21.9.10

കുട്ടിരാമന്റെ കണക്ക് പറച്ചിൽ

                       നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് തെങ്ങ്കയറ്റം അറിയാത്തതിനാൽ ഒറിജിനൽ ചെത്ത് അജ്ഞാതമെങ്കിലും എപ്പോഴും അവർ ചെത്തി നടക്കാറുണ്ട്. വലതു കൈയാൽ മൊബൈലിനെ ഇടതുചെവി കാണിച്ച്, ഇടതു കൈകൊണ്ട് ബൈക്ക് പിടിച്ച്, തിരിച്ച്, സൂപ്പർഫാസ്റ്റ് സ്പീഡിൽ; സ്വന്തം വീടിന് തീപ്പിടിച്ചതായി വിവരം കിട്ടിയ ഫയർ‌സർവീസ് വണ്ടിയുടെ ഡ്രൈവറെപ്പോലെ ഓടിച്ച് പോകുന്ന ഇവനെയൊക്കെ കണ്ടാൽ ഇരുവശത്തുമുള്ള  കാൽ‌നടയാത്രക്കാർ ഇരുവശത്തേക്കും പേടിച്ചോടി കുഴിയിൽച്ചാടും. ആയുസ്സിന്റെ വര തലയിൽ വരച്ചത് ഈ വക ചെത്തുകാർ ചെത്താൻ തുടങ്ങുന്നതിനു മുൻപായത്‌കൊണ്ട് മാത്രമാണ് യാത്രക്കാരിൽ പലരും ജീവനോടെ ഇന്നും ഇരിക്കുന്നത്.

                        ഇങ്ങനെ ജോലിയും കൂലിയും ഇല്ലാത്ത ഈ ചെത്തുകാർക്ക് ഇങ്ങനെ ചെത്താൻ പണം കിട്ടിയത് എങ്ങനെയാണെന്ന് സീനിയർ സിറ്റിസൺ ആയ പലരും ചേർന്ന് സി.ബി.ഐ. പണിയും ചാരപ്പണിയും നടത്തിയിട്ടുണ്ട്. അധോലോകത്തിന്റെ അദൃശ്യകരങ്ങൾ ചെത്തുകാർക്ക് അദൃശ്യസഹായവാഗ്ദാനങ്ങൾ നൽകി മോഹിപ്പിക്കുന്നുണ്ടോ എന്ന് പോലും ചിലരുടെ പഴഞ്ചൻ തലയിൽ സംശയവ്യൂഹങ്ങൾ പത്തിവിടർത്തി താണ്ഡവമാടിയിട്ടുണ്ട്.

                        അങ്ങനെ ഒരു നല്ല ദിവസം ജോലി ചെയ്യാതെ കൂലി വാങ്ങുന്ന നാട്ടിലെ സീനിയർമോസ്റ്റ് സിറ്റിസനുകൾ ഒരിടത്ത് കൂട്ടായിരുന്ന്, ജോലിയും കൂലിയുമില്ലാത്ത ജൂനിയർ സിറ്റിസൺ‌ന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. എല്ലാരും അന്യോന്യം കുറ്റപ്പെടുത്തിയെങ്കിലും എല്ലാവർക്കും ഒരുകാര്യം മനസ്സിലായി,
‘മക്കൾ ആണായാലും പെണ്ണായാലും അവർക്ക് ചെത്താൻ പണം കൊടുക്കുന്നത് രക്ഷിതാക്കൾ തന്നെയാണ്. നമ്മുടെ നാട്ടിലെ എല്ലാ അച്ഛനും അമ്മയും അവർക്ക് പിറന്ന സ്വന്തം മക്കളെ പേടിക്കുന്നു’.
മക്കൾ അവരെ ഭീഷണിപ്പെടുത്തുന്നു.
ആ ഭീഷണിയിൽ ചിലർ കെട്ടുതാലിപോലും ഊരി മക്കൾക്ക് ചെത്താൻ കൊടുക്കുന്നു,
അങ്ങനെയങ്ങനെ ചെത്തുകാർ നാട് വാണിടും കാലം

