21.12.10

‘പാവാട’

അയാൾ പാവാട അണിയാറുണ്ടോ?
ഇല്ല,, ഇതുവരെ അണിഞ്ഞിട്ടില്ല.
                         വർഷങ്ങൾക്ക് മുൻപെ, എന്റെ ഗ്രാമത്തിൽ അയാൾ അറിയപ്പെടുന്നത് ‘പാവാട’ എന്ന പേരിലാണ്. ‘പാവാട’ എന്ന പേര് പറഞ്ഞാൽ അയാളെ മാത്രമല്ല, അയാളുടെ വീടും വീട്ടിലേക്കുള്ള വഴിയും നാടും നാട്ടിലേക്കുള്ള വഴിയും തിരിച്ചറിയാം.
                         പഠനം പത്താം‌തരം പാതിവഴിക്ക് നിർത്തിയ നമ്മുടെ പാവാട, ആ പഴയകാലത്ത് നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന പരോപകാരിയാണ്. നെയ്ത്തുകാരനായ പിതാശ്രീ എല്ല് മുറിയെ പണിയെടുക്കുന്ന നേരത്ത്, പണിയൊന്നും ചെയ്യാതെ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ നേതാവായി നാടുനീളെ തേരാപാരാ അയാൾ അങ്ങനെ നടക്കുകയാണ് പതിവ്.

                         ജനിച്ച് ഇരുപത്തി‌എട്ടാം നാൾ അരയിൽ സ്വർണ്ണനൂൽ കെട്ടി അച്ഛനും അമ്മയും അവനായി ഇട്ട പേര് അവൻ പോലും മറന്നുപോയി. പാവാട നാമകരണത്തിനുമുൻപ്, സ്ക്കൂളിൽ‌പോയി രണ്ടക്ഷരം പഠിക്കുന്നകാലത്ത് കൂട്ടുകാർ അവന് നല്ലൊരു പേര് നൽകി,,, ‘ഇ.എം.എസ്’
ഒരു കാലത്ത് മലയാളികളുടെ മനസ്സിനെ കോരിത്തരിപ്പിച്ച സാക്ഷാൽ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ‘ഇ.എം.എസ്.’ ന്റെ പേര് തന്നെ. മഹാനായ ‘ഇ.എം.എസ്’ ജീവിച്ചിരുന്ന കാലമായതിനാൽ ആ പേരിൽ അറിയപ്പെടുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമാണ്.
                          ഇങ്ങനെ ഇ.എം.എസ്. എന്ന പേരിലറിയപ്പെട്ടത് അയാൾ ഒരു വിപ്ലവകാരിയായ കമ്മ്യൂണിസ്റ്റ് നേതാവ് ആയതുകൊണ്ടല്ല. പിന്നെയോ?
നാട്ടുകാർ ഒന്നടങ്കം ആരാധിക്കുന്ന നേതാക്കന്മാരിൽ ഇ.എം.എസ്. ന് മാത്രമായി ഒരു സവിശേഷ ഗുണമുണ്ട് വിക്ക് നമ്മുടെ നാട്ടുകാരുടെ(കണ്ണൂർ) ഭാഷയിൽ ‘കക്ക്’
കക്ക് ഉള്ളവൻ കക്കൻ,   ഉദാ: കക്കൻ രാമൻ, കക്കൻ ബാലൻ, കക്കൻ കണാരൻ,,,
                           നേതാവായ ഇ.എം.എസ്. ന്, ഈ വിക്ക് ഒരു അലങ്കാരമാണ്. പറയുന്നതെന്തെന്ന് ഇത്തിരി നേരം ആലോച്ചിച്ച് മാറ്റിയും മറിച്ചും പറയാൻ അദ്ദേഹത്തെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ വിക്ക് ആണെന്ന് പറയപ്പെടുന്നു.
ഇങ്ങനെ വിക്ക് ഉള്ളവർ സംസാരിക്കുമ്പോൾ ആദ്യവാക്ക് ഉച്ചരിക്കുന്നതിനു മുൻപ് രണ്ടോ മൂന്നോ തവണ ആദ്യാക്ഷരം പറയും. ചിലർക്ക് ഓരോ വാക്ക് പറയുമ്പോഴും ഇങ്ങനെ അക്ഷരം ആവർത്തിക്കുന്ന വിക്ക് ഉണ്ടാവും. വാക്കിന്റെ ആദ്യാക്ഷരം പറയാൻ പ്രയാസപ്പെടുന്ന ഇവർ മറ്റുള്ള അക്ഷരങ്ങൾ സ്പീഡിൽ പറയുന്നത് കേൾക്കാം.

                            ഇ.എം.എസ്. എന്ന പേരിൽ അറിയപ്പെടുന്ന കാലത്ത്, നമ്മുടെ പാവാട കണ്ണൂരിലെ ഒരു പലചരക്ക് കടയിൽ പോയി തക്കാളിയുടെ വില ചോദിച്ചു,
“ത,,ത,,,ത,,തക്കാളിക്കെന്താ വ്,,വ്,,,വില?”
“എ,, എ,, എത്രവേണം?”
“വ്,,,വ്,, വെലയാ ചോയിച്ചെ”
“ക്,, ക്,,,ക്,, കിലോനഞ്ചുറുപ്പിയാ”
“ന്,,ന്,,,നിയെന്താടാ അന്ന ക്,,ക്,,, കളിയാക്കുന്നത്?”
“ന്,,ന്,,,ന്,,നീ പോട, ന്,,ന്,,,നായിന്റെമോനേ”
“ന്,,ന്,,,,,,,,,,,”
അങ്ങനെ വിക്ക് ഉള്ള കടക്കാരനും കൂടിചേർന്ന്, ബാക്കി പൂരം കേൾക്കാൻ ആളുകൾ കൂടിയപ്പോൾ സംഗതി പൊടിപൂരമാക്കി എന്ന് പറയാം.

                             നാട്ടിലെ പൊതുപ്രവർത്തകരുടെ കൂടെ എപ്പോഴും നമ്മുടെ പാവാട ഉണ്ടാവും. ഒരു വക്കീൽ ആയില്ലെങ്കിലും വക്കീൽ എന്ന് വിളിച്ചു കേൾക്കാൻ അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്. തനിക്കൊരു വക്കീലാവണമെന്ന ജീവിതാഭിലാഷം ഒരിക്കൽ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവരെല്ലാം‌ചേർന്ന് കളിയാക്കാൻ തുടങ്ങി,
“എടാ നീ വക്കീലായാൽ കോടതിയിൽ പോയി എങ്ങനെയാ വ്,,വ്,,വാദിക്കുന്നത്?”
പിന്നീട് ചിലർ വക്കീലെന്ന് വിളിച്ച് കളിയാക്കിയെങ്കിലും പാവാടക്ക് അത് വളരെ സന്തോഷം നൽകി.

                             ഒരിക്കൽ ഒരു സുഹൃത്തിന്റെ കല്ല്യാണത്തിൽ പങ്കെടുക്കാനായി ‘പാവാട’ അഞ്ചരക്കണ്ടിയിലേക്ക് ഒറ്റയ്ക്ക് ബസ്സിൽ കയറി. കണ്ടക്റ്റർ നീട്ടിയ കൈയിലേക്ക് ഇരുപതിന്റെ നോട്ട് കൊടുത്തിട്ട് സ്ഥലം പറഞ്ഞു. കണ്ടക്റ്റർ നൽകിയത് ഇരുപതിന്റെ ബാക്കിയോടൊപ്പം അഞ്ച് ടിക്കറ്റ്. ആ ടിക്കറ്റുകളെ കൈയിൽ‌വെച്ച് പാവാട കണ്ടക്റ്ററോട് ചോദിച്ചു,
“ഒ,,ഒരാൾക്കെന്തിനാ അച്,,അച്,,,അഞ്ച് ടിക്കറ്റ്?”
“നിങ്ങളല്ലെ അഞ്ച് ടിക്കറ്റിന് പറഞ്ഞത്?”
അതും പറഞ്ഞ് കണ്ടക്റ്റർ അടുത്തയാളിന് നേരെ കൈനീട്ടി.
“ഞ്,,ഞ്,,ഞാനങ്ങനെ പറഞ്ഞിട്ടില്ല”
“നിങ്ങളല്ലെ അഞ്ചരക്കണ്ടിയിലേക്ക് അഞ്ച് ടിക്കറ്റിന് പറഞ്ഞത്?”
“ഞ്,,,ഞ്,,ഞാൻപറഞ്ഞത്,, അച്,,അഞ്ച്,,,അഞ്ചരക്കണ്ടി എന്നാണ്?”
“അത് തന്നെയാ ഞാൻ അഞ്ച് ടിക്കറ്റ് തന്നത്”
“അതെങ്ങെനെയാ അച്,,അഞ്ചെണ്ണം?,,,,,,”
“പിന്നേ,,,,,,”
പിന്നീടുള്ള പ്രശ്നം ഒഴിവാക്കാൻ കിളി പറന്ന്‌വന്ന് അവരെ കൊത്തിയകറ്റി.

