27.6.10

പൊന്ന്‌കായ്ക്കുന്ന മരമാണെങ്കിലും,

‘പൊന്ന്‌കായ്ക്കുന്ന മരമാണെങ്കിലും
പുരക്ക്നേരെ ചാഞ്ഞാൽ മുറിക്കണം’
എന്നാണ് പണ്ടുമുതൽക്കെ പറയുന്ന ചൊല്ല്,
എന്നാൽ???
അയൽ‌വാസിയുടെ മരങ്ങൾ അതിർത്തി ലംഘിച്ച്
ഇടവഴിയും വൈദ്യുതി ലൈനും കടന്ന്
പുരക്ക്നേരെ വന്നാൽ 
എന്ത് ചെയ്യും?

7.6.10

കല്ല്യാണറാഗിങ്ങ് സമാപനം


                       നമ്മുടെ ഗ്രാമത്തിൽ എവിടെയുണ്ടോ കല്ല്യാണം? അവിടെയെത്തും ‘ഒടിയൻ‌മനോജ്’ എന്ന് പൊതുജനം ഒളിഞ്ഞും തെളിഞ്ഞും വിളിക്കുന്ന വെറും ‘മനോജ്’.
കല്ല്യാണം ആരുടേതായാലും, ‘ജാതി മത പാർട്ടി’ പരിഗണന കൂടാതെ ‘ക്ഷണിച്ചാലും ഇല്ലെങ്കിലും’ കല്ല്യാണവീടുകളിൽ അവൻ വരും. വീട്ടുകാരെ കഴിവതും സഹായിച്ച്; കലാപപരിപാടികൾ അരങ്ങേറുന്നതോടൊപ്പം കല്ല്യാണം ‘അടിപൊളി’യാക്കും.

                      ആയതിനാൽ കല്ല്യാണം കഴിക്കാൻ തീരുമാനിക്കുന്നവരുടെ മനസ്സിൽ എല്ലായിപ്പോഴും ഉയരുന്നത്, ഒടിയൻ എന്നറിയപ്പെടുന്ന മനോജിന്റെ രൂപമായിരിക്കും. അവനോട് എതിർത്ത് നിൽക്കാൻ ശേഷിയില്ലാത്ത നാട്ടുകാർ അവന്റെ ആവശ്യങ്ങൾ കുപ്പികളിൽ നിറച്ച് കൊടുത്ത് അവനെ സോപ്പിടാറാണ് പതിവ്. അങ്ങനെ സോപ്പിട്ടാൽ, താലിപ്പന്തൽ റാഗിങ്ങിൽ കുറവുണ്ടായാലും മണിയറ റാഗിങ് നടത്തി, ആദ്യരാത്രി ‘ഭീകരരാത്രിയാക്കുന്ന’ പരിപാടിയിൽ നിന്ന് മനോജ് ആരെയും ഒഴിവാക്കാറില്ല. ഭാവിയിൽ വിവാഹിതനാവുന്ന സമയത്ത് ഇതുപോലുള്ള ഒരു റാഗിങ്, പലിശസഹിതം തിരിച്ചുകിട്ടുമെന്ന് അവിവാഹിതനായ മനോജിന് നന്നായി അറിയാം.

മനോജ് നടത്തുന്ന കല്ല്യാണറാഗിങ്, പല ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്.
  1. കല്ല്യാണത്തലേന്ന്,
  2. കല്ല്യാണപിറ്റേന്ന്,
  3. പുറപ്പെടാൻ നേരം,
  4. താലികെട്ട്,
  5. സദ്യ,
  6. മടക്കയാത്ര,
  7. വീട്ടിലെ സ്വീകരണം,
  8. ആദ്യരാത്രി,

