28.5.09

10. പേരുകളുടെ വേരുകള്‍ തേടി


എല്ലാവര്‍ക്കും പേരുണ്ട്. ജനിച്ച് ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍, വ്യക്തിയെ തിരിച്ചറിയാനായി ആഘോഷപൂര്‍വ്വം ഒരു പേരിടും. ചിലര്‍ക്ക് വീട്ടിലും നാട്ടിലും ഓമന പേരുകളും വിളിപ്പേരുകളും കാണും. എന്നാല്‍ ഇന്ന് അവതരിപ്പിക്കുന്നത് അദ്ധ്യാപകര്‍ക്ക് മാത്രമായി ലഭിക്കുന്ന, ശിഷ്യന്മാര്‍ ഗുരുദക്ഷിണയായി നിര്‍മ്മിച്ച് നല്‍കിയ പേരുകളാണ്. വളരെ രസകരമായ പേരുകളും അവയുടെ ഉറവിടവും കാണാന്‍ കഴിയും. ഈ പേരുകള്‍ ‘ആര്‍ക്ക് എവിടെ എപ്പോള്‍’ എന്ന് ഇവിടെ ചോദ്യമില്ല.
ഒരിക്കല്‍ ഞാന്‍ പത്താം ക്ലാസ്സിലെ കുട്ടികളോട് അവരെ ഹിന്ദി പഠിപ്പിക്കുന്ന ടീച്ചര്‍ ആരാണെന്ന് ചോദിച്ചു. നാല്പത്തി മൂന്ന് കുട്ടികളും മൌനം. പരമാവധി ദേഷ്യപ്പെട്ടു; എന്നിട്ടും ഫലമില്ല. അവര്‍ക്ക് ടീച്ചറുടെ പേരറിയില്ല. വര്‍ഷങ്ങളായി ഹിന്ദി പഠിപ്പിക്കുന്ന മൂന്ന് ടീച്ചേര്‍സിന്റെ പേര് പറഞ്ഞ് അവരില്‍ ആരാണെന്ന് ചോദിച്ചു.... എന്നിട്ടും ഫലമില്ല. എന്നാല്‍ നിങ്ങള്‍ വിളിക്കുന്ന പേര് എന്താണെന്ന് ഞാന്‍ ചോദിച്ചു. “ടീച്ചറെ അത് ഞങ്ങള്‍, ഞങ്ങളെ കൊന്നാലും പറയില്ല”, ലീഡര്‍ അറിയിച്ചു.
അദ്ധ്യാപകരില്‍ പലരുടെയും പേര് വിദ്യാര്‍ത്ഥികള്‍ക്ക് അറിയില്ല. പാഠം പഠിപ്പിക്കുന്ന തിരക്കില്‍ സ്വന്തം പേര് കുട്ടികളെ അറിയിക്കാന്‍ പലരും മറന്ന് പോകുന്നു. അത്കൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ള പേര് അദ്ധ്യാപകര്‍ക്കായി നല്‍കുന്നു. ചില പേരുകള്‍ നിര്‍മ്മിച്ച സമര്‍ത്ഥന്മാരെ അഭിനന്ദിക്കണമെന്ന് തോന്നറുണ്ട്. എല്‍.കെ.ജി. മുതല്‍ കോളേജുകളില്‍ വരെ പഠിപ്പിക്കുന്ന മിക്കവാറും അദ്ധ്യാപകര്‍ക്ക് ഇങ്ങനെയുള്ള ഇരട്ടപേരുകള്‍ ഉണ്ടായിരിക്കും. ഇത്തരം പേരുകളുടെ ഉറവിടം തേടി ഗവേഷണം വേണ്ടി വരും. സ്ക്കൂളുകളില്‍ വെച്ച് കണ്ടുപിടിച്ച ചില പേരുകളാണ് ഇവിടെയുള്ളത്.
...
 1. എലി: നമ്മുടെ അറബി അദ്ധ്യാപികയാണ്. വര്‍ഷങ്ങളായി കാണുന്നുണ്ടെങ്കിലും മൂക്കിന്റെ പൂര്‍ണ്ണ ഭാഗവും കണ്ണ്,വായ ഇവയുടെ മുക്കാല്‍ ഭാഗവും കൈവിരലുകളുടെ പകുതിയും മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് കാണാനായിട്ടുള്ളു.
 2. വെള്ളാട്ടം: അദ്ധ്യാപകന് ഈ പേര് കിട്ടാന്‍ കാരണം ഒരു ദിവസം നവവധുവായ ഭാര്യയുടെ സ്ക്കൂളിലേക്കുള്ള വരവാണ്. അതിസുന്ദരിയായ ഭാര്യ സ്വര്‍ണ്ണം കൊണ്ട് മൂടി ചുവന്ന കസവ് സാരിയുടുത്ത് വരുന്നത് കണ്ട ശിഷ്യന്മാര്‍ ഭര്‍ത്താവായ അദ്ധ്യാപകനാണ് പേരിട്ടത്.
 3. ചൂട്ട: പണ്ട് കാലത്ത് തെങ്ങോല കൊണ്ടുള്ള ചൂട്ട വീശുന്ന വെളിച്ചത്തിലാണ് രാത്രീഞ്ചരന്മാര്‍ സഞ്ചരിച്ചത്. അത് പോലെ കുട വീശി നടക്കുന്ന ടീച്ചര്‍ക്ക് ആ പേര് വന്നു.
 4. ബണ്‍: കഷണ്ടിതലയുള്ള അദ്ധ്യാപകനാണിത്. മേല്‍ഭാഗം മറയ്ക്കാത്ത മൂത്രപ്പുരയില്‍ ഈ സാര്‍ ഉള്ളപ്പോള്‍ ആ കഷണ്ടിത്തല മാത്രം കാണുന്ന ശിഷ്യര്‍ നല്‍കിയ പേരാണിത്.
 5. എരുമ: ശരീരത്തിന്റെയും ശബ്ദത്തിന്റെയും സാദൃശ്യം നോക്കി ടീച്ചര്‍ക്ക് നല്‍കിയ പേരാണിത്.
 6. അണ്ഡാശയം: പഠിപ്പിച്ചു കൊണ്ടിരിക്കെ ഒരു പയ്യന് മൂത്രമൊഴിക്കാന്‍ പുറത്ത് പോകണം. പുറത്ത് വിടില്ലെന്ന് ടീച്ചര്‍. ഒടുവില്‍ അവന്‍ പറയുന്നു, ‘ടീച്ചറേ മൂത്രമൊഴിച്ചില്ലെങ്കില്‍ എന്റെ അണ്ഡാശയം പൊട്ടും’. ക്ലാസ്സില്‍ കൂട്ടച്ചിരിയായി, അതോടെ പേര് കിട്ടിയത് ടീച്ചര്‍ക്ക്.
