17.5.10

വന്ന സ്ഥലത്തേക്ക് തിരിച്ച് പോകാൻ?


                     വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ദിവാകരൻ മാസ്റ്ററുടെ സ്വപ്നം പൂവണിഞ്ഞപ്പോൾ അദ്ദേഹത്തോടൊപ്പം നമ്മുടെ സർക്കാർ ഹൈസ്ക്കൂളിലെ അദ്ധ്യാപകരെല്ലാവരും ഒരുപോലെ സന്തോഷിച്ചു. സ്വപ്നം മറ്റൊന്നുമല്ല; അദ്ദേഹത്തിന്റെ ധർമ്മപത്നി ‘രമ ടീച്ചർ’, വളരെ അകലെയുള്ള ഹൈസ്ക്കൂളിൽ‌നിന്നും ട്രാൻസ്ഫർ ലഭിച്ച്, നമ്മുടെ ഹൈസ്ക്കൂളിലേക്ക് അതായത് വീടിനടുത്ത് സ്വന്തം ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വരികയാണ്. ആനന്ദലബ്ദിക്ക് അദ്ദേഹത്തിന് ഇനിയെന്ത് വേണം? ട്രാൻസ്ഫർ‌ഓർഡർ വന്നതുമുതൽ ദിവാകരൻ മാസ്റ്റർ ക്ലാസ്സിൽ പോകുന്നുണ്ടെങ്കിലും പഠിപ്പിക്കുന്നതൊന്നും‌തന്നെ, കുട്ടികളെപോലെ അദ്ദേഹത്തിന്റെയും തലയിൽ കയറിയില്ല.

                      പി എസ് സി എന്ന മായാലോകം കടന്ന് ഒരേ വകുപ്പിൽ സർക്കാർ സേവകരായി മാറിയ ഭാര്യാ‌ഭർത്താക്കന്മാർ എപ്പോഴും കൊതിക്കുന്നതാണ് ഒരേസ്ഥാപനത്തിൽ ഒന്നിച്ച് ജോലിചെയ്യാൻ. എന്നാൽ കല്ല്യാണത്തിനു മുൻപ്‌, സർവീസിൽ പ്രവേശിച്ച കാലം‌തൊട്ടെ, നമ്മുടെ ദിവാകരൻ മാസ്റ്റർ ജില്ലയുടെ തെക്കേയറ്റത്തും രമടീച്ചർ ജില്ലയുടെ വടക്കേയറ്റത്തും ആയിരുന്നു. അദ്ധ്യാപക യൂണിയന്റെ ജില്ലാസമ്മേളന വേദിയിൽ‌വെച്ച് കണ്ടുമുട്ടിയതിന്റെ പരിണിതഫലമായി ആരംഭിച്ച പ്രേമം വിവാഹത്തിൽ അവസാനിച്ച്; അവരുടെ ദാമ്പത്യവല്ലരിയിൽ സുന്ദരകുസുമങ്ങൾ രണ്ടെണ്ണം വിരിഞ്ഞ് പത്താം‌തരം കടന്നിട്ടും ഒന്നിച്ച് ഒരേ സ്ക്കൂളിൽ ജോലി ചെയ്യാനുള്ള മോഹം പൂവണിഞ്ഞത് ഇപ്പോൾ മാത്രമാണ്.

