16.12.17

പ്രണയപരവശനായ്          പൊടിപൊടിച്ച മൊബൈൽ പ്രേമത്തിന്റെ ഒടുവിൽ അവളെ സ്വന്തമാക്കാൻ അവൻ തയ്യാറായി. വലിയവീടും അനേകം വാഹനങ്ങളുമുള്ള വീട്ടിൽ ജീവിച്ചവൾ ഇനിയങ്ങോട്ട് ജോലിയും കൂലിയും ഇല്ലാത്തവന്റെ ഭാര്യയായി ചെറ്റക്കുടിലിൽ ജീവിക്കാൻ തയ്യാറായിരിക്കുന്നു,, അതാണ് പ്രേമത്തിന്റെ ശക്തി. എല്ലാം അറിഞ്ഞുകൊണ്ട് അവനെ പ്രേമിക്കുന്നവളെ പോലെയാവണം പെൺ‌കുട്ടികൾ. ഏതുനേരത്തും ഇറങ്ങിവരാൻ തയ്യാറാണെന്ന് പലതവണ പറഞ്ഞതാണല്ലൊ,,,


          അവളുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ ദേഹമാസകലം ഒരു വിറയൽ പടർന്നുകയറി. കൊട്ടാരം പോലുള്ള വീടിനുമുന്നിൽ ചലിക്കുന്ന ചെറിയകൊട്ടാരം പോലുള്ള മൂന്ന് വണ്ടികൾ നിർത്തിയിട്ടുണ്ട്. ഏത് വണ്ടിയിലായിരിക്കും അവൾ വരുന്നത്?

അവൻ മൊബൈൽ തുറന്ന് ക്ലിക്കി,

“ഹലോ,, രാജി ഇത് ഞാനാ നിന്റെ അനിക്കുട്ടൻ,,”

“ഡാ കുട്ടാ, നീയിപ്പം എവിടെയാ?”

“ഞാനിപ്പം നിന്റെ വീടിന്റെ എതിർ‌വശത്തുള്ള പെട്ടിക്കടയുടെ അടുത്തുണ്ട്, നീയെപ്പൊഴാ വരിക?”

“ഞാനിതാ പുറപ്പെടുകയായി”

“പിന്നെ വീട്ടുകാരൊന്നും അറിയില്ലല്ലൊ”

“വീട്ടിലിപ്പം പ്രായമായ മുത്തശ്ശി മാത്രമേയുള്ളു,,, നീയവിടെ നിന്നോ, ഞാനെത്തി,,”

“പിന്നെ നീയെല്ലാം എടുത്തിട്ടില്ലെ?”

“അതുപിന്നെ എനിക്കുള്ളതെല്ലാം എടുത്തിട്ടുണ്ട്, ഇവിടെയെന്തിനാ വെക്കുന്നത്?”

“നമുക്ക് നാളെത്തന്നെ വിവാഹം രജിസ്റ്റർ ചെയ്യാം”

“അതുതന്നെയാ എന്റെയും അഭിപ്രായം, ആരെയും പേടിക്കണ്ടല്ലൊ”


        വീട്ടിലേക്ക് നോക്കിയിരിക്കെ അവൾ വരുന്നതു കണ്ടപ്പോൾ അവന്റെ ഹൃദയം പടപടാന്ന് അടിക്കാൻ തുടങ്ങി. ‘സ്വന്തമായൊരു വീടോ ബന്ധുക്കളൊ ഇല്ലാത്തവൻ കോടീശ്വരിയായി ജീവിച്ച പെൺകുട്ടിയെ എങ്ങനെയാണ് പോറ്റുക’യെന്ന ചിന്ത ഉയർന്നപ്പോൾ അവനാകെ അങ്കലാപ്പിലായി. കൊട്ടാര സമാനമായ വീട്ടിൽ കോടീശ്വരിയായി ജീവിച്ചവൾക്ക് തന്നെപ്പോലുള്ള പാവപ്പെട്ടവന്റെ ഭാര്യയായി ജീവിക്കാനാവുമോ? മനസ്സുകൾ തമ്മിലുള്ള മറയില്ലാത്ത പ്രേമം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവും എന്നവൻ ആശ്വസിച്ചുകൊണ്ടിരിക്കെ വിടർന്ന ചിരിയുമായി അവൾ വന്നു,

“ചെക്കാ, നീ വന്നിട്ട് കൊറേ നേരായോ?”

