21.12.10

‘പാവാട’

അയാൾ പാവാട അണിയാറുണ്ടോ?
ഇല്ല,, ഇതുവരെ അണിഞ്ഞിട്ടില്ല.
                         വർഷങ്ങൾക്ക് മുൻപെ, എന്റെ ഗ്രാമത്തിൽ അയാൾ അറിയപ്പെടുന്നത് ‘പാവാട’ എന്ന പേരിലാണ്. ‘പാവാട’ എന്ന പേര് പറഞ്ഞാൽ അയാളെ മാത്രമല്ല, അയാളുടെ വീടും വീട്ടിലേക്കുള്ള വഴിയും നാടും നാട്ടിലേക്കുള്ള വഴിയും തിരിച്ചറിയാം.
                         പഠനം പത്താം‌തരം പാതിവഴിക്ക് നിർത്തിയ നമ്മുടെ പാവാട, ആ പഴയകാലത്ത് നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന പരോപകാരിയാണ്. നെയ്ത്തുകാരനായ പിതാശ്രീ എല്ല് മുറിയെ പണിയെടുക്കുന്ന നേരത്ത്, പണിയൊന്നും ചെയ്യാതെ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ നേതാവായി നാടുനീളെ തേരാപാരാ അയാൾ അങ്ങനെ നടക്കുകയാണ് പതിവ്.

                         ജനിച്ച് ഇരുപത്തി‌എട്ടാം നാൾ അരയിൽ സ്വർണ്ണനൂൽ കെട്ടി അച്ഛനും അമ്മയും അവനായി ഇട്ട പേര് അവൻ പോലും മറന്നുപോയി. പാവാട നാമകരണത്തിനുമുൻപ്, സ്ക്കൂളിൽ‌പോയി രണ്ടക്ഷരം പഠിക്കുന്നകാലത്ത് കൂട്ടുകാർ അവന് നല്ലൊരു പേര് നൽകി,,, ‘ഇ.എം.എസ്’
ഒരു കാലത്ത് മലയാളികളുടെ മനസ്സിനെ കോരിത്തരിപ്പിച്ച സാക്ഷാൽ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ‘ഇ.എം.എസ്.’ ന്റെ പേര് തന്നെ. മഹാനായ ‘ഇ.എം.എസ്’ ജീവിച്ചിരുന്ന കാലമായതിനാൽ ആ പേരിൽ അറിയപ്പെടുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമാണ്.
                          ഇങ്ങനെ ഇ.എം.എസ്. എന്ന പേരിലറിയപ്പെട്ടത് അയാൾ ഒരു വിപ്ലവകാരിയായ കമ്മ്യൂണിസ്റ്റ് നേതാവ് ആയതുകൊണ്ടല്ല. പിന്നെയോ?
നാട്ടുകാർ ഒന്നടങ്കം ആരാധിക്കുന്ന നേതാക്കന്മാരിൽ ഇ.എം.എസ്. ന് മാത്രമായി ഒരു സവിശേഷ ഗുണമുണ്ട് വിക്ക് നമ്മുടെ നാട്ടുകാരുടെ(കണ്ണൂർ) ഭാഷയിൽ ‘കക്ക്’
കക്ക് ഉള്ളവൻ കക്കൻ,   ഉദാ: കക്കൻ രാമൻ, കക്കൻ ബാലൻ, കക്കൻ കണാരൻ,,,
                           നേതാവായ ഇ.എം.എസ്. ന്, ഈ വിക്ക് ഒരു അലങ്കാരമാണ്. പറയുന്നതെന്തെന്ന് ഇത്തിരി നേരം ആലോച്ചിച്ച് മാറ്റിയും മറിച്ചും പറയാൻ അദ്ദേഹത്തെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ വിക്ക് ആണെന്ന് പറയപ്പെടുന്നു.
ഇങ്ങനെ വിക്ക് ഉള്ളവർ സംസാരിക്കുമ്പോൾ ആദ്യവാക്ക് ഉച്ചരിക്കുന്നതിനു മുൻപ് രണ്ടോ മൂന്നോ തവണ ആദ്യാക്ഷരം പറയും. ചിലർക്ക് ഓരോ വാക്ക് പറയുമ്പോഴും ഇങ്ങനെ അക്ഷരം ആവർത്തിക്കുന്ന വിക്ക് ഉണ്ടാവും. വാക്കിന്റെ ആദ്യാക്ഷരം പറയാൻ പ്രയാസപ്പെടുന്ന ഇവർ മറ്റുള്ള അക്ഷരങ്ങൾ സ്പീഡിൽ പറയുന്നത് കേൾക്കാം.