                         അങ്ങനെ ഒരു ബുധനാഴ്ച കൃത്യം പത്ത്മണിക്ക് രമടീച്ചറും ദിവാകരൻ മാസ്റ്ററും ഒരേ കുടക്കീഴിൽ സ്ക്കൂളിലേക്ക് പ്രവേശിച്ചു. സ്വീകരണയോഗങ്ങളൊന്നും അറേഞ്ച് ചെയ്തില്ലെങ്കിലും മധുവിധുവിന്റെ മണം മാറാത്ത ദമ്പതിമാരെപ്പോലെ ക്രീം കളർ യൂനിഫോമിൽ വരുന്ന അവരെ കാണാനും ലോഹ്യം പറയാനും ക്ലാസ്സിൽ പോകുന്നതിനിടയിലും അദ്ധ്യാപകർ അവസരങ്ങൾ ക്രിയേറ്റ് ചെയ്തു. അതേപോലെ വിദ്യാർത്ഥിവൃന്ദങ്ങളിൽ അപൂർവ്വം ചിലരും‌കൂടി ഈ അപൂർവ്വമായ കാഴ്ചകണ്ട് അങ്ങനെ നോക്കിനിന്നു.
                        രണ്ട്പേരും ഓഫീസിൽ കടന്ന് ഹെഡ്‌ടീച്ചറുടെ മുന്നിലിരുന്ന് കടലാസുകളൊക്കെ ശരിയാക്കി രജിസ്റ്ററിൽ ഒപ്പ്‌വെച്ച് പുറത്തിറങ്ങി, സ്റ്റാഫ്‌റൂമിൽ കടന്ന ഉടനെ നമ്മുടെ സീനിയർ ആയ ‘ഹൈക്കമാന്റ്’ ടൈം‌ടേബിളും ക്ലാസ്‌ചാർജ്ജും ക്ലാസ്സ്‌രജിസ്റ്ററും ടീച്ചർക്ക് നൽകി. തുടർന്ന് ക്ലാസ്സിൽ‌പോകാൻ പറഞ്ഞപ്പോൾ ഭർത്താവായ ദിവാകരൻ മാസ്റ്റർ ചെറിയ പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും ടീച്ചർ അതൊന്നും വകവെക്കാതെ കണക്ക് പുസ്തകവും ചോക്കും കൈയിലേന്തി നേരെ ‘ഒൻപതാം ക്ലാസ് ബി’യിലേക്ക് നടന്നു. അങ്ങനെ ഒരു പുഞ്ചിരിയോടെ പുതിയ ടീച്ചർ പുതിയ കണക്കുകൾ പഠിപ്പിക്കാൻ തുടങ്ങി.
,,, 
                        രമടീച്ചറുടെ വരവിൽ വളരേയധികം ആശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്തത് നമ്മൾ  അദ്ധ്യാപികമാരാണ്. ദിവാകരൻ മാസ്റ്റർ എന്ന സഹപ്രവർത്തകനെ ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്റെ നോട്ടം വനിതാവിഭാഗത്തിന് അത്ര ഇഷ്ടമല്ല. ഞാനാണെങ്കിൽ എത്രയോ തവണ നേരിട്ട് ചോദിച്ചതുമാണ്,
“സാറെന്താ ലേഡീസിനെ മാത്രം നോക്കുന്നത്? മറ്റാരെയും നോക്കാനില്ലെ?”
അങ്ങനെയുള്ള ചോദ്യങ്ങൾ കാരണം അദ്ദേഹത്തിന്റെ മുഖ്യശത്രു ഞാൻ തന്നെയാണ്. 
അപ്പോൾ ഇനി മുതൽ മറ്റുള്ള സ്ത്രീകളെ നോക്കുന്നതിനു പകരം സ്വന്തം ഭാര്യയെമാത്രം നോക്കിയാൽ മതിയല്ലൊ.
$$$
എന്നാൽ ടീച്ചർ വന്നതിന്റെ കൃത്യം മൂന്നാം ദിവസം ആദ്യമായി ഒരു ലഡ്ഡുപൊട്ടി.
പൊട്ടിയത് മനസ്സിലല്ല, നമ്മുടെ സ്റ്റാഫ്‌റൂമിലാണെന്ന് മാത്രം.