ഇനി നമ്മുടെ പാവാട, ‘പാവാട’ ആയി മാറിയ ചരിത്രം പറയാം.
നമ്മുടെ നല്ലവരായ നാട്ടുകാർ കൊച്ചു കൊച്ചു തമാശകളുമായി കഞ്ഞികുടിച്ച് വാഴും കാലം,
നാട്ടിലെ ഒരേയൊരു വായനശാലയിൽ നമ്മുടെ കഥാനായകനും കൂട്ടുകാരും ചൊറപറഞ്ഞ് ചിരിക്കുന്ന നേരത്ത് നമ്മുടെ കഥാനായകന്റെ അച്ഛൻ അതുവഴി വന്നു. പുന്നാരമോനേ കണ്ട ഉടനെ കൈത്തറി നെയ്ത്ത് തൊഴിലാളിയായ പിതാശ്രീക്ക് കലിയിളകി,
“എടാ നിന്നോട് കമ്പനിയിലെ തുണി കൊണ്ടുപോകാൻ പറഞ്ഞിട്ട് അത് ചെയ്യാതെ ഇവിടെ വന്നിരിക്കയാണോ?”
“ഞ്,,ഞാനത് കൊണ്ടുപോയി”
“എന്നിട്ട് കൈയും വീശിയാണോ വന്നത്? ‘പാവ്’ ഉണ്ടാക്കാനുള്ള നൂലൊന്നും എടുത്തിട്ടില്ലെ?”
തുണി കൊണ്ടുപോയി കൊടുത്താൽ അടുത്ത നെയ്ത്തിന് വേണ്ട ‘നൂൽ’ കൊണ്ടുവരണം, ആ നൂലുകൾ ചേർന്നതാണ് ‘പാവ്’.
“അത്,,  ഞ്,,ഞ്,,ഞാനെട്‌ത്ത് കൊണ്ടുവന്നിട്ട് ആട മേശയുടെ ചോട്ടില് വെച്ചിട്ടുണ്ട്”
“ഞാൻ നോക്കിയിട്ട് പാവൊന്നും കണ്ടില്ല, നീയങ്ങ് വാ,”
“മേശേന്റെ ചോട്ടില്‌, പ്,,പ്,,,പ,,,പാവാട ഇട്ടിറ്റുണ്ട്”
“ഞാനവിടെയൊന്നും കണ്ടിട്ടില്ല, നീയിങ്ങ് വീട്ടില് വന്നിട്ട് കാണിച്ച് തരുന്നുണ്ടോ?”
പിതാശ്രീക്ക് ദേഷ്യം ഒന്നുകൂടി ഇരട്ടിച്ചു.
“അ,,അച്ഛാ ഞാൻ പ്,,പ്,,പാവ്‌ആട ഇട്ടിന്, ശരിക്കും പാവാട ഇട്ടിറ്റുണ്ട്”
അങ്ങനെ ഇതുവരെ പാവാട അണിയാത്ത നമ്മുടെ കഥാനായകൻ നാ‍ട്ടാർക്കിടയിൽ ‘പാവാട’ ആയി മാറി.

4.12.10

നർമ്മവേദിയിൽ തകർന്നുവീണ എന്റെ U Tube സ്വപ്നം

രംഗം നർമവേദി കണ്ണൂർ,
ഇതുവരെ ഒരു മൂളിപ്പാട്ട്‌പോലും പാടാത്ത ഞാൻ
ഒരു കവിതപോലും നേരാംവണ്ണം എഴുതാത്ത ഞാൻ
സ്വന്തമായി ഒരു കവിത എഴുതി സ്വന്തമായി എഡിറ്റ് ചെയ്ത് സ്വന്തമായി സംഗീതം കൊടുത്ത്, കണ്ണൂർ നർമ്മവേദിയിലെ സദസ്യർക്ക് മുന്നിൽ സ്വന്തമായി പാടി.
കവിത നന്നായോ? അവതരണം നന്നായോ? എന്ന് അറിയില്ല,,, എങ്കിലും സദസ്യർ കൈയ്യടിച്ചു.
പിന്നീട്,,,
സ്വന്തം ക്യാമറയിൽ ലൈവ് ആയി പിടിച്ച ‘എന്റെ കവിതാലാപനം’ കമ്പ്യൂട്ടറിൽ സെയ്‌വ് ചെയ്ത്, U Tube ഇടാനുള്ള മോഹവുമായി ഞാൻ അദ്ദേഹത്തെ സമീപിച്ചു.
പിന്നെയോ???

കണ്ണൂർ നർമവേദി,
നർമവേദി കണ്ണൂർ പരിപാടികൾ ആരംഭിക്കുന്നു.
                    കണ്ണൂരിലുള്ളവർക്ക് ചിരിക്കാനായി ‘നർമവേദി’ ആരംഭിച്ചിട്ട് വർഷം 4 കഴിഞ്ഞു. വിവിധ മേഖലകളിൽ നിന്നും പെൻഷനായ, പ്രായമായ, ആയകാലത്ത് ചിരിക്കാനറിയാതെ മസിലുപിടിച്ചിരുന്ന, മറ്റുള്ളവർ ചിരിക്കുമ്പോൾ കണ്ണുരുട്ടുന്ന തലമൂത്ത പുലികൾക്കും പുപ്പുലികൾക്കും ചിരിക്കാനൊരു മോഹം വന്നപ്പോൾ രൂപംകൊണ്ട മഹാ പ്രസ്ഥാനം. കണ്ണൂരിന്റെ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പി. പി. ലക്ഷ്മണൻ, ആർ. പ്രഭാകരൻ, ഫാ. ദേവസി ഈരത്തറ, കെ ശശിധരൻ, രാജൻ ലൂയിസ്, എസ്. ഇസ്മയിൽ ഷാ തുടങ്ങിയവർ പണിത ചിരിയുടെ ഗോപുരമാണ് ‘കണ്ണൂർ നർമവേദി’. 
ചിരിക്ക് എരിവ് പകരാൻ കുരുമുളക് വിതരണം

നർമവേദിയിൽ വേദിയിൽ ഇരിക്കുന്നവർ
                    വിഐപികളുടെ ചിരി കാണാനും കൂടെചിരിക്കാനും തുടക്കം‌മുതൽ അതിൽ പങ്കെടുക്കുന്ന ഭർത്താവിനോടൊപ്പം, ‘ബ്ലോഗിൽ കയറ്റാൻ പറ്റിയത്, വല്ലതും തടയാനായി’, ഇടയ്ക്കിടെ ക്യാമറയുമായി ഞാനും പോകാറുണ്ട്. ഇങ്ങനെ പോയതിൽ‌നിന്ന് എനിക്ക് ചില പോസ്റ്റുകൾക്ക് തുമ്പ് ലഭിക്കുന്നതോടൊപ്പം ചില കാര്യങ്ങൾ കൂടി മനസ്സിലായി,
വിഐപികളുടെ ചിരി സാധാരണക്കാരുടെ ചിരി പോലെയല്ല. ചിരിക്കാൻ പിശുക്ക് കാണിക്കുന്ന അവർ ചിരിക്കുമ്പോഴും ഡീസന്റ് കീപ്പ് ചെയ്യും.
ഫാ. ദേവസി ഈരത്തറ
കുമാരസംഭവം മൊത്തമായി വായിച്ചാലും ഒരു കിലോമീറ്റർ അകലെ നിന്ന് അരദിവസത്തെ ലീവെടുത്ത് നമ്മുടെ ഒറിജിനൽ കുമാരൻ വന്ന് ഡയലോഗ് പറഞ്ഞാലും ചിലർ ചിരിക്കില്ല. എങ്കിലും അവർ നർമ്മവേദിയിൽ സ്ഥിരമായി പങ്കെടുക്കുമ്പോൾ ചിരിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കി ചിരിക്കാൻ തുടങ്ങും.

 
നർമ്മസംഭാഷണത്തിൽ ആർ. പ്രഭാകരൻ മാസ്റ്റ


നർമ്മസംഭാഷണത്തിൽ കെ. ശശിധരൻ
                എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച നർമ്മം ഇഷ്ടപ്പെടുന്ന കണ്ണൂർ നിവാസികൾ ഒത്തുകൂടും. വേദി മിക്കവാറും പോലീസ് ക്ലബ്ബ് ആയിരിക്കും. ഇവിടെ നർമ്മം അവതരിപ്പിക്കുന്നതോടൊപ്പം നർമ്മത്തിൽ ചാലിച്ച മത്സരങ്ങളും നടക്കാറുണ്ട്. 
നർമവേദിയിലെ പഴംതീറ്റമത്സരം
മാജിക്കുമായി ഇസ്മയിൽ ഷാ
മകാരം മാത്യുവിന്റെ പ്രകടനം
ഇത്തവണ കവിതാമത്സരം ആയിരുന്നു; വിഷയം,
‘റോഡുകൾക്ക് ഒരു ചരമഗീതം’
മത്സരം ഉണ്ടെന്ന അറിയിപ്പ് മുൻ‌കൂട്ടി അറിഞ്ഞപ്പോൾ ഭർത്താവിനോട് ഞാൻ പറഞ്ഞു,
“ഇത്രയും കാലം ബ്ലോഗിൽ കഥകൾ എഴുതുന്ന എനിക്ക് ഇപ്പോൾ ഒരു കവിത എഴുതി വായിക്കാൻ ഒരു മോഹം”
“പിന്നെ വലിയ വലിയ എഴുത്തുകാരൊക്കെ സ്ഥിരമായി പങ്കെടുക്കുമ്പോൾ നീയൊരു പൊട്ടക്കവിതവായിച്ച് മറ്റുള്ളവർ പരിഹസിക്കാനോ?”
“അതെന്താ? എനിക്ക് കവിത എഴുതിയാൽ?; പിന്നെ ഞാനെഴുതിയ കവിത, എനിക്കെന്താ വായിച്ചാൽ?”
നാഗവല്ലി പൂർണ്ണമായി പുറത്തുവരുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞു,
“നീ കവിതയെഴുതിയിട്ട് നീതന്നെ വായിച്ചോ, ഞാനൊന്നും പറഞ്ഞില്ലേ”