 7. ഹൈറ്റുംവെയിറ്റും: പേര്‍ സൂചിപ്പിക്കുന്നത് പോലെ ശരീര ഘടനയുള്ള അദ്ധ്യാപകന്‍.
 8. തോണി: നന്നായി പഠിപ്പിക്കുമ്പോള്‍ ഈ അദ്ധ്യാപകന്‍ രണ്ട് കൈയും പിന്നിലേക്ക് വീശി ക്ലാസ്സില്‍ നടന്നുകൊണ്ടേയിരിക്കും.
 9. പളുങ്ക്: സംഗീതം ടീച്ചറാണ്. ആ ശബ്ദം ഒരിക്കല്‍ കേട്ടാല്‍ ഈ അഭിപ്രായം തന്നെ പറഞ്ഞ് പോകും.
 10. വീരപ്പന്‍: കൂടുതല്‍ വിശദീകരണം ആവശ്യമില്ല. മീശകാരണം ഭീകരനായി.
 11. നത്ത്: അധികം ഒച്ചപ്പാടില്ലാത്ത ടീച്ചറാണ്. ആ വലിയ ഗ്ലാസ്സുള്ള കണ്ണട അങ്ങനെയൊരു പേര് നേടിക്കൊടുത്തു.
 12. സിംപിള്‍ ഐഡിയ: നന്നായി പഠിക്കാനുള്ള സൂത്രവിദ്യകള്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുത്തപ്പോള്‍ അദ്ധ്യാപകന് പേര്‍ കിട്ടി.
 13. തവള: ഇത് സാധാരണ കോളേജിലെ സുവോളജി അദ്ധ്യാപര്‍ക്ക് ലഭിക്കുന്ന പേരാണ്. എന്നാല്‍ ചരിത്രം പഠിപ്പിക്കുന്ന മാസ്റ്റര്‍ക്ക് ഈ പേര് ലഭിച്ചത്, ഉയരം കുറഞ്ഞ് കഴുത്തിന് വണ്ണം കൂടിയത് കൊണ്ടാണ്.
 14. അണ്ണാച്ചി: ശുദ്ധമായ അച്ചടി ഭാഷയില്‍ പഠിപ്പിക്കുന്ന മലയാളം അദ്ധ്യാപിക, ഒരിക്കല്‍ അല്പം തമിഴ് പറഞ്ഞത് കൊണ്ട് അണ്ണാച്ചിയായി.
 15. ലൌ മൊട്ട: അദ്ധ്യാപകന്റെ കഷണ്ടിതലയുടെ ചുറ്റുമുള്ള മുടിയുടെ രേഖാചിത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ ‘ലൌ ചിഹ്നം’ കണ്ടുപിടിച്ചു.
 16. അണ്ടിക്കൊരട്ട: പേരുമായി ഒരു സാദൃശ്യവും ഇല്ലാത്ത അദ്ധ്യാപിക. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മൂക്കിന്റെ ചെറിയ വളവില്‍ വദ്യാര്‍ത്ഥികള്‍ കശുവണ്ടിയുടെ ആകൃതി കണ്ടെത്തി.
 17. പല്ലി: പല്ലി ഇരയെ പിടിക്കുന്നതു പോലെ വിദ്യാര്‍ത്ഥികളുടെ തട്ടിപ്പ് കണ്ടു പിടിക്കുന്ന അദ്ധ്യാപകന്‍.
 18. അമ്മായി:കുട്ടികളോട് വളരെ സൌമ്യമായി എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന മാസ്റ്റര്‍ അവര്‍ക്ക് അമ്മായി ആയി മാറി.
 19. മിസ്സ് കോളനി: ആള്‍ നല്ല കറുപ്പാണ്, കാണാന്‍ മിസ്സ് വേള്‍ഡിന്റെ നേരെ എതിര്. സ്ക്കൂളിനു സമീപമുള്ള കോളനിയില്‍ താമസിക്കുന്ന ഒരേയൊരു ടീച്ചറാണ്.
 20. ഒട്ടകം: നല്ല ഉയരമുള്ള ഈ ടീച്ചര്‍ നടക്കുമ്പോള്‍ തലയുടെയും കഴുത്തിന്റെയും ചലനം നോക്കി പേരിട്ടതായിരിക്കാം.
 21. അണ്ണന്‍: സ്വന്തം ജില്ലയില്‍ മുതിര്‍ന്നവരെ വിളിക്കുന്നത് പോലെ സ്ക്കൂള്‍ പരിസരത്തുള്ളവരെ വിളിച്ചപ്പോള്‍ അണ്ണന്‍ ആയി മാറി.
 22. വട: പഠിപ്പിക്കുമ്പോള്‍ ബോറടിക്കുന്ന വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപികയുടെ സാരികള്‍ക്കിടയിലൂടെ ‘വെളുത്ത ആലില വയര്‍’ ഒളിഞ്ഞു നോക്കി ഉഴുന്നുവട എന്നും പരിപ്പുവട എന്നും പേര്‍ ഇട്ടു.
 23. ലംബം: സ്ക്കൂളിലെ ഏറ്റവും ഉയരം കൂടിയ കണക്ക് മാഷിന് അനുയോജ്യമായ ഒരു പേര് .
 24. മംഗലബസ്സ്: എല്ലാ ദിവസവും കല്ല്യാണപ്പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങി മുല്ലപൂവ് ചൂടി സ്ക്കൂളില്‍ വരുന്ന ടീച്ചര്‍.
 25. പുട്ടും കടലയും: ചായക്കടയില്‍ കയറിയാല്‍ ഈ അദ്ധ്യാപകന്‍ കഴിക്കുന്ന ഇഷ്ട വിഭവം പുട്ടും കടലയും ആയിരിക്കും.
നാമകരണം ഇവിടെ പൂര്‍ണ്ണമാവുന്നില്ല. ഇനിയും തുടരാം…

