19.3.13

ഡിലീറ്റ് ചെയ്തുപോയ കുളിസീൻ വീഡിയോ


അങ്ങ് വടക്ക്, തലസ്ഥാന നഗരിയിലെ, കേരളാഹൌസിന്റെ, കുളിമുറിയിൽ,,,
                     ഒളിക്യാമറ വെച്ച് കുളിസീനുകൾ പകർത്തിയത് ചില പിള്ളേർ ഇടപെട്ട് കൈയോടെ പിടിക്കപ്പെട്ടപ്പോൾ അത്രയും‌കാലം അവിടെ ജോലിചെയ്ത പലരുടെയും കുളിതെറ്റി. ആരുടെയൊക്കെ കുളിസീനുകളാണ് ആ ക്യാമറയിലുള്ളതെന്ന് ദുഷ്ടന്മാർ പറഞ്ഞുതന്നതുമില്ല.
                     കേരളാഹൌസിൽ ഒളിക്യാമറ വെക്കാമെങ്കിൽ എനിക്കെന്താ എന്റെ സ്വന്തം ഹൌസിൽ സ്വന്തം ഡിജിറ്റൽ ക്യാമറവെച്ച് കുളിസീൻ ഷൂട്ട് ചെയ്താൽ? പിടിക്കപ്പെടാതിരുന്നാൽ പോരെ,, പിന്നെ കുളിസീൻ വീഡിയോ പകർത്തുന്നത് എന്റെയോ, എന്റെ വീട്ടുകാരുടേയോ, എന്റെ ബന്ധുക്കളുടേയോ അല്ലല്ലൊ. പരിചയമില്ലാത്ത ആരൊക്കെയോ കുളിക്കുന്നത്, എന്റെ വീട്ടുപരിസരത്തായാൽ അത് ക്യാമറയിൽ പിടിക്കുന്നതിലെന്താണ് തെറ്റ്? കുളിക്കാൻ വരുന്നവരുടെ കൂട്ടത്തിലാരും അറിയാതിരുന്നാൽ നല്ലത്. പിന്നെ കുളിസീനിന്റെ വീഡിയോ യൂട്യൂബിൽ ഇട്ടാലും വലിയ കുഴപ്പമില്ല; കാരണം കമ്പ്യൂട്ടർ തുറക്കുന്നവരും നെറ്റ് സേർച്ച് ചെയ്യുന്നവരും ആയി അവരുടെ കൂട്ടത്തിൽ ആരും ഇല്ലന്ന് ഉറപ്പാണ്.

ഇന്നലെയാണ് അത് സംഭവിച്ചത്,,,
                   നല്ലൊരു കുളിസീൻ ഞാനെന്റെ ക്യാമറയിൽ പകർത്തി; അത് ശരിക്കൊന്ന് നോക്കി ആസ്വദിക്കുന്നതിന് മുൻപെ കുളിസീനിന്റെ വീഡിയോഫയൽ നഷ്ടപ്പെട്ടു. ആ നഷ്ടത്തിന്റെ ആഘാതം താങ്ങാനാവാതെ കൊറേനേരം ഞാൻ പൊട്ടിക്കരഞ്ഞു. നഷ്ടം ഓർത്തുകൊണ്ട് രാത്രി ഉറങ്ങാൻ കിടന്നതിനാൽ ഉറക്കത്തിൽ എന്തൊക്കെയോ സംസാരിച്ചെന്ന് വീട്ടുകാർ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. അതിൽ കുളിസീൻ, ക്യാമറ, വീഡിയോ, യൂട്യൂബ്, ഡിലീറ്റ് എന്നീ വാക്കുകൾ അവർ തിരിച്ചറിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇന്ന്‌രാവിലെ ഞാൻ വിവരിച്ചതുകേട്ട് അവരെല്ലാം എന്റെകൂടെ കരഞ്ഞപ്പോൾ, നിർമ്മാണത്തിനുശേഷം ഒരുതുള്ളി വെള്ളം പോലും ഇതുവരെ ഒഴുകാത്ത പഴശ്ശി പ്രോജക്റ്റ് കനാലുകളിലൂടെ ഇന്ന് രാവിലെ വെള്ളം കുതിച്ചൊഴുകി. ഒടുവിൽ എന്റെ ഭർത്താവ് പറഞ്ഞു, ‘ഇന്ന് വൈകുന്നേരവും അതേ സ്ഥലത്ത് ക്യാമറവെച്ച് കുളിസീൻ ഷൂട്ട് ചെയ്യാൻ’. 
                    2007 ഡിസംബർ 27ന് ഡിജിറ്റൽ ക്യാമറ സ്വന്തമാക്കിയതിനുശേഷം ആദ്യമായാണ് ഇത്രയും നല്ലൊരു രംഗം വീഡിയോയിൽ പിടിച്ചത്; അതും ഒരു കുളിസീൻ. എന്റെ അശ്രദ്ധ കാരണം ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ കമ്പ്യൂട്ടറിൽ പകർത്തുന്നതിന് മുൻപെ എന്റെ വലം‌കൈയാൽ അത് ഡിലീറ്റ് ചെയ്യപ്പെട്ടു.
ഞാനെങ്ങനെ ഇത് സഹിക്കും?

                    രണ്ട് വർഷം മുൻപ് നർമവേദി നടക്കുന്ന പോലീസ്‌ക്ലബിലെ സ്റ്റേജിൽ‌വെച്ച് ഞാൻ പാട്ട് പാടുമ്പോൾ ക്യാമറയിൽ വീഡിയോ പിടിക്കാൻ എന്റെ കെട്ടിയവനെ ഏല്പിച്ചെങ്കിലും അദ്ദേഹം അതാകെ കൊളമാക്കി. എന്താണെന്നോ? വീഡിയോയിൽ ക്ലിക്ക് ചെയ്ത് പാട്ട് തീരുന്നതുവരെ മുറുകെ പിടിച്ചപ്പോൾ ക്യാമറയിൽ ഒന്നും പതിഞ്ഞില്ല. ഏതാനും മാസം കഴിഞ്ഞപ്പോൾ ഞാൻ കഥ പറയുന്നത് വീഡിയോ പിടിക്കാൻ ക്യാമറസൂത്രങ്ങൾ പഠിപ്പിച്ചശേഷം അതേ കെട്ടിയവനെതന്നെ ഞാനേല്പിച്ചു. അന്ന് കഥ പറഞ്ഞുതീരുന്നതുവരെ സ്വിച്ച് ഓൺ ചെയ്യാതെ ക്യാമറയിലെ സ്ക്രീനിലൂടെ എന്നെ നോക്കിയങ്ങനെ,,, അദ്ദേഹം ഇരുന്നുപോയി. അതിനുശേഷം എന്റെ ക്യാമറ ഞാൻ‌തന്നെ ഉപയോഗിച്ചാൽ മതിയെന്ന് ഞാനങ്ങട്ട് തീരുമാനിച്ചു.