                  അടുക്കളയിൽ ചോറും കറിയും ഉണ്ടാക്കുന്നതിനിടയിൽ എന്റെ മനസ്സിൽ റോഡുകൾ നിറഞ്ഞു, അതിനൊരു ചരമഗീതം നിർമ്മിക്കണമല്ലൊ; റോഡിലൂടെ ചെത്തിക്കയറുന്ന ഇരുചക്രവാഹനക്കാരെ ഓർത്തു. അങ്ങനെ ചട്ടിയിൽ കറിയുണ്ടാക്കുന്നതിനോടൊപ്പം, എന്റെ മനസ്സിൽ ഒരു കവിതയും ഉണ്ടാക്കി. എല്ലാവർക്കും ഭക്ഷണം വിളമ്പിക്കൊടുത്ത് കഴിച്ച്, പാത്രം കഴുകിയശേഷം മനസ്സിൽ പാകപ്പെടുത്തിയ കവിത മോണിറ്ററിൽ വിളമ്പി.
പിന്നെ,
പ്രിന്റ് എടുത്ത് വായിച്ചു, വായിച്ച് കേൾപ്പിച്ചു,
“സമ്മാനം നിനക്ക്തന്നെ” മക്കൾ പറഞ്ഞപ്പോൾ മനമില്ലാമനസ്സോടെ ഭർത്താവും ‘യെസ്’പറഞ്ഞു.
                       
                         കാത്തിരുന്ന ആ ശനിയാഴ്ച കവിതയുമായി അദ്ദേഹത്തോടൊപ്പം ഞാനും പോലീസ് ക്ലബ്ബിൽ എത്തി. അവിടെ നർമ്മവേദിയുടെ ശില്പികൾ എല്ലാവരും വന്നുചേർന്നു; ഒപ്പം ഓഡിയൻസും മത്സരാർത്ഥികളും. കവിതയുമായി നർമ്മവേദിയിൽ വരുന്നവർ കുറവായിരിക്കും എന്ന എന്റെ വിശ്വാസം തെറ്റി; ആകെ മത്സരാർത്ഥികൾ ആണും പെണ്ണുമായി 16 പേർ. അതിൽ പതിനഞ്ചാം ഊഴം ഞാൻ.
ഉദ്ഘാടനം, സി.എച്ച്. അബൂബക്കർ ഹാജി
                          നർമ്മത്തിൽ ചാലിച്ച പരിപാടികൾ ആരംഭിച്ചു. ഫാദർ ദേവസ്സി ഈരത്തറയുടെ അദ്ധ്യക്ഷതയിൽ സി. എച്ച് അബൂബക്കർ ഹാജി മത്സരപരിപാടി ഉദ്ഘാടനം ചെയ്തു. റോഡുകൾക്ക് ഒരു ചരമഗീതമായി കടന്നുവന്ന ഹാസ്യകവിതകളിൽ, കൊള്ളേണ്ടിടത്ത് കൊള്ളാൻ പറ്റിയ നർമ്മഭാവനകൾ കവിതകളായി വിടരാൻ തുടങ്ങി. റോഡിലെ കുഴികൾ വ്രണങ്ങളായി, മീൻ വളർത്തൽ കേന്ദ്രമായി, കൃഷിസ്ഥലങ്ങളായി അങ്ങനെ മുന്നോട്ട് പോകുമ്പോൾ എന്റെ ഊഴം വന്നു.
                         എന്റെ യൂ ട്യൂബ് മോഹം; കവിതാലാപനം ലൈവ് ആയി പിടിച്ച് മറ്റുള്ളവരെ കാണിക്കാനുള്ള മോഹം, അങ്ങനെ പലപല മോഹങ്ങളുമായി ഞാൻ എഴുന്നേറ്റു. ടാറിട്ട റോഡിൽ ചിരട്ടയുരക്കുന്ന എന്റെ ശബ്ദം മൈക്കിലൂടെ പുറത്തുവരുമ്പോൽ കുയിലൊത്ത മധുവാണിയായി പരിണമിക്കാറുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്.
റോഡ് നർമ്മം, ടി. കെ. ഡി. മുഴപ്പിലങ്ങാട്
                         അതുവരെ ഫോട്ടോ എടുക്കുകയും മറ്റുള്ളവരുടെ കവിതാലാപനത്തിന്റെ ആദ്യവരികൾ വീഡിയോ എടുക്കുകയും ചെയ്തുകൊണ്ടിരുന്ന ഞാൻ ക്യാമറയിൽ വീഡിയോ അഡ്ജസ്റ്റ് ചെയ്ത് തൊട്ടടുത്തിരിക്കുന്ന ഭർത്താവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു,
“കവിത ചൊല്ലാൻ തുടങ്ങുമ്പോൾ ഈ ബട്ടൺ അമർത്തിയാൽ മതി, പരിപാടി തീരുന്നതുവരെ വീഡിയോ പിടിക്കണം”
“അതൊക്കെ എനിക്കറിയാം ഈ ബട്ടണല്ലെ?”
“പിന്നെ ക്യാമറ ഷെയ്ക്ക് ചെയ്യാതെ വീഡിയോ പിടിക്കണം”
അദ്ദേഹം അതിന് മറുപടിയൊന്നും പറഞ്ഞില്ല; സ്ഥിരമായി ഫോട്ടോഗ്രാഫർ ഞാനാണെങ്കിലും അവശ്യഘട്ടങ്ങളിൽ അദ്ദേഹവും ഫോട്ടോഗ്രാഫർ ആവും.
ഞാൻ പതുക്കെ നടന്ന് മൈക്ൿപോയിന്റിന് മുന്നിലെത്തി, കവിത എഴുതിയ പേപ്പർ തുറന്ന് സ്റ്റാന്റിൽ വെച്ചു. പേര് പറഞ്ഞ് പരിചയപ്പെടുത്തിയശേഷം കവിതാലാപനം ആരംഭിച്ചു,
“എന്റെ കവിതയുടെ പേര്.

