18.12.11

വലിയ അടുക്കളയും ചെറിയ ഞാനും


വർഷങ്ങൾക്ക് മുൻപ്,,, 
                                  പത്താം‌തരം വരെയുള്ള കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുള്ള അദ്ധ്യാപികയായി പരിശീലനം ലഭിച്ച ഞാൻ, സ്വന്തം വീടിനടുത്ത് മാനേജർ നിയമനം‌നടത്തുന്ന, എയിഡഡ് എൽ. പി. സ്ക്കൂളിൽ അദ്ധ്യാപികയായി ചേർന്ന്, ഒന്ന് മുതൽ അഞ്ച് വരെയുള്ള പിഞ്ചുകുഞ്ഞുങ്ങളെ മാത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്, നമ്മുടെ സർക്കാറിന്റെ സ്വന്തം ‘പി.എസ്.സി.’ എന്നെ ഒരു ‘സർക്കാർ ഹൈസ്ക്കൂൾ അദ്ധ്യാപികയായിട്ട്’, കനിഞ്ഞനുഗ്രഹിച്ചത്. കണ്ണുർ ജില്ലയിലാണെങ്കിലും വളരെ അകലെയുള്ള ഒരു വിദ്യാലയത്തിലേക്ക് നിയമന ഉത്തരവായിട്ടാണ് അനുഗ്രഹം ചൊരിഞ്ഞത്.

                              നിയമന ഉത്തരവ് പോസ്റ്റലായി ഏറ്റുവാങ്ങിയതു മുതൽ വീട്ടുകാരും നാട്ടുകാരും സ്വന്തക്കാരും ബന്ധക്കാരും സഹപ്രവർത്തകരും പാരകളായി എന്റെ മുന്നിൽ അണിനിരന്നു,
പാരയുടെ രൂപത്തിൽ ആദ്യം വന്നത് അമ്മ, അതായത് എന്റെ സ്വന്തം പെറ്റമ്മ:
“മോളേ ഇത്ര ദൂരെ നീ ഒറ്റക്ക് താമസിച്ച് സ്ക്കൂളിലൊക്കെ എങ്ങനെയാ പോകുന്നത്? ഒരു ചായ വെക്കാനോ, ഒരു നേരത്തെ വെള്ളം ചൂടാക്കാനോ അറിയാത്ത നീയെങ്ങനെയാ ചോറും കറിയും വെച്ച് തിന്നുകയും തുണിയലക്കുകയും ചെയ്യുന്നത്?”
ഈ വക കാര്യങ്ങളൊന്നും ഇതുവരെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല, ഞാനൊട്ടു പഠിച്ചിട്ടുമില്ല. അപ്പോൾ ഞാനൊരു യുവതിയായെങ്കിലും വീട്ടിൽ‌തന്നെ കുടിയിരുത്താനുള്ള സൂത്രം തന്നെയാവണം,,
അടുത്തത് വരുന്നു, അച്ഛൻ പാര:
“നിനക്കിപ്പോൾ‌ത്തന്നെ കിട്ടുന്ന പണം മതിയല്ലൊ ഇവിടത്തെ ചെലവ് കഴിയാൻ,, നീയിവിടെ ഇല്ലാതായാൽ നിന്റെ ഇളയവരെയൊക്കെ മര്യാദക്ക് പഠിപ്പിക്കാൻ കഴിയുമോ? ശമ്പളം കൂടിയാലും ചെലവ് അധികമാവില്ലെ?”
അതും ഒരു സൂത്രം തന്നെ; ഇളയ മക്കൾ നാലെണ്ണത്തിനെയും നോക്കേണ്ട ചുമതല മൂത്ത മകൾക്കാണോ? അതോ തന്തപ്പടിക്കാണോ? എന്ന് ഞാൻ ചോദിച്ചതേയില്ല.
അടുത്തതായി വരുന്നു, ഇളയമ്മ പാര:
“അല്ല, നീയിങ്ങനെ ദൂരെയൊക്കെ പോയാൽ,,, അവിടെയൊക്കെ കൊറേ ആണുങ്ങളൊക്കെയുള്ള സ്ക്കൂളായിരിക്കുമല്ലൊ. അപ്പോഴ് ആ നാട്ടിലുള്ള ഏതെങ്കിലും ഒരുത്തനെ കല്ല്യാണം കഴിച്ചാൽ പിന്നെ സ്വന്തം വീട്ടുകാരെയൊക്കെ നീ മറക്കൂല്ലെ?”
ഇത് വെറും അസൂയയാണ്,, ഹൈസ്ക്കൂൾ അദ്ധ്യാപികയാവുമ്പോൾ നല്ല വിദ്യാഭ്യാസമുള്ള, കഴിവുള്ള പുരുഷനെ ഞാൻ കെട്ടുന്നത് സഹിക്കാനും ചിന്തിക്കാനും ആവാത്ത അസൂയ തന്നെ.
ഇത് അമ്മാവൻ പാര:
“എടി പെണ്ണെ, നീയങ്ങോട്ട് പോയാൽ അഞ്ചോ പത്തോ ചോദിക്കാൻ ബസ്സിന് പൈസ ചെലവാക്കിയിട്ട് എനിക്കങ്ങോട്ടൊക്കെ വരാൻ പറ്റുമോ?”
ഇത് വെറും സാമ്പത്തികം പാര.
അതാ വരുന്നു, അയൽ‌വാസികൾ പാര:
“അല്ല ടീച്ചറെ, നിങ്ങൾക്ക് ഇത്ര അടുത്തുള്ള സ്ക്കൂളിൽ പഠിപ്പിച്ചാൽ പോരെ? നമ്മളെ നാട്ടിലെ, നമ്മളെ സ്ക്കൂളിലെ, നമ്മളെ കുട്ടികളെ പഠിപ്പിച്ച് വീട്ടിലിരുന്നാൽ പോരെ?”
അവരുടെ മക്കളെ മാത്രം പഠിപ്പിച്ചാൽ മതിയെന്ന്, പാരകൾ പോയ് തുലയട്ടെ!
ഇനി സുഹൃത്തുക്കൾ പാര:
“ഇപ്പം കിട്ടുന്ന ശമ്പളം കുറവാണെങ്കിലും ഹൈസ്ക്കൂളാണെന്ന്‌വെച്ച് ഇത്ര ദൂരെ പോയിട്ട് പഠിപ്പിക്കണോ? അടുത്തുള്ള ഏതെങ്കിലും സ്ക്കൂളിൽ നിയമനം കിട്ടിയിട്ട് പോയാൽ പോരെ?”
പിന്നെ,,, വീട്ടിനടുത്തെ ഹൈസ്ക്കൂളിൽ നിയമനം കിട്ടാൻ പി.എസ്.സി. എന്നത്, ഈ പറയുന്നവളുടെ അമ്മാവവന്റെ ചായക്കടയാണെന്നാ വിചാരം,,,

