7.7.26

നേരം വൈകി ഉണരുന്നവർക്ക്

സ്കൂളിൽ എന്നും വൈകിവരുന്ന കുട്ടിയമ്മ ഹെഡ് ടീച്ചർക്ക് മാത്രമല്ല സ്കൂളിനും മൊത്തം പ്രശ്നമാണ്. എന്നും വൈകി എത്തിയതിനാൽ നേരാംവണ്ണം ജോലി ചെയ്യാത്ത പ്യൂണിനെ കുറിച്ച് മറ്റുള്ളവരുടെ പരാതികൾ മൊത്തം എച്ച്.എം.ന് നേരെയാണ്. പ്യൂൺ കുട്ടിയമ്മയെ ഇങ്ങനെ കയറൂരി വിട്ടാൽ അധ്യാപകരും കയറ് പൊട്ടിക്കും എന്ന അവസ്ഥ ആയപ്പോൾ ഒരു ദിവസം സ്റ്റാഫ് മീറ്റിംഗിൽ കുട്ടിയമ്മയോട് നമ്മുടെ ഹെഡ് വിശാലാക്ഷി ടീച്ചർ പറഞ്ഞു, “കുട്ടിയമ്മേ ഇനിയിങ്ങനെ വൈകി വന്നാൽ ഞാൻ ഹാഫ് ലീവ് മാർക്ക് ചെയ്യും, കേട്ടോ?” “അയ്യോ മാഷേ ചതിക്കല്ലേ,, ഇങ്ങനെയൊരു ജോലി ഉള്ളതുകൊണ്ടാണ് ഞാനും എന്റെ വീടും കഞ്ഞി കുടിക്കുന്നത്” “എന്നാലും നേരത്തെ വരാൻ പറ്റില്ല, ഇനി മുതൽ നേരത്തെ വന്നില്ലെങ്കിൽ വീട്ടിൽ തന്നെ ഇരുന്നാൽ മതി” സ്കൂളിലെ കണക്ക് മാഷ് പറഞ്ഞത് കേട്ട് കുട്ടിയമ്മ കരയാൻ തുടങ്ങി, “അയ്യോ ടീച്ചറേ ഞാനിനി നേരത്തെ വരാൻ നോക്കാം. രാവിലെ എഴുന്നേറ്റ് കുറേ ജോലി ചെയ്യുന്നത് കൊണ്ടാണ് ഓടിവന്നിട്ടും ഈടയെത്തുമ്പം വൈകുന്നത്” “അതിന് നേരത്തെ ഉണരണം,” “ഞാൻ നാല് മണിക്ക് ഉണരും, എന്നിട്ട് പണിയെല്ലാം തീരുമ്പോൾ എട്ട് മണി കഴിയും. പിന്നെ കുളിച്ച് പുറപ്പെടുമ്പോഴാണ് ലെയ്റ്റ് ആകുന്നത്” “നാല് മണിക്ക് ഉണർന്നിട്ട് ഇത്രക്ക് തീരാത്ത ജോലി എന്താണ്?” “നിങ്ങളെ വീട്ടിലെ പോലെ രണ്ടും നാലും ആളല്ല എന്റെ വീടിൽ, ഭർത്താവ്, മകൻ, മകൾ, മകളുടെ ഭർത്താവ്, മകളുടെ രണ്ട് മക്കൾ, അങ്ങേരുടെ അമ്മയും അച്ഛനും എല്ലാവർക്കും വേണ്ടി തിന്നാനുള്ളത് അടുക്കളയിൽ ഞാനൊരാൾ ഉണ്ടാക്കണം” “അവരൊന്നും സഹായിക്കില്ലേ?” “സഹായിക്കാൻ ആരാണുള്ളത്? മകൾക്ക് ചെറിയ കുട്ടിയുണ്ട്.പിന്നെന്ത് ചെയ്യാൻ? കുളിക്കാതെ ഉടുക്കാതെ മെയ്ക്കപ് ചെയ്യാതെ ഇങ്ങോട്ട് വരാൻ പറ്റുമോ?” അപ്പോൾ ഹെഡ് ടീച്ചർ ഉച്ചത്തിൽ പറഞ്ഞു, “കുട്ടിയമ്മക്ക് ഒരു കാര്യം ചെയ്താൽ നേരത്തെ വരാം. രാത്രി ജോലിയെല്ലാം കഴിഞ്ഞാൽ നേരെ ഫ്രിഡ്ജിൽ കയറി ഇരുന്നാൽ മതി. രാവിലെ ഇറങ്ങി വന്നാൽ പിന്നെ വീട്ടിജോലി കഴിഞ്ഞ് നേരത്തെ വരാമല്ലോ” *******

16.9.22

20. "പ്രേമ ലതകള്‍”

