31.7.11

മച്ചുനൻ

                  കല്ല്യാണനേരത്ത് കഴുത്തിൽ താലി ചാർത്തിയശേഷം പേരിനൊരു സദ്യയും കഴിച്ച്, അതുവരെ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് പൂങ്കണ്ണീര് പൊഴിച്ച്‌കൊണ്ടിരിക്കുന്ന പെണ്ണിന്റെ കൈയുംപിടിച്ച്, മുറ്റത്ത്‌നിന്നും ഇടവഴിയിലേക്ക് കാലെടുത്ത് കുത്തുന്ന നിമിഷം കൂട്ടുകാരോടൊപ്പം അവൻ വരും;
‘മച്ചുനൻ’.
പിന്നെ അവകാശം ചോദിക്കലാണ്,
“എവിടെ, മച്ചുനൻ പണം?”           
                         പെണ്ണിന്റെ കൈയിൽ നിന്നും പിടിവിട്ട വരൻ, പോക്കറ്റ് തപ്പിയിട്ട് ആദ്യമെ കരുതിവെച്ച ഓഹരി അവന് നൽകും. തുടർന്ന് അവർ കൈ പിടിച്ച് കുലുക്കി, നല്ല സുഹൃത്തുക്കളായിട്ട് ‘മച്ചുനിച്ചിയെ’ നന്നായി നോക്കാമെന്നേറ്റ് യാത്രയാവും. ഇങ്ങനെ കൊടുക്കുന്ന പണം, പണ്ട് കാലത്ത് ഒറ്റ നാണയമാണെങ്കിൽ; ഈ ആചാരം ഇന്നും അവശേഷിക്കുന്ന ഇടങ്ങളിൽ നൂറിനു മുകളിൽ കടന്നിരിക്കുന്നു. അതിനാൽ വിവാഹനേരത്ത് ഇത്തരം ആചാരങ്ങളും പണമിടപാടുകളും വേണ്ടായെന്ന് മുൻ‌കൂട്ടി തീരുമാനിക്കാറുണ്ടെങ്കിലും അവരുടെ കണ്ണ് വെട്ടിച്ച് ചില വ്യാജ മച്ചുനന്മാർ വന്ന് ചെക്കനെയും പെണ്ണിനെയും തടഞ്ഞുനിർത്തിയിട്ട് ഇന്നും അവകാശം ചോദിക്കാറുണ്ട്.

                        നമ്മുടെ കണ്ണൂരിലും പരിസരത്തും വിവാഹസമയത്ത് വധുവിന്റെ അവകാശവും പറഞ്ഞ് വരുന്ന മച്ചുനൻ (മച്ചിനിയൻ എന്നും പറയാറുണ്ട്) ഒരുകാലത്ത് വിവാഹത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു.
ആരാണ് മച്ചുനൻ?
                          ഒരു വ്യക്തിക്ക് അയാളുടെ അമ്മയുടെ സഹോദരന്റെ സന്താനങ്ങളെല്ലാം മച്ചുനനും മച്ചുനത്തിയുമാണ് (മച്ചിനിയൻ, മച്ചിനിച്ചി). അതുപോലെ അച്ഛന്റെ സഹോദരി സന്താനങ്ങളും അയാൾക്ക് മച്ചുനനും മച്ചുനത്തിയും ആണ്;
അതായത് മുറപ്പെണ്ണും മുറചെക്കനും തന്നെ.
                          കണ്ണൂരിൽ അവരെല്ലാം മച്ചുനന്മാർ എന്ന് അറിയപ്പെടുന്നു. നാട്ടിൻ‌പുറത്തെ ചെറുപ്പക്കാർ തമ്മിൽ ‘മച്ചുനാ’ എന്ന് അന്യോന്യം വിളിക്കാറുണ്ടെങ്കിലും ആ വിളിയുടെ പേരിൽ, ‘നിന്റച്ചന്റെ പെങ്ങളാണോ എന്റെ അമ്മ’ എന്നും, എന്റെ പെങ്ങളെ നിനക്ക് കെട്ടിച്ചു തരണോ?’ എന്നും ചോദിച്ച് തല്ലുകൂടാറില്ല.
അതുപോലെ ‘അളിയാ’ എന്ന് വിളിച്ചാലും പ്രശ്നങ്ങളൊന്നും ഉണ്ടാവാറില്ല. (അളിയൻ=Brother-in-Law)

***ഉണ്ണിയാർച്ചയെ അറിയുമോ? നമ്മുടെ ആദ്യത്തെ ഫെമിനിസ്റ്റ്;
സ്വന്തം മച്ചുനൻ ചന്തുവിന്റെ കൂടെ അങ്കംവെട്ടി കളിച്ചിട്ട്, ഒടുവിൽ പണക്കാരനായ കുഞ്ഞിരാമനെ കണ്ടപ്പോൾ കാലുമാറിയ മൂപ്പത്തിയാര്;
കുഞ്ഞിരാമൻ ഉണ്ണിയാർച്ചക്ക് പുടവ കൊടുത്തശേഷം ചുരികത്തഴമ്പാർന്ന ഉണ്ണിക്കൈ പിടിച്ച് വെളിയിലിറങ്ങാൻ നേരത്ത് മച്ചുനന്റെ അവകാശവും ചോദിച്ച് ചന്തു അങ്കം വെട്ടാൻ വന്നു.
‘അവൾ ചന്തുവിന് ഉള്ളതാണ്’ പോലും;
അപ്പോഴേക്കും കുഞ്ഞിരാമൻ എറിഞ്ഞുകൊടുത്ത പണക്കിഴി, രണ്ട് കൈയുംനീട്ടി വാങ്ങിയ ചന്തു,,,, ചതിയൻ ചന്തു ആയി. കിട്ടിയ പണം എണ്ണിനോക്കാതെ ചന്തു തിരിഞ്ഞൊരു നടത്തം,
‘പൊ പുല്ലെ, ഇതുപോലെ എത്രയെണ്ണത്തിനെ പണം കൊടുത്താൽ എനിക്ക് കിട്ടും’
അതായിരിക്കണം മച്ചുനൻ പണത്തിന്റെ ആരംഭം.

