24.4.10

ഉപ്പുചാക്കുകളുടെ മുകളിലായി വീണത്, ഒരു ഉള്ളിച്ചാക്ക്


                     ബസ്സിൽ കയറിയ ഉടനെ ആദ്യം കാണുന്ന ആ ഒഴിഞ്ഞ സീറ്റിൽ അമർന്നിരുന്നപ്പോൾ, വെളിയിൽ മുൻവാതിലും പിടിച്ച്‌നിന്ന കിളി, എന്നെ നോക്കി വിളിച്ച് കൂവാൻ തുടങ്ങി,
“ഏയ്, അവിടെയിരിക്കണ്ട, എഴുന്നേറ്റ് മാറിയാട്ടെ;”

                     കിളി പറഞ്ഞത് കേൾക്കാത്ത മട്ടിൽ ഞാൻ അവിടെത്തന്നെ ഇരുന്നു. ബസ്സിൽ രണ്ട് പേർക്കിരിക്കാവുന്ന ഒരു സീറ്റ് മാത്രമാണ് ഒഴിവുള്ളത്. 
                     വീടിനു സമീപമുള്ള ബസ്‌സ്റ്റാന്റിൽ‌നിന്നും കണ്ണൂരിലേക്ക് പുറപ്പെടുന്ന ആ ബസ്സിൽ പുരുഷപ്രജകൾക്കെല്ലാം ഇരിപ്പിടം ലഭിച്ചെങ്കിലും, സംവരണത്തിനു ഉൾക്കൊള്ളാനാവാത്ത പത്തിലധികം സ്ത്രീകൾ കമ്പിയേൽ‌പിടിച്ച് ആടി നിൽക്കുന്നുണ്ട്. എന്നിട്ടും ആരും ഇരിക്കാത്ത, ആ ഇരിപ്പിടത്തിലാണ് ഞാൻ കയറിയിരുന്നത്. അപ്പോൾ‌പിന്നെ ഏത് ആൺകിളിയായാലും പെണ്ണായ എന്നെ കൊത്തിയോടിക്കില്ലെ?

അപ്പോഴെക്കും അതേ കിളി അവന്റെ സ്വന്തമായ തലമാത്രം ബസ്സിനകത്ത് കടത്തി എന്നോട് ആജ്ഞാപിക്കാൻ തുടങ്ങി,
“ഏ, പെണ്ണുങ്ങളെ നിങ്ങളോടാ പറയുന്നത്, ആ സീറ്റിന്ന് എഴുന്നേൽക്കാൻ,,”
പെണ്ണുങ്ങൾ കുറേപ്പേരുണ്ട്, എങ്കിലും ചോദ്യം എന്നോടായതിനാൽ പെട്ടെന്ന് ഞാൻ അവനെ നോക്കി മറുചോദ്യം ഫോർവേഡ് ചെയ്തു,
“എന്താ ഇവിടെയിരുന്നാൽ?”
“ഇവിടെയിരുന്നാൽ ഡോറ് തൊറക്കണം”
“അത് ഞാൻ തുറക്കുമല്ലൊ”
“ഓ, അതൊന്നും ശരിയാവില്ല, നടക്കില്ല”
“നടക്കണ്ടെടോ, ബസ്സ് ഓടിയാൽ മതി”
എന്റെ മറുപടികേട്ട് ചുറ്റുമുള്ള സ്ത്രീപുരുഷന്മാർ ചിരിച്ചു, അതോടെ കിളി എന്തൊക്കെയോ ചിലച്ചുകൊണ്ട് ബസ്സിന്റെ പിന്നിലേക്ക് പോയി.

                   പ്രൈവറ്റ് ബസ്സിന്റെ മുൻ‌വാതിലിനു സമീപം വലതുവശത്തുള്ള ‘വിഐപി’ ഇരിപ്പിടത്തിനൊരു പ്രത്യേകതയുണ്ട്. കണ്ണൂർ ജില്ല വിട്ടാൽ(മാഹിപ്പാലം കടന്നാൽ) അത് വനിതാസംവരണസീറ്റ് ആയി മാറും. സംവരണം ചെയ്യപ്പെട്ടത് ഒഴികെ മറ്റെല്ലാം പുരുഷന്മാർക്ക് എന്നാണല്ലോ നമ്മുടെ അലിഖിത നിയമം. ഇവിടെ കണ്ണൂർ ജില്ലയിലെ ബസ്സിൽ അത് ഡോർ തുറക്കാൻ തയ്യാറായ യാത്രക്കാരന്റെ ഇരിപ്പിടമാണ്. അതായത് അവിടെയിരിക്കുന്നവന് ഡോർ ഓപ്പറേറ്ററുടെ താൽക്കാലിക പോസ്റ്റ് ലഭിക്കും. അതുകൊണ്ട് എന്നെപ്പോലെയുള്ള ചില സ്ത്രീകളും പുരുഷന്മാരും ഒഴികെ മറ്റാരും ആ വശത്തേക്ക് കണ്ണോടിക്കാറില്ല.

                       ഏതാനുംചില ചെറുപ്പക്കാരുടെ പഞ്ചാരവിതരണകേന്ദ്രം കൂടിയാണ് ആ വിഐപി ഇരിപ്പിടം. നല്ല തിരക്കുള്ള ബസ്സിലാണെങ്കിൽ അവിടെയിരിക്കുന്ന പൂവാലന്മാർ മൊത്തമായും ചില്ലറയായും പഞ്ചാര വിതരണം നടത്തി അതിൽ മുങ്ങിക്കുളിക്കും. അതിനാൽ പഞ്ചാരച്ചാക്കിനു ചുറ്റും ഉറുമ്പുകളായി കുറെ പൂവാലികൾ എപ്പോഴും അവരെ പൊതിഞ്ഞിരിക്കും. പിന്നെ ബസ്സിൽ കയറുന്ന അമ്മയിൽ‌നിന്ന് കുഞ്ഞിനെ വാങ്ങി മടിയിലിരുത്തുക, പ്രായാധിക്ക്യംകൊണ്ടും ശരീരഭാരം‌കൊണ്ടും അവശതയനുഭവിക്കുന്ന സ്ത്രീകളെയും കൊച്ചു കുട്ടികളെയും കൈപിടിച്ച് അകത്തേക്കാനയിക്കുക, വെയ്റ്റ് കൂടിയ ബാഗുകൾ സ്ത്രീകളിൽ നിന്നും സ്വീകരിച്ച് സീറ്റിനടിയിൽ തിരുകിക്കയറ്റുക, ആദിയായ കർമ്മങ്ങൾ മുന്നിലെ വാതിലിനു തൊട്ടടുത്ത സീറ്റിലിരിക്കുന്നവരുടെ ജന്മാവകാശമാണ്. ആ അവകാശത്തെയാണ് ഇപ്പോൾ ഞാൻ ചോദ്യം ചെയ്യുന്നത്.
ആണുങ്ങൾ എങ്ങനെ ഇത് സഹിക്കും?

                     മാസത്തിൽ കൃത്യമായി ഒരു തവണയുള്ള എന്റെ ബസ്സ്‌യാത്ര ആശുപത്രിയിലേക്കാണെങ്കിലും ഞാൻ ഒരു രോഗിയല്ല. ദിവസേന കൃത്യസമയത്ത് ഗുളികകൾ വിഴുങ്ങുന്നത് രോഗം മാറാനല്ല; രോഗം വരാതിരിക്കാനാണ്. ആ ഗുളികകളുടെ അളവ് രക്തപരിശോധന നടത്തി ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കണം. അതിനായി കണ്ണൂരിന്റെ പരിസരത്തുള്ള എന്റെ പ്രീയപ്പെട്ട ആശുപത്രിയിൽ പോയാൽ 3ml രക്തം ഓരോ തവണയും കുത്തിയെടുത്ത് കുപ്പിയിലാക്കി പരിശോധിക്കും. അങ്ങനെ ആശുപത്രിയിലേക്കുള്ള ഒരു ബസ്സ്‌യാത്രയിലാണ് കിളിയുമായി ഞാൻ ഇടഞ്ഞുനിന്നത്.