ഓ,, നമ്മുടെ കുളിസീൻ കാര്യം,,,
                   ഒരാഴ്ച മുൻപാണ് സംഗതി എന്റെ ശ്രദ്ധയിൽ പെട്ടത്. മറ്റാരും കാണാത്ത മറ്റുള്ളവർ ശ്രദ്ധിക്കാനിടയില്ലാത്ത ഒരിടത്ത് ആളില്ലാത്ത നേരത്ത് ചിലർ കുളിക്കാൻ വരുന്നുണ്ട്. അറിഞ്ഞത് എങ്ങനെയെന്നോ? കുളികഴിഞ്ഞ് നനഞ്ഞ മേനിയഴകുമായി എന്റെ വീടിന്റെ പരിസരത്ത് കൂടി ഒറ്റക്കും കുട്ടായും ചിലർ കറങ്ങുന്നത് എന്റെ കണ്ണിൽപെട്ടു. അപ്പോൾ ഒരു കുളിസീൻ വീഡിയോ പിടിച്ചാലോ? പറ്റിയാൽ യൂട്യൂബിലിട്ട്, എന്റെ വീട്ടുപരിസരത്ത് നടക്കുന്ന കുളിസിൻ എല്ലാവരെയും കാണിക്കാമല്ലൊ. ധാരാളം ഫോട്ടോ എടുക്കുന്ന കൂട്ടത്തിൽ വീഡിയോ പിടിക്കുന്നത് വളരെ പ്രധാനപ്പെട്ട സംഭവങ്ങൾക്ക് മാത്രമായിരുന്നു. കുളിസീൻ ലൈവ് ആയി ഷൂട്ട് ചെയ്യുക എന്നത് ഒരു പ്രധാന സംഗതിയാണല്ലൊ,,,

                    ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകൾ ഇന്നലെ വൈകുന്നേരം ആരംഭിച്ചു. സംഗതി വീട്ടിലാരോടും പറയാതിരിക്കുന്നതാണ് നല്ലത്. മറ്റുള്ളവരെ അറിയിച്ചാൽ ഞാൻ ക്യാമറയിലാക്കുന്നതിനിടയിൽ കുളി കാണാനായി ആരെങ്കിലും കയറിവന്നാലോ? കുളിക്കാൻ വരുന്നവരെ എനിക്ക് തീരെ പരിചയം ഇല്ല. പിന്നെ ആരുടെയൊക്കെ കുളിയാണ് വീഡിയോയിൽ പതിയുന്നത് എന്ന കാര്യത്തിലും ഉറപ്പില്ല. അതിനിടയിൽ പരിസരത്ത് ആരെങ്കിലും ഉണ്ടെന്ന് സംശയം തോന്നിയാൽ കുളിക്കാൻ വരുന്നവരെല്ലാം പെട്ടെന്ന് തിരിച്ചുപോയാലോ,,,

                     നാല്‌മണി കഴിഞ്ഞപ്പോൾ ശബ്ദം കേൾപ്പിക്കാതെ പതുക്കെ കോണികയറി ടെറസ്സിലെത്തിയിട്ട് നോക്കിയപ്പോൾ, ഞാൻ‌കണ്ടത് മഴക്കാർ മൂടിയിട്ട് പ്രകാശം കുറഞ്ഞ അന്തരീക്ഷമാണ്. കുളിസീൻ നന്നായി കാണുന്നത് എന്റെ വീടിന്റെ ടെറസ്സിൽ നിന്നാണെങ്കിലും ഒളിച്ചിരുന്ന് നോക്കിയാൽ അവർക്ക് സംശയം തോന്നിയാലോ! അതുകൊണ്ട് മറ്റാരും കാണാത്തതും ശ്രദ്ധിക്കാനിടയില്ലാത്തതുമായ ഒരു മൂലയിൽ വീഡിയോ അഡ്‌ജസ്റ്റ് ചെയ്ത ക്യാമറ അനക്കാതെ വെച്ചശേഷം ഓൺ ചെയ്തു. വീഡിയോ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം കയറിയതുപോലെ പതിഞ്ഞ കാലടികളോടെ ഞാൻ താഴേക്ക് ഇറങ്ങി. ക്യാമറയിലെ ബാറ്ററി ഫുൾ‌ ചാർജ്ജ് ചെയ്തതാണ്; ഇനി അരമണിക്കൂർ കഴിഞ്ഞ് ക്യാമറ ഓഫാക്കിയിട്ട് നോക്കിയാൽ മതി. ഭാഗ്യമുണ്ടെങ്കിൽ ആരെങ്കിലും കുളിക്കാൻ വരും,,, അതുവരെ വീട്ടിലെ മറ്റു ജോലികൾ ചെയ്യാം.

                      വെളിയിൽ മുറ്റത്തിറങ്ങി ചെടികൾക്ക് വെള്ളം നനക്കുമ്പോഴും അടുക്കളയിൽ കയറി ചായ നിർമ്മിക്കുമ്പോഴും എന്റെ ചിന്തമുഴുവൻ ക്യാമറയുടെചുറ്റും ആയിരുന്നു. ഏതാനും വർഷം കൊണ്ട് എത്രയെത്ര ഫോട്ടോകളാണ് എടുത്തത്. കൊച്ചുമകളുടെ കളികളും വീട്ടിലെ പ്രധാന ചടങ്ങുകളും വീഡിയോയിൽ ഷൂട്ട് ചെയ്ത് കമ്പ്യൂട്ടറിൽ നിറച്ചിരിക്കയാണ്. എന്നാൽ ഒരു കുളിസീൻ ആദ്യമായാണ് എന്റെ ക്യാമറയിൽ കടന്നുവരുന്നത്, അതും ഇത്രയും അടുത്തുനിന്നുള്ള കുളി!!! ക്യാമറ ഒളിപ്പിച്ചത് മറ്റുള്ളവർക്ക് കണ്ടുപിടിക്കാനാവില്ലെങ്കിലും അതിൽ വെള്ളം തെറിക്കാതിരുന്നാൽ മതിയായിരുന്നു. കുളിസീൻ ഉണ്ടെങ്കിൽ രാത്രിയിൽ തന്നെ കമ്പ്യൂട്ടറിൽ കയറ്റിയിട്ട് യൂട്യൂബിൽ ആഡ് ചെയ്യണം.

                       അങ്ങനെ അരമണിക്കൂർ പോയതറിഞ്ഞില്ല; ചായ കുടിച്ചതിനുശേഷം ടെറസ്സിലേക്ക് കയറാനുള്ള കോണിയുടെ ചുവട്ടിൽ നിന്ന് പരിസരം വീക്ഷിച്ചു. കുളിക്കുന്ന ശബ്ദം കേൾക്കുന്നില്ലെങ്കിലും സമീപത്ത് വീട്ടുപറമ്പിലാകെ ശബ്ദകോലാഹലങ്ങളാണ്. മരംകൊത്തികൾ താളം‌പിടിച്ച് മരംകൊത്തുമ്പോൾ ബുൾബുളും ഒലേഞ്ഞാലിയും മഞ്ഞക്കിളികളും പരസ്പരം മത്സരിച്ച് ഗാനമേള നടത്തുകയാണ്. അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ടെറസ്സിൽ കയറിയ ഞാൻ പതുക്കെ അങ്ങോട്ട് എത്തിനോക്കി. വെള്ളം ചുറ്റുപാടും ചിതറി തെറിച്ചിട്ടുണ്ടെങ്കിലും ആ നേരത്ത് കുളിക്കുന്ന ആരെയും കണ്ടില്ല. അര മണിക്കൂറിനിടയിൽ ആരൊക്കെയോ വന്ന് കുളിച്ചശേഷം സ്ഥലം വിട്ടിരിക്കും. വീഡിയോ ഓഫാക്കിയിട്ട് ക്യാമറ കൈയിലെടുത്തപ്പോൽ നല്ല ചൂട്, കുറേനേരം ഓൺ ചെയ്തതുകൊണ്ടാവാം. അവിടെവെച്ചുതന്നെ സെയ്‌വ് ചെയ്ത ഫയൽ തുറന്ന് നോക്കി. ആദ്യരംഗങ്ങളിൽ പരിസരത്ത് ആരെയും കണ്ടില്ല. വീഡിയോ സ്പീഡിൽ കടന്നുപോയ്ക്കൊണ്ടിരിക്കെ അവസാന ഭാഗത്ത് അതാ അവൾ വരുന്നു,,,, കറുപ്പും വെളുപ്പും കലർന്ന അഴകോടെ,,, ഒരു തോർത്തുമുണ്ട് പോലും ചുറ്റാതെ രംഗത്തുവന്ന അവൾ പരിസരമാകെ നിരീക്ഷിച്ചശേഷം മുങ്ങിക്കുളിക്കുകയാണ്. കുളി കഴിഞ്ഞശേഷം തലപോലും തോർത്താതെ പെട്ടെന്നുതന്നെ സ്ഥലം‌വിട്ടു.
ഹോ,, എനിക്ക് വന്ന സന്തോഷം,,, ഇത്രയും നല്ലൊരു കുളിസീൻ ഷൂട്ട് ചെയ്യാൻ എന്നെക്കൊണ്ടല്ലാതെ ആർക്ക് പറ്റും!