                          പിന്നെ വർഷങ്ങൾ കഴിഞ്ഞപ്പോൾ പാതിരാത്രിയിൽ പുഴ നീന്തിക്കടന്ന ചന്തു, കുഞ്ഞിരാമനില്ലാത്ത നേരത്ത് ഉണ്ണിയാർച്ചയുടെ ഉറക്കറയിൽ കടന്നുവന്ന് അവളെ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള കഥയും പാണന്മാർചേർന്ന്, ബ്ലോഗിലൂടെയും ട്വിറ്ററിലൂടെയും ഫെയ്സ്‌ബുക്കിലൂടെയും പാടി അനൌൺസ് ചെയ്യാറുണ്ട്.
അത്‌, കേട്ടും കണ്ടും കൊണ്ടും കൊടുത്തും വളരുന്ന കണ്ണുർക്കാർക്കിടയിൽ മച്ചുനന്മാർ, ‘ചതിയൻ ചന്തു’ ആയി ഇപ്പോഴും എപ്പോഴും വാഴുന്നു.

***ഇനി നമുക്ക് സംഭവത്തിലേക്ക് കടക്കാം
                              ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാന സംഭവമാണ് വിവാഹം. അതുവരെ ഒരു പെണ്ണിന്റെയും മുഖത്ത് നോക്കാതെ നാണിച്ച് തലതാഴ്ത്തി നടക്കുന്നവൻ പിന്നീടങ്ങോട്ട് പെണ്ണിനെ മാത്രം നോക്കിയിട്ട് രൂപവും ഭാവവും മാറുന്നത് വിവാഹശേഷമാണല്ലൊ. നമ്മുടെ ഗ്രാമത്തിൽ അങ്ങനെയുള്ള ഒരേഒരു നാണം‌കുണുങ്ങി പയ്യനാണ് ‘കുഞ്ചു’. അച്ചനും അമ്മയും ചേർന്ന് ഇരുപത്തെട്ടാം നാൾ സ്വർണ്ണനൂൽ അരയിൽ‌കെട്ടി അവനെ വിളിച്ച ഒറിജിനൽ പേര് റേഷൻ കാർഡിലും വോട്ടിംഗ് കാർഡിലും പാസ്‌പോർട്ടിലും ആയി പതിഞ്ഞു കിടപ്പുണ്ടെങ്കിലും പത്താം തരം പാസ്സാവാത്ത അവൻ മാത്രമല്ല, നാട്ടുകാരും വീട്ടുകാരും അവന്റെ പേര് മറന്നുപോയി. നാട്ടുകാർക്ക് അവൻ പഞ്ചാരക്കുഞ്ചുവാണ്; അത് ചുരുങ്ങിയിട്ട് ഇപ്പോൾ വെറും ‘കുഞ്ചു’.

                          കുഞ്ചു, നാണിയാണെങ്കിലും ഗൾഫിൽ പോയി പത്ത് പുത്തൻ പണവും ഇത്തിരിപൊന്നും ആയതോടെ അവനോടൊപ്പം അവന്റെ വീടും പച്ചപിടിച്ചു. പുരനിറഞ്ഞ പെങ്ങമ്മാരെയെല്ലാം പുര പൊളിച്ച് പുറത്താക്കിയശേഷം അതേ പുര പുതുക്കിപണിതു. നാടൻ കള്ളിൽ മാത്രം ഒതുങ്ങിക്കൂടിയ പിതാശ്രി വീര്യം കൂട്ടാനായി ബിവറേജസിനു മുന്നിൽ ക്യൂ നിന്ന് നേരം‌കൊല്ലാൻ തുടങ്ങി. മുഷിഞ്ഞ സാരിയും എക്സ്ട്രാസും അണിഞ്ഞ് ഏത്‌നേരത്തും വീട്ടിനകത്ത് ചടഞ്ഞ്‌കൂടിയിരിക്കാറുള്ള മാതാജി പട്ട്സാരിയണിഞ്ഞ് വെളിയിലിറങ്ങി നടക്കാൻ തുടങ്ങി. അങ്ങനെ ഇനിയങ്ങോട്ട് പച്ചപിടിക്കാനായി ഒന്നും ബാക്കിയില്ലെന്ന് തിരിച്ചറിഞ്ഞ കുഞ്ചുവിന്റെ അമ്മയും അച്ഛനും അനിയനും അനിയത്തികൾസും അളിയൻന്മാർസും ചേർന്ന് മൂത്തവനെ കല്ല്യാണം കഴിപ്പിച്ചാലോ എന്ന് ചിന്തിക്കാൻ തുടങ്ങി.