                         പിറ്റേദിവസം അതിരാവിലെ ഞാനെന്റെ സ്ക്കൂളിൽ എത്തി, ഹൈസ്ക്കൂൾ അദ്ധ്യാപികയായി നിയമനം കിട്ടിയ കാര്യം സഹപ്രവർത്തകരെ അറിയിച്ചു. അപ്പോൾ,
അതാ വരുന്നു ഒരു സഹപ്രവർത്തകയുടെ പാര:
“അല്ല ടീച്ചറെ, നിങ്ങളൊക്കെ നന്നായി പഠിപ്പിക്കുന്നത് കണ്ടിട്ടല്ലെ നാട്ടുകാരൊക്കെ കുട്ടികളെ ഇവിടെ ചേർക്കുന്നത്? അപ്പോഴ് അതെങ്ങനെയാ ശരിയാവുക?”
സർവ്വീസ്‌കാലം മൊത്തത്തിൽ ‘തറ,പറ’ പാടിക്കൊണ്ടിരിക്കാൻ വിധിക്കപ്പെട്ട ഒന്നാം‌തരത്തിലെ ടീച്ചർക്ക് പത്താം‌തരത്തിൽ പഠിപ്പിക്കാൻ പോകുന്ന എന്നോടുള്ള അസൂയ തന്നെ,,
ഒടുവിൽ ആ വിവരം ഹെഡ്‌മാസ്റ്ററെ അറിയിച്ചപ്പോൾ അതാ വരുന്നു, സൂപ്പർ പാര:
“ടീച്ചറെന്തിനാ ഇവിടെന്ന് പോകുന്നത്? മറ്റുള്ളവരെല്ലാം ‘ടീ.ടീ.സി.’ ക്കാരായതുകൊണ്ട് ഞാൻ റിട്ടയർ ചെയ്താൽ ‘ബി.എഡ്.’ കഴിഞ്ഞ ടീച്ചറായിരിക്കും ഇവിടത്തെ ‘എച്ച്.എം.’,,,, അതല്ലെ നല്ലത്? പിന്നെ സർക്കാർ സർവ്വീസിൽ ഹൈസ്ക്കൂൾ ടീച്ചറായാൽ പ്രമോഷൻ ലഭിച്ച് ‘ഏ.ഇ.ഒ.’, ‘ഡി.ഒ.’, ഒക്കെയായി മാറിയാൽ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ സ്ക്കൂളിൽ വന്ന് പരിശോധിക്കാമെന്നൊരു നേട്ടമുണ്ട്” 
ഇത് പാര മാത്രമല്ല, അസ്സൽ കോം‌പ്ലക്സ് കൂടിയാണ്.
സർക്കാർ ഹൈസ്ക്കൂൾ അദ്ധ്യാപികയായി മാറിയ ഞാൻ, വർഷങ്ങൾ കഴിഞ്ഞപ്പോൾ പ്രമോഷൻ ലഭിച്ച് ഒരു ഓഫീസറായി മാറിയിട്ട് ഇതേ പ്രൈമറി സ്ക്കൂൾ പരിശോധിക്കാൻ വരുമ്പോൾ ഇതേ ഹെഡ്‌മാസ്റ്റർ എന്നെക്കാണുമ്പോൾ ‘മാഡം ഇവിടെയിരിക്കു’ എന്ന് പറഞ്ഞ്, എഴുന്നേറ്റ് ബഹുമാനിക്കുന്നതും പരക്കം പായുന്നതും മനസ്സിലോർത്തുകൊണ്ട് ഞാൻ മനസ്സിൽ ചിരിച്ചു.
എല്ലാം കേട്ടപ്പോഴും ചിന്തിച്ചപ്പോഴും എനിക്ക് തോന്നി, ഇനി പിന്നോട്ടില്ല,,, മുന്നോട്ട് തന്നെ,,
ഒരു ഹൈസ്ക്കൂൾ ടീച്ചറാവുക,, അതും ഒരു സർക്കാർ സ്ക്കൂളിലെ ടീച്ചറാവുക തന്നെ.