അവളെ നോക്കിയിരെക്കെ മറുപടി പറയാൻ മറന്നു,

“നീയെന്താടാ മിണ്ടാത്തെ? വാ?”

“എങ്ങോട്ട്?”

“നിന്റെ വീട്ടിലേക്ക്,, നീയല്ലെ പറഞ്ഞത് നിന്റമ്മക്ക് എതിർപ്പൊന്നും ഇല്ലെന്ന്,,”

“ശരി പോകാം,, എല്ലാം എടുത്തിട്ടില്ലെ?”

     മറുപടിയായി ഇടതു കൈയിലെ കനമുള്ള ബാഗ് കൊടുത്തപ്പോൾ അവനത് വലത്തെ ചുമലിലിട്ടു. എന്തൊക്കെയോ കുത്തിനിറച്ച ലേഡീസ് ബാഗുമായി മുന്നിൽ നടക്കുന്ന അവളെ കേശാദിപാദം അവൻ നിരീക്ഷിച്ചു. അവളാകെ അണിഞ്ഞത് സാധാരണ കാണാറുള്ള കമ്മലും ചെറിയൊരു മാലയും മാത്രം. അപ്പോൾ മറ്റുള്ള സ്വർണ്ണമൊക്കെ ബാഗിനകത്ത് ആയിരിക്കും അതാണവൾ മുറുകെ പിടിച്ചിട്ടുള്ളത്, കുറഞ്ഞത് നൂറ് പവനെങ്കിലും ഉണ്ടാവും. പിന്നെ പണമൊക്കെ ഭാരമുള്ള ഈ ബാഗിനകത്തായിരിക്കും. ഭാവിയിൽ അടിച്ചുപൊളിച്ചു ജീവിക്കാനുള്ളതൊക്കെ എടുത്തിട്ടുണ്ടാവുമല്ലൊ. വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാനാ‌വണം ആഭരണമൊന്നും അണിയാഞ്ഞത്. എന്നാലും കോടീശ്വരിയായ പെൺകുട്ടി ഇനിയങ്ങോട്ട് കുടിലിലാണല്ലൊ ജീവിക്കേണ്ടത് എന്നോർക്കുമ്പോൾ,,, അതാണല്ലൊ പ്രേമത്തിന്റെ ശക്തി. അവൻ ചോദിച്ചു, 

“എന്റെ ചക്കര ഇറങ്ങിയത് വീട്ടിലാരും അറിഞ്ഞില്ലല്ലൊ,,”

“പിന്നെ അറിയാതെ എങ്ങനെയാ?”

“ആരെങ്കിലും അന്വേഷിച്ച് വന്നാൽ കുഴപ്പമാവില്ലെ?”

“എന്തു കുഴപ്പം?”

“പോലീസിൽ അറിയിച്ചാലോ?”

“പോലീസിനെ അറിയിക്കേണ്ടതില്ലല്ലൊ, കണക്കുപറഞ്ഞ് ഒഴിവായിട്ടാണ് ഞാനിറങ്ങിയത്”

“അപ്പോൾ ഇനി?”

“ഇനി നിന്റെ വീട്ടിൽ പോകാം, എന്നിട്ട് വിവാഹം കഴിക്കാമല്ലൊ”

“എന്നാലും നിന്റെ വീട്ടുകാർ അന്വേഷിച്ച് വന്നാലോ? പൊന്നും പണവുമൊക്കെ എടുത്തിട്ട്?”

“അന്വേഷിച്ചു വരാൻ മാത്രം ബന്ധുക്കളാരും എനിക്കില്ല. പിന്നെ പണമൊക്കെ അവിടെന്ന് ഇറങ്ങുമ്പോൾ കണക്കുപറഞ്ഞ് വാങ്ങിയ എന്റെ സ്വന്തം പണമാണ്”

“കണക്കു പറഞ്ഞ് വാങ്ങാനോ? അതെങ്ങനെയാ വീട്ടുകാർ സമ്മതിച്ചൊ?”

“കണക്കെല്ലാം പറഞ്ഞിട്ട് ഒഴിവായതുകൊണ്ട് അടുക്കളപ്പണി ചെയ്യാനായി അവർ മറ്റൊരു ഹോം‌‌നേഴ്സിനെ വിളിക്കും. നമുക്ക് നമ്മുടെ കാര്യം”

“ഹോം‌‌‌നേഴ്സ്??”

