ഗവേഷണവും നാമകരണവും
‘മലയാളം പഠിപ്പിക്കാന്‍ പുതിയ ടീച്ചര്‍ വരും’ എന്ന് പറയാന്‍ തുടങ്ങിയിട്ട് ഒരു മാസമായി. ഒടുവില്‍ ആ ആണ്‍പള്ളിക്കൂടത്തില്‍ വന്നുചേര്‍ന്ന പുതിയ ടീച്ചറെ കണ്ടപ്പോള്‍ കുട്ടികള്‍ മാത്രമല്ല, ആ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും കൂടി ഒന്നിച്ച് ഞെട്ടിയിരിക്കണം. ഇത്രയും വലിയ വനിതാരത്നത്തെ ജീവിതത്തില്‍ ആദ്യമായിട്ടാണ് പലരും കാണുന്നത്. നീളത്തെക്കാള്‍ വീതി എന്ന് പറയുന്നതുപോലെ; ഉയരത്തെക്കാള്‍ വണ്ണം. എന്നാല്‍ ടീച്ചറുടെ ഭര്‍ത്താവിന്റെ ഷെയ്പ്പ്&സൈസ് നേരെ എതിരാണ്. സ്ക്കൂളില്‍ ജോയിന്‍ ചെയ്യാന്‍ വന്ന ദമ്പതികളെ കണ്ടപ്പോള്‍ ഇതുവരെ ഒരു കോമഡി പോലും പറയാത്ത പ്യൂണ്‍ സ്റ്റാഫ് റൂമില്‍ ഓടിവന്ന് പറഞ്ഞു;
“10 കാണാത്തവര്‍ ഉണ്ടെങ്കില്‍ ഉടനെ ഓഫീസില്‍ പോയാല്‍ കാണാം”
പിന്നെ ഇവരുടെ കുഞ്ഞന്‍സ് ഏതു സൈസാണെന്ന് കണ്ടെത്താനുള്ള ശ്രമം അദ്ധ്യാപകര്‍ തന്നെ ഏറ്റെടുത്തു.
പിന്നെ ഇവരുടെ കുഞ്ഞന്‍സ് ഏതു സൈസാണെന്ന് കണ്ടെത്താനുള്ള ശ്രമം അദ്ധ്യാപകര്‍ തന്നെ ഏറ്റെടുത്തു.
.
ടീച്ചറുടെ വണ്ണം കണക്കിലെടുത്ത് സ്ക്കൂളിനടുത്ത്‌തന്നെ താമസിക്കാന്‍ ഒരു വീട് കണ്ടുപിടിച്ചു. ഈ ശരീരഭാരവും വഹിച്ച് നിത്യേനയുള്ള ബസ്‌യാത്ര അപ്രാപ്യമാണ്. അഥവാ ടീച്ചര്‍ ബസ്‌യാത്രക്ക് തയ്യാറാവുകയാണെങ്കില്‍, സ്ക്കൂള്‍ ബസ്‌സ്റ്റോപ്പില്‍ ‘നിര്‍ത്താന്‍ തുടങ്ങിയ ബസ്’ പോലും പെട്ടെന്ന് നിര്‍ത്താതെ പോകും. അങ്ങനെ നിത്യയാത്രക്കാരായ അദ്ധ്യാപകരുടെ കാര്യം കഷ്ടത്തിലാവും.
.
വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തിന് ഒരു നിര്‍വ്വചനം ഉണ്ട്- ‘പെണ്‍കുട്ടികള്‍ മാത്രം ഉള്ള ക്ലാസ്സ് :വളരെ അച്ചടക്കം, മിക്സഡ് ക്ലാസ്സ് :മിനിമം അച്ചടക്കം, ആണ്‍കുട്ടികള്‍ മാത്രം ഉള്ള ക്ലാസ്സ് :അച്ചടക്കരഹിതം’.
അപ്പോള്‍പിന്നെ നമ്മുടെ ബോയ്സ് ഹൈ സ്ക്കൂള്‍ അച്ചടക്കത്തിന്റെ കാര്യത്തില്‍ കൊടുങ്കാറ്റടിക്കുന്ന കടല്‍ പോലെയാണ്. എങ്ങും എന്നും ബഹളമയം.