                       ചെറുക്കന്റെ കൂട്ടുകാർ എല്ലാവരും എല്ലായിനം റാഗിങ്ങിലും പങ്കെടുത്തെന്ന് വരില്ല. എന്നാൽ നമ്മുടെ മനോജിനെപ്പോലെയുള്ള ചിലർ കല്ല്യാണ റാഗിങ്ങിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലാ കല്ല്യാണവീട്ടിലും നിറഞ്ഞ് തുളുമ്പും. ക്ഷണിക്കാത്ത വീടുകളാണെങ്കിൽ റാഗിങ് പരിധി വിട്ട് പുറത്ത് കടക്കും. നാട്ടിലുള്ള ഏത് കല്ല്യാണവീടായാലും അവിടെ ഇഷ്ടം പോലെ മദ്യം ഒഴുകിയിരിക്കണം എന്നാണ് അലിഖിത നിയമം. അതിനാൽ കുടിയന്മാർക്കെല്ലാം സുവർണ്ണാവസരം കൂടിയാണ് ഈ വിവാഹസീസൺ.

                       സാധാരണ നമ്മുടെ ഗ്രാമത്തിൽ ഒരു കല്ല്യാണം നടത്താൻ വലിയ ചെലവൊന്നും ഇല്ല; പെണ്ണിന് പൊന്ന് കരുതിയിരിക്കണം എന്ന് മാത്രം. അതാവട്ടെ വരന്റെ വീട്ടുകാർ കണക്കൊന്നും ചോദിക്കുകയില്ല. ചോദിച്ചാൽ മറുപടി കിട്ടുന്നത് നേരെയായിരിക്കില്ല. ആണിനാണെങ്കിൽ ഒരു താലിച്ചെയിൻ; അത് നൽകേണ്ടത് അളിയന്റെ കടമ. പിന്നെ എല്ലാം പരസ്പര സഹായം. വീട് പെയിന്റ് അടിക്കുന്നതു മുതൽ സദ്യയുടെ പാത്രങ്ങൾ കഴുകുന്നത് വരെ ഈ പരസ്പര സഹായം നിലനിൽക്കും. ഇങ്ങനെയുള്ള പെയിന്റടിക്കിടയിൽ ‘പയിന്റും അടിക്കുന്നതിനാൽ’, സഹായിക്കുന്നവരുടെ ആവശ്യങ്ങൾ കല്ല്യാണ വീട്ടുകാർ നിറവേറ്റുകയും ചെയ്യും.

                       പിന്നെ സ്ത്രീധനം; അങ്ങനെ ഒരു എർപ്പാടിനെപറ്റി സിനിമയിലും സീരിയലിലും കേട്ട അറിവുമാത്രം. പെണ്ണ് കെട്ടാച്ചരക്കായി മൂലക്കിരുന്നാലും പണത്തിനും പൊന്നിനും ചോദിക്കുന്നവന് നമ്മുടെ ഗ്രാമവാസികൾ പെണ്ണിനെ കൊടുക്കില്ല. അതുകൊണ്ട് ഭാവിയിൽ പെണ്ണിന്റെ വീട്ടിൽ‌നിന്ന് ‘നല്ല ഷെയറ്’ കിട്ടാൻ വകയുണ്ടോ എന്ന് പുറം വാതിലിലൂടെ ചിലർ അന്വേഷിച്ചെന്നിരിക്കും.

,,,
                       നാളെ മനോജിന്റെ ഉറ്റ സുഹൃത്ത് ആയ ഗൾഫുകാരൻ ‘മത്തി മത്തായി’യുടെ കല്ല്യാണമാണ്. അച്ഛനും അമ്മയും ഇട്ട പേര് ജയകുമാർ എന്നാണെങ്കിലും കൂട്ടുകാർ അവനെ ‘മത്തി മത്തായി’ എന്ന് പേരിട്ടു. അത് ചുരുങ്ങി വെറും ‘മത്തി’യും ‘മത്തായി’യും ആയി നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നു. ഓട്ടോഡ്രൈവറായിരുന്ന ജയകുമാർ ഗൾഫിൽ പോയി അഞ്ച് കൊല്ലം കൊണ്ട് വലിയ വീട്, കാറ്, നാല് ഓട്ടോ, രണ്ട് പലചരക്ക് കട എന്നിവ സ്വന്തമാക്കിയതിനാൽ വധു ടീച്ചറാണ്. അദ്ധ്യാപക ദമ്പതികളുടെ ഏക മകൾ; സുന്ദരി+സുശീല.