“ഹോം‌‌‌നേഴ്സിനിപ്പോൾ നല്ല ഡിമാന്റാണ്. കല്ല്യാണത്തിനുശേഷം നിനക്കിഷ്ടമാണെങ്കിൽ മറ്റേതെങ്കിലും വീട്ടിൽ ഹോം‌നേഴ്സായി എനിക്ക് പോകാമല്ലൊ”

“അപ്പോൾ ഈ ബാഗിലൊക്കെ?”

“ബാഗിനകത്തുള്ളത് എന്റെ ഡ്രസ്സ്,, എടാ നീയെന്താ വിചാരിച്ചത്?”

“ഒന്നുമില്ല,, ഞാനിവിടെയൊന്ന് ഇരിക്കട്ടെ”

*******

19.7.17

പണം വരുന്ന വഴികൾ

                   സുഹൃത്തുക്കളുമൊത്ത് അതിമഹത്തായ സായാഹ്നം അടിച്ചുപൊളിച്ചശേഷം വീട്ടിലേക്ക് വന്ന അനിക്കുട്ടൻ വെളിയിലാരെയും കണ്ടില്ല. എപ്പോഴും വഴക്കുപറയുന്ന മമ്മി അറിയാതെ, കാണാതെ അവൻ അടുക്കളവാതിലിലൂടെ അകത്തുകയറി നേരെനടന്ന് സ്റ്റോർ‌മുറിയിൽ ഒളിച്ചിരുന്നു.
           അപ്പോഴാണ് അവനൊരു അടിപൊളി കാഴ്ച കണ്ടത്; ഡൈനിംഗ്‌റൂമിൽ മമ്മിയോടൊപ്പം പരിചയമില്ലാത്ത ഒരു പുരുഷൻ!!!

          ഇനിയെന്ത് ചെയ്യണമെന്ന് ചിന്തിച്ചിരിക്കെ ഗെയിറ്റുകടന്ന് വരുന്ന പപ്പയുടെ കാറിന്റെ ഹോണടിശബ്ദം. ആനിമിഷം മമ്മി വരാന്തയിലേക്ക് ഓടിയപ്പോൾ കൂടെയുള്ള ആൾ അകത്തേക്ക് ഓടിയിട്ട് നേരെ സ്റ്റോർ‌റൂമിൽ കടന്ന് ഒളിച്ചിരുന്നു. മങ്ങിയ വെളിച്ചം ശരിക്കും തെളിഞ്ഞ നേരത്ത് നേരെ മുന്നിൽ ഇരുന്നുകൊണ്ട്, തന്നെ നോക്കുന്ന അനിക്കുട്ടനെ കണ്ടപ്പോൾ അയാളൊന്ന് ഞെട്ടി,, ശരിക്കും ഞെട്ടി.,,
‘എന്റെ ദൈവമേ,,’

തലയിൽ കൈരണ്ടും വെച്ചുകൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു,
“മോനേ അനിക്കുട്ടാ, ചതിക്കല്ലെ,,, നിനക്കെന്തു വേണമെങ്കിലും തരാം”
“ഒന്നും വേണ്ട, പപ്പ വന്നു,,, ഞാൻ പുറത്തേക്ക് പോവുകയാ”
“അയ്യോ കുട്ടാ മുത്തേ,, ഞാനിവിടെയുള്ള കാര്യം പറയല്ലെ; മോനെത്ര പണം വേണം?”
“എത്ര തരും?”
“നൂറ്”
“വെറും നൂറോ? ഞാൻ പോവുകയാ”
“അങ്ങനെ പോവല്ലെ, ആയിരം തരാം”
“ആയിരം മാത്രമോ?”
“എന്നാൽ പതിനായിരം”
“ആർക്കുവേണം പതിനായിരം?”
“പിന്നെ എത്രവേണമെന്ന് എന്റെ കുട്ടൻ പറ”
“ഒരു ലക്ഷം”
“ഒരു ലക്ഷമോ?”
“ഒരു ലക്ഷത്തിന് ഒരു രൂപപോലും കുറയില്ല, ഇപ്പോൾ അഡ്‌വാൻസ് കൈയിലെത്രയുണ്ട്?”
“ഇപ്പോൾ പത്തായിരം തരാം,, മോന്റെ മമ്മിക്ക് കൊടുക്കാൻ കൊണ്ടുവന്നതാ”
“അപ്പോൾ ബാക്കി”
“ബാക്കി അടുത്തതവണ,, പണം തന്നിട്ട് തടി രക്ഷപ്പെടുത്താൻ നോക്ക്”