                     ടെറസ്സിൽ നിന്ന് ഞാൻ താഴെയിറങ്ങി. ‘നേരം സന്ധ്യ ആയല്ലൊ, ഇനി രാത്രി ഭക്ഷണത്തിനുശേഷം വീഡിയൊ നോക്കാം’ എന്ന് ചിന്തിച്ച ഞാൻ, ഓഫ് ചെയ്ത ക്യാമറ കമ്പ്യൂട്ടർ ടേബിളിൽ വെച്ചശേഷം വീട്ടുജോലികളിൽ മുഴുകി. എല്ലാവർക്കും ഭക്ഷണം കൊടുത്തശേഷം ഞാനും കഴിച്ചെന്ന് വരുത്തിയിട്ട് കമ്പ്യൂട്ടർ തുറന്നു. സാധാരണ ചിത്രങ്ങൾ നിറയുമ്പോഴാണ് ക്യാമറയിൽ‌നിന്നും കമ്പ്യൂട്ടറിലേക്ക് ഫയലുകൾ മാറ്റുന്നതെങ്കിലും ഇന്ന് കുളിസീൻ കാണാനുള്ള തിരക്കാണല്ലൊ. ക്യാമറ കമ്പ്യൂട്ടറിൽ ഘടിപ്പിച്ചപ്പോൾ ചിത്രങ്ങളുടെയും വീഡിയോകളുടെയും ഫയലിന്റെ ഐക്കണുകൾ മോണിറ്ററിൽ നിരന്നു. ക്യാമറയിലെ അനാവശ്യ ഫയലുകളും ഏതാനും ചിത്രങ്ങളും ഡിലീറ്റ് ചെയ്തതിനുശേഷം മറ്റുള്ളവ കമ്പ്യൂട്ടറിൽ സെയ്‌വ് ചെയ്യാൻ ആരംഭിച്ചു. എല്ലാ ഫയലുകലും കമ്പ്യൂട്ടറിൽ കയറിയെന്ന് ഉറപ്പുവരുത്തിയിട്ട് ക്യാമറ ഓഫാക്കിയശേഷം കുളിസീൻ വീഡിയോ തുറക്കാൻ നോക്കിയപ്പോൾ വീഡിയോ ഫയൽ മാത്രം കാണാനില്ല. അരമണിക്കൂർ സമയദൈർഘ്യമുള്ള വീഡിയോ കാണാതെ പരിഭ്രമിച്ച ഞാൻ ക്യാമറയിലും കമ്പ്യൂട്ടറിലുമായി അരമണിക്കൂർ നേരം സേർച്ച് ചെയ്തു.
                 എത്ര പരിശ്രമിച്ചിട്ടും ഞാനെടുത്ത കുളിസീൻ വീഡിയോ മാത്രം കാണാനില്ല,, എന്ത് പറ്റിയെന്നോ,,, അനാവശ്യ ഫയലുകൾ ക്യാമറയിൽ നിന്ന് ഡിലീറ്റ് ചെയ്ത കൂട്ടത്തിൽ എന്റെ കുളിസീൻ വീഡിയോ കൂടി ഡിലീറ്റ് ചെയ്തിരിക്കാം. കമ്പ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ റിസൈക്കിൾ ബിന്നിൽ കാണും,, ആവശ്യമാണെങ്കിൽ തിരികെയെടുക്കാം. ഇവിടെ ക്യാമറയിൽ നിന്ന് ഡിലീറ്റ് ചെയ്ത ഫയൽ തിരികെ കൊണ്ടുവരാനുള്ള സൂത്രങ്ങളൊന്നും എനിക്കറിയില്ല. പിന്നെ ക്യാമറ ഓപ്പറേറ്റമാരെ ഏല്പിക്കാൻ എനിക്കൊട്ടും ധൈര്യം പോര,,,

                 എന്റെ പ്രതീക്ഷകളെല്ലാം തകർന്നു,,, ഇനിയെന്ത് ചെയ്യും? ഇത്രയും നല്ലൊരു കുളിസീൻ വലിയൊരു നഷ്ടം തന്നെ. സത്യം പറഞ്ഞാൽ രാത്രി എനിക്ക് ഉറക്കം വന്നതേയില്ല. ഇന്ന് രാവിലെ ഭർത്താവിനോടും മക്കളോടും‘കുളിസീൻ വീഡിയോ സംഭവം’ പറഞ്ഞപ്പോൾ എന്നെക്കാൾ കൂടുതൽ വിഷമം അവർക്കായിരുന്നു. ഒടുവിൽ ‘ഇന്ന് വൈകുന്നേരവും അതെ സമയത്ത് അതെ സ്ഥലത്ത് ക്യാമറ ഓൺ ചെയ്ത് വെക്കാൻ’ അവരെല്ലാം‌ചേർന്ന് എന്നോട് പറഞ്ഞു.
സംഗതി ശരിയാണല്ലൊ,, ഇന്നും അതേ സ്ഥലത്ത് അവർ കുളിക്കാൻ വരും,, ആ നേരത്ത് ഒളിക്യാമറ തുറന്നുവെച്ച് വീഡിയോ ഷൂട്ട് ചെയ്യാൻ ഞാനൊന്ന് ശ്രമിക്കട്ടെ,,,

ഇനി ഞാനെന്തിന് വിഷമിക്കണം? 
                 ‘ടെറസ്സിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാൻ ഇന്നലെ വന്നത്, ആകെയൊരു മണ്ണാത്തിപുള്ള് മാത്രമായിരുന്നു,, ഇന്ന് കുളിക്കാൻ വരുന്നത് ഓലേഞ്ഞാലിയോ, മൈനയോ, മഞ്ഞക്കിളിയോ, ബുൾബുൾ പക്ഷികളോ ആയിരിക്കാം. അപ്പോൾ അവരുടെ കുളിസീൻ ക്യാമറയിൽ പിടിച്ച് യൂട്യൂബിൽ ഇടാമല്ലൊ’

28.2.13

ഒരു ചെരിപ്പും രണ്ട് കാലുകളും

മുൻ‌കുറിപ്പ്:

കൂടുതൽ സമയം ഇന്റർനെറ്റിൽ ചുറ്റിയടിച്ച് ഇടയ്ക്കിടെ ഫെയ്സ്ബുക്കിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനിടയിൽ ബ്ലോഗിൽ കയറാതെ പോവുന്ന എന്റെ ഒരു സുഹൃത്തിന്, ഏതാനും വർഷം മുൻപ് ബസ്‌യാത്രക്കിടയിൽ ഉണ്ടായ അനുഭവം അദ്ദേഹത്തിന്റെ അനുവാദം ചോദിക്കാതെ ഇവിടെ പകർത്തുകയാണ്.

