26.7.09

17. സോറീ ഫോര്‍ ഇന്ററപ്‌ഷന്‍ടെലിവിഷന്റെ കാര്യത്തിലും നമ്മുടെ ‘ആകാശവാണി' തന്നെ ഒന്നാം സ്ഥാനം നേടി. നാട്ടില്‍ ആദ്യമായി ടീവി വന്നത് അവിടെയാണ്. ഹൈസ്ക്കൂള്‍ കാണാത്ത മക്കളെ ആദ്യമായി ഗള്‍‌ഫിലയച്ച് അതിവിശാലമായ ലോകം കാണിച്ച് നാട്ടുകാരെ അസൂയപ്പെടുത്തിയ - ആ അവര്‍ തന്നെ. എന്നെപ്പോലുള്ള അദ്ധ്യാപക-വിദ്യാര്‍ത്ഥിസമൂഹം ടെലിവിഷന്റെ ചിത്രം കാണിച്ച് ക്ലാസ്സില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാലത്താണ് ജീവനുള്ള ടെലിവിഷന്‍ ആകാശവാണിയുടെ വീട്ടില്‍ പ്രത്യക്ഷപ്പെട്ടത്.
..
ഒരു ഞായറാഴ്ച പത്തുമണി കഴിഞ്ഞപ്പോള്‍ ഞാന്‍ തിരക്കിട്ട് ഒരു ബന്ധുവീട്ടിലേക്ക് പോവുകയാണ്. അയല്‍‌വക്കത്തെ വീടുകളുടെ മുന്നിലൂടെയും പിന്നിലൂടെയും നടന്ന് ഇടവഴികളിലൂടെ നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. ഏതാണ്ട് മുപ്പതോളം ആളുകള്‍ ആകാശവാണിയുടെ വീട്ടില്‍‌നിന്ന് മുന്‍‌വാതിലിലൂടെയും സൈഡ്‌വാതിലിലൂടെയും ഇറങ്ങിവരുന്നു. അങ്ങനെ ഇറങ്ങി വരുന്നത് ‘ആറ് മുതല്‍ അറുപത് വയസ്സ് വരെയുള്ള നാട്ടുകാരാണ്’; കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്. അവര്‍ ആവേശത്തോടെ സംസാരിച്ച് ഇടവഴിയില്‍ കടന്നപ്പോള്‍ ആദ്യം കണ്ട അമ്മൂമ്മയെതന്നെ ഞാന്‍ പിടികൂടി കാര്യം അന്വേഷിച്ചു.
അവര്‍ പുരപ്പുറത്ത് ചൂണ്ടിക്കാട്ടി പറഞ്ഞു, “ആകാശവാണിയുടെ വീട്ടില്‍ ടീവിയുണ്ട്, നമ്മള്‍ രാമായണം കാണാന്‍ പോയതാ, നോക്ക്, അതിന്റെ കമ്പിയാണ് പുരക്കു മോളില്‍. ടീച്ചര്‍ക്ക് രാമായണം കാണണ്ടെ? ആ രാവണന്‍ സീതയെ കട്ട്‌കൊണ്ട്‌പോകുന്നത് കാണാന്‍ എന്തു രസാണെന്നോ”,, വീട്ടിനു മുകളിലുള്ള ആന്റിന നോക്കിയാണ് അമ്മൂമ്മ ഇത് മുഴുവനും പറഞ്ഞത് .
..
...
അപ്പോള്‍ ഞങ്ങളുടെ നാട്ടിലും ടെലിവിഷന്‍ വന്നിരിക്കുന്നു; ഏതായാലും അതൊന്ന് കാണണം, എന്നാല്‍ ഇപ്പോള്‍ തന്നെ പോകുന്നത് അത്ര ശരിയല്ല.... അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു. ഒരു ദിവസം രാവിലെ ഞാന്‍ സ്ക്കൂളിലേക്ക് പോകുന്ന വഴി ആകാശവാണിയെ കണ്ടു. അവര്‍ കടല്‍‌ക്കരയിലുള്ള സ്വന്തം പറമ്പിലെ വിശാലമായ പാറയുടെ മുകളില്‍ കൊപ്ര ഉണക്കുകയാണ്.
.
.
എന്നെ കണ്ടഉടനെ അടുത്തു വന്നു,“ടീച്ചറ് സ്ക്കൂളിലേക്കായിരിക്കും; പിന്നെ ഞാന്‍ ഇന്ന് വൈകുന്നേരം വരെ ഇവിടെയായിരിക്കും, തേങ്ങ ഉണക്കാനുണ്ട്”.
“മക്കളൊക്കെ എങ്ങനെ? സുഖം തന്നെയോ?“ ഞാന്‍ വിവരങ്ങള്‍ തിരക്കി.