25.5.09

9. വിലയ്ക്കു വാങ്ങിയ ചക്ക


ഗഫൂര്‍ക്കയുടെ കള്ളലോഞ്ചില്‍ കയറി ദുബായ് കടപ്പുറത്ത് നീന്തിക്കയറി ഗള്‍ഫ് കാരായി മാറുന്ന കാലത്താണ് നമ്മുടെ നാട്ടിലെ ‘ആകാശവാണിയുടെ’ മൂത്ത മകന്‍ ദുബായില്‍ എത്തിച്ചേര്‍ന്ന് ഗള്‍ഫ് കാരനായി മാറിയത്. മൂത്തവന്റെ പിന്നാലെ ഇളയവനും അതിന്റെ പിന്നാലെ രണ്ട് അളിയന്മാരും ദുബായില്‍ എത്തിയതോടെ ആകാശവാണിയുടെ വീട് അത് വരെയുള്ള ‘ചുവപ്പ് മാറി പച്ച’ പിടിച്ചു. രാവിലെ പഴങ്കഞ്ഞിക്ക് പകരം ഫ്രൈഡ് റൈസും ഉച്ചയ്ക്ക് ചോറിനു പകരം ബിരിയാണിയും രാത്രി പട്ടിണിക്കു പകരം ചപ്പാത്തിയും ആയി മാറി. പണം പെട്രോള്‍ പോലെ ഒഴുകാന്‍ തുടങ്ങിയപ്പോള്‍ ‘കല്ലും മണ്ണും കാഞ്ഞിരക്കുറ്റിയും മുള്ളുമുരടു മൂര്‍ക്കന്‍ പാമ്പുകളും നിറഞ്ഞ’ നമ്മുടെ നാട്ടിലെ എല്ലാ സ്ഥലങ്ങളും ചുളുവിലയ്ക്ക് ആകാശവാണി സ്വന്തം പേരിലാക്കി. അങ്ങനെ വാങ്ങിയ കാടുകളിലെ കുടികിടപ്പുകാരായ ‘പ്രേതം, യക്ഷി, ഗുളികന്‍, ബ്രഹ്മരക്ഷസ്‘, ആദിയായവ ആകാശവാണിയെ പേടിച്ച് താമസം മാറ്റി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ‘ആകാശവാണി’ ആരെന്നല്ലെ? പറയാം.
….
സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഒരുപോലെ നേരിട്ട് കണ്ടാല്‍ ബഹുമാനിക്കുന്ന, എന്നാല്‍ ഭയപ്പെടുന്ന ഒരു ഹൌസ് വൈഫ്. ഭര്‍ത്താവ് ഉണ്ടെങ്കിലും കാര്യമായ ജോലിയൊന്നും ഇല്ലാത്തതിനാല്‍ അയാള്‍ക്ക് ഭാര്യയുടെ സ്ഥാനമാണ്. മൂത്തവന്‍ കള്ളലോഞ്ച് കയറുന്നതിനു മുന്‍പ് ദാരിദ്ര്യത്തിന്റെ നെല്ലിപ്പടിയിലാണ് ജീവിതം. സൌജന്യ ഭക്ഷണസ്ഥലത്തും സദ്യയുള്ള സ്ഥലത്തും ക്ഷണിക്കാതെ അവരെത്തും. പിന്നെ കാര്യമായ എല്ലാ വാര്‍ത്തകളും എത്തേണ്ടിടത്തു തന്നെ എത്തിക്കും. ഏതെങ്കിലും പുരുഷനോ സ്ത്രീയോ അന്യരുമായി സംസാരിച്ചാല്‍ അവനോ അവളോ സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്നതിനു മുന്‍പ് ആ വാര്‍ത്ത അവരുടെ വീട്ടില്‍ എത്തിയിരിക്കും. എന്നാല്‍ ആ പേര് ലഭിച്ചത് വാര്‍ത്താവിതരണം കൊണ്ടല്ല, നമ്മുടെ ഗ്രാമത്തില്‍ ആദ്യമായി ആകാശയാത്ര നടത്തിയ വനിതയായതു കൊണ്ടാണ്.
പേരിന്റെ പിന്നിലെ ചരിത്രം പറയാം. മക്കള്‍ രണ്ടും നാട്ടിലെത്തി പറയുന്ന ഗള്‍ഫ് വിശേഷങ്ങള്‍ കേട്ട് നമ്മുടെ ആകാശവാണിക്ക് കൊതിമൂത്തു. അനുസരണയുള്ള അവിവാഹിതരായ മക്കള്‍ അമ്മയേയും കൂട്ടി ആകാശസഞ്ചാരം നടത്തി ദുബായ് മൊത്തം കറങ്ങി. തിരിച്ച് നാട്ടിലെത്തിയപ്പോള്‍ ആകാശവിശേഷം അയല്‍ വാസികളെ അറിയിച്ച് അസൂയപ്പെടുത്തലാണ് പ്രധാന തൊഴില്‍. അങ്ങനെ ‘ആകാശവാണി’യെന്ന പേര് വന്നു. ഇനിയങ്ങോട്ട് അമ്മയെ ദുബായ് കാണിക്കില്ലെന്ന് മക്കള്‍ ശപഥം ചെയ്തു എന്ന് അസൂയാലുക്കള്‍ പറയുന്നുണ്ട്.
അങ്ങനെ ദുബായ് കണ്ട് മൂന്നു മാസത്തിനു ശേഷം തിരിച്ചെത്തിയ ആകാശവാണിക്ക് നമ്മുടെ നാട് തീരെ പിടിക്കാതായി. സംസാരിക്കുന്നതിനിടയില്‍ ഇവിടത്തെ കാലാവസ്ഥ തീരെ പിടിക്കുന്നില്ല എന്ന് പറയും. വീട്, റോഡ്, വാഹനം, കടപ്പുറം എല്ലാം ദുബായ് മാത്രമാണ് നല്ലത് എന്ന് അയല്‍ വാസികളെ അറിയിച്ച് അസൂയപ്പെടുത്തും. ഒരു ദിവസം രാവിലെ അവരുടെ തെങ്ങില്‍ നിന്നും ഉണങ്ങി വീണ തേങ്ങ കാണാതായി. അന്ന് വൈകുന്നേരം വരെ കുറ്റം പറഞ്ഞത് കേരള സര്‍ക്കാറിനെയാണ്. കാരണം ഇതാണ്, “ദുബായിലാണെങ്കില്‍ കള്ളനെ കണ്ടുപിടിച്ച് അവന്റെ കൈ മുറിക്കും, തലയറുക്കും, ഇവിടെ അങ്ങനെ ചെയ്യാത്തതു കൊണ്ടല്ലെ…തേങ്ങമോഷണം”. ‘ഏതാനും വര്‍ഷം മുന്‍പ് ഉറങ്ങുന്ന മക്കളെ അതിരാവിലെ ഉണര്‍ത്തി അടുത്ത പറമ്പിലെ കശുവണ്ടി കട്ടുകൊണ്ടുവരാന്‍ പറഞ്ഞയച്ച കാര്യം ആകാശവാണി അല്‍ ഷിമേഴ്സ് രോഗിയെപോലെ മറന്നു.