ഒരു വിദ്യാര്‍ത്ഥിയെ ‘ഇങ്ങോട്ടു വാ’ എന്നു വിളിച്ചാല്‍ നേരെ എതിരായി ‘അങ്ങോട്ടു പോകും’. പിന്നെ ഒരു വശത്ത് റോഡ്, മറുവശത്ത് റെയില്‍പ്പാളം. ഒരു വശത്ത് സൈറണ്‍ മുഴക്കി വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ മറുവശത്ത് തീവണ്ടി കൂകിപ്പായുന്നു. പറയുന്നതല്ല കേള്‍ക്കുന്നത്, കേള്‍ക്കുന്നതല്ല എഴുതുന്നത്. അതിനിടയില്‍ നമ്മുടെ മലയാളം കാലുകള്‍ അമര്‍ത്തിചവിട്ടി ഉരുണ്ടുരുണ്ട് ഓരോ ക്ലാസ്സിലും കയറി ആശാനെയും വള്ളത്തോളിനെയും എടുത്ത് അമ്മാനമാടാന്‍ തുടങ്ങി.
.
പുതിയ അദ്ധ്യാപകര്‍ സ്ക്കൂളില്‍ വന്നാല്‍, നമ്മുടെ ആണ്‍പിള്ളേര്‍ ചെറുതും വലുതുമായ ‘റേഗിങ്ങ്’ നടത്താറുണ്ട്. ആ റേഗിങ്ങ് കാരണം ചില പാവം ടീച്ചര്‍മാര്‍ക്ക് ‘ടീച്ചര്‍ജോലി’യോടുതന്നെ വെറുപ്പ് തോന്നും.
ആ പതിവ് തെറ്റിച്ചത് നമ്മുടെ പുതിയ മലയാളം ടീച്ചറാണ്. ആദ്യദിവസംതന്നെ പ്രീയശിഷ്യന്മാരെപറ്റി വളരെ നല്ല കമന്റ് പാസ്സാക്കി;
“എത്ര നല്ല അച്ചടക്കമുള്ള ആണ്‍കുട്ടികള്‍, എനിക്ക് വളരെ ഇഷ്ടപ്പെട്ടു”.
“കുട്ടികളെല്ലാം ടീച്ചറെ കണ്ടപാടെ പേടിച്ച് പതുങ്ങിയിരിപ്പാവും” ഇതുകേട്ട സഹപ്രവര്‍ത്തകര്‍ ടീച്ചര്‍ കേള്‍ക്കാതെ പറഞ്ഞു.
.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഏതോ ഒരു വിരുതന്‍ പുതിയ ടീച്ചര്‍ക്ക് നാമകരണം നടത്തി; ‘റബ്ബര്‍’. മലയാളം ടീച്ചറല്ലെ; കുട്ടികളുടെ നോട്ട് നോക്കാനായി ക്ലാസ്സില്‍ ചുറ്റിനടക്കുന്ന ടീച്ചറുടെ പിന്‍വശമാണ് അവരുടെ ശ്രദ്ധയാകര്‍ഷിച്ചത്. (മുന്‍വശം നേരെ നോക്കാന്‍ ഒരു പയ്യനും ധൈര്യം കാണില്ല) അത്ര വലിയ ബേക്കപ്പ് –പിന്‍വശം- അവര്‍ ആദ്യമായാണ് കാണുന്നത്. അത് ഒറിജിനലല്ല, റബ്ബര്‍ഷീറ്റ് വെച്ച് കെട്ടിയതായിരിക്കും എന്ന് വിശ്വസിച്ച പാവം ഏതോ ഒരു പയ്യന്‍ ടീച്ചര്‍ക്ക് പേരിട്ടു; ‘റബ്ബര്‍ചന്തി’. അത് പറയാനുള്ള എളുപ്പത്തിന് ‘റബ്ബര്‍’ എന്ന് ചുരുക്കി.
.
