26.11.12

വെറുതെ ഒരു ഭർത്താവ്

                             1975ൽ തലശ്ശേരിയിൽ വെച്ചായിരുന്നു, ‘ഇന്ത്യൻ കോഫി ഹൌസും’ ഞാനും തമ്മിൽ ബന്ധം തുടങ്ങിയത്. അക്കാലത്ത് ‘അടിയന്തരാവസ്ഥ’ എന്നൊരു ആഘോഷം നമ്മുടെ കേരളക്കരയിൽ ഉണ്ടായിരുന്നതിനാൽ മര്യാദക്ക് രണ്ട് വാക്ക് മിണ്ടിക്കൊണ്ട് ചായയും കാപ്പിയും കൂടിക്കണമെങ്കിൽ തലശ്ശേരിയിലെത്തുന്ന യുവതിയുവാക്കൾ, ഇന്ത്യൻ കോഫീ ഹൌസിൽ തന്നെ പോകും.
കാരണമോ?
                      തലശ്ശേരിനാട് കേരളത്തിലായതിനാൽ അസമയത്ത് വെളിയിൽ കാണുന്ന അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും, ചോദ്യമോ ഉത്തരമോ പറയാനറിയാത്ത അവസ്ഥയിൽ, പോലീസ്‌പിടിച്ച് സ്റ്റേഷനിൽ കൊണ്ടുപോകും. പിന്നെ പോലീസുകാരെല്ലാം‌ചേർന്ന്, ഉരുട്ടി പരത്തി വടിയാക്കി, പൊതിയാക്കി കെട്ടിയിട്ട് അറബിക്കടലിലോ ധർമ്മടം പുഴയിലോ കൊണ്ടുപോയി ചാ‍ടും അഥവാ എറിയും. അത്‌പേടിച്ച് കോളേജ് കുമാരന്മാരും കുമാരിമാരും പത്ത് മണിമുതൽ ഒരുമണി വരെയും രണ്ട് മണിമുതൽ നാല് മണി വരെയും ‘തല വെളിയിൽ കാണിക്കരുത്’, എന്ന് നമ്മുടെ ട്രെയിനിംഗ് കോളേജിലെ അദ്ധ്യാപകർ നമ്മളോട് എന്നും പറയും. അങ്ങനെയുള്ളവരുടെ കൂട്ടത്തിൽ, പടയുടെകാര്യം പറഞ്ഞ്‌കേട്ട് പേടിച്ച് ക്ലാസ്സിലിരിക്കുന്ന, ജീവശാസ്ത്ര അദ്ധ്യാപകജോലി കൊതിക്കുന്ന പതിനാറ് വിദ്യാർത്ഥികളും പന്തളക്കാരനായ നമ്മുടെ പ്രീയപ്പെട്ട പിള്ളസാറും ചേർന്ന് (ഇത് പിള്ള മാഷല്ല) അടിയന്തരാവസ്ഥ കാലത്ത് സർക്കാർ നിരോധിച്ച പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് ചർച്ചചെയ്യും.
എന്തതിശയമേ അടിയന്തിരാവസ്ഥ!!! എത്ര മനോഹരം
                      അക്കാലത്ത് മുതിർന്നവരായ വിദ്യാർത്ഥികൾക്ക് വലിയൊരു അനുഗ്രഹമാണ് തൊട്ടടുത്തുള്ള ഇന്ത്യൻ കോഫീ ഹൌസ്. എത്രയെത്ര പ്രേമങ്ങളാണ് കോഫീ ഹൌസിന്റെ ഫാമലി റൂമുകളിൽ വളർന്നു തളിർത്തത്; ഒടുവിൽ പിരിഞ്ഞതും. അവസാനദിവസം കണ്ണീരുമായി വിടചൊല്ലിയതും അതേ ഫാമലിറൂമിൽ ഒരു കാപ്പി കുടിച്ചുകൊണ്ടായിരിക്കും.

                     കേരളത്തിലെ എല്ലാ ജില്ലകളിലുമായി കോഫീ ഹൌസുകൾ അനേകം ഉണ്ടെങ്കിലും ലാറി ബക്കറുടെ നിർമ്മാണചാതുരികൊണ്ട് തിരുവനന്തപുരത്തെ കോഫീ ഹൌസ് വേറിട്ട് നിൽക്കുന്നു. തുറന്ന ജാലകത്തിലൂടെ നഗരത്തെ വീക്ഷിച്ചുകൊണ്ട് അവിടെയിരുന്ന് ഭക്ഷണം കഴിക്കാം. അതുപോലെയുള്ള ഒരു കോഫീഹൌസിൽ ഒരു നട്ടുച്ചനേരത്ത് ചായകുടിച്ചപ്പോൾ എനിക്ക് വലിയൊരു നേട്ടം ഉണ്ടായി.