                            ഇ.എം.എസ്. എന്ന പേരിൽ അറിയപ്പെടുന്ന കാലത്ത്, നമ്മുടെ പാവാട കണ്ണൂരിലെ ഒരു പലചരക്ക് കടയിൽ പോയി തക്കാളിയുടെ വില ചോദിച്ചു,
“ത,,ത,,,ത,,തക്കാളിക്കെന്താ വ്,,വ്,,,വില?”
“എ,, എ,, എത്രവേണം?”
“വ്,,,വ്,, വെലയാ ചോയിച്ചെ”
“ക്,, ക്,,,ക്,, കിലോനഞ്ചുറുപ്പിയാ”
“ന്,,ന്,,,നിയെന്താടാ അന്ന ക്,,ക്,,, കളിയാക്കുന്നത്?”
“ന്,,ന്,,,ന്,,നീ പോട, ന്,,ന്,,,നായിന്റെമോനേ”
“ന്,,ന്,,,,,,,,,,,”
അങ്ങനെ വിക്ക് ഉള്ള കടക്കാരനും കൂടിചേർന്ന്, ബാക്കി പൂരം കേൾക്കാൻ ആളുകൾ കൂടിയപ്പോൾ സംഗതി പൊടിപൂരമാക്കി എന്ന് പറയാം.

                             നാട്ടിലെ പൊതുപ്രവർത്തകരുടെ കൂടെ എപ്പോഴും നമ്മുടെ പാവാട ഉണ്ടാവും. ഒരു വക്കീൽ ആയില്ലെങ്കിലും വക്കീൽ എന്ന് വിളിച്ചു കേൾക്കാൻ അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്. തനിക്കൊരു വക്കീലാവണമെന്ന ജീവിതാഭിലാഷം ഒരിക്കൽ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവരെല്ലാം‌ചേർന്ന് കളിയാക്കാൻ തുടങ്ങി,
“എടാ നീ വക്കീലായാൽ കോടതിയിൽ പോയി എങ്ങനെയാ വ്,,വ്,,വാദിക്കുന്നത്?”
പിന്നീട് ചിലർ വക്കീലെന്ന് വിളിച്ച് കളിയാക്കിയെങ്കിലും പാവാടക്ക് അത് വളരെ സന്തോഷം നൽകി.