                   പുതിയതായി ആരെങ്കിലും ജോയിൻ ചെയ്താൽ ഒരു ജോയിനിംഗ് പാർട്ടി നടക്കും; അഥവാ നടന്നില്ലെങ്കിൽ മറ്റുള്ളവർ നടത്തിക്കും. അത് വെറും‌ചായ മുതൽ ബിരിയാണി വരെ ഏതിലും ഒതുങ്ങും. ഇങ്ങനെ എല്ലാ പാർട്ടികളും നടക്കുന്നത് വെള്ളിയാഴ്ച ആയതിനാൽ ‘വെള്ളിയാഴ്ച പാർട്ടി’ എന്നും പറഞ്ഞുവരുന്നു. രമടീച്ചർ വന്നതിന്റെ തൊട്ടടുത്ത വെള്ളിയാഴ്ച അവരുടെ ജോയിനിംഗ് പാർട്ടി ചായയിലും ലഡ്ഡുവിലും ഒതുക്കി.
                    ഉച്ചഭക്ഷണത്തിനു ശേഷം ചായയും ലഡ്ഡുവും അകത്താക്കിയതിന്റെ ആലസ്യത്തിൽ നിന്നും മണിയടി കേട്ടുണർന്ന് ഓരോരുത്തരായി ക്ലാസ്സിലേക്ക് പോയി; രമടീച്ചർ ഒഴികെ. രമടീച്ചർക്ക് ആ പിരീഡ് ക്ലാസ്സില്ലാത്തതിനാൽ സ്റ്റാഫ്‌റൂമിലിരുന്ന് പുസ്തകവായനയിൽ മുഴുകി.

                    അങ്ങനെയിരിക്കെ എട്ടാം‌ക്ലാസ്സിൽ ഞാൻ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ തൊട്ടടുത്ത ഒൻപതിൽ ആകെ ബഹളം. എന്റെ ക്ലാസ്സിനെ ഒതുക്കി, ഞാൻ പുറത്തിറങ്ങി, ആ ക്ലാസ്സിലെ ലീഡറെ വിളിച്ച് കാര്യം ചോദിച്ചു,
“ദിവാകരൻ സാർ പഠിപ്പിച്ചുകൊണ്ടിരിക്കെ പുറത്തിറങ്ങി പോയി”
ലീഡറുടെ മറുപടികേട്ട ഞാ‍ൻ നേരെ സ്റ്റാഫ്‌റൂമിലേക്ക് നടന്നു.
‘ഓ, ഭാര്യ വന്നതോടെ ക്ലാസ്സ് ശ്രദ്ധിക്കാതെ അവരോട് സംസാരിക്കാൻ പോയതായിരിക്കാം. ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലൊ,,’.
സ്റ്റാഫ്‌റൂമിനെ സമീപിച്ചപ്പോഴാണ് അകത്ത് ഉഗ്രൻ വഴക്ക് നടക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത്,
“നീ എന്തൊക്കെ പറഞ്ഞാലും അതൊന്നും ശരിയല്ല. നീയെന്തിനാ അവനുമാത്രം ലഡ്ഡു കൈയിലെടുത്ത് കൊടുത്തത്?”
“ഒരാൾക്ക് മാത്രമല്ലല്ലൊ; ഇവിടെയിരിക്കുന്ന പലർക്കും ഞാൻ ലഡ്ഡു കൈകൊണ്ട് എടുത്ത് കൊടുത്തതാണല്ലൊ”
രമടീച്ചർ പരിഭ്രമിച്ച്കൊണ്ട് പറയുകയാണ്.
“അതൊക്കെ എനിക്കറിയാം; നീയങ്ങോട്ട് വീട്ടില് വാ,,, ഞാൻ ശരിക്കും നോക്കിയതാ. ആണുങ്ങൾ മൂന്ന്പേർക്കാ നീ കൈകൊണ്ട് ലഡ്ഡു എടുത്ത്‌കൊടുത്തത്. അതിൽ രണ്ടാള് വലിയ കുഴപ്പമില്ല; എന്നാൽ ഈ ‘സൂപ്പർ’ പെരുങ്കള്ളനാ. ഇനി അവനെ നോക്കുകയോ മിണ്ടുകയോ ചെയ്താൽ,,, തിരിച്ച് വീട്ടില് വരാതെ അവന്റെ കൂടെ പോയ്ക്കോ,,”
ഇതും പറഞ്ഞ് പുറത്തിറങ്ങാൻ നോക്കുമ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന എന്നെ ദിവാകരൻ മാസ്റ്റർ കണ്ടത്.
“എന്താ ടീച്ചർ ഇവിടെ നിൽക്കുന്നത്?”
ചോദ്യം കേട്ടതോടെ എനിക്ക് ദേഷ്യം വന്നു,
“അതേയ്, നിങ്ങൾ അന്യോന്യം വഴക്ക് പറയുന്നതൊക്കെ വീട്ടില് വെച്ച് മതി, പിള്ളേരുടെ ബഹളം കാരണം മറ്റുള്ളവർക്ക് പഠിപ്പിക്കാൻ പറ്റുന്നില്ല”
“സ്ക്കൂളിലെ കാര്യം സ്ക്കൂളിൽ വെച്ച് തീർക്കുന്നതാ; ടീച്ചറിതിൽ ഇടപെടെണ്ടാ”
ഇതും പറഞ്ഞ്കൊണ്ട് ദേഷ്യത്തോടെ മാസ്റ്റർ പുറത്തിറങ്ങി ക്ലാസ്സിലേക്ക് പോയി.
കാര്യം നിസ്സാരമെങ്കിലും ദിവാകരൻ മാസ്റ്റർക്ക് അത്, പ്രശ്നം ഗുരുതരമാണ്,,,
       