.നാട്ടിൽ ഒരേയൊരു നല്ലപയ്യൻ മാത്രം,,, അതാണ് രാമൻ മകൻ കുട്ടിരാമൻ,,,
അവൻ ചെത്താൻ പോകാറില്ല,
കുടിക്കാൻ പോകാറില്ല,
പല്ലുതേക്കാതെ കാപ്പി കുടിക്കാറില്ല,
കൈ കഴുകാതെ ചോറ് തിന്നാറില്ല,
പെൺപിള്ളെരുടെ പിന്നാലെ നടന്ന് തോണ്ടാറില്ല,
സുന്ദരിമാരെ മിസ്‌കോൾ അടിക്കാറില്ല,
ബസ്സിൽ ലേഡീസ്‌സീറ്റിനു സമീപം വരാറില്ല,
കുളിക്കാതെ വീട്ടിന്ന് പുറത്തിറങ്ങാറില്ല,
അച്ഛനോടും അമ്മയോടും എതിർത്ത് ഒന്നും മിണ്ടാറില്ല,
പഠിപ്പിച്ച ടീച്ചർ‌മാരെ കമന്റടിക്കാറില്ല,
.ഒരു പാവം പയ്യൻ,,,
              
                    ‘കഴിഞ്ഞജന്മത്തിലെ മുഖ്യശത്രുവിന്റെ സന്താനമായിട്ടായിരിക്കും നടപ്പുജന്മം പിറക്കുന്നത്’,,, എന്ന് നമ്മുടെ അല്ല എന്റെ നാട്ടിലെ ഒരു ചൊല്ലുണ്ട്. ആ ചൊല്ലിന് മെയിൻകാരണം കുട്ടിരാമന്റെ അച്ഛനായ ‘രാമന്റെ’ സ്വഭാവമഹിമ ഒന്ന്‌കൊണ്ട് മാത്രമാണ്.

                    രാമന്റെ മകനായതുകൊണ്ട് നാട്ടുകാർക്ക് അവൻ കുട്ടിരാമനാണെങ്കിലും അവന്, അച്ഛൻ രാമന്റെ സമ്പാദ്യം പോയിട്ട് നല്ല സ്വഭാവം പോലും പാരമ്പര്യമായി കിട്ടിയിട്ടില്ല. കുടിയന്മാരായ നാട്ടുകാരുടെ മാതൃകാ പുരുഷോത്തമനാണ് രാമൻ.
രാമൻ അതായത് അച്ഛൻരാമൻ അതിരാവിലെ എഴുന്നേറ്റ് സ്വന്തം ഭാര്യ ദേവിയെ വിളിക്കും, “എടി മൂധേവീ, നിന്നെ കെട്ടിയെടുത്തോ?”
.കുട്ടിരാമന് സ്വന്തം ഭാര്യ ഇല്ലാത്തതിനാലും അച്ഛന്റെ ഭാര്യ, സ്വന്തം അമ്മ ആയതിനാലും അവൻ അങ്ങനെ വിളിക്കാറില്ല.
രാമൻ കൂലിപ്പണിക്ക് നടന്ന്‌പോകും; തിരിച്ചുവരുമ്പോൾ കിട്ടിയകൂലിയെല്ലാം ചാരായരൂപത്തിൽ വയറ്റിലാക്കി ഇഴഞ്ഞ് പാമ്പായിമാറും.
.കുട്ടിരാമനും കൂലിപ്പണിക്ക് പോകും; ചാരായം അലർജ്ജി ആയതിനാൽ തിരിച്ച് വരുമ്പോൾ വീട്ടിലേക്ക് വേണ്ടതെല്ലാം വാങ്ങി ബാക്കിപ്പണം അമ്മയെ ഏല്പിക്കും.
സ്വന്തം വീട്ടിലുള്ള പൊട്ടുന്നതെല്ലാം രാമൻ പൊട്ടിച്ച്, ചോറും കറിയും അടുക്കളപ്പുറത്തെ വാഴക്ക് വളമാക്കി മാറ്റും.
.കുട്ടിരാമന് പൊട്ടിക്കാൻ താല്പര്യം ടീവി, ഫ്രിഡ്ജ്, മിക്സി, ഏസി, എന്നിവയാണ്. അവയൊന്നും ആ വീട്ടിൽ  ഇല്ലാത്തതിനാൽ വല്ലതും പൊട്ടിക്കാനായി അവന്റെ കൈ തരിക്കും.
അടിച്ചങ്ങ്പൂസായ രാമൻ നാട്ടുകാരുമായി എന്നും വഴക്കുണ്ടാക്കും. നാട്ടുകാർ രാമന്റെ ദേഹമാസകലം തല്ലിയിട്ട് ബോഡിഷെയ്പ്പ് മാറ്റി പതം വരുത്തും.
.കുട്ടിരാമൻ അടികിട്ടിയ അച്ഛനെയും താങ്ങി, വേതാളത്തെ ചുമക്കുന്ന വിക്രമാദിത്ത്യൻ മോഡൽ വീട്ടിലെത്തിച്ച് അമ്മയെയും പെങ്ങമ്മരെയും ഏല്പിക്കും.
പാമ്പായി മാറിയ രാമൻ പതിവായി പാതിരാവിൽ ഉണർന്ന് ഭാര്യയെ തല്ലും.
.കുട്ടിരാമൻ പാതിരാവിൽ തല്ല്‌കൊണ്ട് കരയുന്ന അമ്മ പെങ്ങമ്മാരോടൊപ്പം കരഞ്ഞ് സുഖമായി ഉറങ്ങും.