                             ഒരിക്കൽ ഒരു സുഹൃത്തിന്റെ കല്ല്യാണത്തിൽ പങ്കെടുക്കാനായി ‘പാവാട’ അഞ്ചരക്കണ്ടിയിലേക്ക് ഒറ്റയ്ക്ക് ബസ്സിൽ കയറി. കണ്ടക്റ്റർ നീട്ടിയ കൈയിലേക്ക് ഇരുപതിന്റെ നോട്ട് കൊടുത്തിട്ട് സ്ഥലം പറഞ്ഞു. കണ്ടക്റ്റർ നൽകിയത് ഇരുപതിന്റെ ബാക്കിയോടൊപ്പം അഞ്ച് ടിക്കറ്റ്. ആ ടിക്കറ്റുകളെ കൈയിൽ‌വെച്ച് പാവാട കണ്ടക്റ്ററോട് ചോദിച്ചു,
“ഒ,,ഒരാൾക്കെന്തിനാ അച്,,അച്,,,അഞ്ച് ടിക്കറ്റ്?”
“നിങ്ങളല്ലെ അഞ്ച് ടിക്കറ്റിന് പറഞ്ഞത്?”
അതും പറഞ്ഞ് കണ്ടക്റ്റർ അടുത്തയാളിന് നേരെ കൈനീട്ടി.
“ഞ്,,ഞ്,,ഞാനങ്ങനെ പറഞ്ഞിട്ടില്ല”
“നിങ്ങളല്ലെ അഞ്ചരക്കണ്ടിയിലേക്ക് അഞ്ച് ടിക്കറ്റിന് പറഞ്ഞത്?”
“ഞ്,,,ഞ്,,ഞാൻപറഞ്ഞത്,, അച്,,അഞ്ച്,,,അഞ്ചരക്കണ്ടി എന്നാണ്?”
“അത് തന്നെയാ ഞാൻ അഞ്ച് ടിക്കറ്റ് തന്നത്”
“അതെങ്ങെനെയാ അച്,,അഞ്ചെണ്ണം?,,,,,,”
“പിന്നേ,,,,,,”
പിന്നീടുള്ള പ്രശ്നം ഒഴിവാക്കാൻ കിളി പറന്ന്‌വന്ന് അവരെ കൊത്തിയകറ്റി.

ഇനി നമ്മുടെ പാവാട, ‘പാവാട’ ആയി മാറിയ ചരിത്രം പറയാം.
നമ്മുടെ നല്ലവരായ നാട്ടുകാർ കൊച്ചു കൊച്ചു തമാശകളുമായി കഞ്ഞികുടിച്ച് വാഴും കാലം,
നാട്ടിലെ ഒരേയൊരു വായനശാലയിൽ നമ്മുടെ കഥാനായകനും കൂട്ടുകാരും ചൊറപറഞ്ഞ് ചിരിക്കുന്ന നേരത്ത് നമ്മുടെ കഥാനായകന്റെ അച്ഛൻ അതുവഴി വന്നു. പുന്നാരമോനേ കണ്ട ഉടനെ കൈത്തറി നെയ്ത്ത് തൊഴിലാളിയായ പിതാശ്രീക്ക് കലിയിളകി,
“എടാ നിന്നോട് കമ്പനിയിലെ തുണി കൊണ്ടുപോകാൻ പറഞ്ഞിട്ട് അത് ചെയ്യാതെ ഇവിടെ വന്നിരിക്കയാണോ?”
“ഞ്,,ഞാനത് കൊണ്ടുപോയി”
“എന്നിട്ട് കൈയും വീശിയാണോ വന്നത്? ‘പാവ്’ ഉണ്ടാക്കാനുള്ള നൂലൊന്നും എടുത്തിട്ടില്ലെ?”
തുണി കൊണ്ടുപോയി കൊടുത്താൽ അടുത്ത നെയ്ത്തിന് വേണ്ട ‘നൂൽ’ കൊണ്ടുവരണം, ആ നൂലുകൾ ചേർന്നതാണ് ‘പാവ്’.
“അത്,,  ഞ്,,ഞ്,,ഞാനെട്‌ത്ത് കൊണ്ടുവന്നിട്ട് ആട മേശയുടെ ചോട്ടില് വെച്ചിട്ടുണ്ട്”
“ഞാൻ നോക്കിയിട്ട് പാവൊന്നും കണ്ടില്ല, നീയങ്ങ് വാ,”
“മേശേന്റെ ചോട്ടില്‌, പ്,,പ്,,,പ,,,പാവാട ഇട്ടിറ്റുണ്ട്”
“ഞാനവിടെയൊന്നും കണ്ടിട്ടില്ല, നീയിങ്ങ് വീട്ടില് വന്നിട്ട് കാണിച്ച് തരുന്നുണ്ടോ?”
പിതാശ്രീക്ക് ദേഷ്യം ഒന്നുകൂടി ഇരട്ടിച്ചു.
“അ,,അച്ഛാ ഞാൻ പ്,,പ്,,പാവ്‌ആട ഇട്ടിന്, ശരിക്കും പാവാട ഇട്ടിറ്റുണ്ട്”
അങ്ങനെ ഇതുവരെ പാവാട അണിയാത്ത നമ്മുടെ കഥാനായകൻ നാ‍ട്ടാർക്കിടയിൽ ‘പാവാട’ ആയി മാറി.