              നമ്മുടെ സ്ക്കൂളിലെ ഏറ്റവും സുന്ദരനായ, സ്ക്കൂളിന്റെ രോമാഞ്ചമായ, അദ്ധ്യാപകനാണ് ഹിന്ദി പഠിപ്പിക്കുന്ന, കുട്ടികൾ ‘സൂപ്പർ’ എന്ന് വിളിക്കുന്ന ‘സൂപ്പർസ്റ്റാർ’. രമടീച്ചർ കൊടുക്കുന്ന ലഡ്ഡു  ചിലർ പാക്കറ്റിൽ‌നിന്ന് എടുത്തപ്പോൾ ചിലർക്ക് ടീച്ചർതന്നെ കൈകൊണ്ട് എടുത്ത് നൽകി. ഭാര്യയുടെ ചലനം നിരീക്ഷിച്ച ഭർത്താവ് അവിടെയുള്ള ഏറ്റവും സുന്ദരനായ ‘സൂപ്പർ’ തന്റെ ഭാര്യയുടെ തൃക്കൈയിൽ നിന്ന് ലഡ്ഡു വാങ്ങുന്നത് സെർച്ച് ചെയ്ത് കണ്ടുപിടിച്ചു.
$$$ 
ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ഒരു ലഡ്ഡുപൊട്ടി.
ഇത്തവണ ലൈബ്രറിയിലാണെന്ന് മാത്രം.

                        ലൈബ്രേറിയനായ രവിവർമ്മ അറിയപ്പെടുന്ന ഒരു ‘ചിത്രകാരൻ പ്ലസ് ഡ്രായിങ്ങ്‌മാസ്റ്റർ’ കൂടിയാണ്. ആരെകണ്ടാലും അടുത്ത നിമിഷം മനസ്സിലോർത്ത് അയാളുടെ ചിത്രം വരക്കും. അത് കാരണം നമ്മുടെ ലൈബ്രറിയിൽ ആദ്യമായി കടക്കുന്നവർക്ക് അതൊരു ആർട്ട് ഗ്യാലറിയാണെന്ന് തോന്നിപ്പോവും. പുസ്തകങ്ങളും പെയിന്റിംഗുകളും ഒത്തുചേർന്ന ഒരു മായാലോകമാണത്. പുസ്തകങ്ങൾ ധാരാളം ഉള്ള ലൈബ്രറിയിൽ വായനയിൽ താല്പര്യമുള്ള ഒരു അദ്ധ്യാപിക ഇടയ്ക്കിടെ പോകുന്നതിൽ അപാകതയൊന്നും ഇല്ല. എന്നാൽ രമടീച്ചർ പോയത് ഭർത്തവിന്  സഹിച്ചില്ല.