ബൈക്ക് യാത്രികർ
വീണിതല്ലോ കിടക്കുന്നു, റോഡിൻ നടുവിൽ
ശോണിതവുമണിഞ്ഞയ്യോ, ബൈക്ക് യാത്രികർ
ഇത്തിരി നേരം‌മുൻപ്, ഓവർ‌സ്പീഡിൽ
ഓടിച്ചു വന്നൊരീ, ബൈക്ക് യാത്രികർ.
പത്ത്‌നാൾ മുൻപ് കല്ല്യാണം കഴിഞ്ഞവർ
പത്ത്‌ലക്ഷവും ബൈക്കും സ്ത്രീധനം വാങ്ങിയവൻ
അന്നുതൊട്ട് ആ ബൈക്കിൽ ചെത്തി നടന്നവർ,
വീണിതല്ലോ കിടക്കുന്നു, റോഡിൻ നടുവിൽ
ശോണിതവുമണിഞ്ഞയ്യോ, ബൈക്ക് യാത്രികർ
അന്നുരാവിലെയവർ അണിഞ്ഞൊരുങ്ങി,
ചെത്ത്‌വേഷത്തിൽ അവൻ ബൈക്കിലേറി
നാത്തൂന്റെ മുറുമുറുപ്പ് അറിയാത്ത മട്ടിൽ
 ‘റ്റാറ്റാ’ പറഞ്ഞവളും പിന്നിലേറി.
ഒരു കൈ ചുമലിലും മറുകൈ അരയിലും
മുറുകെ പിടിച്ചവനെ ഇക്കിളിയിട്ടപ്പോൾ
വണ്ടിതൻ സ്പീഡ് റോക്കറ്റ്‌പോൽ
കുതിച്ചപ്പോൾ,, അവനോ,,,
അവൻ
കണ്ടില്ല, മുന്നിലെ ഗട്ടർ
ഓർത്തില്ല, ഇത് കേരളമാണെന്ന്,
ഓർത്തില്ല, ഇത് കണ്ണൂരാണെന്ന്,
പിന്നെ,
വീണിതല്ലോ കിടക്കുന്നു, റോഡിൻ നടുവിൽ
ശോണിതവുമണിഞ്ഞയ്യോ, നവദമ്പതികൾ.
,,,
ഏറെനേരം കഴിഞ്ഞപ്പോൾ,
കാലിന്റെ മുറിവ് കണക്കാക്കാതെയവൻ
തലയൊന്ന് ഉയർത്തി അവളെ നോക്കി
നെറ്റിതൻ മുറിവിലെ ചോര, കൈയ്യാൽ മറച്ച്
അവൾ അവനെനോക്കി.
അവർക്ക് ചുറ്റും 
കാണികളായൊരായിരം വന്നു,
ആരും കൈപിടിച്ചില്ല.
മൊബൈലുമായ് വന്നു; അഞ്ഞൂറ്‌പേർ
ലൈവ് ആയി ഫോട്ടോ പിടിക്കാൻ
അവനാർത്തുവിളിച്ചു, എന്നിട്ടും ആരും
വന്നില്ല, സഹായിക്കാൻ
അപ്പോൾ,
അവൻ സ്വന്തം പോക്കറ്റ്‌തപ്പി ‘അത്’ എടുത്തു,
ആ നേരം
അവൻ അറിഞ്ഞു,
തനിക്ക് താനും അവളും പിന്നെയീ മൊബൈലും മാത്രം”
*******
അങ്ങനെ റോഡുകൾക്ക് ഒരു ചരമഗീതം പാടിയ ഞാൻ ആവേശത്തോടെ അദ്ദേഹത്തിന്റെ സമീപം പോയി ചോദിച്ചു,
“എങ്ങനെയുണ്ട്?”
“ഉഗ്രൻ, നീയിങ്ങനെ പാടുമെന്ന് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല; എല്ലാം ക്യാമറയിൽ പിടിച്ചിട്ടുണ്ട്”
“ക്യാമറയിൽ സെയ്‌വ് ചെയ്ത എന്റെ കവിതാലാപനം വീഡിയോ തുറന്നു,,, ഞാൻ കവിതവായിക്കാൻ തുടങ്ങുന്നു,,, പിന്നെ???
എന്റെ കവിതാലാപനം ആരംഭിക്കുന്നു.
പിന്നെ ആകെ കറുപ്പ്, ശബ്ദവും വെളിച്ചവും ഇല്ല, പോയിന്റർ ചലിക്കുന്നുണ്ട്!!!
ഞാനാകെ ഞെട്ടി,
“അയ്യോ ഇതിലൊന്നും കാണാനില്ല,”
“ഞാനെല്ലാം പിടിച്ചതാണല്ലൊ, നിന്റെ പാട്ട് തീരുന്നത് വരെ ക്യാമറയുടെ ബട്ടൺ നന്നായി അമർത്തിപിടിച്ചു, പിന്നെന്താ ശരിയാവാഞ്ഞത്?”
“അപ്പോൾ സ്വിച്ച് ഓൺ ചെയ്താൽ അത് വിടാതെ അമർത്തിപ്പിടിക്കണോ?”
എനിക്ക് കരച്ചിൽ വരാൻ തുടങ്ങി.
“അതൊന്നും ഞാൻ ഓർത്തില്ല, നീ പാടുന്നത് കാണുകയും കേൾക്കുകയും ചെയ്യുന്നത് നോക്കിയിരിക്കാൻ നല്ല രസമുണ്ട്”
അങ്ങനെ എന്റെ ആദ്യ കവിതാലാപനം നടന്നെങ്കിലും എന്റെ വീഡിയോ + യൂ ട്യൂബ് മോഹം കരിഞ്ഞുപോയി.
 ******
പിൻ‌കുറിപ്പ്:
കവിതാ മത്സരത്തിൽ എനിക്ക് കപ്പൊന്നും കിട്ടിയില്ല,
ക്യാമറ കാരണം കുടുംബകലഹം  ‘ഇതുവരെ’ ഉണ്ടായില്ല.
‘നർമവേദി കണ്ണൂർ’ എന്ന് എഴുതുമ്പോൾ ഒരു ‘മ’ മതിയെന്ന് കണ്ണൂരിലെ വൻ‌പുലികൾ പറയുന്നു.

22.11.10

ആൺകുട്ടികളായ നമഃ

                   പ്രസവവാർഡിന് മുന്നിലൂടെ, സ്ഥലകാല ബോധമില്ലാതെ; പ്രൊഫസർ റാവൺ ‘അങ്ങോട്ടും ഇങ്ങോട്ടും’ നടക്കാൻ തുടങ്ങിയിട്ട് വളരെനേരമായി. നേരെയങ്ങ് നടന്നെങ്കിൽ ഇപ്പോൾ സ്വന്തം വീട്ടിലെത്തിയിരിക്കും. 
... പെട്ടെന്ന് നടത്തം നിർത്തി, അദ്ദേഹം തിരിഞ്ഞുനോക്കി,
അപ്പോൾ നയനമനോഹരമായ ഒരു കാഴ്ച, കൺകുളിർക്കെ കണ്ടു;
‘തന്റെ പിന്നാലെ തന്നെപ്പോലെ നടക്കുന്നവർ ആറുപേരുണ്ട്’.
അപ്പോൾ ഏഴ് പേരുടെ മക്കളെ, ‘നല്ല കാലവും നല്ല ദിവസവും നല്ല നേരവും’ നോക്കി ഔട്ടാക്കാൻ ഏഴ് ഭാര്യമാരെ ലേബർ റൂമിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്.
കൂട്ടത്തിൽ പ്രായം ചെന്ന, നരച്ച താടിയും മുടിയും ഉള്ള, പ്രൊഫസർ റാവൺ നടക്കുന്നത്കണ്ട്, ആറ് വിഡ്ഡികളും പിന്നാലെ നടക്കുകയാണ്.
 ‘അകത്ത് ഭാര്യ പ്രസവവേദന അനുഭവിക്കുമ്പോൾ, പുറത്ത് പ്രസവിക്കാനാവാത്ത പ്രയാസവുമായി ഭർത്താവ് നടക്കണം’ 

പെട്ടെന്ന് റാവൺ നടത്തം നിർത്തി,
പ്രസവത്തൊഴിലാളികൾ കിടക്കുന്ന മുറിയുടെ അടഞ്ഞവാതിൽ നോക്കി പറഞ്ഞു,
“എത്ര നേരമായി? ഈ അടഞ്ഞ വാതിൽ ഇനിയും തുറക്കാറായില്ലെ??? ടെൻഷനടിച്ച് ചാവാറായി,,,”
റാവൺ പറഞ്ഞത് പിന്നാലെവന്ന ആറ്‌പേരും ഏറ്റുപറഞ്ഞു,
“എത്ര നേരമായി? ഈ അടഞ്ഞ വാതിൽ ഇനിയും തുറക്കാറായില്ലെ??? ടെൻഷനടിച്ച് ചാവാറായി,,,”
അതിനുശേഷം അവരുടെ നടത്തത്തിന്റെ ക്രമീകരണം തെറ്റി; അങ്ങനെ തെറ്റിച്ച്, കൂട്ടത്തിൽ ചെറിയവൻ റാവണിന്റെ മുന്നിൽ‌വന്ന് ഷെയ്ക്ക്ഹാന്റ് നൽകി,
“ഞാൻ ആദ്യമായിട്ടാണ്, സാർ???”
“ഞാൻ അവസാനമായിട്ടാണ്, ഇനിയിങ്ങോട്ടില്ല”
അത്രയും പറഞ്ഞതോടെ പൂർവ്വാധികം സ്പീഡിൽ പ്രൊഫസർ റാവൺ നടക്കാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ ക്യൂപാലിച്ച് പിന്നാലെ നടക്കാൻ തുടങ്ങി.
എല്ലാം കണ്ടും കേട്ടും കസേരയിൽ അമർന്നിരുന്ന ബന്ധുക്കൾ ‘അമ്മായിഅമ്മ മരുമകൾ’ അങ്കം കുറിച്ച കഥകൾ ഉപ്പും മുളകും മസാലയും ചേർത്ത് വീണ്ടും വിളമ്പാൻ തുടങ്ങി.

പെട്ടെന്ന് മുറിയുടെ വാതിൽ തുറക്കപ്പെട്ടു.
വെള്ളത്തുണി ചുറ്റിയ സിസ്റ്റർ വെള്ളത്തുണി ചുറ്റിയ കുട്ടിയുമായി പുറത്തുവന്നു.
നടത്തം നിർത്തി ഏഴ്‌പേരും ഒന്നിച്ച് ചോദിച്ചു,
“എന്റെ മകനാണോ?”
അത് കേൾക്കാതെ സിസ്റ്റർ അനൌൺസ് ചെയ്തു,
“ഷംന ഹനീസ് പ്രസവിച്ചു”
ഏറ്റവും പിന്നിൽ നടന്ന പ്രായം കുറഞ്ഞവൻ മുന്നിലേക്ക് ഓടിവന്ന് കുഞ്ഞിനെ ഇരുകൈയാൽ വാങ്ങി; പെട്ടെന്ന് തുണിമാറ്റി ആ കുഞ്ഞിന്റെ കാലുകൾക്കിടയിൽ നോക്കി,
“അയ്യോ,,,”
അവൻ ബോധംകെട്ട് വീഴുന്നതിനുമുൻപ് അവന്റെ ബന്ധുക്കൾ അവനെയും കുഞ്ഞിനെയും താങ്ങി,
അവർ വെള്ളം തളിച്ചതോടെ ബോധം വന്ന അവൻ കരയാൻ തുടങ്ങി,
“അയ്യോ,,, പോയേ എന്റെ പത്ത് കോടിയും പുത്തൻ കാറും പത്ത്‌കിലോ സ്വർണ്ണവും പോയേ,,,”
“നീയിങ്ങനെ കരഞ്ഞാൽ എങ്ങനെയാ? ഇതാശുപത്രിയാ”
അവന്റെ ബന്ധുക്കൾ അവനെ ആശ്വസിപ്പിക്കുമ്പോൾ അവന്റെ കരച്ചിലിനെ ഫ്രീക്വൻസി കൂടാൻ തുടങ്ങി,
“എന്തൊക്കെ പ്രതീക്ഷകളായിരുന്നു,,, ഇനി ഇതിനെ പോറ്റണ്ടെ? പിന്നെ കെട്ടിച്ചുവിടണ്ടെ? അതിന് സ്വർണ്ണവും പണവും ഉണ്ടാക്കണ്ടെ? ഞാനെന്ത് ചെയ്യും?”
അവന്റെ ആ ചോദ്യത്തിനുമുന്നിൽ ആർക്കും ഉത്തരം പറയാൻ കഴിഞ്ഞില്ല; എന്നാൽ അവന്റെ സ്വന്തം അമ്മ പറഞ്ഞു,
“അവൾ അഹങ്കാരി, പുഴുത്ത പെണ്ണിനെ പെറാനേ അവൾക്കറിയൂ”

