16.9.22

20. "പ്രേമ ലതകള്‍”

‘ഞങ്ങള്‍ കുട്ടികള്‍’ സ്ക്കൂളില്‍ പോകുന്നത് നേര്‍വഴിയിലൂടെയാണെങ്കിലും തിരിച്ച് വീട്ടിലേക്ക് വരുന്നത് വളഞ്ഞ വഴിയിലൂടെയായിരിക്കും. അങ്ങനെ വളഞ്ഞ വഴി വരുന്നത്‌കൊണ്ട് മെച്ചം ഉണ്ട്. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഒരിക്കലും വിശപ്പ് ഉണ്ടാകാറില്ല. നെല്ലിക്ക പേരക്ക ചക്ക മാങ്ങ കശുമാങ്ങ ആദിയായവ കൂടാതെ പേരറിയാത്ത ധാരാളം ചെറുപഴങ്ങള്‍; എല്ലാം തിന്ന് വിശപ്പടങ്ങും. പിന്നെ വഴിക്കു കാണുന്ന എല്ലാ വീട്ടിലെയും കിണറ്റിലെ വെള്ളം കുടിക്കാറുണ്ട്. കശുവണ്ടി സീസണായാല്‍ പ്രാധാന ഐറ്റം കശുമാങ്ങ തന്നെ. ‘അണ്ടി, മരത്തിന്റെ ഉടമയുടെ വീട്ടില്‍ കൊടുത്ത് മാങ്ങ തിന്നാം’ എന്നാണ് നിയമമെങ്കിലും തരം കിട്ടിയാല്‍ അണ്ടി പോക്കറ്റിലാക്കി (അന്ന് പാവാടക്കും പോക്കറ്റുണ്ടായിരുന്നു) അത് വഴിയിലുള്ള പീടികയില്‍ കൊടുത്ത് വെല്ലം വാങ്ങിത്തിന്നും. (നാട്ടിന്‍‌പുറത്തുള്ള നാടന്‍ പീടികയില്‍ നാരങ്ങമിഠായിപോലും കിട്ടുകയില്ല).
... ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തെ ഒരു ദിവസം…. സ്ക്കൂള്‍ വിട്ടപ്പോള്‍ ഞങ്ങള്‍ നാല് പെണ്‍‌കുട്ടികള്‍ പതിവുപോലെ ഇടവഴികടന്ന് അടുത്ത പറമ്പത്തെ മാങ്ങയും ചെക്കിപഴവും മുള്ളിക്കായും തിന്ന്, കിണറ്റിലെ വെള്ളം വലിച്ച് കുടിച്ച ശേഷം മതില് കയറിമറിഞ്ഞ് അടുത്ത പറമ്പിലെത്തിയപ്പോഴാണ് അത് കാണുന്നത്. ‘കുറേ അണ്ടിമാങ്ങ മരച്ചുവട്ടില്‍ വീണു കിടക്കുന്നു’. (അണ്ടിമാങ്ങ എന്നുവെച്ചാല്‍ അണ്ടിയുള്ള മാങ്ങ അതായത് കശുമാങ്ങ) നാലുപേരും അണ്ടി പാവാടയുടെ കീശയിലും മാങ്ങ വായിലും കടത്തുമ്പോഴാണ് മരത്തിന്റെ മുകളില്‍ നിന്നും ഒരു പെണ്ണിന്റെ അലര്‍ച്ച കേള്‍ക്കുന്നത്, “ആരെടാ അണ്ടി കക്കുന്നത്. ഞാനങ്ങോട്ട് വന്നാല്‍ നിന്നെയൊക്കെ….” പിന്നെ പുളിച്ച് നാറിയ തെറിയാണ് . പെട്ടെന്ന് ഞെട്ടി എട്ട് കണ്ണുകളും മേലോട്ട് നോക്കി. അപ്പോള്‍ മരത്തിന്റെ ഉയര്‍ന്ന കൊമ്പില്‍ നിന്ന് കശുമാങ്ങ പറിച്ച് താഴെയിടുന്നത്; ഒരു പാവാടക്കാരി, ഞങ്ങളെ സ്ക്കൂളിലെ ഏഴാംതരത്തില്‍ പഠിക്കുന്ന പ്രേമ.