      ഏതാനും ദിവസങ്ങളായി അനിക്കുട്ടന്റെ അടിപൊളി ജീവിതം കണ്ടപ്പോൾ മമ്മിക്കും പപ്പക്കും സംശയം പെരുത്തു. ഈ ചെക്കനെന്ത് പറ്റി? അടിച്ചുപൊളിക്കാൻ ഇത്രമാത്രം പണം അവന്റെ കൈയിൽ എങ്ങനെ വന്നൂ,,,?
സംശയം പെരുകിയ മമ്മി പപ്പയോട് കല്പിച്ചു,
“എന്റെ കുട്ടന്റെ അച്ഛാ, നമ്മുടെ പൊന്നാരമോൻ പിഴച്ചുപോയോ എന്നൊരു സംശയം. നിങ്ങളൊന്ന് അവനെ ചോദ്യം ചെയ്ത് ഉത്തരം പിഴിഞ്ഞെടുത്താട്ടെ”
“ശരി ഭാര്യെ,, ഞാനവനെ ഉത്തരത്തിൽ കെട്ടിത്തൂക്കി ഉച്ചിയിൽ മുളകുപൊടി തേച്ചുപിടിപ്പിക്കാം. കൊച്ചു കുട്ടിയായിട്ടും അവന്റെ കൈയിൽ പണം വരുന്ന വഴികൾ അറിയണമല്ലൊ,,”

       മർദ്ദനമുറകൾക്കു മുന്നിൽ തൊപ്പിയിട്ട സ്വന്തം പിതാവ് അവനെ ആൾട്ടോയിൽ കയറ്റി യാത്രയായി,, നേരെ മനശാസ്ത്ര കൌൺസിലറുടെ അടുത്തേക്ക്,,,
പിതാവും പുത്രനും മുറിയിൽകടന്ന് ഇരുന്നശേഷം കൌൺസിലറെ നോക്കി,,,
കൌൺസിലർ അനിക്കുട്ടനെ ഒന്നു നോക്കിയതെ ഉള്ളു,,
തലയിൽ കൈവെച്ചുകൊണ്ട് പുറത്തേക്ക് ഓടുന്നതിനിടയിൽ അയാൾ വിളിച്ചുപറഞ്ഞു,
“എടാ ദുഷ്ടാ,, പത്തായിരം തന്നിട്ടും നീയെന്നെ ജീവിക്കാൻ അനുവദിക്കില്ലേ,,,”
***********************************************

7.4.17

ഉരലും ഉലക്കയും അയൽക്കാരിയും

            
         ഉച്ചകഴിഞ്ഞനേരത്ത് ചട്ടിയും കലവും ഉരച്ചുകഴുകി വെയിലത്ത് ഉണക്കാൻ വെച്ച് നിവർന്നു നോക്കിയപ്പോഴാണ് കാർത്ത്യായെനിയെ കണ്ടത്. കാർത്ത്യായെനി ആരാണെന്നോ? നമ്മുടെ അയൽ‌വാസിനിയാണ്,,, വിദ്യാഭ്യാസം തീരെയില്ലെങ്കിലും വിവരമുള്ളവൾ, ഒരുകലം ചോറ് ഒറ്റയിരിപ്പിന് തിന്നുന്നവൾ,,
മുറ്റത്ത് നിൽക്കുന്ന കാർത്ത്യായെനിയോട് അമ്മ ചോദിച്ചു,
“എന്തിനാ കാർത്തീ നട്ടുച്ചക്ക് വന്നത്? നീ ചോറ് ബെയിച്ചൊ?”
“ചോറെല്ലാം എപ്പളേ അകത്താക്കി,,”
“പിന്നെ നീയെന്തിനാ വന്നത്?”
“ഒലക്ക”
“ഒലക്കയെന്നോ? നിനക്കെന്നോട് എന്തും പറയാമെന്നായോ?”
“ഏടത്തീ ഞാൻ വന്നത് ഇവിടത്തെ ഒലക്കക്കാണ്; ഒലക്ക മാത്രമല്ല ഒരലും വേണം. കൊറച്ച് നെല്ല് കുത്താനുണ്ട്”
“അതിപ്പം നീ ഒറ്റക്ക് തലയില് വെച്ച് കൊണ്ടുപോവ്വോ?”
“അതൊക്കെ ഞാനെടുത്ത് കൊണ്ടുപോകാം. ഒലക്ക കൈയിൽ പിടിച്ചോളും”
“എന്നാല് ഒരല് പൊന്തിച്ച് തലയിൽ വെച്ചുതരാൻ മക്കളെ ആരെയെങ്കിലും വിളിക്കട്ടെ. എനിക്കാണെങ്കിൽ അത് നിലത്തിന്ന് ഉരുട്ടാനല്ലാതെ പൊന്തിച്ച് തലേൽ വെച്ചുതരാനാവില്ല”
                 അടുക്കളയുടെ മൂലയിൽ അമ്മ കാണിച്ചുകൊടുത്ത ഉരല് കാർത്ത്യായെനി ഉരുട്ടി വരാന്തയിൽ കൊണ്ടുവെച്ച് പൊടിയൊക്കെ തുടച്ചുമാറ്റി. ഒപ്പം ഉലക്കയെടുത്ത് അവൾക്ക് നൽകിയിട്ട് അമ്മ പറഞ്ഞു,
“നിനക്ക് ഒരലെടുത്ത് തലയിൽ വെക്കാൻ ഒറ്റക്ക് കഴിയില്ലല്ലൊ. അത് പിടിച്ചുയർത്താൻ മക്കളെ ആരെയെങ്കിലും വിളിക്കട്ടെ. അതുവരെ നീയിവിടെ ഇരിക്ക്”