                       ബസ്സിന് വെളിയിൽനിന്നുള്ള കിളിയുടെ കേളികൾ, നേരെ ബസ്സിനകത്തുള്ള കണ്ടക്റ്റർക്ക് പാസ്സ്‌ചെയ്ത് കൊടുത്തു. സുന്ദരിമാരുടെ ‘മിന്നും‌താരമായി മാറി, ആളുകൾക്കിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഊളിയിട്ട് ഒഴുകി നടക്കുന്ന കണ്ടക്റ്റർ; ടിക്കറ്റ് ബുക്കും ബാഗുമായി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഉടനെ കണ്ണുരുട്ടിക്കൊണ്ട് ചോദ്യമായി,
“നിങ്ങൾക്കെന്താ അവിടെന്ന് മാറിയിരുന്ന് കൂടെ?”
“മാറിയിരിക്കാൻ മറ്റൊരു സീറ്റും ഇല്ലല്ലൊ”
“അവിടെ ആണുങ്ങൾ‌മാത്രം ഇരുന്ന് ഡോറ് തുറക്കേണ്ടതാണ്”
“അതെന്താ പെണ്ണുങ്ങൾക്ക് ഡോറ് തുറന്നാൽ?”
“അവിടന്ന് മാറിയിരിക്കുന്നതാണ് നല്ലത്; വെറുതെ ഓരോ പൊല്ലാപ്പ്”
“വേറെ ഇരിക്കാൽ സ്ഥലം കിട്ടാതെ ഞാനിവിടന്ന് മാറുന്ന പ്രശ്നമേയില്ല.”
അതോടെ കണ്ടക്റ്റർ ടിക്കറ്റ് തരാതെ, മറ്റൊന്നും ചോദിക്കാതെ, മുഖം കറുപ്പിച്ചുക്കൊണ്ട് പിന്നിലേക്ക് പോയി.

                     രണ്ട്‌പേർ ഇരിക്കേണ്ട സീറ്റിൽ എന്റെ സമീപം ഒരാളുടെ സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന ഒരുത്തിപോലും (അവരിൽ കരയുന്നെ കൊച്ചിനെയും കൊണ്ട് നിൽക്കുന്നവളും ഉണ്ട്) ഇരിക്കാൻ തയ്യാറായില്ല. അത് എന്നെ പേടിച്ചാണോ അതോ ബസ്സ്‌കാരെ പേടിച്ചാണോ,,,?

                     മിക്കവാറും വീട്ടിൽ വാതിൽ തുറക്കുന്നതും അടക്കുന്നതും സ്ത്രീകളാണെങ്കിലും; ഒരു വാഹനത്തിന്റെ കാര്യത്തിൽ, സ്ത്രീകൾ അകത്തേക്ക് പ്രവേശിക്കാൻപോലും പുരുഷന്മാർതന്നെ വാതിൽ തുറക്കണം. ഓ, ബസ്സ്തൊഴിലാളികളെല്ലാം പുരുഷന്മാരാണല്ലൊ! അടുക്കളയിൽ ചോറും കറിയും നിർമ്മാണം സ്ത്രീകൾക്ക്; എന്നാൽ സദ്യയിൽ ചോറും കറിയും വെക്കാൻ പുരുഷന്മാർ. അതുപോലെ ഇവിടെയും എന്തിനീ വിവേചനം! ബസ്സിൽ കയറുന്ന ഈ പെണ്ണുങ്ങളുടെ പണം‌കൊണ്ട് കൂടിയല്ലെ, ബസ്സിലെ ഡ്രൈവറും കണ്ടക്റ്ററും കിളിയും ബസ്‌ഓണേഴ്സ്‌ഫേമലിയും കഞ്ഞികുടിക്കുന്നത്?’  

                        ഇതിനിടയിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം വിട്ടുപോയി; ബസ്സിൽ എന്റെ കൂടെ എന്നെ കെട്ടിയവനായ, എന്റെ ഭർത്താവായ, എന്റെ പ്രീയപ്പെട്ട മാഷും ഉണ്ട്. അദ്ദേഹത്തിന് എന്നെ പേടിയുള്ളതിനാൽ സാധാരണയായി സ്ത്രീകൾ കയറുന്ന, മുൻ‌വാതിലിലൂടെ ഒരിക്കലും ബസ്സിൽ കയറാറില്ല. അത്‌കൊണ്ട് പിൻ‌വാതിലിലൂടെ ബസ്സിൽ കയറി മുന്നിലോട്ട് നടന്ന് വരവെ, ഒരു പൂർവ്വശിഷ്യനെയും ശിഷ്യന്റെ കൊച്ചുമകനെയും കണ്ണിൽ‌ ഉടക്കി. ശിഷ്യൻ തന്റെ മകനെ മടിയിൽ പിടിച്ചിരുത്തിക്കൊണ്ട്, തന്നെ ഹരിശ്രീ പഠിപ്പിച്ച അദ്ധ്യാപകനായി അർദ്ധാസനം നൽകി. 
                  അങ്ങനെ പൂർവ്വഅദ്ധ്യാപകനും പൂർവ്വശിഷ്യനും ചേർന്ന് വർത്തമാനകാല വിശേഷങ്ങൾ ചർച്ചചെയ്യവെ തൊട്ടടുത്ത സീറ്റിലെ പരിചയക്കാരൻ അദ്ദേഹത്തിന്റെ ചുമലിലൊന്ന് തോണ്ടി,
“മാഷേ, ടീച്ചറവിടെ മുന്നിൽ ഒറ്റക്കാണ്. അടുത്തുള്ള ഒഴിഞ്ഞ സീറ്റിൽ നിങ്ങള് പോയി ഇരുന്നില്ലെങ്കിൽ ഏതെങ്കിലും ആൺപിള്ളേർ കയറി കൂടെയിരിക്കും”
“അങ്ങനെയൊരുത്തൻ ഇരിക്കുന്നതിൽ എനിക്കോ അവൾക്കോ ഒരു പ്രശ്നവും ഇല്ല. പിന്നെ ഒന്നിച്ചിരിക്കുന്നവന് പ്രശ്നമില്ലെങ്കിൽ ഇരുന്നോട്ടെ”
അതാണ് അങ്ങേരുടെ രീതി; പോനാൽ പോകട്ടും പോടീ,,, എങ്ങനെയുണ്ട് എന്റെ കെട്ടിയവൻ?

                          അപ്പോഴേക്കും അത്‌പോലെ സംഭവിച്ചു; ബസ്സിന്റെ പിൻ‌വാതിലിലൂടെ അകത്തുകടന്ന, സുന്ദരനും സുശീലനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ ഇരിപ്പിടം തേടി മുന്നിലെത്തിയപ്പോൾ എന്റെ സമീപം ഇരുന്നു. അവൻ എന്നെ നോക്കി ചിരിച്ചപ്പോൾ ഞാനും ഒരു പുഞ്ചിരി ഫോർ‌വേഡ് ചെയ്തു.
അപ്പൊഴെക്കും ബസ്സിൽ കയറാനായി ഒരു സ്ത്രീ വാതിലിനു സമീപം വന്നു. ഉടനെ കിളി പിന്നിൽനിന്ന് കൂവി,
“ഏ പെണ്ണുങ്ങളേ, അവിടിരുന്നാൽപ്പോര, വാതില് തൊറന്ന്‌കൊടുക്ക്,,,”

                       ഞാൻ ബസ്സിന്റെ ഡോർ തുറന്നപ്പോൾ അവർ അകത്ത് കയറി. പതിവ്‌തെറ്റിച്ച് ഒരു സ്ത്രീ അവിടെ ഇരുന്നതിലുള്ള പ്രതിഷേധം, കിളി നാലാളെ അറിയിക്കുകയാണ്, ‘ഇവനെക്കെ പെണ്ണുങ്ങളെ എന്ന് എന്നെ നോക്കി വിളിച്ച് കൂവുന്നു; എന്നാൽ ഇതേ സീറ്റിലിരിക്കുന്ന പുരുഷന്മാരെ, ‘ആണുങ്ങളെ’ എന്ന് ഒരിക്കലും ഒരു കിളിയും വിളിക്കാറില്ലല്ലൊ,’.
പെട്ടെന്ന് എന്റെ സമീപം ഇരുന്ന പയ്യൻ പറഞ്ഞു,
“ഞാൻ സൈഡിലിരുന്നാൽ ഡോറ് തൊറന്ന് കൊടുക്കാം”
അവന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ; എനിക്കിവിടെ സുഖമായി ഇരിക്കാമല്ലൊ. അവൻ എഴുന്നേറ്റപ്പോൾ ഞാൻ മാറിയിരുന്നു.