                      നാട്ടുകാരുടെ സഹായത്താൽ നടത്തുന്ന വിവാഹമല്ലെ; അതുകൊണ്ട് ഗ്രാമത്തിലെ മറ്റുവീട്ടുകാർ ഏതാനും ദിവസം സ്വന്തം അടുക്കള അടച്ചുപൂട്ടി കുടുംബസമേതം കല്ല്യാണവീട്ടിൽ ഹാജരാവും. ഒടിയനും പാർട്ടിയുമാണെങ്കിൽ ഒരാഴ്ച മുൻപെ മദ്യം ശേഖരിക്കാൻ തുടങ്ങി. മത്തായിയുടെ പണം പൊടിച്ച് ജില്ലയുടെ അതിർത്തിയിൽ നിന്ന് ലോഡുകളായി കൊണ്ടുവന്ന കുപ്പികൾ അവർക്ക് മാത്രം അറിയുന്ന, കുന്നിൻ മുകളിലെ മരച്ചുവട്ടിൽ കുഴിച്ചിട്ടു.          
                       പിന്നെ കല്ല്യാണ പർച്ചെയ്സിന്റെ ഓരോ ഘട്ടത്തിലും ‘ഒടിയൻ‌പാർട്ടിയെ’ ബാറിൽകയറ്റി നാലുകാലിൽ ഇറക്കിക്കൊണ്ടുവരാൻ ജയകുമാർ മറന്നില്ല. മറന്നാൽ വിവാഹവും വിവാഹമോചനവും ഒരേ പന്തലിൽ നടക്കുമെന്ന് ഗൾഫിൽ പോകുന്നതിനുമുൻപ് നാട്ടിലെ കല്ല്യാണങ്ങളിൽ പങ്കെടുത്ത് റാഗിങ് വീരനായി മാറിയിട്ടുള്ള മത്തായിക്ക് നന്നായി അറിയാം.

                       വിവാഹത്തിന്റെ തലേദിവസം രാവിലെ മുതൽ കുപ്പികൾ ഹാജരായി. പാട്ടും ഡാൻസും പൊടിപൊടിച്ചു. വീഡിയോക്കാരുടെയും ഫോട്ടോഗ്രാഫർമാരുടെയും മുന്നിൽ പലതരം ചാരായക്കുപ്പികൾ പോസ്‌ചെയ്തു. വീട്ടിൽ വരുന്ന ബന്ധുക്കളെ സ്വീകരിക്കാൻ മുന്നിൽ വന്നത് സുഹൃത്തുക്കൾ തന്നെ; സ്വീകരിച്ചത് ചൊറിയുന്ന പച്ചിലവള്ളികൾ കെട്ടിയുണ്ടാക്കിയ മാലചാർത്തിയിട്ടാണെന്ന് മാത്രം. ഒപ്പം നവവരന്റെ ഗുണങ്ങൾ വാഴ്ത്തിയിട്ടുള്ള ‘മത്തി മത്തായി സുവിശേഷം’ നോട്ടീസ് വിതരണവും നടന്നു.
അന്ന്‌ രാത്രി വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. കാരണം ഒടിയന് ബോധം ഉണ്ടായിരുന്നില്ല.

മത്തി മത്തായി എന്ന ജയകുമാറിന്റെ വിവാഹസുദിനം പുലർന്നു,
                       രാവിലെ ഉറക്കമുണർന്നവർ കണ്ടത് തൂങ്ങിയാടുന്ന അനേകം ‘മത്തികൾ’കൊണ്ട് അലങ്കരിച്ച കല്ല്യാണ വീടാണ്. താറിട്ട റോഡിൽ നിറയെ വധൂവരന്മാരുടെ മത്സ്യരൂപത്തിലുള്ള ചിത്രങ്ങൾ, ഒപ്പം ആശംസകളും. ‘നവവധുക്കളായ മത്തിക്കും മത്തിപ്പെണ്ണിനും ആശംസകൾ’. അതേ പോലുള്ള ആശംസകൾ ഫ്ലക്സ്‌ബോർഡിൽ തീർത്തത് വീടിനെ അലങ്കരിച്ച് സ്വാഗതമേന്തി മുന്നിൽ നിറഞ്ഞു നിന്നു.