‘ഞങ്ങള്‍ കുട്ടികള്‍’ സ്ക്കൂളില്‍ പോകുന്നത് നേര്‍വഴിയിലൂടെയാണെങ്കിലും തിരിച്ച് വീട്ടിലേക്ക് വരുന്നത് വളഞ്ഞ വഴിയിലൂടെയായിരിക്കും. അങ്ങനെ വളഞ്ഞ വഴി വരുന്നത്‌കൊണ്ട് മെച്ചം ഉണ്ട്. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഒരിക്കലും വിശപ്പ് ഉണ്ടാകാറില്ല. നെല്ലിക്ക പേരക്ക ചക്ക മാങ്ങ കശുമാങ്ങ ആദിയായവ കൂടാതെ പേരറിയാത്ത ധാരാളം ചെറുപഴങ്ങള്‍; എല്ലാം തിന്ന് വിശപ്പടങ്ങും. പിന്നെ വഴിക്കു കാണുന്ന എല്ലാ വീട്ടിലെയും കിണറ്റിലെ വെള്ളം കുടിക്കാറുണ്ട്. കശുവണ്ടി സീസണായാല്‍ പ്രാധാന ഐറ്റം കശുമാങ്ങ തന്നെ. ‘അണ്ടി, മരത്തിന്റെ ഉടമയുടെ വീട്ടില്‍ കൊടുത്ത് മാങ്ങ തിന്നാം’ എന്നാണ് നിയമമെങ്കിലും തരം കിട്ടിയാല്‍ അണ്ടി പോക്കറ്റിലാക്കി (അന്ന് പാവാടക്കും പോക്കറ്റുണ്ടായിരുന്നു) അത് വഴിയിലുള്ള പീടികയില്‍ കൊടുത്ത് വെല്ലം വാങ്ങിത്തിന്നും. (നാട്ടിന്‍‌പുറത്തുള്ള നാടന്‍ പീടികയില്‍ നാരങ്ങമിഠായിപോലും കിട്ടുകയില്ല).
... ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തെ ഒരു ദിവസം…. സ്ക്കൂള്‍ വിട്ടപ്പോള്‍ ഞങ്ങള്‍ നാല് പെണ്‍‌കുട്ടികള്‍ പതിവുപോലെ ഇടവഴികടന്ന് അടുത്ത പറമ്പത്തെ മാങ്ങയും ചെക്കിപഴവും മുള്ളിക്കായും തിന്ന്, കിണറ്റിലെ വെള്ളം വലിച്ച് കുടിച്ച ശേഷം മതില് കയറിമറിഞ്ഞ് അടുത്ത പറമ്പിലെത്തിയപ്പോഴാണ് അത് കാണുന്നത്. ‘കുറേ അണ്ടിമാങ്ങ മരച്ചുവട്ടില്‍ വീണു കിടക്കുന്നു’. (അണ്ടിമാങ്ങ എന്നുവെച്ചാല്‍ അണ്ടിയുള്ള മാങ്ങ അതായത് കശുമാങ്ങ) നാലുപേരും അണ്ടി പാവാടയുടെ കീശയിലും മാങ്ങ വായിലും കടത്തുമ്പോഴാണ് മരത്തിന്റെ മുകളില്‍ നിന്നും ഒരു പെണ്ണിന്റെ അലര്‍ച്ച കേള്‍ക്കുന്നത്, “ആരെടാ അണ്ടി കക്കുന്നത്. ഞാനങ്ങോട്ട് വന്നാല്‍ നിന്നെയൊക്കെ….” പിന്നെ പുളിച്ച് നാറിയ തെറിയാണ് . പെട്ടെന്ന് ഞെട്ടി എട്ട് കണ്ണുകളും മേലോട്ട് നോക്കി. അപ്പോള്‍ മരത്തിന്റെ ഉയര്‍ന്ന കൊമ്പില്‍ നിന്ന് കശുമാങ്ങ പറിച്ച് താഴെയിടുന്നത്; ഒരു പാവാടക്കാരി, ഞങ്ങളെ സ്ക്കൂളിലെ ഏഴാംതരത്തില്‍ പഠിക്കുന്ന പ്രേമ.
പ്രേമ:- അവള്‍ എണ്ണക്കറുപ്പ് നിറമുള്ള ഒരു മരം കയറി പെണ്ണായിരുന്നു. മരം‌കയറ്റം പ്രേമയുടെ ഒരു വിനോദമാണ്. (അത്യാവശ്യം വരുമ്പോള്‍ അവള്‍ തേങ്ങയും കയറി പറിക്കാറുണ്ട്) പഠിപ്പില്‍ പിന്നിലാണെങ്കിലും ഓട്ടം, ചാട്ടം, വീട്ടുജോലികള്‍, മറ്റ് കുട്ടികളുമായുള്ള അടിപിടി; തുടങ്ങി എല്ലാറ്റിലും അവള്‍ ഒന്നാം സ്ഥാനത്താണ്. അവളുടെ അമ്മ അച്ഛനെ ഭരിക്കും; എന്നാല്‍ മൂന്നു മക്കളില്‍ മൂത്തവളായ പ്രേമ അച്ഛനെയും അമ്മയെയും ഭരിക്കും. മരത്തിനു മുകളില്‍ പ്രേമയെ കണ്ടതിനു ശേഷമാണ്, താഴെ വീണത് എടുക്കുന്നതിന് മുന്‍പ് നാലുവശത്തും പിന്നെ മുകളിലോട്ടും നിരീക്ഷിക്കുന്ന സ്വഭാവം എനിക്കും എന്റെ നാട്ടുകാര്‍ക്കും ഉണ്ടായത്.
നമ്മുടെ കഥാനായിക ഒന്‍പതാം ക്ലാസ്സില്‍ തോറ്റപ്പോള്‍ പഠനം പാതിവഴിക്ക് നിര്‍ത്തി. എന്നാല്‍ ജീവിതത്തില്‍ തോല്‍ക്കാത്ത അവള്‍ തയ്യല്‍ പഠിച്ചു. പുതിയതായി ആരംഭിച്ച, ഏതാനും സ്ത്രീകളാല്‍ നടത്തപ്പെടുന്ന തയ്യല്‍‌ക്കടയില്‍ ജീവിതത്തില്‍ ആവശ്യമുള്ളതെല്ലാം തുന്നിയുണ്ടാക്കാന്‍ അവള്‍ പഠിച്ചു. പ്രേമയുടെ തയ്യല്‍‌കടയുടെ മുന്നില്‍ റോഡിന്റെ മറുവശത്തായി ഒരു ടൈപ്പ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിട്യൂട്ട് സ്ഥിതിചെയ്യുന്നുണ്ട്. തുന്നലിന്റെ ശബ്ദത്തോടൊപ്പം ടൈപ്പ് ചെയ്യുന്ന ശബ്ദവും ഇടകലര്‍ന്ന് കേള്‍ക്കാം. (ഇപ്പോള്‍ തൊഴിലില്ലാത്ത പെണ്‍‌പട ടൈപ്പ്‌റൈറ്ററിന് പകരം കമ്പ്യൂട്ടര്‍ പഠിക്കുന്നു) ടൈപ്പ് പഠിക്കാന്‍ വരുന്ന തരുണീമണികള്‍ അവരുടെ പാവാട, ബ്ലൌസ്, പിന്നെ പറയാന്‍ മടിക്കുന്ന ഐറ്റംസ്, എല്ലാം തുന്നാന്‍ കൊടുക്കുന്നത് പ്രേമയുടെ കടയിലാണ്.
ലത:- SSLC കഴിഞ്ഞ ശേഷം പുതിയതായി ടൈപ്പ്‌റൈറ്റിങ്ങ് പഠിക്കാന്‍ തുടങ്ങിയവള്‍. അന്ന് ഒരു മഞ്ഞ സാരിക്ക് മാച്ച്‌ചെയ്യുന്ന മഞ്ഞ ബ്ലൌസ് തുന്നാന്‍ വേണ്ടിയാണ് പ്രേമയുടെ തയ്യല്‍ക്കടയില്‍ വന്നത്. ആദ്യമായി സാരി ഉടുക്കുന്നത് കൊണ്ട് ബ്ലൌസിന്റെ അളവ് പ്രേമ എടുക്കാന്‍ തുടങ്ങി. അപ്പോഴാണ്; ഇരുവര്‍‌ക്കും രോമാഞ്ചം ഉണ്ടായതും അടുപ്പം വര്‍ദ്ധിച്ചതും.
.
പിറ്റേ ദിവസം മുതല്‍ ലതയും പ്രേമയും ഒന്നിച്ച് നടക്കാന്‍ തുടങ്ങി. പ്രേമ രാവിലെ ജോലിക്ക് വരുന്നുണ്ടെങ്കിലും ഉച്ചയ്ക്കു ശേഷമാണ് ടൈപ്പ് പഠിക്കാന്‍ ലത വരുന്നത്. വൈകുന്നേരം ഒന്നിച്ച് പോകുന്ന അവര്‍ വേര്‍പിരിയാന്‍ കഴിയാത്ത കൂട്ടുകാരികളായി മാറി. പ്രേമ ആദ്യം ലതയെ അവളുടെ വീട്ടില്‍ വിട്ടതിനു ശേഷമാണ് എന്നും സ്വന്തം വീട്ടിലേക്ക് പോകുന്നത്. ഇതിനിടയില്‍ അവര്‍ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും അന്താരാഷ്ട്രകാര്യങ്ങളും ചര്‍ച്ച ചെയ്യും. ലതയ്ക്ക് കല്ല്യാണം കഴിഞ്ഞ രണ്ട് ചേച്ചിമാരും കല്ല്യാണം കഴിയാത്ത ഭീകരന്മാരായ മൂന്ന് ആങ്ങളമാരും പാവങ്ങളായ ഒരച്ഛനും ഒരമ്മയും ഉണ്ട്. പ്രേമക്ക് സ്വന്തമായി അച്ഛനും അമ്മയും പിന്നെ ബന്ധുക്കളായി എല്ലാവരും ഉണ്ടെങ്കിലും അവള്‍ ആരുടെയും നിയന്ത്രണത്തിലല്ല.
മാസങ്ങള്‍ കഴിഞ്ഞതോടെ വീണുകിട്ടുന്ന ഞായറാഴ്ചകളില്‍ പ്രേമ-ലതകള്‍ സിനിമ കാണാനും ടൌണില്‍ കറങ്ങിനടക്കാനും തുടങ്ങി. നാട്ടുകാരായ ചിലര്‍ക്ക് രണ്ട് പെണ്‍‌കുട്ടികള്‍ തമ്മിലുള്ള അസാധാരണമായ ബന്ധം ചര്‍ച്ചാവിഷയമായി മാറിയെങ്കിലും; അത് കേട്ടവര്‍, അസൂയ കൊണ്ടാണെന്ന് പറഞ്ഞ് അവരെ പരിഹസിച്ചു. ആങ്ങളമാര്‍ ലതയോട് പ്രേമയുമായുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോള്‍, അവള്‍ അതില്‍ തെറ്റില്ലെന്ന് വാദിച്ചു.
“ഞാനെന്താ ആണ്‍കുട്ടിയുടെ കൂടെയാണോ നടക്കുന്നത്? എന്റെ ചേച്ചിയുടെ കൂടെയല്ലെ; അതിലെന്താണ് തെറ്റ്?”
ഇതു കേട്ട് വീട്ടുകാര്‍ ആശ്വസിച്ചു. പ്രേമയുടെ വീട്ടിലാണെങ്കില്‍ അവളെ ചോദ്യം ചെയ്യാന്‍ ധൈര്യമുള്ള ആരും ആ വീട്ടില്‍ ഇതുവരെ ജനിക്കുകയോ വളരുകയോ ചെയ്തിട്ടില്ല.
ഒരു ഞായറാഴ്ച അടുത്ത പ്രദേശത്തെ ഒരു ചെറുപ്പക്കാരന്‍ ലതയെ പെണ്ണ്കാണാന്‍ വന്നു. വന്നവര്‍‌ക്ക് ഇഷ്ടമായി. അതുപോലെ ലതയ്ക്കും ചെക്കനെ ഇഷ്ടമായി. പിറ്റേദിവസം വളരെ സന്തോഷത്തോടെ ലത ഇക്കാര്യം പ്രേമയോട് പറഞ്ഞു. എന്നാല്‍ ഇത് കേട്ടയുടനെ പ്രേമയുടെ ഭാവം മാറി.
“കല്ല്യാണം കഴിക്കാനോ? അതൊന്നും പാടില്ല. ആണുങ്ങളെ എങ്ങിനെ വിശ്വസിക്കും?”
പിന്നെ ഒരു മണിക്കൂര്‍ ‘കല്ല്യാണശേഷം നടക്കുന്ന ജീവിതപ്രശ്നങ്ങളെകുറിച്ച് പ്രേമ ക്ലാസ്സ് കൊടുത്തു. ഒടുവില്‍ പ്രേമ ഇടപെട്ട് ലതയുടെ വിവാഹം ഒഴിവാക്കി . അതിനുശേഷം ലതയുടെ വീട്ടുകാര്‍ പ്രേമയോടൊപ്പം നടക്കുന്നതിനെ എതിര്‍ത്തു. ടൈപ്പ്‌റൈറ്റിങ്ങ് ക്ലാസ്സ് ഒഴിവാക്കി.
അങ്ങനെയിരിക്കെ ഒരു ദിവസം നാട് ഉണര്‍ന്നത് ആ വാര്‍ത്തയുമായാണ് ‘പ്രേമ ലതകളെ കാണാനില്ല’. ലതയുടെ സഹോദരങ്ങള്‍ അവളെ അന്വേഷിച്ച് പോലീസിലും പത്രത്തിലും വാര്‍ത്ത നല്‍കി. ഒടുവില്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ കോഴിക്കോട് അങ്ങാടിയിലൂടെ ചുറ്റിക്കറങ്ങുന്ന രണ്ട് പെണ്‍‌കുട്ടികളെയും പോലീസ് പിടിച്ച് രക്ഷിതാക്കളെ ഏല്‍പ്പിച്ചു. അപ്പോഴേക്കും കൈയിലുള്ള പണവും ആഭരണങ്ങള്‍ വിറ്റ്‌കിട്ടിയ പണവും തീര്‍ന്നിരുന്നു. അങ്ങനെ ആഘോഷപൂര്‍‌വ്വം വീട്ടില്‍ തിരിച്ചെത്തിയ ലത, പ്രേമയുടെ കൂടെ പോകണമെന്ന് വാശിപിടിക്കുകയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ വീട്ടുകാര്‍ അവളെ മുറിയില്‍ അടച്ചിട്ടു. എന്നാല്‍ പ്രേമ പിറ്റേ ദിവസം മുതല്‍ ഒരു ഭാവമാറ്റവും കൂടാതെ തുന്നല്‍‌ക്കടയില്‍ പോകാന്‍ തുടങ്ങി.
ഒരാഴ്ച പ്രധാനവാര്‍ത്തകളൊന്നും ഉണ്ടായില്ല. സൂര്യന്‍ കിഴക്ക് ഉദിക്കുന്നത് കാണാത്തവര്‍ കൂടി പടിഞ്ഞാറ് അറബിക്കടലില്‍ അസ്തമിക്കുന്നത് വ്യക്തമായി കണ്ടു. എന്നാല്‍ ഒരു ശനിയാഴ്ച ദിവസം പുലര്‍ന്നത്, ആ വാര്‍ത്തയുമായാണ്
… ലത അത്മഹത്യ ചെയ്തിരിക്കുന്നു. സ്വന്തം മുറിയിലെ കഴുക്കോലില്‍ കുരുക്കിട്ട മഞ്ഞസാരിയില്‍ അവള്‍ തൂങ്ങിക്കിടക്കുന്നു. മരിക്കുന്നതിനു മുന്‍പ് സ്വന്തം വിരല്‍ മുറിച്ച് ഒഴുകുന്ന രക്തംകൊണ്ട് കണ്ണാടിയില്‍ എഴുതിയിരിക്കുന്നു; ‘പ്രേമലതകള്‍’
പിന്‍‌കുറിപ്പ്:
  1. പ്രേമ പതിവുപോലെ തയ്യല്‍‌ക്കടയില്‍ പോകാന്‍ തുടങ്ങി. അവള്‍ പുതിയതായി വരുന്ന പെണ്‍കുട്ടികളുടെ അളവുകള്‍ എടുത്ത് വീണ്ടും ബ്ലൌസുകള്‍ തുന്നിയുണ്ടാക്കാന്‍ തുടങ്ങി.
  2. കഥയില്‍ ചോദ്യങ്ങള്‍ ഉണ്ട്; ഉത്തരം കിട്ടാ‍ത്ത ചോദ്യങ്ങള്‍ മാത്രം.