                  റാവൺ നടത്തം നിർത്തി ആളൊഴിഞ്ഞ മൂലയിലെ ആളൊഴിഞ്ഞ കസാലയിൽ ഇരുന്നു. അത് കണ്ട് മറ്റുള്ള അഞ്ച്‌പേരും തൊട്ടടുത്ത് സ്ഥാനം ഉറപ്പിച്ചു.
വീണ്ടും ആ വാതിൽ തുറക്കപ്പെട്ടതോടെ ആറ്‌പേരും ഒന്നിച്ചെഴുന്നേറ്റോടി സിസ്റ്ററെ പൊതിഞ്ഞു,
“നാരിയാ ആനോൺ പ്രസവിച്ചു”
“എന്റേതാ, ആൺകുട്ടിയല്ലെ സിസ്റ്റർ?”
ഏറ്റവും മുന്നിൽ ഓടിയ ചെറുപ്പക്കാരന്റെ കൈയിൽ കുഞ്ഞിനെ കൊടുത്ത്‌കൊണ്ട് സിസ്റ്റർ പറഞ്ഞു,
“പെൺകുട്ടിയാ”
“അങ്ങനെയാവില്ല, ഇത് ആണായി ജനിക്കാൻ ആയിരത്തൊന്ന് അമ്പലങ്ങളിൽ നേർച്ചയുണ്ട്,”
അവൻ കുഞ്ഞിനെ വാങ്ങി നിലത്തിരുന്നപ്പോൾ സിസ്റ്റർ ഒന്നും മിണ്ടാതെ വാതിലടച്ചു. മറ്റുള്ളവർ പൂർവ്വസ്ഥാനത്തിരുന്ന് തലമുതൽ കാല് വരെ ചൊറിയാൻ തുടങ്ങി.

എന്നാൽ റാവൺ തലമാത്രം ചൊറിഞ്ഞുകൊണ്ട് ചിന്തിച്ചു,
തന്റെ പ്രീയപ്പെട്ട ഭാര്യ ‘പൂതന’, ഗർഭപാത്രത്തിൽ‌വെച്ച്‌തന്നെ പെണ്മക്കളെ കൊല്ലുന്നത്, ഏഴ് തവണയും തനിക്ക് തടയാൻ കഴിഞ്ഞില്ല. ഇത്തവണ ആൺകുട്ടി ജനിച്ചില്ലെങ്കിൽ അവൾ പൂതനയല്ല, ഭദ്രകാളിയായി മാറും; ‘കുഞ്ഞിനെ മാത്രമല്ല, തന്നെയും കൊല്ലും’, എന്ന കാര്യം ഉറപ്പാണ്.
                   ലേബർ റൂമിലേക്ക് നടന്ന് പോകാൻ നേരത്ത് അവളുടെ നോട്ടം കണ്ട് പ്രൊഫസർ പേടിച്ചതാണ്. ഗർഭപാത്രത്തിൽ വളരുന്നത് ആൺകുട്ടി തന്നെയാണെന്ന് സ്കാനിങ്ങ് റിസൽട്ട് കാണിച്ച് അവൾക്ക് ഉറപ്പ് കൊടുത്തതാണ്; തന്റെ പരീക്ഷണത്തിന്റെ വിജയം.
എങ്കിലും ആകെയൊരു വല്ലായ്മ,
ഏഴ് തവണയും ഭ്രൂണം പെൺകുട്ടിയാണെന്നറിഞ്ഞ് അബോർഷൻ നടത്തിയപ്പോൾ അവൾ ഭീഷണിപ്പെടുത്തിയതാണ്,
“ആണെന്നും പറഞ്ഞ് ഒരുത്തൻ നടക്കുന്നു, എല്ലാം നിങ്ങള് കാരണമാ,,, ദേ അടുത്ത തവണ ആൺകുട്ടിയല്ലെങ്കിൽ തന്നെ ഞാൻ ഡൈവോഴ്സ് ചെയ്യും, ഒരു പ്രൊഫസറായിട്ടെന്താ കാര്യം? ഇത്രയും പ്രായമായി, എന്നിട്ടും ഒരാൺ‌കുട്ടിയെ ,,,”
                       ആൺകുട്ടികളെ ജനിപ്പിക്കാൻ പ്രൊഫസറാവേണ്ട, വെറുമൊരു പുരുഷനായാൽ മതി എന്നാണ് അവളുടെ വാദം. കുട്ടി പെണ്ണും ആണും ആയി മാറുന്നത് ഭർത്താവിന്റെ ‘x,y’ ക്രോമസോം കാരണമാണെന്ന് അവൾക്ക് നന്നായി അറിയാം.
എന്നാലും ഇത്രയും വേണമായിരുന്നോ?
ഒരു പെണ്ണായി പിറന്നവൾ പെണ്ണിനെ പിറക്കാൻ അനുവദിക്കാതിരിക്കുക! എന്തൊരു വിരോധാഭാസം!

അങ്ങനെയാണ് പ്രൊഫസർക്ക് പുത്തൻ പരീക്ഷണങ്ങൾക്ക് പ്രചോദനം ഉണ്ടായത്.
                       ബയോടെക്ൿനോളജിയും നാനോടെക്ൿനോളജിയും മൈക്രോബയോളജിയും നിശ്ചിത അനുപാതത്തിൽ ചേർത്ത് സോഫ്റ്റ്‌വെയർ മസാലയും ഉപ്പും മുളകും മല്ലിയും ചേർത്ത്, ജനിറ്റിക്ക്‌എഞ്ചിനീയർ കൊണ്ട് ഇളക്കി, പാകത്തിന് ആസിഡും ബെയ്സും കലർത്തിയശേഷം തീയിലും വെയിലത്തും വെച്ച് ഉണക്കി, ആബ്സല്യൂട്ട് സീറോയിൽ തണുപ്പിച്ച് പാകമായപ്പോൾ ഹാർഡ്‌വെയറിൽ ഒഴിച്ച് ഏറെനേരം കാത്തിരുന്നപ്പോൾ പ്രോഡക്റ്റ് ആയ ‘മെയിൽസ്പേം’ റെഡിയായി.
                        സ്വന്തം ദേഹത്തുവെച്ചുള്ള ജനിതകപരീക്ഷണം അങ്ങനെ ഒടുവിൽ വിജയിച്ചു. ക്രോമസോമുകളും ജീനുകളും ന്യൂക്ലീയസും എടുത്ത് ക്രിക്കറ്റ് കളിക്കുന്ന ഡോക്റ്റർ റാവണിന്, ഒരു ‘xക്രോമസോമിനെ നശിപ്പിച്ച് വെറും y മാത്രമാക്കൽ’ വെറും കുട്ടിക്കളി മാത്രം. തനിക്കിപ്പോൾ ജനിക്കുന്ന മകന്, ജനിക്കുന്ന കുഞ്ഞുങ്ങളും ആൺകുട്ടികൾ മാത്രമായിരിക്കും. അപ്പോൾ അനന്തമായ സാദ്ധ്യതകൾ തന്റെമുന്നിൽ മലർക്കെ തുറന്നിരിക്കയാണ്.
പെട്ടെന്ന് ഓപ്പറേഷൻ തീയറ്റർ മലർക്കെ തുറന്ന് വെളുത്ത സിസ്റ്റർ വെള്ളത്തുണിയിൽ പൊതിഞ്ഞ വെളുത്ത കുഞ്ഞിനെയും കൊണ്ട് പുറത്തുവന്നു,
“ജീവ സൈനസ് പ്രസവിച്ചു”
“ഓ, അവളെപ്പോലെ വെളുത്ത ആൺകുട്ടിയാണല്ലൊ”
                      കൂട്ടത്തിൽ കറുത്ത തടിയൻ പിന്നിൽ‌നിന്നും മുന്നിലേക്ക് ഓടിവന്ന് പെട്ടെന്ന് കുഞ്ഞിനെ തട്ടിയെടുത്തു. കുഞ്ഞിന്റെ തുണിമാറ്റിയതും അച്ഛൻ നിലത്ത് വീണതും ഒന്നിച്ചാണെങ്കിലും കുഞ്ഞ് നിലത്ത് വീഴാതെ മറ്റുള്ളവർ താങ്ങി.
ബന്ധുക്കൾ അവനെ ഉണർത്താനായി മുഖത്ത് വെള്ളം തളിച്ച്‌നോക്കി; അവനുണർന്നില്ല. അതോടെ അവനെ അതേ ആശുപത്രിയിലെ അത്യാഹിതത്തിൽ കയറ്റിവിടുമ്പോൾ ബന്ധുക്കൾ പറഞ്ഞു,
“ആൺ‌കുട്ടിയല്ലെങ്കിൽ വീട്ടിലേക്ക് തിരിച്ച് വരണ്ട എന്നാണ് അവന്റെ അമ്മ അറിയിച്ചത്, എന്ത് ചെയ്യാം?”
റാവൺ വീണ്ടും നടക്കാൻ തുടങ്ങി; അതോടൊപ്പം പ്രസവം കാത്തിരിക്കുന്ന അവശേഷിക്കുന്ന മൂന്നുപേർ കൂടി പിന്നാലെ നടന്നു.
ഇത്തവണ റാവൺ വളരെ സന്തോഷത്തിലാണ്. മറ്റുള്ളവർക്കെല്ലാം പെണ്ണ് ജനിച്ചാലെന്താ? തനിക്ക് ജനിക്കുന്നത് ആൺകുട്ടി ആയിരിക്കും.

