17.9.13

ഇത് അവരുടെ വീട്; നമ്മുടേതും!!!


                                 എല്ലാ ദിവസവും എന്നെക്കാൾ മുന്നിൽ തിരക്കിട്ട് ഓടിപ്പോവുന്ന നാണിയമ്മ, നേരാം‌വണ്ണം വർത്താനം പറഞ്ഞത് ഇന്നു വൈകിട്ടാണ്. സ്ക്കൂളിൽനിന്നും വീട്ടിലേക്ക് വരുന്നവഴി ബസ്സിറങ്ങിയപ്പോൾ എന്റെ പിന്നാലെ ഇറങ്ങിവന്ന നാണിയമ്മ ആനേരത്ത് ഒരു തിരക്കും കാണിച്ചില്ല. ഒപ്പം നടന്നെത്തിയ അവർ ചോദിച്ചു,
“ടീച്ചറ് ഈനേരത്താണോ എപ്പളും വെരുന്നത്?”
“ഓ, നാണിയമ്മയോ; ഇന്നെങ്ങോട്ടാ ബസ്സിൽ പോയത്?”
“അന്റെ മൂത്തമോളെ പുരുവന്റെ എളേ പെങ്ങള് ആസ്പത്രീലാ,, ഓളെക്കാണാൻ പോയതാ”
“ഓൾക്കെന്ത് പറ്റി?”
“ഓക്കൊന്നും പറ്റീട്ടില്ല, നിർത്താൻ പോയതാ”
“നിർത്താനോ?”
“നിർത്താൻ തന്നെ, നാല് ആണിനെ പെറ്റ്‌കയിഞ്ഞപ്പം ഓള് നിർത്തി. ഒരു പെണ്ണിനെ കിട്ടൂന്ന് വിചാരിച്ച് ഇത്രേം കാത്തിരുന്നു”
“അത് നന്നായി, ഇനി അടുത്തതും ആണാണെങ്കിലോ?”
“അങ്ങനെത്തന്നെയാ ഞാമ്പറഞ്ഞത്; പിന്നെ,, ടീച്ചറെക്കാണുമ്പം ഞാനെപ്പളും ചോയിക്കണോന്ന് വിചാരിച്ചതാ, നിങ്ങക്കാടന്ന് കൊറച്ച് നേരത്തെ എറങ്ങിക്കൂടെ?”
“അതെങ്ങനാ നാണിയമ്മെ; നാല്‌മണിക്ക് ബെല്ലടിച്ച് സ്ക്കൂൾ വിട്ടാലല്ലാതെ അനക്ക് എറങ്ങാൻ‌കയിയോ?”
“ന്നാലും ‘വീട്ടിലാരും ഇല്ല, കൊറേ ദൂരേന്നാ വരുന്നൂന്ന്’ പറഞ്ഞാല് ഓറ് നിങ്ങളെ നേരത്തെ വ്‌ടൂല്ലെ”
“അതിപ്പം എന്റെ പണിയൊക്കെ ഞാന്തന്നെ ചെയ്യണ്ടെ, പിന്നെ വീട്ടിലാണെങ്കിൽ നിങ്ങളെപോലെ ഒരാളെ സഹായത്തിന് കിട്ടിയാൽ മതിയായിരുന്നു”