“ഓ ഇളയവന്‍ ദുബായീന്ന് വന്നിട്ട് കഴിഞ്ഞ ആഴ്ചയാണ് പോയത്. പിന്നെ അവന്‍ ടീവി കൊണ്ടുവന്നിട്ടുണ്ട്; നാട്ടുകാരൊക്കെ അതിന്റെ മുന്നിലാ, ടീച്ചറെ അങ്ങോട്ടൊന്നും കണ്ടില്ലല്ലോ”.
“അത്പിന്നെ പകലൊന്നും എനിക്ക് സമയം തീരെയില്ല”.
“അതിനെന്താ രാത്രി പത്ത് മണി വരെ ടീവിടെ മുന്നില്‍ നാട്ടുകാര്‍ ഉണ്ടാവും, ടീച്ചറൊരു ദിവസം വീട്ടില്‍ വാ”.
..
ഈ ബഹുമാനവും പറച്ചിലുമൊക്കെ നാട്ടിലെ എല്‍‌പി സ്ക്കൂളില്‍ പഠിപ്പിക്കുന്ന നാട്ടുകാരിയായ ഒരേയൊരു ടീച്ചര്‍ ഞാനായതു കൊണ്ടാണ്. (മറിച്ചാണെങ്കില്‍ ഡയലോഗ്:- നീയെന്താടി എന്റെ ചെക്കന്‍ ടീവി കൊണ്ടുവന്നിട്ട് അതൊന്ന് കാണാന്‍ വരാത്തത്?”)
.
.
അവരുടെ ഇളയ മകന്‍ എന്റെ കൂടെ പ്രൈമറി ക്ലാസ്സില്‍ പഠിച്ചവനായിരുന്നു. രണ്ടാഴ്ച മുന്‍പ് ഇതെ സ്ഥലത്തു വെച്ച് അവനെ ഞാന്‍ കണ്ടതാണ്. ഉച്ചഭക്ഷണം കഴിഞ്ഞ് സ്ക്കൂളിലേക്ക് പോകുമ്പോള്‍ മുന്നില്‍ സായിബാബ മോഡല്‍ മുടിയുമായി ഒരു തടിയന്‍ നില്‍ക്കുന്നു. പണ്ട് കീറിയ കുപ്പായമിട്ട് പിന്‍ബഞ്ചിലിരിക്കുന്ന കറുത്തു മെലിഞ്ഞവനാണ് നില്‍ക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. രണ്ടാം ക്ലാസ്സില്‍ വെച്ച് ആണ്‍കുട്ടികള്‍ എനിക്കിട്ട ഇരട്ടപേര്‍ അവന്‍ വിളിച്ചപ്പോള്‍ മനസ്സില്‍ ദേഷ്യവും ആശ്ചര്യവും ഒന്നിച്ചു വന്നു.
“നീ പണ്ട് നമ്മള്‍ ഒന്നിച്ച് പഠിച്ച എല്‍‌പി സ്ക്കൂളിലെ ടീച്ചറായി, അന്ന് പഠിക്കാത്ത ഞാന്‍ ഇങ്ങനെയായി”.
“എങ്ങനെയായി” എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ മറ്റൊരു ചോദ്യം ചോദിച്ചു;
“നിനക്കിപ്പോള്‍ എത്ര രൂപ ശമ്പളം കിട്ടും?”
എന്റെ ശമ്പളം അച്ഛനോടു പോലും കൃത്യമായി പറഞ്ഞിട്ടില്ല; എന്നാല്‍ ഈ ദുബായിക്കാരനോട് പറയുന്നതില്‍ തെറ്റില്ലല്ലൊ. ഞാന്‍ പത്ത് രൂപ കൂടുതലാക്കി ശമ്പളനിരക്ക് പറഞ്ഞപ്പോള്‍ അവന്‍ എന്നെ പരിഹസിച്ചു;
“ഇത്രയെ ഉള്ളൂ? നീയെത്ര പഠിച്ചതാ! എനിക്കാണെങ്കില്‍ ദുബായില്‍ ഒരു ദിവസം തന്നെ ഇതില്‍ കൂടുതല്‍ പണം കിട്ടുമല്ലൊ”, അങ്ങനെ ദുബായി വിശേഷങ്ങള്‍ കേട്ട് സ്വപ്നം കാണുമ്പോള്‍ ഞാന്‍ സ്ക്കൂളിലെ ഉച്ചമണിയടി കേട്ട് സ്ഥലം വിട്ടു.
..
ആകാശവാണി ക്ഷണിച്ചതിന്റെ പിറ്റേദിവസം ആറ് മണിക്ക് ഞാന്‍ അവരുടെ ടീവിക്കു മുന്നില്‍ ഹാജരായി. അവിടെയാണെങ്കില്‍ തറയിലിരിക്കുന്ന പതിനഞ്ചോളം പേരുണ്ട്; അതില്‍ കുട്ടികളും മുതിര്‍ന്നവരും ഉണ്ട്. ടീച്ചറായതു കൊണ്ട് എനിക്ക് സ്വീകരണവും ഇരിപ്പിടവും കിട്ടി. ടീവിയില്‍ ഹിന്ദി സിനിമാഗാനങ്ങള്‍ അടിച്ചുപൊളിക്കുകയാണ്. ഏതാണ്ട് രണ്ട് മണിക്കൂര്‍ പോയതറിഞ്ഞില്ല. എട്ട് മണികഴിഞ്ഞപ്പോള്‍ അയല്‍‌വാസിയായ ശിഷ്യന്റെ ഓലചൂട്ടിന്റെ വെളിച്ചത്തില്‍ ഞാന്‍ വീട്ടിലെത്തി. നാട്ടുകാരില്‍ അപൂര്‍വ്വം ചില വീടുകളില്‍ മാത്രമാണ് അന്ന് വൈദ്യുതി കടന്ന് വന്നത്. (വൈദ്യുതിയില്ലാത്ത കൂട്ടത്തില്‍ എന്റെ വീടും ഉണ്ട്) രാത്രി സഞ്ചാരത്തിന് പൊതുജനം ആശ്രയിക്കുന്നത് ബാറ്ററി കൊണ്ടുള്ള ടോര്‍ച്ചും തെങ്ങോല കെട്ടി കത്തിക്കുന്ന ചൂട്ടുമാണ്. തീരപ്രദേശമായതിനാല്‍ പ്രാധാനസസ്യം കേരവൃക്ഷമായത് കൊണ്ട് നാട്ടുകാരുടെ പ്രാധാന ഇന്ധനസ്രോതസ്സ് തെങ്ങോലയാണ്.
..
അങ്ങനെ ആകാശവാണിയുടെ വീട്ടില്‍ വൈകുന്നേരം നടക്കുന്ന ടീവിഷോ കാണുന്ന അം‌ഗസഖ്യ കൂടി വരാന്‍ തുടങ്ങി. അവരുടെ പൊങ്ങച്ചത്തിനും സ്വീകരണത്തിനും ഒരു കുറവും വന്നില്ല. ഒരു ദിവസം രാത്രി ഹിന്ദി വാര്‍ത്ത കേട്ടും കണ്ടും ഞങ്ങള്‍ ഇരിക്കുമ്പോഴാണ് പെട്ടെന്ന് കറന്റ് പോയത്. അല്പസമയം കൂടി ഇരുന്നിട്ടും വൈദ്യുതി പുനസ്ഥാപിക്കുന്നില്ല എന്ന് കണ്ട് നിരാശയോടെ ഞങ്ങള്‍ നേരത്തെ വീട്ടിലേക്ക് പോയി. പിന്നെ മൂന്നു ദിവസ്സം കഴിഞ്ഞപ്പോള്‍ വീണ്ടും കറന്റ് കട്ട്! അന്ന് തിരിച്ചു പോകുമ്പോള്‍ കുട്ടികളില്‍ മൂത്തവനായ കുട്ടന്‍-എട്ടാം ക്ലാസ്സുകാരന്‍- എന്നോട് പറഞ്ഞു;
“ടീച്ചറേ ഇത് കറന്റ് പോയതല്ല; ആകാശവാണി മെയിന്‍‌സ്വിച്ച് ഓഫാക്കിയതാ”
ഞാന്‍ അത് എതിര്‍ത്തപ്പോള്‍ അവന്‍ വീണ്ടും പറഞ്ഞു, “ടീച്ചര്‍ ശ്രദ്ധിച്ചൊ, കറന്റ് പോകുന്ന സമയത്ത് ആകാശവാണി നമ്മുടെ കൂടെയില്ല എന്നകാര്യം, ഇത് ഞാന്‍ പൊളിക്കുന്നുണ്ട്, ഞങ്ങള്‍ ടീവി കാണുന്നത് ഇഷ്ടമില്ലെങ്കില്‍ അത് അവര്‍ക്ക് പറഞ്ഞ് കൂടേ?”.
അങ്ങനെ ഒരാഴ്ച കഴിഞ്ഞു; ഒരു ദിവസം എട്ട് മണികഴിഞ്ഞപ്പോള്‍ കറന്റ് പോയി. ഇരുട്ടത്ത് ആരും ആരെയും കണ്ടില്ല;
അപ്പോള്‍ കുട്ടന്റെ ശബ്ദം “എല്ലാവരും ഇവിടെയിരുന്നാല്‍ മതി, കറന്റ് കാര്യം ഞാന്‍ ശരിയാക്കാം”.
ഇതും പറഞ്ഞ് കുട്ടന്‍ നേരെ മുറ്റത്തേക്കിറങ്ങി. അല്പസമയം കഴിഞ്ഞപ്പോള്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് കറന്റ് വന്നു, അതോടൊപ്പം കുട്ടനും.
വന്നപാടെ കുട്ടന്‍ പറഞ്ഞു “ഇനി എല്ലാവരും സ്വന്തം വീട്ടില്‍ ടീവി വാങ്ങിയിട്ട് കണ്ടാല്‍ മതി, ഞങ്ങളെ ഒഴിവാക്കാന്‍ വേണ്ടി വല്ല്യമ്മ മെയിന്‍‌സ്വിച്ച് ഓഫാക്കിയതാ”.
അന്ന് രാത്രി കുട്ടന്റെ പിന്നാലെ ഞങ്ങള്‍ എല്ലാവരും ഇറങ്ങി.
..
പിന്നെയോ??? ആ ദിവസം മുതല്‍ അന്യ വീട്ടില്‍ പോയി ടീവി കാണുന്ന പരിപാടി ഞങ്ങള്‍ നിര്‍ത്തി. ആകാശവാണി ഒന്നും സംഭവിക്കാത്ത മട്ടില്‍ പൂര്‍വ്വാധികം സ്നേഹത്തോടെ പിറ്റേ ദിവസവും എന്നോട് സംസാരിച്ചു.
.