അന്നൊരു നാൾ നട്ടുച്ചയ്ക്ക്...
                      സുന്ദരനും സാധാശീലനും ആരോഗ്യവാനും സർവ്വോപരി അവിവാഹിതനുമായ നമ്മുടെ ഹൈസ്ക്കൂൾ ക്ലാർക്ക്, പഠിപ്പിക്കുന്നവരും പഠിപ്പിക്കാത്തവരുമായ സ്ക്കൂൾ‌ജീവനക്കാരുടെ ശമ്പളം കണ്ണൂർ ട്രഷറിയിൽനിന്നും വാങ്ങിയിട്ട് എണ്ണിനോക്കാതെ സ്വന്തം ബാഗിലിട്ടു. പണം വാങ്ങുമ്പോൾ എണ്ണിനോക്കുന്ന സ്വഭാവമൊക്കെ സംശയാലുക്കളായ അദ്ധ്യാപകർക്ക് മാത്രം ഉള്ളതാണ്. അദ്ധ്യാപകരല്ലാത്തവർ ട്രഷറിയിലെ ഇരുമ്പ്‌വലക്കുള്ളിൽ ഇരുന്ന് കേഷ്യർ പണം എണ്ണുമ്പോൾ അവരോടൊപ്പം എണ്ണുന്നതിനാൽ, കൈയിൽ കിട്ടിയ പണം അവിടെനിന്ന് രണ്ടാമതൊന്ന് എണ്ണിനോക്കുന്ന സ്വഭാവമില്ല. അതിനാൽ ബാഗിലെ പണം മുറുകെപിടിച്ചുകൊണ്ട് ഒരു ചായപോലും കുടിക്കാതെ നേരെ ബസ്‌സ്റ്റോപ്പിലേക്ക് നടന്ന് സ്ക്കൂളിൽ എത്തിചേരാനുള്ള ബസ്സിൽ അദ്ദേഹം കയറി. സ്ക്കൂളിലാണെങ്കിൽ,,, ക്ലാർക്കിന്റെ വരവും‌നോക്കിയിട്ട് പഠിപ്പിക്കാതെ ഇരിക്കുന്ന അദ്ധ്യാപകർ ഒട്ടനവധി ഉണ്ട്.

                      ബസ്സിൽ കയറിയപ്പോൾ നമ്മുടെ ക്ലാർക്കിന് ഇരിക്കാൻ ഇടം കിട്ടിയത് ലേഡീസ് സീറ്റിന്റെ തൊട്ടുപിന്നിലുള്ള ഇരിപ്പിടത്തിൽ. അവിടെ ഇരിക്കാൻ‌നേരത്ത് തൊട്ടടുത്തിരിക്കുന്നവനെ ഒന്നുനോക്കി, യൂനിഫോം അണിഞ്ഞിരിക്കുന്ന ഒരു സ്ക്കൂൾ‌കുട്ടി. പത്താം തരത്തിലായിരിക്കും; ഇവനെന്തിനാണ് അസമയത്ത് ബസ്സിൽ യാത്ര ചെയ്യുന്നത്? എന്തെങ്കിലുമാവട്ടെ,,, ബാഗിന്റെ കനം മടിയിൽ സ്ഥാപിച്ച് രണ്ട് കണ്ണുകൊണ്ടും അതിനെ ഇടയ്ക്കിടെ ശ്രദ്ധിച്ച് അങ്ങനെ ഇരിക്കുമ്പോൾ ബസ് സ്റ്റാർട്ട് ചെയ്ത് ഫുൾസ്പീഡിൽ ഓടാൻ തുടങ്ങി. ഇനി അരമണിക്കൂർ യാത്ര ചെയ്താൽ ബസ്സിൽനിന്ന് ഇറങ്ങിയശേഷം പത്ത് മിനിട്ട് നടന്നാൽ നമ്മുടെ സർക്കാർ ഹൈസ്ക്കൂളിൽ എത്താം.

                      ബസ് ഓടിക്കൊണ്ടിരിക്കെ എന്തോ ഒരു പന്തികേട്; മുന്നിലുള്ള വനിതാസംവരണ സീറ്റുകളിലിരിക്കുന്നത് ഒരു യുവതിയും പ്രായമേറെയുള്ള ഒരു സ്ത്രീയുമാണ്. സുന്ദരിയായ ആ യുവതി ഒരു തവണ പിന്നിലേക്ക് തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു. രണ്ടാം തവണയും പുഞ്ചിരിച്ചശേഷം തൊട്ടടുത്തിരിക്കുന്ന സ്ത്രീയോട് –അവളുടെ തള്ളയായിരിക്കാം- എന്തോ അടക്കം പറയുകയാണ്. അവൾ വീണ്ടും വീണ്ടും തലതിരിച്ച് നോക്കുകയാണ്. സുന്ദരിയായ ഒരു പെണ്ണ് അവിവാഹിതനായ യുവാവിനെ നോക്കി ഇടയ്ക്കിടെ പുഞ്ചിരിച്ചാൽ കാര്യം മനസ്സിലാക്കാം; എന്നാൽ ഇവിടെ നോക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നവളുടെ നെറ്റിയുടെ മുകളിൽ,,, സീമന്തരേഖയിൽ,,, സിന്ദൂരം വിതരി ചോരയൊലിപ്പിച്ചത് പോലെ ആക്കിയിട്ടുണ്ട്. പോരാത്തതിന് ആനച്ചങ്ങല പോലത്തെ താലിചെയിനും. ഇതെല്ലാം പൊതുജനത്തെ കാണിക്കുന്ന ഇവൾ മറ്റൊരുത്തനെ നോക്കുന്നത് എന്തിനായിരിക്കും? മതിലും വേലിയും ഉള്ള വീട്ടിലെ കൊച്ചെന്തിന് വെളിയിലേക്ക് നോക്കുന്നു?

പെട്ടെന്ന് ആ യുവതി ഉച്ചത്തിൽ വിളിച്ചുകൂവി,
“ചെരിപ്പ്,, ചെരിപ്പ്”
അതോടൊപ്പം തൊട്ടടുത്തിരിക്കുന്ന അമ്മച്ചിയുടെ ഒച്ച ഉയർന്നു,
“ബസ് നിർത്ത്, നിർത്തിയാട്ടെ”
പെട്ടെന്ന് ബസ് നിന്നു, ഒച്ചകേട്ട ഭാഗത്ത് എല്ലാവരും എത്തിനോക്കി. അവിടെ അവൾ എഴുന്നേറ്റ്‌നിന്ന് എല്ലാവരും കാൺകെ ഒരു ചെരിപ്പ് ഉയർത്തിപിടിച്ച് കൂവുകയാണ്,
“ചെരിപ്പ് കിട്ടിയേ,, എന്നെ ചവിട്ടിയവന്റെ ചെരിപ്പ് കിട്ടി,, ഇതാ ഒരു ചെരിപ്പ്”
തുടർന്ന് അവളുടെ അമ്മയോട് പറയാൻ തുടങ്ങി,
“ഇത്രയും നേരം എന്റെ കാല് ചൊറിഞ്ഞവന്റെ ചെരിപ്പാണ് ഇത്”