                     അവരുമായിട്ടുള്ള സംഭാഷണം നീണ്ടുപോകാൻ ഞാനാഗ്രഹിച്ചു. രാവിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ പലപ്പോഴും കണികാണുന്നത് നാണിയമ്മയെ ആയിരിക്കും. എന്റെ പിന്നിലാണെങ്കിൽ വേഗത്തിൽ നടന്ന് മുന്നിലെത്തിയിട്ട് രണ്ട് വീട് അകലെയുള്ള വില്ലേജ് ഓഫീസറുടെ വീടിന്റെ ഗെയിറ്റ് തുറക്കുമ്പോൾ പറയും, ‘ടീച്ചറെ നേരം വയീപ്പോയ്, ഞാമ്പരുന്നേ’ എന്ന്‌. ഒപ്പം ഗെയിറ്റടച്ച് കൊളുത്തിട്ടശേഷം മന്ത്രിമന്ദിരങ്ങളിൽ സരിത കയറിപോവുന്നതുപോലെ നേരെ അവരങ്ങോട്ട് നടക്കുന്നത് കാണാം. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത കാണിക്കുന്ന ഒരു വീട്ടുവേലക്കാരി നാണിയമ്മ മാത്രമായിരിക്കും. ഇതുപോലുള്ള ഒരു വേലക്കാരി എന്റെ വീട്ടിൽ ഉണ്ടായാൽ എത്ര നന്നായിരിക്കും! പറ്റുമെങ്കിൽ അവരെയൊന്ന് സോപ്പിട്ട് എന്റെ വീട്ടിൽ ജോലിക്ക് നിർത്തിയാൽ പ്രായമായ അമ്മക്ക് ഒരു സഹായവും ആവും. പെൻഷൻ‌പറ്റി വീട്ടിലിരിക്കാൻ പോകുന്ന വില്ലേജ് ഓഫീസറുടെ വീട്ടിൽ നിന്ന് കൊടുക്കുന്നതിലും കൂടുതൽ കൂലി കൊടുത്താലും നഷ്ടംവരില്ല.

ഇപ്പോഴാണെങ്കിൽ നാണിയമ്മക്ക് തിരക്കില്ല, നല്ല സമയം; ഞാൻ പതുക്കെ ചോദിച്ചു,
“നാണിയമ്മക്ക് വൈകുന്നേരം വരെ വില്ലേജ് ഓഫീസറുടെ വീട്ടിൽ ജോലിയുണ്ടോ?”
“ഓ ആട‌യെനക്ക് അഞ്ച് മണിവരെ പണീണ്ടാകും, ചെലപ്പം ആറുമണിയാകും. അന്റെ വീട്ടില് എളേമോളുള്ളതുകൊണ്ട് നേരംവൈയ്യാലും കൊയപ്പൊല്ല”
“അവിടെന്ന് ശമ്പളമായിട്ട് കൊറേ പൈസ തരാറുണ്ടോ?”
                  എനിക്ക് അതാണ് അറിയേണ്ടത്, എന്റെവീട്ടിൽ ജോലിക്ക് വന്നാൽ അതിൽ കൂടുതൽ തരാമെന്ന് പറയണം. എന്നിട്ട് പതുക്കെ, പതുക്കെ അവരെ ആ വില്ലേജ് ഓഫീസറുടെ വീട്ടിൽ‌നിന്ന്, അടർത്തിയെടുക്കണം. അവർ‌പറഞ്ഞ മറുപടി കേട്ട് എനിക്ക് സന്തോഷം വന്നു.
