ നിയമനം നടത്തുന്നതും സർക്കാർ ശമ്പളം കൊടുക്കുന്നതുമായ നാട്ടിൻ‌പുറത്തെ സാധാ അപ്പർ പ്രൈമറി സ്ക്കൂളിൽ വെച്ചാണ്.
                     ഒന്നു മുതൽ ഏഴാം തരം വരെ നാട്ടുകാരായ നാനാതരം വിദ്യാർത്ഥികളെ അക്ഷരം പഠിപ്പിച്ച് തലയിൽ വെളിച്ചം കടത്തുന്ന മഹത്തായ വിദ്യാലയത്തിൽ എട്ട് പത്ത് അദ്ധ്യാപികമാരുണ്ടെങ്കിലും അവർക്ക് തുണയായി ആകെമൊത്തം നാല് പുരുഷകേസരങ്ങളായ അദ്ധ്യാപകർ മാത്രമാണുള്ളത്; അതിലൊന്നാണ് ഹെഡ്‌മാസ്റ്ററായ കുഞ്ഞബ്ദുള്ള എന്ന ഉറുമ്പിനെപോലും ചൂരൽകാട്ടി പേടിപ്പിക്കുന്ന മഹാൻ. ഇവർക്കെല്ലാം മാസാമാസം മാസപ്പടി സർക്കാർ ഖജനാവിൽ നിന്ന് കിട്ടുമെങ്കിലും അവരെ സ്ക്കൂളിൽ ചേർത്ത് ഹാജർപട്ടികയിൽ ഒപ്പിടാൻ അനുവദിച്ചത് മാനേജർ എന്ന മഹാനാണ്. സ്വന്തമായൊരു സ്ക്കൂൾ ഉണ്ടെങ്കിലും അദ്ധ്യാപകരെ ചേർത്തവകയിൽ മാനേജർക്ക് കാര്യമായൊന്നും കൈയിൽ തടയാത്ത കാലമാണ് അന്നത്തെ കാലം. വർഷാവർഷം കുട്ടികളുടെ തലയെണ്ണിയിട്ട് സർക്കാർ പണമായി നൽകുന്ന മെന്റെയിനൻസ് ഗ്രാന്റാണെങ്കിൽ ക്ലാസ്സ് മുറികൾ കെട്ടിമേയാനുള്ള തെങ്ങോല വാങ്ങാൻ‌പോലും തെകയില്ല.  

പെരുമഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു ദിവസം
                      ഓലമേഞ്ഞ ക്ലാസ്മുറികളിൽ ചോർച്ചയില്ലാത്ത ഇടത്ത് കസേരനീക്കി അതിലിരുന്ന് പഠിപ്പിച്ച് ഒരു ദിവസത്തെ കഠിനാദ്ധ്വാനത്തിന് ശേഷം ജയഹേ കേട്ടുകൊണ്ട് അദ്ധ്യാപികമാരായ മൂന്ന് മഹിളാമണികൾ വീട്ടിലേക്ക് പോവുകയാണ്. സ്ക്കൂളിന്റെ നടകയറിയിട്ട് തൊട്ടടുത്ത കുട്ടിരാമേട്ടന്റെ ചായക്കടയിൽ ഒന്നെത്തിനോക്കുകപോലും ചെയ്യാതെ നേരെ നടക്കുമ്പോൾ പതിവുപോലെ ചായക്കടയുടെ അട്ടത്തിന്റെ വരാന്തയിലിരുന്ന് പണിയെടുക്കുന്ന ബീഡിക്കാരിൽ ഏതോ ഒരുത്തൻ പറയുന്നത് കേട്ടു,
‘എടാ രാഘവാ ഇന്നെന്താ നിറം?’
‘കുമാരേട്ടാ രണ്ടെണ്ണം വെള്ള ഒന്ന് വെള്ളയിൽ പച്ചപ്പുള്ളികൾ’
അണ്ടർർ‌ർ,,, ഓവർർ‌ർ‌ർ?’
‘അണ്ടർ തന്നെയാ’