പിന്‍‌കുറിപ്പ്:

 1. ആകാശവാണിക്ക് ആ പേര്‍ ലഭിച്ചതും മുന്‍ ചരിതവും 9, 11 എന്നീ പോസ്റ്റുകളില്‍ നിന്ന് വായിക്കാം.
 2. കോളേജില്‍ പഠിച്ചതു കൊണ്ടും നാട്ടിലെ ടീച്ചറായതു കൊണ്ടും, രാത്രിയും പകലും ഒരുപോലെ കറങ്ങാന്‍ എനിക്ക് സ്വാതന്ത്ര്യം ഉണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ആ വിശ്വാസം എന്നെ രക്ഷിക്കുന്നു.

14.7.09

16. അടുക്കളരഹസ്യം

എന്റെ അമ്മയുടെ ലോകം അടുക്കളയാണ്. എന്നാല്‍ മൂത്ത മകളായ ഞാന്‍ അടുക്കളക്കാര്യത്തിലും പാചകത്തിലും വട്ടപ്പൂജ്യമാണ്. മരിക്കുന്നതു വരെ അടുക്കള മറ്റാര്‍‌ക്കും വിട്ടു കൊടുക്കില്ലെന്ന് അമ്മ പറഞ്ഞെങ്കിലും പ്രായമായി വയ്യാതായപ്പോള്‍ ഇളയ മകന്റെ ഭാര്യക്ക് വിട്ടുകൊടുത്തിരിക്കയാണ്. അതിനാല്‍ അമ്മക്ക് അവളെപറ്റി എന്നും പരാതിയാണ്.പാചകത്തിന്റെ രസതന്ത്രം പഠിക്കാന്‍ അമ്മ എന്നെ അനുവദിച്ചില്ലെങ്കിലും തൊഴിലുറപ്പു പദ്ധതി പ്രകാരം ചില പ്രത്യേക ജോലികളില്‍ ഞാന്‍ അമ്മയെ സഹായിക്കണം.
 1. നെല്ല്‌ ഉണക്കല്‍ : ചെമ്പ്‌പാത്രം നിറയേ പുഴുങ്ങിയ നെല്ലുമായി വീട്ടിന്റെ രണ്ടാം നിലയില്‍ അമ്മ കയറി വന്ന് നെല്ല് ഉണക്കുന്ന മുറിയിലെ ചാണകം തേച്ച തറയില്‍ കമഴ്ത്തിയിടും. എന്നിട്ട് അടുത്ത മുറിയിലിരുന്ന് പഠിക്കുന്ന എന്നെ നോക്കി പറയും “നീ പഠിച്ചു കഴിഞ്ഞാല്‍ ആ നെല്ലിന് ഒന്ന് കാല്‌‌കൊടുക്കണം”. കാല്‌കൊടുക്കുക എന്ന്‌ പറയുന്നത് കാലുകൊണ്ട് മുറി നിറയേ നെല്ല് ഇളക്കിയിടലാണ്. അത് നെല്ല് ഉണങ്ങുന്നതുവരെ ദിവസേന ചെയ്യണം. പലപ്പോഴും ഞാന്‍ പഠിക്കുന്നുണ്ടാവില്ല. തൊട്ടടുത്ത വായനശാലയിലെ പുസ്തകം വായിച്ച് അതിലെ നായകനോ നായികയോ ആയി മാറിയിരിക്കുമ്പോഴായിരിക്കും അമ്മ എന്നെ വിളിക്കുന്നത്. പിന്നെ ആ നെല്ല് കാലുകൊണ്ട് ഇളക്കുമ്പോള്‍ ഉള്ള ഇളംചൂട് ഇപ്പോഴും ഞാന്‍ അറിയുന്നു.