ഒരു ദിവസം ലിഷർപിരീഡിൽ ലൈബ്രറിയിൽ പോയ രമടീച്ചറുടെ പിന്നാലെ ദിവാകരൻ മാസ്റ്ററും ഫോളോ ചെയ്തു.
                       മാസ്റ്റർ വാതിൽക്കൽ വന്ന് നോക്കിയപ്പോൾ രവിവർമ്മ പരിസരം മറന്ന് ഏതോ ചിത്രത്തിന്റെ പണിപ്പുരയിലാണ്. അലമാരകൾക്കിടയിൽ നിന്ന് പുസ്തകങ്ങൾ പോടിതട്ടിയെടുത്ത് തുറന്നു നോക്കുന്ന ഭാര്യയുടെ സമീപം പോയി ചോദിച്ചു,
“നിന്നോടാരാ ഇവിടെ വരാൻ പറഞ്ഞത്?”
“അത് പിന്നെ ലൈബ്രറി പുസ്തകം എടുക്കാനാണ്”
“ഏത് പുസ്തം വേണമെങ്കിലും എന്നോട് പറഞ്ഞാൽ ഇവിടെനിന്ന് എടുത്ത് തരും. ഒറ്റക്ക് ഈ മുറിയിലൊന്നും വരാൻ പാടില്ല”
                      ഭർത്താവിൽ നിന്നും കൂടുതൽ കേൾക്കുന്നതിനുമുൻപ് രമടീച്ചർ പുസ്തകം ഷെൽഫിൽ വച്ച്, ഒരക്ഷരവും പറയാതെ പുറത്തുപോയി.
ഈ സമയം മുഴുവൻ നമ്മുടെ രവിവർമ്മ ചിത്രകലയിൽ മുഴുകിയതിനാൽ വന്നതും പോയതും അറിഞ്ഞില്ല.
$$$
വളരെ ശ്രദ്ധിച്ചെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോൾ അടുത്ത മൂന്നാംനമ്പർ ലഡ്ഡുപൊട്ടി.
ഇത്തവണ ഒരു രക്ഷിതാവായിരുന്നു വില്ലൻ.

                        രമടീച്ചർക്ക് ക്ലാസ്സ്‌ചാർജ്ജുള്ള ക്ലാസ്സിലെ പയ്യൻ ഒരാഴ്ച ലീവായതിനാൽ രക്ഷിതാവ് സഹിതമാണ് അന്ന് ക്ലാസ്സിൽ വന്നത്. നാട്ടിലെ അറിയപ്പെടുന്ന തെങ്ങ്കയറ്റതൊഴിലാളി ആയ രക്ഷിതാവിനെ ടീച്ചർക്ക് നന്നായി അറിയാം. രക്ഷിതാവും അദ്ധ്യാപികയും ചേർന്ന് കുട്ടിയുടെ പഠനത്തെപറ്റി ഒരു മിനിട്ട് ചർച്ച നടത്തിയത് ഭർത്താവായ ദിവാകരൻ മാസ്റ്റർക്ക് അത്ര പിടിച്ചില്ല,
“നാട്ടിൻപുറത്ത് കൂലിപ്പണി ചെയ്യുന്ന രക്ഷിതാവിനോട് എങ്ങനെ വിശ്വസിച്ച് കൂടൂതൽ സംസാരിക്കും? അതും ഞാൻ ജോലിചെയ്യുന്ന സ്ക്കൂളിൽ‌വെച്ച് നീ ഇത്രക്ക് വലിയ ആളാവേണ്ട, കേട്ടോ”
                         തന്റെ സ്വന്തം വിദ്യാർത്ഥികളുടെ മുന്നിൽ‌വെച്ച ഭർത്താവ് അങ്ങനെ പറഞ്ഞപ്പോൾ ടീച്ചർ ആകെ വിഷമത്തിലായി. പിന്നെ ഒന്നും മിണ്ടാതെ തലതാഴ്ത്തി ക്ലാസ്സിലേക്ക് നടന്നു.
$$$
അതിനുശേഷം വളരെ ശ്രദ്ധിച്ചതിനാൽ ഒരാഴ്ച വലിയ കുഴപ്പമൊന്നും നടന്നില്ല.
എന്നാൽ അന്ന് വൈകുന്നേരം നാലാം നമ്പർ ലഡ്ഡുപൊട്ടി.