                അമ്മ നേരെ പോയത് വരാന്തയിലിരുന്ന് റേഡിയോ വാർത്ത കേട്ടുകൊണ്ടിരിക്കുന്ന മൂത്ത മകനെ വിളിക്കാനാണ്,
“മോനേ അപ്രത്തെ കാർത്തിക്ക് നമ്മളെ ഒരല് വേണം‌‌പോലും. ഓള് തലയിൽ‌വെച്ച് കൊണ്ടുപോകും. അതൊന്ന് പൊന്തിച്ച് തലയില് വെക്കാൻ നീയൊന്ന് സഹായിച്ചാട്ടെ”
“അയ്യൊ അമ്മെ, കാർത്തിയേച്ചിയുടെ തലയില് ഉരല് വെക്കുമ്പം അവരെന്നെ നോക്കും. അതുകൊണ്ട് ഞാനില്ല”
               കൂടുതലൊന്നും പറയാതെ അമ്മ അകത്തേക്ക് പോയി; ചെറുപ്പക്കാരനായ മകനെയെങ്ങാനും കാർത്തി വലവീശി പിടിച്ചാലോ? അവളെക്കുറിച്ച് പലതും പറഞ്ഞുകേട്ടതാണ്.
അകത്തുവന്നപ്പോൾ കണ്ടത് പത്തായപുരയിലിരുന്ന് പഠിക്കുന്ന ഇളയ മകളെയാണ്, അതായത് എന്റെ അനുജത്തി. അമ്മ അവളോട് കാര്യം പറഞ്ഞു,
“മോളേ നീയൊന്നാ ഒരലു പിടിച്ച് ആ കാർത്തീന്റെ തലയില് വെച്ചുകൊടുത്താട്ടെ. അവളത് ഒറ്റക്ക് കൊണ്ടോവും എന്നാണ് പറയുന്നത്”
            അമ്മ പറയുന്നതുകേട്ട് അനുജത്തിയാകെ അമ്പരന്നു,, ഇത്രേം വലിയ കാർത്തീന്റെ തലയിൽ ഇത്രക്ക് ചെറിയവൾ ഉരലെടുത്ത് വെക്കാനോ? ഈ അമ്മക്കെന്ത് പറ്റീ!
“അയ്യോ എനിക്ക് ഒരലെടുത്ത് അനക്കാൻ പറ്റുമോ? അമ്മയെന്താ ഒന്നും അറിയാത്തതുപോലെ”               
                  അക്കാര്യം അമ്മ ഇപ്പോഴാണ് ഓർത്തത്, ഉരലെങ്ങാനും വീണിട്ട് മകളുടെ കാല് മുറിഞ്ഞാലോ? അവർ നേരെ ഇളയ മകന്റെ അടുത്തുവന്നു,
“മോനേ നീയൊന്ന് അടുക്കളപ്പൊറത്ത് വന്നിട്ട് ആ കാർത്തീന്റെ തലയിൽ ഒരല് വെക്കാൻ സഹായിച്ചാട്ടെ. അവൾക്കത് വേണം പോലും”
“നാളെ എനിക്ക് പരീക്ഷയാ,, അതിനെടയിലാ അമ്മേടെ ഒരലും ഒലക്കയും”