                    അദ്ധ്യാപികമാരെ കാണുമ്പോൾ ‘തലക്കുമുകളിൽ ഇരിക്കുന്നവർ’ അണ്ടറും ഓവറും നിറങ്ങളും വിളിച്ചുപറയുന്നത് കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറേയേറെയായെങ്കിലും കൂട്ടത്തിലാരും അങ്ങോട്ട് കടന്നുകയറി ചോദ്യം ചെയ്യാൻ ധൈര്യം കാട്ടിയിട്ടില്ല. അത് വെറും ബീഡിക്കാരല്ലെ, പത്ത് പതിനഞ്ച് ആണുങ്ങൾ ഇരുന്ന് ബീഡി തെരക്കുകയും കെട്ടുകയും ചെയ്യുന്നതിനിടയിൽ വല്ല തമാശ പറഞ്ഞാലും അതൊക്കെ കേൾക്കുന്നവർ ‘ഞാനൊന്നും കേട്ടില്ലേ, ഞാൻ മാവിലായിക്കാരനാണേ’ എന്ന് മനസ്സിൽ പറഞ്ഞ് നടക്കുന്നത്, ആരോഗ്യത്തിന് മാത്രമല്ല അദ്ധ്യാപികമാരുടെ മാന്യതക്കും നല്ലതാണ്, എന്ന് അവരവർ വിശ്വസിച്ചുപോരുന്ന കാലമാണ്.

എന്നാൽ അന്ന്,
കൂട്ടത്തിൽ കുട്ടിയായ മുപ്പത്തിയെട്ടുകാരി കന്യകാരത്നം സുശീലടീച്ചർക്ക് സർവ്വരാജ്യ തൊഴിലാളികളുടെ പറച്ചിൽ ഒട്ടും സഹിച്ചില്ല. അവർ മറ്റുള്ളവരോട് പറഞ്ഞു,
“അവന്മാരുടെ പറച്ചിൽ ഞാനിപ്പം നിർത്തും”
അതുകേട്ട് ഞെട്ടിയ ജാനകിടീച്ചറും ജയശ്രിടീച്ചറും ഒന്നിച്ച് പറഞ്ഞു
“വേണ്ട മോളേ വേണ്ടമോളേ; വേണ്ടാത്തതിന് പോണ്ടമോളേ”
                     അതോടെ വായാടച്ച് രണ്ടുകാലും‌നീട്ടി നടന്നുകൊണ്ട് വീട്ടിലെത്തിയ നമ്മുടെ സുശീലടീച്ചർ അമ്മ കൊടുത്ത കാപ്പിയും കിഴങ്ങും കഴിച്ചതിനുശേഷം അടുക്കള കടന്ന് ചായ്പ്പിലെത്തി സാരി മാറ്റി അയലിൽ ഇട്ട്, അടുക്കള യൂനിഫോമായ വെള്ളമുണ്ട് ഉടുക്കാൻ തൊടങ്ങിയപ്പോഴാണ്, അവർ ആദ്യമേ അഴിച്ചിട്ട അടിവസ്ത്രം കണ്ടത്,,,, 
വെള്ളയിൽ പച്ചപ്പുള്ളികൾ??????
അപ്പോൾ ഇത്?????

പിറ്റേദിവസം കൃത്യം പതിനൊന്നര,,,
                      ഇന്റർവെൽ നേരത്ത് അദ്ധ്യാപികമാരായ ഏതാനും മഹിളാമണികൾ മൂത്രമൊഴിക്കാനായി ബാത്ത്‌റൂമിലേക്ക് നടന്നു. ഏഴാം ക്ലാസ്സിന്റെ വരാന്തയിലൂടെ നടന്ന് മുറ്റത്തിറങ്ങി പീറ്റത്തെങ്ങിൽ‌നിന്ന് ഒണങ്ങിയ ഓലവീഴില്ലെന്ന് ഉറപ്പുവരുത്തിയിട്ട് തൈക്കുണ്ടിൽ വീഴാതെ, മാവിൻ‌ചോട്ടിലായിട്ട് നാലുവശത്തും ഓലകെട്ടിമറച്ച പരിസ്ഥിതി സൌഹൃത മൂത്രപ്പുരയിലേക്ക് നടന്ന്, ആദ്യം കയറിയത് സുശീലടീച്ചർ തന്നെ. തെരക്ക് കാരണം പെട്ടെന്ന് കർമ്മം നിർവ്വഹിച്ചിട്ട് വസ്ത്രളെളെല്ലാം നേരെയാക്കിയശേഷം നാല്‌ഭാഗത്തും നോക്കിയിട്ട് പിന്നെ അഞ്ചാം ഭാഗമായി മേലോട്ട് നോക്കി,,,
അപ്പോഴാണ് ടീച്ചർ ഞെട്ടിയത്,,
അവിടെ അതാ,,, കടയുടെ രണ്ടാം നിലയിലെ വരാന്തയിലിരുന്ന്.
തുറിച്ചുനോക്കുന്ന പത്ത് പതിനാറ് കണ്ണുകൾ!!!!!!!!
നിറങ്ങൾ കാണാൻ കൊതിക്കുന്ന കണ്ണുകൾ
നാട്ടുകാർക്ക് വലിക്കാനുള്ള ബീഡികൾ തെരക്കുന്നതിനും കെട്ടുന്നതിനു ഇന്റർ‌വെൽ കൊടുത്തിട്ട് അവർ ഒളിഞ്ഞുനോക്കുകയാണ്
അല്ല, തുറിച്ചുനോക്കുകയാണ്.