പ്രേമ:- അവള്‍ എണ്ണക്കറുപ്പ് നിറമുള്ള ഒരു മരം കയറി പെണ്ണായിരുന്നു. മരം‌കയറ്റം പ്രേമയുടെ ഒരു വിനോദമാണ്. (അത്യാവശ്യം വരുമ്പോള്‍ അവള്‍ തേങ്ങയും കയറി പറിക്കാറുണ്ട്) പഠിപ്പില്‍ പിന്നിലാണെങ്കിലും ഓട്ടം, ചാട്ടം, വീട്ടുജോലികള്‍, മറ്റ് കുട്ടികളുമായുള്ള അടിപിടി; തുടങ്ങി എല്ലാറ്റിലും അവള്‍ ഒന്നാം സ്ഥാനത്താണ്. അവളുടെ അമ്മ അച്ഛനെ ഭരിക്കും; എന്നാല്‍ മൂന്നു മക്കളില്‍ മൂത്തവളായ പ്രേമ അച്ഛനെയും അമ്മയെയും ഭരിക്കും. മരത്തിനു മുകളില്‍ പ്രേമയെ കണ്ടതിനു ശേഷമാണ്, താഴെ വീണത് എടുക്കുന്നതിന് മുന്‍പ് നാലുവശത്തും പിന്നെ മുകളിലോട്ടും നിരീക്ഷിക്കുന്ന സ്വഭാവം എനിക്കും എന്റെ നാട്ടുകാര്‍ക്കും ഉണ്ടായത്.
നമ്മുടെ കഥാനായിക ഒന്‍പതാം ക്ലാസ്സില്‍ തോറ്റപ്പോള്‍ പഠനം പാതിവഴിക്ക് നിര്‍ത്തി. എന്നാല്‍ ജീവിതത്തില്‍ തോല്‍ക്കാത്ത അവള്‍ തയ്യല്‍ പഠിച്ചു. പുതിയതായി ആരംഭിച്ച, ഏതാനും സ്ത്രീകളാല്‍ നടത്തപ്പെടുന്ന തയ്യല്‍‌ക്കടയില്‍ ജീവിതത്തില്‍ ആവശ്യമുള്ളതെല്ലാം തുന്നിയുണ്ടാക്കാന്‍ അവള്‍ പഠിച്ചു. പ്രേമയുടെ തയ്യല്‍‌കടയുടെ മുന്നില്‍ റോഡിന്റെ മറുവശത്തായി ഒരു ടൈപ്പ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിട്യൂട്ട് സ്ഥിതിചെയ്യുന്നുണ്ട്. തുന്നലിന്റെ ശബ്ദത്തോടൊപ്പം ടൈപ്പ് ചെയ്യുന്ന ശബ്ദവും ഇടകലര്‍ന്ന് കേള്‍ക്കാം. (ഇപ്പോള്‍ തൊഴിലില്ലാത്ത പെണ്‍‌പട ടൈപ്പ്‌റൈറ്ററിന് പകരം കമ്പ്യൂട്ടര്‍ പഠിക്കുന്നു) ടൈപ്പ് പഠിക്കാന്‍ വരുന്ന തരുണീമണികള്‍ അവരുടെ പാവാട, ബ്ലൌസ്, പിന്നെ പറയാന്‍ മടിക്കുന്ന ഐറ്റംസ്, എല്ലാം തുന്നാന്‍ കൊടുക്കുന്നത് പ്രേമയുടെ കടയിലാണ്.
ലത:- SSLC കഴിഞ്ഞ ശേഷം പുതിയതായി ടൈപ്പ്‌റൈറ്റിങ്ങ് പഠിക്കാന്‍ തുടങ്ങിയവള്‍. അന്ന് ഒരു മഞ്ഞ സാരിക്ക് മാച്ച്‌ചെയ്യുന്ന മഞ്ഞ ബ്ലൌസ് തുന്നാന്‍ വേണ്ടിയാണ് പ്രേമയുടെ തയ്യല്‍ക്കടയില്‍ വന്നത്. ആദ്യമായി സാരി ഉടുക്കുന്നത് കൊണ്ട് ബ്ലൌസിന്റെ അളവ് പ്രേമ എടുക്കാന്‍ തുടങ്ങി. അപ്പോഴാണ്; ഇരുവര്‍‌ക്കും രോമാഞ്ചം ഉണ്ടായതും അടുപ്പം വര്‍ദ്ധിച്ചതും.