                          അങ്ങനെ ഒരു വ്യാഴാഴ്ച സ്വന്തം നാട്ടിലെ വീട്ടിനടുത്തുള്ള എൽ.പി. സ്ക്കൂളിൽ നിന്ന് ഞാൻ ‘വിടുതൽ സർട്ടിഫിക്കറ്റ്’ വാങ്ങിയിട്ട് പ്രൈമറി സ്ക്കൂൾ അദ്ധ്യാപനജോലി ഒഴിവാക്കി. ആ നേരത്ത് എന്റെ നാട്ടുകാരനായ ഒരാൾ‌മാത്രം വളരെ,, വളരെ,,, സന്തോഷിച്ചു. 
ആരാണെന്നോ?
എന്റെ സ്ക്കൂൾ മാനേജർ,,,
അവർ എന്നെനോക്കി, എന്നിട്ട് ഒരു ചോദ്യം,
“നീയെന്തിനാ,,, ഇവിടെന്ന് പോകുന്നത്? ഇനി നിന്നെപ്പോലെ നന്നായി പഠിപ്പിക്കുന്ന ഒരാളെ എവിടെന്ന് കിട്ടാനാണ്?”
എന്റെ ഒഴിവിലേക്ക് ചേർക്കാനായി പുതിയ ഇരയിൽ നിന്നും പണം വാങ്ങിയിട്ട്, സ്വന്തം വീടിന്റെ രണ്ടാം നില ഉയർത്താനായി സാധനങ്ങൾ ഇറക്കുന്നതിനിടയിലാണ് വെറുതെയൊരു ഡയലോഗ് പാര.

                        പിറ്റേന്ന് വെള്ളിയാഴ്ച കൃത്യം പതിമൂന്നാം തീയതി രാവിലെ ഞാനും എന്റെ പിതാശ്രിയും പുതിയ താവളം തേടി യാത്രയായി. പുതിയ വിദ്യാലയത്തിൽ ജോയിൻ ചെയ്യുമ്പോൾ അല്പം വൈകിയാലും പ്രശ്നമുണ്ടാവില്ലല്ലൊ? വീട്ടിൽ നിന്നും അര മണിക്കൂർ നടന്ന് ബസ്‌സ്റ്റോപ്പിൽ എത്തിയിട്ട്, ബസ്സിൽ കയറി, വീണ്ടും വീണ്ടും കയറി ഇറങ്ങി. അങ്ങനെ മൂന്നാമത്തെ ബസ്സിൽ നിന്നിറങ്ങി അല്പം നടന്ന് സ്ക്കൂളിലെത്തി.
ഹോ,,, സന്തോഷം വന്നിട്ടെനിക്ക് ഇരിക്കാൻ വയ്യ,, നടക്കാൻ വയ്യ,,, 
പിന്നെയോ?
എന്റെ ലക്ഷ്യമായ ഹൈസ്ക്കൂളിനെ മതിവരാതെ നോക്കി ഞാനങ്ങനെ നിന്നു,,,

