28.2.11

ഇംഗ്ലീഷ് ടീച്ചറും അര(1/2) പാവാടയും

                            ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്ത് എന്റേത് ആയിരുന്ന ആ പെൺ‌പള്ളിക്കൂടത്തിലെ വിദ്യാർത്ഥിനികൾ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചറെയാണ്.
അങ്ങനെ എല്ലാവരും ഭയപ്പെടാറില്ല;
പിന്നെയോ?
പാവാട ധരിച്ചുവരുന്ന വിദ്യാർത്ഥിനികളുടെ കൂട്ടത്തിൽ അരപാവാട അതായത് ഹാഫ് സ്‌കേർട്ട് അണിഞ്ഞ്, ഒരുങ്ങി വരുന്നവർ മാത്രം ഭയപ്പെടണം. അക്കൂട്ടർ പ്രസ്തുത ഇംഗ്ലീഷ്‌ടീച്ചറെ കണ്ടാൽ മാജിക്ക്കാരന്റെ തൊപ്പിയിലെ മുയലിനെപ്പോലെ ആ നിമിഷം അപ്രത്യക്ഷമാവും. എന്നാൽ പെട്ടെന്ന് അപ്രത്യക്ഷമാവാൻ അവസരം ലഭിക്കാത്തവർക്കായി കാത്തിരിക്കുന്നത്; അടി, ഇടി, നുള്ള്, ആദിയായ പീഡന പരമ്പരകളുടെ വെടിക്കെട്ട് പൂരമായിരിക്കും. 

                             അങ്ങനെ പെൺപള്ളിക്കൂടത്തിലെ പെൺകുട്ടികൾക്ക് അടികൊള്ളാനുള്ള കാരണമാണ് അക്കാലത്ത് സുലഭമായി മാലോകരായ മഹിളാമണികൾ ധരിക്കാറുള്ള അര/പാവാട, ഏത് പെരുമഴക്കാലത്തായാലും കാല്പാദം കവിഞ്ഞൊഴുകുന്ന പാവാടമാത്രം പെൺകുട്ടികൾ ഉടുത്താൽ മതി’ എന്നാണ് നമ്മുടെ ഇംഗ്ലീഷിന്റെ തീരുമാനം. 

ടീച്ചർ പഠിപ്പിക്കുന്ന ക്ലാസ്സിലെ വിദ്യാർത്ഥിനികൾക്ക് എന്നും കഷ്ടകാലമാണ്; അവർക്ക് ഒളിക്കാനാവില്ലല്ലൊ?
അതുകൊണ്ട് അവർ രണ്ടിൽ ഒന്ന് ചെയ്യും,
ഒന്നുകിൽ കൈയിലും കാലിലും കിട്ടുന്ന അടിയുടെ വേദനകൊണ്ട് പുളഞ്ഞ് ടീച്ചറെ ശപിക്കും,
അല്ലെങ്കിൽ അരപാവാട മാറ്റി കാൽ‌പാവാട ആക്കും, അതായത് ഹാഫ്‌ സ്‌കേർട്ട് മാറ്റി കാല്പാദം വരെയുള്ള ഫുൾ ‌സ്‌കേർട്ടാക്കും.
                          ഇതിൽ രണ്ടാമത്തെക്കാര്യം പരമ പാവങ്ങളായ അരവയർ ഫുഡും അരവയർ പട്ടിണിയുമായി കഴിയുന്ന കുടുംബത്തിൽ നിന്നും വരുന്ന പെൺ‌കുട്ടികൾക്ക് അപ്രാപ്യമാണ്. അവർ ദിവസേനയെന്നോണം അടികൊണ്ട പാടുകൾ അമ്മയെ കാണിച്ച് അമ്മയോടൊപ്പം ആ മകളും കണ്ണിർ വറ്റുന്നതുവരെ കരയും.

ഇപ്പോൾ എല്ലാവർക്കും സംശയം തോന്നും, ഇതേത് ലോകത്താ ഇങ്ങനെയൊരു സംഭവം?
                           അങ്ങനെയൊരു കാലത്താണ് ഞാൻ സ്ക്കൂളിൽ പഠിച്ചത്; കേരളത്തിൽ തന്നെയുള്ള മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഒന്നിച്ച് വേറെ വേറെ ക്ലാസ്സുകൾ അതിപുരാതന കാലം‌തൊട്ടേയുള്ള ‘ഒരു പെൺ‌പള്ളിക്കൂടം’.  വർഷങ്ങൾ പിന്നിലേക്ക് ഒന്ന് തിരിങ്ങ് നോക്കുകയാണ്,

എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പച്ചപാവാട മാത്രം, പിന്നെത്തിരിഞ്ഞൊന്ന് നോക്കിയാൽ കാണാം വെള്ള ബ്ലൌസ്. പിന്നെ ചിക്കിചികഞ്ഞൊന്ന് നോക്കിയാൽ കാണം, നാലോ അഞ്ചോ സാരിയും രണ്ടോ മൂന്നോ ദാവണിയും. പാവങ്ങളായ മിക്കവാറും പെൺ‌കുട്ടികൾക്ക് ആകെമൊത്തംടോട്ടലായി രണ്ട് പാവാടയും രണ്ട് ബ്ലൌസും ആയിരിക്കും. തട്ടലും മുട്ടലും കീറലുമില്ലാതെ മൂന്ന് വർഷം അതായത് ‘എട്ട്, ഒൻപത്, പത്ത്,’ അത്‌കൊണ്ട് ഒപ്പിക്കണം. എട്ടാം തരത്തിൽ അഡ്മിറ്റ് ചെയ്യവെ പിതാശ്രി എനിക്കും വാങ്ങിത്തന്നു; കാല്പാദത്തോളം താഴ്ചയുള്ള രണ്ട് പച്ചപാവാടയും, രണ്ട് വെള്ള ബ്ലൌസും.

                        അന്ന് പാവാടകൾ പലവിധമുലകിൽ സുലഭമായിരുന്നു; ഫുൾ സ്‌കേർട്ട്, ഹാഫ് സ്‌കേർട്ട്, മിനി സ്‌കേർട്ട്, മൈക്രോമിനി സ്‌കേർട്ട്, ആദിയായവക്ക് ഒരു വിലക്കും എവിടെയും ഉണ്ടായിരുന്നില്ല. അവയിൽ ഏതും അണിഞ്ഞ് എവിടെയും പോകാം. പിന്നെ ഒരു ചെറിയ പ്രശ്നം മാത്രം; നല്ല കാറ്റത്ത് അതിവിശാലമായ സ്ക്കൂൾ ഗ്രൌണ്ടിലൂടെ നടക്കുമ്പോൾ അര/പാവാട ഒരു പാരച്യൂട്ട് പോലെ പറന്ന്, മേലോട്ടുയരുന്നത് തടയാൻ ഒരു കൈകൊണ്ട് മുറുക്കിപിടിക്കണം. അപ്പോൾ മറ്റേകൈകൊണ്ട് ഒരുകെട്ട് പുസ്തകങ്ങൾ ഒരു കുഞ്ഞിനെയെന്നപോലെ മാറോടണച്ച് പിടിച്ചിരിക്കും. ഒളിഞ്ഞുനോട്ടവും ഒളിക്യാമറയും മൊബൈലും കണ്ടുപിടിക്കാത്ത ആ സുവർണ്ണകാലത്ത് ബസ്സ്‌യാത്രയിൽ പോലും ആരും ആരെയും പീഡിപ്പിച്ചിരുന്നില്ല. 

                         എന്റെ വിദ്യാലയത്തിലെ പന്ത്രണ്ട് വയസ്സു തികയുന്ന പെൺകൊടിമാരിൽ പലരും ഹാഫ്‌സ്‌കേർട്ടിൽ ആയിരുന്നു. കൌമാരം കടന്നുവരാൻ കാലതാമസം നെരിട്ട ആ കാലത്ത്, അവരെല്ലാം കുട്ടികൾ ആയിരുന്നു. ഇന്ന് ജനിച്ചനാൾ തൊട്ട്, കോമ്പ്ലാനും ബൂസ്റ്റും ബേബീ ഫുഡുകളും തീറ്റിച്ച് ബേബികളെ പെട്ടെന്ന് ബേബിയല്ലതാക്കിയശേഷം മട്ടണും ബീഫും കഴിച്ച് പെട്ടെന്ന് യുവതികളായി.