                   അങ്ങനെ നടന്നും ഇഴഞ്ഞും രാമന്റെ നാളുകൾ സസുഖം മുന്നോട്ട് നീങ്ങുന്നതിൽ നല്ലവരായ നാട്ടുകാർക്കെല്ലാം അസൂയയും പരാതിയും മാത്രമാണ്. അതെല്ലാം കേൾക്കാനുള്ള സ്വബോധം രാമനില്ലാത്തതിനാൽ അവരെല്ലാം പരാതിക്കെട്ടുകൾ അഴിക്കുന്നത് കുട്ടിരാമനു മുന്നിലാണ്. അവനെല്ലാം കേട്ടു കേട്ടു മടുത്തപ്പോൾ പറയാനുള്ള സാഹിത്യമെല്ലാം ആ തന്തപ്പടിയോട് പറഞ്ഞുകഴിഞ്ഞു. ഇനി ഒരു വഴി മാത്രം മുന്നിലുണ്ട്, നല്ല ചുട്ട അടി. പക്ഷെ ആ ഒരടിക്ക് തന്തപ്പടി കാഞ്ഞുപോവുകയും താൻ ജയിലിൽ പോവുകയും ചെയ്താൽ അമ്മയും രണ്ട് പെങ്ങമ്മാരും ആനാഥരാവുമല്ലൊ എന്ന ചിന്ത, അവനെ ആ ഉദ്യമത്തിൽ‌നിന്ന് പിൻ‌തിരിപ്പിച്ചു.
.എന്നാലും ഇങ്ങനെയുണ്ടോ, ഒരു അച്ഛൻ!

ഒരു ദിവസം കുട്ടിരാമൻ അമ്മയോട് ചോദിച്ചു,
“ഈ ദുനിയാവിൽ എത്രയെത്ര ആണുങ്ങളുണ്ട്; എന്നിട്ടും എന്റെ അമ്മയെന്തിന് ഈ അച്ഛനെത്തന്നെ സെലക്റ്റ്‌ചെയ്ത് കല്ല്യാണം കഴിച്ചു?”
“അത് കല്ല്യാണനേരത്ത് ഞാനറിഞ്ഞില്ല മോനേ”
“എന്നാല് അറിഞ്ഞനേരത്ത് അമ്മക്ക് ഇയാളെയങ്ങ് ഡൈവോഴ്സ് ചെയ്യാമായിരുന്നുല്ലെ?”
“മോനേ, ഞാനങ്ങനെ ചെയ്താലുള്ള മനഃപ്രയാസം കൊണ്ട് ഇയാള് എന്തെങ്കിലും കടുംകൈ ചെയ്താലോ?”
കുട്ടിരാമൻ സ്വന്തം അച്ഛൻ കാരണം പകൽ‌വെളിച്ചത്ത് നാട്ടിലിറങ്ങാതായി.
പരിചയക്കാരെക്കണ്ടാൽ മുഖം കാണിക്കാതിരിക്കാൻ തലയിൽ മുണ്ടിടാൻ തുടങ്ങി.
ഈവക അച്ഛന്മാർ ഭൂമീലുണ്ടോ?
എന്നിട്ടും,
അച്ഛൻ രാമന് ഒരു കുലുക്കവും ഇല്ല,
പതിവായി പാമ്പായി വീട്ടിൽ വരുന്നത് മുറതെറ്റാതെ തുടർന്നു.
വീട്ടിലെ പുത്തൻ ചട്ടിയും കലവും പൊട്ടുന്നത് തുടർന്ന് കൊണ്ടേയിരുന്നു.
അമ്മയുടെ കണ്ണീർക്കയത്തിൽ മക്കൾ മുങ്ങിത്താണു പോയ്ക്കൊണ്ടേയിരുന്നു.