                       വൈകുന്നേരം വീട്ടിലേക്ക് പോകാനായി ദിവാകരൻ മാസ്റ്റർ ബാഗും കുടയും എടുത്ത് പുറത്തിറങ്ങി. അഞ്ച്‌മണി കഴിഞ്ഞിട്ടും സ്പെഷ്യൽ ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുന്ന ടീച്ചറെ അന്വേഷിച്ച് പത്താം ക്ലാസ്സിലെത്തിയപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു. നിശബ്ദമായി ഇരുന്ന് കുട്ടികൾ പഠിക്കുമ്പോൾ ടീച്ചർ ഏതാനും വിദ്യാർത്ഥികളുടെ നോട്ട് നോക്കി കണക്കുകൾ കരക്റ്റ് ചെയ്യുകയാണ്. അങ്ങനെ കസാരയിലിരുന്ന് നോട്ട് നോക്കുന്ന ടീച്ചറുടെ ചുറ്റും ക്ലാസ്സിലെ വില്ലന്മാരായ ആറോളം ആൺ‌കുട്ടികൾ പുസ്തകവും പിടിച്ച് നിൽക്കുന്നുണ്ട്.

                       പിന്നെ വീട്ടിലെത്തിന്നതുവരെ ‘ഉപദേശ നിർദ്ദേശ ഭീഷണികൾ’ പെരുമഴയായി ടീച്ചർക്ക് ചുറ്റും പതിച്ചു,
“പത്താം ക്ലാസ്സിലെ കുട്ടികളാണെങ്കിലും പ്രായപൂർത്തിയായ പയ്യന്മാരാണ്. ശ്രദ്ധിച്ചാൽ നിനക്ക് നല്ലത്”
അപ്പോൾ ടീച്ചർക്ക് ഒരു സംശയം,
“അപ്പോൾ അതിലും വേഗത്തിൽ പ്രായപൂർത്തിയാവുന്ന പെൺകുട്ടികളെ മാഷെങ്ങനെയാ പഠിപ്പിക്കുന്നത്?”
“ആൺ‌കുട്ടികളെ പോലെയാണോ പെൺകുട്ടികൾ? അവരെന്റെ കൈപിടിക്കുകയോ എന്നെ നോക്കുകയോ ചെയ്താൽ എനിക്കെന്ത് പറ്റാനാണ്. നീ ഒരു പെണ്ണാണ്, അതുകൊണ്ട് ആൺകുട്ടികളിൽ നിന്ന് അകന്ന് നിൽക്കുന്നതാണ് നിനക്ക് നല്ലത്”
ടീച്ചർക്ക് പലതും ചോദിക്കണമെന്ന് തോന്നിയെങ്കിലും പിന്നീട് ഒന്നും ചൊദിച്ചില്ല.
$$$
പിറ്റേ ദിവസം രാവിലെ കൃത്യം ഒൻപത് മണിക്ക് സ്ക്കൂളിലേക്കുള്ള വഴിയിൽ വെച്ച് അടുത്ത ലഡ്ഡുപൊട്ടി.
ഇത്തവണ കാരണമായത് ഓട്ടോ ഡ്രൈവറായ പൂർവ്വശിഷ്യൻ.

                      നാട്ടുകാർക്ക് മാതൃകാ ദമ്പതികളും വിദ്യാർത്ഥികൾക്ക് മാതൃകാ അദ്ധ്യാപകരും ആയ ‘രമ+ദിവാകരൻ അവർകൾ’ ഒറ്റക്കുട പങ്കിട്ട് പതുക്കെ നടന്ന് സ്ക്കൂളിലേക്ക് വരവെ, ഓടിക്കൊണ്ടിരിക്കുന്ന ഒരു ഓട്ടോ അവരുടെ തൊട്ടു മുന്നിലായി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിർത്തിയശേഷം ഡ്രൈവർ പദവി അലങ്കരിക്കുന്ന പൂർവ്വശിഷ്യൻ വിളിച്ചു,
“മാഷെ ഞാൻ സ്ക്കൂൾ വഴിയാ പോകുന്നത്; രണ്ടാളും കയറിക്കോ”
ദിവാകരൻ മാസ്റ്റർ കുടയും പൂട്ടി നേരെ ഓട്ടോയിലേക്ക് കയറിയപ്പോൾ പിന്നാലെ രമടീച്ചറും അനുഗമിച്ചു.