             പിന്നെയവിടെ നിന്നില്ല, നേരെ കോണികയറി മുകളിലെ മുറിയിൽ വന്നിട്ട് പഠനസഹായി വായിച്ചുപഠിക്കുന്ന എന്നോട് പറഞ്ഞു,
“അവരോടെല്ലാം പറഞ്ഞിട്ട് സഹായിക്കുന്നില്ല. ഒരല് പിടിക്കാൻ നീയൊന്ന് സഹായിച്ചാട്ടെ”
“ഒരല് പിടിക്കാനോ? അതിപ്പം എനിക്ക് പൊന്തുമോ?”
“നീ പൊന്തിക്കേണ്ട, കാർത്തി ഒരലെടുത്ത് തലേല് വെക്കുമ്പം നീയൊന്ന് കൈകൊടുത്താൽ മതി”
“അങ്ങനെ മതിയോ,, അവര് വന്നിട്ടുണ്ടോ?”
പുസ്തകം അടച്ചുവെച്ച് എഴുന്നേറ്റ ഞാനും അമ്മയും കോണിയിറങ്ങി താഴെവന്ന് വരാന്തയിലെത്തി. അവിടെ നോക്കിയപ്പോൾ കാർത്ത്യായെനി ഇല്ല, ഉരലും ഉലക്കയും ഇല്ല.
“അമ്മെ കാർത്തിയേടത്തിയെ കാണുന്നില്ലല്ലൊ”
“അവളിവിടെ ഉണ്ടായിരുന്നല്ലൊ,, ഇത്ര പെട്ടെന്നെവിടെയാ പോയത്?”
“അമ്മെടെ കാർത്തിയതാ ഉരലും തലയിലെടുത്ത് പോകുന്നു,,,”
ഇടതുകൈയിൽ ഉലക്കയും തലയിൽ ഉരലുമായ് ഇടവഴിയിലൂടെ നടന്നുപോകുന്ന കാർത്ത്യായെനിയെ നോക്കിയിരിക്കെ അമ്മ തലയിൽ കൈവെച്ചിട്ട് പറഞ്ഞു,

“എന്നാലുമെന്റെ കാർത്തിയെ നീയൊരു ഒന്നൊന്നര കാർത്ത്യാനി തന്നെ” 

23.1.17

മിനിനർമകഥകൾ - പുസ്തക അവലോകനംഎന്റെ നാലാമത്തെ പുസ്തകം: മിനിനർമകഥകൾ 
പ്രകാശനം ചെയ്യപ്പെട്ട വിവരം എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു.
അവതാരിക: ഫിലിപ്സ് വർഗ്ഗീസ് ഏരിയൽ,
കവർ: കാർട്ടൂണിസ്റ്റ് ദ്വിജിത്ത്,
പ്രസാധകർ: സി.എൽ.എസ് ബുക്ക്സ്
51 ഹാസ്യകഥകൾ, 108 പേജ്, 100 രൂപ

മിനിനർമകഥകൾ: പുസ്തക അവലോകനം,
എഴുതിയത്: കണ്ണുരിലെ കലാകാരനും എഴുത്തുകാരനുമായ
ശ്രീമാൻ പൈതൽ പി കാഞ്ഞിരോട്

              ശ്രീമതി കെ എസ് മിനിടീച്ചർ നർമകഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് വീണ്ടും ഒരു പുസ്തകം പുറത്തിറക്കി കാണുന്നതിൽ സന്തോഷിക്കുന്നു. എഴുതാനുള്ള വഴിയും വഴക്കവും കൈവന്ന പ്രതിഭയുടെ തിളക്കം മിനിനർമ്മകഥകളെ വിലപ്പെട്ടതാക്കുന്നു. 