4.12.10

നർമ്മവേദിയിൽ തകർന്നുവീണ എന്റെ U Tube സ്വപ്നം

രംഗം നർമവേദി കണ്ണൂർ,
ഇതുവരെ ഒരു മൂളിപ്പാട്ട്‌പോലും പാടാത്ത ഞാൻ
ഒരു കവിതപോലും നേരാംവണ്ണം എഴുതാത്ത ഞാൻ
സ്വന്തമായി ഒരു കവിത എഴുതി സ്വന്തമായി എഡിറ്റ് ചെയ്ത് സ്വന്തമായി സംഗീതം കൊടുത്ത്, കണ്ണൂർ നർമ്മവേദിയിലെ സദസ്യർക്ക് മുന്നിൽ സ്വന്തമായി പാടി.
കവിത നന്നായോ? അവതരണം നന്നായോ? എന്ന് അറിയില്ല,,, എങ്കിലും സദസ്യർ കൈയ്യടിച്ചു.
പിന്നീട്,,,
സ്വന്തം ക്യാമറയിൽ ലൈവ് ആയി പിടിച്ച ‘എന്റെ കവിതാലാപനം’ കമ്പ്യൂട്ടറിൽ സെയ്‌വ് ചെയ്ത്, U Tube ഇടാനുള്ള മോഹവുമായി ഞാൻ അദ്ദേഹത്തെ സമീപിച്ചു.
പിന്നെയോ???

കണ്ണൂർ നർമവേദി,
നർമവേദി കണ്ണൂർ പരിപാടികൾ ആരംഭിക്കുന്നു.
                    കണ്ണൂരിലുള്ളവർക്ക് ചിരിക്കാനായി ‘നർമവേദി’ ആരംഭിച്ചിട്ട് വർഷം 4 കഴിഞ്ഞു. വിവിധ മേഖലകളിൽ നിന്നും പെൻഷനായ, പ്രായമായ, ആയകാലത്ത് ചിരിക്കാനറിയാതെ മസിലുപിടിച്ചിരുന്ന, മറ്റുള്ളവർ ചിരിക്കുമ്പോൾ കണ്ണുരുട്ടുന്ന തലമൂത്ത പുലികൾക്കും പുപ്പുലികൾക്കും ചിരിക്കാനൊരു മോഹം വന്നപ്പോൾ രൂപംകൊണ്ട മഹാ പ്രസ്ഥാനം. കണ്ണൂരിന്റെ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പി. പി. ലക്ഷ്മണൻ, ആർ. പ്രഭാകരൻ, ഫാ. ദേവസി ഈരത്തറ, കെ ശശിധരൻ, രാജൻ ലൂയിസ്, എസ്. ഇസ്മയിൽ ഷാ തുടങ്ങിയവർ പണിത ചിരിയുടെ ഗോപുരമാണ് ‘കണ്ണൂർ നർമവേദി’. 
ചിരിക്ക് എരിവ് പകരാൻ കുരുമുളക് വിതരണം