പ്രയാസങ്ങള്‍ നിറഞ്ഞ ജീവിതമായതിനാല്‍ പണത്തിന്റെ വില ആകാശവാണിക്ക് നന്നായി അറിയാം. പണത്തിന്റെ കാര്യം വരുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും ഇല്ല. സ്വന്തം പേരിലും മക്കളുടെ പേരിലും വാങ്ങിയ പറമ്പുകളില്‍ ജോലിക്കാരുടെ കൂടെ അവരും ഉണ്ടാവും. ‘എന്തെങ്കിലും തട്ടിപ്പ് നടത്തിയാലോ’. പണം കണക്ക് പറഞ്ഞ് വാങ്ങാനുള്ള സാമര്‍ത്ഥ്യം അവരെപോലെ മറ്റാര്‍ക്കുമില്ല. എല്ലാം മനക്കണക്കാണ്.
അങ്ങനെ ഒരു ദിവസം അവര്‍ പുതിയതായി വാങ്ങിയ പറമ്പില്‍ ‘പൂര്‍വികര്‍ ആരോ വളര്‍ത്തിയ പ്ലാവില്‍’ ധാരാളം ചക്ക കായ്ച്ചിട്ടുണ്ട്,- നല്ല വരിക്കച്ചക്ക-. ചക്ക പറിച്ചുകൊണ്ടിരിക്കെ ആകാശവാണിയുടെ സ്നേഹിത ‘അമ്മായി’ അത് വഴി വന്നു.(അമ്മായി എന്നത് നാട്ടുകാര്‍ നല്‍കിയ പേരാണ്) വെറും സ്നേഹിത എന്നു മാത്രം പറഞ്ഞാല്‍ പോരാ...; എല്ലാ പ്രാരബ്ദ ഘട്ടങ്ങളിലും കഞ്ഞിവെള്ളം കൊടുത്ത് സഹായിച്ച മനസാക്ഷി സൂക്ഷിപ്പുകാരിയാണ്. ഇപ്പോള്‍ ഗള്‍ഫ് ന്യൂസിന്റെ പ്രധാന ശ്രോതാവായ അമ്മായിയെ കണ്ട ആകാശവാണി ചിരിച്ചു കൊണ്ട് അടുത്തു വന്നു.
“പുതിയതായി മക്കള്‍ക്ക് വേണ്ടി വാങ്ങിയ പറമ്പാണ്; ധാരാളം ചക്കയുണ്ട്, നിനക്ക് ചക്ക വേണോ?”
“ചക്ക വരിക്കയാണോ? എങ്കില്‍ ഒരെണ്ണം മതി” സ്വന്തം വീട്ടിലെ ചക്ക മുഴുവന്‍ അണ്ണാനും കാക്കയും തിന്നു തീര്‍ക്കുകയാണെങ്കിലും അമ്മായിക്ക് സ്നേഹിതയുടെ ചക്ക കണ്ടപ്പോള്‍ കൊതിയായി.
“പിന്നേ ദുബായിലാണെങ്കില്‍ ഏത് സമയത്തും പച്ചയും പഴുത്തതുമായ ചക്ക ഇഷ്ടം പോലേ കിട്ടും. ഇതിലും നല്ല വൃത്തിയുള്ള ചക്ക; പക്ഷെ ഭയങ്കര വിലയാ” ആകാശവാണി ദുബായ് വിശേഷം വിളമ്പിക്കൊണ്ട് കൂട്ടത്തില്‍ ഏറ്റവും നല്ല ചക്ക തെരഞ്ഞെടുത്ത് അമ്മായിയുടെ മുന്നില്‍ വെച്ചു. “പിന്നെ നീ അധികമൊന്നും തരേണ്ട; അഞ്ച് ഉറുപ്പിക മാത്രം തന്നാമതി. ഇപ്പോള്‍ പൈസ ഇല്ലെങ്കില്‍ നാളെ തന്നാല്‍ മതി”.
അമ്മായിക്ക് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. പണക്കാരിയായ ആകാശം ചുറ്റിയ സുഹൃത്തിനെ എങ്ങനെ പിണക്കും. ലക്ഷങ്ങള്‍ കൊണ്ട് കളിക്കുന്ന ഇവള്‍ നാട്ടുകാര്‍ തിന്നാതെ കളയുന്ന ചക്ക വില്‍ക്കും എന്ന് എങ്ങനെ വിശ്വസിക്കും! അങ്ങനെ അവര്‍ ആ വലിയ ചക്കയും തലയിലെടുത്ത് നേരെ വീട്ടിലേക്ക് നടന്നു.
….
വീട്ടിലെത്തിയപ്പോള്‍ മക്കളുടെ വക ഉഗ്രന്‍ വഴക്ക്; ‘സ്വന്തം വീട്ടു മുറ്റത്തുള്ള ചക്ക പോലും തിന്നാത്ത അമ്മ പൈസക്ക് ചക്ക വാങ്ങി വന്നിരിക്കുന്നു’. അതും അഞ്ച് രൂപയ്ക്ക്!! ഉടനെ പണം കൊടുക്കണമെന്നായി മകന്‍. അങ്ങനെ മകന്‍ കൊടുത്ത അഞ്ച് രൂപ അമ്മായി അന്ന് തന്നെ ആകാശവാണിക്ക് കൊടുത്തു. രൂപ വാങ്ങി മുണ്ടിന്റെ അറ്റത്ത് മുറുക്കി കെട്ടുമ്പോള്‍ അവര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു,
“ചക്ക ഇനിയും ധാരാളം ഉണ്ട്, ആവശ്യമുള്ളവരെ കണ്ടുപിടിച്ച് നീ ഇങ്ങോട്ട് അയച്ചേക്കണം, കേട്ടോ”.