15.10.21

പാപ്പാന്റെ ആദ്യരാത്രി

       അറസ്റ്റ് ചെയ്യപ്പെട്ട് പോലീസ്‌സ്റ്റേഷനിൽ എത്തിയപ്പോൾ എസ്.ഐ. ചോദിച്ചു,

“എപ്പോഴായിരുന്നു കല്യാണം?”

“ഇന്നലെ ആയിരുന്നു സാർ”

“ഇന്നലെയോ? അപ്പോൾ താൻ ഒറ്റ ദിവസം കൊണ്ടാണോ കൊഴപ്പമൊക്കെ ഉണ്ടാക്കിയത്? അവര് ഡൈവോഴ്സ് ആവശ്യപ്പെടുന്നുണ്ട്”

“അതങ്ങനെ പറ്റിപ്പോയി സാർ”

“പറ്റിപ്പോയെന്നോ,, നീ കെട്ടിക്കൊണ്ടുവന്ന പെണ്ണിപ്പോൾ ആശുപത്രിയിൽ അത്യാസന്ന നിലയിലാണ്. ഇന്നോ നാളെയോ കാഞ്ഞുപോകാനും ഇടയുണ്ട്”

“ഞാനങ്ങനെ കുഴപ്പമൊന്നും ഉണ്ടാക്കിയില്ല സാർ”

“കുഴപ്പം ഉണ്ടാക്കിയില്ലെന്നോ? എന്താ ഉണ്ടായതെന്ന് ശരിക്കും പറഞ്ഞോ,,”

“ഇന്നലെ നടന്നത് നാടിളക്കിയ കല്യാണമായിരുന്നു സാർ, വിവാഹ ഘോഷയാത്രക്ക് എത്രയാളാ വന്നത്! ഒരു പോയിന്റ് കടക്കാൻ അഞ്ചര മണിക്കൂർ എടുത്തിട്ടുണ്ടാവും”

“എന്നിട്ട്?”

“സാറേ, ആ ഘോഷയാത്ര ഒന്ന് കാണേണ്ടതാണ്, ആകെ കൊട്ടും പാട്ടും മേളവും ആയിരുന്നു. സുന്ദരിയായ അവളുടെ മേലാകെ പലനിറത്തിൽ തിളങ്ങുന്ന പട്ടുടയാടകൾ അണിയിച്ചിരുന്നു. നെഞ്ചത്ത് മാർച്ചട്ടയും കൈകൾ നിറയെ വളകളും നെറ്റിപ്പട്ടവും അണിഞ്ഞ് എല്ലാവരുടെയും ഒപ്പം മുത്തുക്കുട പിടിച്ച് നടക്കുന്ന അവളുടെ എഴുന്നെള്ളത്ത് കാണേണ്ടതാണ്. താളമേള‌ത്തിനൊത്ത് നടക്കുമ്പോൾ അവളുടെ തലയെടുപ്പും ചന്തവും കണ്ടാൽ നോക്കിനിന്നു‌പോവും സാർ”

“നീയെന്താടാ പറയുന്നത്? ഇത്രക്ക് സ്വർണ്ണമോ?”

“അതേസാർ നെറ്റിപ്പട്ടം പോലും സ്വർണ്ണമാണ്; നമ്മുടെ തട്ടാൻ കുമാരൻ പരിശോധിച്ച് 916 പരിശുദ്ധി ഉറപ്പു പറഞ്ഞതാണ്”

“നെറ്റിപ്പട്ടമോ?”

“അവൾക്ക് നെറ്റിപ്പട്ടം ഉണ്ടായിരുന്നു സാർ,, ഗുരുവായൂർ കേശവനെ പോലെ, ചോറ്റാനിക്കര ശങ്കരനെ പോലെ,, പിന്നെയൊരു വ്യത്യാസം ഉണ്ടായിരുന്നു,,”

“അതെന്താണ്?”

“അവൾക്ക് കൊമ്പും തുമ്പിക്കൈയും ഇല്ല സാർ,, ഉണ്ടായിരുന്നെങ്കിൽ അതിലും സ്വർണ്ണപ്പട്ട ഇടുമായിരുന്നു”

“നീയെന്താടാ പറയുന്നത്?”

“ഞാനൊരു ആനപാപ്പാനല്ലേ സാർ, അപ്പോൾ ആനക്കാര്യമല്ലേ പറയാൻ അറിയത്തുള്ളൂ”

“എന്നിട്ട് എന്താണ് ഉണ്ടായത്?”

“ഘോഷയാത്ര എന്റെ ഗൃഹത്തിൽ പ്രവേശിച്ചപ്പോൾ നിലവിളക്കും നിറനാഴിയുമായി സ്വീകരിച്ച എന്റെഅമ്മ അരിയെറിഞ്ഞ് ആരതി ഉഴിഞ്ഞു. പിന്നീട് കാലിൽ വെള്ളമൊഴിച്ച‌ശേഷം അവളെ അകത്തേക്ക് എഴുന്നെള്ളിച്ചു”

“എന്നിട്ട്?”

“രാത്രി ആയപ്പോൾ തളക്കാനായി അവളെ മണിയറയിലേക്ക് കടത്തിവിട്ടു”

“കടത്തിവിട്ടിട്ട് എന്തുണ്ടായി?,,”

“ആദ്യമേ മണിയറയിലുണ്ടായ ഞാൻ തളക്കാനുള്ള ചങ്ങലയുമായി അവളെ സമീപിച്ചു”

“പിന്നെ എന്തുണ്ടായി?”

“അവൾക്ക് മദം‌പൊട്ടി സാർ”

“മദം പൊട്ടാനോ?”

“അതേ സാർ ശരിക്കും മദം പൊട്ടി; ആരോഗ്യവും സൌന്ദര്യവുമുള്ള എന്നെപ്പോലുള്ള ചെറുപ്പക്കാരനെ കണ്ടാൽ ആർക്കാണ് സാർ മദം പൊട്ടാത്തത്?”

“എന്നിട്ട് നീയെന്ത് ചെയ്തെടാ?”

“മദം പൊട്ടിയനിമിഷം അവളുടെ മർമ്മസ്ഥാനത്ത് തോട്ടികൊണ്ടൊരു കുത്തുകൊടുത്തു സാർ”

“എന്നിട്ട്?”

“ഇത്രയേ ഞാൻ ചെയ്തിട്ടുള്ളൂ; പിന്നെ നടന്നതൊന്നും എനിക്കോർമ്മയില്ല. സാർ ഞാനൊരു പാപ്പാനല്ലേ,, ആനപാപ്പാൻ”