അതാണ് ഈ സംഭവം,,,
                     അന്നൊരു നാൾ കണ്ണൂർ നഗരത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി ഷോപ്പിംഗിനെന്ന പേരിൽ പലതവണ ഒറ്റക്ക് നടന്നപ്പോൾ എനിക്ക് കലശലായ ദാഹം അനുഭവപ്പെട്ടു, ഒപ്പം നന്നായി വിശക്കാനും തുടങ്ങി. കാലത്ത് വീട്ടിൽ‌നിന്ന് കഴിച്ച ചായയും ഒന്നരമുറി (ഒന്നര പീസ്) ദോശയും ഒരു മണിക്കൂർ മുൻപെ ദഹിച്ച് എങ്ങോട്ടോ പോയതിനാൽ എന്റെ ആ‍മാശയം വരൾച്ചക്കാലത്തെ കിണറുപോലെ ഒഴിഞ്ഞിരിക്കയാണ്. വിശപ്പും ദാഹവും സഹിക്കവയ്യാതായ ഞാൻ ചുറ്റും നോക്കിയപ്പോൾ അതാ തൊട്ടുമുന്നിൽ എനിക്കായി തുറന്നുവെച്ചതുപോലെ ഒരു കോഫീ ഹൌസ്, അതായത് ഒറിജിനൽ ‘ഇന്ത്യൻ കോഫീ ഹൌസ്’. അതോടെ മുൻപ് കോഫീ ഹൌസിൽ പോയി മസാലദോശ കഴിച്ച കാര്യം എന്റെ മനസ്സിൽ ഉയർന്ന് നാവിലേക്ക് പടർന്നു.

                    ഞാൻ നേരെ അകത്തേക്ക് പ്രവേശിച്ച് ഒഴിഞ്ഞ ഇരിപ്പിടത്തിനായി നോക്കി. ഒരു മേശക്ക് ചുറ്റുമായി കാണുന്ന ഇരിപ്പിടത്തിൽ രണ്ടെണ്ണം ഒഴിഞ്ഞിരിക്കുന്നതിനാൽ നേരെയങ്ങോട്ട് നടന്ന് അതിലൊരു ചെയറിൽ ഞാനിരുന്നു. ആളുകൾക്കിടയിലൂടെ ഊളിയിട്ട് പായുന്ന വെള്ളക്കിരീടം അണിഞ്ഞ വെയിറ്ററെ കാത്തിരിക്കുന്നതിനിടയിൽ ഒരു യുവാവ് വന്ന് എന്റെ സമീപത്തുള്ള ഒഴിഞ്ഞ ഇരിപ്പിടത്തിൽ ഇരുന്നു.  വെയിറ്റർ വന്ന ഉടനെ ഞാൻ ഓർഡർ ചെയ്തു,
“മസാലദോശയും ചായയും”
                 അല്പനേരത്തിനുശേഷം വെയിറ്റർ കൊണ്ടുവന്നത് രണ്ട് പ്ലെയിറ്റ് മസാലദോശകളാണ്. അതിൽ ഒന്ന് എന്റെ മുന്നിൽ വെച്ചപ്പോൾ മറ്റേത് എന്റെ അടുത്തിരിക്കുന്ന ആ അപരിചിതന്റെ മുന്നിൽ വെച്ചു. അപ്പോൾ അയാളും ഓർഡർ ചെയ്തത് മസാലദൊശ തന്നെയാവാം.

                   വിശപ്പിന്റെ കാഠിന്യം അറിഞ്ഞ ഞാൻ സ്വയം മറന്ന് മസാലദോശ കഴിച്ചുകൊണ്ടിരിക്കെ ചായയുമായി വന്ന വെയിറ്റർ അയാൾക്ക് മാത്രം ബില്ല് നൽകിയിട്ട് എന്നെ അവഗണിച്ചു; ‘ഒ, ഇവിടെയും സ്ത്രീകളെ രണ്ടാം സ്ഥാനമാക്കി തഴയുകയാണ്, നടക്കട്ടെ’. അതിനിടയിൽ എന്റെ സമീപമിരുന്ന യുവാവ് പെട്ടെന്ന് ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി. മസാലദോശ ആസ്വദിച്ച് തിന്നുകൊണ്ടിരിക്കെ ചായകുടിച്ചുകൊണ്ട് വിശപ്പും ദാഹവും മാറിയപ്പോൾ ഞാൻ വെയിറ്ററെ കാത്തിരുന്നു, ‘കഴിച്ചതിന്റെ ബില്ല് കിട്ടിയിട്ടുവേണമല്ലൊ പണം കൊടുത്ത് എനിക്ക് വെളിയിലേക്കിറങ്ങാൻ’. അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന വെയിറ്റർ എന്നെ അവഗണിക്കുകയാണെന്ന് കണ്ടപ്പോൾ ഞാൻ ചോദിച്ചു,
“ഹലോ ബില്ല് വേണം, ഒരു ചായയും മസാലദോശയും”.
തൊട്ടടുത്ത ടേബിളിൽ ഒരു പ്ലെയിറ്റ് കട്ട്‌ലറ്റ് സപ്ലൈ ചെയ്യുന്നതിനിടയിൽ അയാൾ എന്നെനോക്കിയിട്ട് പറഞ്ഞു,
“മാഡം രണ്ടുപേരുടെയും ചേർത്ത്, ബില്ല് നിങ്ങളുടെ ഭർത്താവിന്റെ കൈയിൽ കൊടുത്തല്ലൊ”
“ഭർത്താവ്!!”
ഞാൻ പറയുന്നത് കേൾക്കാത്തമട്ടിൽ വെയിറ്റർ കിച്ചണിനുനേരെ നടന്നു.
ലാഭം പണം മാത്രമല്ല, വിശപ്പും ദാഹവും മാറുകയും ഒപ്പം വെറുതെ ഒരു ഭർത്താവിനെയും ലഭിച്ചു!
***********************************************