 2. നെല്ലുകുത്തല്‍ : ഉണങ്ങിയ നെല്ല് ഉരലിലിട്ട‌ശേഷം എന്നെ വിളിച്ച് ചെറിയ ഉലക്ക കൈയില്‍ തന്ന് നെല്ല് കുത്താന്‍ പറയും. വലിയ ഉലക്ക എടുത്ത് അമ്മയും ചേര്‍ന്ന് നെല്ല് കുത്തി അരിയാക്കും. മുറത്തിലുള്ള, ‘ഉമിയൊക്കെ കളഞ്ഞ അരി പാത്രത്തിലിട്ടതിനു ശേഷമുള്ള തവിട്‘ കിണ്ണത്തില്‍ എടുത്ത് തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് കുഴച്ച് ഞങ്ങള്‍ തിന്നും.
 3. ഓല മടയല്‍ : രണ്ട് നില വീടാണെങ്കിലും ഓല കെട്ടിമേയണം. തെങ്ങോല രണ്ടായി കീറി കിണറ്റിന്‍‌കരയില്‍ കൂട്ടിയിട്ട് വെള്ളം ഒഴിക്കും. പിറ്റേദിവസം മുറ്റത്ത് നിവര്‍ത്തിയിട്ട കുതിര്‍ന്ന ഓലയുടെ ആദ്യപകുതി മടയാന്‍ എന്നെ വിളിക്കും. ഓല പൂര്‍ണ്ണമാക്കാന്‍ എന്നെ അനുവദിക്കില്ല. ഞാന്‍ മടഞ്ഞാല്‍ ഭം‌ഗി കുറയും പോലും.


എന്റെ നിര്‍ബന്ധിത ജോലികള്‍ കൂടാതെ തന്നിഷ്ടപ്രകാരം ചെയ്യുന്ന ജോലികള്‍ കൂടിയുണ്ട്.
 1. തേങ്ങ ഉരിക്കല്‍ : തേങ്ങ അരക്കുന്നത് അമ്മയാണ്; ഞാന്‍ ഉരിച്ച് തേങ്ങവെള്ളം കുടിക്കും.
 2. തുണി അലക്കല്‍ : ഇതിന്റെ രഹസ്യം മറ്റൊന്നാണ്. വര്‍ഷത്തില്‍ 9 മാസം സമീപത്തെ തോട്ടില്‍ നിന്നാണ് തുണി അലക്കുന്നത്. അവിടെ നാട്ടിലെ മുതിര്‍ന്ന നാരീജനങ്ങള്‍ അനവധി കാണും. അവര്‍ പറയുന്ന അശ്ലീല നുണക്കഥകളുടെ രസം ഒന്നു വേറെതന്നെയാണ്.
 3. വിറക് പെറുക്കല്‍ : പറമ്പു മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ കിട്ടുന്ന അസുലഭ അവസരമാണിത്.
 4. മീന്‍ മുറിക്കല്‍ : ചിലപ്പോള്‍ കടലില്‍ നിന്ന് പിടിച്ചെടുത്ത ഞണ്ട്, ചെമ്മീന്‍ ആദിയായവ അടുക്കളയില്‍ ഓടിക്കളിക്കുമ്പോള്‍ പിടിച്ച് ചട്ടിയിലിട്ട് വേണം മുറിക്കാന്‍. അതോടൊപ്പം ചില ഐറ്റം വിറകടുപ്പിലിട്ട് ചുട്ടു തിന്നും.
 5. കൃഷി : വയലില്‍ പോയി അച്ഛനാണ് കൃഷി ചെയ്യുന്നത്. പച്ചക്കറികള്‍, മരച്ചീനി, വാഴ, ചേമ്പ്, ചേന, നെല്ല് ആദിയായവ വളരുന്ന ഓരോ ഘട്ടത്തിലും ഞാന്‍ ഉണ്ടാവും. എന്റെ വക പറമ്പില്‍ പച്ചക്കറികൃഷി വേറെയുണ്ടാവും.