                പുസ്തകത്തിൽ ഉൾപ്പെടുത്തിയ 51 കഥകളിൽ ഭൂരിഭാഗവും മിനിക്കഥകൾ തന്നെയാണുള്ളത്. എത്രയും ചുരുക്കി ആശയം വ്യക്തമാക്കുക എന്ന സിദ്ധിയാണ് ഇതിൽ പ്രകടമാവുന്നത്. 51കഥകൾ വായിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, ‘പീഡനം ഒരു തുടർക്കഥ’ എന്ന അരപേജ് കഥയാണ്. സമൂഹത്തിന്റെ സദാചാര ജീർണ്ണതക്കെതിരായ ഒരു വിസ്ഫോടനം ആ കഥയിൽ ഉൾക്കൊള്ളുന്നു. മലയാള സാഹിത്യത്തിൽ ഇത്രയും ചുരുങ്ങിയ വാക്കുകൾ‌കൊണ്ട് ഗുരുതരമായ ഒരു പ്രശ്നം അനാവരണം ചെയ്യുകയെന്നത് എഴുത്തിന്റെയും കഥാകൃത്തിന്റെ തന്റേടത്തിന്റെയും മുഖമുദ്രയാണ്. ഏറെ ചർച്ച ചെയ്യേണ്ട കഥയും ഇതാണ്. അതൊരു നർമ്മകഥ മാത്രമാനെന്ന് പറഞ്ഞു നിർത്തേണ്ടതല്ല; ‘ഇന്നേതായാലും അമ്മയൊന്ന് അഡ്ജസ്റ്റ് ചെയ്യണം’ എന്ന ഒരൊറ്റ വാക്ക്,, ഒരു ബോംബാണ്. ഒരു സ്ത്രീയെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്ന സാഹചര്യം സമൂഹം തിരിച്ചറിയേണ്ടതാണ്. 

                രണ്ടായാൽ നിർത്തുക, വളഞ്ഞ വഴികൾ, ഗുരുവായൂരമ്മ, അത്യുന്നതങ്ങളിൽ, മൊബൈൽ ഗർഭം, കലക്ട്രേറ്റും ഡിഡി ഓഫീസും, മുത്തശ്ശിയുടെ അടി, ഒടുക്കത്തെ പ്രേമം, നാടൻ‌പാലും നാട്ടുപ്രമാണിയും, മാലാഖ വാഴുന്ന വീട്, കുട്ടിയമ്മയുടെ ബിരിയാണിറെയ്സ്, അന്ത്യാഭിലാഷം, ഗുരുവായൂർ യാത്ര, സർക്കാർ ജോലി, അമ്മയെപ്പോലെ എന്നീ കഥകളും പരസ്പരം, വേലക്കാരി അഥവാ വീട്ടുകാരി എന്ന കഥകളും വളരെ രസകരമാണെന്ന് പറയാതെ വയ്യ. മുൻ‌ധാരണയോടെ ചിന്തിച്ച് വിഡ്ഡിത്തത്തിൽ ചെന്നുചാടുന്ന പരസ്പരത്തിലെ കഥാപാത്രമായ യുവാവ് കൌമാരക്കാരുടെ പ്രതിനിധി കൂടിയാണ്. നായിക വിചാരത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ‘പത്തരക്ക് പരസ്പരം കാണണം’ എന്നു പറയുമ്പോൾ അതിനെ വൈകാരികമായി തെറ്റിദ്ധരിച്ച് നായകൻ വിഡ്ഡിത്തത്തിൽ ചെന്നുചാടുന്നത് നല്ലൊരു കഥയാണ്. അതുപോലുള്ള മറ്റൊരു കഥയാണ് ഒടുക്കത്തെ പ്രേമം.

                വേലക്കാരി വീട്ടുകാരനേയും കൂട്ടി ഇറങ്ങിപ്പോവുന്ന സാഹചര്യം വരുത്തുന്ന വീട്,,, അതൊരു മാതൃകാപരമായ സൂചന നൽകുന്ന കഥയാണ്. ‘അദ്ദേഹത്തിന്റെ കാര്യമോർത്ത് ചേച്ചി ഒട്ടും വിഷമിക്കേണ്ട, ഇത്തവണ ഞാൻ ചേട്ടനെയും കൊണ്ടുപോകും’ എന്നു പറയുന്ന തന്റേടത്തിലേക്ക് വേലക്കാരി എത്തുന്നു. ഇവിടെ ദുർബലയായ ഒരു വീട്ടമ്മ,, അതിന്റെ കാരണക്കാർ ആരെന്ന് വീട്ടമ്മമാരെ ഇരുത്തി ചിന്തിപ്പിക്കുന്ന കഥയാണ്. രണ്ടായാൽ നിർത്തുക, വളഞ്ഞ വഴികൾ എന്നിവ വായനാസുഖമുള്ള നർമ്മകഥകളാണ്. നമ്മുടെ പണാധിപത്യം എവിടെ എത്തിനിൽക്കുന്നു, എന്ന് തിരിച്ചറിയേണ്ട കഥയാണ്, ‘കൊട്ടേഷൻ’. കൊട്ടേഷൻ സംഘം ജീവച്ഛവമാക്കി മാറ്റേണ്ടത് അതിന് നിർദ്ദേശിക്കുന്ന സ്ത്രീയുടെ ഭർത്താവിനെ ആണെന്ന് അറിയുമ്പോൾ കൊട്ടേഷൻ നേതാവ് പോലും ഞെട്ടിപ്പോകുന്നു. അതിന്റെ ദൂരവ്യാപ്തി എത്രയാണെന്ന് പറഞ്ഞറിയിക്കാനാവുമോ? സ്വന്തം ഭർത്താവിനെ അബോധാവസ്ഥയിൽ കിടത്തിയിട്ട് കാര്യങ്ങൾ നേടുന്ന ആഢ്യവനിതകൾ നമ്മുടെ നാട്ടിലുണ്ടെന്ന് അറിയുമ്പോൾ ഞെട്ടിപ്പോകാതെ എന്തു ചെയ്യും? സാംസ്ക്കാരിക അപചയത്തെകുറിച്ച് ധാരാളം കഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