                          അങ്ങനെ ഗൾഫിൽനിന്നും കുഞ്ചുവിന്റെ മഹത്തായ നാലാം വരവിൽ വിവാഹാലോചനകൾക്ക് തുടക്കമിട്ടു. എയർ‌പോർട്ടിൽ നിന്ന് മണ്ണിലേക്ക് കാലെടുത്ത് കുത്തിയ നിമിഷം കുഞ്ചുവിന്റെ മാതാജി പ്രഖ്യാപനം നടത്തി,
“ഇനി പെണ്ണ്‌കെട്ടിയിട്ട് മാത്രം തിരിച്ചു പോയാൽ മതി”
                         വീട്ടിലെത്തിയതിന്റെ മൂന്നാം നാൾ കുഞ്ചു പെണ്ണ്‌കാണൽ യാത്ര ആരംഭിച്ചു. അച്ഛനും അമ്മയും‌ചേർന്ന് ആദ്യമേ കണ്ടുവെച്ച പെണ്ണിൽ പലതിനെയും അവൻ ഇഷ്ടപ്പെട്ടില്ല. ചിലത് അവന് നന്നായി ഇഷ്ടപ്പെട്ടെങ്കിലും ആ പെണ്ണിനൊന്നും അവനെ പിടിച്ചില്ല. പലപല പെണ്ണ്‌കാണൽ ചടങ്ങുകൾ കഴിഞ്ഞപ്പോൾ കൂടെ പോയവരുടെ ആരോഗ്യം വർദ്ധിച്ച് കൊണ്ടേയിരുന്നതല്ലാതെ പെണ്ണിന്റെ കാര്യത്തിൽ തീരുമാനമൊന്നും ആയില്ല.                            
                         പിന്നീടങ്ങോട്ട് കുഞ്ചു കാണുന്ന പെണ്ണിൽ ചിലരെ അവൻ ഇഷ്ടപ്പെടും, എന്നാലോ? പെങ്ങൾക്ക് ഇഷ്ടപ്പെടില്ല. അടുത്തത് പെങ്ങൾ ഇഷ്ടപ്പെടും; എന്നാൽ ആ പെണ്ണിനെ അനുജൻ ഇഷ്ടപ്പെടില്ല. പിന്നെ അനിയനും പെങ്ങളും ഇഷ്ടപ്പെട്ട പെണ്ണായിരിക്കും; അപ്പോൾ അളിയൻ ഇഷ്ടപ്പെട്ടില്ലെന്ന് വരാം. അങ്ങനെ കുഞ്ചു പെണ്ണ് കെട്ടാൻ കൊതിച്ചുകൊണ്ട്, വധുവിനു വേണ്ടിയുള്ള അന്വേഷണം തുടർന്നു. ബ്യൂറോയും ബ്രോക്കറും ഒത്ത്‌വന്നാലും ആരെങ്കിലും തരികിട ആവും. ഒടുവിൽ ബന്ധുക്കളെയും കൂട്ടി പെണ്ണിനെ കാണാൻ പോയാൽ തനിക്ക് വിലകൂടിയ കെട്ടാചരക്കായി ജീവിതം തള്ളിനീക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെ പെണ്ണുകാണാൻ പോകുമ്പോൾ ബന്ധുക്കളെ ഒഴിവാക്കാൻ തുടങ്ങി. പകരം സുഹൃത്തുക്കളെ റിക്രൂട്ട് ചെയ്തു.

ഒരു ഞായറാഴ്ച,
                         കുഞ്ചുവും നാല് സുഹൃത്തുക്കളും അല്പം അകലെയുള്ള ഗ്രാമപ്രദേശത്ത് കൂട്ടത്തിൽ ഒരാളായ അജിത്തിന്റെ സ്വന്തം ടാക്സിയിൽ പെണ്ണ് കാണാൻ യാത്ര ആരംഭിച്ചു. പാസ്‌പോർട്ട് എടുത്ത് വെച്ച് വിസ വരാനായി കാത്തിരിക്കുന്ന ചെറുപ്പക്കാരുടെ കുത്തകയാണ് ഇത്തരം പെണ്ണ് കാണൽ യാത്രകൾ. പഠിപ്പും ഉദ്യോഗവും നിർബന്ധം ഇല്ലെങ്കിലും സുന്ദരിയായ സുശീലയായ പണക്കാരിയായ ഒരു പെണ്ണിനെ കണ്ടുപിടിക്കുന്നത് വരെ അവരുടെ പെണ്ണ്‌കാണൽ യാത്രകൾ തുടരും. അതുപോലുള്ള ഇത്തിരി ആഗ്രഹങ്ങൾ മനസ്സിലൊളിപ്പിച്ചാണ് നമ്മുടെ കുഞ്ചു വിവാഹത്തെപറ്റി ചിന്തിച്ചത്. കല്ല്യാണപ്രായമായ യുവതികളുടെ അഡ്രസ് കണ്ടെത്തിയിട്ടാണ് യാത്രകൾ.