നാല് വിദ്യാര്‍ത്ഥി സമരങ്ങളും രണ്ട് അദ്ധ്യാപക സമരങ്ങളും അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും കൂടാതെ ഒരു മാസം കൂടി കഴിഞ്ഞു. മലയാളം ടീച്ചറുടെ വണ്ണം ഒന്നുകൂടി വര്‍ദ്ധിച്ചുവെങ്കിലും അവര്‍ക്ക് അതൊരു പ്രശ്നമേയല്ല.
അങ്ങനെയിരിക്കെ ഏതാനും ദിവസമായി പുതിയ ടീച്ചര്‍ പഠിപ്പിക്കുന്ന 10A ക്ലാസ്സില്‍ ചെറിയ ഇളക്കം. ക്ലാസ്സിലെ കുട്ടികള്‍ക്കിടയിലൂടെ ടീച്ചര്‍ മുന്നോട്ടു നടക്കുമ്പോള്‍ കേള്‍ക്കാം, പിന്നില്‍നിന്നും ശബ്ദം. അവനെ കണ്ടുപിടിക്കാനായി ടീച്ചര്‍ അരവട്ടം കറങ്ങുമ്പോള്‍ ക്ലാസ്സ് മൊത്തത്തില്‍ നിശബ്ദം. ഇത് പലവട്ടം ആവര്‍ത്തിക്കും.
.
മലയാളം ടീച്ചറുടെ കാര്യത്തില്‍ ക്ലാസ്സില്‍ പ്രശ്നം ഉണ്ടാക്കിയത് ക്ലാസ്സ് ലീഡര്‍ തന്നെയാണ്. ചെക്കന് ഒരു ചിന്ന സംശയം; അവന്‍ പ്രഖ്യാപിച്ചു,
“എല്ലാരും ചൊല്ലണപോലെ ടീച്ചര്‍ വണ്ണം കൂട്ടാന്‍ റബര്‍ഷീറ്റൊന്നും വെച്ച്കെട്ടിയതല്ല; സംഗതി ഒറിജിനല്‍ തന്നെയാ”
“സിനിമയിലും ഡാന്‍സിലും കഥകളിയിലും ഒക്കെ എല്ലാം വെച്ചുകെട്ടാ. ഇതും അതുപോലെ വെച്ചുകെട്ടിയതാണ്” ലീഡറെ അനുയായികള്‍ വെല്ലുവിളിച്ചു.
നോക്കണേ പൊല്ലാപ്പ്, കൌമാരത്തിലേക്ക് കാല് കുത്തിയ കുമാരന്മാരുടെ ലോകമല്ലെ. പിള്ളേര്‍ ബെറ്റ്കെട്ടാന്‍ തുടങ്ങി; ഒരു വട്ടം, രണ്ടു വട്ടം, മൂന്നു വട്ടം.
.
ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നാമത്തെ പിരിയേഡ്; സമയം 2.30. നമ്മുടെ മലയാളം അദ്ധ്യാപിക സ്റ്റാഫ്‌റൂമില്‍ നിന്നും ഉച്ചഭക്ഷണം കഴിഞ്ഞശേഷം ഉറക്കച്ചടവില്‍ ഇറങ്ങി, പതുക്കെ നടന്ന് ‘10A’ ക്ലാസ്സില്‍ പ്രവേശിച്ചു. ‘സംസ്കൃതം, അറബിക്ക്’ ആദിയായവ ‘ഒന്നാം ഭാഷ’ ആയി പഠിക്കുന്ന കുട്ടികള്‍ മാത്രം ഉള്ള ക്ലാസ്സ് ആയതിനാല്‍; മലയാളം സെക്കന്റ് പേപ്പറിനു വേണ്ട വകയാണ് അവര്‍ക്ക് ഇവിടെ വിഷയം. ഉപപാഠം ആയി പഠിക്കേണ്ടത് വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ നോവല്‍ ‘പാത്തുമ്മയുടെ ആട്’.
.