                      കല്ല്യാണദിവസം രാവിലെ വരനെ ഒരുക്കുന്നത് സുഹൃത്തുക്കളുടെ ജന്മാവകാശമാണ്. അവർ നന്നായി ഒരുക്കി; ‘പല നിറത്തിൽ ചായങ്ങൾ പൂശി, ‘ഈ പറക്കും തളിക’ മോഡൽ കോമാളിയാക്കി മാറ്റിയ വരനെകണ്ട് വീട്ടുകാരും നാട്ടുകാരും അമ്പരന്നു’.
സുഹൃത്തുക്കളല്ലെ, അവർക്കെന്തും ആവാമല്ലൊ.

                      വരനും പാർട്ടിയും വധുവിന്റെ ഗൃഹത്തിലേക്ക് പുറപ്പെടാൻ ആരംഭിച്ചു. അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങി പുറത്തിറങ്ങവെ പെട്ടെന്നുയർന്ന കൂട്ടക്കരച്ചിൽ കേട്ട് എല്ലാവരും ഒന്നിച്ച് ഞെട്ടി. മാറത്തടിച്ചും തലയിൽ കൈവെച്ചും നിർത്താതെയുള്ള കരച്ചിൽ,
“അയ്യോ എന്റെ പൊന്നുമോൻ പോയേ,
ഒരു പെണ്ണിനെ കെട്ടാൻ പോണുണ്ടേ;
എന്റെ മോൻ കൈവിട്ടു പോയേ
എനിക്കാരും ഇല്ലാതായേ”
മനോജും കൂട്ടരും ചേർന്ന് കല്ല്യാണപ്പന്തലിൽ ഇരുന്ന് നെഞ്ചത്തടിച്ച് കരയുകയാണ്, ഒപ്പം ചെണ്ടമേളവും ഉയർന്നു. എന്നാൽ അതെല്ലാം അവഗണിച്ച് കല്ല്യാണപ്പാർട്ടി വധുഗൃഹത്തിലേക്ക് യാത്രയായി.

                       വധുവിന്റെ വീട്ടിലെത്തിയപ്പോൾ നിശ്ബ്ദമായ അന്തരീക്ഷം; അദ്ധ്യാപകരുടെ വീടായതുകൊണ്ടാവണം, ധാരാളം ആളുകൾ അവിടെയുണ്ടെങ്കിലും ഒരു കല്ല്യാണവീടിന്റെതായ ഒച്ചയും ബഹളവും ഇല്ല. ഒടിയനും പാർട്ടിയും കൂടെ വരാത്തതിനാൽ മത്തായി മനസ്സിൽ സന്തോഷിച്ചു.