                         അങ്ങനെയാണ് അവർ അഞ്ചംഗസംഘം ഒരു വീട്ടിൽ കയറിയത്; അവിടെ ആരുടെയോ വധു ആവേണ്ട ഒരുത്തി ഉണ്ട്. ഗൃഹനാഥൻ അവരെ സ്വീകരിച്ചിരുത്തിയിട്ട് കാര്യങ്ങൾ സംസാരിച്ച് പരിചയപ്പെട്ടശേഷം അകത്തേക്ക് ഒറ്റ പോക്ക്. ഇതുകണ്ട് കൂടെയുള്ള പാച്ചുവിന് ഒരു സംശയം,
“എടാ അയാളുടെ പോക്കത്ര ശരിയല്ലല്ലൊ,,, തോക്കെടുക്കാൻ ഓടിയതാണോ?”
“മിണ്ടാതിരിയെടാ, അതാ പെണ്ണ് ചായയും കൊണ്ട് വരുന്നുണ്ട്”
                          അപ്പൊഴെക്കും പൂക്കളാൽ അലങ്കരിച്ച് ഒരു ട്രെയിൽ ചായ നിറച്ച ഗ്ലാസ്സ് അടുക്കിവെച്ച് ഒരു സർക്കസ് കാരിയെപോലെ അവൾ മന്ദംമന്ദം നടന്ന് വരാന്തയിലേക്ക് പ്രവേശിച്ചു. പത്ത് കണ്ണുകൾ തന്നെ നോക്കുന്നുണ്ടെന്ന് അറിയാമെങ്കിലും അവൾ ആരെയും ശ്രദ്ധിച്ചില്ല. മേശപ്പുറത്ത് വെച്ച ട്രെയിൽ നിന്നും ഒരു ഗ്ലാസ് ചായ വലതുകൈകൊണ്ട് എടുത്ത്, അഞ്ചുപേരുടെ ഇടയിൽ ഇരിക്കുന്ന ‘രണ്ട് മക്കളുടെ തന്തയാണെങ്കിലും’ കൂട്ടത്തിൽ സുന്ദരനും ചെറുപ്പക്കാരനും ആയ, ഡ്രൈവർ അജിത്തിന് നൽകിയപ്പോൾ എല്ലാവരും ഞെട്ടി. ആ ഞെട്ടൽ വിട്ടുമാറുന്നതിന്‌മുൻപ് അവൾ അപ്രത്യക്ഷമായി.
മകൾ അകത്ത് പോയനിമിഷം വെളിയിൽ വന്ന അച്ഛനെ, ചായഗ്ലാസ്‌ഏന്തിയ അജിത്ത് ദയനീയമായി ഒന്ന് നോക്കി. അപ്പോൾ അച്ഛന്റെ ചോദ്യം,
“എന്റെ മകളെങ്ങനെയുണ്ട്? നിങ്ങളെന്താ അവളോടൊന്നും പറയാഞ്ഞത്?”
“അത് കല്ല്യാണം വേണ്ടത് എനിക്കല്ല, ഈ ഇരിക്കുന്ന കുഞ്ചുവിനാണ്”
കുഞ്ചുവിനെ ചൂണ്ടിയിട്ട് അജിത്ത് പറഞ്ഞപ്പോൾ ആ മനുഷ്യന്റെ മുഖം അസ്സൽ ഇഞ്ചി കടിച്ചതുപോലായി,
“നിങ്ങൾ കുറേപ്പേര് ഒരുമിച്ച് ഇവിടെ വന്നാൽ എന്റെ മോൾക്ക് ആകെ സംശയമാവില്ലെ? ആർക്കാണ് വിവാഹം വേണ്ടതെന്ന് ആദ്യമേ പറയണ്ടെ?”
മകൾക്ക് മാത്രമല്ല, മകളുടെ അച്ഛനും സംശയം തീർന്നിട്ടില്ല. എല്ലാവരെയും പരിചയപ്പെട്ടു എന്നല്ലാതെ ആർക്കാണ് കല്ല്യാണം എന്ന് ചോദിക്കാൻ വിട്ടുപോയി.
“അതിന് പറഞ്ഞുകൊടുക്കാൻ അവളെ നേരാംവണ്ണം ഒന്ന് കാണണ്ടെ?”
പാച്ചുവിന്റെ പരാതി കേട്ട പിതാവ് മകളെ വിളിച്ചെങ്കിലും പിന്നീട് അവൾ വെളിയിലേക്ക് വന്നില്ല. ആദ്യം അമളി പറ്റി, ഇനിയങ്ങോട്ട് അമളി പിണയാതിരിക്കാനായി അവൾ തല വെളിയിൽ കാണിച്ചില്ല.
ചായകുടിച്ച് ജാതക കുറിപ്പിന്റെ ഫോട്ടൊസ്റ്റാറ്റും വാങ്ങിയിയിട്ട് ‘പിന്നെ കാണാം’ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ് തിരിച്ച് കാറിൽ കയറിയപ്പോൾ കുഞ്ചു പ്രഖ്യാപിച്ചു,
“ഇനി പെണ്ണ്‌കാണാൻ പോകുന്ന വീട്ടിൽ അജിത്തിനെ കയറ്റില്ല, കാറിൽ ഇരുന്നാൽ മതി”

                              പിന്നിട് പോയത് അമ്മയും രണ്ട് മക്കളും മാത്രമുള്ള ഒരു വീട്ടിലാണ്, ചെറിയ കുടുംബം സന്തുഷ്ട കുടുംബം. ഭർത്താവിന്റെ മരണത്തോടെ ഗൃഹഭരണം പൂർണ്ണമായി ഏറ്റെടുത്ത ആ അമ്മയുടെ മൂത്തമകളെയാണ് കുഞ്ചു രണ്ടാമതായി കാണാൻ പോയത്. കൊച്ചുവീടാണെങ്കിലും അതിന്റെ അടുക്കും ചിട്ടയും വൃത്തിയും വെടിപ്പും ചേർന്ന്, പെണ്ണ് കാണാൻ വന്നവരെ ആശ്ചര്യപ്പെടുത്തി. അവർ പതുക്കെ വരാന്തയിൽ കയറിയിട്ട് കോളിംഗ് ബെൽ ക്ലിക്ക് ചെയ്തപ്പോൾ ഉള്ളിലെവിടെയോ നിന്ന് ഒരു കിളി ചിലച്ചു. ഒപ്പം പ്രായമുള്ള ഒരു സ്ത്രീ വെളിയിൽ വന്ന് അവരോട് ചോദിച്ചു, “നിങ്ങൾ ആ രാഗിണിയമ്മ പറഞ്ഞ ആളാണോ?”
“രാഗിണിയമ്മയോ? അതാരാ?”
“അത് ഇന്നൊരു കൂട്ടർ മോളെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. അപ്പോൾ നിങ്ങൾ?”
“ഞങ്ങൾ വന്നത് ഈ കുഞ്ചുവിന്‌വേണ്ടി പെണ്ണ് കാണാനാണ്. ഇവിടെ ഒരു കുട്ടിയുണ്ടെന്ന് അറിയാൻ കഴിഞ്ഞു, മകളിവിടെ ഇല്ലെ?”
പെണ്ണിന്റെ അഡ്രസ്സ് പറഞ്ഞത് ആരാണെന്ന്, അവരോട് പറഞ്ഞില്ല.
“ഒരു മാസം‌മുൻപ് അവൾക്ക് വില്ലേജാപ്പീസിൽ ക്ലാർക്കായി ജോലികിട്ടി, ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് ഇവിടെയുണ്ട്. ഞാൻ വിളിക്കാം”
അവർ മകളെ വിളിക്കാൻ അകത്തേക്ക് പോയി. അഞ്ചാമൻ അജിത്തിനെ വണ്ടിയിൽ തന്നെ ഇരുത്തിയതിനാൽ കുഞ്ചു ഒഴികെയുള്ള മൂന്ന്‌പേർ പരിസരനിരീക്ഷണത്തിനായി മുറ്റത്തും തൊട്ടടുത്ത കിണറ്റിൻ കരയിലും കറങ്ങാൻ തുടങ്ങി. ഭാവിയിൽ ഈ വീടും വീട്ടുകാരും തന്റെ ഭരണത്തിൻ കീഴിൽ വരുമല്ലൊ എന്നോർത്ത് പെണ്ണിനെ കാണേണ്ടവൻ വരാന്തയിൽ തന്നെ ഇരിപ്പാണ്. അകത്ത് തട്ടലും മുട്ടലും കേൾക്കാം, പെട്ടെന്ന് ചായ ഉണ്ടാക്കിയിട്ട് അണിഞ്ഞൊരുങ്ങാൻസമയം വേണമല്ലൊ.