*******

കെ.എസ് മിനി

4.6.20

ശതമാനം

  ഗുണശേഖരൻ എന്ന കണക്ക് മാഷിന്റെ വീട്ടിലേക്ക് ആദ്യമായിട്ടാണ് ഞാൻ പോയത്. ഗുണിതൻ മാഷെന്ന് ശിഷ്യന്മാർ വിളിക്കുന്ന അദ്ദേഹത്തിന്റെ വീട്ടിൽ ഗെയ്റ്റ് തുറന്നാൽ കാണുന്ന മുറ്റം മുതൽ മോന്തായം വരെ ഗണിതമയമാണ്. എങ്ങോട്ടു നോക്കിയാലും ചിഹ്നങ്ങളും അളവുകളും സൂത്രവാക്ക്യങ്ങളും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പലതരം ഷെയ്പ്പിൽ അളന്നെടുത്ത ടൈത്സ് മുറ്റത്ത് പാകിയത് കുറേനേരം നോക്കിയാൽ എന്നെപ്പോലുള്ള അല്പബുദ്ധിക്ക് പോലും ജ്യോമട്രി പഠിക്കാം. അദ്ധ്യാപകനെ ഭയമുള്ളതിനാൽ തോട്ടത്തിലെ മരങ്ങളൊക്കെ അദ്ദേഹം പറയുന്നതുപോലെ വൃത്തം, ചതുരം, ത്രികോണം തുടങ്ങിയ ആകൃതിയിലാണ് വളരുന്നത്. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന മഹാസത്യം കണ്ടെത്തിയ ചാക്കോമാഷെ ഓർത്തുപോയി.
 വൃത്താകൃതിയിലുള്ള കോളിങ്‌ബെൽ അമർത്തി‌‌യപ്പോൾ അകത്തുനിന്നും പെന്റുലത്തി‌ന്റെ മണിനാദം നിശ്ചിത ഇടവേളകളിൽ കേട്ടു. നാദം നിലച്ചതോടെ ദ്വീർഘചതുര ആകൃതിയിലുള്ള വാതിൽ തുറക്കപ്പെടുകയും ഗുണിതൻ‌ മാസ്റ്റർ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്റെ ആഗമന ലക്ഷ്യം അറിഞ്ഞതോടെ അദ്ദേഹം സന്തോഷവാനായി. മുപ്പത് മിനിട്ടും നാല്പത്തിമൂന്ന് സെക്കന്റും ഞങ്ങൾ സംസാരിച്ചു.
 തിരികെ പോകാൻ നേരത്താണ് അകത്തു‌നിന്നും മൂന്ന് കുട്ടികൾ വന്നത്. പല പ്രായത്തിലുള്ള മൂന്നുപേരും കൈയിലുള്ള റൂബിക്സ് ക്യൂബിൽ മാത്രം ശ്രദ്ധിക്കുകയാണ്. അദ്ദേഹം കുട്ടികളെ പരിചയപ്പെടുത്തി,
“ഇതെന്റെ മൂന്ന് മക്കളാണ്,, മൂത്തവൾ ബിന്ദു,, എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. റൂബിക്സ് ക്യൂബ് പത്ത് സെക്കന്റ് കൊണ്ട് നേരെയാക്കും”
  മഞ്ഞനിറമുള്ള ചൂരിദാറണിഞ്ഞ് മുന്നിലുള്ളവരെ ശ്രദ്ധിക്കാതെ ചതുരങ്ങൾ കറക്കിക്കൊണ്ടിരിക്കുന്ന ബിന്ദുവിനെ ഞാൻ നോക്കി. ആകാശം ഇടിഞ്ഞു വീണാലും ഭൂമി വെള്ളത്തിൽ മുങ്ങിയാലും ആ ക്യൂബ് അവൾ തിരിച്ചുകൊണ്ടിരിക്കും, എന്നകാര്യം ഉറപ്പാണ്.
അപ്പോൾ ബിന്ദുവിന്റെ താഴെയോ?
“രണ്ടാമത്തെ മകളാണ് രേഖ, ആറാം ക്ലാസ്സുകാരിയാണ്. അവൾ അഞ്ച് സെക്കന്റുകൊണ്ട് റൂബിക്സ് ക്യൂബ് ശരിയാക്കും”
ഞാൻ രേഖയെ നോക്കി,, ഭക്ഷണവും ഉറക്കവും ഒഴിവാക്കിയിട്ട് ക്യൂബ് തിരിക്കുന്നതു കൊണ്ടായിരിക്കാം പാവാടക്കാരിയായ അവളാകെ മെലിഞ്ഞ് രേഖപോലെ ആയത്.
ഇനി മൂന്നാമത്തവൾ??
“കൂട്ടത്തിൽ മിടുക്കി എന്റെ മൂന്നാമത്തെ മകളായ രശ്മിയാണ്. മൂന്നാം ക്ലാസ്സുകാരിയായ അവൾ മൂന്ന് സെക്കന്റു കൊണ്ട് റൂബിക്സ് ക്യൂബ് തിരിച്ച് നേരെയാക്കും”
  കണ്ണടച്ചുകൊണ്ട് ക്യൂബ് തിരിക്കുന്ന രശ്മിയെ ഞാൻ നോക്കി. കുട്ടിയുടുപ്പിട്ട ആ കൊച്ചു സുന്ദരിയെ കണ്ടപ്പോൾ എന്റെ കണ്ണിലൂടെ പലതരം രശ്മികൾ കടന്നുപോയി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു,
“നല്ല പേരുകൾ താങ്കളൊരു കണക്ക് അദ്ധ്യാപകനായതുകൊണ്ട് കണക്കിലെ പേരുകളാണല്ലോ മക്കൾക്ക് നൽകിയത്”
“പിന്നെ,, കണക്കില്ലാതെ എന്തെങ്കിലും കണക്കാക്കാൻ കഴിയുമോ? എന്റെ വീടിന്റെ പേര് വായിച്ചിട്ടില്ലെ?”
“ഞാനത് നോക്കിയില്ല”
“നിങ്ങള് നോക്കുകയില്ല, അതിനൊക്കെ കണക്കിലൊരു കണ്ണുവേണം. വീടിന്റെപേര് ഗെയിറ്റിനു മുകളിൽ എഴുതിയിട്ടുണ്ട്,, ‘സമചതുരം’?”
“നല്ലത്,, സാറിന്റെ ഭാര്യയെ കണ്ടില്ല,, അവരും കണക്കാണോ?”
“ആയ്,, നമ്മുടെ കൂട്ടത്തിലൊന്നും അവളില്ല. കണക്കിന്റെ അയലത്തുപോലും വരാത്ത ജന്തുവാണവൾ”
   ആ നേരത്ത് ന്യൂജൻ സ്റ്റൈലിൽ പച്ച ബ്ലൌസും ചുവന്ന സാരിയും അണിഞ്ഞ സ്ത്രീ ട്രേയിൽ ചായയുമായി വന്നു. നമ്മുടെ കണക്ക് അദ്ധ്യാപകൻ അവരെ പരിചയപ്പെടുത്തി,
“ഇതാണെന്റെ ഭാര്യ വിലാസിനി,, ഈ വീട്ടിൽ കണക്കിൽ പെടാത്ത പേരുള്ളത് ഇവൾക്ക് മാത്രമാണ്”
  ട്രേയിലുള്ള ചായ എടുത്തുതന്നശേഷം എന്നെനോക്കി ചിരിച്ച ചുവന്ന കസവുസാരിയിൽ സുന്ദരിയായ ആ സ്ത്രീയെ ഞാൻ നോക്കി. ആ നേരത്ത് അവൾക്ക് കണക്കായ പേര് അവളുടെ ദേഹത്ത് അടയാളപ്പെടുത്തിയത് ഞാൻ വായിച്ചു,,
“ശതമാനം”
*******

2.2.20

അവളുടെ കെട്ടിയോൻ



 തെക്കുവടക്കായ് വളഞ്ഞുകിടക്കുന്ന കേരളത്തിന്റെ റോഡിലൂടെ ബസ്സിൽ യാത്ര ചെയ്യുമ്പോൾ  ഇരിക്കാനൊരു ഇടം ലഭിക്കുക എന്നത് ഒത്തിരി ആശ്വാസമാണ്, പ്രത്യേകിച്ചും പ്രായമായ സ്ത്രീകൾക്ക്,, എന്നാൽ ഇരിപ്പിടം ഉണ്ടെങ്കിലും ചില സ്ത്രീകൾ ബസ്സിനകത്തു കയറിയാൽ ഇരിക്കില്ല. കാരണം? ഒഴിഞ്ഞിരിക്കുന്ന ഇരിപ്പിടത്തിന്റെ അടുത്തിരിക്കുന്നതൊരു പുരുഷൻ ആയിരിക്കും. അയാളുടെ കൂടെയിരുന്നാൽ അദൃശ്യമായ രശ്മികൾ പ്രവഹിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയാലോ? സ്ത്രീകളല്ലെ സൂക്ഷിക്കണം,,
     വയ്യാത്ത കാൽ‌മുട്ട് വേദനയോടൊപ്പം ഒരു കൈ മൊബൈലിൽ പിടിച്ച്, മറുകയ്യാൽ കമ്പിയിൽ പിടിച്ചുതൂങ്ങുന്ന അവസ്ഥയിലും മഹിളാമണികളിൽ ചിലർ പുരുഷന്മാരുടെ അടുത്തിരിക്കില്ല. എന്നാൽ,,, ഒരു പരിചയവും ഇല്ലാത്തവന്റെ മടിയിലും തലയിലും കയറിയിട്ട് ഇരിക്കുന്ന അതിമനോഹരങ്ങളായ രംഗം ചില അവസരങ്ങളിൽ നമുക്കു കാണാൻ കഴിയും. എപ്പോഴാണെന്നോ?
പെട്ടെന്നൊരു ബസ്സ് സമരം വരട്ടെ,, അപ്പോൾ കാണാം,,
ഈ പറഞ്ഞവളുടെ ഇരിപ്പിന്റെ തനിനിറം.
       ഇതിൽ നിന്നും ഏറെ മാറ്റമുള്ളതാണ് എന്റെ ശീലങ്ങൾ. ബസ്സിൽ കയറിയാൽ ആദ്യം കാണുന്ന ഒഴിവുള്ള സീറ്റിൽ ഞാനങ്ങോട്ട് ഇരിക്കും. തൊട്ടടുത്തിരിക്കുന്നത് ആണാണോ പെണ്ണാണോ എന്നൊന്നും നോക്കാറില്ല. കൂടാതെ സ്ത്രീസംവരണവും വയോജന സംവരണവും ചോദിച്ചു വാങ്ങുന്നതും എന്റെ പതിവു ശൈലിയാണ്.