                       എന്നാൽ ആ സന്തോഷത്തിന് അല്പായുസ്സായിരുന്നു. കല്ല്യാണപ്പെണ്ണ് താലത്തിൽ മാലയും ബൊക്കയുമായി മന്ദം മന്ദം നടന്നുവന്ന് പന്തലിൽ കയറി പലകയിൽ ഇരുന്ന് പൂത്താലം താഴെവെച്ചു. അതേനിമിഷം വീട്ടിനു മുന്നിൽ ഒരു ട്രിപ്പർലോറി വന്ന് അതിൽനിന്നും ഇരുപതോളം പേർ താഴെയിറങ്ങി; അത് ഒടിയനും കൂട്ടരും തന്നെ.
                       ചെണ്ടമേളത്തോടെ പന്തലിൽ കടന്ന അവർ വധു കൊണ്ടുവന്ന മുല്ലപ്പൂമാലയെടുത്ത് പൂക്കൾ അടർത്തി, അതോടൊപ്പം തളികയിലെ അരിയും ചേർത്ത് ചുറ്റും വിതറി.  തുടർന്ന് വരന്റെയും വധുവിന്റെയും കൈയിൽ പച്ചമുളക് ചേർത്ത് കെട്ടിയ മാല നൽകി അന്യോന്യം ചാർത്താൻ പറഞ്ഞു. അതിനിടയിൽ വരന്റെയും വധുവിന്റെയും കാരണവന്മാരിൽ നിന്ന് താലിയും മോതിരവും മനോജ് ഏറ്റുവാങ്ങി ആ ചടങ്ങും നിർവ്വഹിച്ചു. പിന്നെ പാണീഗ്രഹണം ചെയ്ത വധൂവരന്മാരെ ഏഴുതവണ പന്തൽ ചുറ്റിച്ചു. സുഹൃത്തുക്കളുടെ നടപടികളിൽ പ്രതിഷേധിച്ച്, മുതിർന്നവരെല്ലാം പെട്ടെന്ന് പിൻ‌മാറിയത് അവർക്ക് കളിക്കാൻ കൂടുതൽ അനുഗ്രഹമായി. ചെണ്ടമേളവും പടക്കം പൊട്ടിക്കലും ഒത്തുചേർന്നപ്പോൾ കല്ല്യാണം അങ്ങനെ ശരിക്കും ‘അടിപൊളിയായി’. 
      
                ഇതെല്ലാം കണ്ടും കേട്ടും പെൺ‌വീട്ടുകാർ ഞെട്ടി. സുഹൃത്തുക്കളുടെ വലയം ഭേദിച്ച് വധൂവരന്മാരെ സമീപിക്കാൻ വധുവിന്റെ അച്ഛനുപോലും കഴിഞ്ഞില്ല. വരാനുള്ളത് റൊക്കറ്റിൽ കയറിയും വരുമല്ലൊ എന്നോർത്ത് വധുവായ ടീച്ചർ തലയും കുമ്പിട്ട് എല്ലാ പരിഹാസവും അനുഭവിച്ച്‌കൊണ്ട് വരനെ അനുഗമിച്ചു.

                      ഭക്ഷണം കഴിഞ്ഞ് മടക്കയാത്ര ആംഭിച്ചപ്പോൾ അടുത്ത ഘട്ടം റാഗിങ് ആരംഭിച്ചു. പച്ചിലകൾ കൊണ്ട് അലങ്കരിച്ച ഒരു ട്രിപ്പർ ലോറിയിൽ വരനെയും വധുവിനെയും നിർത്തിയപ്പോൾ വെയിലുകൊള്ളാതിരിക്കാൻ കിട്ടിയത് ‘വെറും ഒരു വാഴയില’. ഒപ്പം മൈക്കിലൂടെ ശോകഗാനങ്ങളും കൂട്ടക്കരച്ചിലും ആരംഭിച്ചു. വധൂവരന്മാരുടെ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ച് പടക്കം പൊട്ടിച്ചുകൊണ്ട് ഇരുപതോളം മുച്ചക്ര വണ്ടികളും അതിൽ കൂടുതൽ ഇരുചക്ര വണ്ടികളും പങ്കെടുത്തുള്ള ഘോഷയാത്ര സമീപിക്കുന്നത് കണ്ട് റോഡരികിലെ കടകളെല്ലാം പെട്ടെന്ന്‌തന്നെ അടച്ചു; മറ്റു വാഹനങ്ങൾ ഒന്നും ഓടാതായി.