നർമവേദിയിൽ വേദിയിൽ ഇരിക്കുന്നവർ
                    വിഐപികളുടെ ചിരി കാണാനും കൂടെചിരിക്കാനും തുടക്കം‌മുതൽ അതിൽ പങ്കെടുക്കുന്ന ഭർത്താവിനോടൊപ്പം, ‘ബ്ലോഗിൽ കയറ്റാൻ പറ്റിയത്, വല്ലതും തടയാനായി’, ഇടയ്ക്കിടെ ക്യാമറയുമായി ഞാനും പോകാറുണ്ട്. ഇങ്ങനെ പോയതിൽ‌നിന്ന് എനിക്ക് ചില പോസ്റ്റുകൾക്ക് തുമ്പ് ലഭിക്കുന്നതോടൊപ്പം ചില കാര്യങ്ങൾ കൂടി മനസ്സിലായി,
വിഐപികളുടെ ചിരി സാധാരണക്കാരുടെ ചിരി പോലെയല്ല. ചിരിക്കാൻ പിശുക്ക് കാണിക്കുന്ന അവർ ചിരിക്കുമ്പോഴും ഡീസന്റ് കീപ്പ് ചെയ്യും.
ഫാ. ദേവസി ഈരത്തറ
കുമാരസംഭവം മൊത്തമായി വായിച്ചാലും ഒരു കിലോമീറ്റർ അകലെ നിന്ന് അരദിവസത്തെ ലീവെടുത്ത് നമ്മുടെ ഒറിജിനൽ കുമാരൻ വന്ന് ഡയലോഗ് പറഞ്ഞാലും ചിലർ ചിരിക്കില്ല. എങ്കിലും അവർ നർമ്മവേദിയിൽ സ്ഥിരമായി പങ്കെടുക്കുമ്പോൾ ചിരിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കി ചിരിക്കാൻ തുടങ്ങും.

 
നർമ്മസംഭാഷണത്തിൽ ആർ. പ്രഭാകരൻ മാസ്റ്റ


നർമ്മസംഭാഷണത്തിൽ കെ. ശശിധരൻ
                എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച നർമ്മം ഇഷ്ടപ്പെടുന്ന കണ്ണൂർ നിവാസികൾ ഒത്തുകൂടും. വേദി മിക്കവാറും പോലീസ് ക്ലബ്ബ് ആയിരിക്കും. ഇവിടെ നർമ്മം അവതരിപ്പിക്കുന്നതോടൊപ്പം നർമ്മത്തിൽ ചാലിച്ച മത്സരങ്ങളും നടക്കാറുണ്ട്. 
നർമവേദിയിലെ പഴംതീറ്റമത്സരം
മാജിക്കുമായി ഇസ്മയിൽ ഷാ
മകാരം മാത്യുവിന്റെ പ്രകടനം
ഇത്തവണ കവിതാമത്സരം ആയിരുന്നു; വിഷയം,
‘റോഡുകൾക്ക് ഒരു ചരമഗീതം’
മത്സരം ഉണ്ടെന്ന അറിയിപ്പ് മുൻ‌കൂട്ടി അറിഞ്ഞപ്പോൾ ഭർത്താവിനോട് ഞാൻ പറഞ്ഞു,
“ഇത്രയും കാലം ബ്ലോഗിൽ കഥകൾ എഴുതുന്ന എനിക്ക് ഇപ്പോൾ ഒരു കവിത എഴുതി വായിക്കാൻ ഒരു മോഹം”
“പിന്നെ വലിയ വലിയ എഴുത്തുകാരൊക്കെ സ്ഥിരമായി പങ്കെടുക്കുമ്പോൾ നീയൊരു പൊട്ടക്കവിതവായിച്ച് മറ്റുള്ളവർ പരിഹസിക്കാനോ?”
“അതെന്താ? എനിക്ക് കവിത എഴുതിയാൽ?; പിന്നെ ഞാനെഴുതിയ കവിത, എനിക്കെന്താ വായിച്ചാൽ?”
നാഗവല്ലി പൂർണ്ണമായി പുറത്തുവരുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞു,
“നീ കവിതയെഴുതിയിട്ട് നീതന്നെ വായിച്ചോ, ഞാനൊന്നും പറഞ്ഞില്ലേ”