                     പെട്ടെന്ന് വെളിയിലിറങ്ങിയ സുശീലടീച്ചർ സംഗതി പറഞ്ഞതുകേട്ടപ്പോൾ മറ്റുള്ളവരുടെ മൂത്രശങ്കയൊക്കെ പെട്ടെന്ന് ബാഷ്പീകരിച്ചു. അവരെല്ലാം ഒന്നിച്ച് ഹെഡ്‌മാസ്റ്ററുടെ മുറിയിൽ പാഞ്ഞുകയറിയപ്പോൾ ആ വിദ്യാലയത്തിൽ ആകെയുള്ള ഓടിട്ട മുറിയായ ഓഫീസ്‌റൂമൊന്ന് വിറച്ചു; ഒപ്പം കുഞ്ഞബ്ദുള്ള എന്ന ഹെഡ്‌മാസ്റ്ററും,
“അയ്യോ എന്ത് പറ്റി? ടിച്ചർ‌മാർക്കെന്താ,,, ഈ സമയത്ത് ഓഫീസിൽ കാര്യം?”
“മാഷേ ഞങ്ങൾക്ക് മൂത്രമൊഴിക്കണം”
“അതിന് ഇങ്ങോട്ടെന്തിനാ എല്ലാരും വന്നത്? മൂത്രപ്പൊരയില്ലെ?”
“അതാണ് കൊഴപ്പം, അവിടെയുള്ള ആകാശം കാണുന്ന മൂത്രപ്പൊരേല് ഇനി നമ്മള് ഒഴിക്കൂല”
                    സംഗതിയുടെ കെടപ്പുവശം അറിഞ്ഞപ്പോൾ ഹെഡ്‌മാസ്റ്റർ കം മാനേജർ ബന്ധുവായ കുഞ്ഞബ്ദുള്ള മാഷിന് ആകെമൊത്തം ടോട്ടൽ 4 പേടികുടുങ്ങി. അടച്ചുമൂടിയ മൂത്രപ്പൊര ആക്കിയില്ലെങ്കിൽ ഇവളുമാരെല്ലാം സ്ക്കൂളിൽ ആകെയുള്ള ഒരേഒരു ഓഫീസ്‌റുമിൽ മൂത്രമൊഴിച്ച് കൊളമാക്കിയാലോ,,,

                    നാട്ടിൻ‌പുറത്തുള്ള യൂ.പി. സ്ക്കൂളിൽ പിറ്റേദിവസംതന്നെ പുതിയൊരു മൂത്രപ്പൊരയുടെ പണി തുടങ്ങി. കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ അദ്ധ്യാപികമാർ അടച്ചുറപ്പുള്ള വെളിയിലോട്ട് നിറങ്ങൾകാണാത്ത മുറിക്കകത്ത് കടന്ന് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ തുടങ്ങി.
അന്നുതൊട്ട് ആ വിദ്യാലയത്തിലുള്ള അദ്ധ്യാപികമാരുടെ നിറങ്ങൾ പബ്ലിഷ് ചെയ്യപ്പെട്ടില്ല. എന്നാൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രകൃതിയെ കണ്ടറിഞ്ഞ് പഴയ പരിപാടി തന്നെ തുടർന്നു.
*******************888888

ക്ലാസ്സിൽ മൂത്രമൊഴിച്ച സംഭവം വായിക്കണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്താൽ മതി.