ടീച്ചര്‍ ക്ലാസിനകത്ത് പ്രവേശിച്ച് പഠിപ്പിക്കാന്‍ തുടങ്ങി. ഡെസ്ക്കിനുമുകളില്‍ എല്ലാവരുടെയും ‘പാത്തുമ്മയുടെ ആട്’ തുറന്നുമലര്‍ന്ന് അങ്ങനെ കിടക്കുകയാണ്. കഥകളും ഉപകഥകളും പറഞ്ഞ് രസം പിടിച്ച പഠനം. ‘ആട്’ പതുക്കെ ‘ബാല്യകാലസഖിയും മതിലുകളും’ ഓരോ പേജുകളായി തിന്നുകൊണ്ടിരിക്കുമ്പോഴാണ്, ടീച്ചര്‍ക്ക് വിദ്യാര്‍ത്ഥികളെ ശ്രദ്ധിച്ചുകൊണ്ട് ക്ലാസ്സില്‍ ചുറ്റിനടക്കാന്‍ തോന്നിയത്. ടീച്ചര്‍ ചുറ്റിനടക്കുന്നതു കണ്ടപ്പോള്‍, ബെഞ്ചിന്റെ അറ്റത്തിരിക്കുന്ന എല്ലാ വീരന്മാരും കൈയുടെ അറ്റം ഡസ്ക്കിന്റെ അറ്റത്തുവെച്ചു. ‘പിന്‍വശം ഒന്നു തൊട്ടു നോക്കിയിട്ടു വേണം അവിടെയുള്ള എക്‍സ്ട്രാഫിറ്റിങ്ങ്സ് തിരിച്ചറിയാന്‍ ’. ഒടുവില്‍ സ്പര്‍ശനം ലഭിച്ചത് ഏറ്റവും പിന്നിലെ ബഞ്ചില്‍ ഏറ്റവും പിന്നിലിരിക്കുന്നവനാണ്. പെട്ടെന്ന് പരിസരം മറന്ന് അവന്‍ വിളിച്ചുകൂവി;
“എടാ ഇത് ഒറിജിനലാ”
ശബ്ദം കേട്ടപ്പോള്‍ മുന്നോട്ട് പോയ ടീച്ചര്‍ തിരിഞ്ഞുനോക്കി ചോദിച്ചു,
“ആരെടാ ഒച്ചയാക്കിയത്?”
ആളെ തിരിച്ചറിഞ്ഞില്ലെന്ന്, തിരിച്ചറിഞ്ഞ പിന്‍ബഞ്ചുകാര്‍ ഓരോരുത്തരും പറഞ്ഞു;
“ഞാനല്ല”
“അപ്പോള്‍പിന്നെ ശബ്ദം കേട്ടത്?” ടീച്ചര്‍ ആദ്യമായിട്ടാണ് ഇത്രയും ദേഷ്യപ്പെടുന്നത്.
“ഞങ്ങളാരും ഒരു ശബ്ദവും കേട്ടില്ല ടീച്ചര്‍” എല്ലാവരും ഒന്നിച്ച് വിളിച്ചുപറഞ്ഞു.
പിറ്റേ ദിവസം ഒരു ശുഭമുഹൂര്‍ത്തത്തില്‍ അദ്ധ്യാപികയുടെ പേര്‍ ‘റബര്‍’ എന്നത് മാറ്റി ‘ഡബ്ള്‍’ എന്ന് നാമകരണം ചെയ്തു.
. പിന്‍കുറിപ്പ്:
- പയ്യന്മാര്‍ ക്ലാസ്സില്‍ മൊബൈല്‍ ക്യേമറ കൊണ്ടുവരാഞ്ഞത്; അത് സ്ക്കൂളില്‍ നിരോധിച്ചതു കൊണ്ടല്ല, കണ്ടുപിടിക്കാന്‍ ഐഡിയ ഇല്ലാത്തതു കൊണ്ടാണ്.
- ആദ്യമായി ക്ലാസ്സില്‍ വരുന്ന അദ്ധ്യാപകര്‍ സ്വന്തം പേര് പറഞ്ഞാലും ഇല്ലെങ്കിലും ആളും തരവും നോക്കി പേരിടുന്നത് വിദ്യാര്‍ത്ഥികളുടെ ജന്മാവകാശമാണ്.(നാമകരണം കൂടുതല്‍ അറിയാന്‍ മിനിനര്‍മ്മത്തില്‍ നമ്പര്‍10 പോസ്റ്റ് കാണുക)