അങ്ങനെ ഒരു ദിവസം
രാമൻ കുപ്പികളുമായി ആടിയാടി മന്ദം മന്ദം വീട്ടിലേക്ക് വന്നുകൊണ്ടിരിക്കയാണ്,
മുറ്റത്തെത്തിയപ്പോൾ പതിവില്ലാതെ ഒരു ആൾക്കൂട്ടം.
സ്വന്തം വീട് തന്നെയാണെന്ന് ഒരിക്കൽ‌കൂടി ഉറപ്പിച്ച് മുറ്റത്ത് കാലെടുത്തുവെച്ച രാമൻ ,പാട്ടുപാടി ആനന്ദനൃത്തത്തിൽ ആറാടുന്ന ഒരുത്തനെ കണ്ടു,
ഒരു കൈയിൽ തുറക്കാത്ത ചാരായക്കുപ്പിയും മറുകൈയിൽ കാലിയാവാറായ മറ്റൊരു കുപ്പിയുമായി നിൽക്കുകയാണ്,
രാമന്റെ അരുമ ഏക ആൺസന്താനം കുട്ടിരാമൻ,,,
മുറ്റത്ത് വടക്കെമൂലയിൽ അവന്റെ അമ്മയും രണ്ട് സഹോദരിമാരും തലയിൽ കൈവെച്ച് ഇരിക്കുന്നുണ്ട്.
രാമനെ കണ്ട ഉടനെ കുട്ടിരാമൻ ഗാനമേള നിർത്തി,
“ഹലോ അച്ഛാ, ഇത്രയും കാലം ഇത്രനല്ല സാധനം അച്ഛൻ എന്നിൽനിന്ന് ഒളിച്ചുവെച്ചല്ലൊ, അച്ഛാ;
എന്റെ അച്ഛനിന്നലെ വല്ലാത്തൊരക്കിടിപറ്റി,,,”
“എടാ നീ,,,”
“മിണ്ടരുത്, ഇത് ഞാനാ കുട്ടിരാമൻ, രാമന്റെ മകൻ; ഇന്ന് വൈകുന്നേരം ബാറിൽ‌പോയി മതിയാവോളം കുടിച്ച് വാളും‌വെച്ചാ മോൻ വന്നത്, അച്ഛനു വേണോ?”
മകന്റെ രൂപമാറ്റം കണ്ട് രണ്ട്‌കണ്ണും തള്ളിയ അവസ്ഥയിൽ നിൽക്കുന്ന രാമന്റെ ദേഹത്തുനിന്നും ഇതുവരെ കുടിച്ച ചാരായം മുഴുവൻ ആവിയായിപ്പോയി; ഇതുവരെ സ്വബോധം ഇല്ലാത്ത രാമന്റെ തലയിൽ പതുക്കെ ചാരായഅലർജ്ജി കയറിപ്പറ്റി.

                   രാമൻ ആദ്യമായി മകനെയും ഭാര്യയെയും ‌മക്കളെയും ശരിക്കൊന്ന് നോക്കി,
“മോനേ നീ അകത്ത് പോ”
“മോനോ???  എപ്പഴാ ഞാൻ നിന്റെ മോനായത്; ഞാനിനിയും കുടിക്കും. അച്ഛന്റെ കുടി നിർത്താൻ കഴിയാത്ത ഞാൻ ഇനിയും കുടിക്കും”
ഇത്രയും പറഞ്ഞ് കുട്ടിരാമൻ വെട്ടിയ വാഴത്തടപോലെ മുറ്റത്ത് കമഴ്ന്ന് വീണപ്പോൾ ഏതാനും ചിലർ അവനെത്താങ്ങി നേരെയിരുത്തി തലയിൽ പച്ചവെള്ളം കോരിയൊഴിച്ചു.
വെള്ളം തലയിൽ വീണപ്പോൾ ഇത്രയും നേരം മുറ്റത്തെ മൂലയിൽ ഇരുന്ന് കരയുന്ന അമ്മ പെങ്ങന്മാരെ നോക്കി കുട്ടിരാമൻ പറഞ്ഞു,
“അമ്മയും മക്കളും ഇപ്പൊഴെന്തിനാ കരയുന്നത്? എന്റെ അച്ഛൻ കുടിച്ച് പൂസായി വീണപ്പോൾ ആരും കരഞ്ഞിട്ടില്ലല്ലൊ?”

