21.6.16

പ്രസവവാർഡ്



പത്തുമാസം കഴിഞ്ഞല്ലൊ മോനെ; ഇനി അമ്മയെ വിഷമിപ്പിക്കാതെ വെളിയിലോട്ട് ഇറങ്ങിവാ,,,”

“അമ്മേ, ഞാനിതാ അങ്ങോട്ട് വരുന്നുണ്ട്,, പക്ഷെ ഒരു കാര്യം”

“എന്തു കാര്യമാ?”

“എനിക്കറിയണം, എന്റെ അച്ഛനാരാണെന്ന്”

“അതാണോ? അത് വടക്കെവീട്ടിൽ വിശ്വനാഥൻ മുതലാളിയാണ് നിന്റെ അച്ഛൻ,,,”

“അയാൾക്ക് എന്തൊക്കെയുണ്ട്?”

“അദ്ദേഹത്തിന് രണ്ട് കാലുണ്ട്, രണ്ട് കൈകൾ ഉണ്ട്, രണ്ട് കണ്ണുകൾ, ഒരു മൂക്ക്, ഒരു വായ,, പിന്നെ,,,”

“അതൊന്നുമല്ല, അങ്ങേർക്ക് മൊബൈൽ ഉണ്ടോ?”

“ഉണ്ടല്ലൊ,, എല്ലാറ്റിലും വലുത്; സാംസങ്ങ് ഗാലക്സി, എയർടെൽ ഫോർ ജിയാണ്, പിന്നെ?”

“ഫെയ്സ്ബുക്ക്, വാട്ട്സപ്പ്, ട്വിറ്റർ, ഹോട്ട്സ്റ്റാർ, ചാറ്റ്, ചീറ്റ്, ഒക്കെയുണ്ടോ?”

“എല്ലാം അങ്ങേർക്ക് സ്വന്തമായി ഉണ്ട്”

“ടീ.വി, ഫ്രിഡ്ജ്, കമ്പ്യൂട്ടർ, മ്യൂസിക്ക് സിസ്റ്റം,, ഇവയൊക്കെ?”

“അതെല്ലാം ലെയ്റ്റസ്റ്റ് മോഡൽ വീട്ടിൽ വാങ്ങിയിട്ടുണ്ട്, പോരെ?”

“പോരല്ലൊ,, അച്ഛനു സ്വന്തമായി എത്ര സമ്പാദ്യം കാണും? പണമായിട്ടും പറമ്പായിട്ടും ഉള്ളതിൽ എത്ര ബ്ലാക്ക് മണികാണും, എത്ര കൈയിലുണ്ടാവും?”

“പണമായിട്ട് സ്വിസ് ബാങ്കിലുള്ളത് അറിയില്ലെങ്കിലും നാട്ടിലുള്ള ഒട്ടുമിക്ക സഹകരണ ബാങ്കിലും നാഷണലൈസ്ഡ് ബാങ്കിലും ഫിക്സഡ് ഡപ്പൊസിറ്റ് ആയി കോടികൾ ഉണ്ട്. പിന്നെ സ്വന്തം പേരിൽ 4 വില്ലകളും 6 ഫ്ലാറ്റുകളും 2 ബംഗ്ലാവുകളും പത്തിലധികം എസ്റ്റെയിറ്റുകളും രണ്ട് മെഡിക്കൽ കോളേജും 3 എഞ്ചിനിയറിംഗ് കോളേജും ഉണ്ട്”

“അച്ഛന് സ്വന്തമായി വാഹനങ്ങളൊന്നും ഇല്ലെ?”

“ഓ, വീടിന്റെ പരിസരം നിറയെ വാഹനങ്ങളുടെ കൂട്ടമാണ്. മോന്റെ അച്ഛന് സ്വന്തം പേരിൽതന്നെ ഒരു ബി.എം.ഡബ്ലിയു, രണ്ട് സ്കോർപ്പിയോ, 3 ഇന്നോവ, 12 കണ്ടെയിനൽ ലോറികൾ, രണ്ട് ജേസിബി, 24 ടിപ്പർ ലോറികൾ, പിന്നെ 13 ലക്ഷ്വറി ബസ്സുകളും ഉണ്ട്,,, ”

“വീട്ടിൽ ഏസി ഉണ്ടോ?”

“വീടിന്റെ എല്ലാ മുറികളിലും കൂടാതെ അടുക്കളയിലും കുളിമുറികളിലുംകൂടി ഏസിയുണ്ട്”

“അപ്പോൾ എല്ലാം ശരി, ഇനി ഞാനിതാ പതുക്കെ പുറത്തേക്ക് വരുന്നു,,, പിന്നെ,,, എന്റെ അച്ഛന് വേറെ എന്തെങ്കിലും സ്വന്തമായിട്ട്,,?”

“ഇവയെല്ലാം കൂടാതെ അങ്ങേർക്ക് ഒരു ഭാര്യയും രണ്ട് മക്കളും ഉണ്ട്”

“ങെ,, അതെങ്ങനെ ശരിയാവും?”

“പറഞ്ഞതെല്ലാം ശരിയാണ്, ഇതെല്ലാം സ്വന്തമായുള്ള വിശ്വനാഥൻ മുതലാളിയുടെ വീട്ടിലെ വേലക്കാരി ജാനുവാണ് ഞാൻ. നീ കിടക്കുന്നത് ജാനുവിന്റെ വയറ്റിലാണ്”

“അയ്യോ അമ്മെ”

“എടാ, മര്യാദക്ക് നീയിങ്ങോട്ട് ഇറങ്ങി വരുന്നതാണ് നല്ലത്, അല്ലെങ്കിൽ ഡോക്റ്റർമാർ ചേർന്ന് നിന്നെപ്പിടിച്ച് വെളിയിലാക്കും, പറഞ്ഞേക്കാം.”

************************************