                           തൊട്ടുമുന്നിലെ ടാങ്കർ ലോറിയെ ഓവർ‌ടെയ്ക്ക് ചെയ്യാൻ പരിശ്രമിക്കുന്ന ബസ്‌ഡ്രൈവർ ഇതിനിടയിൽ ആ പരിശ്രമം മതിയാക്കി ആളുകൾ ഒഴിഞ്ഞ, കടകളൊന്നും ഇല്ലാത്ത ഇടത്ത് ഇടതുവശത്തായി പതുക്കെ ബസ് നിർത്തി. അപ്പോഴേക്കും യാത്രക്കാരായ പൊതുജനങ്ങൾക്കിടയിലെ പുരുഷസഹോദരങ്ങൾ ഒന്നിച്ച് ഒച്ചകേട്ട ഭാഗത്ത് തടിച്ചുകൂടിയപ്പോൾ അവൾ പൊടിപ്പും തൊങ്ങൽ‌സും വെച്ച് ചെരിപ്പ് വിശേഷം നമ്മുടെ ക്ലാർക്കിനെ ചൂണ്ടിക്കാട്ടിയിട്ട് വിളമ്പുകയാണ്.
“ഇതാ ഇവനാണ് എന്നെ കാലുകൊണ്ട് ചൊറിഞ്ഞത്, കണ്ണൂരിൽ നിന്നേ ഇയാൾ തൊടങ്ങിയതാ”
അതുവരെ കേരളത്തിലെ എല്ലാ ബസ്സുകളിലും ഉണ്ടായ പീഡനകഥകൾ പറഞ്ഞ് അതിനെല്ലാം കാരണം നമ്മുടെ സ്ക്കൂളിലെ ക്ലാർക്കിന്റെ തലയിൽ വന്നുവീഴാൻ തുടങ്ങി. അഭിപ്രായങ്ങൽ പെരുമഴയായി വന്നു,,,
“നമുക്കുവനെ പോലീസ് സ്റ്റേഷനിൽ എത്തിക്കാം”
“വേണ്ട, ഇവനെ ഇവിടെവെച്ച് തന്നെ കൈകാര്യം ചെയ്യാം”
“അതൊന്നും വേണ്ട പെങ്ങള് ആ ചെരിപ്പുകൊണ്ട് ഇവന്റെ മുഖത്ത് അടിച്ചാൽ മതി”
                         ആ നേരത്ത് സ്ത്രീകളുടെ ചുറ്റും നിന്നവരെ വകഞ്ഞുമാറ്റിയിട്ട് പിന്നിലിരുന്ന രണ്ടുപേർ മുന്നിൽ‌വന്നു. അവരെ കണ്ടപ്പോൾ അവളുടെ ആവേശം വീണ്ടും ഉയർന്നു,
“ഏട്ടാ ഇയാളെ വെറുതെ വിടരുത്”
അയാൾ മറ്റുള്ളവരെ നോക്കിയിട്ട് പറഞ്ഞു,
“ഇക്കാര്യം നമ്മൾ കൈകാര്യം ചെയ്തുകൊള്ളും. ഞാനിവളുടെ ഏട്ടനാണ്, പിന്നെ ഇത് ഇവളുടെ ഭർത്താവാണ്”
                     
                     യാത്രക്കാരിക്ക് ഭർത്താവും സഹോദരനും ഉണ്ടെന്നറിഞ്ഞതോടെ മറ്റുള്ളവർ ഡയലോഗ് നിർത്തിയിട്ട്, ലൈവായി ഒരു സ്റ്റണ്ട് കാണാനുള്ള കൊതിയോടെ അനുസരണ കുട്ടപ്പന്മാനും കുട്ടപ്പിമാരുമായി മാറി. മറ്റുള്ളവരുടെ ബഹളത്തിനിടയിലും കൈയിലുള്ള പണം ശ്രദ്ധിച്ചുകൊണ്ട് മിണ്ടാതിരിക്കുന്ന ക്ലാർക്കിനോട് കൂട്ടത്തിൽ തടിയൻ ചോദിച്ചു,
“മാന്യന്മാരുടെ വേഷം ധരിച്ച നീയെന്തിനാടാ ചെരിപ്പുകൊണ്ട് എന്റെ ഭാര്യയെ തോണ്ടാൻ പോയത്?”
അതുവരെ ഒരക്ഷരവും മിണ്ടാതിരുന്ന അദ്ദേഹം പെട്ടെന്നെഴുന്നേറ്റ് എല്ലാവരും കേൾക്കെ പറഞ്ഞു,
“താനെന്താടോ പറഞ്ഞത്,,, ഈ ചെരിപ്പ് എന്റേതോ? കാലിൽ ആയിരത്തി ഇരുന്നൂറിന്റെ ഷൂ ഇട്ട് മാത്രം ഓഫീസിൽ പോവുന്ന എന്റെ കാലിലെങ്ങനെയാടാ ചെരിപ്പ്?”
                     എല്ലാവരുടേയും നോട്ടം താഴോട്ടിറങ്ങിയിട്ട് അദ്ദേഹത്തിന്റെ കാലിലേക്കായി, അവിടെ രണ്ട് കാലിലും കറുത്ത് മിന്നുന്ന ഷൂസ് കണ്ടപ്പോൾ അതുവരെ അലറിവിളിച്ച യുവതിയടക്കം നിശബ്ദമായി. അപ്പോൾ ഏട്ടൻ പറഞ്ഞു,
“അളിയാ ഒരു ചെരിപ്പ് ഉള്ളത് ഇയാളുടേതല്ലല്ലൊ. പിന്നെ ഇതിന്റെ ജോഡി ആരുടെ കാലിലാണ്?”
അതുവരെ അങ്കം നോക്കി രസിച്ചങ്ങനെ തൊട്ടടുത്ത് ഇരിക്കുന്ന സ്ക്കൂൾ വിദ്യാർത്ഥിയുടെ കാലിലേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞു. അവന് രണ്ട് കാലുകളും ഉണ്ട്; എന്നാൽ ചെരിപ്പ് ഒന്നുമാത്രം.
“ചൊറിഞ്ഞത് ഇവൻ തന്നെ ഇനി ഇവന്റെ ചൊറിച്ചിൽ നമ്മൾ മാറ്റിക്കൊള്ളം. ഇവനെ ഞങ്ങൾ കൊണ്ടുപോവുകയാ,, ബസ്  വിട്ടോ?”
                      അതുവരെ പ്രതിയാക്കപ്പെട്ട നമ്മുടെ ക്ലാർക്കിനോട് രണ്ടുപേരും മാപ്പ് പറഞ്ഞശേഷം സ്ക്കൂൾ വിദ്യാർത്ഥിയായ ആ ചെറുപ്പക്കാരന്റെ ഓരോ കൈയും പിടിച്ച് ബസ്സിന്റെ ഏറ്റവും പിന്നിലുള്ള സീറ്റിൽ ഇരുത്തിയിട്ട്, അവന്റെ ഇരുവശത്തും ചെരിപ്പ് കിട്ടിയ യുവതിയുടെ ഏട്ടനും കെട്ടിയവനും ഇരുന്നു. അതിൽ ഒരാൾ അവനോട് ചോദിച്ചു,
“മോനേ നിന്റെ പേരെന്താ?”
……..
“അളിയാ ഇവൻ മിണ്ടില്ല, അതൊക്കെ നമുക്ക് നോക്കാം” അയാൾ പയ്യന്റെ എല്ലാ പുസ്തകവും പിടിച്ചുവാങ്ങിയിട്ട് അതിലൊന്ന് തുറന്ന് വായിച്ചു,
“ശ്രീകുമാർ,, മോനേ ശ്രീ കുമാരാ നീയെന്തിനാ,, പഠിക്കാൻ പോന്നത്?”
അതോടൊപ്പം പേജുകൾ ഒരോന്നായി കീറി എറിയാൻ തുടങ്ങി.
അങ്ങനെ ഓരോ പുസ്തകവും തുറന്ന് ഓരോ പേജുകളായി കീറി എറിയുമ്പോഴെല്ലാം അവർ കോറസ്സായി പറഞ്ഞു,
“മോനേ നീ എന്തിനാടാ,,, പഠിക്കാ‍ൻ പോന്നത്?”
             പണം മുറുകെപിടിച്ചുകൊണ്ട് നമ്മുടെക്ലാർക്ക് ഹൈസ്ക്കൂൾ സ്റ്റോപ്പിൽ  ഇറങ്ങുമ്പോഴും ബസ്സിന്റെ പിൻ‌സീറ്റിലിരുന്ന് അളിയന്മാർ പേജുകൾ ഒരോന്നായി കീറി എറിയുന്നുണ്ടായിരുന്നു. ഒപ്പം വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്നു,
“മോനേ ശ്രീ കുമാരാ,,, നീ, എന്തിനാ,,,, പഠിക്കാൻ പോന്നത്?”