                    പൂർവ്വശിഷ്യൻ വർത്തമാനകാര്യങ്ങൾ പലതും ചോദിച്ചെങ്കിലും മാസ്റ്റർ ഉത്തരങ്ങളെല്ലാം ഓരോ മൂളലിൽ അവസാനിപ്പിച്ചു. സ്ക്കൂളിനു സമീപം എത്തിയപ്പോൾ ശിഷ്യന് ഓട്ടോചാർജ്ജ് പോയിട്ട് ഒരു തേങ്ക്സ് പോലും പറയാതെ ഇറങ്ങിപ്പോവുന്ന ഭർത്താവിന്റെ കൂടെ ഓടിയെത്താൻ ടീച്ചർ പ്രയാസപ്പെട്ടു. ഗെയിറ്റ് കടക്കുമ്പോൾ ടീച്ചറുടെ ദേഷ്യം അണപൊട്ടി പുറത്തുചാടി,
“നിങ്ങളെന്തൊരു മനുഷ്യനാ, ഓട്ടോ ഓടിച്ച് ജീവിക്കുന്ന ആ കുട്ടിക്ക് പൈസയൊന്നും കൊടുക്കാതെ? എന്നാലൊരു നന്ദിവാക്കെങ്കിലും പറഞ്ഞൂടായിരുന്നോ?”
“രാവിലെതന്നെ എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട. ഞാനെത്ര കാലമായി ഈ വഴിയിലൂടെ നടക്കാൻ തുടങ്ങിയിട്ട്? ഇതുവരെ ഒറ്റ വണ്ടിയും എന്നെക്കണ്ട് നിർത്തി ‘വരുന്നുണ്ടോ’ എന്ന് ചോദിച്ചിട്ടില്ല. ഞാൻ പഠിപ്പിച്ചവനാണെങ്കിലും, ഇന്ന് നിന്നെ കണ്ടതുകൊണ്ടല്ലെ അവൻ ഓട്ടോ നിർത്തി കയറാൻ വിളിച്ചത്”
“എന്റെ ദൈവമേ”
ഇതുകേട്ട രമടീച്ചർ തലയിൽ കൈവെച്ച്‌കൊണ്ട്, ദൈവത്തെ വിളിച്ച് ഗെയിറ്റിനുസമീപം നിന്നു.
പിന്നെ ഒന്നുരണ്ടാഴ്ച വലിയ കുഴപ്പമൊന്നും നടന്നില്ല;
കൊടുങ്കാറ്റിനു മുന്നിലെ ശാന്തത പോലെ.
$$$
എന്നാൽ ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു ലഡ്ഡുകൂടി പൊട്ടി.
ഒരു ബോംബ് പോലെ, വലിയ ശബ്ദത്തിൽ!!!,,,