ഈ ജോലിയൊക്കെ ചെയ്യുന്നത് സ്ക്കൂള്‍-കൊളേജ് പഠനസമയത്തിന്റെ ഇടവേളയിലാണ്. ബാക്കി സമയം കളിയും കറക്കവുമാണ്. കളിക്കാന്‍ പല പ്രായത്തിലുള്ള ആണ്‍-പെണ്‍ പട കൂടെയുണ്ടാവും. കളിവീടുണ്ടാക്കല്‍, പട്ടകളി, കോട്ടികളി, ചട്ടികളി, ഇട്ടിയും കോലും, കൊത്തങ്കല്ല്, പന്തുകളി, സോഡികളി, തൊട്ടുകളി, തുടങ്ങി അനേകം ഐറ്റം ഇനിയും ഉണ്ട്.
കറങ്ങുന്നത് മിക്കവാറും കടപ്പുറത്ത് ആയിരിക്കും. ഓ ഒരു പണികൂടിയുണ്ട്; കടപ്പുറത്തു പോയാല്‍ കല്ലുമ്മക്കായ, ഓരിക്ക, എളം‌ബക്ക, ഓട്ടിക്ക ആദിയായ ഷെല്‍‌ഫിഷ് ശേഖരിച്ച് വീട്ടിലെത്തിച്ചാല്‍ അസ്സല്‍ കറിയുണ്ടാക്കി അമ്മ വിളമ്പിത്തരും.


എന്റെ അച്ഛനും അമ്മക്കും പ്രാധാനപ്പെട്ടത് മക്കളുടെ പഠനമാണ്; അത് കാരണം അസൂയാലുക്കള്‍ പറയുന്ന പല കാര്യങ്ങളും അവര്‍ കേള്‍‌ക്കാറുണ്ട്. “നീയിങ്ങനെ അടുക്കളപ്പണിയൊന്നും പഠിപ്പിക്കാതെ, ഇവളുടെ കല്ല്യാണം കഴിഞ്ഞാല്‍ എങ്ങനയാ; ഭര്‍ത്താവിന്റെ വീട്ടുകാര്‍ തല്ലിയിറക്കൂല്ലെ?” അമ്മ അതിനു മറുപടിയൊന്നും പറയില്ല.
.
അതുപോലെ അച്ഛനോട് നാട്ടുകാര്‍ ചോദിക്കും, “ഇങ്ങനെ കൂലിപ്പണിയെടുത്ത് കടം വാങ്ങി മോളെ പഠിപ്പിച്ചിട്ട്, നാളെ അവളെ കല്ല്യാണം കഴിച്ചയക്കേണ്ടതല്ലെ?” ആ ചോദ്യത്തിന് അച്ഛന്‍ മറുപടി പറയാറില്ല.

പഠനം കഴിഞ്ഞ് ജോലി കിട്ടി ടീച്ചറായിട്ടും എന്റെ ഒരു പരിപാടിയിലും മാറ്റം വന്നില്ല.


