17.1.12

“നീ പോയിറ്റ് പിന്നെ ബാ”


“എണെ മീനാച്ചി, നിന്നെയെത്രയായി കണ്ടിറ്റ്?”
“അതെന്താ ഏച്ചീ, അങ്ങനെ പറേന്നത്? മിനിയാന്ന് ഞാനീവീട്ടിന്റെ മുമ്പ്‌ന്നെല്ലെ ബയലിന്റെ കെളയെറങ്ങീറ്റ് ആണിച്ചാലിലൂട്ടെ നടന്ന് ഓലവെലിക്കാൻ പോയത്”
“നിന്റെ ബീട്ടില് ഗാസില്ലെ? പിന്നെന്തിനാ ഓലബെലിക്കാൻ പോയത്?”
“ബീട്ടില് ഗാസിണ്ടായിറ്റും പറമ്പില് ഓലേം മട്ടലും വീണിറ്റ്‌കാണുമ്പം അനക്ക് പണ്ടത്തെപോലെ, ബെലിച്ച് തരക്കികീറീട്ട് കത്തിക്കാഞ്ഞാൽ ഒരെന്തോപോലെ? ഞാനുള്ള കാലത്തോളം വയല്‌ന്ന് ഓലവലിച്ച് അടുപ്പില് തീകത്തിക്കും”
“കാലം‌പോയ പോക്ക്! ഈ ബയലിലെല്ലാം എത്ര ഞാറ്‌നടാനും നെല്ല്‌മൂരാനും ഞാമ്പോയതാ? അന്നെല്ലാം നാട്ടിപ്പണിക്കാറ് ഞാറ് നടുമ്പം പാട്ട് പാട്‌ന്നത് ഈടെയുള്ള നമ്മളെ പയേ ഓലപ്പൊരേലിര്‌ന്നിറ്റ് ഞാനെത്ര കേട്ടതാണ്?”
“ഇപ്പം എല്ലാടെം മാറുകയാ,, വയലെല്ലാം പോയി തെങ്ങ് നെറഞ്ഞില്ലെ?”
“എന്നാലും നീയെങ്ങനെയാ ഇക്കാലത്ത് അടുപ്പില് തീക്കത്തിക്കുന്നത്? നമ്മളെ മക്കക്ക് കൊറച്ചിലല്ലെ?”
“മക്കള് പറഞ്ഞാലും അനക്ക് കൈയ്യുന്ന കാലത്ത് ഞാൻ വെറക് കത്തിക്കും”
“മക്കളൊക്കെ ബല്‌തായാല് അവര് പറേന്നത് കേട്ട് നമ്മള് നടക്കണ്ടെ?”
“എന്ന്‌ബെച്ച് നമ്മള് പഠിച്ച ശീലങ്ങളെല്ലാം മാറ്റാമ്പറ്റുഓ?”
“ഏച്ചിക്കറിയോ,, കയ്‌ഞ്ഞേസം അന്റെ മോളെ മോള്, കമ്പ്യൂട്ടറിലൂടെ ബർത്താനം പറിന്ന്,,, അരോടാന്നാറിയോ?”
“ആരോടാ? ഓള് മംഗലം കയ്ക്കാനായില്ലെ?”
“ഓള് അമേരിക്കേലുള്ള ഏതോ ഒരുത്തനോട് വർത്താനം പറേന്നത് ഞാങ്കാണ്വേം കേക്ക്വേം ചെയ്തു”
“ഇതെന്നാ ഞാനീ കേക്ക്ന്നത്? ബാലിയക്കാരത്തിയായ പെണ്ണ് ഏതോനാട്ടിലെ കണ്ട ആണുങ്ങളുമായി ബർത്താനം പറയാനോ? ഒരുത്തന്റൊപ്പം പോണ്ട പെണ്ണാണ്,, ഓളെ അമ്മെനോട് നിനക്ക് പറഞ്ഞൂടായിരുന്നൊ?”