ഇതേത് കാലം എന്ന് ചോദിച്ചാൽ ഞാൻ പറയില്ല, അമ്മയാണെ സത്യം.
പിന്നെ എന്നും ഞാൻ ഫുൾ‌സ്‌കേർട്ടിൽ ആയിരുന്നു. അതൊരു രഹസ്യമാണ്, അതും ഞാൻ പറയില്ല.
                        നമ്മുടെ ഇംഗ്ലീഷ്‌ ടീച്ചർ എന്നും ക്ലാസ്സിൽ വരുന്നത് ഒരു ചൂരലോടെ ആയിരിക്കും. ക്ലാസ്സിൽ വന്ന ഉടനെ ആ വലിയ ഗ്ലാസുള്ള കണ്ണടയിലൂടെ എല്ലാവരെയും ഒന്ന് നോക്കും, തല മുതൽ കാല് വരെ
ഹെഡ് റ്റു ഹീൽ,
പിന്നെ മുൻ‌ബെഞ്ചിലിരിക്കുന്ന കൂട്ടത്തിൽ കുഞ്ഞിയായ ഹാഫ്‌സ്‌കേർട്ട് ധാരിണിയെ സെലക്റ്റ് ചെയ്ത് നിർത്തി ഒരു ചോദ്യം,
“Name the books written by William Shakespeare?”
                          ടീച്ചറുടെ നോട്ടവും ചോദ്യവും കേട്ട ആ കുഞ്ഞിപ്പെണ്ണ് പേടിച്ച് വിറച്ച് അതുവരെ പഠിച്ച ഇംഗ്ലീഷുകളേല്ലാം ആ നിമിഷം മറക്കും. അതോടെ ദേഷ്യംകൊണ്ട് വിറച്ച ടീച്ചർ ചൂരലുമായി അവളെ സ്മീപിക്കും. അടിക്കുന്നതിനും ഒരു ക്രമം പാലിക്കുന്നുണ്ട്; ആദ്യം ഇടതുകൈയിൽ ഒന്ന്, പിന്നെ വലതുകൈയിൽ, പിന്നെ രണ്ടെണ്ണം വീതം ഓരോ കാലിൽ. അങ്ങനെ കാലിൽ അടിക്കുമ്പോഴായിരിക്കും പറയുന്നത്,
“മുട്ടോളമുള്ള പാവാടയുടുക്കാൻ നിനക്കൊക്കെ നാണമില്ലെ?”
അങ്ങനെ ക്ലാസ്സിലുള്ള ഓരോ അര\പാവാടയും കണ്ടുപിടിച്ച് ചോദ്യം‌ചെയ്ത് അടികൊടുക്കുമ്പോഴേക്കും ഒരു പിരീഡ് എന്നത് അര പിരീഡ് ആയി മാറും. പിന്നെ ചോദ്യങ്ങൾ ഓരോതവണയും മാറിക്കൊണ്ടിരിക്കും;
                           ക്ലാസ്സിന് വെളിയിലൂടെ നടക്കുന്ന അര\പാവാടക്കാരികളെയും ടീച്ചർ വെറുതെ വിടാറില്ല. വഴിയെ പോകുന്ന വിദ്യാർത്ഥിനികളിൽ പാവാടയുടെ ഇറക്കം(താഴ്ച) നോക്കി നമ്മുടെ ഇംഗ്ലീഷ് ടീച്ചർ അടിക്കും. അതുകൊണ്ട് പാവാടയുടെ ഇറക്കം കുറഞ്ഞവരെല്ലാം ടീച്ചറുടെ മുന്നിലാവാതിരിക്കാൻ പരമാവധി പരിശ്രമിക്കും.

                           അങ്ങനെയുള്ള ആ സുവർണ്ണകാലത്ത് ‘ചോദിക്കാനും പറയാനും ആരും ഇല്ലെ?’ എന്ന് പലരും ചോദിക്കും. അക്കാലത്ത് കുട്ടികളെ സഹായിക്കാൻ, പ്രത്യേകിച്ച് പെൺ‌കുട്ടികളെ സഹായിക്കാൻ ഒരു കോടതിയും വരാറില്ല. പിന്നെ ഹൈസ്ക്കൂളിൽ വരാൻ ഒരു രക്ഷിതാവിനും ധൈര്യം ഉണ്ടായിരുന്നില്ല എന്ന്‌വേണം പറയാൻ. മറ്റുള്ള അദ്ധ്യാപകരും ഹെഡ്‌മാസ്റ്ററും ഇംഗ്ലീഷിന്റെ സൈഡാണ്. അവർ പറയും, ‘പാവാടയുടെ ഇറക്കം കുറഞ്ഞതിനല്ലെ ടീച്ചർ അടിക്കുന്നത്. അതുകൊണ്ട് ഈ പെൺ‌കുട്ടികൾക്ക് പാദം മൂടുന്ന പാവാട ധരിച്ചാൽ പോരെ?’

                           എന്നാലും ചിലർ ടീച്ചറെ നേരിട്ട് ചോദ്യം ചെയ്യാറുണ്ട്, ധൈര്യവതികളായ ഉണ്ണിയാർച്ചയുടെ പരമ്പരയിൽ‌പ്പെട്ട ചില വിദ്യാർത്ഥിനികൾ മാത്രം. ക്ലാസ്സിൽ‌നിന്ന് അടികിട്ടി കരയുന്നതിനിടയിൽ അവർ ചോദിക്കും,
“മുട്ടോളം താഴ്ചയില്ലാത്ത പാവാടയുടുത്ത് മറ്റു ക്ലാസ്സുകളിലെ കുട്ടികൾ വരുന്നുണ്ടല്ലൊ. അവരെയൊന്നും ടീച്ചറെന്താ തല്ലാത്തത്?”
അത് കേൾക്കേണ്ട താമസം ഒരടി കാലിൽ വീഴും പുറകെ ഡയലോഗും,
“മറ്റുള്ളവരെയെന്തിനാ നിങ്ങൾ നോക്കുന്നത്? നിന്റെയൊക്കെ അടുത്ത വീട്ടിലുള്ളവൻ കള്ളനാണെന്ന് അറിഞ്ഞാൽ നീയും അതുപോലെ കള്ളനായി മാറുമോ?”
അടികൊണ്ടവൾ അടികൊണ്ടഭാഗം തടവിക്കൊണ്ട് മനസ്സിൽ ടീച്ചറെ ശപിച്ച് ഇംഗ്ലീഷിനെ വെറുക്കും.