                           നമ്മുടെ ബസ് സ്റ്റാർട്ട്‌ ചെയ്തപ്പോഴാണ് എനിക്ക് ചെറിയ പ്രശ്നം തോന്നിയത്. ഡോറിനു സമീപത്തെ ഇരിപ്പിടമായതിനാൽ എനിക്ക് ബാലൻസ്‌ചെയ്ത് പിടിക്കാനായി മുന്നിൽ ഒരു വടിപോലും ഇല്ല. രണ്ടു കൈയും ഫ്രീ ആയി നേരെ നോക്കിയിരിക്കണം. ബാലൻസ് തെറ്റിയാൽ മുന്നിലുള്ള, സ്ത്രീകൾക്ക് ഇറങ്ങാനും കയറാനും വേണ്ടിയുള്ള സ്റ്റെപ്പുകളിൽ തെറിച്ച്‌വീഴും. അതിന് ഒരു പരിഹാരം മാത്രം; അടുത്തിരിക്കുന്നവനെ മുട്ടിയുരുമ്മി ഇരുന്ന് സൈഡിലെ കമ്പികളിൽ പിടിക്കണം. എല്ലാം‌കൊണ്ടും എനിക്കിപ്പോൾ ‘മര്യാദക്ക് ഇരിക്കാനും വയ്യ; എഴുന്നേറ്റ് മാറാനും വയ്യ’ എന്ന അവസ്ഥയിലായി. ബസ്സിലെ ഓരോ ടേണിങ്ങിലും ഞാൻ വളരെ പേടിച്ചെങ്കിലും വീഴാതെ ഉറച്ചിരുന്നു.

                     പെൺകുട്ടികളുടെ കലപില ശബ്ദം കേട്ടപ്പോൾ മനസ്സിലായി ഒരു പാരരൽ കോളേജിന്റെ മുന്നിലാണെന്ന്. അതിരാവിലെ ഒരു മണിക്കൂർ കോച്ചിംഗ് കഴിഞ്ഞ കുട്ടികൾ പുറത്തിറങ്ങിയതാണ്. മിക്സഡ് കോളേജാണെങ്കിലും മുന്നിൽ കാണുന്നത് പെൺകുട്ടികൾ മാത്രം. ബസ് പെൺകുട്ടികളെക്കൊണ്ട് നിറഞ്ഞു; എന്റെ ചുറ്റിലും അവർ നിരന്നു. പെട്ടെന്ന് ഒരു പെൺ‌കുട്ടി പുസ്തകബാഗ് എന്റെ മടിയിൽ ഇട്ടുകൊണ്ട് പറഞ്ഞു,
“ഈ ബാഗൊന്ന് പിടിച്ചാട്ടെ”
എന്റെ മടിയിൽ പതിച്ച അഞ്ച് കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള വലിയ ബാഗ് കൈകൊണ്ട് പിടിച്ചാൽ ഞാൻ താഴെ വീഴും എന്ന് ഉറപ്പാണ്. മൂന്ന് കിലോയിൽ കൂടുതൽ ഭാരം എടുക്കരുതെന്ന് ഡോക്റ്റർ എന്നോട് പ്രത്യേകം പറഞ്ഞതുമാണ്. ടീച്ചറായ എന്റെ മടിയിൽ, എന്നോട് അനുവാദം ചോദിക്കാതെ പുസ്തകബാഗ് ഇടുക; ആകെക്കൂടി ഒരു അസ്വസ്തത തോന്നി. ഞാൻ ആ കുട്ടിയോട് പറഞ്ഞു,
“ഈ ബാഗെടുത്ത് മാറ്റിയാട്ടെ”
അവൾ ആശ്ചര്യത്തോടെ എന്നെ നോക്കിയശേഷം മറുചോദ്യമായി,
“എന്താ ഇരിക്കുന്ന ആളിന് ബാഗ് പിടിച്ചാൽ?”
വളരെപെട്ടെന്ന് എന്നിലുള്ള അദ്ധ്യാപികയുടെ വിശ്വരൂപം പുറത്തുചാടി,
“നിന്നെക്കാൾ വലിയ കുട്ടികളെ പഠിപ്പിക്കുന്ന ആളാണ് ഞാൻ; പുസ്തകം ചുമക്കേണ്ട ആളല്ല. നീ ബാഗ് എടുത്ത് മാറ്റുന്നോ; അതോ ഞാൻ തള്ളി താഴെയിടണോ?”
അസ്സൽ കാട്ടുകടന്നൽ കുത്തിയ മുഖവുമായി അവൾ പുസ്തകസഞ്ചി എടുത്ത് പിന്നിലേക്ക് പോകുമ്പോൾ ഞാൻ ഓർത്തു,
‘എന്റെ മക്കളുടെയോ സ്വന്തം വിദ്യാർത്ഥികളുടെയോ ബാഗ്പോലും ഞാൻ ചുമന്നിട്ടില്ല. അപ്പോഴാ ഇവളുടേത്,,’.

                   സമീപമിരുന്ന യുവാവ് ഡോർ ഓപ്പറെറ്ററുടെ ജോലി നന്നായി ചെയ്തു. ആളുകൾ നിറഞ്ഞപ്പോൾ  ബസ്സിന്റെ സ്പീഡ് കുറവായതിനാൽ മുന്നിലെ സീറ്റിൽ അവന്റെ സ്മീപം ഇരിക്കുന്നതിൽ ഇപ്പോൾ എനിക്ക് പ്രയാസമൊന്നും തോന്നിയില്ല.

                   ബസ്സ് ‘ചൊവ്വ’യിലെത്തിയപ്പോൾ വിദ്യാർത്ഥികൾ എല്ലാവരും ഇറങ്ങിയതോടെ ബസ്സിൽ യാത്രക്കാർ കുറഞ്ഞു.  പതിവുപോലെയുള്ള ട്രാഫിക്ൿബ്ലോക്ക് ‘ചൊവ്വ’യിൽ ഇല്ലാത്തതിനാൽ സ്പീഡ് വർദ്ധിക്കാൻ തുടങ്ങി. അങ്ങനെ എനിക്ക് ഇറങ്ങേണ്ട സ്ഥലമായ ‘താണ’ സ്റ്റോപ്പിൽ എത്താറായി.
കിളി മുൻ‌കൂറായി വിളിച്ചുകൂവി, ഒരു അറിയിപ്പ്,,,
“താണ എറങ്ങാനുള്ളവർ എണീറ്റൊ”

                    ബസ്സ് നിർത്തിയാൽ മാത്രമേ സാധാരണ ഞാൻ എഴുന്നേൽക്കാറുള്ളു; ഇന്നാണെങ്കിൽ മുന്നിലിരിക്കുന്ന എനിക്ക് ബസ്സ് നിന്ന ഉടനെ പെട്ടെന്ന് മുൻ‌വാതിൽ തുറന്ന് ഇറങ്ങാം.
       അപ്പോഴാണ് ഞാൻ അത് കണ്ടത്;
                    കിളിയുടെ വിളി കേട്ട ഉടനെ പിന്നിലിരിക്കുന്ന ഉയരം കുറഞ്ഞ ഒരു സ്ത്രീ എഴുന്നേറ്റ് ഓരോ കൈകൊണ്ടും ബസ്സിന്റെ മേൽത്തട്ടിലെ കമ്പിയിൽ എത്തിപ്പിടിച്ച് മുന്നോട്ട് നടക്കുകയാണ്. കണ്ണും കൈവിരലും ഒഴികെ, മെയിൻ ഫിറ്റിംഗ്സ് എല്ലാം കറുത്ത പർദ്ദകൊണ്ട് ആവരണം ചെയ്യപ്പെട്ട ആ സ്ത്രീക്ക് ഉയരം കുറവാണെങ്കിലും വണ്ണം വളരെ കൂടുതലാണ്. സർക്കസ്സുകാരിയെ പോലെ ഒരുത്തി കമ്പിയേൽ തൂങ്ങിയാടി നടക്കവെ, പിന്നാലെ ഇരട്ടപെറ്റതു പോലെ മറ്റൊരുവളും അതേകമ്പി പിടിച്ച്‌തൂങ്ങി നടക്കാൻ തുടങ്ങി.