അങ്ങനെയിരിക്കെ എന്റെ കല്ല്യാണം കഴിഞ്ഞു… കടല്‍‌ക്കരയില്‍ നിന്നും നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘കാട്ടുമൂലയില്‍‘. അവിടെ വെച്ചാണ് കാട്ടുമുയല്‍, കാട്ടുകോഴി, കാട്ടുപന്നി, കാട്ടുപൂച്ച ആദിയായവയെ ആദ്യമായി ജീവനോടെ ഞാന്‍ കണ്ടത്. പണ്ട് ആ വീടിന്റെ പിന്നില്‍ പുലിയെ കണ്ടവരുണ്ട്. വളരെ നല്ല ഗ്രാമീണരും വീട്ടുകാരും. കൃഷി ചെയ്യാത്ത ഒരിഞ്ച് സ്ഥലം‌പോലും ആ നാട്ടിലില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ ഏക്കര്‍‌ കണക്കിന് കൃഷി സ്ഥലം ഉണ്ട്.
.
അവിടെയെത്തിയപ്പോഴാണ് അടുക്കള ഒന്ന് ശരിയായി കണ്ടത്. സ്ക്കൂള്‍ വിട്ട് വന്നാലും ഒഴിവു ദിവസങ്ങളിലും പാചക കലയില്‍ അമ്മായിയമ്മയെ സഹായിച്ചു. വളരെ നല്ല അമ്മയാണ്; എന്നാല്‍ ഏഴാങ്ങളമാര്‍ക്കും കൂടി അവിടെ ഒരു പെങ്ങളുണ്ട്, ഒരു ‘കുട്ടിക്കാന്താരി’. എഴാം ക്ലാസ്സുകാരിയാണെങ്കിലും അടുക്കളപ്പണിയില്‍ അവള്‍ പീജി കഴിഞ്ഞിരിക്കുന്നു. അദ്ധ്യാപകനായ മൂത്ത ഏട്ടന്റെ ഭാര്യയാണെന്നും അവളെക്കാള്‍ വലിയ പിള്ളേരെ പഠിപ്പിച്ചിട്ടാണ് ഞാന്‍ വരുന്നതെന്നും ഉള്ള ഒരു ചിന്തയും അവള്‍ക്കില്ല. അടുക്കളപ്പണിയില്‍ എന്റെ ഓരോ കുറ്റവും അവള്‍ തൊണ്ടിസഹിതം കണ്ടുപിടിച്ച് പരിഹസിക്കും.ക്രമേണ ഒരു കാര്യം എനിക്കു മനസ്സിലായി; കല്ല്യാണം കഴിച്ച പെണ്ണിനെ ഭര്‍ത്താവ് ഭാര്യയായി സ്വീകരിക്കുന്നു, എന്നാല്‍ അവന്റെ വീട്ടുകാര്‍ അവളെ വീട്ടുവേലക്കാരിയായി സ്വീകരിക്കുന്നു. മരുമകള്‍ ടീച്ചറാണെന്ന പരിഗണനയൊന്നും ഇവിടെയില്ല. രാവിലെ എല്ലാവരും ചേര്‍ന്ന് അടുക്കളപ്പണിയൊക്കെ പെട്ടെന്ന് തീര്‍ക്കും. എട്ടുമണിയാവുമ്പോള്‍ ഞാന്‍ സ്ക്കൂളിലേക്ക് ഓടിപ്പോവും. അരമണിക്കൂര്‍ ഓടിയാല്‍ ബസ് കിട്ടും; നടന്നാല്‍ ബസ് പോയിരിക്കും, അടുത്ത ബസ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. (ടോട്ടല്‍4ബസ്‌മാത്രം) വൈകുന്നേരം പിള്ളേരോട് മത്സരിച്ച് ആദ്യബസില്‍ കയറിപ്പറ്റി വീട്ടില്‍ ഓടിയെത്തി യൂനിഫോം മാറ്റി അടുക്കളയില്‍ വന്ന് ലോഹ്യം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആ കുട്ടിക്കാന്താരി ചിരിച്ച്കൊണ്ട് പറയുന്നു,
“ഏടത്തി ഇതുവരെ ഒരുപണിയും ചെയ്തിട്ടില്ലല്ലൊ, എല്ലാം ഞങ്ങളല്ലെ ചെയ്തത്, ബാക്കി അടുക്കളപ്പണിയൊക്കെ ഇനി നിങ്ങള്‍ ചെയ്യ്” ഇതും പറഞ്ഞ് അമ്മയും പെങ്ങളും അടുക്കളക്ക് റ്റാറ്റ പറയും.


പിന്നെ ചോറ് തിന്നാന്‍ മാത്രം പ്രത്യക്ഷപ്പെടും. സ്ക്കൂളില്ലാത്ത ദിവസങ്ങളില്‍ രാവിലെ കാപ്പികുടിയൊക്കെ കഴിഞ്ഞ്; കത്തി, കത്തിവാള്‍, കൈകോട്ട്, മുറം, വല്ലം എന്നിവ പുറത്തെടുത്ത് ചാരവും ചാണകവും ചപ്പുചവറും വാരി അമ്മയും പെങ്ങളും വയലിലേക്കിറങ്ങും. ഒപ്പം അന്ന് ജോലിക്ക് പോകാത്ത ആണുങ്ങളും, ‘അച്ഛനൊഴികെ. തിരിച്ചുവരുമ്പോള്‍ നേരാം‌വണ്ണം ചോറും കറിയും സമയത്ത് ആയിട്ടില്ലെങ്കില്‍ എന്നോട് ഒന്നും പറയില്ല, എന്നാല്‍ അവരുടെ ബോഡീലേഗ്വേജില്‍ നിന്നും കാര്യം മനസ്സിലായ ഞാന്‍ ഒന്നും അറിയാത്ത മട്ടിലിരിക്കും.