                        അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച രാവിലെ സ്ക്കൂളിനു മുന്നിലെ വിശാലമായ ഗ്രൌണ്ടിൽ ധാരാളം പെൺ‌കുട്ടികൾ ഒത്തുകൂടിയിരിക്കുന്നു. അവിടെ ഏതോ ഒരു അത്ഭുതക്കാഴ്ച കണ്ട് അവരെല്ലാം നോക്കിയിരിക്കയാണ്. അതെന്താണെന്നറിയാൻ പലരും അടുത്ത് പോയി. പോകാത്തവർ വരാന്തയിലൂടെയും ജനാലയിലൂടെയും വാതിലിലൂടെയും എത്തിനോക്കി. അങ്ങനെ നോക്കിയവരെല്ലാം ഒരു അത്ഭുതക്കാഴ്ച കണ്ടു,,,,,,
സ്ക്കൂളിനു മുന്നിൽ ബസ്സിറങ്ങിയശേഷം നമ്മുടെ ഇംഗ്ലീഷ് ടീച്ചർ മന്ദം മന്ദം നടന്നു വരികയാണ്. അങ്ങനെ നടന്നു വരുന്ന ടീച്ചറുടെ പിന്നിലായി സ്ലോ മോഷനിൽ നടന്നുവരുന്നു,
ഒരു പതിനാലുകാരി,
പച്ചയും വെള്ളയുമാല്ലാത്ത, യൂനിഫോം അണിയാത്ത, വർണ്ണം വിതറുന്ന നിറങ്ങളണിഞ്ഞ ഒരു വളുത്ത പെൺ‌കുട്ടി,
അവളുടെ പാവാട കാൽ‌മുട്ടിന് മുകളിൽ അവസാനിച്ചിരിക്കുന്നു,,,

ഇംഗ്ലീഷ് ടീച്ചറെ കണ്ടപ്പോൾ വരാന്തയിൽ നിൽക്കുന്ന നമ്മുടെ മലയാളം ചോദിച്ചു,
“ഇതാരാ? ടീച്ചറുടെ മകളാണോ? അവൾക്ക് ക്ലാസ്സില്ലെ?”
“ഇവളെന്റെ ഒരേയൊരു മകളാണ്, അവളുടെ സ്ക്കൂളിന് ഇന്ന് അവധിയായതുകൊണ്ട് ഞാൻ അവളെയും ഒപ്പം കൂട്ടി”

                       നമ്മൾ വിദ്യാർത്ഥിനികളെല്ലാം ചോദ്യഭാവത്തിലും(?) രൂപത്തിലും(?) ഇംഗ്ലീഷ് ടീച്ചറുടെ മകളെ കേശാദിപാദം നിരീക്ഷിച്ചു. പാവാടയില്ലാത്ത മുട്ടിനു മുകളിലെ ഭാഗം വീണ്ടും വീണ്ടും നോക്കി. പിന്നെ ഓരോ വിദ്യാർത്ഥിനിയും മനസ്സിൽ കണക്ക് കൂട്ടാൻ തുടങ്ങി,
അവളുടെ കാൽമുട്ടിന്റെ മുകളിൽ, കൃത്യമായി എത്ര ഉയരത്തിലായിരിക്കും, പാവാട അവസാനിച്ചിരിക്കുന്നത്?

13.2.11

സാരിമോഹം തകർന്നപ്പോൾ

                           പത്ത് മക്കളിൽ മൂത്തവന്റെ, താടക പോലുള്ള ഭാര്യയായി ഞാനും; നേരെ താഴെയുള്ള ഒൻപതാമന്റെ, ശൂർപ്പണക പോലുള്ള ഭാര്യയായി പപ്പിയും(പത്മാവതി); ഭർത്താവിന്റെ വീട്ടിൽ ഒരു വലിയ കുടുംബത്തിലെ അംഗങ്ങളായി സസുഖം വാഴുന്ന കാലം. കാട്ടുമൂലയിലുള്ള ആ കുഗ്രാമത്തിലെ മിക്കാവാറും സ്ത്രീകൾ അടുക്കളയിലാണെങ്കിലും ഞാനും പപ്പിയും അടുക്കളക്ക് വെളിയിൽ കടന്നവരാണ്. ഞാൻ സർക്കാർ സ്ക്കൂളിൽ ടീച്ചറാണെങ്കിൽ അവൾ നാട്ടിൻ‌പുറത്തുകാരായ വനിതകളെ സ്വയംപര്യാപ്തമാക്കാൻ വഴി കാണിക്കുന്ന തയ്യൽ ടീച്ചറായിരുന്നു (കണ്ണൂർ ഭാഷയിൽ തുന്നൽ ടീച്ചർ). പപ്പിക്ക് ഭാവിയുടെ പാത തുറന്നതും വിവാഹമോഹം സഫലമായതും അവളുടെ തയ്യൽ മെഷിൻ കാരണമാണ്. 
അതൊരു മഹാസംഭവമാണ്;
ഫ്ലാഷ് ബാക്ക് റ്റു വിവാഹത്തിന് മുൻപ്,,,
                          പപ്പി അവളുടെ സ്വന്തം വീട്ടിനടുത്തുള്ള ഒരു വാടകറൂമിൽ വെച്ച് ഏതാനും കുട്ടികളെ തയ്യൽ പഠിപ്പിക്കുകയാണ്. പുത്തൽ‌മണം മാറാത്ത കോടിതുണികൾ മുറിച്ച് അവയെ ഉടുപ്പായും ബ്ലൌസായും പാവാടയായും പിന്നെ പലതരം എക്സ്ട്രാ ഫിറ്റിംഗ്സ് ആയും മാറ്റുന്ന സൂത്രപ്പണികൾ കൂടെയുള്ള പെൺകൊടിമാർക്ക് പറഞ്ഞുകൊടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത് കൊണ്ടിരിക്കെ, ഒരു ദിവസം ഒരു വലിയ അപകടം സംഭവിച്ചു.
തുന്നൽ മെഷിന്റെ സൂചി ടീച്ചറുടെ അതായത് പപ്പിയുടെ ചെറുവിരലിലൂടെ നേരെയങ്ങ് കടന്ന്‌പോയി.

