18.9.11

സീനിയർമോസ്റ്റ് സിറ്റിസൻ

                                        ബസ്‌യാത്ര ഒരു ദുരിതമായി മറ്റുള്ളവർക്ക് തോന്നാറുണ്ടെങ്കിലും, എന്റെ ബസ് യാത്രകളെല്ലാം എനിക്ക് സന്തോഷകരങ്ങളായ നിമിഷങ്ങളാണ്. ‘ഇരുന്നാലും നിന്നാലും’ ബസ്സിന്റെ അകത്തും പുറത്തുമുള്ള ചുറ്റുപാടുകൾ നിരീക്ഷിച്ച്, മറ്റുള്ളവരുടെ നുണപറച്ചിലിൽ ശ്രദ്ധിച്ച് കൊണ്ട് സമയം പോക്കുന്നതിനാൽ, ‘കീയേണ്ടിടത്ത് എത്തിയിട്ട് കീയാൻ’ മറന്നുപോകുന്ന എന്നോട് ‘ഈട കീഞ്ഞോളീ’ എന്ന് കണ്ടക്റ്റർ പറയുന്നത് കേട്ടാണ് പലപ്പോഴും ഞാൻ കരക്റ്റ് സ്പോട്ടിൽ എത്തിച്ചേരാറുള്ളത്.
പിന്നെ ഒരു പ്രധാന കാര്യം, ബസ്സിൽ കയറിയാൽ മിക്കവാറും ദിവസങ്ങളിൽ ഇരിക്കാനുള്ള ഇരിപ്പിടം എനിക്ക് കിട്ടും,

അതെങ്ങനെയെന്നോ?
ബസ്സിൽ കേരിയ ഉടനെ ‘ഏതെങ്കിലും സീറ്റ് ഒഴിഞ്ഞിട്ടുണ്ടോ’ എന്ന് നോക്കും. അങ്ങനെ ഒഴിഞ്ഞ സീറ്റ്‌കണ്ടാൽ ‘ഏടിയായാലും ഞാങ്കേരി’ ഇരിക്കും.
എന്നാൽ,
ഡ്രൈവറുടെ സീറ്റ് ഒഴിഞ്ഞ്‌, ഇരുന്നാലും, കിടന്നാലും ഞാനൊരിക്കലും അവിടെ കേരിയിരിക്കില്ല. അവിടെ ഇരിക്കുമ്പോൾ എനിക്ക് ‘ബസ്സ്’ ഓടിക്കാൻ തോന്നിയാലോ? ലൈസൻസ് ഇല്ലാത്ത ഞാൻ ബസ്സോടിച്ചാൽ റോഡിലൂടെ ഓടുന്നതിനു പകരം, ബസ് പറമ്പിലൂടെ ഓടിയാലോ?,
പിന്നെ,
വനിതാസംവരണ സീറ്റിലിരിക്കുന്നവരെല്ലാം ‘ശരിക്കും വനിത’ തന്നെയാണോ എന്ന് നോക്കും.
അങ്ങനെ നോക്കുമ്പോൾ,
അവിടെ ഇരിക്കുന്നവരിൽ ഏതെങ്കിലും പുരുഷന്റെ തല ഉണ്ടെങ്കിൽ ‘ആ തലയുടെ ഉടമയെ ബോഡീസഹിതം’ ഒഴിപ്പിച്ച് ആ സീറ്റിൽ ഞാങ്കേരിയിരിക്കും.