അപ്പോൾ ഉള്ളിൽ നിന്നൊരു കിളിമൊഴി,
“അമ്മെ ആരാണ്? ആരായാലും ഈ വേഷത്തിൽതന്നെ ഞാൻ പുറത്തിറങ്ങും”
പെണ്ണിന്റെ ശബ്ദമാവാം. അപ്പോൾ അമ്മയുടെ ഡയലോഗ്,
“നീ മാക്സിയിൽ‌തന്നെ വെളിയിലിറങ്ങിയാലും എനിക്കൊന്നുമില്ല, ഇത്രേം കാലം ഇവനൊക്കെ എവിടായിരുന്നു? ഇപ്പം ഒരു ജോലിയായി ശമ്പളം വാങ്ങുന്നു എന്നറിയുമ്പോൾ എത്രയെണ്ണത്തിനെയാ കെട്ടിയെടുക്കുന്നത്”
കൂടുതൽ കേൾക്കുന്നതിന് മുൻപ് കുഞ്ചു ഇറങ്ങി നടക്കുന്നത് കണ്ട് പിന്നാലെ മറ്റുള്ളവരും ഒപ്പമെത്തി,
“അല്ല നീയെങ്ങോട്ടാ? പെണ്ണിനെ കാണണ്ടെ?”
“ഇതൊന്നും ശരിയാവില്ല, കല്ല്യാണം കഴിക്കുന്നതിന് മുൻപെ ഈ ഭദ്രകാളിത്തള്ള ഇങ്ങനെയാണെങ്കിൽ കഴിഞ്ഞാൽ എങ്ങനെയായിരിക്കും? നിങ്ങള് വാടാ”
ഇടവഴിയിൽ നിർത്തിയ കാർ സ്റ്റാർട്ട് ചെയ്യുമ്പോഴും ആ വീട്ടിനകത്തുനിന്ന് ആ‍രും വെളിയിൽ വന്നില്ല.

നേരെ പോയത് അല്പം അകലെയുള്ള മൂന്നാമത്തെ വീട്ടിൽ.
                          വണ്ടി തുറന്ന ഗെയ്റ്റ്‌കടന്ന് വീട്ടുമുറ്റത്ത് എത്തിയപ്പോൾ കണ്ടു, വരാന്തയിലിരുന്ന് ഒരു പത്താം ക്ലാസ്സുകാരൻ പയ്യൻ പത്രം വായിക്കുന്നു. നാല് യുവാക്കൾ വീട്ടിലേക്ക് വരുന്നത് കണ്ടപ്പോൾ അവൻ പതുക്കെ എഴുന്നേറ്റ് അവരെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു,
“അങ്കിളും മാമിയും ഇവിടെയില്ല, ഞാൻ ചേച്ചീനെ വിളിക്കാം”
വീടും അന്തരീക്ഷവും കണ്ടപ്പോൾ കുഞ്ചുവിന്റെ മുഖം തെളിഞ്ഞു, വലിയ ബിസിനസ് കാരാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.    
                       നിമിഷങ്ങൾ ഓരോന്നായി കഴിഞ്ഞു. ചേച്ചിയും ഇല്ല, വിളിക്കാൻ പോയവനെയും കാണാനില്ല. അങ്ങനെ ചിന്തിച്ച് നിൽക്കെ അകത്തുനിന്നും ഒരു ചൂരീദാർ അണിഞ്ഞ സുന്ദരിയായ പെൺ‌കുട്ടി രംഗപ്രവേശനം ചെയ്തു, ഒപ്പം ആ പയ്യനും ഉണ്ട്.
“അച്ഛനും അമ്മയും ഇവിടെയില്ല”
“അതൊന്നും സാരമില്ല, നമ്മൾ കുസുമശ്രീയെ പെണ്ണ്‌കാണാൻ വന്നതാണ്; ഇയാളാണ് വരൻ”
“കുസുമശ്രീ ഞാൻ തന്നെയാ, എല്ലാവരും ഇരിക്ക്, കാപ്പി എടുക്കട്ടെ”
                         അവൾ അകത്തേക്ക് പോയപ്പോൾ കൂടെയുള്ള പയ്യൻ എല്ലാവരെയും സ്വീകരണമുറിയിലേക്ക് ആനയിച്ചു. വളരെ നല്ല വലിയൊരു വീട്, നല്ല ചുറ്റുപാടുകൾ; ഇതോടുകൂടി കുഞ്ചുവിന്റെ പെണ്ണന്വേഷണം ലക്ഷ്യത്തിലെത്തിയതായി എല്ലാവർക്കും തോന്നി. മുറിയിലെ അലങ്കാരങ്ങൾ ഓരോന്നായി നോക്കിയിരിക്കെ കൂടെയുള്ളവനോട് വീട്ടുകാര്യങ്ങൾ ഓരോന്നായി ചോദിക്കാൻ തുടങ്ങി. അമ്മാവനെ കാണാനായി അവൻ രാവിലെതന്നെ വന്നപ്പോഴേക്കും അവർ ബാങ്കിലേക്ക് പോയതുകൊണ്ട് ഇവിടെയിരിക്കുകയാണ്. വീട്ടിലെ രഹസ്യങ്ങൾ പരമാവധി ചോർത്തിയെടുക്കാൻ പരിശ്രമിച്ചെങ്കിലും കുഞ്ചുവിന് കാര്യമായി ഒന്നും ലഭിച്ചില്ല.
                         പെണ്ണ് ചായയുമായി എത്തിചേർന്നപ്പോൾ മറ്റുള്ളവർ ചായകുടിച്ച് വെളിയിലേക്കിറങ്ങി. ആ നേരത്ത് കുഞ്ചുവിന് പലതും സംസാരിക്കാൻ കാണുമല്ലൊ; അങ്ങനെ കാര്യങ്ങളെല്ലാം പറഞ്ഞ്, തിരിച്ചുപോകാൻ നേരത്താണ് പെണ്ണിന്റെ അച്ഛനും അമ്മയും കാറിൽ വന്നിറങ്ങിയത്. അതോടെ അവരുമായി പരിചയപ്പെട്ട് ജാതകക്കുറിപ്പുകളൊക്കെ വാങ്ങി, ‘ഇനിയും വിളിക്കാം കാണാം’ എന്ന് ഉറപ്പ് നൽകിയിട്ട് പിരിഞ്ഞു.