മണിയടി കേട്ട്, ബസ്സ് നിർത്താൻ തുടങ്ങുന്നതിന് തൊട്ടുമുൻപ്, കിളിയുടെ അറിയിപ്പ് വീണ്ടും വന്നു,
“എറങ്ങിക്കൊ, എറങ്ങിക്കൊ, താണയെത്തി,,,”
എന്നാൽ ബസ്സ് നിർത്തുന്നതിനു മുൻപ് അത് സംഭവിച്ചു;
റോഡിനു കുറുകെ ഒരു പയ്യൻ ഓടിയതും ബസ്സ് ‘സഡൻ‌ ബ്രെയ്ക്കിട്ടതും’ ഒന്നിച്ചായിരുന്നു.
??????.

                     റോഡിലൂടെ ഓടിയവന് ഒന്നും പറ്റിയില്ല; ബസ്സിനകത്ത് പലതും പറ്റി. കമ്പി പിടിച്ച് മുന്നോട്ട് നടന്ന കറുത്ത രൂപങ്ങൾ; മരത്തേൽ തൂങ്ങിയാടുന്ന വവ്വാലുകൾക്ക് കൊടുങ്കാറ്റടിച്ചാൽ സംഭവിക്കുന്നതുപോലെ, പിടിവിട്ട് മുന്നോട്ട് തെറിച്ച്‌പോയി. അവർ ഒന്നിനു മുകളിൽ മറ്റൊന്നായി വലിയ ഉപ്പ്‌ചാക്കുകൾ പോലെ ബസ്സിന്റെ മുന്നിൽ സ്റ്റീയറിംങ്ങിനു സമീപം കമഴ്ന്നു വീണപ്പോൾ അതിനും മുകളിലായി മുൻസീറ്റിലിരിക്കുന്ന ചെറിയ ഉള്ളിച്ചാക്ക് കൂടി മറിഞ്ഞുവീണു.
                       നാല്പത് കിലോഗ്രാമിൽ കൂടാത്ത ആ ഉള്ളിച്ചാക്കിന് അതിന്റെ ഇരട്ടിയോളം ഭാരമുള്ള രണ്ട് ഉപ്പുചാക്കുകളുടെ മുകളിൽ വീണതുകൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല. പിന്നിൽ‌നിന്നും ഓടിയെത്തിയ കിളി, ഉപ്പുചാക്കുകളെ ഉയർത്താനായി ശ്രമിക്കുന്നതിനിടയിൽ; ആദ്യംതന്നെ എഴുന്നേറ്റ് പൊടിതട്ടി ഭർത്താവിനോടൊപ്പം ബസ്സിൽ‌നിന്ന് പുറത്തിറങ്ങുന്ന ഉള്ളിച്ചാക്കിനെ നോക്കി ചിലക്കാൻ തുടങ്ങി,
“കിട്ടേണ്ടത് കിട്ടിയാൽ,, ഈ പെണ്ണുങ്ങൾ പഠിക്കും. നമ്മൾ ആണുങ്ങൾ ഇരിക്കുന്നിടത്ത് പെണ്ണുങ്ങൾ കയറിയിരുന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും, ഇനിയെങ്കിലും പറയുന്നത് അനുസരിക്കാൻ പഠിക്ക്”

1.4.10

പുലി വരുന്നേ; ഒരു പിടികിട്ടാപുലി
‘നാട്ടിൽ പുലികളിറങ്ങി നടന്നു,
നാട്ടാരെല്ലാം ഓടിയൊളിച്ചു’
                എലിയെന്ന് കേട്ടാൽ‌പോലും പേടിച്ചോടുന്ന നാട്ടുകാരോട്, ഏതാനും ദിവസങ്ങളായി ‘പുലിവരുന്നേ, പുലിവരുന്നേ’ എന്ന് വിളിച്ച് പറഞ്ഞ്; നാട്ടിൽ ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച്, നാട്ടുകാരെ മസാലയിൽ മുക്കിയെടുത്തശേഷം മുൾമുനയിൽ കുത്തി നിർത്തി പൊരിച്ചെടുക്കുമ്പോൾ; ഒരു ദിവസം നാല് കാലും ഒരു വാലും ചേർന്ന്, ചാരനിറത്തിൽ മഞ്ഞപ്പുള്ളികളാൽ അലംകൃതമായ ‘ഒറിജിനൽ പുലി’ വന്ന്, തന്നെ ഓടിച്ച് തെങ്ങേൽ കയറ്റുമെന്ന്  നമ്മുടെ ഓട്ടോഡ്രൈവർ ജോസൂട്ടി സ്വപ്നത്തിൽ‌പോലും ഓർത്തിരിക്കാനിടയില്ല.

                 തന്റെ പേരിൽ അപവാദങ്ങളും കുപ്രചരണങ്ങളും നാട്ടിൽ അഴിച്ചുവിടുന്നവനെ ചോദ്യം ചെയ്തില്ലെങ്കിൽ ‘പുലി എന്തിന് പുലിയായി ജീവിക്കണം?’ എന്ന് പുലിക്ക് തന്നെ തോന്നിയതിന്റെ പരിണിതഫലമായിരിക്കാം, ജോസൂട്ടി തെങ്ങിന്റെ മണ്ടയിലും പുലി തെങ്ങിന്റെ ചുവട്ടിലും അന്യോന്യം നോക്കി, അങ്ങനെ ഒത്തിരി നേരം കുത്തിയിരിക്കാൻ കാരണം.

                 രാത്രിയിൽ ഇള‌നീർ മോഷണത്തിന് പ്രയാസപ്പെട്ട് തെങ്ങിൽ കയറുന്നുണ്ടെങ്കിലും, ഇത്രയും വേഗത്തിൽ അനായാസമായി തെങ്ങേൽ കയറാൻ തനിക്ക് കഴിയും, എന്ന് ജോസൂട്ടിക്ക് ഏതാനും മിനുട്ടുകൾക്ക് മുൻപാണ് മനസ്സിലായത്. വീട്ടുപറമ്പിൽ തെങ്ങും തേങ്ങയും ധാരാളം ഉണ്ടെങ്കിലും തെങ്ങ്‌കയറ്റക്കാർ ‘പിടികിട്ടാപുള്ളികൾ’ ആയതു‌കൊണ്ട് തേങ്ങയില്ലാക്കറികൾ ജോസൂട്ടിയുടെ ശീലമാണ്. ഈ പുലി പണ്ടേ വന്നിരുന്നെങ്കിൽ താനൊരു തെങ്ങ് കയറ്റതൊഴിലാളി ആയി മാറി, നാട്ടിൽ ഒരു ‘വിവിഐപി’ ആയേനെ.

                 ജോസൂട്ടി ‘ഠപ്പൊ’ യെന്ന് താഴെവീഴുന്നതും കാത്ത് ഒറിജിനൽ പുലിതന്നെയാണ് തെങ്ങിൻ ‌ചുവട്ടിൽ ഹാജരായിട്ട്; അവനെ കടിക്കാൻ പാകത്തിൽ വാ പൊളിച്ച് നിൽക്കുന്നത്. ജോസൂട്ടി ഓല മാറ്റി ചവിട്ടുമ്പോൾ പുലി ഇരിപ്പിടം വിട്ട് തെങ്ങിന്റെ അതേ വശത്ത് വന്ന് മേലോട്ട് നോക്കി നില്പാണ്. താഴെ വീഴുമ്പോൾ തല കടിക്കാൻ പാകത്തിൽ ശരിയായ പൊസിഷൻ നോക്കി ഉയരവും ദൂരവും വേഗതയും മാത്രമല്ല, ‘ഭൂമിയുടെ ആകർഷണവും ഘർഷണവും കൂടി’ കണക്ക് കൂട്ടിയാണ് പുലിയുടെ ഇരിപ്പ്. അപ്പോൾ ഇത് കണക്കും ഫിസിക്സും പഠിച്ച പുലി തന്നെയാവണം.

ജോസൂട്ടി പുലിയെ നോക്കി പറഞ്ഞു,
“എടാ നിന്റെ കളി ജോസൂട്ടിയോടാണോ? അങ്ങനെ എന്നെ കിട്ടുമെന്ന് നീ കരുതേണ്ട, പോടാ പുലീന്റെ മോനേ,,”
ഇതും പറഞ്ഞ് ഇളംകരിക്ക് പറിച്ച് എറിയാൻ നോക്കിയ ജോസൂട്ടിയെ നോക്കി പുലിയൊന്നലറി. പിന്നെ നിലം കുഴിച്ച് മൂത്രമൊഴിക്കാൻ തുടങ്ങിയപ്പോൾ ജോസൂട്ടി പേടിച്ച് വിറച്ചു.