                         അപ്പോഴുള്ള വേദനകാരണം അദ്ധ്യാപികയും, ഞെട്ടൽ‌കാരണം പതിനാറ് വിദ്യാർത്ഥിനികളും ചേർന്ന് കരച്ചിൽ തുടങ്ങി. തയ്യൽ‌സൂചി മെഷിൻ അഴിക്കാതെ ഊരാനാവില്ല എന്ന് മനസ്സിലാക്കിലാക്കി അവരെല്ലാം ഒത്തുചേർന്ന് കരച്ചിലിന്റെ വോളിയം കൂട്ടിയപ്പോൾ തൊട്ടടുത്ത കടയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനും സുന്ദരനും സർവ്വോപരി അവിവാഹിതനുംആയ ഒരാൾ ഓടിയെത്തി. പ്രശ്നം ഗുരുതരമാവുന്നതിനു മുൻപ് തയ്യൽസൂചി മെഷിൻ അഴിച്ച് ഊരിയെടുത്ത്, അവളുടെ ചെറുവിരൽ സ്വതന്ത്രമാക്കിയപ്പോൾ അത് സംഭവിച്ചു;
തന്നെ രക്ഷിച്ചവന്റെ മാറിലേക്ക് പപ്പി ഒരൊറ്റ വീഴ്ച, അതോടെ അവളുടെ ബോധം പോയി. 
എങ്കിലും, ബോധമുള്ള വിദ്യാർത്ഥിനികൾ ടീച്ചറുടെ മുഖത്ത് ജലസേചനം ചെയ്ത് ഉണർത്തിയപ്പോൾ അവൾക്ക് നാണം വന്ന് അവനെ നോക്കിയ ആ നിമിഷം അവന്റെ ഹൃദയത്തിലൂടെ ഒരു സൂചി കടന്നുപോയി , പ്രേമത്തിന്റെ ഒരു വജ്രസൂചി.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു,,,
പൊടിപൊടിച്ച പ്രേമം,,,
ആഴ്ചകൾ, മാസങ്ങൾ കഴിഞ്ഞു,,,
പിന്നെ വീട്ടുകാർ അറിഞ്ഞു,,,
                         ഒടുവിൽ അവരുടെ വിവാഹം നടന്നപ്പോൾ കെട്ടാച്ചരക്കായി പുരനിറഞ്ഞ് നിൽക്കുന്ന അദ്ധ്യാപകനായ ഏട്ടന്റെയും വിവാഹം നടന്നു. അങ്ങനെ മൂത്തവന്റെ ഭാര്യ ആയി ആ വീട്ടിൽ വലതുകാൽ വെച്ചു കടന്നുവന്നവളാണ് സർക്കാർ സ്ക്കൂളിൽ ടീച്ചറായ ഞാൻ. എന്നാൽ അനുജന്റെ ഭാര്യ പപ്പി കളി തുടങ്ങുന്നതിന് മുൻപെ ഗോളടിച്ചിരുന്നു. കൃത്യം ഏഴ്‌മാസം പൂർത്തിയായപ്പോൾ അവൾ സുന്ദരനും പൂർണ്ണ ആരോഗ്യവാനുമായ ഒരു കുഞ്ഞിന്റെ അമ്മയായി?
ദൈവത്തിന്റെ ഓരോ കളികൾ!!!
,,,
                         വിവാഹം കഴിഞ്ഞപ്പോൾ തന്റെ ഭാവി നിർണ്ണയിച്ച തയ്യൽടീച്ചർ ജോലി ഉപേക്ഷിച്ചെങ്കിലും പപ്പിയുടെ സ്വന്തമായ തയ്യൽ മെഷിൻ‌ ഭർത്താവിന്റെ വീട്ടിൽ കടന്നുവന്നു. അതോടെ നമ്മുടെ വീട്ടിൽ എന്നും ആഘോഷം അലതല്ലി. നാട്ടിൻ‌പുറത്തെ വീട്ടമ്മമാർക്കും കുട്ടികൾക്കും പുത്തൻ വസ്ത്രം പുത്തൻ വേഷത്തിൽ തയ്ച്ചുകൊടുക്കുന്ന പപ്പി വീട്ടിലെയും നാട്ടിലെയും വിവിഐപി ആയി മാറി. വെറുമൊരു സർക്കാർ ഹൈസ്ക്കൂൾ ടീച്ചറായ എന്നെ എല്ലാവരും അവഗണിച്ചു. ഇതിൽ എനിക്ക് ഒരു പരാതിയും ഉണ്ടായില്ല;
ശരിക്കും,,,