സ്ക്കൂളിൽ ചേർന്ന് ഹാജർ പട്ടികയിൽ ഒപ്പ് വെച്ചപ്പോഴാണ് അടുത്ത പ്രശ്നം?
എവിടെ താമസിക്കും?
                       ഇതുവരെ വീട്ടിൽ‌നിന്ന് വിട്ടു നിന്നിട്ടില്ലെങ്കിലും ഓരോ ദിവസവും ആറ് ബസ്സുകളിൽ മാറിമാറി കയറിയിട്ട് 100 കിലോമീറ്ററിലധികം യാത്ര ചെയ്യുന്നത് പ്രയാസമാണെന്ന് ആ നേരത്ത് എനിക്ക് തോന്നി. മുതിർന്ന കുട്ടികളെ പഠിപ്പിക്കാനായി ഞാൻ ക്ലാസ്സിലേക്ക് പോയനേരത്ത് എനിക്ക് താമസസൌകര്യം അന്വേഷിക്കാനായി എന്റെ അച്ഛൻ വെളിയിലേക്കിറങ്ങി. അതിന്റെ ഫലമായി അന്ന് വൈകുന്നേരം തന്നെ തൊട്ടടുത്ത പട്ടണത്തിനടുത്ത്, ഓടിട്ട രണ്ടുനില മാളികയിൽ വാടകക്കാരിയായി താമസിക്കാൻ ഏർപ്പാടാക്കിയശേഷം ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
പിറ്റേന്ന് ശനി, പിന്നെ ഞായർ; അപ്പോൾ ഇനി തിങ്കളാഴ്ച നല്ല ദിവസം വന്നാൽ മതിയല്ലൊ.

                             എന്നാൽ ഞായറാഴ്ച ഉച്ചക്കുശേഷം പുതിയ താവളത്തിലേക്ക് താമസം മാറ്റാൻ തീരുമാനമായി; പുതിയ താമസസ്ഥലവുമായി ഒരു പൊരുത്തം വരണ്ടെ? പെട്ടിയും ബാഗും പുസ്തകക്കെട്ടുമായി തൊട്ടടുത്ത ടൌണിൽ ഇറങ്ങിയപ്പോഴാണ് അച്ഛൻ പറയുന്നത്,
“മോളെ അവിടെ താമസിക്കണമെങ്കിൽ മറ്റൊന്നും വാങ്ങിയില്ലെങ്കിലും ഒരു കൊതുവല വേണമെന്ന് പറഞ്ഞിരുന്നു”
“കൊതുവലയോ?”
“അതെ, സന്ധ്യയായാൽ കൂട്ടത്തോടെ കൊതുകുകൾ വീട്ടിനകത്ത് വന്ന് ചോരയെല്ലാം ഊറ്റിയെടുക്കുമെന്ന് ‘അവർ’ പറഞ്ഞു”
‘അവർ’ എന്ന്‌വെച്ചാൽ എനിക്ക് മുൻപെ അവിടെ താമസിക്കുന്നവർ,,,
                                നാലാം തരത്തിൽ കൊതുകുകളെക്കുറിച്ചുള്ള പാഠം ഉണ്ടായിരുന്നു. അത് പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കാനായി ഒരു കൊതുകിനെപോലും, എന്റെ ഗ്രാമീണഭവനം മൊത്തമായി വലവീശിയിട്ടും പിടിക്കാൻ കഴിഞ്ഞിട്ടില്ല. ശുദ്ധജലമൊഴുകുന്ന തോട്ടിലും വയലിലും വസിക്കുന്ന തവളകളും മത്സ്യങ്ങളും ഒത്ത്‌ചേർന്ന്‌ കൊതുകുകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊതുക്‌രഹിതമായ ഗ്രാമമായിരുന്നൂ,, അക്കാലത്ത് എന്റേത്.
അപ്പോൾ ചോരയൂറ്റുന്ന കൊതുകൾക്കിടയിലാണ് ഇനിമുതൽ എന്റെ ഉറക്കം,,, അയ്യോ,,
ആ ദിവസം, ജീവിതത്തിൽ ആദ്യമായി ഒരു കൊതുകുവല എനിക്ക് സ്വന്തമായി വാങ്ങി, പിന്നെ രണ്ട് ബെഡ്‌ഷീറ്റും. വെറും നിലത്ത് എങ്ങനെയാ ഉറങ്ങുക? ബെഡ്‌ഷീറ്റ് വിരിച്ചാൽ മതി.  
                               ഏതാനും മാസം‌മാത്രം ഇതെല്ലാം സഹിച്ചാൽ മതിയെന്ന് അച്ഛൻ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.
“നാല് മാസം കഴിഞ്ഞാൽ സ്ക്കൂൾ അടക്കും, പിന്നെ ജൂണിൽ സ്ക്കൂൾ തുറക്കുമ്പോഴേക്കും വീട്ടിനടുത്തേക്ക് ട്രാൻസ്‌ഫർ കിട്ടും”
പിന്നെന്ത് വിഷമം; എന്നെയവിടെ തനിച്ചാക്കിയിട്ട് അച്ഛൻ നേരത്തെ കാലത്തെ വീട്ടിലേക്ക് പോയി.