                 പുലി മൂത്രത്തിന്റെ രൂക്ഷഗന്ധം ഏറ്റാൽ മറ്റു ജീവികൾ ബോധം കെട്ട് വീഴുമെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ഈ പുലി തന്നെ പിടിക്കാൻ തന്നെയാണ് ഭാവം. തെങ്ങിന്റെ ഉച്ചിയിലെ ഓലമടൽ നന്നായി പിടിച്ച്, കൊടുങ്കാറ്റും സുനാമിയും ഒത്ത് വന്നാലും, താഴെ വീഴാത്ത സ്ഥാനത്ത് ജോസൂട്ടി കയറിയിരുന്നു.

                 പരിസരം നന്നായി ഇരുട്ടി. ഉയരത്തിലായതിനാൽ അകലെയുള്ള സ്ട്രീറ്റ് ലൈറ്റുകൾ കാണുന്നുണ്ട്. തെങ്ങിന്റെ ചുവട്ടിൽ നല്ല ഇരുട്ടാണെങ്കിലും ജോസൂട്ടിക്ക് പുലിക്കണ്ണുകൾ മാത്രമല്ല; പുലിയെ മൊത്തത്തിൽ ശരിക്കും ക്ലിയർ‌ആയി കാണാം.


ഇത്
‘ജോസ്;
‘ജോസൂട്ടി;
‘നാട്ടുകാരുടെ ഡ്രൈവർ ജോസൂട്ടി;
‘ഇപ്പോൾ പുലിയേ പേടിച്ച് തെങ്ങേൽ കയറിയിരിക്കുന്ന ജോസൂട്ടി;

                 അന്നും പതിവുപോലെ ‘ജോസൂട്ടി’ തന്റെ എല്ലാമായ ‘മേരി മാതാ’യെ കൃത്യം ആറ്മണിക്ക്‌തന്നെ  വീട്ടിലെത്തിച്ച്, ബ്രെയ്ക്കിട്ട ശേഷം, രണ്ട്പേരും നന്നായി കുളിച്ച് തോർത്തി ‘സുന്ദരീ ഒന്നൊരുങ്ങി വാ,,,’ എന്നും പാടി വീട്ടിനകത്ത് കയറി. ചായകുടിച്ച ശേഷം കെട്ടിയോളെ ചീത്തപറഞ്ഞ്, കിട്ടിയ പണവും എടുത്ത് നാടൻബാറിലേക്ക് നടന്നുനീങ്ങി. നാട്ടുകാർ പുലിയെപേടിച്ച് നടക്കാൻ മടിക്കുന്ന വഴിയെ, പുലിരഹസ്യം അറിയാവുന്ന ജോസൂട്ടി മങ്ങിയ വെളിച്ചത്തിൽ മൂളിപ്പാട്ടുമായി നടന്നു. പൊതുജനങ്ങളുടെ ആരോഗ്യരഹസ്യമായ കാൽനടയാത്ര ഒഴിവാക്കാൻ വേണ്ടി ജോസിന്റെ സ്വന്തം ബുദ്ധിയിൽ വിരിഞ്ഞ സൂത്രങ്ങളായ പുലിബനിയാനും ‘പുലിമ്യൂസിക്ക് മൊബൈലും’ ഒപ്പം കരുതാൻ മറന്നില്ല.
 
                   കുറ്റിക്കാടുകൾ നിറഞ്ഞ വഴികളിലൂടെ ജോസൂട്ടി ഏകാകിയായി നടക്കുമ്പോൽ തന്റേതായ ‘തനിക്ക് മാത്രം അറിയാവുന്ന’ സൂത്രങ്ങൾ ഫലിച്ചതിൽ ജോസൂട്ടിക്ക് വളരെ സന്തോഷം തോന്നി.
“,,,,.ർ‌ർ‌ർ‌ർ‌ർ,,,,,”
പെട്ടെന്ന് അല്പം അകലെയല്ലാതെ ഒരു ചെറിയ മുരൾച്ച; ഒപ്പം കുറ്റിക്കാടുകളിൽ ഒരു ഇളക്കവും. ജോസൂട്ടി സ്വയം പറഞ്ഞു,
“വല്ല കുറുക്കനോ പട്ടിയോ ആയിരിക്കും”

                    ജോസൂട്ടി മുന്നോട്ട് നടന്നെങ്കിലും തന്റെ ചലനങ്ങൾ നിരീക്ഷിച്ച് ‘ആരോ പിൻ‌തുടരുന്നുണ്ട്’, എന്ന് അവനൊരു സംശയം. അല്പസമയം നിന്നശേഷം ഇരുൾ‌മൂടാൻ തുടങ്ങിയ വഴിയിൽ രണ്ട് കണ്ണും ഒന്നിച്ച്‌പിടിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ഒരു ദൃശ്യം കണ്ടത്, ‘തിളങ്ങുന്ന രണ്ട് കണ്ണുകൾ ജോസൂട്ടിയെ നോക്കുന്നു;
,,
ഒരു പുലി,
പുപ്പുലി,
ശരിക്കും പുള്ളിയുള്ള ഒറിജിനൽ പുള്ളിപുലി,
കണ്ണ് അടച്ചും തുറന്നും പലതവണ നോക്കിയപ്പോൾ ആള് പുലി തന്നെയാണെന്ന് 100% ഉറപ്പ് വരുത്തി.
‘പെട്ടെന്ന് സൂപ്പർഫാസ്റ്റ് വേഗതയിൽ ജോസൂട്ടി ഓടാൻ തുടങ്ങി;
‘ഒപ്പം പുലിയും സ്റ്റാർട്ടായി.

                    പി ടി ഉഷയെപോലെ ഒളിം‌പിക്സ് ഓട്ടമത്സരത്തിൽ പങ്കെടുത്ത പുലിയായിരിക്കണം; ഓട്ടത്തിനിടയിൽ അത് സംഭവിച്ചു,
                    സ്റ്റാർട്ട് ചെയ്ത ഉടനെ ടോപ്പ്ഗിയറിലിട്ട് ഓടിയ പുലിക്ക് സഡൻ ബ്രെയ്ക്കിടാൻ കഴിയാത്തതിനാൽ, ജോസിന്റെ ചുമലിനു സമീപത്തുകൂടി പുലി മുന്നിൽ കയറി ചാടിയോടാൻ തുടങ്ങി. ഓടി അകലെയെത്തിയ പുലി, ഗിയറ് മാറ്റി ബ്രെയ്ക്ക് പിടിക്കുമ്പോഴേക്കും ജോസ് തൊട്ട് മുന്നിലുള്ള തെങ്ങിന്മേൽ കയറി. ശരിക്ക് പറഞ്ഞാൽ പുലിക്ക് പരിസരബോധം വരുമ്പോഴേക്കും ജോസ് തെങ്ങിന്റെ മണ്ടയിൽ എത്തി.
                   പുലി വീണ്ടും സ്റ്റാർട്ടായി, എബൌട്ടേൺ അടിച്ച് ഫസ്റ്റ്ഗിയറിൽ തിരിച്ചുവന്നപ്പോൾ ശത്രു തെങ്ങിന്മേലാണെന്നറിഞ്ഞ് ഒളിമ്പിക്സ് മോഡൽ ചാട്ടം തുടങ്ങി. ഓടിയും ചാടിയും ക്ഷീണിച്ച്, ഇപ്പോൾ നാല് കാലും നീട്ടി കിടന്ന് വിശ്രമിക്കുകയാണ്. ഇടയ്ക്കിടെ മേലോട്ട്‌നോക്കി ഉച്ചത്തിൽ അലറുന്നുണ്ട്.
ജോസിന് ഇപ്പോൾ മൂന്ന് കാര്യം ഉറപ്പായി.
ഒന്ന്, സാധാരണ പുലികൾ മരത്തിൽ അനായാസം കയറുമെങ്കിലും ഈ പുലി മനുഷ്യരെപ്പോലെ മരം കയറ്റം മറന്നുപോയി.
രണ്ട്, ഈ ഒറിജിനൽ പുലിയുടെ ഒച്ചയും ബഹളവും അലർച്ചയും കേട്ട് ആരും ഈ വഴി വന്ന് തന്നെ രക്ഷിക്കില്ല.
മൂന്ന്, തന്നെ രക്ഷിക്കാൻ കടമറ്റത്ത് കത്തനാർ വരണം, അല്ലെങ്കിൽ ശരിക്കും കർത്താവ് ഈശോമിശിഹ തന്നെ വരണം.  