                       മത്തായിയുടെ വീടിന്റെ ഒരു കിലോമീറ്റർ അകലെ എത്തിയപ്പോൾ വധൂവരന്മാരെ വാഹനത്തിൽ നിന്നും ഇറക്കി റോഡിലൂടെ നടത്തിച്ചു. അവരെ നോക്കി കൂവുകയും വെളുത്ത ചോറ് വാരി എറിയുകയും ചെയ്ത്, ചെണ്ടമേളത്തിനൊത്ത് ഡാൻസ്‌ചെയ്യുന്ന സുഹൃത്തുക്കളുടെ പത്മവ്യൂഹത്തിൽ കുടുങ്ങിയ ടീച്ചർ പ്രായപൂർത്തി ആയതിനുശേഷം ആദ്യമായി പൊട്ടിക്കരഞ്ഞപ്പോൾ പാട്ടുകച്ചേരി പൊടിപൊടിച്ചു,
“അപ്പോഴും പറഞ്ഞില്ലെ, കെട്ടണ്ടാ കെട്ടെണ്ടാന്ന്
കെട്ടെണ്ടാ കെട്ടെണ്ടാന്ന്;”
പാടുന്നത് ശരിയായിരുന്നു എന്ന്, ആ വൈകിയ വേളയിൽ ടീച്ചർക്ക് തോന്നാൻ തുടങ്ങി.

                       നവവധുവിനെ സ്വീകരിക്കാൻ വരന്റെ ഗൃഹം കുറച്ചുകൂടി ഭംഗിയായി അലങ്കരിച്ചിരിട്ടുണ്ട്; അതായത് മത്തികളുടെ എണ്ണം കൂടി. വീട്ടിലെത്തിയപ്പോൾ വധുവിന് കുടിക്കാൻ കിട്ടിയത് പാലിനു പകരം നാടൻ കള്ള്. എല്ലാം കലക്കി കഴിഞ്ഞപ്പോൾ ഒടിയനും പാർട്ടിയും പുറത്തേക്ക് പോയത് ബോധമില്ലാത്ത അവസ്ഥയിൽ ആയിരുന്നു.

                      സമയം മൂന്ന് മണിയായി. കല്ല്യാണവേഷം അഴിച്ച് വെച്ച് അടുക്കള യൂനിഫോമിലായ വധു ക്ഷീണിച്ച് മണിയറയിൽ ഇരിക്കുകയാണ്. പെട്ടെന്ന് ജയകുമാർ എന്ന നവവരൻ അവിടേക്ക് കടന്നുവന്നു. സമീപമുള്ള ബന്ധുക്കളെ പുറത്താക്കിയ നവവരൻ, നവവധുവിനെ അകത്താക്കിയശേഷം മണിയറവാതിൽ അടച്ചു. അതുകണ്ട് സ്ത്രീകൾ അടക്കം പറഞ്ഞു,
“ആദ്യരാത്രി ഇപ്പൊഴെ തുടങ്ങിയോ? ഈ പകൽ‌സമയത്ത് ഇവനെന്താ ഈ മുറിയില് കാര്യം?”

                     കൃത്യം ഇരുപത് മിനിട്ട് കഴിഞ്ഞപ്പോൾ വരനും വധുവും ഓരോ സ്യൂട്ട്‌കെയ്സുമായി പുറത്തിറങ്ങി മണിയറവാതിൽ അടച്ച് ലോക്ക് ചെയ്തു. അടുത്തനിമിഷം മുറ്റത്ത് ലാന്റ്‌ചെയ്ത ടാക്സിയിൽ കയറുമ്പോൾ ജയകുമാർ ബന്ധുക്കളെ നോക്കി പറഞ്ഞു,
“ആ മനോജും ഫ്രന്റ്സും ചേർന്ന് ഹോട്ടലിൽ ഒരു പാർട്ടി ഏർപ്പാടാക്കിയിട്ടുണ്ട്; ഞങ്ങള് അവിടെപോവുകയാ; വരാൻ വൈകും. ഞാൻ വിളിക്കാം”
ഇതു കേട്ടപ്പോൾ ജയകുമാറിന്റെ അമ്മ പറഞ്ഞു,
“എടാ നിനക്ക് അവന്റെ കൈയീന്ന് കിട്ടിയതൊന്നും മതിയായിട്ടില്ലെ?”
ജയകുമാർ ഉത്തരം പറഞ്ഞില്ല; അവർ നോക്കിയിരിക്കെ ടാക്സിക്കാർ അകലെ എത്തി.