.
പിറ്റേ ദിവസം മുതല്‍ ലതയും പ്രേമയും ഒന്നിച്ച് നടക്കാന്‍ തുടങ്ങി. പ്രേമ രാവിലെ ജോലിക്ക് വരുന്നുണ്ടെങ്കിലും ഉച്ചയ്ക്കു ശേഷമാണ് ടൈപ്പ് പഠിക്കാന്‍ ലത വരുന്നത്. വൈകുന്നേരം ഒന്നിച്ച് പോകുന്ന അവര്‍ വേര്‍പിരിയാന്‍ കഴിയാത്ത കൂട്ടുകാരികളായി മാറി. പ്രേമ ആദ്യം ലതയെ അവളുടെ വീട്ടില്‍ വിട്ടതിനു ശേഷമാണ് എന്നും സ്വന്തം വീട്ടിലേക്ക് പോകുന്നത്. ഇതിനിടയില്‍ അവര്‍ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും അന്താരാഷ്ട്രകാര്യങ്ങളും ചര്‍ച്ച ചെയ്യും. ലതയ്ക്ക് കല്ല്യാണം കഴിഞ്ഞ രണ്ട് ചേച്ചിമാരും കല്ല്യാണം കഴിയാത്ത ഭീകരന്മാരായ മൂന്ന് ആങ്ങളമാരും പാവങ്ങളായ ഒരച്ഛനും ഒരമ്മയും ഉണ്ട്. പ്രേമക്ക് സ്വന്തമായി അച്ഛനും അമ്മയും പിന്നെ ബന്ധുക്കളായി എല്ലാവരും ഉണ്ടെങ്കിലും അവള്‍ ആരുടെയും നിയന്ത്രണത്തിലല്ല.
മാസങ്ങള്‍ കഴിഞ്ഞതോടെ വീണുകിട്ടുന്ന ഞായറാഴ്ചകളില്‍ പ്രേമ-ലതകള്‍ സിനിമ കാണാനും ടൌണില്‍ കറങ്ങിനടക്കാനും തുടങ്ങി. നാട്ടുകാരായ ചിലര്‍ക്ക് രണ്ട് പെണ്‍‌കുട്ടികള്‍ തമ്മിലുള്ള അസാധാരണമായ ബന്ധം ചര്‍ച്ചാവിഷയമായി മാറിയെങ്കിലും; അത് കേട്ടവര്‍, അസൂയ കൊണ്ടാണെന്ന് പറഞ്ഞ് അവരെ പരിഹസിച്ചു. ആങ്ങളമാര്‍ ലതയോട് പ്രേമയുമായുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോള്‍, അവള്‍ അതില്‍ തെറ്റില്ലെന്ന് വാദിച്ചു.
“ഞാനെന്താ ആണ്‍കുട്ടിയുടെ കൂടെയാണോ നടക്കുന്നത്? എന്റെ ചേച്ചിയുടെ കൂടെയല്ലെ; അതിലെന്താണ് തെറ്റ്?”
ഇതു കേട്ട് വീട്ടുകാര്‍ ആശ്വസിച്ചു. പ്രേമയുടെ വീട്ടിലാണെങ്കില്‍ അവളെ ചോദ്യം ചെയ്യാന്‍ ധൈര്യമുള്ള ആരും ആ വീട്ടില്‍ ഇതുവരെ ജനിക്കുകയോ വളരുകയോ ചെയ്തിട്ടില്ല.
ഒരു ഞായറാഴ്ച അടുത്ത പ്രദേശത്തെ ഒരു ചെറുപ്പക്കാരന്‍ ലതയെ പെണ്ണ്കാണാന്‍ വന്നു. വന്നവര്‍‌ക്ക് ഇഷ്ടമായി. അതുപോലെ ലതയ്ക്കും ചെക്കനെ ഇഷ്ടമായി. പിറ്റേദിവസം വളരെ സന്തോഷത്തോടെ ലത ഇക്കാര്യം പ്രേമയോട് പറഞ്ഞു. എന്നാല്‍ ഇത് കേട്ടയുടനെ പ്രേമയുടെ ഭാവം മാറി.
“കല്ല്യാണം കഴിക്കാനോ? അതൊന്നും പാടില്ല. ആണുങ്ങളെ എങ്ങിനെ വിശ്വസിക്കും?”