   ഒരു ഞായറാഴ്ച രാവിലെ എന്റെ നാട്ടിൽ നിന്നും കണ്ണൂരിലേക്കു യാത്രയിൽ നിറയെ ആളുകളുള്ള ബസ്സിൽ കയറി. നിൽക്കുന്നവരെല്ലാം സ്ത്രീകൾ,,, ഞാൻ നോക്കിയപ്പോൾ ഇടതുവശത്ത് മൂന്നാം നമ്പർ ഇരിപ്പിടത്തിൽ ഒരാൾക്കിരിക്കാൻ സ്ഥലം ഉണ്ട്. അടുത്തിരിക്കുന്നത് ഒരു യുവാവായതു കൊണ്ടാവണം, നിന്നുകൊണ്ട് യാത്രചെയ്യുന്ന മഹിളാ‌മണി‌കളൊന്നും അങ്ങോട്ട് നോക്കുന്നതേയില്ല. ബസ്സിൽ കയറി ഇരുവശത്തേക്കും നോക്കിയ ഞാൻ വനിതാ സംവരണവും വയോജന സംവരണവും അവഗണിച്ച് നേരെയങ്ങോട്ട് നടന്ന് അവന്റെ തൊട്ടടുത്ത് ഇരുന്നു. ഞാനാരാ മോൾ!!!
   റോഡിലെ കുഴികളിലൂടെ ഇറങ്ങിയും‌ കയറിയും ആടിയുലഞ്ഞ് ബസ്സ് സഞ്ചരിക്കു‌മ്പോൾ തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരനെ മുട്ടിയുരുമ്മി ചേർന്നിരിക്കുന്ന എന്നെ നിൽക്കുന്നവരും ഇരിക്കുന്നവരും തുറിച്ചുനോക്കാൻ തുടങ്ങി. ഉം, നോക്കട്ടെ,, അസൂയ തോന്നുന്നുണ്ടാവും,,,
   ഞാനങ്ങനെ സ്വയം മറന്നിരിക്കുന്ന നേരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സ്, അടുത്ത സ്റ്റോപ്പിൽ നിർത്തി. അകത്തുള്ള രണ്ടുപേർ ഇറങ്ങിക്കൊണ്ടിരിക്കെ മുന്നിലുള്ള വനിതാ‌സംവരണത്തിൽ ഇരിക്കുന്ന ഒരുവൾ എഴുന്നേറ്റുവന്ന് എനിക്കുനേരെ വിരൽ ചൂണ്ടിയിട്ട് ആജ്ഞാപിച്ചു,
“അവിടെന്ന് എഴുന്നേറ്റാട്ടെ”
സംഗതി മനസ്സിലാവാത്ത ഞാൻ അവളോട് ചോദിച്ചു,
“എന്തിന്?”
“അവിടെയിരിക്കേണ്ടത് നീയല്ല, ഞാനാണ്”
“അതെങ്ങനെ? ഒഴിഞ്ഞ സീറ്റിലാണ് ഞാനിരുന്നത്. കണ്ണൂരിലെത്താതെ എഴുന്നേൽക്കില്ല”
 എന്റെ ശബ്ദം കൂടിയതോടെ ബസ്സിലുള്ളവരെല്ലാം ശ്രദ്ധിക്കാൻ തുടങ്ങി. അടുത്തിരിക്കുന്ന അവനാണെങ്കിൽ ഒരക്ഷരം മിണ്ടാതെ വായടച്ച് ഇരിപ്പാണ്. അതോടെ നിൽക്കുന്നവൾ ഒറിജിനൽ ഭദ്രകാളിയുടെ ഡ്യൂപ്പായി രൂപാന്തരപ്പെട്ട് വായിലുള്ള നാവ് നീട്ടിയിട്ട് വെടിയുതിർക്കാൻ തുടങ്ങി,
“നിനക്കെന്താ ഈയാളുടെ അടുത്തുന്ന് എഴുന്നേൽക്കാനൊരു മടി? അവിടെയിരിക്കേണ്ടത് ഞാനാണ്”
“ഞാനിവിടെ ആളില്ലാത്ത സീറ്റിലിരുന്നിട്ട്, നീയെന്താടി പറയുന്നത്?”
“അതേയ്, ഇതെന്റെ കെട്ടിയോനാണ്, അയാളുടെ അടുത്ത് നീയങ്ങനെ ഇരിക്കേണ്ട. അവിടെയിരിക്കാനിപ്പോൾ ഞാനുണ്ട്”
അപ്പോൾ അതാണ് കാര്യം,, എന്റെ അടുത്തിരിക്കുന്ന ചെറുപ്പക്കാരൻ ഓളെ കെട്ടിയോനാണ് പോലും! അപ്പോൾപിന്നെ,, അവൾക്ക് ചൊറിച്ചിൽ വരാതിരിക്കുമോ?

   പെട്ടെന്ന് ഞാൻ ഞാനായി മാറി, അവളുടെ അമ്മയുടെ പ്രായമുള്ള എന്നോടാണോ ഇങ്ങനെയൊരു ഡയലോഗ്,,,
“എടീ, നിന്റെ കെട്ടിയോനൊക്കെ നിന്റെ വീട്ടില്; ഇത് നാട്ടുകാരെല്ലാം കയറുന്ന ബസ്സാണ്. ഇതിനകത്ത് ഒഴിവുള്ള ഏത് സീറ്റിലും ഞാനിരിക്കും. അടുത്ത് ഞാനിരുന്ന‌പ്പോഴാണോ ഇവൻ നിന്റെ കെട്ടിയോനായത്? നീ പോയി കേസ് കൊടുക്ക്”
ആ നേരത്തും മിണ്ടാതെതെയിരിക്കുന്ന അവന്റെ കൂടുതൽ അടുത്ത് ഞാനിരുന്നു. കിളിയുടെ മണിയടി കേട്ടതോടെ ബസ്സ് ഓടാൻ തുടങ്ങി.
*******

27.1.20

അസുഖം വന്ന പെൺ‌കുട്ടി



         പട്ടണത്തിനു സമീപമുള്ള തെക്കേക്കര ഗവൺ‌മെന്റ് അപ്പർ പ്രൈമറി വിദ്യാലയത്തിലെ പ്രധാന‌‌അദ്ധ്യാപികയായി ശ്രീലത ടീച്ചർ ചാർജ്ജെടുത്തത് ജൂൺ മാസം സ്ക്കൂൾ തുറന്നപ്പോഴാണ്. എച്ച്.എം. വിരമിച്ച ഒഴിവിൽ പ്രമോഷൻ ആയി വന്നപ്പോൾ അവർക്ക് വളരെയധികം സന്തോഷം തോന്നി. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സു‌കളിൽ ധാരാളം കുട്ടികൾ. എല്ലാ കാര്യത്തിലും മികച്ചുനിൽക്കുന്ന അറിയപ്പെടുന്ന സ്ക്കൂൾ.
    ജൂലായ് മാസത്തിൽ മഴയില്ലാത്ത ഒരു ദിവസം,, ക്ലാസ്സ് തുടങ്ങി അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് വെളിയിൽ നിന്നും ബഹളം കേട്ടത്. ആ നേരത്ത് ശരിയാക്കി‌ക്കൊണ്ടിരിക്കുന്ന രജിസ്റ്റർ അടച്ചുവെച്ചശേഷം പെട്ടെന്നെഴുന്നേറ്റ് വാതിൽക്കൽ വന്നപ്പോൾ അവരൊന്ന് ഞെട്ടി,
ചെറുപ്പക്കാരും പ്രായമുള്ളവരും ഉൾപ്പെടെ ഏതാണ്ട് അറുപതോളം പുരുഷന്മാർ സ്ക്കൂൾ ഓഫിസിനു മുന്നിൽ നിരന്നുനിന്നിട്ട് എന്തൊക്കെയോ ഉച്ചത്തിൽ പറയുന്നു. ടീച്ചർ ചോദിച്ചു,
“എന്താ കാര്യം?”
         എല്ലാവരും ചേർന്ന് വിളിച്ചുകൂവുകയും ഇടയ്ക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ട്. പിന്നിലുള്ള ഏതാനും ചെറുപ്പക്കാരുടെ കൈയിൽ വടിയും കല്ലുകളും കണ്ടതോടെ ടീച്ചറാകെ പേടിച്ചു. അപ്പോൾ കൂട്ടത്തിൽ നേതാവെന്ന് തോന്നുന്ന ആൾ മുന്നിൽ വന്നിട്ട് പറഞ്ഞു,
“എന്താ കാര്യമെന്നോ? ഒന്നും അറിയാത്തപോലെ, ഒരു ഹെഡ്‌ടീച്ചറായി ഇരുന്നാൽ മതിയോ?”
“എന്തുപറ്റി?”
“ഇന്നലെ സുഖമില്ലാത്ത ഒരു കുട്ടിയെ വീട്ടിലെക്കയച്ചിട്ട് ഒന്നുമറിയാത്തതുപോലെ ഇരിക്കുന്നോ?”
“ആർക്കാ സുഖമില്ലാത്തത്?”
“ടിച്ചറൊന്നും അറിയില്ല. ഇവിടെ ഇരുന്നാലെങ്ങനെയാ,, ഇന്നലെ പ്രഭാകരന്റെ മകൾക്ക് സുഖമില്ലാതായപ്പോൾ ഇവിടെന്നല്ലേ വീട്ടിലേക്കയച്ചത്?”
“ഞാനൊന്നും അറിയില്ല. എന്താ പറ്റിയത്?”
“ടീച്ചറേ ഏഴാം ക്ലാസ്സിലെ കുഞ്ഞിമോൾ‌ക്ക് തലവേദന വന്നപ്പോൾ ഇവിടത്തെ ഏതോ ടീച്ചർ വീട്ടിലേക്ക് പറഞ്ഞുവിട്ടു. അതും ഒറ്റക്ക്,, സുഖമില്ലാത്ത ഒരു പെൺ‌കുട്ടി ഒറ്റക്ക് അരമണിക്കൂർ നടന്ന് വീട്ടിലേക്ക് വരുന്ന പ്രയാസമൊന്നും കാറിൽ‌ വരുന്ന ടീച്ചർ‌മാർക്ക് അറിയില്ല”
“കുഞ്ഞിമോളോ? അതെതാ കുട്ടി”
“ഹോ,, സ്ക്കൂളിലെ ഹെഡിന് കുട്ടീന്റെ പേരുപോലും അറിയില്ല,, പാവം”
    അപകടത്തിന്റെ മുന്നോടിയായി ആളുകൾ ജനാലയും വാതിലും അടിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി. മറ്റുള്ള അദ്ധ്യാപകരെക്കെ ചുറ്റും വന്നുകൂടി. കൂട്ടത്തിൽ പ്രായമുള്ള ജനാർദ്ദനൻ മാസ്റ്റർ കൂടി വന്നപ്പോൾ ഹെഡ്‌ടീച്ചർക്ക് ആശ്വാസമായി. ജനാർദ്ദനൻ മാസ്റ്റർ  പരിചയക്കാരനായ ഒരാളെ ഒപ്പം കണ്ടപ്പോൾ ചോദിച്ചു,
“എന്താ രാജേന്ദ്രാ,, എന്താ കാര്യം?”
“അത് മാഷേ,, നിങ്ങളൊക്കെ നന്നായി കുട്ട്യോളെ നോക്കുന്നുണ്ട്. എന്നാല് ഈടത്തെ ടീച്ചർമാര് ശരിയല്ല”
“അതിനുമാത്രം എന്തുണ്ടായി?”
“ഇന്നലെ ഏഴാം ക്ലാസ്സിലെ ഒരു കുട്ടിക്ക്, എന്താടോ,, പേര്,, ആ, കുഞ്ഞിമോൾ, തന്നെ, ആ കുട്ടിക്ക് തലവേദന വന്നപ്പം ഈടത്തെ ആരോ ടീച്ചറ് പുസ്തകമെടുത്ത് വീട്ടില് പോകാൻ പറഞ്ഞു. ആ കുട്ടി വീട്ടിലേക്ക് നടന്നു പോകുമ്പം വഴിയിൽ ബോധക്കേടായി വീണ്. എന്നിട്ട് നാട്ടുകാര് ആസ്പത്രിയിൽ ആക്കി. സുഖമില്ലാത്ത പെങ്കുട്ടീനെ ഒറ്റക്ക് വിടുന്നത് ശരിയാണോ?”
“എന്നിട്ട് കുട്ടിക്കെങ്ങിനെയുണ്ട്?”
“ഓളെ ഡോക്റ്റരെ കാണിച്ചിട്ട് അപ്പോൾതന്നെ വീട്ടിൽ വന്നു. പക്ഷെ കാര്യം ചോദിക്കണ്ടേ?”
“ചോദിക്കണം,, പക്ഷെ,, ഈ കുഞ്ഞുമോൾ എന്നൊരു കുട്ടി ഇവിടെ പഠിക്കുന്നില്ലല്ലോ”
“പഠിക്കുന്നില്ലെന്നോ? പ്രഭാകരന്റെ മോള്, പ്രഭാകരൻ ഇവിടെ ഒപ്പരം ഉണ്ടായിരുന്നു”
ആളുകളുടെ കൂട്ടത്തിൽ നിന്നും കാലുകൾ ഭൂമിയിൽ ഉറച്ചു നിൽക്കാത്ത പ്രഭാകരനെ മുന്നിലാക്കി. അദ്ധ്യാപകർക്ക് പരിചയമില്ലാത്ത മനുഷ്യൻ,, മാസ്റ്റർ ചോദിച്ചു,
“പ്രഭാകരാ നിന്റെ മോളെ പേരെന്താ?”
“കുഞ്ഞിമോള്”
“എന്നാൽ ഈ സ്ക്കൂളിൽ കുഞ്ഞിമോൾ എന്നൊരു കുട്ടി പഠിക്കുന്നില്ല”
അത് കേട്ടപ്പോൾ രക്ഷിതാക്കൾ ബഹളമായി. അദ്ധ്യാപകർ ചേർന്ന് കള്ളം പറയുന്നതായി ആരോപണം തുടങ്ങിയപ്പോൾ മാസ്റ്റർ ചൊദിച്ചു,
“പ്രഭാകരാ നിന്റെ കുട്ടിയെ സ്ക്കൂളിൽ ചേർത്തത് ഏത് പേരിലാണ്?”
“അത് ഓളെ അമ്മയാ ചേർത്തത്,, ശനിശാ എന്നാണ് അമ്മ വിളിക്കുന്നത്”
“നിങ്ങളുടെ ജോലി എന്താണ്?”
“അങ്ങിനെ കാര്യമായ പണിയൊന്നും ഇല്ല. എന്ത് ജോലിയും ചെയ്യാം”
“നിങ്ങളുടെ വീട് എവിടെയാണ്?”
“കുഞ്ഞിപ്പള്ളിയിൽ”
പെട്ടെന്ന് ജനാർദ്ദനൻ മാസ്റ്റർക്ക് ആശ്വാസമായി. അദ്ദേഹം പറഞ്ഞു,
“കുഞ്ഞിപ്പള്ളിയിൽ നിന്നുള്ള ഒരു കുട്ടിയും ഈ സ്ക്കൂളിൽ പഠിക്കുന്നില്ല. നിങ്ങളുടെ മകൾ ഏത് ക്ലാസ്സിലാ പഠിക്കുന്നത്?”
“അത് ഏഴിലായിരുന്നു,, കഴിഞ്ഞകൊല്ലം. ഇക്കൊല്ലം ഈട ചേർന്നത് എട്ടിലാന്നാ തോന്നുന്നത്”
“അതിനാണോ ഇവിടെവന്ന് ബഹളം ഉണ്ടാക്കുന്നത്? ഇത് തെക്കേക്കര യൂ.പി. സ്കൂളാണ്,, ഇവിടെ ഏഴാം‌‌‌ക്ലാസ് വരെയെ ഉള്ളൂ”
“അതെന്താ ഇവിടെ എട്ടാം ക്ലാസ്സ് ഇല്ലാത്തത്?”
അതുവരെ ഇടഞ്ഞുനിനിന്ന രക്ഷിതാക്കൾ പ്രഭാകരനു ചുറ്റും കൂടിയിട്ട് ചോദിച്ചു,
“എടാ @#$#%$%^& നിന്റെ മോള് ഏത് സ്ക്കൂളിലാ പഠിക്കുന്നത്?”
“അത് തെക്കേക്കര സ്ക്കൂളിലാണെന്നാ ഓളേ അമ്മ പറഞ്ഞത്”
ജനാർദ്ദനൻ മാസ്റ്റർ രക്ഷിതാക്കളോടായി പറഞ്ഞു,
“അയാളുടെ കുട്ടി പഠിക്കുന്നത് തെക്കേക്കര എ.ബി.സി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ആയിരിക്കും. നേരെ അങ്ങൊട്ട് പോകുന്നതിന് മുൻപ് കുട്ടിയുടെ പേരും പഠിക്കുന്ന ക്ലാസ്സും ചോദിച്ചിട്ട് ഉറപ്പിക്കണം. കേട്ടോ,,”
“അയ്യോ മാഷെ, ഈ തെണ്ടിയെയും കൊണ്ട് നമ്മളിനി എങ്ങോട്ടുമില്ല” 