“ഓളോട് പറഞ്ഞാ കണക്കായിപ്പോയി,, ഒരന്തോം കുന്തോം ഇല്ലാത്ത ഓള് ആകെയൊരു മോളുള്ളേനെ തലേലും നെലത്തും വെക്കാണ്ടാ പോറ്റുന്നത്. ഞാമ്പറഞ്ഞാല് എന്നെയാ കുറ്റം പറയ,,, ‘അമ്മക്കൊരു വിവരോമില്ല, ഇന്നത്തെ പിള്ളേരൊക്കെ അങ്ങനെയാ വളരേണ്ടന്ന്”
“അന്റെ മോനാ ആദ്യായിട്ടീനാട്ടില് കമ്പ്യൂട്ടറ് കൊണ്ട്‌വന്നത്; ഇപ്പം നാട്ടിലെല്ലാടത്തും ടീബീം കമ്പ്യൂട്ടറും ആയിന്. പിന്നെ നീയാ ഏറ്റ്‌കാരൻ ചന്ദ്രന്റെ പുതിയബീട് കണ്ടിനോ?”
“അതെന്റെ ഏച്ചീ കാണെണ്ട കായ്ച്ചയായിരുന്നു,, രണ്ട്‌നെലേല് കൊട്ടാരം പോലത്തെ വീട്! ഈ നാട്ടിലൊന്നും അത്രക്ക് വെലിയ വീട് കാണൂല്ല. ഞാനാ വീട്ട്ക്കൂടിയേന്റെ പിറ്റേന്ന് കേരികീഞ്ഞതാ,, ഓന്റെ ഓളക്കണ്ടാല് എന്തൊര് രസാണ്? വീട്ടിലിരിക്കുമ്പോം പൊന്നോണ്ട് മൂടിറ്റാ നടക്കുന്നത്. ഓളെ അമ്മ നമ്മളെ മുമ്പിലൂടെ പണ്ട് തെണ്ടി നടന്നതല്ലെ?”
“അതാരാപ്പാ അയിലെ പോന്നത്?”
“അത് നമ്മളെ പോസ്റ്റ്‌മാൻ രമേശനാ, ഓനിങ്ങോട്ടാണല്ലൊ ബര്‌ന്നത്”
“അത് ഫോൺ‌ബില്ല് തരാനാഉം, അല്ലാതെ ഇപ്പാരാ കത്തൊക്കെ അയക്കുന്നത്?”
“യശോദേടത്തി, ഇത് വീട്ടിലെ ടെലിഫോൺ ബില്ലാണ്?”
“മോനിങ്ങ് ചാടിക്കൊ, ഞാമ്പിടിച്ചോളും”
“ഇതാ ബില്ല്,,, അല്ലാ, ഇതാരൊക്കെയാ? രണ്ടാൾക്കും ഓരോ കുട്ടികളെയും കിട്ടിയിട്ടുണ്ടല്ലൊ?”
“ഇത് അന്റെ മൂത്ത മോളെ, മോള മോള്, പിന്നെ മീനാച്ചീന്റെ മടീലുള്ളത് അന്റെ എളേ മോന്റെ മോൻ”
“അത് നന്നായി, ഈ വയസുകാലത്ത് കുട്ടികളെയും കളിപ്പിച്ച് ഇരിക്കാലോ?”
“മോളിന്ന് രാവിലെ ഓള വീട്ടിന്ന് വന്നതാ, ഇനീപ്പം വയീറ്റ് പോകും”
“എന്നാൽ ഞാനിപ്പം പോട്ടെ, ബില്ലങ്ങ് മോന്റെ കൈയിൽ കൊടുത്തേക്കണം”
“മോൻ പോയ്‌ക്കൊ”
“ഏച്ചിക്കറിയോ, ഇവനടുത്ത ആയ്ച്ച ദുബായീപോകും, വിസ ശരിയായിട്ട്‌ണ്ട് പോലും”
“അപ്പൊ പോസ്റ്റാപ്പീസില് ആളെ ബേണ്ടെ?”