              ചിരിയുടെ വെടിക്കെട്ട് ഉതിർക്കാൻ ഇടവരുത്തുന്ന ഹാസ്യാനുഭവങ്ങളാണ് ഓരോ കഥയും വായനക്കാർക്ക് നൽകുന്നത്. കഥാപാത്രങ്ങൾ ചിരിക്കാതെ വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന സൂത്രമാണ് മിനിനർമകഥകളിൽ ഒളിപ്പിച്ചിട്ടുള്ളത്. അതിന് ഉദാഹരണമാണ് ആദ്യ കഥയായ ‘പാട്ടിന്റെ പാലാഴി ഒഴുകിയപ്പോൾ’. വെറും രണ്ടുപേരാണ് രംഗത്തു വരുന്നത്; ഒരാൾ ഭദ്രകാളിയുടെ രൂപത്തിൽ പൊട്ടിയ കയറുമായി വളരെ ദേഷ്യത്തോടെ വരുമ്പോൾ മറ്റേയാൾ ഭയപ്പെടുന്നു. അത് വായിച്ചു കഴിയുമ്പോൾ വായനക്കാരന്റെ ഉള്ളിൽ ചിരിയുടെ മധുരം ഉയരുന്നു. മലയാള സാഹിത്യത്തിൽ നർമ്മത്തിന് വളക്കൂറുള്ളതാണ് വടക്കെ മലബാറെന്ന് ലോകം അറിയട്ടെ. സഞ്ജയന്റെ നാട്ടിൽനിന്നും ഹാസ്യം വേരറ്റുപോയിട്ടില്ലെന്ന് ആശ്വസിക്കാം.

              വളരെ മെച്ചപ്പെട്ട രീതിയിൽ പുറത്തിറക്കിയ മിനിനർമകഥകളുടെ പ്രസാധകർ സി.എൽ.എസ് ബുക്ക്സ്, തളിപ്പറമ്പ് ആണ്. കാർട്ടൂണിസ്റ്റ് ദ്വിജിത്തിന്റെ മുഖചിത്രവും പ്രിന്റിംഗും ഫിലിപ്പ് വർഗീസിന്റെ അവതാരികയും പിൻ‌ചിത്രവും എല്ലാം നന്നായിട്ട്യുണ്ട്. 100 പേജിൽ 51 ഹാസ്യകഥകൾ ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ വില 100രൂപയാണ്.
************************
പൈതൽ പി കാഞ്ഞിരോട്
പി.ഒ. കാഞ്ഞിരോട്
കണ്ണൂർ,
 *******************

പിൻ‌കുറിപ്പ്: ഹാസ്യകഥകൾ വായിച്ചുരസിക്കാൻ താല്പര്യമുള്ളവർക്ക് ഇന്ത്യയിലെവിടെയും വി.പി.പി. ആയി അയച്ചുകൊടുക്കുന്നുണ്ട്. പുസ്തകം ആവശ്യമുള്ളവർ പിൻ‌കോഡും ഫോൺ‌നമ്പറും സഹിതം അഡ്രസ് 9847842669 മൊബൈലിൽ നമ്പറിൽ മെസേജ് ആയക്കാം.  souminik@gmail.com  ഐഡിയിലും അഡ്രസ് മെയിൽ ചെയ്യാം. പുസ്തകം വീട്ടിലെത്തുമ്പോൾ പണം കൊടുത്താൽ മതി.