19.6.11

എരുമകളെ കറക്കാം

                          അനിക്കുട്ടന്റെ ഒരേഒരു അച്ഛൻ... കുട്ടന്, സ്വന്തമായി അനേകം പശുക്കൾ മാത്രമല്ല; അനേകം എരുമകളും ഏതാനും കാളകളും പിന്നെ രണ്ട് അസ്സൽ പോത്തുകളും ഉണ്ട്. കുട്ടന്റെ സ്വന്തമായ വയലിൽ കൃഷിചെയ്യുന്ന നെല്ല് റിമൂവ്‌ചെയ്താൽ അവശേഷിക്കുന്ന വൈക്കോൽ, അവരെല്ലാം ചേർന്ന് മൊത്തമായി ‘അപ്പ്‌ലോഡ്’ ചെയ്യുന്നതും പകരം പാല് ചാണകം മൂത്രം ആദിയായവ മൊത്തമായും ചില്ലറയായും ‘ഡൌൺ‌ലോഡ്’ ചെയ്യുന്നതും അവിടെയൊരു പതിവ് കാഴ്ച,, ആയിരുന്നു. ഇതിൽ പ്രധാന ഐറ്റം പാലായതിനാൽ കുട്ടന്റെ വീട്ടുകാർ എന്നും കാച്ചിയപാല് കുടിച്ചിരുന്നു. പാല് കാച്ചുന്നത് അനിക്കുട്ടന്റെ ഒറിജിനൽ അമ്മ അമ്മിണിയമ്മ ആണെങ്കിലും, പശുക്കളെയും എരുമയെയും കറക്കിയിട്ട്, അകിട്ടിൽ‌നിന്നും പാല്‌ ഡൌൺ‌ലോഡ് ചെയ്യുന്നത് അനിക്കുട്ടന്റെ അച്ഛൻകുട്ടൻ തന്നെ ആയിരിക്കും.

                        അങ്ങനെയിരിക്കെ കുട്ടന് പ്രായം ഏറിയപ്പോൾ, പശുക്കളെ കറക്കാമെങ്കിലും കുട്ടിയാന കണക്ക് വളർന്ന എരുമകളെ കറക്കാൻ വയ്യാതായി. എട്ടാം‌തരം തോറ്റതുമുതൽ തേരാപാര തെക്ക് വടക്കായി നടക്കുന്ന അനിക്കുട്ടന് മുന്നിൽ പ്രശ്നം അവതരിപ്പിച്ചു,
“മോനേ അനിക്കുട്ടാ ഈ പശുക്കളെയൊക്കെ എനിക്ക് കറക്കാനാവും; എന്നാൽ നാളെമുതൽ എരുമകളെ കറക്കുന്നത് നീയായിരിക്കണം”   
“അയ്യോ അച്ഛാ ചതിക്കല്ലെ, എരുമകൾസിനെ കറക്കാനായി ഞാനൊരു സൂത്രം കണ്ടെത്താം”
“എന്ത് സൂത്രം?”
“നമുക്ക്,,, എരുമകളെ കറന്ന് മുൻ‌പരിചയമുള്ള ഒരാളെ ശമ്പളം കൊടുത്ത് നിർത്താം”
“അതിനിപ്പോൾ അങ്ങനെയൊരാളെ എവിടെനിന്ന് കിട്ടും?”
“നമ്മൾ പത്രത്തിൽ പരസ്യം കൊടുത്താൽ മതി, അത്‌വായിച്ചിട്ട് ഇവിടെ വരുന്നവരിൽ ഒരാളേ ഇന്റർവ്യൂ നടത്തി, കറവക്കാരനായി നിയമിക്കാം”
“ശരി, ഇന്ന് തന്നെ പരസ്യം കൊടുത്ത് നാളെതന്നെ ഇന്റർവ്യൂ നടത്തണം”
അച്ഛന്റെ പെർമിഷൻ ലഭിച്ച അനിക്കുട്ടൻ, സ്വന്തമായി എഴുതി തയ്യാറാക്കിയ പരസ്യം പത്രാപ്പീസിൽ പരസ്യക്കൂലിസഹിതം കൊടുത്തു.

                        പിറ്റേദിവസം നേരം പുലർന്ന് പത്ത്‌മണി ആയതോടെ അനിക്കുട്ടന്റെ വീട്ടിനുമുന്നിൽ വലിയ ആൾക്കൂട്ടം. സ്വദേശത്തും വിദേശത്തുമുള്ള അനേകം ചെറുപ്പക്കാരും വലുപ്പക്കാരും ആയ ആണുങ്ങൾ പലതരം വണ്ടിയിൽനിന്നും വീട്ടിനു മുന്നിൽ വന്നിറങ്ങുന്ന നയനമനോഹരമായ കാഴ്ച, കുട്ടൻസ് ഫേമലി കൺ‌കുളുർക്കെ കണ്ടു. വന്നവരുടെയെല്ലാം കൈയിൽ കറവക്കാരനായി പരിശീലനം ലഭിച്ച അനേകം സർട്ടിഫിക്കറ്റുകളും, പഞ്ചായത്ത് മെമ്പർ മുതൽ പാർലിമെന്റ് മെമ്പർ വരെയുള്ളവരുടെ റക്കമന്റേഷൻസും ഉണ്ട്. ഇന്റർവ്യൂവിന് പങ്കെടുക്കാൻ വന്നവരുടെ അതിക്രമങ്ങൾ കാരണം കേരളാപോലീസിന്റെ വക ഫ്രീ ആയിട്ട് ലാത്തിച്ചാർജ്ജും അറസ്റ്റും നടന്ന്, കുട്ടന്റെ വീട്ടുമുറ്റം ഒരു സമരക്കളമായി മാറി.

ഇന്റർവ്യൂ നടക്കുന്നതിന് മുൻപ് അച്ഛൻകുട്ടൻ പുറത്തിറങ്ങി ഉദ്യോഗാർത്ഥികളോട് ചോദിച്ചു,
“ഒരാൾക്കുള്ള ഒഴിവ് മാത്രമേ ഇവിടെയുള്ളു, നിങ്ങൾ ഇത്രയധികം ആളുകൾ വരാൻ കാരണം?”
“നമ്മളെല്ലാം ഇന്ന് രാവിലെത്തെ പത്രത്തിലെ പരസ്യം കണ്ട് വന്നതാണ്”
അപ്പോഴെക്കും അനിക്കുട്ടൻ പത്രവുമായി വന്നു,
“അച്ഛാ, നമ്മള് കൊടുത്ത പരസ്യം ഇന്നത്തെ പത്രത്തിൽ വന്നിട്ടുണ്ട്, ഞാനെഴുതിക്കൊടുത്തതു പോലെത്തന്നെ,”
“അതെയോ? എന്നാലും ഇത്രയധികം ആളുകൾ?”
പത്രത്തിൽ വന്ന പരസ്യം അച്ഛൻ‌കുട്ടൻ വായിച്ചു,
.
“കറവക്കാരെ ആവശ്യമുണ്ട്,,,
മരുമകളെ കറക്കാനായി മുൻ‌പരിചയമുള്ള ഒരു കറവക്കാരനെ ആവശ്യമുണ്ട്;
ആകർഷകമായ ശമ്പളം.
താമസം ഭക്ഷണം എന്നിവ ഫ്രീ.”