15.5.09

8. ‘പിള്ള’ മനസ്സില്‍ കള്ളം ഇല്ല(ഉണ്ട്)
...സര്‍ക്കാര്‍ ഹൈസ്ക്കൂള്‍ അദ്ധ്യാപകനായി കണ്ണൂര്‍ ജില്ലയില്‍ ജോലി ലഭിച്ചത് കാരണം തിരുവനന്തപുരക്കാരനായ പിള്ളമാസ്റ്റര്‍ സ്ക്കൂളിനടുത്തു തന്നെ സ്വന്തമായി വീട് വെച്ച് കുടുംബസമേതം താമസമാണ്. അതിരാവിലെ സ്ക്കൂളിലെത്തുന്നതും അവസാനമായി സ്ക്കൂള്‍ വിട്ടു പോകുന്നതും അദ്ദേഹമാണ്. സ്ക്കൂളും വീടും ഒന്നായി കരുതുന്ന പിള്ളമാഷ് നാട്ടിന്‍പുറത്തുള്ള നമ്മുടെ സര്‍ക്കാര്‍ വിദ്യാലയത്തിന് ഒരു മുതല്‍ക്കൂട്ടാണ്. പിള്ളസാറിന്റെ തമാശകളും മറ്റുള്ളവരോട് മുഖത്ത് നോക്കി തുറന്ന് പറയാനുള്ള തന്റേടവും സഹപ്രവര്‍ത്തകരുടെ ഇടയില്‍ നല്ലൊരു പേര് നേടിക്കൊടുത്തിട്ടുണ്ട്. അന്യരെ വേദനിപ്പിക്കുന്നതും കാണികളെ ചിരിപ്പിക്കുന്നതുമായ കോമഡി പറയാന്‍ (ചെയ്യാന്‍) പിള്ളമാഷിന് മാത്രമേ കഴിയുകയുള്ളു. ഈ കോമഡി കാരണം കരഞ്ഞവര്‍ ധാരാളം ഉണ്ട്.


പുതിയതായി നിയമനം ലഭിച്ച ചെറുപ്പക്കാരിയായ ടീച്ചര്‍; ആദ്യദിവസം സ്ക്കൂളില്‍ വന്ന് മുന്‍പരിചയമില്ലാത്ത പ്യൂണിനോട് സംസാരിക്കുന്നതിനിടയില്‍കടന്ന് പിള്ളയുടെ ചോദ്യം

“ഭാര്യക്കും ഭര്‍ത്താവിനും വീട്ടുകാര്യങ്ങള്‍ വീട്ടില് വെച്ച്തന്നെ പറഞ്ഞാല്‍ പോരെ?”

പലപ്പോഴും പിള്ളയുടെ കോമഡി അടിയോടടുക്കാറുണ്ട്. അത് കോണ്ട് തന്നെ പുതിയതായി വരുന്നവര്‍ക്ക് ‘ഈ പിള്ള പലതും പറയും’ എന്ന് മുന്‍കൂട്ടി അറിയിപ്പ് കൊടുക്കാറുണ്ട്.


ഒരിക്കല്‍ ഒരു സഹപ്രവര്‍ത്തകന്റെ യാത്രയയപ്പ് ചായസല്‍ക്കാരം. പരിപാടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകുമ്പോള്‍ നമ്മുടെ വര്‍ക്ക്എക്സ്പീരിയന്‍സ് (ക്രാഫ്റ്റ്) ടീച്ചര്‍ക്ക് പിള്ള ഒരു വലിയ പൊതി നല്‍കി.
“ഇത് നിങ്ങള്‍ക്കു മാത്രം ഉള്ളതാണ്”. ടീച്ചര്‍ തുറന്ന് നോക്കിയപ്പോള്‍ നിറയേ പഴത്തൊലി!!!

“അതേയ് ടീച്ചര്‍, ഉപയോഗശൂന്യമായ പാഴ്വസ്തുക്കളില്‍ നിന്നും പുതിയ ഉല്പന്നങ്ങള്‍ നിങ്ങളല്ലെ ഉണ്ടാക്കാറ്, അത് കൊണ്ട് തന്നതാണ്” പിള്ള ടീച്ചറോട് പറഞ്ഞു.

(ഇപ്പോള്‍ ഇവിടെ ഏറ്റവും ഡിമാന്റുള്ള വസ്തുവാണ് പഴത്തൊലി. പഴം മുഴുവനായി തിന്നുന്നതിനു മുന്‍പ് തന്നെ തൊലി ശേഖരിക്കാന്‍ സഞ്ചിയുമായി അദ്ധ്യാപകര്‍ മത്സരിച്ച് ഓടിയെത്തും….മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം.)