                               എന്റെ ഇരുനില കൊട്ടാരത്തിൽ എനിക്കുമുൻ‌പെ, ഉദ്യോഗസ്ഥികളായ പതിനാല് പേരുണ്ട്, ഇപ്പോൾ ഞാനടക്കം പതിനഞ്ച്. വീട്ടുവാടക പങ്ക് വെക്കും,, പിന്നെ പൊതുപാചകമായതിനാൽ എല്ലാവരും ചേർന്ന് അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങിയിട്ട് മാസാവസാനം ചെലവിന്റെ കണക്കെഴുതിയിട്ട് തുല്ല്യമായി വീതിക്കും. ഞായറാഴച മാത്രം മത്സ്യം, അതാണ് പതിവ്,,
അപ്പോൾ പാചകം ചെയ്യുന്നതോ? അതും എല്ലാവരും ചേർന്ന് തന്നെ,,,
   അപ്പോൾ പതിനഞ്ച് പേരും ഒന്നിച്ച് അടുക്കളയിൽ കയറിയാലോ? അടുക്കള കൊളമായി മാറും,,, കൊക്കൊളമാവും,,
അതിനൊരു പരിഹാരം ചെയ്തിട്ടുണ്ട്, ഒരു ദിവസം അടുക്കളയിൽ രണ്ടാൾ മാത്രം,, അങ്ങനെ ആഴ്ചയിൽ ഒരു ദിവസം അടുക്കളപ്പണി, ബാക്കി ആറ് ദിവസം വല്ലവരും വെച്ചത് തിന്നുന്ന പണി,, 
ആനന്ദലബ്ദിക്ക് പെണ്ണുങ്ങൾക്കിനിയെന്ത് വേണം?
                               രണ്ട്‌പേർ വീതം ആഴ്ചയിൽ ഏഴ് ദിവസം ജോലി ചെയ്യാൻ പതിനാല് സ്ത്രീരത്നങ്ങൾ മതിയാവും. അപ്പോൾ പതിനഞ്ചാം കാരിയോ? പതിനഞ്ചാമത് വന്നത് ഞാനാണെങ്കിലും എനിക്കും ഡ്യൂട്ടി കിട്ടി, വെള്ളിയാഴ്ച. അതോടെ ക്യാഷറും അക്കൌണ്ടന്റും ക്ലാർക്കും ആയി പ്രവർത്തിക്കുന്ന ‘സീനിയർ’ അടുക്കളഡ്യൂട്ടിയിൽ നിന്ന് സ്വയം ഒഴിവായി.

                               ആദ്യം ദിവസം അവസാനിക്കുമ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി, ‘അവിടെയുള്ളവരെല്ലാം ചുറ്റുപാടുമുള്ള സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥികൾ ആണെങ്കിലും കൂട്ടത്തിൽ ഒരേ ഒരു ടീച്ചർ ഞാനാണെന്ന്’. അതുകൊണ്ട് വന്നനാൾ തൊട്ട് എല്ലാവരും എന്നെ ‘ടീച്ചറെ’ എന്ന് വിളിക്കാൻ തുടങ്ങി. കണ്ണൂർ ജില്ലയുടെ പലയിടങ്ങളിൽ നിന്നും വന്ന, പലജാതിയിലും മതത്തിലും വിശ്വസിക്കുന്ന ഞങ്ങൾ എല്ലാവരും അന്യോന്യം പരിചയപ്പെട്ടു. വൈകുന്നേരം പല നേരത്തായി കടന്നുവരുന്നവർ പിന്നീട് തിരക്കിട്ട് കുളിക്കുകയും അലക്കുകയും തിന്നുകയും കൊതുകുവലക്കുള്ളിൽ നുഴഞ്ഞുകയറിയിട്ട് ഉറങ്ങുകയും ചെയ്ത് നേരം പുലർത്തുന്നു. നേരം പുലർന്നാൽ തിരക്കിട്ട് സ്വന്തം കാര്യങ്ങൾ നോക്കിയിട്ട് ഭക്ഷണം കഴിച്ച് ഉച്ചഭക്ഷണം നിറച്ച ലഞ്ച്‌ബോക്സ് ബാഗിലാക്കിയിട്ട് അവരവരുടെ സ്ഥാപനത്തിലേക്ക് യാത്രയാവുന്നു. ഒടുവിൽ പോകുന്നയാൾ വീട് പൂട്ടിയിട്ട് താക്കോൽ തൊട്ടടുത്ത് തന്നെ താമസിക്കുന്ന വീട്ടുടമസ്ഥയെ ഏല്പിക്കുന്നു.