എന്നാൽ,
അടുത്ത കാലത്തായി ഞാനൊരു മുതിർന്ന പൌരി ആയി മാറിയതോടെ എനിക്ക് സംവരണസീറ്റുകൾ രണ്ടെണ്ണം വർദ്ധിച്ചു,
അതാണ് ‘സീനിയർ സിറ്റിസൺ സീറ്റ് അഥവാ മുതിർന്ന പൌരർക്കുള്ള ഇരിപ്പിടം’.
സ്ത്രീസംവരണ ഇരിപ്പിടങ്ങൾക്ക് തൊട്ടുപിറകിലായ ഈ ഇരിപ്പിടം കിഴവന്മാർ ആരും ചോദിച്ചില്ലെങ്കിലും കിഴവി ആയഞാൻ ചോദിച്ച് വാങ്ങും.
പലപ്പോഴും,
മൂന്ന് കാലിൽ നടക്കുന്ന പടുകിഴവന്മാർ വനിതാസംവരണ സീറ്റിന് സമീപം വന്ന് മുന്നിലിരിക്കുന്ന അവളുമാരെ നോക്കി നിൽക്കുകയല്ലാതെ തൊട്ടു പിന്നിലുള്ള അവർക്ക് അവകാശപ്പെട്ട സീറ്റിലിരിക്കുന്ന പഞ്ചാരപയ്യന്മാരെ കുടിയൊഴിപ്പിച്ച് അവിടെ കേരിയിരിക്കാൻ ഒരിക്കലും മെനക്കെടാറില്ല.
എന്നാൽ ഞാനെന്റെ ‘ശതമാനം’ ചോദിച്ച് വാങ്ങും.
പക്ഷെ ഒരു കുഴപ്പം ഉണ്ട്, എന്നെക്കണ്ടാൽ ഒരു മുതിർന്ന പൌരി ആയി ആർക്കും തോന്നുകയില്ല. അതുകൊണ്ട് സ്വന്തം ഐഡന്റിറ്റി കാർഡ് എപ്പോഴും ഞാനെന്റെ,,, കൈയിൽ കരുതും.

ഒരു ദിവസം,
കണ്ണൂരിലേക്ക് പോകാനായി ഞാൻ കണ്ണൂരിലേക്ക് പോന്ന ബസ്സിൽ കേരി.
നോക്കിയപ്പോൾ,
ഭാഗ്യം, ബസ്സിൽ ആകെ ഒരു സീറ്റ് മാത്രം ഒഴിഞ്ഞിരിക്കുന്നു. അതാവട്ടെ മുതിർന്ന പൌരന്മാരുടേത്; പെട്ടെന്ന് ഞാനതിൽ ഇരുന്നു.
ഇരുന്നപ്പോൾ,
ഞാനെന്റെ അടുത്തിരിക്കുന്ന ആളെ നോക്കി, ചെക്ക് യൂനിഫോം ധരിച്ച ഒരു പെൺകുട്ടി, +2 ആയിരിക്കണം. ബസ്സിൽ എല്ലാവരും ഇരിക്കുന്നതിനാലും മുതിർന്ന പൌരന്മാർ ആരും മൂന്ന് കാലിൽ നിൽക്കാഞ്ഞതുകൊണ്ടും, ഈ പെൺകുട്ടി ഈ ഇരിപ്പിടത്തിൽ ഇരിക്കുന്നതിൽ ഒരു തെറ്റും ഇല്ലല്ലൊ.
എന്നാൽ,
ഏതെങ്കിലും സീനിയർ സിറ്റിസൺ ബസ്സിൽ കേരിവന്നാൽ എഴുന്നേൽക്കണമെന്ന് ഈ പെൺകുട്ടിക്ക് അറിയോ?
അതെന്താ?
മുകളിൽ പച്ചമലയാളത്തിൽ എഴുതിയിട്ടുണ്ടല്ലൊ; ‘മുതിർന്ന പൌരന്മാരുടെ ഇരിപ്പിടം’.
എങ്കിലും,
അല്പം ഉച്ചത്തിൽ ഞാനൊരു ആത്മഗതം ചെയ്തു, “ഓ, ഇത് സീനിയർ സിറ്റിസണിന്റെ സീറ്റാണല്ലൊ”
എന്നിട്ട്,
അവളെയൊന്ന് ഒളികണ്ണാൽ നോക്കി,
കേട്ടഭാവമില്ല.

അതിനിടയിൽ,
ബസ് ഓടിക്കൊണ്ടേയിരുന്നു, ആളുകൾ കേരുകയും കീയുകയും ചെയ്തുകൊണ്ടേയിരുന്നു.