“അനക്ക് ശമ്പളായിട്ട് ആപ്പീസർ ആയിരംരൂപ തെരും”
“വെറും ആയിരം രൂപയോ? ഇക്കാലത്ത് ദിവസക്കൂലിയായിട്ട് ഒരാൾക്ക് അഞ്ഞൂറ് രൂപ കൊടുക്കേണ്ടി വരാറുണ്ടല്ലൊ”
“മൂന്നാല് കൊല്ലം മുൻപെ തീരുമാനിച്ച ആയിരം തന്നെയാ ഇപ്പൊം അവറ് തെരുന്നത്, പക്ഷെ,,,”
“അടുക്കളപണിക്ക് മാസത്തിൽ അയ്യായിരമൊക്കെ വാങ്ങുന്നവരുണ്ടല്ലൊ, അങ്ങനാണെങ്കിൽ നാണിയമ്മക്ക് എന്റെ വീട്ടില് വരാമോ? ഇതിന്റെ ഇരട്ടി പണംതരാം”
“ദൈവം തമ്പുരാൻ എറങ്ങിവന്ന് സ്വർണ്ണം തരാന്ന്‌പറഞ്ഞാലും ഞാനാടത്തെ പണി ബിടൂല്ല”
“അതെന്താ അങ്ങനെ പറയുന്നത്? നിങ്ങൾക്ക് ഇപ്പോൾ ഒരുദിവസം കിട്ടുന്നത് വെറും 33 രൂപയായിരിക്കും. എന്റെ വീട്ടിൽ വരികയാണെങ്കിൽ ദിവസം നൂറ് രൂപവെച്ച് തരാം”
“അയ്യോ ടീച്ചറെ അത് ശമ്പളം ആയിരമാണെങ്കിലും അനക്ക് അഞ്ചാറായിരത്തിനടുത്ത് ഒരു മാസം കിട്ടും. ചെലപ്പൊ പത്തായിരം വരെകിട്ടും?”

                      അതൊരു പുതിയ അറിവാണല്ലൊ, ആയിരം രൂപ ശമ്പളം വാങ്ങുന്ന അടുക്കളക്കാരിക്ക് കിമ്പളം ചേർത്ത് പത്തായിരം. അതും എല്ലാ ചെലവും കഴിച്ച്; പ്രായമൊത്തിരി ആയെങ്കിലും!!!
വെറുതെയല്ല എന്നുംരാവിലെ ഓഫീസറുടെ വീട്ടിലേക്ക് ഓടിപ്പോവുന്നത്.

എനിക്ക് സംശയം കൂടിവന്നു,
“അത് നാണിയമ്മെ പത്തായിരം ആരാണ് തരുന്നത്?”
“എന്റെ ടീച്ചറെ, ആപ്പീസറുടെ ഭാര്യ ലീല ഒന്നാം തീയതി എല്ലാരും‌കാണെ തെരുന്നത് അയാള്‌കൊടുത്ത ആയിരം, പിന്നെ മറ്റാരും കാണാതെ നൂറും ഇരുന്നൂറും എടക്കിടെ തെരും”
“അപ്പൊ അതെങ്ങനെ പത്തായിരമാവും?”
“അത് അനക്ക് പണം തെരുന്നത് അവര് മാത്രമല്ല, ചെലപ്പൊ വെഷമം പറഞ്ഞാല് ആപ്പീസറ് തന്നെ ആയിരമോ അഞ്ഞൂറോ കീശേന്നെടുത്ത് മറ്റാരും അറിയാതെ തെരും. പിന്നെ കുപ്പായം അലക്കി ഇസ്ത്രിയിട്ട് കൊടുക്കുന്നതുകൊണ്ട് എഞ്ചിനീയറായ മോൻ ആ ദിവസംതെരും അയിമ്പതും നൂറും. കുട്ട്യോളെ നോക്കുന്നകൊണ്ട് ഓന്റോള് ഡോക്റ്ററ് ആരും‌കാണാതെ രണ്ടായിരം തെരും, മാസത്തിൽ. പിന്നെ ഓറെ മോള് പുരുവന്റൊപ്പരം വന്നാല് അനക്ക് കോളാണ്, ഇഷ്ടം‌പോലെ പണോം തുണീം തെരും”
“അതൊക്കെ ലീലേച്ചി അറിയാറുണ്ടോ?”
“ആ‍രറിയാനാണ് ടീച്ചറേ,, അവറ് അന്യോന്യം മിണ്ടിയിട്ട്‌വേണ്ടെ അറിയാൻ!! അനക്കാട പോയാല് പണിയൊന്നും ഇല്ല; അന്നാലും ഞാമ്പോകാതെ ആടയൊന്നും നടക്കൂല്ല. രാവിലെത്തന്നെ ചായെം ദോശേം കൂട്ടാനുമൊക്കെ അവരുണ്ടാക്കും. എന്നിട്ടെന്താ,, ഞാമ്പന്നാലെ നേരാം‌വണ്ണം മറ്റുള്ളാൾക്ക് തിന്നാൻ‌കിട്ടൂള്ളു”
“അതെന്താ നാണിയമ്മക്കാണോ വിളമ്പാനുള്ള ചാർജ്ജ്?”