 പിൻ‌കുറിപ്പ്:
അന്ന് അവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരിൽ പലരും ഇപ്പോഴും സർവ്വീസിൽ ഉണ്ടാവാൻ ഇടയില്ല. റോഡരികിൽ പലനിലകളിലുള്ള ഹൈടെക്ക് കെട്ടിടവുമായി തെക്കേക്കര യു.പി. സ്ക്കൂൾ ഇപ്പോഴും തിളങ്ങിനിൽക്കുന്നു.

21.4.19

സൌന്ദര്യലഹരിയിൽ


           വൈകുന്നേരം ആയപ്പോൾ മുന്നിലുള്ള വലിയവീടിന്റെ പിറകുവശത്ത് വർക്ക് ഏറിയയിലെ വാഷ്‌ബെയ്‌സിന്റെ സമീപത്തുകൂടി അടുക്കളയിൽ ഒളിച്ചുകടന്നത് വർദ്ധിച്ച ആശങ്ക‌യോടെയാണ്. ഒരു വീടിന്റെ അടുക്കളക്ക് ഇത്രയും വലിപ്പം ഉണ്ടായിരിക്കുമെന്ന് ഇതുവരെ ഞാൻ വിചാരിച്ചിച്ചിരുന്നില്ല. എന്തൊക്കെ കാഴ്ചകളാണെന്നോ അവിടെയുള്ളത്! ചുറ്റുപാടും നോക്കിയപ്പോൾ അതാ സുന്ദരിയായൊരു പെൺ‌കുട്ടി അലമാര പോലുള്ള വലിയൊരു ഫ്രിഡ്ജിന്റെ മുന്നിൽ,,, അവളത് തുറന്നിട്ട് അകത്തുനിന്നും എന്തോ എടുക്കുന്നതിനിടയിൽ എന്നെ കാണാനിടയില്ല. വീട്ടിൽ മറ്റാരും ഇല്ലാത്ത ഈ നേരത്ത് ഒച്ചവെക്കാതെയാ മാദകസുന്ദരിയെ സമീപിക്കണം. സ്പർശിക്കുന്നതിനു മുൻപ് അവളുടെ നിറഞ്ഞുതുളുമ്പുന്ന സൌന്ദര്യം ദർശനത്തിലൂടെ ഞാനൊന്ന് ആസ്വദിക്കട്ടെ,,, 
      ചുവന്ന ചുണ്ടുകളും മിന്നുന്ന കവിളിണകളും ചേർന്ന് വെളുത്തുതിളങ്ങുന്ന മുഖത്തിന് അലങ്കാരമായി വലതുവശത്ത് ചെറിയൊരു മറുക് കാണാം. ചുരുണ്ട മുടിയിഴകൾ ഇളകിയാടുന്ന നെറ്റിത്തടവും നീണ്ടുവളഞ്ഞ നാസികയും താഴോട്ട് ഇറങ്ങുന്ന താടിയും ഇടതുകവിളിലെ നുണക്കുഴിയും നോക്കിയിരുന്നാൽ ആർക്കുമൊന്ന് ഉമ്മവെക്കാൻ തോന്നും. അടുക്കളയിൽ ഒളിച്ചു കടന്നതും അതിനു തന്നെയാണല്ലൊ. നൈറ്റിയുടെ സിബ് പകുതിമാത്രം ഉയർത്തിയതുകൊണ്ട് അതിനുള്ളിൽ‌നിന്നും ഉയർന്നുപൊന്തുന്ന മാദകസൌന്ദര്യം നോക്കിയിരിക്കെ പതുക്കെ മുന്നോട്ടേക്ക് നീങ്ങി. അവളറിയാതെ പിന്നിലൂടെ വന്ന് അമർത്തിപ്പിടിച്ചിട്ട് ആ മാറിലൊരു ഉമ്മ കൊടുക്കണം. 
ശോ,, 
     ഫ്രിഡ്ജിൽനിന്നും എടുത്ത പൈനാപ്പിളുമായി അവൾ നടന്നല്ലോ,, ഇപ്പോൾ നേരിയ നൈറ്റിയുടെ ഉള്ളിലൂടെ കാണുന്ന അവളുടെ തടിച്ച നിതംബങ്ങൾക്കും നീണ്ടുരുണ്ട കാലുകൾക്കും എന്തൊരു ഭം‌ഗിയാണ്! ഓടിപ്പോയിട്ട് അവിടെയൊന്ന് തൊടാൻ തോന്നി‌യെങ്കിലും ആഗ്രഹം ഉള്ളിലൊതുക്കി. സൂക്ഷിച്ചില്ലെങ്കിൽ തടികേടാവും. പൈനാപ്പിൾ മേശപ്പുറത്ത് വെച്ചശേഷം ഗ്യാസ്‌ സ്റ്റൌ തുറന്നുകത്തിച്ചിട്ട് ഒരുപാത്രം വെള്ളം അടുപ്പത്തുവെച്ച് ചുറ്റുപാടും നിരീക്ഷിക്കുന്ന സുന്ദരിയെ വാതിലിനു പിന്നിൽ‌ നിന്നുകൊണ്ട് ഒളിഞ്ഞുനോക്കുന്നതാണ് സ്വന്തം ആരോഗ്യത്തിനു നല്ലത്. പക്ഷെ?,,

അങ്ങിനെയങ്ങ് അടങ്ങിയിരിക്കാൻ തോന്നുന്നില്ലല്ലൊ.