                   സമയം രാത്രി എട്ട് മണിയായി; കല്ല്യാണവീട്ടിൽ സുഹൃത്തുക്കൾ ഓരോരുത്തരായി വന്നുചേർന്നു. വീടിനുചുറ്റും പടക്കങ്ങൾ മാലകളായി കെട്ടുന്ന തിരക്കിലാണ് മനോജ്; അപ്പോഴെക്കും മറ്റൊരാൾ പ്ലാസ്റ്റിക്ക് ബക്കറ്റുകളിൽ ചാണകവെള്ളം റഡിയാക്കി വാഴകൾക്കിടയിൽ ഒളിപ്പിച്ചു.
‘ആദ്യരാത്രി എന്നെന്നും ഓർമ്മിക്കാനായി ആത്മാർത്ഥസുഹൃത്തുക്കൾ എന്തെങ്കിലും ചെയ്യണമല്ലൊ!’

                     എല്ലാം കഴിഞ്ഞ് മണിയറയിൽ സെറ്റ് ചെയ്യാനുള്ള ബലൂണുകളും ഒളിപ്പിക്കാനുള്ള പൊടികളും ഉപകരണങ്ങളുമായി വീടിനകത്ത് പ്രവേശിക്കുന്ന മനോജിനോട് ജയകുമാറിന്റെ അമ്മ ചോദിച്ചു,
“ഇവിടെ പുത്തൻപെണ്ണിനെയും ചെക്കനെയും കാണാൻ എത്രയാൾ വരുന്നതാ? അപ്പോൾ നിങ്ങൾ ജയനെയും ഭാര്യയെയും ഹോട്ടലിൽ ആക്കിയിട്ട് ഇവിടെയെന്തിനാ വരുന്നത്?”
“ഹോട്ടലിലോ? എവിടെ?”
“നിങ്ങളല്ലെ അവരെ ഹോട്ടലിലേക്ക് വിളിച്ചത്?”
“ആര് വിളിക്കാൻ? അവനെവിടെ? മത്തായി?”
“നിങ്ങള് പാർട്ടി നടത്തുന്നെന്ന് പറഞ്ഞാണല്ലൊ അവര് രണ്ടാളും ഇവിടെന്ന് ഇറങ്ങിയത്.”
“അയ്യോ, അമ്മെ അവനിവിടെ നിന്ന് എവിടെ പോകാനാ? നമ്മള് കണ്ടിട്ടില്ല”
“എടാ പട്ടികളെ, എന്റെ മോനെ നിങ്ങളൊക്കെക്കൂടി എന്തോന്നാടാ ചെയ്തത്?”
കാര്യം മനസ്സിലാവാത്ത മനോജ് മത്തായിയെ ഡയൽ ചെയ്തു,
“ദി നമ്പർ യൂ ഡയൽഡ് ഈസ് ഔട്ട് ഓഫ് റേഞ്ച്;”
നവവരനും വധുവും ആദ്യരാത്രി ആഘോഷിക്കാനായി അവരുടെയെല്ലാം പരിധി വിട്ട് പുറത്താണ്!

                        അതോടെ ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ വാക്കേറ്റമായി; അത് മുറുകി അടുത്ത ഘട്ടത്തിലേക്ക് കടക്കാറായപ്പോൾ വീട്ടിലെ ഫോൺ റിങ്ങ് ചെയ്തു. അളിയൻ ഫോണെടുത്തു,
“ഹലോ”
“ഇത് ഞാനാണ് ജയകുമാർ ഞങ്ങളിപ്പോൾ പാലക്കാട് എത്താറായി. ആദ്യരാത്രിയിൽ ആരംഭിക്കുന്ന ഞങ്ങളുടെ ഹണീമൂൺ, ഒരാഴ്ച ഊട്ടിയിലാക്കാൻ പെട്ടെന്ന് പ്ലാൻചെയ്തു. എല്ലവരെയും ഏട്ടൻ അറിയിക്കണം, ആ മനോജിനോട് പ്രത്യേകമായി പറയണം”