ഞാൻ വന്നതിന്റെ പിറ്റേദിവസം,,,
                               പുതിയ താമസക്കാരിയായ ഞാൻ  മറ്റുള്ളവരെ കാണാനും പരിചയപ്പെടാനുമായി ഓരോ മുറികളിലും കയറി ഇറങ്ങുന്ന നേരം. സന്ധ്യയായാൽ അടുക്കള ഡ്യൂട്ടി ഉള്ളവർക്കൊഴികെ മറ്റുള്ളവർക്ക് വലിയ ജോലിയൊന്നും ഇല്ല, കൂടാതെ ഉദ്യോഗം ലഭിച്ചനാൾ തൊട്ട് എല്ലാവരുടെയും പഠനം നിലച്ചതുകൊണ്ട് വീട്ടുകാര്യങ്ങളും ഓഫീസ്‌കാര്യങ്ങളും പറഞ്ഞ് നേരം പോക്കുന്ന നേരത്താണ് തൊട്ടടുത്ത മുറിയിലേക്ക് ഞാൻ കടന്നെത്തിയത്. അവിടെയിരിക്കുന്ന നാലുപേരുമായി പരിചയപ്പെട്ട ശേഷം അഞ്ചാമതായി അല്പം മാറി, സാരിയുടെ അറ്റം‌കൊണ്ട് തലമൂടിയിട്ട് നിലത്ത് കുനിഞ്ഞിരിക്കുന്ന ഒരുത്തിയെ പിടിച്ചുവലിച്ചു,
“ഈയാളെന്താ ഒന്നും പറയാതെ ഇവിടെ കുനിഞ്ഞിരിക്കുന്നത്?”
അവൾ അനങ്ങിയില്ല, മിണ്ടാട്ടമില്ല. അതോടെ അവളെ ഉരുട്ടിയിട്ടു. ഉരുണ്ടുവീണവൾ എന്നെയൊന്ന് നോക്കുകപോലും ചെയ്യാതെ പൂർവ്വസ്ഥാനത്ത് കുനിഞ്ഞിരുന്ന് അതേനില തുടരുമ്പോൾ പെട്ടെന്ന് മറ്റുള്ളവരിൽ ഒരാൾ എന്റെ കൈ ബലമായിപിടിച്ച് വെളിയിലേക്ക് ആനയിച്ചശേഷം പറഞ്ഞുതന്നു,
“എന്തൊരു ദ്രോഹമാ ചെയ്തത്? അവർ നിസ്ക്കരിക്കുകയാ,, ശല്യം ചെയ്യേണ്ട”
ഇങ്ങനെയൊരു സംഭവം ആദ്യമായി കാണുന്ന ഞാൻ ആശ്ചര്യപ്പെട്ടുകൊണ്ട് പറഞ്ഞു,
“അയ്യോ, ഞാനറിഞ്ഞില്ല, അവർക്ക് വിഷമമായിട്ടുണ്ടാവും”
“അതൊന്നും സാരമില്ല, ദൈവത്തെ പ്രാർത്ഥിക്കുന്നനേരത്ത് എല്ലാവരോടും അവർ പൊറുക്കും”
“അറിയാതെ പിടിച്ചുവലിച്ചതാണെന്ന് അവരുടെ നിസ്ക്കാരം കഴിഞ്ഞാൽ പറയണം”
“അതൊന്നും അവർ ഓർക്കില്ല, ഇനി ഇങ്ങനെയൊരു മണ്ടത്തരം കാണിക്കരുത്”
“ശരി”
ഒരുവിധത്തിൽ ഞാനവിടെനിന്ന് രക്ഷപ്പെട്ടു. പിന്നെ അവിടത്തെ താമസം മാറുന്നതുവരെ ആ മുറിയിൽ കാല്‌കുത്തിയിട്ടില്ല.