അങ്ങനെ,
ബസ്സ് നിറഞ്ഞ് കവിയാൻ തുടങ്ങി. ഇടക്ക് ബസ് നിർത്തിയപ്പോഴതാ,
തലയിൽ വെള്ളിക്കമ്പികൾ പാവിയ ഒരു വലിയമ്മൂമ്മ പതുക്കെ ആളുകൾക്കിടയിലൂടെ നുഴഞ്ഞുകയറി ഞാനിരിക്കുന്നതിന് സമീപം മന്ദംമന്ദം വന്ന്‌കൊണ്ടിരിക്കുകയാണ്;
പാവം,
എന്റെ സമീപം വന്നണഞ്ഞപ്പോൾ അവരുടെ നുഴഞ്ഞുകയറ്റം പൂർത്തിയാക്കിയതിനാൽ, മുൻസീറ്റിലെ കമ്പിയിൽ പിടിച്ച് സ്ട്രെയിറ്റ് ഫോർവേഡായി മാറിയിട്ട്, ചുറ്റും വിഹഗവീക്ഷണം നടത്തുകയാണ്.
ഇത് തന്നെ അവസരം,
ഞാനെന്റെ സഹയാത്രികയെ നോക്കിയിട്ട് പറഞ്ഞു,
“ഇത് സീനിയർ സിറ്റിസണിന് റിസേർവ്വ് ചെയ്ത സീറ്റാണ്. പ്രായമുള്ള ആ സ്ത്രീ നിൽക്കുന്നത് നോക്കിയാട്ടെ, കുട്ടി എഴുന്നേറ്റ് അവർക്ക് ഇരിപ്പിടം കൊടുക്ക്”
അവൾ എന്നെ മൈന്റ് ചെയ്തില്ല. ഞാൻ വീണ്ടും ഉച്ചതിൽ പറഞ്ഞു,
നിനക്ക് ചെവി കേൾക്കില്ലെ? പ്രായമായ മുത്തശ്ശിക്ക് ഇരിക്കാൻ സീറ്റ് ഒഴിവാക്കിക്കൊടുക്ക്
അവൾ,
മുഖം ചീനച്ചട്ടിപോലെ കറുപ്പിച്ച്, കണ്ണ് പഴുത്ത കാന്താരിമുളക് പോലെ ചുവപ്പിച്ച്, സിമന്റ്ചാക്ക് പോലുള്ള ബാഗ് നെഞ്ചോടമർത്തി, പതുക്കെ എഴുന്നേറ്റു.
“ങുഹും”,

അവൾ എഴുന്നേറ്റപ്പോൾ എന്റെ തൊട്ടടുത്ത് അവശേഷിച്ച അർദ്ധാസനത്തിൽ ഉപവിഷ്ടയാകാൻ ആ വലിയമ്മൂമ്മയെ ഞാൻ ക്ഷണിച്ചു.
അന്നേരം,
ബസ്സിന്റെ ചാഞ്ചാട്ടത്തിനൊത്ത് ആടിയാടി ഇളകുന്ന ആ ‘സീനിയർമോസ്റ്റ്’ പൌരി എന്നെ മൈന്റ് ചെയ്യാതെ വിളികേൾക്കാത്തമട്ടിൽ അതേ നില തുടരുകയാണ്.
ഞാനവരെ വിളിച്ചു;
അവരെ ഞാൻ തോണ്ടി, തോണ്ടി,,
പിന്നെയും തോണ്ടി,,, വിളിച്ചു,
“ഹെയ്, ഇത് പ്രായമായവർക്ക് ഇരിക്കാനുള്ള സീറ്റാണ്, ഇവിടെയിരിക്ക്”
അവർ എന്നെയൊന്ന് നോക്കിയശേഷം മുഖം തിരിച്ചു, പിന്നെ മൊത്തം യാത്രക്കാർക്ക് കേൾക്കാനായി മൂക്ക് വിടർത്തി പറഞ്ഞു,
“ശ്ശുശ്ഹും,,,, ആര് പറഞ്ഞു എനിക്ക് പ്രായമായെന്ന്? പണ്ടൊക്കെ കണ്ണൂര്‌വരെ ഞാനൊറ്റക്ക് നടന്ന്‌പോയതാ, വേണേങ്കിൽ ഇനിയും ഞാൻ നടക്കും. ബസ്സിൽ പിടിച്ച്‌ ഈടെ നിക്കുന്നതുകൊണ്ട് അനക്ക് കാല്‌കടച്ചലും കൂച്ചലുമൊന്നും ബരൂല്ല, കേട്ടോ,,,”

പിന്നീട്,
ഏതാനും നിമിഷം‌മുൻപ് കുടിയൊഴിപ്പിക്കപ്പെട്ടവളുടെ നോട്ടം കണ്ട് പേടിച്ച്, ഞാനെന്റെ തല,,,
സീറ്റിനടിയിൽ ഒളിപ്പിച്ചു.