                         തിരികെ കാറിൽ കയറിയപ്പോൾ എല്ലാവർക്കും പതിവിൽ കവിഞ്ഞ ആഹ്ലാദം; ഇത് ഏതാണ്ട് ഉറച്ച മട്ടാണ്. കുഞ്ചുവിന് പെണ്ണിനെയും പെണ്ണിന് കുഞ്ചുവിനെയും ഇഷ്ടപ്പെട്ടിരിക്കുന്നു. അങ്ങനെ വീട്ടിലേക്ക യാത്ര ചെയ്യവെ പെട്ടെന്ന് അവൻ പറയാൻ തുടങ്ങി,
“നിർത്ത്, നിർത്ത്; ഇത് ശരിയാവില്ല, ഈ പെണ്ണ് വേണ്ട”
“മിണ്ടാതിരുന്നോളണം, അവിടെപോയി അവർക്ക് ഉറപ്പും കൊടുത്തിട്ട്; നീയെന്നാടാ കുറ്റം കണ്ടുപിടിച്ചത്?”
“അത് ആ പയ്യനില്ലെ അവളുടെ മച്ചുനൻ,,,”
“നമ്മൾ ആ വീട്ടിൽ എത്തുമ്പോൾ ആ മച്ചുനനും പെണ്ണും മാത്രമല്ലെ ആ വീട്ടിലുണ്ടായത്”
 “അവൻ പത്താം‌തരം പഠിക്കുന്നവനല്ലെ?”
“എന്നാലും അവൾ അവന്റെ മുറപ്പെണ്ണല്ലെ?”
“എന്റെ ദൈവമേ,,, നീയെന്താടാ ഉദ്ദേശിക്കുന്നത്?
“ഈ പെണ്ണിനെ എനിക്ക് വേണ്ട, പകലാണെങ്കിലും മച്ചുനന്റെ കൂടെ വീട്ടിൽ ഒറ്റക്ക് ഒരു പെണ്ണ്”
“അത്,,,,,”
കുഞ്ചുവിനെ വീട്ടിലിറക്കി തിരിച്ചുപോരുമ്പോൾ മറ്റുള്ളവർ പറഞ്ഞു,
“എടാ നീ ഒരു കാലത്തും പെണ്ണ് കെട്ടില്ല; അതുകൊണ്ട്, ഇനി പെണ്ണ് കാണാൻ പോകണ്ട”

6.7.11

ഗർഭ…ശ്രീമാൻ

                            ഏറെ നേരത്തെ കാത്തിരിപ്പിന്റെ ഒടുവിൽ പേര് വിളിച്ചപ്പോൾ, ആദ്യം ഭർത്താവും പിന്നാലെ അവളും പതുക്കെ എഴുന്നേറ്റു. ആലസ്യത്താൽ അമർന്നിരിക്കുന്ന ഗർഭിണികളെയും, അവരുടെ വയറ്റിലുറങ്ങുന്ന കുഞ്ഞുങ്ങളെയും ശല്യപ്പെടുത്താതെ, അവളെ മുന്നിൽ നടത്തിക്കൊണ്ട്, തൊട്ട് പിന്നിലായി ആയാളും കൺസൽട്ടിംഗ് റൂമിലേക്ക് പ്രവേശിച്ചു. അകത്തിരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ഗൈനക്കോളജിസ്റ്റ്, ‘ഡോ. സുമംഗലി BSc, MBBS, DGO’ തലയുയർത്താതെ പറഞ്ഞു,
“അപർണ്ണ വിശ്വനാഥൻ 19 വയസ്സ്,,,”
“അതെ”
                          കേട്ടത് ആണിന്റെ ശബ്ദമായതിനാലാവണം ഡോക്റ്റർ തലയുയർത്തി നോക്കി, പിന്നെ തൊട്ടടുത്ത് ഇരിക്കാനായി അവൾക്ക് സൂചനനൽകി. അപർണ്ണ ഡോക്റ്ററുടെ സമീപത്ത് ഇരുന്നപ്പോൾ എതിർ‌വശത്തുള്ള കസേരയിൽ, ഭരണകക്ഷിയിലെ നേതാവിനെപ്പോലെ ഇരുന്നുകൊണ്ട് വിശ്വനാഥൻ പറഞ്ഞു,
“ഞാൻ വിശ്വനാഥൻ, ഇത് എന്റെ വൈഫ് അപർണ്ണ”