,,,
‘ഈ പുലിയെന്തിന് തന്റെ പിന്നാലെ വരണം?’
ജോസൂട്ടിയുടെ ചിന്തകൾ ഫ്ലാഷ് ബാക്കായി.
‘ജോലിയും കൂലിയും ഇല്ലാത്ത ജോസ്.
‘തേരാപാര തെക്കുവടക്ക് നടക്കുന്ന ജോസ് കല്ല്യാണം കഴിച്ചു.
‘വധു സുന്ദരിയായ ആൻസി.
‘ആൻസിയോടൊപ്പം സ്ത്രീധനമായി കിട്ടിയത് പൂത്ത പുത്തൻ പണം.
‘പണം കൊടുത്ത് വാങ്ങിയത് ‘മേരീ മാതാ’ എന്ന ‘പുത്തൻ ബജാജ് ഓട്ടോ’.
‘ഓട്ടൊ ഓടിച്ചത് ജോസ്.
‘വെറും ജോസ് അങ്ങനെ ഡ്രൈവർ ജോസായി പരിണമിച്ചു.

                  സ്വന്തം ഓട്ടോയുമായി പള്ളിമുക്കിലും അമ്പലമുക്കിലും പോയ ജോസ്, യൂണിയൻ‌കാരുമായി തെറ്റിപ്പിരിഞ്ഞു. ഒടുവിൽ പഞ്ചായത്തിലെ ‘വിഐപി’ കോർണറായ ‘വൈദ്യരെ മുക്ക്’ ബസ്‌സ്റ്റോപ്പിൽ സ്ഥിരക്കാരനായി മാറി. എന്നാൽ അവിടെ ജോസ് കാല് കുത്തുകയും ‘മേരി മാതാ’ അവിടെ ബ്രെയ്ക്ക് ഇടുകയും ചെയ്തതു മുതൽ വൈദ്യരെ മുക്കിലെ ഓട്ടോക്കാരുടെ കഷ്ടകാലം തുടങ്ങി.

                   ഏതാനും ദിവസം മുൻപ് നാട്ടുകാരുടെ സ്വന്തമായ ദാമോദരൻ വൈദ്യർ ജനങ്ങളുടെ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനായി അവിടെ വരുന്നവർക്ക് ഒരു ഒറ്റമൂലി നിർദ്ദേശിച്ചു,
‘നടത്തം, ദിവസേന ഒരു മണിക്കൂർ നടത്തത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുക’.

                   വൈദ്യരെ കാണപ്പെട്ട ദൈവമായി കരുതുന്ന നാട്ടുകാർ അദ്ദേഹം പറഞ്ഞത് അതേപടി വെള്ളം കൂട്ടാതെ അനുസരിച്ചപ്പോൾ ഓട്ടോക്കാർ വെള്ളം കുടിക്കാൻ തുടങ്ങി. അഞ്ച് മിനിട്ട് നടന്നെത്താവുന്ന ദൂരത്തിന് പത്ത് രൂപ കൊടുത്ത് യാത്ര ചെയ്തവർ ഓട്ടോകൾ നിരനിരയായി നിർത്തിയിട്ട ഭാഗത്ത് പിന്നീട് തിരിഞ്ഞൊന്ന്‌പോലും നോക്കിയില്ല.
ങുഹും’,,,

. സ്വർണ്ണവിലയെക്കാൾ സ്പീഡിൽ പെട്രോൾ വില കൂടുമ്പോൾ ഇനിയെന്ത് ചെയ്യും?
. ബസ്സിൽ നിന്നും ഇറങ്ങുന്ന ഓരോ യാത്രക്കാരെയും ഓട്ടോഡ്രൈവർമാർ പ്രതീക്ഷയോടെ നോക്കുമെങ്കിലും എന്നും നിരാശയാണ് ഫലം.
. ഓട്ടോപാതകൾ നടപ്പാതകളായി മാറിയതുമുതൽ ജനങ്ങളുടെ ആരോഗ്യവും സമ്പത്തും വർദ്ധിക്കാൻ തുടങ്ങി.
. ഓട്ടോ തൊഴിലാളികൾക്ക് കഷ്ടകാലം ആരംഭിച്ചു.
                   എന്നാൽ പെട്ടെന്നൊരു ദിവസം മുതൽ നാട്ടുകാർ കാലുമാറി. അവർ നടക്കാൻ മാത്രമല്ല, വീട്ടിൽനിന്ന് പുറത്തിറങ്ങാൻ‌പോലും ഓട്ടോ വിളിക്കാൻ തുടങ്ങി.
‘കാരണം പുലി.
‘അസമയത്ത് യാത്രചെയ്യുന്ന നാട്ടുകാരുടെ മുന്നിലൂടെ പെട്ടെന്ന് അവൻ ഓടിമറഞ്ഞു;
‘പുലി,
‘ഇമ്മിണി വലിയ പുപ്പുലി,
‘അകലെനിന്നും പുലിയുടെ അലർച്ചയും ഓട്ടവും കണ്ട് നാട്ടുകാർ പേടിച്ച്‌വിറച്ചു,
‘നടന്ന വഴിയിൽ നാട്ടുകാരുടെ പൊടിപോലും കാണാനില്ല,
‘നാട്ടുകാർ നടത്തം മറന്നു,
‘ഭയം അമിതമായവർ ‘ഇമ്മിണി വലിയ കടുക്’ തുരന്ന് അതിനുള്ളിൽ ഒളിച്ചിരിക്കാൻ തുടങ്ങി,
‘നാട്ടുകാർ വീടിനുപുറത്ത് ഇറങ്ങുന്നത് വാഹനങ്ങളിൽ മാത്രമാക്കി,
‘വനം പരിസ്ഥിതിക്കാർ വന്ന് പുലിക്കൂടൂകൾ നാട്ടിലുടനീളം സ്ഥാപിച്ചു. കൂട്ടിലെ ആട്ടിൻ‌കുട്ടിയുടെ കരച്ചിൽ കാരണം നാട്ടുകാർ നിദ്രാവിഹീനരായി,
‘പിറ്റേദിവസം ഇരയില്ലാത്ത അടഞ്ഞ കൂടുകൾ കണ്ട് ഉദ്യോഗസ്ഥർ ഞെട്ടി,
‘പുലിമാത്രം കെണിയിൽ വീഴാത്ത കൂടുകൾ വനം വകുപ്പിനെ നോക്കി പരിഹസിച്ചു, ഹൂയ്,,,
‘പുലി ഒരു പിടികിട്ടാപുലിയായി അങ്ങനെ നാട്ടിൽ ഒളിച്ച്നടന്നു,
‘ഓട്ടോറിക്ഷകൾ ടോപ്പ്ഗിയറിട്ട്, ഇടവഴികളിലും അടുക്കളപ്പുറത്തും കുളക്കരയിലും യഥേഷ്ടം സഞ്ചരിക്കാൻ തുടങ്ങി,
‘ജോസിനും കൂട്ടുകാർക്കും പോക്കറ്റിൽ പണം നിറഞ്ഞു,
‘ജോസിന്റെ ജീവിതനിലവാരം ഉയർന്നുയർന്ന് ഇപ്പോൾ തെങ്ങിന്റെ മണ്ടയിൽ വരെ എത്തി.

,,,
 പെട്ടെന്ന് ജോസിന്റെ പോക്കറ്റിൽ നിന്നും പാട്ടുയർന്നു,
      “ഡാഡിമമ്മി വിട്ടില്ലില്ലെയ്,,,”
                 ഡാഡിയും മമ്മിയും വീട്ടിലില്ലെന്ന് കേട്ടപ്പോൾ തെങ്ങിൻ ചുവട്ടിലെ പുലിയും, തെങ്ങിൻ മുകളിലെ ജോസും, ഒന്നിച്ച് ഞെട്ടി.
പുലി ഒന്നല്ല, രണ്ട് ടോർച്ച്‌ലൈറ്റുകൾ മുകളിലേക്ക് തെളിച്ചു.