അങ്ങനെയുള്ള ഒരു ദിവസം: പതിവുപോലെ പച്ചക്കറി നടാന്‍ അമ്മ പെങ്ങള്‍ ആണ്‍‌മക്കള്‍ സം‌ഘം എന്നെയും അമ്മയിയച്ഛനെയും വീട്ടിലാക്കി സ്ഥലം വിട്ടു. ഞാന്‍ ചോറ് വെക്കാന്‍ ആരംഭിച്ചു. വലിയ അലൂമിനിയപാത്രത്തില്‍ വെള്ളം നിറച്ച് അടുപ്പത്ത് വച്ച് വിറക് കത്തിച്ച് അരി കഴുകാനായി എടുത്തു. തലേ ദിവസം കൊണ്ടുവന്ന റേഷന്‍ പച്ചരിയാണ് അരിപ്പാത്രത്തില്‍ ഉള്ളത്. അവിടെ ഞാനൊഴികെ എല്ലാവര്‍‌ക്കും പച്ചരി ഇഷ്ടമാണ്. അരി കഴുകി പാത്രത്തിലിട്ട് തിളക്കാന്‍ തുടങ്ങിയപ്പോഴാണ് തുണി കഴുകേണ്ട കാര്യം ഓര്‍ത്തത്. സാധാരണ ചോറ് വേവാന്‍ രണ്ട് മണിക്കൂര്‍ വേണം; ഇത് പച്ചരിയായതിനാല്‍ ഒരു മണിക്കൂര്‍ മതിയാവും. അടുപ്പില്‍ കൂടുതല്‍ വിറക് നിറച്ച് ഒന്നുകൂടി കത്തിച്ചശേഷം കഴുകാനുള്ള ഡ്രസ്സുകള്‍ ഒരു കെട്ടാ‍ക്കി അടുത്തുള്ള ചെറിയ പുഴയിലേക്ക് നടന്നു. അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചു വന്ന് തുണിയൊക്കെ ഉണക്കാനിട്ട് വിറക് ഒന്നുകൂടി കത്തിച്ചശേഷം ചോറ് വെന്തോ എന്ന് നോക്കുമ്പോഴാണ് അത് മുഴുവന്‍ അരിയും വള്ളവും യോജിച്ച് പശയായി മാറി എന്ന് കണ്ടത്. കളയാനൊട്ടു ധൈര്യം വരാത്തതിനാല്‍ ചോറ് വാര്‍‌ത്തെങ്കിലും ഒരു തുള്ളിപോലും വെള്ളം പുറത്തു പോയില്ല.

നല്ലവരായ വീട്ടുകാര്‍ എന്നെ ഒന്നും ഒന്നും പറഞ്ഞില്ല, ചെയ്തില്ല. എന്നാല്‍ എന്നെ അവിടെനിന്നും തല്ലിയിറക്കുന്നതിനു മുന്‍പ് കിട്ടിയ ചാന്‍സിന് അദ്ദേഹത്തെയും അടിച്ചുമാറ്റി പുതിയ വീട്ടിലേക്ക് താമസം മാറ്റി.


പിന്‍‌കുറിപ്പ്:

 1. അടുത്ത കാലത്ത് കല്ല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ കൂടെ ഒമാനിലേക്ക് പോയ മകള്‍ ഒരാഴ്ച മുന്‍പ് രാവിലെ വിളിക്കുന്നു. ഒരു ചെറിയ സംശയം, “ഇഡ്ഡ്‌ലി ഉണ്ടാക്കാന്‍ മാവ് കുഴച്ച്, ഇഡ്ഡ്‌ലി പാത്രം അടുപ്പത്ത് വെച്ചിട്ടുണ്ട്. ഇഡ്ഡ്‌ലിതട്ട് വെച്ച് മാവൊഴിക്കുമ്പോള്‍ അടിയില്‍ പാത്രത്തില്‍ വള്ളം ഒഴിക്കണോ?”
 2. ആ കാട്ടുമൂലയില്‍ ഇനി ഒരു കാട്ടുജീവിയേയും കാണില്ല. കാരണം സമീപത്ത് വിമാനത്താവളം വരുന്നുണ്ട്.
 3. നാട്ടിന്‍‌പുറത്തെ നാടന്‍ ഐറ്റങ്ങള്‍ കണ്ണൂരിലെ നാടന്‍‌ഭാഷയിലാണ് പറഞ്ഞത്.
 4. വായ്യിച്ച പുസ്തകത്തിലെ നായകനാവാനാണ് കൂടുതലിഷ്ടം, പ്രത്യേകിച്ച് ഡിക്റ്ററ്റീവ് നോവല്‍. ഡ്രാക്കുള വായിച്ച് നായകനായ ഞാന്‍ കാര്‍പ്പേത്ത്യന്‍ മലകളൊക്കെ ചുറ്റിക്കറങ്ങി ഒടുവില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ രാത്രി ഒരു മണി. പിന്നെ പേടിച്ച് ഉറക്കം വന്നില്ല. ഒടുവില്‍ മേശപ്പുറത്തുള്ള പുസ്തകം ഇരുമ്പ്‌പെട്ടിയില്‍ അടച്ചുപൂട്ടിയപ്പോള്‍ ഉറങ്ങി.