    ഒളിഞ്ഞുനിന്ന് സൌന്ദര്യം ആസ്വദിച്ചുകൊണ്ടൊരിക്കെ കൊതിയടക്കാൻ പറ്റാതായി. അവളിപ്പോൾ അങ്ങോട്ടും ഇങ്ങോട്ടുമായി അടുക്കളയിലൂടെ നടക്കുകയാണ്. ഒട്ടും ശബ്ദമില്ലാതെ അവളുടെ സമീപമെത്താൻ പലതവണ ശ്രമിച്ചു. ഓരോ തവണയും അവൾ തിരിഞ്ഞു നടന്നുകളഞ്ഞു. കെട്ടിപ്പിടിച്ചൊരു ആലിം‌‌‌ഗനം എല്ലാ പെൺകുട്ടികളും  ഇഷ്ടപ്പെടുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെ ആദ്യമായി ഒരു പെണ്ണിനെ സ്പർശിക്കാൻ ശ്രമിച്ചിട്ട്,, ഇവളെന്താ ഇങ്ങനെ? ഈ അവസ്ഥയാണെങ്കിൽ പട്ടിണികിടന്ന് മരിച്ചു പോവുകയേ ഉള്ളൂ,,,

എന്റെ സങ്കടം ആരോട് പറയാനാണ്?,,,


    പെൺ‌കുട്ടികൾ പാട്ട് കേൾക്കാൻ ഇഷ്ടമുള്ളവരാണല്ലൊ,, ഇനി അങ്ങനെയൊന്ന് ശ്രമിച്ചു‌‌നോക്കാം. ഒളിച്ചിരുന്നിട്ടൊരു കാര്യവുമില്ല. ഫ്രിഡ്ജിൽ നിന്നും എടുത്ത പൈനാപ്പിൾ മുറിക്കുകയാണവൾ,, മൂളിപ്പാട്ടുമായി അവളുടെ പിന്നിലേക്ക് നടന്നു,,,              

‘പൈനാപ്പിൾ പോലൊരു പെണ്ണ്,

പൈനാപ്പിൾ മുറിക്കുന്ന പെണ്ണ്’

   പൈനാപ്പിളിന്റെ  തൊലി കളയുന്നതിനിടയിൽ പാട്ട് കേട്ടില്ലെന്ന് തോന്നുന്നു. നൈറ്റി ഇല്ലാത്ത ശരീരഭാഗം കണ്ടെത്തിയിട്ട് അവൾ അറിയുന്നതിനു മുൻപ് അമർത്തിപ്പിടിച്ച് ചും‌ബനം നൽകണം. എന്നെ ഒഴിവാക്കാനുള്ള പരാക്രമങ്ങളൊക്കെ കാണിക്കുമെങ്കിലും കാര്യം നടത്തണം. ഈ ക്രൂരകൃത്യം ചെയ്തത് ആരാണെന്ന് കണ്ടുപിടിക്കുന്നതിനു മുൻപെ സ്ഥലം വിടണം. പിന്നെയിങ്ങോട്ട് തിരിഞ്ഞുനോക്കരുത്,,,

  കറുത്തിരുണ്ട് സുന്ദരമായ മുടിയിഴകളെ അവൾ ഒതുക്കി‌മാറ്റിയപ്പോൾ ഇടതുചെവിയിൽ അണിഞ്ഞ ജിമിക്കികമ്മലിനു സമീപം നഗ്നമായ കഴുത്ത് കാണാൻ കഴിഞ്ഞതോടെ ദേഹമാകെ വിറയൽ ആരം‌ഭിച്ചു. നേരെ അങ്ങോട്ടുപോയി തടവിയിട്ട് ഉമ്മവെച്ചത് തൊലികളഞ്ഞ പൈനാപ്പിൾ മുറിക്കുന്നതിനിടയിൽ അവളൊട്ടും അറിഞ്ഞില്ല. ഒട്ടും വേദനിപ്പിക്കാതെ പല്ലുതാഴ്ത്തി കടിച്ചശേഷം ഒരുതുള്ളി രക്തം വലിച്ചുകുടിച്ചു. ഹോ,, എന്തൊരു രുചിയാണ്!! വിശപ്പും ദാഹവും മാറി,,,

ഇന്നെനിക്ക് ഇത്രയും മതി,,

*******

12.12.18

സിലബസിൽ ഇല്ലാത്തത്

           ഉച്ചഭക്ഷണം കഴിച്ചതിന്റെ ആലസ്യത്താൽ അദ്ധ്യാപകരെല്ലാം  മയക്കത്തിലായ നേരത്ത് ക്ലാസ്സിലെപ്പോഴും അലമ്പാക്കുന്ന ശിഷ്യൻ സ്റ്റാഫ്‌റൂമിൽ ഓടിവന്നിട്ട് പറഞ്ഞു,
“ടീച്ചറെ പെട്ടെന്ന് ഓടിവാ ഒരുത്തൻ കിണറ്റിൽ ചാടാൻ പോവുകയാണ്”
ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരും ഒന്നിച്ചു ഞെട്ടിയപ്പോൾ മലയാളം ചോദിച്ചു,
“എടോ, ചാടാൻ പോകുന്നവനെ പിടിച്ചുവെക്കാതെ നീയെന്തിനാ ഇങ്ങോട്ട് ഓടിവന്നത്? ചാടിയ‌ശേഷം അറിയിച്ചാൽ മതി. ഇവനൊക്കെ നമ്മുടെ വെള്ളം‌‌കുടി മുട്ടിക്കാനാണോ?”
“സ്ക്കൂൾ കിണറിന്റെ മുകളിലെ പടിയിൽ കയറിയിട്ട് അവൻ പറയുന്നു, ഇപ്പോൾ ചാടുമെന്ന്”
ഉള്ളം കൈയിലെ മൊബൈൽ തടവുന്നതിന് ഇടവേള‌ നൽകിയിട്ട് മലയാളം പറഞ്ഞു,
“ശല്യപ്പെടുത്താതെ പോയാട്ടെ,, ഒരുത്തൻ കിണറ്റിൽ ചാടുന്നു‌പോലും,,, അതിനിവിടെ ഏത് കുട്ടിക്കാണ് ധൈര്യമുള്ളത്? വീട്ടിൽ‌പോയി സ്വന്തം കിണറ്റിൽ ചാടിയാൽ മതിയെന്ന് പറയ്”
ആ നേരത്ത് വാട്ട്‌സപ് നോക്കുന്ന കണക്ക് സാർ മലയാളത്തോടായി പറഞ്ഞു,
“ടീച്ചറെ, പെട്ടെന്ന് മൊബൈലുമായി പോയാൽ അവൻ താഴെവീഴുന്ന ഫോട്ടോ ലൈവായി കിട്ടും. ചിലപ്പോൾ സെൽഫി എടുക്കാനും പറ്റും”
“എന്നിട്ട്, എന്റെ മൊബൈൽ പോലീസ് സ്റ്റേഷനിൽ കിടക്കാനോ?” 
 
ഗുരുജനങ്ങൾ വീണ്ടും ഉറക്കത്തിലേക്ക് ചായുന്നവേളയിൽ ശിഷ്യന്റെ ശബ്ദം ഉയർന്നു,
“ഒരുത്തനിപ്പോൾ ചാവും, എന്നുപറഞ്ഞിട്ട് ഇവിടത്തെ ടീച്ചേഴ്സിനൊന്നും അനക്കമില്ലല്ലൊ. കുട്ടികളെല്ലാം കിണറ്റിനരികിലാണുള്ളത്”
ആ നേരത്ത് ഗണിതം എഴുന്നേറ്റ് വന്നിട്ട് ചോദിച്ചു,
“കിണറ്റിൽ ചാടാൻ പോകുന്നവൻ ആരാണെന്ന് അറിയുമോ? അവനേത് ക്ലാസ്സിലെ കുട്ടിയാണ്”
“പത്ത് ബി ക്ലാസ്സിലെ കുട്ടിയാണ്”
“അങ്ങനെയാണെങ്കിൽ പത്ത് ബീയിലെ ക്ലാസ്‌ടീച്ചറായ എന്നൊടല്ലെ പറയേണ്ടത്. നീയെന്തിനാ ഇക്കാര്യം പറയാൻ മലയാളം ടീച്ചറുടെ മുന്നിൽ പോയത്? അവന്റെ പേരറിയോ?”
“പത്ത് ബീയിലെ അവനീന്ദ്ര് ആണ്”
പെട്ടെന്ന്,,,
മലയാളം‌അദ്ധ്യാപിക തലയിൽ കൈവെച്ച് കരഞ്ഞുകൊണ്ട് വെളിയിലേക്ക് ഓടി,
“അയ്യോ,,, എന്റെ പൊന്നുമോനേ, ചതിക്കല്ലേ,,,”
*******
: മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചത്,,,

21.11.18

കൊലസ്ത്രീ


           പി.എസ്.സി. യുടെ അനുഗ്രഹത്താൽ മകൾ സർക്കാർ ജോലിയിൽ പ്രവേശിച്ചു. പിറ്റേദിവസം മുതൽ വീട്ടിൽ മഹാസംഭവങ്ങൾ അരങ്ങേറാൻ തുടങ്ങി.

എന്താണെന്നോ,, ?