“ഓ, വിളമ്പുന്നതൊക്കെ അവറ് തന്നെയാ,, ചോറ്റുങ്കലമൊന്നും അന്നെക്കൊണ്ട് തൊടീക്കില്ല”
“പിന്നെ നിങ്ങളുടെ ഡ്യൂട്ടി?”
“അന്റെ പണിയോ? ആപ്പീസർ കുപ്പായമൊക്കെ ഇട്ട് പൊറപ്പെട്ടാൽ അടുക്കളെ നോക്കി പറയും, ‘ചായ ആയിനെങ്കിൽ കൊണ്ടാ’ എന്ന്. അന്നേരം അയാളെ ഓള് ചായെം‌കടിയും എട്‌ത്ത് മേശപ്പൊറത്ത് വെച്ചിട്ട് അന്നോട് പറയും, ‘ചായയായിന്‌ന്ന് ഓറോട് പറ’ എന്ന്”
“അതെന്ത,, അങ്ങിനെ?”
“ഓറ് നേരിട്ട് മിണ്ടാറില്ല, അതുകൊണ്ട് ഞാമ്പറയും, ‘സാറിന് കഴിക്കാനുള്ള ചായയും ദോശയും കറിം മേശപ്പൊറത്ത് വെച്ചിട്ട്‌ണ്ട്’ന്ന്. സാറ് ചായകുടിക്കുന്നേരം എന്തെങ്കിലും വേണെങ്കിൽ അന്നോട് പറയും”
“പിന്നെ?”
“പിന്നെ ഓപ്പീസിൽ പൊറപ്പെടാൻ‌നേരത്ത് അയാള് ചോയിക്കും ‘വീട്ടിലെക്കെന്തെങ്കിലും വാങ്ങാനുണ്ടോ?’ന്ന്. അപ്പൊ ഞാനത് ഓളോട് പറഞ്ഞാൽ ഓള് അടുക്കളേൽ വാങ്ങണ്ട സാധനത്തിന്റെ ലിസ്റ്റ് തരും. അത്‌ഞാൻ സാറിന് കൊടുക്കും, അങ്ങനെയാ ആ വിട്ടിലെക്കാര്യം”
“അപ്പോൾ അവരുടെ മക്കൾ; അവരും മിണ്ടാറില്ലെ?”
“മോനും മോന്റോളും ആണെങ്കിൽ ഈച്ചേം വെല്ലോം പോലെയാ, എപ്പളും ഒന്നിച്ചെ കാണൂ; അവരെ ഒരു മോളുണ്ട്, ഒരു സുന്ദരിക്കുട്ടി,, അയിനെ അക്കൂട്ടറ് രണ്ടാളും നെലത്ത് വെക്കൂല,,”
“അവരൊന്നും അച്ഛനോടും അമ്മയോടും മിണ്ടാറില്ലെ?”