                              അങ്ങനെ നാല് ദിവസം കഴിയാറായി, വ്യാഴാഴ്ച രാത്രി; പിറ്റേദിവസം എന്റെയും സഹ പാചകക്കാരിയായ രാഗിണിയുടെയും ഊഴമാണ്. രാത്രിതന്നെ രാവിലെ ചെയ്യേണ്ട ഡ്യൂട്ടികളെല്ലാം തീരുമാനിച്ച് പാചകം ചെയ്യേണ്ട ഐറ്റങ്ങളെല്ലാം എടുത്ത് വെക്കണം. പിറ്റേദിവസം പതിനഞ്ച് വനിതകൾക്ക് കഴിക്കേണ്ട ചപ്പാത്തിക്ക് വേണ്ട മാവും, ചോറിന് വേണ്ട അരിയും, കറിവെക്കാൻ വേണ്ട പച്ചക്കറികളും എല്ലാം എടുത്തുവെച്ച് പാത്രങ്ങളൊക്കെ നിരത്തിയിട്ട് ഉറങ്ങാൻ കിടന്നു.

                                 ഉറങ്ങാൻ കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നതേയില്ല, ജീവിതത്തിൽ ആദ്യമായാണ് അടുക്കളപ്പണി ചെയ്യുന്നത്. അതുവരെ ‘അച്ഛൻ കൊണ്ടുവരും, അമ്മ വെച്ച്‌വിളമ്പിത്തരും, ഞാൻ തിന്നും’ എന്ന ശീലമായിരുന്നു. ഇപ്പോഴിതാ പതിനഞ്ച്‌പേർക്ക് ഭക്ഷണം ഉണ്ടാക്കാനായി എന്റെ മുന്നിലിപ്പോൾ കാണാൻ ചെറുതെങ്കിലും വലിയൊരു അടുക്കള തുറന്ന്‌വന്നിരിക്കുന്നു. ‘അരി കഴുകിയിട്ടുണ്ട്, പച്ചക്കറി മുറിച്ചിട്ടുണ്ട്, ചപ്പാത്തി തിന്നിട്ടുണ്ട്’, തുടങ്ങിയ കാര്യങ്ങൾ മാത്രം അറിയാവുന്ന ഞാനാണ് ഒരു വലിയ ഊരാക്കുടുക്കിൽ പെട്ടത്. എന്ത് ചെയ്യാം? അമ്മ പറഞ്ഞത് ശരിയാണെന്ന് അപ്പോൾ ശരിക്കും തോന്നി. ‘ചോറും കറിയും വെക്കാനറിയാത്ത നീയെന്തിനാ മോളെ ദൂരെ ഒറ്റക്ക് പോയി താമസിക്കുന്നത്?’
ഇതുവരെ വെള്ളത്തിലിറങ്ങാത്ത ഞാൻ ഏതായാലും കുളത്തിലിറങ്ങി, ഇനി കൈയും കാലുമിട്ടടിച്ച് നീന്താൻ പഠിക്കുക തന്നെ,,,