ജോസിന് പെട്ടെന്ന് പുത്തനുണർവ്വ് വന്നു,
യുറേക്കാ,,, ഇനി പുലിയെ എന്തിന് പേടിക്കണം; പുലി പോയി തുലയട്ടെ. പുലിപ്പേടി കാരണം പോക്കറ്റിൽ മൊബൈലുണ്ടെന്ന കാര്യം പോലും മറന്നിരുന്നു;
വിളിക്കുന്നത് ഒന്നിച്ച് ഓട്ടോ എടുക്കുന്ന പാച്ചനാണ്; കർത്താവ് ഈശോയെ മനസ്സിൽ വിളിച്ച് കുരിശ് വരച്ചശേഷം, മൊബൈൽ ഓക്കെ അമർത്തി.
“എട പാച്ചാ ഞാനിപ്പൊ തെങ്ങിന്റെ മണ്ടേലാ, പുലിയുണ്ട്”
“നിന്റെ തലമണ്ട ഞാൻ അടിച്ച് നെരപ്പാക്കും. ഇന്നലെ ഷാപ്പിന്ന് എന്റെ ഷെയറാ നീ മോന്തിയത്; ഇന്ന് നിന്റെ ഷെയറാടാ പട്ടീ,,,”
“എടാ പട്ടീ, ഈ പുലിയെ ഓടിച്ച് ഒന്നെന്നെ രക്ഷിക്കെടാ? ഞാനിപ്പം വളയംകുന്നിനടുത്തുള്ള ഒരു തെങ്ങിന്റെ മോളിലാ”
“പുലിയല്ല എലിയായാലും അര മണിക്കൂറിനുള്ളിൽ ഷാപ്പിലെത്തി പറ്റ് തീർത്തില്ലേൽ നിന്നെ പുലി കൊല്ലുന്നതിനു മുമ്പ് നമ്മള് കൊല്ലും. നിന്റെ കണക്കിലാ ഇന്ന് എല്ലാരും കുടിക്കുന്നത്; കേട്ടോടാ പട്ടീടെ,,, മോനേ”,
മൊബൈൽ ഓഫായി.
ജോസിന് ദേഷ്യം വന്നെങ്കിലും ചുവട്ടിൽ പുലിയാണെന്നോർത്ത് ഒന്നും പറഞ്ഞില്ല.

                 ഏതായാലും മൊബൈലല്ലെ കൈയിലുള്ളത്, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ; ഇനി ആരെയെങ്കിലും വിളിച്ച് കാര്യം പറഞ്ഞാൽ രക്ഷപ്പെടാമല്ലൊ.

                ജോസ് കുരിശ് വരച്ച്, മൊബൈൽ കറക്കി; ആദ്യം കിട്ടിയത് സ്വന്തം വീട്ടിൽ. ‘ഓക്കെ’ ക്ലിക്കായി. അതാ വരുന്നു ഒരു പെൺ‌മണിയുടെ കിളിനാദം, “നിങ്ങൾ വിളിച്ച നമ്പർ ഇപ്പോൾ പരിധിക്ക് പുറത്താണ്, ദയവായി അല്പസമയം കാത്തിരിക്കുക”
‘ഭർത്താവില്ലാത്ത നേരം നോക്കി പരിധിക്ക് പുറത്ത് പോകുന്ന കെട്ടിയോൾ! നാശം ഇപ്പോൾ ശരിക്കും ഔട്ട് ഓഫ് റേഞ്ച് ആയത് അവളുടെ കെട്ടിയോനാണല്ലൊ’

പെട്ടെന്ന് ജോസിന്റെ തലയിൽ ഒന്ന് ക്ലിക്കി,
‘വീട്ടിൽ കാര്യമറിഞ്ഞാൽ മധുവിധുവിനെ മണം മാറാത്ത അവൾ പെട്ടെന്ന് കരഞ്ഞ്കൊണ്ട് ഓടി വരും, നേരെ പുലീടെ വായിൽ. പരിധിക്ക് പുറത്തായവളാണെങ്കിലും സ്വന്തം ഭാര്യയല്ലെ. അത്കൊണ്ട് വീട്ടിലേക്ക് ഇനി വിളിക്കേണ്ട’.

പുലി തെങ്ങിന്റെ ചുവട്ടിൽ ഉണ്ടെന്ന് പുലിതന്നെ ഇടയ്ക്കിടെ വിളിച്ചറിയിക്കുന്നുണ്ട്.
കുരിശ് കാണിച്ചാൽ ഏത് ചെകുത്താനും ഒഴിഞ്ഞ് പോകും. എന്നാൽ വെള്ളിക്കുരിശ് കാണിച്ചിട്ടും ഈ ചെകുത്താൻ ഒഴിഞ്ഞ് പോകുന്ന ലക്ഷണമൊന്നും ഇല്ല.

                പെട്ടെന്ന് ഒരു കാര്യം ഓർമ്മ വന്നു; അപകടമുണ്ടായാൽ വിളിക്കേണ്ടത് പോലീസിനെയല്ലെ; ഹായ്, ഉടൻ അമർത്തി ‘100’,
“ഹലോ,,,”
“പോലീസ് കൺ‌ട്രോൾ റൂം, എസ് ഐ ഹിയർ,,”
“സാർ, ഞാനിപ്പൊ ഒരു തെങ്ങിന്റെ മുകളിലാ; ഇവിടെ ഒരു,,”
“വളരെ നന്നായി, തെങ്ങിന്മേൽ കയറാൻ ഒരാളെ തപ്പാൻ തുടങ്ങിയിട്ട് ആറ് മാസമായി; നാളെ രാവിലെ സ്റ്റേഷനിൽ ഹാജരാവണം. സ്റ്റേഷൻ കോമ്പൌണ്ടിലെ തേങ്ങ പറിച്ചിട്ട്‌വേണം എന്റെ ഭാര്യവീട്ടിലെ തേങ്ങ പറിക്കാൻ. അങ്ങനെ ഇവിടെയുള്ള എല്ലാ കോൺസ്റ്റബിൾമാരുടെയും പറമ്പിലെ തേങ്ങയിട്ട് കഴിഞ്ഞാൽ നിന്നെ വെറുതെ വിടാം. കേട്ടോടാ നാളെ രാവിലെ കൃത്യം എട്ട് മണിക്ക് ഇവിടെ എത്തണം”
കാര്യം മുഴുവൻ പറയുന്നതിനു മുൻപ്‌തന്നെ എസ് ഐ യുടെ ഓർഡർ വന്നു.

ഇനിയിപ്പോ ആരെ വിളിക്കും? പെണ്ണായിരുന്നെങ്കിൽ 1091 ഡയൽ ചെയ്ത് വനിതാ ഹെല്പ് ലൈനിൽ അറിയിച്ചാൽ വെള്ളവണ്ടിയിൽ കാക്കിയണിഞ്ഞ വനിതാപോലീസുകാർ എത്തും. ഒരു സ്ത്രീ അപകടത്തിൽ പെട്ടെന്നറിഞ്ഞാൽ ഉടനടി സഹായം എത്തിയേനെ,,,
ജോസ് ആലോചിച്ചു, ‘ ഒന്ന് വിളിച്ച് നോക്കിയാലോ; ടോൾ ഫ്രീ നമ്പർ അല്ലെ, ചെലവില്ലല്ലൊ,,’
                  അങ്ങനെ ആണായ ജോസ് പെണ്ണാകാൻ കൊതിച്ച് നമ്പർ ക്ലിക്കി, ‘1091’
“ഹലോ ഇത് വനിതാ ഹെല്പ്‌ലൈനല്ലെ?”
“അതെ, ആരാണ്? ഏത് പെൺകുട്ടിക്കാണ് അപകടം പറ്റിയത്?”
ഒരു കിളിനാദം കാതിൽ പതിച്ചു.
“അപകടം പെൺകുട്ടിക്കല്ല; എനിക്കാണ് മാഡം, വൈദ്യരെമുക്കിലെ ഓട്ടോ ഡ്രൈവർ ജോസിന്”
“ഇത് വനിതകൾക്ക് മാത്രമുള്ളതാണ്, താങ്കൾ നൂറിൽ വിളിക്ക്”
“നൂറിൽ വിളിച്ചിട്ട് ഒരു രക്ഷയുമില്ല; ഇവിടെ ഒരു പുലി എന്നെ ഓടിച്ച് തെങ്ങേൽ‌കയറ്റി തടഞ്ഞുവെച്ചിരിക്കയാ”
“പെൺപുലിയാണോ?”
“മാഡം അത് ഞാൻ പരിശോധിച്ച് നോക്കിയിട്ടില്ല; മിക്കവാറും പെൺ‌പുലിയാവാനാണ് സാദ്ധ്യത”
“പിന്നാലെ ഓടുന്ന പുലി ‘പെണ്ണോ ആണോ’ എന്ന് മനസ്സിലാക്കാത്ത നീയൊക്കെ എവിടത്തെ ഡ്രൈവറാണ്? എത്രയും പെട്ടെന്ന് പരിശോധിച്ച് അത് പെൺ‌പുലിയാണെങ്കിൽ ഇവിടെ വിളിച്ച് പറയുക. അപ്പോൾ പുലിയുടെ സംരക്ഷണത്തിനായി വനിതാപോലീസിന്റെ ഒരു സ്ക്വാഡിനെ അങ്ങോട്ട് അയക്കാം. നന്ദി”
അപ്പോൾ പെണ്ണായി ജനിച്ചാൽ പുലിക്കും സംരക്ഷണം. ഇനി എന്ത് ചെയ്യും?