ദാഹിച്ചപ്പോൾ വള്ളം കുടിച്ചത് തെറ്റാണോ?
ഒരു തെറ്റുമില്ല;
എന്നാൽ ഒരു സഹപ്രവർത്തക വീട്ടിൽനിന്നും കൊണ്ടുവന്ന ചുക്കുവെള്ളം ഒരു അദ്ധ്യാപകൻ കുടിച്ചാലോ?
ഞങ്ങളുടെ സ്ക്കൂളിൽ സാധാരണ അതൊരു തെറ്റായി കാണാറില്ല.
എന്നാൽ ഇവിടെ സംഭവിച്ചത്?
നമ്മുടെ ‘സൂപ്പർസ്റ്റാർ’ ദാഹിച്ചപ്പോൾ സാധാരണ ചെയ്യാറുള്ളതുപോലെ മേശപ്പുറത്ത് ആദ്യം കണ്ട വാട്ടർ ബോട്ടിൽ തുറന്ന് വെള്ളം കുടിച്ചു.
അന്ന് കുടിച്ചത് രമടീച്ചർ വീട്ടിൽ നിന്നും കൊണ്ടുവന്ന ചുക്കുവെള്ളം ആയിരുന്നു. 
വെള്ളം കുടിച്ചശേഷം മൂടി തിരിച്ച് കുപ്പി മേശപ്പുറത്ത് വെക്കുമ്പോൾ തൊട്ടു മുന്നിൽ ദിവാകരൻ മാസ്റ്റർ,
“മാഷെന്തിനാ ആ വെള്ളം എടുത്ത് കുടിച്ചത്? അതാരുടെതെന്നറിയാമോ?”
“ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നതിന്, ആരുടെതെന്ന് അന്വേഷിക്കാറില്ല?”
“അതെന്റെ ഭാര്യ കൊണ്ടുവന്ന വെള്ളമാണ്, നിന്നെപ്പോലുള്ളവനൊന്നും കുടിക്കാനുള്ളതല്ല”
“ഭാര്യയൊക്കെ തന്റെ വീട്ടില്, ഇത് സ്ക്കൂളാണ്”
“സ്ക്കൂളാണെങ്കിലും ഇവളെന്റെ ഭാര്യ തന്നെയാ, നിന്നെയൊക്കെ,,,”
“!@#$%^&*+‌!”
“!@#$%^&*+!#$%^@&”
രമടീച്ചർ ഒഴികെ സ്റ്റാഫ്‌റൂമിലുള്ള സ്ത്രീജനങ്ങൾ ചെവിപൊത്തിക്കൊണ്ട് പുറത്തേക്കോടി.
ശബ്ദതാരാവലിയിൽ കാണാത്ത ഡയലോഗുകൾക്കൊടുവിൽ ദിവാകരൻ മാസ്റ്റർ സ്വന്തം ഭാര്യക്ക് താക്കീത് നൽകി,
“ഇവിടെയുള്ള ഏതെങ്കിലും ആണുങ്ങളോട് മിണ്ടിയാൽ നിന്നെ ഇവരുടെ മുന്നിലിട്ട് ഞാൻ ചവിട്ടിക്കൊല്ലും”

രമടീച്ചർ അന്ന് വൈകുന്നേരം ഹെഡ്ടീച്ചറുടെ മുന്നിലെത്തി; അവരോട് പറഞ്ഞു,
“ടീച്ചർ എനിക്ക് വന്നസ്ഥലത്തേക്ക് തന്നെ തിരിച്ച് പോയാൽ മതി”
ഇങ്ങനെയൊരാവശ്യം ആദ്യമായി കേട്ട എച്ച്. എം ഞെട്ടി,
“അതെന്താ ടീച്ചർ അങ്ങനെ ചോദിക്കുന്നത്?”
“ഇതുവരെ വീട്ടിലെത്തിയാൽ മാത്രമായിരുന്നു എനിക്ക് പീഡനങ്ങൾ. ഇപ്പോൾ വീട്ടിലും ജോലിസ്ഥലത്തും വഴിയിലും അങ്ങനെ 24 മണിക്കൂറും പീഡനം കൊണ്ട് എനിക്ക് സഹിക്ക വയ്യാതായി. അതുകൊണ്ട് എന്റെ ട്രാൻസ്‌ഫർ കേൻസിൽ ചെയ്ത്, ഞാൻ വന്ന സ്ഥലത്തേക്ക് തിരിച്ച് പോകാൻ സഹായിക്കണം”
മുന്നിലിരുന്ന് കരയുന്ന അദ്ധ്യാപികയെ കണ്ട് ഹെഡ്‌മിസ്ട്രസ്സ് അല്പം ആലോചിച്ച ശേഷം പറഞ്ഞു,
“അതെങ്ങനെയാ ടീച്ചർ വന്ന സ്ഥലത്തേക്ക് പോവുക? 
നമ്മൾ എത്ര ആഗ്രഹിച്ചാലും ഒരിക്കലും നടക്കാത്ത കാര്യമാണല്ലൊ ടീച്ചർ പറയുന്നത്?”
 ***********************************************
പിൻ‌കുറിപ്പ്:
സംശയരോഗം ചില അദ്ധ്യാപകർക്ക് മാത്രമല്ല, മറ്റു ചില പുരുഷന്മാർക്ക് കൂടി ഉണ്ടാവാം.
സംശയരോഗം പുരുഷന്മാർക്ക് മാത്രമല്ല, ചില സ്ത്രീകൾക്ക് കൂടി ഉണ്ടാവാം.