                    ഓപ്പറേഷൻ തീയറ്ററിന്റെ വാതിലുകൾ വീണ്ടും വീണ്ടും തുറന്നപ്പോൾ റാവണിനു പിന്നാലെ നടക്കുന്നവരുടെ എണ്ണം കുറയുകയും ഐ.സി. യിൽ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. ഒടുവിൽ ഒരു ഘട്ടത്തിൽ റാവണിനു പിന്നിൽ നടക്കുന്നവരുടെ സംഖ്യ പൂജ്യത്തിലേക്ക് പ്രവേശിച്ചു. എന്നിട്ടും അദ്ദേഹം നടത്തം തുടരുകയാണ്; പൂതന അകത്തുണ്ടല്ലോ;
ഒടുവിൽ ആകാശഗോപുരം കണക്കെ ചിന്തകളുമായി ആളൊഴിഞ്ഞ ഇരിപ്പിടത്തിൽ ആസനസ്ഥനായി വിശ്രമിച്ചപ്പോൾ പതുക്കെ ഒന്ന് മയങ്ങി.
,,,,,,,,
                   പൂതനക്ക് പിറന്ന മകനെയും കൂട്ടി വീട്ടിലെത്തിയപ്പോൾ അവിടം ജനങ്ങളെക്കൊണ്ട് നിറഞ്ഞു; ആൺകുഞ്ഞിനെ കണ്ട് ആനന്ദസാഗരത്തിലാറാടാൻ ആയിരമായിരം നാട്ടുകാർ അടുത്തുകൂടി. മകനെ ആരെയും കാണിക്കാതെ അവൾ അകത്തുപോയപ്പോൾ നാട്ടുകാർ ബഹളമായി. ഒടുവിൽ ജനങ്ങളുടെ അഭ്യർത്ഥനയെ മാനിച്ച്, നാട്ടിൽ ആദ്യമായി ജനിച്ച ആൺകുട്ടിയെ കാണിക്കാൻ പൂതന ഒരു സൂത്രം പറഞ്ഞുകൊടുത്തു; ടിക്കറ്റ് വെച്ച് കുട്ടിയെ കാണിക്കുക,
,,, അത് നല്ലൊരു വിജയമായിരുന്നു.
,,, അവന്റെ പേരിൽ നല്ലൊരു തുക ബാങ്ക് ബാലൻസായി ഉണ്ടാവാൻ അവളുടെ സൂത്രം സഹായിച്ചു,

ദിവസങ്ങൾ കഴിഞ്ഞു,
നല്ല ദിവസം നോക്കി അരയിൽ സ്വർണ്ണ നൂൽ കെട്ടി റാവൺ മകനു പേരിട്ടു;
“പുരുഷ്”
അവനൊരു പുരുഷൻ മാത്രമല്ല; ഇനി പിറക്കാനിരിക്കുന്ന പുരുഷന്മാരുടെ പിതാവ് കൂടി ആയിരിക്കും. മുലപ്പാലിനു പകരം സ്വർണ്ണം അരച്ചുകലക്കി ‌എന്റോസൾഫാൻ ചേർത്ത് അവന് കുടിക്കാൻ നൽകി. അങ്ങനെ അവന്റെ ശരീരഭാരത്തിന്റെ പകുതിയും സ്വർണ്ണമായി മാറി. സ്വർണ്ണ നിറമാർന്ന ഒരു സ്വർണ്ണപ്രതിമ.
                     മകൻ വളർന്നു വലുതായി, ഇനി ഇത്രയും കാലത്തെ പരീക്ഷണത്തിന്റെ ഫലം കണ്ടെത്തിയാൽ ലോകത്തിലെ നമ്പർ വൺ കോടീശ്വരൻ റാവൺ ആയി മാറും. ആണിനെ മാത്രം ജനിപ്പിക്കാൻ കഴിയുന്ന ബീജവുമായി ഭൂമിയിൽ പിറന്ന ആദ്യത്തെ ആൺ‌സന്തതി; അങ്ങനെയൊരു മനുഷ്യനെ പരീക്ഷണ ഗവേഷണങ്ങളിളൂടെ നിർമ്മിച്ച് പണവും പ്രശസ്തിയും നേടുന്ന ഭാഗ്യവാനായ അവന്റെ അച്ഛൻ. തന്നിലൂടെ മനുഷ്യവർഗ്ഗത്തിന്റെ ലക്ഷ്യം നിറവേറ്റിയിരിക്കയാണ്; നൂറ്റാണ്ടുകളായി പിറവിയിലെ നശിപ്പിക്കപ്പെടുന്ന പെൺകുഞ്ഞുങ്ങളോട് ചെയ്യുന്ന പാപങ്ങൾക്കെല്ലാം പരിഹാരമാണ് ‘പുരുഷ്’ന്റെ ജനനം. ഈ ലോകത്തോട് വിളിച്ചു പറയണം,
‘റാവൺന്റെ മകൻ ഒരു ആണാണ്; അവന് ജനിക്കുന്നതും ആൺകുഞ്ഞുങ്ങൾ മാത്രം’
അതിനുള്ള ശുഭമുഹൂർത്തം ഇതാ ആഗതമായി.

അപ്പോൾ ഒരു പ്രശ്നം,
 ‘പരീക്ഷണത്തിന് തായ്യാറുള്ള സ്ത്രീകളെ എങ്ങനെ സംഘടിപ്പിക്കും?’
പണം കൊടുത്തപ്പോൾ വീട്ടുവേലക്കാരിയായ വയസ്സിത്തള്ളയുടെ മൂന്ന് പെൺമക്കളും തയ്യാർ. ഒരു കരാർ മാത്രം; ജനിക്കുന്ന ആൺകുട്ടിയെ അവർ വളർത്തും, ചെലവിനു കൊടുക്കേണ്ട.
                     പരീക്ഷണവിജയം കണ്ടെത്തിയ റാവൺ ഗവേഷണഫലത്തെ ലോകം മുഴുവൻ അറിയിച്ചു.
അനുമോദനങ്ങൾ
അഭിനന്ദനങ്ങൾ,
                     മകനിൽ നിന്ന് ആൺകുഞ്ഞ് മാത്രം ജനിക്കുന്ന ബീജങ്ങൾ വാങ്ങാൻ ജനങ്ങൾ ക്യൂനിന്നു. അവ വിറ്റ് ലോകത്തിലെ ഏറ്റവും വലിയ ധനികനായി മാറിയ റാവൺ‌നെതേടി അനേകം ബഹുമതികൾ വന്നുചേർന്നു. കുഞ്ഞിന്റെ അച്ഛനെ ഒരിക്കൽ‌പോലും കാണാതെ കുഞ്ഞിനെ ജനിപ്പിക്കുന്ന അമ്മമാരുടെ എണ്ണം കൂടിയതോടെ റാവൺ കോടിശ്വരനായി മാറി.  പണം നിറഞ്ഞ് കവിഞ്ഞ റാവൺ മറ്റുള്ളവരെ പിൻ‌തള്ളി പണക്കാരിൽ ഒന്നാം സ്ഥാനത്തെത്തിയതോടെ ഈ ലോകം അദ്ദേഹത്തിന്റെ കാൽക്കീഴിലായി. വിദേശികളും സ്വദേശികളുമായ അനേകം വ്യക്തികൾ അദ്ദേഹത്തെ അന്വേഷിച്ച് വരാൻ തുടങ്ങി.