“പോസ്റ്റാപ്പീസില് പുതിയാള് വരുമായിരിക്കും. പിന്നെ അന്റെ മോള് ലച്ചീന്റെ പുരുവൻ അടുത്ത മാസം ദുബായീന്ന് വരുന്നുണ്ട്”
“നിനിക്ക് കോളായല്ലൊ,, നാട്ടിലെല്ലാറും ദുബായീ പോയിറ്റും പണിയെട്‌ത്തിട്ടും നന്നായി, അന്റെ ബീട്ടില്‌മാത്രം പണ്ടത്തെപ്പോലെ”
“അതെന്താ ഏച്ചി അങ്ങനെ പറേന്നത്? ഈടയിപ്പം എല്ലാർക്കും സർക്കാറ് ജോലി കിട്ടി ശമ്പളം വാങ്ങ്‌ന്നില്ലെ?”
“ഓറെല്ലാം ശമ്പളം വാങ്ങിട്ട് അനക്കെന്നാ കൊണം? അടുക്കളപ്പണിയെടുത്ത് നേരാം‌വണ്ണം വെച്ച്‌വെളമ്പാൻ ആരെങ്കിലും ഉണ്ടോ?”  
“അയിന് നിങ്ങളെന്തിനാ ആണ്മക്കൾക്ക് ഉദ്യോഗം ഉള്ളോളെതന്നെ കല്ല്യാണം കയ്യിപ്പിച്ച്‌കൊടുത്തത്?”
“അത് ഞാമ്പറഞ്ഞിട്ടാണോ? ഓറെ പെങ്ങമ്മാര് ടീച്ചറ്‌മാറായതുകൊണ്ട് ഈടെ വരുന്ന പെണ്ണിനും ജോലി ബേണം‌ന്നാ ആണ്മക്കള് പറഞ്ഞത്”
“എന്നാപ്പിന്നെ പാഞ്ഞിട്ടെന്താ കാര്യം? എന്റെ മക്കൾക്കൊന്നും സർക്കാർ ജോലി ഇല്ലാത്തതുകൊണ്ട് എന്റെ വീട്ടില് വന്ന പെണ്ണിനൊന്നും ജോലിയില്ല. അതുകൊണ്ട് എന്റെ മോന്റോള് സീന അടുക്കളേൽ‌തന്ന്യാ എപ്പഴും”
“നീയിപ്പം അടുക്കളേൽ കേരാതെ ഇങ്ങനെ നടക്ക്വാ? നല്ല സുകം”
“അതെങ്ങനെയാ ഏച്ചീ മോൻ മംഗലം കയ്ച്ചിറ്റ് ഒരുത്തി ബന്ന് കേരിയാലും അടുക്കളേല് ഞാനില്ലാതെ ഓക്കാകെ ബെഷമാഉല്ലെ? ഓളൊപ്പരം ഞാനും ഒണ്ടാവും”
“ഈട ബന്ന്‌കേരിയവള് ഏത്‌നേരത്തും പടിത്തോം ബായനയുമാണ്. ഓനുള്ളപ്പം രണ്ടാളും മുറിപൂട്ടി ആത്തിരിക്കും”
“അത്‌പിന്നെ അവര് ടീച്ചറ്‌മാരാവുമ്പം കൊറേ വായിക്കണ്ടെ? ഏച്ചീന്റെ മോളും അടുക്കളപ്പണിയൊക്കെ എടുക്കാതെ എപ്പോം വായനയല്ലെ?”
“എന്നാലും ആരാന്റെ ബീട്ടിന്ന് ബന്ന്‌കേരിയപെണ്ണ് നേരത്തും കാലത്തും അടുക്കളപ്പണിയെട്‌ക്കാതെ ആത്തിരിക്കണോ?”