5.1.13

അമ്മയാരെന്നറിയാതെ,,,


                            സന്ധ്യാനേരത്ത് അടുക്കളയിൽ ഗ്യാസ്‌സ്റ്റൌ ജ്വലിച്ചുകൊണ്ടിരിക്കെ അതിനുമുകളിലിരിക്കുന്ന ചട്ടിയിൽ‌നിന്നും കറിയുടെ കരിഞ്ഞമണം ഡൈനിംഗ് റൂമിലൂടെ ലിവിംഗ് റൂമിലൂടെ സ്വീകരണമുറിയിലിരിക്കുന്ന ശ്രീകുമാരിയമ്മയുടെ ഇടത്തെ മൂക്കിൽ കടന്നുകയറിയത് തുണിയഴിക്കുന്ന പരസ്യത്തിന്റെ ക്ലൈമാക്സ് വേളയിലാണ്. മണം‌കേട്ട ശ്രീയമ്മ ‘ഊയെന്റപ്പാ അന്റെ കൂട്ടാൻ പോയി’ എന്ന് നിലവിളിച്ച് അടുക്കളയിലേക്ക് ഓടിയ നേരത്താണ് ചാനലുകളിൽ മാറിയും മറിഞ്ഞും ചാടിക്കളിക്കുന്ന ജാനുമോൾ, ടീവിയിൽ നിന്ന് പതുക്കെ നിലത്തേക്കിറങ്ങിയത്. തിളങ്ങുന്ന മാർബിൾ തറയിൽ കാലുകുത്തിയപ്പോൾ ആദ്യം അല്പം വശപശ തോന്നിയെങ്കിലും അടുത്തനിമിഷം കൈയും കാലും വീശിക്കുടഞ്ഞ് അവൾ ഓക്കെയായി. ഒന്നുരണ്ടടി വെച്ചപ്പോൾ പ്രയാസം തോന്നിയെങ്കിലും ശ്രീയമ്മ തിരിച്ചുവരുന്നുണ്ടെന്ന് തോന്നിയതുകൊണ്ടാവാം പെട്ടെന്ന് സ്വീകരണമുറിയിൽ നിന്ന് സിറ്റൌട്ടിലേക്ക് കടന്ന് ഗ്രാനൈറ്റ് പതിച്ച മുറ്റത്തിറങ്ങി പോർച്ചിൽ കിടക്കുന്ന മാരുതിയുടെയും ഇന്നോവയുടെയും ഇടയിലൂടെ ഒരു നിഴലുപോലെ ഓടിയിട്ട് തുറന്ന ഗെയിറ്റിലൂടെ അവൾ റോഡിലേക്കിറങ്ങി.

                വഴിയിൽ സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ പരിചിതമുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ജാനുമോൾ പതുക്കെ നടക്കാൻ തുടങ്ങി. മറ്റുള്ളവർക്ക് മുഖംകൊടുക്കാതെ നടക്കുന്ന അവളെ, പാതയുടെ ഇരുവശത്തുനിന്ന് കണ്ണും വായും തുറന്നപിടിച്ച് നിരീക്ഷിക്കുന്ന പുരുഷമൃഗങ്ങൾ മുഖം‌മാത്രം നോക്കിയില്ല, നോക്കാനൊട്ട് അവർ ആഗ്രഹിച്ചില്ല. ഇനി അഥവാ അവരാരെങ്കിലും നോക്കിയാലോ? ജാനുമോൾ കുടുക്കിലായേനെ,,, വർഷങ്ങളായി രാത്രിനേരത്ത് നാട്ടുകാരുടെ സ്വീകരണമുറിയിൽ ഓടിത്തകർക്കുന്ന കാക്കകറുമ്പിയായ ജാനുമോളെ നേരിട്ട്‌കണ്ടാൽ ആരെങ്കിലും വെറുതെ വിടുമോ?

                       ജാനുമോൾക്ക് വിശക്കാൻ തുടങ്ങി; സാധാരണ സോഫ്റ്റ്‌ഫുഡ് കഴിക്കുന്ന മൂന്നാം‌സീരീസ് പരസ്യത്തിന്റെ ഇടവേളയിലാണ് ടീവിയിൽ നിന്ന് ഇറങ്ങിയത്. അവൾ ചിന്തിക്കാൻ തുടങ്ങി, ‘ഇപ്പോൾ വീട്ടമ്മമാർ എന്ത് ചെയ്യുന്നുണ്ടാവും’? പരസ്യത്തിന്റെ ഇടവേള കഴിഞ്ഞ ഈ നേരത്ത് ‘ജാനുമോളെ കാണുന്നില്ല’ എന്നറിയുന്ന അവരെല്ലാം ഒന്നിച്ച് കണ്ണീർ‌പുഴ ഒഴുക്കുകയില്ലെ? ഏതായാലും ഇനി ടീവിയിലേക്കില്ല, ഏതെങ്കിലും വല്യവീട്ടിൽ വേലക്കാരിയായോ ചുമടെടുത്തോ ഇനി ജീവിക്കണം’. ‘ഒ അത് നടക്കുമോ? പത്ത് വയസുകാരി ചുമടെടുത്താൽ അത് ‘ബാലവേലചെയ്യിച്ചു’, എന്ന വയ്യാവേലി ആവുകയില്ലെ? എന്തെല്ലാം നിയമങ്ങളാണ് ഈ നാട്ടിൽ!

                      പെട്ടെന്ന് നാടാകെ ഇരുട്ടിലായി, ലോഡ്‌ഷെഡ്ഡിംഗ് ആയിരിക്കാം. കുടും‌ബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന് മുഖം‌നോക്കാതെയാണെങ്കിലും നേരിട്ട് വർത്തമാനം‌പറയുന്ന ഒരെയൊരു അവസരം. ‘ഇനിയൊരു മൂന്ന്‌വർഷം കൂടി ഇതുപോലുള്ള കുടുംബസംഗമം നിത്യേന നടക്കും; അതുകഴിഞ്ഞാൽ ലോഡ്‌ഷെഡ്ഡിംഗ് പിൻ‌വലിക്കുന്നതോടെ വീട്ടുകാർ തമ്മിൽ സംസാരിക്കാതാവും’. ചുറ്റും പരക്കുന്ന ഇരുട്ടിനെ ജാനുമോൾ ഭയപ്പെടാൻ തുടങ്ങി. വെള്ളിവെളിച്ചത്തിൽ മാത്രം ജീവിച്ച അവൾ ആദ്യമായാണ് ഇരുട്ടിനെ മുഖാമുഖം കാണുന്നത്. മുന്നിൽ കാണുന്ന പാതയിലൂടെ ദിക്കറിയാതെ അവൾ നടക്കാൻ തുടങ്ങിയപ്പോൾ അകലെ വെളിച്ചം ചിതറുന്നത് കണ്ട് നേരെ അങ്ങോട്ട് നടന്നു.