അവളെ മൊത്തമായി നിരീക്ഷച്ചതിനുശേഷം ഡോക്റ്റർ ചോദിച്ചു,
“ലാസ്റ്റ് പിരീഡ് എപ്പോഴായിരുന്നു?”
“അത്,,”
ഭാര്യ കൂടുതൽ പറയുന്നതിന് മുൻപ് ഭർത്താവ് പറയാൻ തുടങ്ങി,
“അത്, ലാസ്റ്റ് പിരീഡ് എല്ലാദിവസവും 3.25 മുതൽ 4മണി വരെയാണ്; പിന്നെ വെള്ളിയാഴ്ചമാത്രം,,, 
ഡോക്റ്റർ അത് ചോദിക്കുന്നത്?,,,”
ഉള്ളിൽ‌നിന്നും പൊങ്ങിവരുന്ന ചിരിയമർത്തിക്കൊണ്ട് ഡോക്റ്റർ പറഞ്ഞു,
“താങ്കൾ ഒരു സ്ക്കൂൾ മാഷായിരിക്കും, അല്ലെ? ഞാൻ ചോദിച്ചത് മെൻസസ് പിരീഡിനെക്കുറിച്ചാണ്. അപർണ്ണയുടെ ലാസ്റ്റ് മെൻസസ് ഡെയ്റ്റ്?”
“മാർച്ച്”
അവൾ പറയുന്നതിനു മുൻപ് ആയാൾ ബാക്കി പൂരിപ്പിച്ചു,
“11. 3. 2011ന് വെള്ളിയാഴ്ച രാത്രി 11 മണിക്ക്,,,, പിന്നെ ഞാൻ വിചാരിച്ചു,,,”
“അതുവരെ നോർമലാണോ?”
“ഇതുവരെയും ഇവൾ നോർമൽ തന്നെയാ ഡോക്റ്ററെ”
“ഞാൻ പറഞ്ഞത് പിരീഡ്സ് നോർമലാണോ എന്നാണ്”
“കല്ല്യാണത്തിനുശേഷം കഴിഞ്ഞ മാർച്ച്‌വരെ അതെല്ലാം വളരെ നോർമൽ തന്നെയാണ് ഡോക്റ്റർ, അതിന് മുൻപത്തെക്കാര്യം എനിക്കറിയില്ല”
“അപ്പോൾ മൂന്ന് മാസമായല്ലൊ?”
“ആയിരിക്കണമല്ലൊ”
ഡോക്റ്ററുടെ ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞു.

“അപർണ്ണക്ക് ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും പ്രയാസം?”
ഡോക്റ്റർ അപർണ്ണയെ നോക്കി ചോദ്യം തുടർന്നു.
“അത് ഡോക്റ്റർ എനിക്ക് ചർദ്ദി
ബാക്കി പറഞ്ഞത് അയാളാണ്,
“എന്റെ ഡോക്റ്ററെ ചർദ്ദി എന്ന്‌വെച്ചാൽ,,, ഇങ്ങനെയൊരു വാള് എന്റെ ജീവിതത്തിലിതുവരെ കണ്ടിട്ടില്ല. ചോറ് അടുപ്പത്ത്‌നിന്ന് തിളക്കാൻ തുടങ്ങുമ്പോൾ തുടങ്ങും ഇവളുടെയൊരു ഒടുക്കത്തെ ചർദ്ദി, പിന്നെ സാമ്പാറ് വെച്ചാലുള്ള കാര്യം പറയാത്തതാ നല്ലത്. മനുഷ്യനെ മെനക്കെടുത്തുന്ന ഈ വക കാര്യങ്ങളൊന്നും മറ്റാർക്കും ഉണ്ടായിട്ടില്ലെന്നാ എന്റെ അമ്മ പറഞ്ഞത്”
“എന്തൊക്കെയാ ഡയറ്റ്?”
“ഈ ഡയറ്റിനെക്കൊണ്ട് ടീച്ചേർസിന് ദോഷമല്ലാതെ, ഒരു ഗുണവും ഉണ്ടായിട്ടില്ല; പിന്നെ ‘ടി.എ’ പണമായിട്ട് കൈയിൽ കിട്ടുന്നതുകൊണ്ട് ക്ലാസ്സിൽ പങ്കെടുക്കുന്നു, എന്ന്‌മാത്രം”
“എന്തൊക്കെയാ പറയുന്നത്? അപർണ്ണയുടെ ഭക്ഷണക്കാര്യമാണ് ചോദിച്ചത്”
“ഓ അതാണോ? പച്ചമാങ്ങയും ചിക്കൻ ഫ്രൈയും വേണമെന്ന് എപ്പോഴും പറയും”
“എന്നിട്ട് അതൊക്കെ കഴിക്കാറുണ്ടോ?”
“അതൊക്കെ എങ്ങിനെ കഴിക്കാനാണ്? പച്ചമാങ്ങ വീട്ടിലെ മാവ്‌നിറയെ ഉള്ളത് കൊതിയോടെ നോക്കാറുണ്ടെങ്കിലും, മാവിൽ കയറാൻ ആളില്ലാത്തതുകൊണ്ട് ഇതുവരെ കിട്ടിയിട്ടില്ല. പിന്നെ എന്റെ അമ്മക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് ചിക്കൻ പോയിട്ട്, നമ്മുടെ നാടൻമത്തിപോലും വീട്ടിനകത്ത് കടത്തിയിട്ടില്ല”
“അപ്പോൾ ഇങ്ങനെയുള്ള നേരത്ത് അമ്മയുടെ ഇഷ്ടമാണോ നോക്കേണ്ടത്?”
“മക്കൾ, അമ്മപറയുന്നത് അനുസരിച്ചല്ലെ ജീവിക്കേണ്ടത്. എന്റെ അമ്മ എട്ട് പെറ്റതാ, അവർക്കൊന്നും ഒരു പ്രയാസവും ഉണ്ടായിട്ടില്ല. ഇവൾക്കാണെങ്കിൽ തുടക്കത്തിലെ ഓരോ പ്രശ്നങ്ങളാണ്”
“എന്നാൽ‌പിന്നെ ഒൻപതാമതായി ഇതും പ്രസവിക്കാൻ അമ്മയോട് പറഞ്ഞുകൂടായിരുന്നോ?”
ഡോക്റ്റർ പറഞ്ഞത് അയാൾക്ക് മനസ്സിലായില്ലെങ്കിലും മനസ്സിലായി.