                         പപ്പി വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ പുത്തൻ പണക്കാരി ആയി മാറിയപ്പോൾ സർക്കാറിന്റെ ശമ്പളം കണക്ക്പറഞ്ഞ് വാങ്ങുന്ന ഞാൻ കാൽകാശിന് ഗതിയില്ലാത്തവളായി. തയ്ച്ചുകിട്ടുന്ന പണം മുഴുവൻ വീട്ടാവശ്യത്തിന് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അമ്മക്കും പെങ്ങൾക്കും അനുജന്മാർക്കും പെരുത്ത് സന്തോഷം. അടുക്കളയിൽ പുത്തൻ പാത്രങ്ങളും അത്യാവശ്യം മത്സ്യവും പച്ചക്കറികളും പപ്പിയുടെ പണം‌കൊടുത്ത് വാങ്ങുമ്പോൾ മദർ-ഇൻ-ലാ എന്റെനേർക്ക് പരിഹാസത്തോടെ നോട്ടമെറിയും. അവരുടെ മുഖഭാവത്തിൽ നിന്നും മനസ്സിലെ വാക്കുകൾ എനിക്ക് വായിക്കാം,
‘നീ ബെല്യ ടീച്ചറായിട്ട് എനിക്കെന്താ കാര്യം? ഓ, ഒരു ശമ്പളം വാങ്ങുന്നവള്’

                           എന്റെ ശമ്പളത്തിൽ നിന്ന് ഒരു രൂപപോലും ഞാനായിട്ട് ആ വീട്ടിൽ ചെലവഴിക്കാനുള്ള അവസരം എനിക്ക് ലഭിച്ചില്ല. ഞാനും ഭർത്താവും സ്ക്കൂളിൽ പഠിപ്പിച്ച് ശമ്പളം വാങ്ങുന്നുണ്ടെങ്കിലും അത് ചെലവഴിക്കുന്നത് മുഴുവൻ എന്റെ ഭർത്താവാണ്. അതിനുള്ള സൂത്രപ്പണികൾ അദ്ദേഹം ആദ്യരാത്രി തന്നെ ചെയ്തിരുന്നു. വീട്ടുകാരുടെയും നാട്ടുകാരെയും കുറിച്ച് ബയോഡാറ്റ തന്നതിനുശേഷം അനേകം ഉപദേശങ്ങൾ എന്റെ തലയിൽ ഇൻസ്റ്റാൾ ചെയ്തു. അതിലൊന്ന്,
“നീ ടീച്ചറായതുകൊണ്ട് ധാരാളം ശമ്പളം വാങ്ങുമെന്ന് ഇവിടെ വീട്ടിലും നാട്ടിലുമുള്ള എല്ലാവർക്കും അറിയാം. നിന്നോട് പണം കടം വാങ്ങാൻ പലരും വരും; അതുകൊണ്ട്,,,”
“അതുകൊണ്ട്?”
“അതുകൊണ്ട് എല്ലാ മാസവും ശമ്പളം കിട്ടിയാൽ എന്റെ കൈയിൽ തരണം. നമ്മുടെ എല്ലാ ചെലവും ഞാനൊരാൾ മാത്രം നടത്തുമ്പോൾ പണത്തിന്റെ പേരിൽ നിന്നെയാരും പീഡിപ്പിക്കുകയില്ല”
“ശരി”
ആദ്യരാത്രിയിലെ ആദ്യത്തെ ഉപദേശമല്ലെ,,, ഞാനങ്ങട്ട് അനുസരിച്ചു. ശമ്പളം പെൻഷനായി രൂപാന്തരപ്പെട്ടിട്ടും ആ പീഡനം അതേപടി തുടർന്നു,,
അന്നും ഇന്നും,,,
                           സ്വന്തം മകൻ സ്വന്തം ഭാര്യക്ക് പാരപണിത്, അവളെ ഗതിയില്ലാവളാക്കിയ കാര്യം അറിയാത്ത ആ അമ്മ, കുറ്റം മുഴുവൻ മരുമകൾക്കിട്ട് ചാർത്തും. എന്തായാലും എനിക്ക് വലിയ പ്രശ്നമൊന്നും ഇല്ല; കാരണം ഞാനായിട്ട് ആ വീട്ടിൽ പകൽനേരം ചെലവഴിക്കുന്നത് വളരെ കുറവ് മണിക്കൂറുകൾ മാത്രമാണ്.