പിന്നെ ഒരു മണിക്കൂര്‍ ‘കല്ല്യാണശേഷം നടക്കുന്ന ജീവിതപ്രശ്നങ്ങളെകുറിച്ച് പ്രേമ ക്ലാസ്സ് കൊടുത്തു. ഒടുവില്‍ പ്രേമ ഇടപെട്ട് ലതയുടെ വിവാഹം ഒഴിവാക്കി . അതിനുശേഷം ലതയുടെ വീട്ടുകാര്‍ പ്രേമയോടൊപ്പം നടക്കുന്നതിനെ എതിര്‍ത്തു. ടൈപ്പ്‌റൈറ്റിങ്ങ് ക്ലാസ്സ് ഒഴിവാക്കി.
അങ്ങനെയിരിക്കെ ഒരു ദിവസം നാട് ഉണര്‍ന്നത് ആ വാര്‍ത്തയുമായാണ് ‘പ്രേമ ലതകളെ കാണാനില്ല’. ലതയുടെ സഹോദരങ്ങള്‍ അവളെ അന്വേഷിച്ച് പോലീസിലും പത്രത്തിലും വാര്‍ത്ത നല്‍കി. ഒടുവില്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ കോഴിക്കോട് അങ്ങാടിയിലൂടെ ചുറ്റിക്കറങ്ങുന്ന രണ്ട് പെണ്‍‌കുട്ടികളെയും പോലീസ് പിടിച്ച് രക്ഷിതാക്കളെ ഏല്‍പ്പിച്ചു. അപ്പോഴേക്കും കൈയിലുള്ള പണവും ആഭരണങ്ങള്‍ വിറ്റ്‌കിട്ടിയ പണവും തീര്‍ന്നിരുന്നു. അങ്ങനെ ആഘോഷപൂര്‍‌വ്വം വീട്ടില്‍ തിരിച്ചെത്തിയ ലത, പ്രേമയുടെ കൂടെ പോകണമെന്ന് വാശിപിടിക്കുകയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ വീട്ടുകാര്‍ അവളെ മുറിയില്‍ അടച്ചിട്ടു. എന്നാല്‍ പ്രേമ പിറ്റേ ദിവസം മുതല്‍ ഒരു ഭാവമാറ്റവും കൂടാതെ തുന്നല്‍‌ക്കടയില്‍ പോകാന്‍ തുടങ്ങി.
ഒരാഴ്ച പ്രധാനവാര്‍ത്തകളൊന്നും ഉണ്ടായില്ല. സൂര്യന്‍ കിഴക്ക് ഉദിക്കുന്നത് കാണാത്തവര്‍ കൂടി പടിഞ്ഞാറ് അറബിക്കടലില്‍ അസ്തമിക്കുന്നത് വ്യക്തമായി കണ്ടു. എന്നാല്‍ ഒരു ശനിയാഴ്ച ദിവസം പുലര്‍ന്നത്, ആ വാര്‍ത്തയുമായാണ്
… ലത അത്മഹത്യ ചെയ്തിരിക്കുന്നു. സ്വന്തം മുറിയിലെ കഴുക്കോലില്‍ കുരുക്കിട്ട മഞ്ഞസാരിയില്‍ അവള്‍ തൂങ്ങിക്കിടക്കുന്നു. മരിക്കുന്നതിനു മുന്‍പ് സ്വന്തം വിരല്‍ മുറിച്ച് ഒഴുകുന്ന രക്തംകൊണ്ട് കണ്ണാടിയില്‍ എഴുതിയിരിക്കുന്നു; ‘പ്രേമലതകള്‍’
പിന്‍‌കുറിപ്പ്:
 1. പ്രേമ പതിവുപോലെ തയ്യല്‍‌ക്കടയില്‍ പോകാന്‍ തുടങ്ങി. അവള്‍ പുതിയതായി വരുന്ന പെണ്‍കുട്ടികളുടെ അളവുകള്‍ എടുത്ത് വീണ്ടും ബ്ലൌസുകള്‍ തുന്നിയുണ്ടാക്കാന്‍ തുടങ്ങി.
 2. കഥയില്‍ ചോദ്യങ്ങള്‍ ഉണ്ട്; ഉത്തരം കിട്ടാ‍ത്ത ചോദ്യങ്ങള്‍ മാത്രം.