                  അടുക്കളയിൽ ചോറും കറിയും ഉണ്ടാക്കുന്നതിനിടയിൽ എന്റെ മനസ്സിൽ റോഡുകൾ നിറഞ്ഞു, അതിനൊരു ചരമഗീതം നിർമ്മിക്കണമല്ലൊ; റോഡിലൂടെ ചെത്തിക്കയറുന്ന ഇരുചക്രവാഹനക്കാരെ ഓർത്തു. അങ്ങനെ ചട്ടിയിൽ കറിയുണ്ടാക്കുന്നതിനോടൊപ്പം, എന്റെ മനസ്സിൽ ഒരു കവിതയും ഉണ്ടാക്കി. എല്ലാവർക്കും ഭക്ഷണം വിളമ്പിക്കൊടുത്ത് കഴിച്ച്, പാത്രം കഴുകിയശേഷം മനസ്സിൽ പാകപ്പെടുത്തിയ കവിത മോണിറ്ററിൽ വിളമ്പി.
പിന്നെ,
പ്രിന്റ് എടുത്ത് വായിച്ചു, വായിച്ച് കേൾപ്പിച്ചു,
“സമ്മാനം നിനക്ക്തന്നെ” മക്കൾ പറഞ്ഞപ്പോൾ മനമില്ലാമനസ്സോടെ ഭർത്താവും ‘യെസ്’പറഞ്ഞു.
                       
                         കാത്തിരുന്ന ആ ശനിയാഴ്ച കവിതയുമായി അദ്ദേഹത്തോടൊപ്പം ഞാനും പോലീസ് ക്ലബ്ബിൽ എത്തി. അവിടെ നർമ്മവേദിയുടെ ശില്പികൾ എല്ലാവരും വന്നുചേർന്നു; ഒപ്പം ഓഡിയൻസും മത്സരാർത്ഥികളും. കവിതയുമായി നർമ്മവേദിയിൽ വരുന്നവർ കുറവായിരിക്കും എന്ന എന്റെ വിശ്വാസം തെറ്റി; ആകെ മത്സരാർത്ഥികൾ ആണും പെണ്ണുമായി 16 പേർ. അതിൽ പതിനഞ്ചാം ഊഴം ഞാൻ.
ഉദ്ഘാടനം, സി.എച്ച്. അബൂബക്കർ ഹാജി
                          നർമ്മത്തിൽ ചാലിച്ച പരിപാടികൾ ആരംഭിച്ചു. ഫാദർ ദേവസ്സി ഈരത്തറയുടെ അദ്ധ്യക്ഷതയിൽ സി. എച്ച് അബൂബക്കർ ഹാജി മത്സരപരിപാടി ഉദ്ഘാടനം ചെയ്തു. റോഡുകൾക്ക് ഒരു ചരമഗീതമായി കടന്നുവന്ന ഹാസ്യകവിതകളിൽ, കൊള്ളേണ്ടിടത്ത് കൊള്ളാൻ പറ്റിയ നർമ്മഭാവനകൾ കവിതകളായി വിടരാൻ തുടങ്ങി. റോഡിലെ കുഴികൾ വ്രണങ്ങളായി, മീൻ വളർത്തൽ കേന്ദ്രമായി, കൃഷിസ്ഥലങ്ങളായി അങ്ങനെ മുന്നോട്ട് പോകുമ്പോൾ എന്റെ ഊഴം വന്നു.
                         എന്റെ യൂ ട്യൂബ് മോഹം; കവിതാലാപനം ലൈവ് ആയി പിടിച്ച് മറ്റുള്ളവരെ കാണിക്കാനുള്ള മോഹം, അങ്ങനെ പലപല മോഹങ്ങളുമായി ഞാൻ എഴുന്നേറ്റു. ടാറിട്ട റോഡിൽ ചിരട്ടയുരക്കുന്ന എന്റെ ശബ്ദം മൈക്കിലൂടെ പുറത്തുവരുമ്പോൽ കുയിലൊത്ത മധുവാണിയായി പരിണമിക്കാറുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്.
റോഡ് നർമ്മം, ടി. കെ. ഡി. മുഴപ്പിലങ്ങാട്
                         അതുവരെ ഫോട്ടോ എടുക്കുകയും മറ്റുള്ളവരുടെ കവിതാലാപനത്തിന്റെ ആദ്യവരികൾ വീഡിയോ എടുക്കുകയും ചെയ്തുകൊണ്ടിരുന്ന ഞാൻ ക്യാമറയിൽ വീഡിയോ അഡ്ജസ്റ്റ് ചെയ്ത് തൊട്ടടുത്തിരിക്കുന്ന ഭർത്താവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു,
“കവിത ചൊല്ലാൻ തുടങ്ങുമ്പോൾ ഈ ബട്ടൺ അമർത്തിയാൽ മതി, പരിപാടി തീരുന്നതുവരെ വീഡിയോ പിടിക്കണം”
“അതൊക്കെ എനിക്കറിയാം ഈ ബട്ടണല്ലെ?”
“പിന്നെ ക്യാമറ ഷെയ്ക്ക് ചെയ്യാതെ വീഡിയോ പിടിക്കണം”
അദ്ദേഹം അതിന് മറുപടിയൊന്നും പറഞ്ഞില്ല; സ്ഥിരമായി ഫോട്ടോഗ്രാഫർ ഞാനാണെങ്കിലും അവശ്യഘട്ടങ്ങളിൽ അദ്ദേഹവും ഫോട്ടോഗ്രാഫർ ആവും.
ഞാൻ പതുക്കെ നടന്ന് മൈക്ൿപോയിന്റിന് മുന്നിലെത്തി, കവിത എഴുതിയ പേപ്പർ തുറന്ന് സ്റ്റാന്റിൽ വെച്ചു. പേര് പറഞ്ഞ് പരിചയപ്പെടുത്തിയശേഷം കവിതാലാപനം ആരംഭിച്ചു,
“എന്റെ കവിതയുടെ പേര്.