“അപർണ്ണക്ക് എന്തെങ്കിലും പ്രയാസം ഉണ്ടായൊ?”
“അവൾക്കെന്ത് പ്രയാസം? പ്രയാസമൊക്കെ എനിക്കല്ലെ; കാല് വേദന, കൈ വേദന, പുറം വേദന എന്നൊക്കെ പറയുന്നതുകൊണ്ട് സമയത്ത് ഭക്ഷണംതരുന്നില്ല, വസ്ത്രങ്ങൾ അലക്കി ഇസ്ത്രി വെക്കുന്നില്ല,,, പിന്നെ,, എന്റെ കാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയുമില്ല. ഞാനൊരാണല്ലെ ഡോക്റ്റർ?”
“ആണാല്ലൊ, അതുകൊണ്ട് അപർണ്ണക്ക് ശാരീരികവിഷമങ്ങൾ എന്തെങ്കിലും?”
“അത് അവളുടെ ഇടത്തെകാലിൽ അല്പം നീര് വന്നിട്ടുണ്ട്, നടക്കുമ്പോൾ വലതുകാൽമുട്ട് വേദനയും ഉണ്ട്”
അയാൾ സ്വന്തം കാൽമുട്ട് കാണിച്ചുകൊണ്ട് പറഞ്ഞു.
“അനക്കം തോന്നാറുണ്ടോ?”
“രാത്രിനേരത്ത് വെളിയിലെന്തെങ്കിലും അനക്കമുണ്ടായാൽ ഉടനെ എഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്യുന്ന സ്വഭാവം ഇവൾക്ക് പണ്ടേയുണ്ട്”
“ഞാൻ ചോദിച്ചത് വയറ്റിൽ കുട്ടിയുടെ ചലനം ഉണ്ടോ, എന്നാണ്”
“ഓ അതാണോ?”
അയാൾ ഇടതുകൈകൊണ്ട് സ്വന്തം വയർ തടവിയിട്ട് പറയാൻ തുടങ്ങി,
“രാത്രിയിൽ കിടന്നിട്ട്, ഉറക്കം വരാൻ തുടങ്ങുമ്പോൾ അടിവയറ്റിന്റെ വലതുവശത്ത് നേരിയ അനക്കം ഉണ്ടാവും. പിന്നെയത് ഇടതുവശത്തേക്ക് പതുക്കെ സഞ്ചരിക്കും, അങ്ങോട്ടും ഇങ്ങോട്ടുമായി മൂന്ന് തവണ. പിന്നെ താഴോട്ട് ചെറിയ മുഴപോലെ ഇടയ്ക്കിടെ, ദെ,, ഇങ്ങനെ പൊങ്ങും. മൂന്ന് മാസമായപ്പോഴെ പയ്യൻ ഫുഡ്‌ബോൾകളി പരിശീലിക്കുകയാ,,, ഡോക്റ്റർ ഇങ്ങനെ എല്ലാവർക്കും ഉണ്ടാവുമോ?”
“ഉണ്ടാവണമല്ലോ,,, അതെല്ലാം നല്ല ലക്ഷണങ്ങളാണ്. ഇനി ഞാനൊന്ന് പരിശോധിക്കട്ടെ,”
ഡോക്റ്റർ എഴുന്നേറ്റ് കൈകഴുകി; പിന്നീട് ഒരു പുതുപുത്തൻ കൈയ്യുറ പുറത്തെടുത്തിട്ട് വലതുകൈ ആ ഉറക്കുള്ളിൽ കടത്തിയശേഷം ഭാര്യയോട് പറഞ്ഞു,
“അപർണ്ണ അല്പസമയം വെളിയിൽ നിൽക്ക്,,, വിശ്വനാഥൻ ഈ ടേബിളിൽ കിടന്നാട്ടെ, ”
“അത്,,, ഞാനെന്തിനാ ഡോക്റ്ററെ?”
അയാൾക്ക് സംശയമായി.
“ആദ്യം കുഞ്ഞിന്റെ കിടപ്പ് ശരിയാണോ എന്ന് നോക്കട്ടെ, സ്കാൻ ചെയ്യുന്നതൊക്കെ പിന്നീടാവാം”