18 comments:

 1. കഥയില്‍ ചോദ്യമുണ്ടായാലും ഇല്ലെങ്കിലും കഥ നന്നായിരിക്കുന്നു....

  ReplyDelete
 2. പാവം ലത... അവൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു..
  പ്രണയത്തിന്റെ ബലിക്കൽ‌പ്പുരയിൽ ഒരു ലത കൂടി..

  ReplyDelete
 3. അവതരണം നർമ്മത്തിലൂടെ ആണെങ്കിലും ആശയം ഗൗരവം നിറഞ്ഞതാണെന്നു തോന്നുന്നു.. ഉവ്വൊ?

  ReplyDelete
 4. Chodyangal utharam kittathe thanne thudarunnu...!
  Manoharam, Ashamsakal....!!!

  ReplyDelete
 5. നല്ലൊരു ആശയം തന്നെ മിനി ചേച്ചി, ഗൌരവമായി തന്നെ സമീപിച്ചിരിക്കുന്നു, ഒപ്പം നര്‍മത്തിന്റെ മേമ്പോടിയും.
  പാവം ലത, പക്ഷെ ആത്മഹത്യ ചെയ്യണ്ടി ഇരുന്നോ,
  പ്രേമ വിവാഹം കഴിച്ചോ പിന്നീട്?

  ReplyDelete
 6. കുറേ പ്രേമലതമാര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്ന് തോന്നുന്നു..... എന്തായാലും നന്നായി എഴുതി

  ReplyDelete
 7. അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.
  സാപ്പി (.
  വളരെ നന്ദി.

  കുമാരന്‍|kumaran (.
  നന്ദി.

  KRISHNANUNNI (.
  നന്ദി.

  Sureshkumar Punjhayil (.
  നന്ദി.

  കുറുപ്പിന്റെ കണക്കു പുസ്തകം (.
  നന്ദി.

  പ്രതീഷ് ദേവ് (.
  നന്ദി.

  രഘുനാഥന്‍ (.
  നന്ദി.

  കഥയില്‍ സൂചിപ്പിച്ചതുപോലെ പ്രേമ ലതയുടെ കാര്യത്തില്‍ ഒരു താല്പര്യവും കാണിച്ചില്ല. അവള്‍ സ്വന്തം കാര്യം മാത്രമാണ് നോക്കിയത്. അത്‌കൊണ്ട് തന്നെ കല്ല്യാണം കഴിച്ച് കുട്ടികളുമായി സുഖമായി ജീവിച്ചു.
  കമന്റ് എഴുതിയ എല്ലാവര്‍ക്കും ഒന്നു കൂടി നന്ദി പറഞ്ഞ്‌കൊണ്ട് ഓണാശംസകള്‍ അറിയിക്കുന്നു.