ബൈക്ക് യാത്രികർ
വീണിതല്ലോ കിടക്കുന്നു, റോഡിൻ നടുവിൽ
ശോണിതവുമണിഞ്ഞയ്യോ, ബൈക്ക് യാത്രികർ
ഇത്തിരി നേരം‌മുൻപ്, ഓവർ‌സ്പീഡിൽ
ഓടിച്ചു വന്നൊരീ, ബൈക്ക് യാത്രികർ.
പത്ത്‌നാൾ മുൻപ് കല്ല്യാണം കഴിഞ്ഞവർ
പത്ത്‌ലക്ഷവും ബൈക്കും സ്ത്രീധനം വാങ്ങിയവൻ
അന്നുതൊട്ട് ആ ബൈക്കിൽ ചെത്തി നടന്നവർ,
വീണിതല്ലോ കിടക്കുന്നു, റോഡിൻ നടുവിൽ
ശോണിതവുമണിഞ്ഞയ്യോ, ബൈക്ക് യാത്രികർ
അന്നുരാവിലെയവർ അണിഞ്ഞൊരുങ്ങി,
ചെത്ത്‌വേഷത്തിൽ അവൻ ബൈക്കിലേറി
നാത്തൂന്റെ മുറുമുറുപ്പ് അറിയാത്ത മട്ടിൽ
 ‘റ്റാറ്റാ’ പറഞ്ഞവളും പിന്നിലേറി.
ഒരു കൈ ചുമലിലും മറുകൈ അരയിലും
മുറുകെ പിടിച്ചവനെ ഇക്കിളിയിട്ടപ്പോൾ
വണ്ടിതൻ സ്പീഡ് റോക്കറ്റ്‌പോൽ
കുതിച്ചപ്പോൾ,, അവനോ,,,
അവൻ
കണ്ടില്ല, മുന്നിലെ ഗട്ടർ
ഓർത്തില്ല, ഇത് കേരളമാണെന്ന്,
ഓർത്തില്ല, ഇത് കണ്ണൂരാണെന്ന്,
പിന്നെ,
വീണിതല്ലോ കിടക്കുന്നു, റോഡിൻ നടുവിൽ
ശോണിതവുമണിഞ്ഞയ്യോ, നവദമ്പതികൾ.
,,,
ഏറെനേരം കഴിഞ്ഞപ്പോൾ,
കാലിന്റെ മുറിവ് കണക്കാക്കാതെയവൻ
തലയൊന്ന് ഉയർത്തി അവളെ നോക്കി
നെറ്റിതൻ മുറിവിലെ ചോര, കൈയ്യാൽ മറച്ച്
അവൾ അവനെനോക്കി.
അവർക്ക് ചുറ്റും 
കാണികളായൊരായിരം വന്നു,
ആരും കൈപിടിച്ചില്ല.
മൊബൈലുമായ് വന്നു; അഞ്ഞൂറ്‌പേർ
ലൈവ് ആയി ഫോട്ടോ പിടിക്കാൻ
അവനാർത്തുവിളിച്ചു, എന്നിട്ടും ആരും
വന്നില്ല, സഹായിക്കാൻ
അപ്പോൾ,
അവൻ സ്വന്തം പോക്കറ്റ്‌തപ്പി ‘അത്’ എടുത്തു,
ആ നേരം
അവൻ അറിഞ്ഞു,