ഒരു സ്ക്കൂളില്‍ ഏറ്റവും പെട്ടെന്ന് ദേഷ്യം വരുന്നത് കണക്ക് സാറന്മാര്‍ക്കായിരിക്കും. എന്നാല്‍ പതിവിനു വിപരീതമായി ഈ സ്ക്കൂളില്‍ കുട്ടികളുടെ പേടിസ്വപ്നം രസതന്ത്രമാണ്(കെമിസ്റ്റ്റി). അങ്ങനെയുള്ള കെമിസ്റ്റ്റി സാറിന് അടുത്ത കാലത്തായി ഒരു മൌനം. കുട്ടികളോട് ദേഷ്യമില്ല, അടിയില്ല, ഒച്ചയില്ല, ബഹളമില്ല, ചോദിച്ചാല്‍ മറ്റുള്ളവരോട് മിണ്ടാട്ടമില്ല. അങ്ങനെയിരിക്കെ ഒരു ദിവസം സ്റ്റാഫ്റൂമില്‍ വെച്ച് പിള്ളമാഷുമായി ഉഗ്രന്‍ വഴക്ക്; അടിയോടടുത്തു. കാരണം അന്വേഷിച്ച അദ്ധ്യാപകര്‍ ഒത്തുചേര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ തയ്യാറായി.
പ്രശ്നം രസകരമാണ് : ഒരു ദിവസം നമ്മുടെ രസതന്ത്രം ഭാര്യയുമൊത്ത് സര്‍ക്ക്സ് കാണാന്‍ കണ്ണൂരില്‍ വന്നപ്പോള്‍ പിള്ള അവരെ കണ്ടു. കല്ല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും ഹണിമൂണ്‍ ആഘോഷിക്കുന്ന കുട്ടികളില്ലാത്ത നവ ദമ്പതികളാണ്. നമ്മുടെ പിള്ള ആദ്യമായാണ് രസതന്ത്രത്തിന്റെ ഭാര്യയെ കാണുന്നത്. മറ്റൊരു വിദ്യാലയത്തില്‍ അദ്ധ്യാപികയായ ഭാര്യയെ പിള്ളമാഷിന് പരിചയപ്പെടുത്തി.

അപ്പോള്‍ പിള്ളക്ക് ഒരു സംശയം “കഴിഞ്ഞ ശനിയാഴ്ച തുണിക്കടയില്‍ കണ്ട, .. മാഷ് ചൂരീദാര്‍ വാങ്ങിച്ചുകൊടുത്ത.. കറുത്ത പെണ്‍കുട്ടി... ‘പെങ്ങളായിരിക്കും‘,അല്ലേ?”

“ഏത് പെണ്‍കുട്ടി?” രസതന്ത്രം അന്തംവിട്ടു.

“രണ്ടുമൂന്നു തവണ മാഷിന്റെ കൂടെ കണ്ണൂരില്‍ വെച്ച് കണ്ട …ആ പെണ്‍കുട്ടി…” പിള്ള ഇതും പറഞ്ഞ് സ്ഥലം വിട്ടു.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വരെ പത്താം തരത്തിന്‍ സ്പെഷ്യല്‍ ക്ലാസ്സ് എടുത്തതാണ്, പിന്നെ കുടുംബകലഹം ഉണ്ടാക്കാന്‍ അങ്ങനെയൊരു പെണ്‍കുട്ടി??

രണ്ടാഴ്ച കഴിഞ്ഞിട്ടും ഭാര്യയുടെ പിണക്കം തീരുന്നില്ല. ഇടയില്‍ ഒരു ‘കറുത്ത പെണ്‍കുട്ടിയുണ്ടല്ലൊ’,,, ചൂരീദാര്‍ എവിടെ? അവള്‍ ആര്? നേരത്ത് ഭക്ഷണമില്ല, വെള്ളമില്ല, ചിരിയില്ല, ടീവിയില്ല, സീരിയലില്ല, മിണ്ടാട്ടമില്ല. ഭാര്യ കണ്ണീര്‍പുഴ ഒഴുക്കുകയാണ്. പിള്ളയുടെ സ്വഭാവം പറഞ്ഞപ്പോള്‍ ‘തിരുവനന്തപുരത്തെ പിള്ള കണ്ണൂരില്‍ വന്ന് കള്ളം പറയേണ്ടതുണ്ടോ’ എന്നാണ് അവളുടെ സംശയം.
സംഭവം പിള്ളയോട് പറഞ്ഞപ്പോള്‍ ‘എന്താ ഭാര്യക്ക് ഭര്‍ത്താവിനെ ഇത്ര പോലും വിശ്വാസം ഇല്ലെ, ഒരു പെണ്‍കുട്ടിയുടെ പേര് പറഞ്ഞാല്‍ പെട്ടെന്ന് പോരെടുക്കണോ’ എന്നാണ് പിള്ളയുടെ സംശയം.

ഒടുവില്‍ പ്രശ്നം ഒത്തുതീര്‍ക്കണമല്ലൊ; കുടുംബസുഹൃത്തുക്കളായ രണ്ട് അദ്ധ്യാപകര്‍ നമ്മുടെ പിള്ളയെയും കൂട്ടി കെമിസ്റ്റ്റി സാറിന്റെ വീട്ടില്‍ പോയി. സംഭവിച്ചതും സംഭവിക്കാത്തതും വിശദീകരിച്ചു. പിള്ളയുടെ കളി കാര്യമാക്കിയത് കൊണ്ടുള്ള അമളി ടീച്ചര്‍ക്ക് മനസ്സിലായി. ഭര്‍ത്താവ് കുറ്റവിമുക്തനാണെന്നറിഞ്ഞ ഭാര്യയെ പിള്ള ഉപദേശിച്ചു, “ഏതെങ്കിലും പിള്ള എന്തെങ്കിലും പറയുന്നത് കേട്ട് വാളെടുക്കരുത്, കേട്ടോ”.