                     വൺ‌മാൻ റിയാലിറ്റി ഷോ കണ്ട് രസം പിടിച്ച് ചിരിക്കുന്ന നാട്ടുകാരിൽ ചിലരുടെ മുഖം കണ്ടപ്പോൾ അച്ഛൻരാമന് പെട്ടെന്ന് നാണക്കേട് തോന്നാൻ തുടങ്ങി. ഇത്രയും കാലം പാമ്പും പെരുമ്പാമ്പും ആയി വന്നപ്പോൾ ഇല്ലാത്ത അഭിമാനം പെട്ടെന്ന് ഉള്ളിൽനിന്നും തലപൊക്കി,
“എടാ നീ അകത്തു പോ, എടി ദേവീ  നീ ഇവനെപ്പിടിച്ച് വീട്ടിനകത്താക്കിയാട്ടെ”
“എന്നെ വീട്ടിനത്താക്കിയാൽ പുറത്തുള്ളവർ ഒന്നും അറിയില്ലല്ലൊ; അങ്ങനെയെന്ന അകത്താക്കാൻ താൻ നോക്കേണ്ട”
“എടാ നിന്റച്ഛനാ പറയുന്നത് അകത്തു പോകാൻ, പറയുന്നത് അനുസരിക്ക്”
അച്ഛനും മകനും ചേർന്ന പിടിവലിയിൽ അച്ഛൻ തോറ്റ് താഴെ വീണപ്പോൾ മകൻ കൈകൊട്ടിച്ചിരിക്കാൻ തുടങ്ങി.
“താനാരാ എന്നോട് പറയാൻ?”
മകന്റെ മുന്നിൽ തോറ്റ് തുന്നം പാടിയ രാമൻ ഒടുവിൽ പറഞ്ഞു,
“എടാ നിന്നെ ഉണ്ടാക്കിയത് ഞാനാ; പറയുന്നത് അനുസരിക്കുന്നതാ നിനക്ക് നല്ലത്, അകത്ത് പോ”
“ഓ, എന്നെ വളർത്തിയിട്ടില്ലെങ്കിലും ഉണ്ടാക്കിയതിന്റെ കണക്ക് പറയുകയാണ്. ഇപ്പൊം പറഞ്ഞൊ, അതിന് എത്ര പൈസ വേണം”
അണ്ടർ‌വെയറിന്റെ വലതു പോക്കറ്റിൽ നിന്ന് നൂറിന്റെയും പത്തിന്റെയും അനേകം നോട്ടുകൾ കുട്ടിരാമൻ പുറത്തെടുത്ത് അച്ഛന് നേരെ നീട്ടി,
“പറഞ്ഞൊ, എന്നെ ഉണ്ടാക്കിയതിന് എത്രയാന്ന് പറഞ്ഞാൽ തരാം”
മകൻ നീട്ടിയ പണം നോക്കി അച്ഛനായ രാമൻ നിലത്തിരുന്നു.
പിൻ‌കുറിപ്പ്:
ദിവസങ്ങൾക്ക് ശേഷം
രാമൻ മദ്യപാനം പൂർണ്ണമായി നിർത്തി; എന്നാൽ കുട്ടിരാമൻ നാട്ടിലെ ഏറ്റവും വലിയ കുടിയനായി ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നു.
എന്റെ നാട്ടിലെ കുടുംബകലഹത്തിനിടയിൽ മക്കൾ മാതാപിതാക്കളോട് ചോദിക്കും; ‘ഞാനും കുട്ടിരാമനെപ്പോലെ കണക്ക് പറയണോ’ എന്ന്, അത് കേട്ട് പേടിച്ച അച്ഛനും അമ്മയും, ചോദിച്ചതെല്ലാം മക്കൾക്ക് കൊടുക്കും.
...(ഒറിജിനൽ ചെത്ത് കാണാത്തവർക്കായി ഒരു ഫോട്ടോ മുകളിൽ കൊടുത്തിട്ടുണ്ട്).