നൂറ്റൊന്നിൽ വിളിച്ചാലോ?
101 വിളിച്ചാൽ ഫയർ സർവീസ് വക; ചുവന്ന വണ്ടി, ചുവന്ന ലൈറ്റിട്ട്, മണിയടിച്ച്‌കൊണ്ട് വരും. ആ മണിയടി കേട്ടാൽ കടലാസ് പുലി മാത്രമല്ല, ഒറിജിനൽ പുലിയും പറപറക്കും; ജസ്റ്റ് ഡയൽ ‘101’.
“ഹലോ, ഇത് ഫയർ സർവീസല്ലെ”
“നിനക്കെന്താടാ ഇത്ര സംശയം? ഈ പാതിരാത്രി നിന്റെ തലയിൽ തീപ്പിടിച്ചോ?”
“സർ ഞാനിവിടെ വലിയ അപകടത്തിൽ പെട്ടിരിക്കയാ”
“അതെന്താടാ? നിന്നെയാരെങ്കിലും പീഡിപ്പിച്ചോ?”
“സർ ഒരു പുലി എന്റെ പിന്നാലെ ഓടിയപ്പോൾ ഞാൻ തെങ്ങിന്മേൽ കയറി”
“ഹ,ഹ,ഹ,ഹ,ഹ, ഹ്,,, നല്ല കാര്യം; ഇനി തേങ്ങ പറിക്കാൻ ഒരു ലക്ഷം ചെലവാക്കി മെഷിനൊന്നും കണ്ടുപിടിക്കേണ്ട; പകരം ഓരോ പഞ്ചായത്തിലും ഓരോ പുലിയെ വിട്ടാൽ മതിയല്ലൊ”
“സർ ആറുമണിമുതൽ ഞാൻ തെങ്ങിന്റ്റെ മുകളിലാ,,,”
“അപ്പൊ നിനക്ക് വെശക്കുന്നുണ്ടാവും. നമ്മുടെ വണ്ടിയിൽ നിനക്കവിടെ ചോറെത്തിച്ച് തരണമായിരിക്കും? ഇറങ്ങെടാ പട്ടി,,,”
“അയ്യോ, സർ,, ഇവിടെ തെങ്ങിന്റെ ചോട്ടില് പുലിയുണ്ട്; എന്നെ തിന്നുകളയും”
“പുലിയെന്താടാ അവിടെ പെറ്റ് കെടക്കുവാണോ? പിന്നെ പുലിയെക്കൊന്ന് പുലിവാല് പിടിക്കാനൊന്നും ഈ അഗ്നിശമനക്കാരെ കിട്ടില്ല. അത് വനം വകുപ്പാ; ഫോറസ്റ്റിൽ വിളി”
“സർ നമ്പർ”
“ഫോറസ്റ്റ് ഓഫീസ് നമ്പർ സീറോ ഫോർ നൈൻ ……
“വളരെ നന്ദി സർ”

ഇനി ഫോറസ്റ്റ് നിറഞ്ഞ കാട്ടിലേക്ക് വിളിക്കാം; ഡയൽ
“ഹലോ”
“യെസ്, വെൽക്കം റ്റു ദി ഫോറസ്റ്റ് ഓഫീസ്; ഏത് ജന്തുവാ ഈ രാത്രിയിൽ”
“സർ ഇവിടെ ഒരു പുലി എന്റെ പിന്നാലെ ഓടിയപ്പോൾ ഞാൻ തെങ്ങിന്മേൽ കയറി”
“നീയൊക്കെ ഓടിച്ചാൽ രക്ഷപ്പെടാനായി പുലിക്ക് തെങ്ങിന്മേൽ കയറണ്ട അവസ്ഥയായി. ഈ രാത്രി തെങ്ങിന്റെ മണ്ടയിലിരിക്കുന്നത് പുലിയാണെന്ന് എന്താ ഇത്ര ഉറപ്പ്?”
“തെങ്ങിന്മേൽ കയറിയത് ഞാനാണ് സർ, ഡ്രൈവർ ജോസ്; എന്നെ പിടിക്കാൻ പുലി താഴെയാ ഇരിക്കുന്നത്”
“പുലികൾ പലതരം ഉണ്ട്; പുള്ളിപ്പുലി, ചീറ്റപ്പുലി, കരിമ്പുലി, ഹിമാലയൻ പുലി, മേഘപ്പുലി, മഞ്ഞുപുലി, വെള്ളപ്പുലി, കടലാസുപുലി, പെൺപുലി, ആൺപുലി, എല്ലാം വംശനാശം സംഭവിച്ചതും സംഭവിക്കാൻ പോകുന്നതുമായ ജീവികളാണ്”
“എന്നെയൊന്ന് രക്ഷിക്കണം സർ”
“രക്ഷിക്കാൻ ഇനിയാര് വിചാരിച്ചാലും നടക്കില്ല. എല്ലാറ്റിനേം കൊന്ന് തീർത്തില്ലെ മനുഷ്യൻ”
“സർ ഈ പുലിയെന്നെ കൊല്ലും;ഒന്നിവിടെ വന്ന് എന്നെ രക്ഷിക്കൂ, സർ’
“പുലികൾ വന്യജീവിസംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയ ജീവികളാണ്. അവയെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്താൽ കിട്ടാൻ പോകുന്ന ശിക്ഷ അറിഞ്ഞിട്ടുണ്ടോ? നീ തെങ്ങിന്റെ ഏത് മണ്ടേലിരുന്നാലും പുലിക്ക് അപകടമൊന്നും വരാതെ സൂക്ഷിക്കേണ്ടത് ഒരു ഇൻഡ്യൻ പൌരനെന്ന് നിലയിൽ നിന്റെ കടമയാണ്. നേരം പുലരുന്നത് വരെ ഉറങ്ങാതെ പുലിക്ക് കാവലിരിക്കണം. അല്ലെങ്കിൽ അഴിയെണ്ണേണ്ടി വരും,,, കേട്ടോടാ ,,,, മോനേ?”
ഫോറസ്റ്റ് ടെലിഫോൺ ഓഫാക്കിയതും മൊബൈൽ ചാർജ്ജ് കുറഞ്ഞ് സ്വിച്ച് ഓഫായതും ഒന്നിച്ചായിരുന്നു.
“നാശം”
  ‘അപ്പോൾ പുലിയെ രക്ഷിക്കാൻ ആളുണ്ട്; കർത്താവേ,, ഈ പുലിയിൽ നിന്നും ഈ കുഞ്ഞാടിനെ രക്ഷിക്കാൻ ആരും വരില്ലെ?’

                   ജോസിന് നല്ല വിശപ്പുണ്ടായപ്പോൾ, പുലിക്ക് ജോസിനേക്കാൾ വിശപ്പുണ്ടായി. ‘ആരുടെ വിശപ്പിന് ആദ്യം പരിഹാരം കാണും’ എന്ന് ഒരു തീരുമാനവും ആയില്ല. ആയതിനാൽ ജോസ് തെങ്ങിന്റെ മുകളിലിരുന്ന് പുലിക്ക് കാവലിരുന്നപ്പോൾ പുലി തെങ്ങിന്റെ ചുവട്ടിലിരുന്ന് ജോസിന് കാവലിരുന്നു.
**************************************************