                     ത്രീജിയും ടൂജിയും നോജിയും വിൽക്കുന്ന മൊബൈൽ ഷോപ്പിൽ നിന്നാണ് ഇരുട്ടിനെ കീറിമുറിച്ച് പാട്ടും വെളിച്ചവും പുറത്തുചാടിയത്. അങ്ങോട്ട് നടന്നുനീങ്ങിയ ജാനുമോളെ ആദ്യം കണ്ടത് തൊട്ടടുത്ത് അടച്ചുപൂട്ടിയ കടവരാന്തയിലിരുന്ന് കൊലവെറി കേൾക്കുന്ന പൊന്നൂട്ടനാണ്. അവൻ കൂട്ടുകാർ കേൾക്കാനായി വിളിച്ചുകൂവി,
“എടാ നോക്ക്, ഒരു ചരക്ക്”
“ചരക്കൊ? അത് വെറും ഞാഞ്ഞൂല്,,, കുഞ്ഞ്”
“ഞാഞ്ഞൂലായാലും പെണ്ണാടാ,, വാ”
ഇരകിട്ടിയ സന്തോഷത്തോടെ ചെന്നായ്‌കൂട്ടം ഞാഞ്ഞൂലിനു നേരെ തിരിഞ്ഞു.
അവർ അടുത്തെത്തിയപ്പോൾ ജാനുക്കുഞ്ഞ് നേരെ നിന്ന് അവരെയൊന്ന് നിരീക്ഷിച്ചു, പിന്നെ ചോദിച്ചു,
“ചേട്ടന്മാരെ നിങ്ങളെന്താ ചെയ്യാമ്പോന്നത്?”
അവരൊന്നും മിണ്ടിയില്ല, മുന്നിലുള്ള തടിയൻ രാജുമോൻ സ്റ്റാർട്ട് പറഞ്ഞ,
“ടാ പിടിക്കെടാ”
“എന്റെ ചെട്ടന്മാരെ നിങ്ങൾക്കാർക്കും എന്നെ പിടിക്കാനാവില്ല”
“ടാ, തടിയാ ആ പെണ്ണ് പറേന്ന കേട്ടൊ,, ഓള പിടിക്കാമ്പറ്റില്ല പോലും”
“ചേട്ടന്മാരെ,, എന്തിനാ മെനക്കെടുന്നത്? ആ നേരത്ത് മൊബൈൽ ഓൺ‌ചെയ്ത് അടിപൊളി സിനിമ കാണ്”
“തർക്കുത്തരം പറയുന്നോ? എന്നാ പിന്നെ ഇവളെ പിടിച്ചിട്ട് തന്നെ കാര്യം”
“ഓട്ടത്തിൽ എന്നെയാർക്കും തോല്പിക്കാനാവില്ല; പിന്നെ എങ്ങനെ എന്നെ പിടിക്കാനാവും!”
ജാനുക്കുഞ്ഞ് പെട്ടെന്ന് ഓടാൻ തുടങ്ങി. കാറ്റിന്റെ വേഗത്തിൽ ഓടുന്ന അവളോടൊപ്പം എത്താൻ തടിയന്മാർ ഒത്തിരി ഊർജ്ജം ചെലവാക്കി.
എന്നിട്ടോ?
ഇരുട്ടിന്റെ മറവ്‌പറ്റി ഓടിയ ജാനുക്കുഞ്ഞ് ചെന്നായ്ക്കൂട്ടത്തെ പിന്നിലാക്കി വളരെയേറെ മുന്നിലെത്തി. ഓട്ടം അവസാനിപ്പിച്ചനേരത്ത് അതുവരെ അവളെ വിട്ടുപോയ വിശപ്പും ദാഹവും വീണ്ടും കയറിവന്നപ്പോൾ, ദ,, മുന്നിലൊരു തട്ടുകട,,,

പക്ഷെ???
                      അത് അടച്ചുപൂട്ടിയിരിക്കയാണ്, എങ്കിലും അതിന്റെ അടിവശത്തുകൂടി നുഴഞ്ഞുകയറിയ ജാനുമോൾ സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ ചില്ലലമാരയിൽ അടുക്കിവെച്ച പൊറോട്ടയും തൊട്ടടുത്തായി തൂങ്ങിക്കിടക്കുന്ന റോബസ്റ്റകുലയും കൺ‌കുളിർക്കെ കണ്ടു. അപ്പോൾ അവളുടെ കുഞ്ഞുമനസ്സിൽ ഒരു ചിന്ത കടന്നുകയറി, ‘അന്യന്റെ മുതൽ എടുക്കരുത്’. നല്ല മനസ്സുള്ള ജാനുമോൾ പിന്നീട് ഒരുഗ്ലാസ് കലക്കുവെള്ളം കുടിച്ചശേഷം ഒരുകാൽ ഇളക്കമുള്ള ബെഞ്ചിൽ കിടന്ന് ഉറങ്ങാൻ തുടങ്ങി.
                        ഉറക്കത്തിൽ ജാനുമോൾ പലതരം സ്വപ്നങ്ങൾ കണ്ടു; സ്വപ്നത്തിന്റെ ഒടുവിൽ അവളുടെ അമ്മ ഒരു വെളുത്ത സുന്ദരിക്കുട്ടിയെ കളിപ്പിക്കുകയാണ്. വെളുത്ത കുഞ്ഞിനെ ലഭിച്ചപ്പോൾ സന്തോഷം‌കൊണ്ട് മതിമറന്ന് മറ്റൊരമ്മ നൃത്തം ചെയ്യുകയാണ്. കറുത്ത കുഞ്ഞിന് വെളുത്ത കുഞ്ഞുങ്ങളെ സ്വപ്നം കണ്ടുകൂടെ?

                        പരിസരം മറന്ന് ഉറങ്ങുന്ന ജാനുമോൾ കാക്കകളുടെ കലപില കേട്ടാണ് ഉണർന്നു. നേരം പുലർന്നെന്ന് തിരിച്ചരിഞ്ഞപ്പോൾ അവൾ കണ്ണും‌തിരുമ്മി എഴുന്നേറ്റു; ശരീരമാകെ വേദന,,, ഹോ,, ഇന്നലെ ഉറങ്ങിയത് ഈ മരത്തിന്റെ പുറത്താണോ? അതുവരെ പതുപതുത്ത മെത്തയിൽ മാത്രം കിടന്നുശിലിച്ച അവൾക്ക് ആകെ പ്രയാസമായി. തലേന്ന് രാത്രിയിലെ സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്തപ്പോൾ അവൾക്ക് പരിസരബോധം വന്നു, ഇനിയെന്ത് ചെയ്യും? താനില്ലാതെ വീട്ടമ്മമാർ എങ്ങനെ കഥയറിയും? സ്വീകരണമുറിയിൽ ടീവിയുടെ മുന്നിലിരിക്കുന്ന അവർ ജാനുമോളെ കാണാതായാൽ എങ്ങനെ നേരം കൂട്ടും?

                     തട്ടുകടയിൽ നിന്ന് വെളിയിലിറങ്ങി മറ്റാരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ട് എങ്ങോട്ടെന്നില്ലാതെ നടക്കാൻ തുടങ്ങിയ നേരത്താണ് അവളുടെ ഇടത്തെ ചുമലിൽ ആരുടെയോ കൈ വന്നു പതിച്ചത്. നോക്കിയപ്പോൾ അവൾ കണ്ടത് ഐഷാമ്മയെയാണ്. ഏറെക്കാലം തന്റെ സ്വന്തം അമ്മായായവർ!
“മോളേ,, നിന്നെതേടി രാത്രിമുഴുവൻ ഉറക്കമിളച്ച് ഞാനെത്ര അലഞ്ഞു? ഇപ്പോഴെങ്കിലും കണ്ടെത്തിയല്ലൊ. വാ നമുക്ക് വീട്ടിൽ പോകാം”
എവിടെനിന്നെന്നറിയില്ല, പെട്ടെന്ന് മൂന്ന് സ്ത്രീകൾ കൂടി അവിടെയെത്തി. അവരിൽ ചന്ദനക്കുറിയിട്ട അമ്മു അവളെ കെട്ടിപ്പിടിച്ച് പറയാൻ തുടങ്ങി,
“എന്റെ പൊന്നുമോളേ, നീയില്ലാതെ ഞാനെങ്ങനെ ജീവിക്കും? നീ എന്റെ ഒപ്പം വരണം”
അമ്മുഅമ്മയെ തള്ളിമാറ്റി മുന്നിൽ വന്നത് ക്ലാരമ്മയാണ്,
“ഇതെന്റെ സ്വന്തം ജാനുമോളാണ്, ഇവളെ പെറ്റതും പേറ്റ്‌നോവറിഞ്ഞതും ഞാനാണ്”
ആ നിമിഷം ക്ലാരമ്മയെ പിന്നിലേക്ക് തള്ളിയിട്ട് അവൾ വന്നു, സുമതിക്കുട്ടിയമ്മ,,,
“ഹ, നീയാരാടി ഇവളെ പെറാൻ; ഇത് ഞാൻ പ്രസവിച്ച കുഞ്ഞാണ് എന്റെ ജാനുമോൾ”
എല്ലാവരും ചേർന്ന് ജാനുമോളെ കൈയും‌കാലും പിടിച്ചുവലിക്കുമ്പോൾ അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി,
“അയ്യോ എന്നെ കൊല്ലുന്നേ,, ഈ അമ്മമാരെന്നെ കൊല്ലുന്നേ”