14.5.09

7. കണ്ണൂരിലെ കുടമ്പുളി


ആറ് മലയാളികള്‍ സംസാരിക്കുന്നത് നൂറ് മലയാളം എന്ന് പറയാം. ഭാഷയുടെ പേരില്‍ ഭാരതത്തില്‍ സംസ്ഥാനരൂപീകരണം നടക്കുമ്പോള്‍ മലയാളഭാഷക്കാര്‍ കേരളീയരായി മാറി. അങ്ങനെയുള്ള കേരളീയരുടെ ഭാഷ മലയാളമാണെങ്കിലും എല്ലാ മലയാളവും എല്ലാ കേരളീയനും മനസ്സിലായി എന്ന് വരില്ല.
...
ഭാഷയില്‍ തെക്കന്‍, വടക്കന്‍, മദ്ധ്യം ഇവ കൂടാതെ പ്രാദേശികമായ വ്യത്യാസങ്ങള്‍ കൂടി കാണാം. സംസാരിക്കുന്നത് മലയാളമാണെങ്കിലും കേരളത്തിന്റെ ഒരു ഭാഗത്ത് പ്രയോഗത്തിലുള്ള മാന്യമായ ചില പദം മറ്റു ചിലയിടങ്ങളില്‍ അശ്ലീലം ആയി മാറിയിട്ടുണ്ട്.. മുന്‍പ് കേരളത്തിന്റെ ഒരു ഭാഗത്തു നിന്ന് അകലെ ഒരിടത്തേക്ക് താമസം മാറുമ്പോള്‍ ഭാഷാപ്രയോഗങ്ങള്‍ കാരണം പലര്‍ക്കും അമളി പറ്റാറുണ്ട്. എന്നാല്‍ ഇന്ന് എല്ലാ തരം ഭാഷാപ്രയോഗങ്ങളും മലയാളികള്‍ക്ക് സുപരിചിതമാണ്. ജീവിക്കാനായി (ജോലിക്കായി) തെക്ക്-വടക്ക് ഓടിനടക്കുന്ന മലയാളികള്‍ എല്ലാതരം മലയാളവും പഠിച്ചിരിക്കുന്നു.
അത്കൊണ്ട് തന്നെ തിരുവിതാംകൂറുകാര്‍ പറയുന്ന ഒരു പ്രത്യേക പദം ഇരുപത് വര്‍ഷം മുന്‍പ് മലബാറുകാരെ ചിരിപ്പിച്ചിരിക്കാം.അത് പോലെ മലബാര്‍ ഭാഷ മറ്റു മലയാളികളെയും ചിരിപ്പിക്കും. ഇന്ന് അതേ പദം കേട്ടാല്‍ ചിരിച്ചെന്ന് വരില്ല. സിനിമാ-സീരിയല്‍ എന്നിവ കാണുന്ന മലയാളികള്‍ ഭാഷ കൂടി തിരിച്ചറിയുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിരിപ്പിച്ച സംഭവങ്ങള്‍ ഇവിടെ വായിക്കാം.
...
എല്ലാ നാട്ടിലും സ്വന്തമായി മാന്യമായ വാക്കുകള്‍ പോലെ തന്നെ ചില അശ്ലീല വാക്കുകളും ഉണ്ട്. ഈ അശ്ലീല വാക്കുകള്‍ സാധാരണ പ്രയോഗിക്കാത്തതിനാല്‍ മറുനാട്ടുകാര്‍ ഒരിക്കലും തിരിച്ചറിയില്ല. കണ്ണൂരിലെ ഒരു ഉള്‍നാടന്‍ ഗ്രാമം,,,,
...
ഫ്ലാഷ് ബാക്ക്,
...
35വര്‍ഷം മുന്‍പ്;,,,
...
അവിടെ നാട്ടില്‍ പ്രമാണിയായ ഒരു മുന്‍ ജന്മിക്ക് കൃഷിയും കാലിവളര്‍ത്തലും ധാരാളം ഉണ്ട്. പ്രമാണിയുടെ എഞ്ചിനീയറായ മകന്‍ കോട്ടയത്തുകാരിയായ അദ്ധ്യാപികയെ വിവാഹം കഴിച്ചു. പിറ്റേന്ന് രാവിലെ നവവധു പല്ലുതേച്ചു കൊണ്ട് കാലിതൊഴുത്തിനരികിലൂടെ നടക്കുമ്പോഴാണ് ഭര്‍ത്താവിന്റെ കര്‍ഷകനായ ഏട്ടന്‍(ചേട്ടന്‍) ഉഴവുകാളകളെ കുളിപ്പിക്കുന്നത് കണ്ടത്. (ഈ ഉഴവുകാളകളെ അടുത്ത കാലത്ത് റഡ് ഡാറ്റാ ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു) ചേട്ടനോട് എന്തെങ്കിലും സംസാരിക്കണമല്ലൊ;
അടുത്ത് പോയി ചോദിച്ചു, “ചേട്ടാ ഈ കാള വെട്ടുമോ?”
ഉത്തരം പറയാനാവാതെ ചേട്ടന്‍ തുറിച്ചു നോക്കി, ടീച്ചറായ അനുജത്തി ചീത്തവാക്ക് പറയുന്നു!
അപ്പോഴെക്കും അനുജന്‍ കടന്ന് വന്ന് ഭാര്യയെ വിളിച്ചു; “അത് വെട്ടുകയും കുത്തുകയും ചെയ്യില്ല, നീയിങ്ങ് പോര്”.
കര്‍ഷകരായ ഗ്രാമീണര്‍ക്ക് ചിരിക്കാന്‍ അങ്ങനെ ഒരു വക കിട്ടി.
....
ഇന്ന് നാട്ടിന്‍പുറത്തുള്ള പഴം,പച്ചക്കറി കടയില്‍ പോയാല്‍ വിദേശികളും സ്വദേശികളുമായ ധാരാളം പച്ചക്കറികള്‍ ലഭിക്കും. എന്നാല്‍ ഒരു കാലത്ത് ഈ വിദേശ ഉല്പന്നങ്ങള്‍ കുറവായിരുന്നു. അതില്‍ ഒന്നാണ് കുടംപുളി. കൊടംപുളി എന്നും പറയാം. ഇനി നമുക്ക് സംഭവം പറയാം. 20 വര്‍ഷം മുന്‍പാണ്,
...
നമ്മുടെ സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ പ്രാധാന അദ്ധ്യാപികയായി നിയമനം കിട്ടി പുതിയ ടീച്ചര്‍ വന്നു, തിരുവനന്തപുരക്കാരി,. (ഈ സ്ക്കൂളില്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലക്കാരല്ലാത്ത പത്ത് ഹെഡ് മിസ്ട്രസുകള്‍ ഭരണം നടത്തിയിട്ടുണ്ട്. സ്ത്രീ സംവരണമൊന്നുമല്ല,കേട്ടോ,)