                          എന്നാൽ മിക്കവാറും ഞായറാഴ്ചകളിൽ ഞാൻ വീട്ടിൽതന്നെയായിരിക്കും. അന്ന് അടുക്കള മൊത്തത്തിൽ എന്റെ തലയിൽ വെച്ച് മറ്റുള്ളവർ സ്ഥലം വിടും. പപ്പി തുന്നൽ പണിയിൽ, മദർ-ഇൻ-ലോ പറമ്പിൽ, മക്കൾ വയലിൽ,,, എല്ലാവർക്കും അന്ന് ഭയങ്കര ജോലിത്തിരക്ക് ആയിരിക്കും. ആ നേരത്ത് കല്ല്യാണം കഴിയാത്ത ആ കാന്താരിപ്പെങ്ങൾ ഡയലോഗ് പറയും,
“ഏടത്തി സ്ക്കൂളിൽ പോയി ക്ലാസ്സിലിരിക്കുമ്പോൾ ഇത്രയും ദിവസം നമ്മളല്ലെ അടുക്കളപ്പണി ചെയ്തത്. ഇന്നേതായാലും ചോറും കറിയും ഏടത്തിയുടെ വകയാവട്ടെ”
‘പഠിപ്പിക്കുന്ന ടീച്ചർ ക്ലാസ്സിൽ ഇരുന്നാൽ പിള്ളേർ തലയിൽ കയറി ഇരിക്കും’ എന്ന് ആ കാന്താരിയോട് എത്രതവണ പറഞ്ഞാലും മൈന്റ് ചെയ്യില്ല. അവൾ ചാരവും ചാണകവും വാരി തലയിൽ‌വെച്ച് പശുവിനെയും അഴിച്ച് നേരെ തൊട്ടടുത്ത വയലിലേക്ക് നടക്കും.

ഒരു ദിവസം,,, ഒരു ഞായറാഴ്ച,,,
                         പതിവുപോലെ പപ്പി തയ്യൽ മെഷീൻ‌കൊണ്ട് പുത്തൻതുണിയിൽ പുത്തൻഡിസൈൻ നിർമ്മിക്കുകയാണ്. അമ്മ, പെങ്ങൾ സംഘം വയലിൽ വെള്ളരി നടുന്നു. അപ്പോഴാണ് അടുത്ത വീട്ടിലെ അമ്മായി വിളിച്ചു പറയുന്നത്,
“സാരിക്കാരൻ വന്നിട്ടുണ്ട്, പപ്പി പറഞ്ഞല്ലൊ നല്ല സാരി വാങ്ങണമെന്ന്”
                    അത് കേൾക്കേണ്ട താമസം; പകുതി തുന്നിയ പാവാട അതുവരെ ചവിട്ടിക്കൊണ്ടിരുന്ന തയ്യൽ മെഷിനിൽ അതേപടി ഉപേക്ഷിച്ച് പപ്പി വീട്ടിൽ‌നിന്നും പുറത്തിറങ്ങി, നേരെ അയൽ‌പക്കത്തുള്ള അമ്മായിയുടെ വീട്ടിലേക്കോടി. അവളുടെ ഓട്ടം കണ്ടപ്പോൾ അമ്മയെ വയലിൽ തനിച്ചാക്കി പെങ്ങളും അമ്മായിവീട്ടിലേക്ക് ഓടി. വയലിൽ ഒറ്റക്കായപ്പോൾ അമ്മയാവട്ടെ സ്വന്തം വീട്ടിലേക്ക് ഓടിവന്ന് അടുക്കളയിൽ ഇരുന്ന് എന്നെ പരിഹസിച്ച് പരാതി പറയാൻ തുടങ്ങി,
“ഒരു സാരിക്കാരൻ വന്നപ്പോൾ എല്ലാരും ഓടിയല്ലൊ; നിനക്ക് ഓടണ്ടെ?”

                         കരിങ്കല്ലുകൊണ്ടുള്ള അമ്മിയിൽ മുളകും മഞ്ഞളും ചേർത്ത് തേങ്ങയരച്ചുകൊണ്ടിരിക്കുന്ന ഞാൻ ഓടിയില്ല. ഓടിയാലും കാര്യമില്ല എന്ന് എനിക്കറിയാം, നല്ല പട്ടുസാരി കണ്ട് കൊതിമൂത്താൽ അത് വാങ്ങണമെന്നും ഉടുക്കണമെന്നും മനസ്സിൽ മോഹം വരും. അങ്ങനെയൊരു പുത്തൻ മോഹമുദിച്ചാൽ സാരി വാങ്ങാൻ പണമില്ലല്ലൊ; അപ്പോൾ വെറുതെയെന്തിനീ മോഹം.