                    ഒരു പെൺ‌കുട്ടിയുടെ ദയനീയമായ കരച്ചിൽ അതിരാവിലെ കേട്ട പൊതുജനം നല്ലവർ സ്വന്തം‌കാര്യം മറന്ന് ഓടിയെത്തി. വന്നവർ വന്നവർ മൂക്കത്ത് വിരൽ‌വെച്ച് പറഞ്ഞു,
“അയ്യോ ഇത് നമ്മുടെ ജാനുമോളല്ലെ,, ഇന്നലെ രാത്രി ഇവളെ ടീവീന്ന് പെട്ടെന്ന് കാണാതായതല്ലെ; ജാനുമോൾ വന്നേയ്”
ആളുകൾ ഒത്തുകൂടി ജയ് വിളിച്ചു,
“ജാനുമോൾ വന്നേയ്, ജെയ്, ജെയ്”
                      നാട്ടുകാർ റോഡുകളിലൂടെ ഒഴുകാൻ തുടങ്ങിയപ്പോൾ വാഹനഗതാഗതം തകർന്ന് ഭരണം അറബിക്കടലിൽ താഴാൻ തുടങ്ങി. അങ്ങനെ താഴുന്നതിന് മുൻപ് പോലീസ് വകുപ്പ് നടപടി തുടങ്ങി,
ഉണ്ടയില്ലാ വെടി, പുകവെടി, ജലവെടി ഒടുവിൽ ഉണ്ട നിറച്ച് വെടി‌വെച്ചപ്പോൾ  നാലുപേർ പരലോകത്തും പതിനാലുപേർ ലോക്കപ്പുകളിലും എത്തിച്ചേർന്നു. അതിനിടയിൽ വനിതാപോലീസ്‌ വണ്ടിവന്ന് ജാനുമോളെയും അമ്മമാരെയും നിലം തൊടീക്കാതെ വനിതാ കോടതിയിൽ എത്തിച്ചു. ആ നേരത്തും അമ്മമാർ അടി തുടർന്നുകൊണ്ടേയിരുന്നു.

                     കോടതിയിൽ എത്തിയപ്പോൾ അവിടെയിരിക്കുന്നു, ജഡ്ജി ബാലയമ്മ, അമ്മമാർ പറയുന്നതെല്ലാം അവർ ശ്രദ്ധിച്ച് കേട്ടു. എല്ലാവർക്കും ജാനുമോളെ വേണം. ഒടുവിൽ ജാനുമോളോട് ജഡ്ജി ചോദിച്ചു,
“ജാനുക്കുഞ്ഞെ, നിനക്കാരെയാ ഇഷ്ടം? മോളുടെ അമ്മ ആരാണ്?”
ജാനുക്കുഞ്ഞിന് ആകെയൊരു കൺഫ്യൂഷൻ, അവളെങ്ങനെ അമ്മയെ ചൂണ്ടിക്കാണിക്കും? എല്ലാവരും അവളുടെ അമ്മയാണെന്ന് അവൾ വിശ്വസിക്കുന്നു. അതിൽ ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാട്ടിയാൽ അവർ തന്റെ പ്രീയപ്പെട്ട അമ്മയാവും. അപ്പോൾ സ്വന്തം അമ്മ ജാനുമോളെന്ന കറുത്തകുഞ്ഞിന്റെ അമ്മയാവുന്നത് അവരോട് ചെയ്യുന്ന ദ്രോഹമല്ലെ.
അവൾ പറയാൻ തുടങ്ങി,
“എനിക്കറിയില്ല; ഇവരെല്ലാം എന്റെ അമ്മമാരാണ്”
ബാലയമ്മ അമ്മമാരെ നോക്കി പറഞ്ഞു, ഒരു കുഞ്ഞിന് ഒരമ്മ മാത്രമായിരിക്കും, നിങ്ങളിൽ ഒരാൾ മാത്രമായിരിക്കും അവളുടെ അമ്മ”
“അത് ഞാനാണ്” ഐഷാമ്മ,
“അത് ഞാനാണ്” സുമതിക്കുട്ടിയമ്മ,
“അത് ഞാനാണ്” ക്ലാരമ്മ,
“അത് ഞാനാണ്” അമ്മുഅമ്മ,
ബാലയമ്മ അന്തം‌വിട്ടു, ഇക്കാലത്ത് ഒരു കുഞ്ഞിന്റെ അമ്മയാണെന്ന് പറഞ്ഞ് ഒരു സ്ത്രീ വരുന്നത്‌പോലും അപൂർവ്വമാണ്. എന്നാൽ ഇപ്പോൾ ഇവിടെ നാല് സ്ത്രീകളാണ് ഒരു കുഞ്ഞിനുവേണ്ടി അവകാശവാദം ഉന്നയിക്കുന്നത്. കാലം പോയ പോക്കേ,,, അവർ ചോദിച്ചു,
“അപ്പോൾ ജാനുമോളുടെ അച്ഛൻ?”
“അവളെന്റെ മകളായാൽ അച്ഛനെ കാണിച്ചുകൊടുക്കാം, അമ്മ പറയുന്ന ആളാണല്ലൊ അച്ഛൻ”
ബാലയമ്മ പെണ്ണുങ്ങളെക്കൊണ്ട് തോറ്റ് അടിയറവ് പറഞ്ഞു. വിധി പറഞ്ഞ് രണ്ടിലൊന്ന് തീരുമാനിക്കാം,
“നാലുപേരും വിട്ടുതരാത്തതുകൊണ്ട് ഇനി ഡി.എൻ.എ. ടെസ്റ്റ് നടത്തിയിട്ട് യഥാർത്ഥ അമ്മയെ കണ്ടെത്തുക”
“ഡി എൻ എ ടെസ്റ്റ് വേണ്ടേ വേണ്ട” നാല് അമ്മമാരും ഒന്നിച്ച് പറഞ്ഞു.
“അപ്പോൾ പിന്നെ ഒരു വഴി മാത്രം, അത്,,,”
“അതെന്താണ്?”
“ജാനുമോളെ നാലായി മുറിച്ച് ഒരോ അമ്മക്കും നൽകുക”
ബാലയമ്മയുടെ വിധികേട്ട് അമ്മമാർ ഒരുനിമിഷം ചിന്തിച്ചു, ‘ഡി.എൻ.എ. ടെസ്റ്റ് നടത്തിയാൽ അവൾ എന്റെ മകളായില്ലെങ്കിലോ? അങ്ങനെ മറ്റുള്ളവർക്ക് ജാനുമോളെ വിട്ടുകൊടുത്തുകൂട’,,
“ജാനുമോളെ നാലായി പിളർന്നിട്ട്, തുല്യമായി പങ്ക്‌വെച്ച് എന്റെ ഓഹരി തന്നാൽ മതി,,,”
നാല് അമ്മമാരും ഒന്നിച്ച് പറയുന്നത് കേൾക്കുന്നതിന് മുൻപ് ജാനുമോളുടെ ബോധം നഷ്ടപ്പെട്ടിരുന്നു.