ഒരു ദിവസം,,,
റാവണിനെ തേടി അമേരിക്കയിൽ നിന്നും ഒരാൾ വന്നു,
അമേരിക്കൻ പ്രസിഡണ്ട്,,, സാക്ഷാൽ ഒബാമ
റാവണിന് ആകെ ടെൻഷനായി;
തന്റെ വളർച്ച അറിഞ്ഞ് അഭിനന്ദിക്കാനായിരിക്കണം.
റാവൺ‌ന്റെ വീട്ടിൽ ഒബാമ വന്നിരിക്കുന്നു,
കറുത്ത ഒബാമ ഉച്ചവെയിലേറ്റ് അല്പം വെളുത്തിരിക്കുന്നു;
റാവണിന്റെ കണ്ടതോടെ ആലിംഗനം ചെയ്ത്കൊണ്ട് അദ്ദേഹം എന്തോ പറയുകയാണ്,
അല്ല അപേക്ഷിക്കുകയാണ്,
“റാവൺ പ്ലീസ് ഹെല്പ് മീ”
ഓ തന്റെ പണം കണ്ടപ്പോൾ തകർച്ചയുടെ വക്കിലായ അമേരിക്കക്കാരെ സഹായിക്കാൻ പ്രസിഡണ്ട്‌തന്നെ നേരിട്ട്‌വന്ന് സഹായം തേടുകയാണ്.
റാവണിനു ദേഷ്യം വന്നു, ഇന്ത്യക്കാരെ പരിഹസിച്ച, തോല്പിച്ച, എപ്പോഴും പാരവെക്കുന്ന കുത്തക കമ്പോളമുതലാളിത്ത രാജ്യത്തെ സഹായിക്കാനോ,,
“നോ‍ാ‍ാ‍ാ‍ാ‍ാ,,,”
റാവൺ ഉച്ചത്തിൽ അലറിയത് കേട്ടപ്പോൾ ഒബാമ വീണ്ടും പറഞ്ഞു,
“പൂതന പ്രസവിച്ചു”
,,,,,,,,,,,
“പൂതന പ്രസവിക്കാനോ? അപ്പോൾ???,,,”
“ഇയാളെന്താ സ്വപ്നം കാണുകയാണോ? ഭാര്യ പ്രസവിച്ചു, പെൺകുട്ടി”
 “പെൺകുട്ടിയോ? അയ്യോ ഞാനിപ്പോൾ കണ്ടത്? ഒബാമ?”
വെളുത്ത സിസ്റ്റർ വെളുത്ത തുണിയിൽ പൊതിഞ്ഞ കറുത്ത കുഞ്ഞിനെ റാവണിന്റെ കൈയിൽ കൊടുത്തു,
“സാറെ, ഭാര്യ പ്രസവിക്കാൻ നേരത്ത് ഉറങ്ങിയാൽ അങ്ങനെ പലതും കാണും”
 *******************************
സമർപ്പണം: ജനിക്കുന്നതിനു മുൻപെ കൊല്ലപ്പെട്ട എല്ലാ പെൺ‌കുഞ്ഞുങ്ങൾക്കും വേണ്ടി ഈ നർമ്മം സമർപ്പിക്കുന്നു.

1.11.10

സാൾട്ട് മാംഗോ ട്രീ

              അനിക്കുട്ടൻ, മുത്തശ്ശിയുടെ കൂടെ എന്നും പൂജാമുറിയിൽ കടക്കുന്നത് ഭക്തി തലയിൽ‌കയറിയതു കൊണ്ടല്ല;
പിന്നെയോ,,,,,,?
                     എൽ.കെ.ജി. കാരനായ അവനെന്നും സന്ധ്യാനേരത്ത് മുത്തശ്ശിയുടെകൂടെ സ്വന്തം വീട്ടിലെ പൂജാമുറിയിൽ കടക്കുന്നത് സാക്ഷാൽ ഉണ്ണിക്കണ്ണനെ കാണാൻ മാത്രമാണ്. മഞ്ഞപ്പട്ടുടുത്ത്, പീലിത്തിരുമുടിയും കിരീടവും ചൂടി, ഓടക്കുഴൽ വിളിക്കുന്ന നീലനിറമാർന്ന കാർ‌വർണ്ണനെ സ്വയം മറന്ന് നോക്കിയിരിക്കെ; അവൻ ഉണ്ണിക്കണ്ണനായി രൂപാന്തരപ്പെട്ടിരിക്കും. മുത്തശ്ശി നാമം‌ചൊല്ലുന്ന നേരത്ത് കണ്ണനെ കണ്ണടക്കാതെ നോക്കുന്ന അനിക്കുട്ടന്റെ മനസ്സിൽ ആ രൂപം ആഴത്തിൽ പതിഞ്ഞിരിക്കയാണ്. തിരുമുടിയിൽ ചൂടിയ മയിൽ‌പീലിയെക്കാൾ അവനെ ആകർഷിച്ചത് ഉണ്ണിക്കണ്ണന്റെ ഓടക്കുഴലാണ്; പാട്ടുപാടാൻ അങ്ങനെയൊന്ന് തനിക്ക് കിട്ടിയെങ്കിൽ,,,

ഒരു ദിവസം അവൻ മുത്തശ്ശിയോട് ചോദിച്ചു,
“മുത്തശ്ശീ,,, ഈ ഓടക്കുഴലിന് ഇംഗ്ലീഷിലെന്താ പറയുക”
“മോനേ ഉണ്ണിക്കണ്ണനും ഓടക്കുഴലും മലയാളമാ, അതിന് ഇംഗ്ലീഷില്ല”
മുത്തശ്ശിയുടെ മറുപടി അവനെ തൃപ്തനാക്കിയില്ല. ഓടക്കുഴലിന്റെ ഇംഗ്ലീഷ് അറിഞ്ഞാലല്ലെ അതിന്റെ പേരും പറഞ്ഞ് ക്ലാസ്സിൽ ഷൈൻ ചെയ്യാൻ പറ്റത്തുള്ളു. അവൻ നേരെ മുത്തച്ഛനെ സമീപിച്ചു,
“മുത്തച്ഛാ,,, നമ്മുടെ പൂജാമുറിയിലെ ഉണ്ണിക്കണ്ണനില്ലെ, നമ്മുടെ ഗോഡ്; അവൻ പാട്ട്‌പാടുന്ന ആ ഓടക്കുഴലിന്റെ ഇംഗ്ലീഷ് നെയിം പറഞ്ഞുതാ,,?”
ഒരുകാൽ അല്പം ഉയർത്തി ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണന്റെ ആൿഷൻ കാണിച്ച്‌കൊണ്ട്, ചെറുമകൻ ചോദിച്ച ക്വസ്റ്റൻ‌കേട്ട  മുത്തച്ഛൻ വളരെനേരം ആലോചിച്ചുനോക്കിയിട്ടും ആ പഴഞ്ചൻ തലയിൽ ഉത്തരം തെളിഞ്ഞില്ല. ‘ഇത് വല്ലാത്ത കാലമാ,, ഇപ്പോഴെത്തെ പിള്ളേർക്കുള്ള വിവരമൊന്നും പ്രായമായവർക്കില്ല, എന്നാലും അറിയില്ല എന്ന് പറഞ്ഞ് തോറ്റുകൊടുക്കാൻ ഒരു പ്രയാസം’,
“അത് നിന്റെ ക്ലാസ്സിലെ ഇംഗ്ലീഷ് ടീച്ചർ‌തന്നെ ശരിയായി പറഞ്ഞുതരും, ഓടക്കുഴലിനെല്ലാം ഇപ്പോൾ പുതിയ ഇംഗ്ലീഷ് വേഡ് കണ്ടുപിടിച്ചിരിക്കയാ”
“അത് മുത്തച്ഛന് അറിയാത്തതുകൊണ്ടല്ലെ, ഷെയിം,, വെരി വെരി ഷെയിം,,, സില്ലീ ഓൾഡ്‌മാൻ”
                     അവിടെനിന്നും ഓടിപ്പോയ അനിക്കുട്ടൻ ടീവി തുറന്ന് ടോം&ജെറി വാച്ച് ചെയ്യാൻ തുടങ്ങി. ജെറിയും, ജെറിയെ ഫോളോ ചെയ്യുന്ന ടോം ആയും ചെയ്ഞ്ച് ചെയ്യുന്ന അവൻ ഉണ്ണിക്കണ്ണനെയും ഓടക്കുഴലിനെയും പെട്ടെന്ന് മറന്നു.

പിറ്റേദിവസം,
അനിക്കുട്ടന്റെ സ്ക്കൂളിൽ,
അനിക്കുട്ടന്റെ എൽ.കെ.ജി. ക്ലാസ്സിൽ,
അനിക്കുട്ടന്റെ ഇംഗ്ലീഷ് പിരീഡിൽ,
അനിക്കുട്ടന്റെ ഇംഗ്ലീഷ് മിസ്സ് മന്ദം മന്ദം, ‘ബാക്ക്ഓക്കെ’ സ്റ്റൈലിൽ നടന്നുവന്നു.
മിസ്സിസ്സ് ആവാൻ കൊതിച്ചെങ്കിലും ഇപ്പോഴും മിസ്സ് ആയി തുടരുന്ന സുന്ദരിയായ ഇംഗ്ലീഷ് മിസ്സ്,
ചൂരീദാറിൽ മൂടിയ മേനിയഴകിൽ നിന്ന്, പരിസരത്തേക്ക് പരക്കുന്ന പൌഡറിന്റെയും സ്പ്രേയുടെയും ഗന്ധം അവരോടൊപ്പം ക്ലാസ്സിൽ നിറഞ്ഞൊഴുകി.