                           അതിരാവിലെ ഉണർന്നെഴുന്നേറ്റ്, തലേദിവസം അളന്നുവെച്ച ചപ്പാത്തിയുടെ മാവിൽ ഉപ്പ്‌ചേർത്ത് കുഴക്കാൻ ആരംഭിച്ചു. എത്ര വെള്ളം ചേർത്തിട്ടും മാവ് കുഴയുന്നില്ല, എന്ന് മനസ്സിലായപ്പോൾ രാഗിണിയോട് പതുക്കെ പറഞ്ഞു,
“എന്റെ ചപ്പാത്തി ഒരിക്കലും വട്ടത്തിലാവാറില്ല, അതുകൊണ്ട് അക്കാര്യം രാഗിണി ചെയ്യുമെങ്കിൽ ഞാൻ ചപ്പാത്തി ചുട്ടെടുക്കാം”
“അത് ടീച്ചറെ ചപ്പാത്തി പരത്തുന്നവർ തന്നെ അത് ചുടുന്നതാണ് എളുപ്പം, നിങ്ങൾക്കത് വയ്യെങ്കിൽ ചോറിന് വെള്ളം അടുപ്പത്ത് വെച്ച് അരി കഴുകിയിട്ടശേഷം പച്ചക്കറി നുറുക്കിയാട്ടെ”
പത്താം തരത്തിലെ പിള്ളേരെ പഠിപ്പിക്കുന്നുണ്ടെങ്കിലും അടുക്കളക്കാര്യത്തിൽ എന്നെ മറ്റുള്ളവർ പഠിപ്പിക്കേണ്ടി വരുന്നതോർത്ത് അല്പം അസ്വസ്ഥത തോന്നാതിരുന്നില്ല, എന്ത് ചെയ്യാം?
                      അരി കഴുകിയിട്ട് വലിയ അലൂമിനിയപാത്രത്തിലെ വെള്ളത്തിലിട്ടശേഷം അടുപ്പത്ത്‌വെച്ച് വിറക് നന്നായി കത്തിച്ചു. പിന്നീട് വെണ്ട, വെള്ളരി, മത്തൻ, പാവക്ക, തുടങ്ങിയവ ഒരു കൂട്ടമായെടുത്ത് ഓരോന്നും തൊലികളഞ്ഞ് മുറിക്കാൻ ആരംഭിച്ചു. ആദ്യമായി തൊലികളഞ്ഞ ഐറ്റം കണ്ണൂരിലുള്ളവർ കൈപ്പക്ക എന്ന് വിളിക്കുന്ന പാവക്കയായിരുന്നു. ‘പാവക്കയുടെ തൊലി’, നല്ല കട്ടിയിൽ ചെത്തിമാറ്റിയത് കണ്ടപ്പോൾ രാഗിണിവന്ന് എന്റെ കൈ പിടിച്ചു,
“ടിച്ചറേ പാവക്കയുടെ തൊലി കളയേണ്ടതില്ല; നിങ്ങൾ തൽക്കാലം തോരൻ വെക്കാനായി ചീര കൊത്തിയരിഞ്ഞാൽ മതി”
                          തൊലിയുരിഞ്ഞതുപൊലെ തോന്നിയെങ്കിലും തൊലിക്കട്ടിയുള്ള ഞാൻ ഒരുകെട്ട് ചീര ചേർത്ത്‌വെച്ച് മുറിക്കുന്നതിനിടയിൽ കൈ മുറിഞ്ഞ് ചോരയൊഴുകിയ കാര്യം അവളെ അറിയിച്ചില്ല. അവളടക്കം അവിടെയുള്ള നാല് വനിതകൾ ശുദ്ധ വെജിറ്റേറിയനാണല്ലൊ,,,

                           ഏല്പിച്ച ജോലികളൊന്നും ശരിയാവുന്നില്ലെന്ന് കണ്ടപ്പോൾ രാഗിണിക്ക് എന്ത് തോന്നിയോ, ആവോ? ഈ ടീച്ചർമാർക്കൊന്നും വിവരമില്ലെന്ന് പറയുമായിരിക്കും; വലിയൊരു അടുക്കളയിൽ ഞാൻ ചെറുതാവുകയാണ്. ഒടുവിൽ പപ്പടം കാച്ചുന്ന ജോലി ഏറ്റെടുത്തു. ചീനച്ചട്ടിയിൽ അമ്മ പപ്പടം കാച്ചുന്നത് എത്രയോതവണ കണ്ടിട്ടുണ്ടല്ലൊ,,
                            പപ്പടം കാച്ചാനായി ചീനച്ചട്ടി അടുപ്പത്ത് വെച്ച് ഏതാണ്ട് അരഗ്ലാസ്സ് വെള്ളം അതിലൊഴിച്ചു. വെള്ളം തിളക്കാൻ തുടങ്ങിയപ്പോൾ ആദ്യ പപ്പടം അതിൽ നിവർത്തിയിട്ടശേഷം പൊങ്ങിവരുമ്പോൾ കുത്തിയെടുക്കാനായി ഈർക്കിലുമായി ഞാൻ കാത്തിരുന്നു. പപ്പടം പൊങ്ങിയില്ല താഴുകയാണ്, ഞാൻ അടുത്ത പപ്പടവും ചീനച്ചട്ടിയിലിട്ടു, അതും അപ്രത്യക്ഷമായി. ഈ പപ്പടത്തിനെന്തെങ്കിലും തകരാറുണ്ടായിരിക്കും അങ്ങനെ കാച്ചിയെടുക്കാനായി നിക്ഷേപിച്ച പതിനഞ്ച് പപ്പടത്തിൽ ഒന്ന്‌പോലും പൊങ്ങിവന്നില്ല.
കുമുകുമാ പൊങ്ങിവന്ന് കറുമുറാ പൊട്ടുന്ന പപ്പടത്തിന് പകരം ചീനച്ചട്ടിയിൽ ഉണ്ടായത് പുത്തൽ ഐറ്റമാണ്,,,
‘പപ്പടപായസം’