                         മദർ-ഇൻ-ലോ അടുപ്പത്ത് തിളച്ചുകൊണ്ടിരിക്കുന്ന അരി വെന്തോ എന്ന് ഇളക്കിനോക്കിയശേഷം കഞ്ഞിവെള്ളം കോരാൻ തുടങ്ങിയപ്പോഴാണ് പെങ്ങൾ അകത്തേക്ക് ഓടിവന്ന് പപ്പിയുടെ മുറിയിലേക്ക് പോയത്. പെട്ടെന്ന്‌തന്നെ തിരിച്ച് പോകുമ്പോൾ അവൾ പറഞ്ഞു,
“അമ്മേ നല്ല സാരിയാണ് ഇനി അൻപത് ഉറുപ്പികയും കൂടി വേണം, അത് എടുക്കാൻ വന്നതാണ്”
അവൾ പോയപ്പോൾ കഞ്ഞിവെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന മദർ-ഇൻ-ലോ എന്നെ നോക്കി പറയാൻ തുടങ്ങി,
“ഇവിടെ മൂത്തവന്റെ ഭാര്യ സ്ക്കൂൾ ടീച്ചറാണെന്ന് പറഞ്ഞിട്ടെന്താ കാര്യം? ഇതുവരെ അമ്മായിഅമ്മക്ക് എന്തെങ്കിലും വാങ്ങിച്ച് തന്നിട്ടുണ്ടോ?”
എനിക്ക് ദേഷ്യം പതഞ്ഞുപൊങ്ങി; ഒരക്ഷരവും പറയാതെ ആ ദേഷ്യം‌മുഴുവൻ അമ്മിയുടെ മേലെ പ്രയോഗിച്ചു;
‘അമ്മായിഅമ്മേനെ അമ്മിമേൽ വെച്ച്,,,
നല്ലോരു കല്ലോണ്ട് രാമനാരായണാ,,,”

                          രണ്ട് മരുമക്കളെയും രണ്ട് തരത്തിൽ കാണുന്ന അവർ രണ്ട്‌പേർക്കും പാരവെക്കുകയാണ്. അവർ നിർത്താൻ ഭാവമില്ലാതെ തുടർന്നു,
“അവളെ നോക്കിയാട്ടെ, തുന്നൽ‌പണിയെടുത്തിട്ടാ എനിക്കൊരു സാരി വാങ്ങിത്തരുന്നത്. എന്നാലും ഞാനത് വേണ്ടാ എന്ന് പറയും. അവളാരാ എനിക്ക് സാരി വാങ്ങിത്തരാൻ?”
                         പപ്പി പുത്തൻ സാരിവാങ്ങുന്നത് അമ്മായിഅമ്മക്ക് നൽകാനാണെന്ന്,,, അവളുടെയൊരു സോപ്പ്,, ഉം നടക്കട്ടെ. എന്റെ വക ഈ ജന്മത്തിൽ അവർക്കൊരു സാരി ലഭിക്കില്ല എന്ന ഉറപ്പുണ്ട്.
                         പെട്ടെന്ന് പളപളാ മിന്നുന്ന സാരിയുമായി പെങ്ങളും, പിന്നാലെ പപ്പിയും വന്നു. അടുക്കളയിൽ നിന്ന് സാരി നിവർത്തി ഓരോ ഡിസൈനും നോക്കി അഭിപ്രായം പറയുമ്പോൾ മദർ-ഇൻ-ലോ എന്നെ ഒളികണ്ണാൽ നോക്കി പപ്പിയോട് പറഞ്ഞു,
“ഈ വയസ്സുകാലത്ത് ഇത്രയും മിന്നുന്ന സാരി എനിക്ക് വേണ്ട”
സാരി നിവർത്തിയശേഷം മടക്കുന്നവർ അമ്മയെ നോക്കി. പെങ്ങൾ പറഞ്ഞു,
“അതിന് ഈ സാരി അമ്മക്ക് തരുന്നില്ലല്ലൊ?”
“അതുതന്നെയാ ഞാൻ പറഞ്ഞത് എനിക്കീ സാരി വേണ്ടായെന്ന്”
അതുവരെ സാരിനോക്കി ആസ്വദിച്ചുകൊണ്ടിരുന്ന പപ്പി അമ്മായിഅമ്മയെ നോക്കി,
“ഇത് എന്റെ ഏടത്തിയുടെ മകളുടെ കല്ല്യാണത്തിന് എനിക്ക് ഉടുക്കാൻ‌വേണ്ടി ഞാൻ വാങ്ങിയ സാരിയാ, അല്ലാതെ,,”
പുത്തൻ സാരിമോഹം തകർന്നപ്പോൾ കാട്ടുകടന്നൽ കുത്തേറ്റതു പോലുള്ള മുഖം, അപ്പോഴും തേങ്ങ അരച്ചുകൊണ്ടിരിക്കുന്ന എന്നിൽ‌നിന്നും ഒളിപ്പിച്ച്, എന്റെ മദർ-ഇൻ-ലോ നേരെ വയലിലേക്ക് നടന്നു.