കല്ല്യാണ ആലോചനകൾ,,,

    അതുവരെ മര്യാദക്ക് ഒരുത്തനും പെണ്ണുകാണാൻ വന്നില്ലെങ്കിലും ഇപ്പോൾ എത്രയാണെന്നോ പടപോലെ വരുന്നത്,, ദിവസേന രണ്ടും മൂന്നും. അവധി ദിവസത്തെ കാര്യം പറയുകയേ വേണ്ട, അണിഞ്ഞൊരുങ്ങിയിട്ട് മകളും ചായ ഉണ്ടാക്കിയിട്ട് ഞാനും ഒരുപോലെ ക്ഷീണിച്ചെങ്കിലും ഒന്നും ശരിയായില്ല. ഡിമാന്റുകൾ പലതും ഉണ്ട്,, പൊന്നു വേണ്ട,, സ്വത്ത് വേണ്ട,, പിന്നെ പണം? അക്കാര്യം നമ്മുടെ കണ്ണൂരിൽ ആരും മിണ്ടാറേയില്ല. പിന്നെന്ത് പറ്റിയെന്നോ?

വന്നവരെല്ലാം പെണ്ണിനെയങ്ങ് ഇഷ്ടപ്പെട്ടു,,, സർക്കാൽ ശമ്പളം വാങ്ങുന്നവളല്ലെ!

ചിലരെ എനിക്ക് ഇഷ്ടപ്പെട്ടു,, പക്ഷെ?

കെട്ടേണ്ട പെണ്ണിന് ചെക്കനെ ഇഷ്ടപ്പെടില്ല, ചെക്കന്റെ ജോലി ഇഷ്ടപ്പെടില്ല, ചെക്കന്റെ സ്വഭാവം ഇഷ്ടപ്പെടില്ല.


     വരുന്ന വിവാഹാലോചനയൊക്കെ ഒഴിവാക്കുന്ന കഥയൊക്കെ നാട്ടിൽ പാട്ടാവാൻ തുടങ്ങിയപ്പോഴാണ് അസ്സലൊരു ചെക്കൻ വന്നത്. വന്ന പയ്യനെ ആകെമൊത്തം ടോട്ടലായി എന്റെ അരുമസന്താനം പരിശോധിച്ചു നോക്കിയപ്പോൾ ഒരു കുറ്റവും കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ ഞാൻ ഹാപ്പിയായി, അവളുടെ തന്ത ഹാപ്പിയായി, പിന്നാലെ വരുന്ന ഇളയമകളും ഹാപ്പിയായി.

        സർക്കർ സർവ്വീസിൽ എഞ്ചിനീയറായ പയ്യനെ ആ നിമിഷം ഞങ്ങളെല്ലാവരും ഇഷ്ടപ്പെട്ടു. തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് അതങ്ങട്ട് ഉറപ്പിക്കാമെന്ന് തീരുമാനമായി. രാവിലെ ഉറപ്പുകൊടുക്കാമെന്ന മോഹവുമായിട്ടാണ് ആ ദിവസം രാത്രിയിൽ ഉറങ്ങാൻ കിടന്നത്.


     പിറ്റേദിവസം,, പതിവുപോലെ നേരം പുലർന്നു,, പതിവുപോലെ ഞാൻ അടുക്കളഡ്യൂട്ടിയിൽ പ്രവേശിച്ചു. അപ്പോഴാണ് ഒരു കൊടുങ്കാറ്റുപോലെ മകൾ പത്രവുമായി ഓടിവന്നത്,

“അമ്മേ ഇത് പറ്റില്ല”

“എന്ത്?”

“ഇത് പറ്റില്ല”

“ഏത്?”

“ഈ കല്ല്യാണം പറ്റില്ല”

അതുവരെ പൂച്ചമോഡലായ ഞാനൊരു പുലിവേഷം അണിഞ്ഞു,

“നീയെന്താടീ പറഞ്ഞത്? ഒരു ജോലി കിട്ടിയെന്നുവെച്ച് ആളെക്കൊണ്ട് പറയിപ്പിക്കുന്നോ?”

“നിങ്ങളൊക്കെ എന്തുപറഞ്ഞാലും ഞാനിവനെ കെട്ടുകയേ ഇല്ല. അമ്മ കെട്ടിക്കോ,”


       ഞാനാകെ വിയർത്തുകുളിച്ചു,, അവൾ ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നുതന്നെയാണ്. പതുക്കെ ഞാനൊരു തള്ളപ്പൂച്ച മോഡലായി,

“എടി മോളേ അവരൊക്കെ ചേർന്ന് എല്ലാവരും ഇഷ്ടപ്പെട്ടതല്ലെ,, നീയെന്താടി ആ ചെക്കന് കുറ്റം കണ്ടുപിടിച്ചത്?”

“ചെക്കന് കുറ്റമൊന്നും ഇല്ല”

“പിന്നെ എനിക്കാണോ കുറ്റം?”

“അല്ല”

“പിന്നെ ആർക്കാടീ കുറ്റം?”

“അത് അന്നു പെണ്ണുകാണാൻ കൂടെ വന്നത് അവന്റെ അമ്മയല്ലെ?”

“അതെ, അവർ നല്ലൊരു സ്ത്രീയല്ലെ? എന്നെക്കാളും നല്ല അമ്മച്ചിയാനെന്ന് നീ തന്നെയല്ലെ അവരെക്കുറിച്ചു പറഞ്ഞത്”

“അവരുടെ ഫോട്ടോ ഇതാ പത്രത്തിന്റെ മുൻ‌പേജിലുണ്ട്”

“പത്രത്തിലോ? കാണട്ടെ?”


         പത്രത്തിന്റെ മുൻ‌പേജിൽ പേരിനു താഴെയായി അച്ചടിച്ച ഗ്രൂപ്പ് ഫോട്ടോ എന്റെ മുന്നിൽ നിവർത്തി. ധാരാളം സ്ത്രീകളോടൊപ്പം ബാനർ പിടിച്ച് നടക്കുന്ന അമ്മായിഅമ്മ ആവാനിടയുള്ള സ്ത്രീയുടെ ചിത്രത്തിനു നേരെ വിരൽ ചൂണ്ടിയിട്ട് അവളെന്നോട് പറഞ്ഞു,

“അമ്മേ, ഇവരല്ലേ അന്നു വീട്ടിൽ വന്ന പയ്യന്റെ തള്ള?”

“അതേ, ഇതാ സ്ത്രീ തന്നെയാണല്ലോ,, ഇവരെങ്ങിനെ പത്രത്തിൽ കയറി?”

“അതാണ് ഞാനും പറയുന്നത്, അമ്മേ ഇത് കുലസ്ത്രീകളുടെ പ്രകടനമാണ്”

“അയ്യോ”

“അവരൊരു കുലസ്ത്രീ ആണമ്മേ”

“അതുകൊണ്ട് നിനക്കെന്താ വിഷമം? നീ വിവാഹം കഴിക്കുന്നത് അവരെയല്ലല്ലോ,, അവരുടെ മകനെയല്ലേ?”

“അവരുടെ മകനായതാണ് പ്രശ്നം?”

“എന്ത് പ്രശ്നം?”

“ഞാനവിടെ പുത്രവധുവായി എത്തിയാൽ”

“എത്തിയാൽ?”

“അവരെനിക്ക് ഭക്ഷണം തരുന്നത് മകൻ കഴിച്ച എച്ചിൽ പാത്രത്തിലായിരിക്കും”

“അതെന്താ അവിടെ മറ്റു പാത്രങ്ങൊളൊന്നും കാണില്ലെ?”

“പിന്നെ എല്ലാ ദിവസവും ഞാനവന്റെ അച്ഛന്റെയും അമ്മയുടെയും കാലുപിടിക്കണം”

“നീയല്ലെ ആള്,, അവരെ വലിച്ച് താഴെയിടാനും മതി”

“പിന്നെ മാസത്തിൽ ഏഴ് ദിവസം വെളിയിലൊന്നും പോകാതെ ഇരുട്ടറയിൽ കിടക്കണം”

“അതൊരു വിശ്രമം അല്ലേ. നീയവിടെ കിടന്ന് മൊബൈലിൽ കളിച്ചാൽ മതി”

“വീട്ടിൽനിന്ന് എന്നെ വെളിയിലേക്ക് വിടുമ്പോൾ കൂടെ ആളുണ്ടാവും”

“അത് നിനക്കൊരു ധൈര്യമല്ലെ. അപ്പോൾ ഓഫീസിലോ?”

“ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല, ചിരിക്കാൻ പാടില്ല, കളിക്കാൻ പാടില്ല, വായിക്കാൻ പാടില്ല, പാടാനും പാടില്ല”

“അതെല്ലാം കുറക്കുന്നത് നല്ലതല്ലെ മോളേ,,”

“പിന്നെ, അവിടെയെത്തിയാൽ മാറ് മറക്കാൻ പാടില്ല”

“അപ്പോൾ മറ്റെല്ലാം മറക്കാൻ പറ്റുമോ?”

“അവരുടെ മകനില്ലാത്ത നേരത്ത് വീട്ടിൽ വരുന്ന വി.ഐ.പി.‌കളെ എന്റെ ഉറക്കറ‌യിലേക്ക് കയറ്റിവിടും”

“അതെന്താ അവിടെ വേറെ അറകളൊന്നും ഇല്ലേ?”

“പിന്നെ, ആ പയ്യൻ മരിച്ചാൽ”

“മരിച്ചാൽ?”

“മരിച്ചാൽ അവന്റെ ചിതയിൽ എന്നെയും ചേർത്ത് ജീവനോടെ കത്തിക്കും”

“അയ്യോ മോളേ”

“എന്താ അമ്മേ”

“വേണ്ട മോളേ,,നമുക്കീ കൊലസ്ത്രീബന്ധം വേണ്ടാ,,,”

“വേണ്ടമ്മേ,,”

“എന്റെ മോളേ,,”

     അല്പനേരത്തേക്ക് അടുക്കളക്കാര്യം മറന്നുകൊണ്ട് വളരെക്കാലത്തിനുശേഷം ഞാനെന്റെ മകളെ കെട്ടിപ്പിടിച്ചു.

*****