തനിക്ക് താനും അവളും പിന്നെയീ മൊബൈലും മാത്രം”
*******
അങ്ങനെ റോഡുകൾക്ക് ഒരു ചരമഗീതം പാടിയ ഞാൻ ആവേശത്തോടെ അദ്ദേഹത്തിന്റെ സമീപം പോയി ചോദിച്ചു,
“എങ്ങനെയുണ്ട്?”
“ഉഗ്രൻ, നീയിങ്ങനെ പാടുമെന്ന് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല; എല്ലാം ക്യാമറയിൽ പിടിച്ചിട്ടുണ്ട്”
“ക്യാമറയിൽ സെയ്‌വ് ചെയ്ത എന്റെ കവിതാലാപനം വീഡിയോ തുറന്നു,,, ഞാൻ കവിതവായിക്കാൻ തുടങ്ങുന്നു,,, പിന്നെ???
എന്റെ കവിതാലാപനം ആരംഭിക്കുന്നു.
പിന്നെ ആകെ കറുപ്പ്, ശബ്ദവും വെളിച്ചവും ഇല്ല, പോയിന്റർ ചലിക്കുന്നുണ്ട്!!!
ഞാനാകെ ഞെട്ടി,
“അയ്യോ ഇതിലൊന്നും കാണാനില്ല,”
“ഞാനെല്ലാം പിടിച്ചതാണല്ലൊ, നിന്റെ പാട്ട് തീരുന്നത് വരെ ക്യാമറയുടെ ബട്ടൺ നന്നായി അമർത്തിപിടിച്ചു, പിന്നെന്താ ശരിയാവാഞ്ഞത്?”
“അപ്പോൾ സ്വിച്ച് ഓൺ ചെയ്താൽ അത് വിടാതെ അമർത്തിപ്പിടിക്കണോ?”
എനിക്ക് കരച്ചിൽ വരാൻ തുടങ്ങി.
“അതൊന്നും ഞാൻ ഓർത്തില്ല, നീ പാടുന്നത് കാണുകയും കേൾക്കുകയും ചെയ്യുന്നത് നോക്കിയിരിക്കാൻ നല്ല രസമുണ്ട്”
അങ്ങനെ എന്റെ ആദ്യ കവിതാലാപനം നടന്നെങ്കിലും എന്റെ വീഡിയോ + യൂ ട്യൂബ് മോഹം കരിഞ്ഞുപോയി.
 ******
പിൻ‌കുറിപ്പ്:
കവിതാ മത്സരത്തിൽ എനിക്ക് കപ്പൊന്നും കിട്ടിയില്ല,
ക്യാമറ കാരണം കുടുംബകലഹം  ‘ഇതുവരെ’ ഉണ്ടായില്ല.
‘നർമവേദി കണ്ണൂർ’ എന്ന് എഴുതുമ്പോൾ ഒരു ‘മ’ മതിയെന്ന് കണ്ണൂരിലെ വൻ‌പുലികൾ പറയുന്നു.