...
ഏറ്റവും നേരത്തെ ഏറ്റവും അകലെ നിന്നും വരുന്ന ഞാന്‍, ഏറ്റവും നേരത്തെ പോകാനായി പുതിയതായി വരുന്ന ഹെഡിനെയെല്ലാം സോപ്പിടാറുണ്ട്. അങ്ങനെ ഒരു ദിവസം അരമണിക്കൂര്‍ നേരത്തെ പുറത്തിറങ്ങുമ്പോള്‍ ഹെഡ്ടീച്ചര്‍ എന്നെ വിളിച്ചു. എന്റെ ഈ നേരത്തെ പോക്കിന് ആരെങ്കിലും പാര വെച്ചൊ എന്ന സംശയത്തോടെ അടുത്തു ചെന്നപ്പോള്‍ ഹെഡ്ടീച്ചര്‍ എന്നോട് പതുക്കെ പറഞ്ഞു,
“ടീച്ചര്‍ കണ്ണൂര്‍ വഴിയല്ലെ വരുന്നത്?” .
ഞാന്‍ പറഞ്ഞു, “അതെ ടീച്ചര്‍”
“കണ്ണൂരിലെ പലച്ചരക്ക് കടകളൊക്കെ ടീച്ചര്‍ക്ക് അറിയത്തില്ലെ?”
“അറിയാമല്ലോ”
“എന്നാല്‍ നാളെ എനിക്ക് അല്പം കൊടമ്പുളി വാങ്ങിത്തരണം” ലളിതമായ ഒരാവശ്യം.
ഞാന്‍ പറഞ്ഞു, “ശരി കടയിലുണ്ടെങ്കില്‍ വാങ്ങാം ടീച്ചര്‍”
...
അങ്ങനെ പുറത്തിറങ്ങി സ്ക്കൂളില്‍ നിന്ന് റോഡിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി, ‘കുടംപുളി ഒരു തവണ വീട്ടില്‍ കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, പുളി സാധാരണ വാങ്ങുന്ന വസ്തുവാണെങ്കിലും കൊടമ്പുളിക്ക് ഈ നാട്ടില്‍ ചെറിയ അശ്ലീലം ഇല്ലേയന്ന് എനിക്ക് സംശയമായി.‘ (പ്രസ്തുത സാധനം നമ്മുടെ നാട്ടില്‍ അന്ന് സാധാരണ ലഭ്യമല്ലാത്ത വസ്തുവായിരുന്നു) ഏതായാലും കണ്ണൂരിലെ പച്ചക്കറി കടയില്‍ ചോദിച്ചാല്‍ ലഭിക്കാതിരിക്കില്ല.
...
പിറ്റേ ദിവസം വീട്ടില്‍ നിന്നും പുറപ്പെട്ട് കണ്ണൂരിലേക്ക് പോകാനായി ഞാന്‍ നാട്ടില്‍നിന്നുമുള്ള ബസ് കാത്ത് നില്‍ക്കുകയാണ്. അപ്പോഴാണ് റോഡിന്റെ എതിര്‍ വശത്തുള്ള പച്ചക്കറികട എന്റെ ശ്രദ്ധയില്‍പ്പെട്ടത്. പച്ചമുളക് മുതല്‍ കറിവേപ്പില വരെ അവിടെയുണ്ട്. ഇത്രയും കാലം അങ്ങനെയൊരു കട അവിടെ ഉണ്ടെങ്കിലും ഇതുവരെ അവിടെനിന്ന് പച്ചക്കറിയൊന്നും ഞാന്‍ വാങ്ങിയിട്ടില്ല.
...
നേരെ കടയുടെ സമീപം നടന്നു. കടയിലും പരിസരത്തും പരിചയക്കാര്‍ ആരും ഇല്ല. കേടുപറ്റിയ തക്കാളി മാറ്റിക്കൊണ്ടിരിക്കുന്ന കടക്കാരനോട് ചോദിച്ചു, “ഇവിടെ കുടംപുളിയുണ്ടൊ?”
...
വില്പനക്കാരന്‍ തക്കാളി താഴെയിട്ട് എന്നെ തുറിച്ചുനോക്കി. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന എല്ലാവരും എന്നെ നോക്കി, പിന്നെ അടക്കം പറഞ്ഞ് ചിരിക്കാന്‍ തുടങ്ങി; പെട്ടെന്ന് അതൊരു കൂട്ടച്ചിരിയായി മാറി. …തേന്മാവിന്‍ കൊമ്പത്ത് മോഹന്‍ലാല്‍ മുത്തുഗൌ ചോദിച്ച പോലൊരു രംഗം….
...
ഭാഗ്യം, എനിക്ക് പോവാനുള്ള ബസ് വന്നു, അതോടെ ഞാന്‍ സ്ഥലം വിട്ടു.(രക്ഷപ്പെട്ടു എന്ന് പറയാം) നാട്ടിലെ കടയിലെ അനുഭവം കൊണ്ട് കണ്ണൂരിലെ കടകളില്‍ കൊടംപുളി ചോദിക്കാന്‍ ധൈര്യം വന്നില്ല.
...
സ്ക്കൂളിലെത്തിയപ്പോള്‍ എന്നെ കണ്ട ഉടനെ ഹെഡ് ടീച്ചര്‍ ചോദിച്ചു. “ടീച്ചറെ കൊടമ്പുളി വാങ്ങീയിട്ടുണ്ടോ?“
“അയ്യൊ, ഞാന്‍ കണ്ണൂരിലെ എല്ലാ കടകളിലും അന്വേഷിച്ചു, ഒരിടത്തും ഇല്ല”എങ്ങനെ കള്ളം പറയാതിരിക്കും
“ഇത്ര വലിയ പട്ടണമായിട്ടും ചെറിയൊരു കൊടമ്പുളിപോലും കിട്ടത്തില്ലെ, ഇനി എവിടെയാ അന്വേഷിക്കേണ്ടത്,,”.
കൊടം പുളിയുടെ രുചിയോര്‍ത്ത് നിരാശയോടെ ഹെഡ് മിസ്ട്രസ്സ് ഓഫീസിലേക്ക് നടന്നു.
...
ഇന്ന് നാട്ടിന്‍പുറത്തുള്ള കടകളില്‍ പോലും ഇഷ്ടംപോലെ കുടംപുളി ലഭ്യമാണ്; വീട്ടാവശ്യത്തിന് ഇടയ്ക്കിടെ വാങ്ങാറുണ്ട്. അത് പോലെ വീട്ടിനടുത്ത് നട്ടുവളര്‍ത്തിയ കുടംപുളിമരം പുഷ്പിക്കാറായി. എങ്കിലും ഇപ്പോഴും ചോദിക്കാന്‍ ഒരു മനസ്സില്‍ ഒരു ഭയം.