“ഓറ് മിണ്ടാൻ‌പോയിട്ട് അവരെ നോക്കാൻ‌പോലും കിട്ടാറില്ല. പണികയിഞ്ഞ് വന്നാല് എപ്പളും മുറിയടച്ച് രണ്ടാളും ആത്തിരിക്കും. എടക്ക് മുറിതൊറന്ന് ഓളോ ഓനോ അന്നെ വിളിക്കും, ‘നാണിയമ്മെ ചായയായോ, ചോറായോ എന്ന് ചോയിക്ക്’ന്ന്. ഞാനത് അടുക്കളെ ചോയിച്ചിട്ട് അവരോട് തിന്നാനും കുടിക്കാനും പറയും. രണ്ടാളും വന്നിരുന്ന് തിന്നുമ്പം എന്തെങ്കിലും അധികം മേണെങ്കിൽ അന്നോട് പറയും, ‘ചായക്ക് മധുരം പോരാ’, കൂട്ടാനിൽ ഉപ്പ് അധികം’ എന്നൊക്കെ. അതാണ് ആടത്തെക്കാര്യം”

അല്പസമയം നടന്നുകഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ചോദിച്ചു,
“അപ്പോൾ ലീലേച്ചിയുടെ മകൾ വന്നാലോ? അവൾ മറ്റുള്ളവരോട് മിണ്ടൂല്ലെ?”
“ഓളെ മോളോ? ഓളാണാടത്തെ കൊയപ്പം അധികാക്ക്ന്ന്; ഓള് വന്നാൽ തൊടങ്ങും കുറ്റം പറച്ചില്. ‘അമ്മക്ക് വൃത്തിയില്ല, അച്ചന് ഡീസെന്റില്ല, എണങ്ങത്തി അഹങ്കാരിയാണ്’ എന്നൊക്കെ പറഞ്ഞിട്ട് വന്ന്‌പോകുന്നത്‌വരെ ആട കലമ്പും കൂട്ടോം ആയിരിക്കും. പിന്നെ ഓളെ പുരുവനുണ്ട് ഒരുത്തൻ; അയാള് വന്നാല്,,,”
“അയാളും കുഴപ്പക്കാരനാണോ?”
“അയാള് പാവം, അക്കൂട്ടറെ കുടുംബത്തിലുള്ളോനല്ലെങ്കിലും കേരിവന്ന ഓനൊരുത്തൻ മാത്രാ നല്ലോനായിട്ട് ആടെഒള്ളത്. എല്ലാറോടും ചിരിക്കേം കളിക്കേം വർത്താനംപറേം ഒക്കെചെയ്യും. പക്ഷെ ഇതൊന്നും ഓന്റോക്ക് ഇഷ്ടെല്ല. ഓന് അന്നെ ബെല്ല്യകാര്യാണ്”
“അയാള് വിചാരിച്ചാൽ അവരെയെല്ലാം യോജിപ്പിച്ച് നന്നാക്കിക്കൂടെ?”

“ആർക്ക് നന്നാവണം ടീച്ചറെ,,, ഓർക്കെല്ലാം അന്യോന്യം കലമ്പാനല്ലാതെ മറ്റെന്തിനാ നേരം? കലമ്പാനില്ലാത്ത നേരത്ത് ഓറെല്ലാം മിണ്ടാതിരിക്ക്ന്ന്”
“അപ്പോൾ ആ വീട്ടിൽ‌പോയാൽ നാണിയമ്മക്ക്  പണിയൊന്നും എടുക്കേണ്ട, അല്ലെ?”
“ഇപ്പൊ ആടപ്പോയാല് അനക്ക് പണിയൊന്നും എട്‌ക്കേണ്ട, ആടെന്ന് ഞാനേടിയും പോകൂല്ല; അനക്ക് ഇഷ്ടം‌പോലെ പണം കിട്ടും”
"എന്നാലും അവരിങ്ങനെ വല്യ ഓഫീസറും ഡോക്റ്ററും എഞ്ചിനീയറും ഒക്കെ ആയിട്ട്”
“അതാണ് അവരുടെ വീട്, അങ്ങനെയാണ് അവരുടെ കാര്യങ്ങൾ”
നാണിയമ്മ സന്തോഷത്തോടെ നടന്നുനീങ്ങിയപ്പോൾ ഞാൻ സ്വയം പറഞ്ഞു,
‘ഇത് അവരുടെ വീട് മാത്രമല്ല; നമ്മുടേതും കൂടിയാണ്’