  ReplyDelete
 8. ടീച്ചറേ....

  ഇപ്പോഴാണെങ്കില്‍ ലതയ്ക്കിതു പറ്റില്ലാഉഒരുന്നു..
  ഇതിനൊക്കെ ലൈസന്‍ സ്...കിട്ടിയിട്ട് അധികകാലമായില്ലല്ലോ....

  ReplyDelete
 9. lalranjith (..

  കമന്റ് എഴുതിയതിനു നന്ദി. സ്വവര്‍ഗ്ഗ വിവാഹം നിയമം അനുകൂലിച്ചപ്പോള്‍ കലിയുഗചിന്തകള്‍ എന്ന പോസ്റ്റിന്റെ കൂടെ എഴുതിയതാണ് ഈ പോസ്റ്റ്. എന്നാല്‍ പ്രേമലതകള്‍ക്ക് പ്രത്യേക പ്രാധാന്യം ഉള്ളതുകൊണ്ട് പ്രത്യേകം പോസ്റ്റാക്കി. കാരണം നാട്ടില്‍ സംഭവിച്ചത് അതേപടി ‘ഫോര്‍മാറ്റ് ചെയ്ത്‘ എഴുതിയതാണ്.

  ReplyDelete
 10. ഇത് സംഭവിച്ചതാണല്ലേ? ഭീകരം.

  ഇത് പോലെ ഒരെണ്ണം എന്റെ ബ്ലോഗിലും ഉണ്ട്. നോക്കുക.

  http://manorajkr.blogspot.com/2010/06/blog-post.html

  ReplyDelete
 11. ചേച്ചീ ഞാന്‍ ഒരു പുതിയ ആളാണ്‌ ഇവിടെ. യാദ്രിശ്ചികമായാണ് ചേച്ചിയുടെ ലിങ്ക് കിട്ടിയത്. എന്തായാലും ഇത്തരത്തിലുള്ള പ്രേമ ലതകള്‍ എല്ലായിടത്തുമുണ്ട് കേട്ടോ. എനിക്കറിയാവുന്ന കക്ഷികള്‍ രണ്ടും കൂടിയാ ജീവിതത്തിന് അടിവരയിട്ടത്. എന്തായാലും ചേച്ചിയുടെ ശൈലി എനിക്കും ഒരുപാട് ഇഷ്ടമായി.

  ReplyDelete
 12. ചേച്ചീ ഞാന്‍ ഒരു പുതിയ ആളാണ്‌ ഇവിടെ. യാദ്രിശ്ചികമായാണ് ചേച്ചിയുടെ ലിങ്ക് കിട്ടിയത്. എന്തായാലും ഇത്തരത്തിലുള്ള പ്രേമ ലതകള്‍ എല്ലായിടത്തുമുണ്ട് കേട്ടോ. എനിക്കറിയാവുന്ന കക്ഷികള്‍ രണ്ടും കൂടിയാ ജീവിതത്തിന് അടിവരയിട്ടത്. എന്തായാലും ചേച്ചിയുടെ ശൈലി എനിക്കും ഒരുപാട് ഇഷ്ടമായി.

  ReplyDelete
 13. വായിച്ചു രസിച്ചു......വീണ്ടും വരാം....

  ReplyDelete
 14. techer, it is very nice idea.

  i really like your good attempt and your progress.
  may Allah save you.

  call me or visit me www.shafeekmon.blogspot.com

  ReplyDelete
 15. ഇത് ‘നര്‍മ്മ’ത്തില്‍ വരേണ്ട വിഷയമല്ലല്ലോ ടീച്ചര്‍! ഏതായാലും നന്നായി.

  ReplyDelete
 16. കൊള്ളാം. കൊല്ലണ്ടാരുന്നു

  ReplyDelete
 17. ഇത് 2009 ലെ പോസ്റ്റല്ലേ ടീച്ചറേ...?

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!