“അതോണ്ടാ ഞാമ്പറഞ്ഞത് പണിയില്ലാത്ത പെണ്ണിനെ ആണ്മക്കള് മംഗലം കയിക്കണം‌ന്ന്. അന്റെ മോന്റോള് സീന എത്ര പണക്കാരത്ത്യാ? എന്നിട്ടും അന്നോട് പറഞ്ഞത് അടുക്കളേലെ ഒരു പണിയും അമ്മ എട്‌ക്കണ്ടാന്നാ”
“അതെല്ലം നിന്റെ മക്കള്, അന്റെ മക്കളെല്ലാം ബീയേം എമ്മേം പടിച്ചവരല്ലെ?”
“അതിപ്പം പഠിക്കുന്നതല്ലെ ഏച്ചി ബെല്ല്യകാര്യം?”
“അന്നാലും എല്ലാരും പണിക്കുപോയാൽ‌പിന്നെ ഒറ്റക്കിരിക്കുമ്പോൾ ഒരു ബെശമം. ഇന്നാളൊരു ദിവസം അന്റെ തുച്ചീന്റെ ബീട്ടിലെക്കാര്യം നിനക്കറിയോ?”
“തുച്ചീന്റെ വീട്ടിലൊ? എന്നാ കാര്യം?”
“ഓള് ഒറ്റക്കുള്ളേരം ഒരു ബാലിയക്കാരൻ കാർഡുമായിറ്റ് പൈശക്ക് എരക്കാൻ ബന്ന്. ഈടെ ആളില്ലാന്ന് എത്ര പറഞ്ഞിട്ടും ഓൻ പോന്നില്ല. അവസാനം ഓൻ മിറ്റത്ത്‌ന്ന് ചേദിക്ക് കേരിബന്നേരം തുച്ചി പറഞ്ഞ്, ‘അന്റെ ആങ്ങള പോലീസാണ്, ഓനെയിപ്പം ബിളിക്കൂന്ന്’. അന്നേരം ഓങ്കീഞ്ഞി പാഞ്ഞൂട്ടും”
“അതാ ഇപ്ലത്തെ കാലം. ഏച്ചി ഒറ്റക്ക് വീട്ടിലിരിക്കുമ്പം വാതിലെല്ലാം അടച്ചിട്ടേക്കണം. ആര് വിളിച്ചാലും ആളെ നോക്കാതെ തൊറക്കര്‌ത്”
“ഞാനൊറ്റക്കുള്ളേരം പൈശ കൊടുക്ക്വേ ഇല്ല. പിന്നെ കെളവന്മാരാന്ന് കണ്ടാല് ജനലിന്റുള്ളൂട്ടെ ഒരുറുപ്പ്യമാത്രം കൊടുക്കും. അതൊന്നും മക്കളോട് പറീല്ല”
“ഓ, പള്ളീന്ന് മാപ്പിള ബൈരം‌കൊടുക്കാൻ‌ തൊടങ്ങി. കൊറേ നേരായല്ലൊ ഞാനീടെ ഇരിക്കുന്നത്,,, ഞാമ്പോയിട്ട് നാളെബെരാം”
“അല്ല മീനാച്ചി അനക്കൊരു തം‌ശ്യം”
“എന്നാ ഏച്ചീ?”
“ഈ പള്ളീന്ന് മാപ്പിളാറ് ഒച്ചയാക്കുമ്പം,,,”
“ഒച്ചയാക്കുമ്പം,,,”
“ഓ, ഒന്നൂല്ല; അ‌‌യ് പിന്നെപ്പറിയാം”
“എന്നാ ഞാമ്പോട്ടെ, മോനേ ഈട നിർത്ത്ന്ന്; ഞാമ്പോട്ടെ മോനെ, മോളെ”
“നീ പോയിറ്റ് നാളെ ബാ”