കുട്ടികൾ എഴുന്നേറ്റു,
“ഗുഡ്‌മോണിംഗ് മിസ്സ്”
“ഗുഡ്‌മോണിംഗ് ചിൽഡ്രൻ, യാ,, ആൾ സിറ്റ്‌ഡൌൺ”
ഇംഗ്ലീഷ് മിസ്സ് ക്ലാസ്സ് തുടങ്ങി,
“ഇത് പുസ്തകം, ഇംഗ്ലീഷിൽ,,, ബുക്ക്; ബീഒ‌ഒകെ, ബുക്ക്”
കുട്ടികൾ ഏറ്റുപറഞ്ഞു,
“ഇത് പുസ്തകം, ഇംഗ്ലീഷിൽ,,, ബുക്ക്; ബീഒ‌ഒകെ, ബുക്ക്”
“ഇത് പേന, ഇംഗ്ലീഷിൽ,,, പെൻ; പീ‍‌ഇഎൻ, പെൻ”
“ഇത് പേന, ഇംഗ്ലീഷിൽ,,, പെൻ; പീ‍‌ഇഎൻ, പെൻ”
ഇപ്പോൾ അതാ നമ്മുടെ അനിക്കുട്ടൻ പതുക്കെ എഴുന്നേറ്റ് നിൽക്കുന്നു!!!!!,
ക്ലാസ്സിലെ നാല്പത്തിയെട്ട് കണ്ണുകൾ അനിക്കുട്ടനെ ഫോക്കസ് ചെയ്തു,
“മിസ്സ് ഒരു ഡൌട്ട്”
“യേസ് പ്ലീസ്,,”
“നമ്മുടെ ഓടക്കുഴലിന്റെ ഇംഗ്ലീഷ് വേഡ്?”
“വാറ്റ്,,,? യൂ മീൻ ഓഡാക്കുഴൽ?”
“യെസ് മിസ്സ്”
“യാ, സിറ്റ്‌ഡൌൺ,,, വൺ മിനിട്ട്, പ്ലീസ്,,,
ഏ സിവിയർ ഹെഡ്‌എയ്ക്ക് ഫോർ മി,,, ഓൾ ദ ക്ലാസ്സ്, പ്ലീസ് റീഡ് യുവർ ലസൻ”

                         ആകെ വിയർക്കാൻ തുടങ്ങിയപ്പോൾ ഇംഗീഷ് മിസ്സ് ചേയറിൽ ഇരുന്ന്, സ്വന്തമായ രണ്ട് കൈയാൽ തലതാങ്ങി, തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി.
‘ഈ നാശം‌പിടിച്ച പയ്യന്റെയൊരു ചോദ്യം. ഇതൊക്കെ പഠിച്ചിരുന്നെങ്കിൽ ഈ പണിക്ക് വരുമായിരുന്നോ? ഇംഗ്ലീഷിൽ വെറും D+ വാങ്ങി എസ്.എസ്.എൽ.സി. പാസ്സായിട്ടും ഇംഗ്ലീഷ്മീഡിയം സ്ക്കൂളിൽ ടീച്ചറായി വന്നത് മാനേജർക്ക് കൊടുത്ത പണത്തിന്റെ കനത്തിലാണെന്ന് പിള്ളേരോട് പറയാൻ പറ്റുമോ? ഏതായാലും അല്പം ആലോചിക്കട്ടെ,,’
‘ഓടക്കുഴൽ,,, ഓട,,, കുഴൽ;
ഓടകൾ,,,, റോഡരികിലുള്ള ഓടകളിലെ നാറ്റം‌കാരണം വഴിനടക്കാൻ പറ്റാതായിട്ടുണ്ട്,,
അതിന് പറയുന്ന പേര്???,,,  = ഡ്രെയിനേജ് സംവിധാനം,,,;
കുഴൽ,,,= പൈപ്പ്,,,
അപ്പോൾ ഓടക്കുഴൽ = ഡ്രെയിനേജ് പൈപ്പ്,,, ഹായി ഉത്തരം കിട്ടി,,,’

ഹെഡെയ്ക്ക് മാറിയ മിസ്സ് ‘സഡൻ ഓക്കെ‌ആയി’ എഴുന്നേറ്റു,
“ഓൾ സ്റ്റാന്റപ്പ്; അനിക്കുട്ടനെന്താ ഇംഗ്ലീഷ് നെയിം ആസ്ക് ചെയ്തത്?”
“ഓടക്കുഴൽ”
“അതാണ്,,, ഡ്രെയിനേജ് പൈപ്പ്, ഓഡാക്കുഴലിന്റെ ഇംഗ്ലീഷ് നെയിം?”
“ഡ്രെയിനേജ് പൈപ്പ്”
അനിക്കുട്ടനോടൊപ്പം എല്ലാകുട്ടികളും ഒന്നിച്ച് ഉത്തരം പറഞ്ഞു.

അന്ന് വൈകുന്നേരം,
അനിക്കുട്ടൻ വീട്ടിലെത്തിയ ഉടനെ മുത്തശ്ശിയോട് പറഞ്ഞു,
“മുത്തശ്ശീ നമ്മുടെ പൂജാമുറിയിലെ ഉണ്ണിക്കണ്ണൻ പാട്ടുപാടുന്നത് ഡ്രെയിനേജ് പൈപ്പ് യൂസ് ചെയ്താണ്”

10.10.10

ദേശാഭിമാനികളെ ചവിട്ടരുത്

                 ഏതാനും വർഷങ്ങൾക്ക് മുൻപ്; കൃത്യം 210 മാർക്ക് വാങ്ങിയതിനാൽ, ‘ജയിച്ചു’ എന്ന് സീല് പതിഞ്ഞ എസ്.എസ്.എൽ.സി ബുക്കുമായി ഹൈസ്ക്കൂളിന്റെ പടിയും ഗെയിറ്റും കടത്തിവിട്ട പൂർവ്വശിഷ്യനാണ്, തൊഴിലാളിയായി രൂപാന്തരപ്പെട്ട് എന്റെ വീട്ടിൽ വന്നത്.
അവൻ എന്റെ ശിഷ്യനാണെന്നതിൽ കൂടുതലായി ഓർമ്മയിൽ തങ്ങിനിൽക്കുന്ന നല്ല കാര്യങ്ങളൊന്നും ഇല്ലെങ്കിലും അത്ര നല്ലതല്ലാത്ത ഒരു കാര്യം ഇന്നും എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്.

എസ്.എസ്.എൽ.സി. ബയോളജി പരീക്ഷ കഴിഞ്ഞ ദിവസം,,, നട്ടുച്ചനേരം,
തൊട്ടടുത്ത വിദ്യാലയത്തിൽ‌നിന്ന് പരീക്ഷാഡ്യൂട്ടി കഴിഞ്ഞ്, ഉച്ചവെയിൽ അവഗണിച്ച് സ്വന്തം വിദ്യാലയത്തിൽ ഞാൻ എത്തിച്ചേരുന്നു.
പരീക്ഷ എഴുതിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ അവരുടെ സ്വന്തം ബയോളജി ടീച്ചറായ എനിക്ക് ചുറ്റും‌കൂടി അന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും ചർച്ച ചെയ്യുകയാണ്; ആകെ ബഹളം‌തന്നെ.
                   എന്നാൽ ഇതിൽ‌നിന്നെല്ലാം ഒഴിഞ്ഞുമാറി ‘പോടാ പുല്ലേ’ എന്നമട്ടിൽ ഒരുശിഷ്യൻ‌ റോഡരികിൽ നിൽക്കുകയാണ്. പെട്ടെന്ന് അവൻ കൈയിലുള്ള പുസ്തകത്തിന്റെ പേജുകൾ ഓരോന്നായി കീറിയെടുത്ത് ചെറുകഷ്ണങ്ങളാക്കി മുകളിലോട്ട് എറിഞ്ഞ് കൈകൊട്ടിചിരിക്കാൻ തുടങ്ങി. പത്ത് വർഷം പഠിച്ചതിന്റെയും പഠിപ്പിച്ചതിന്റെയും പ്രതിഷേധം മുഴുവൻ ആ പുസ്തകങ്ങളോട്, അവൻ കാണിക്കുകയാണ്.
                   ബയോളജിയോടും അത് പഠിപ്പിച്ച ടീച്ചറോടും ഉള്ള പ്രതിഷേധം(?) ടെൿസ്റ്റ് ബുക്ക് കീറിയെറിഞ്ഞ് ആഘോഷിച്ച, അവനാണ് ഇപ്പോൾ ഒരു കെട്ടിടനിർമ്മാണ തൊഴിലാളിയായി രൂപാന്തരപ്പെട്ട് എന്റെ വീട്ടിൽ വന്നത്.

എന്നാൽ ഇപ്പോൾ അവൻ പണ്ടത്തെ ഇരുണ്ടനിറമുള്ള കോല്‌മോഡൽ പാവം പയ്യനല്ല,
കറുത്തിരുണ്ട് ഒരുഗ്രൻ കൊട്ടേഷൻഗുണ്ട മോഡൽ തടിയൻ,,,
കാലം അവനെ തൊഴിലാളി വർഗ്ഗത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന വിപ്ലവവീര്യം അലതല്ലുന്ന ആസ്സൽ തൊഴിലാളി ആക്കി മാറ്റിയിരിക്കുന്നു.

                 എങ്കിലും പഴയ അദ്ധ്യാപികയെ കണ്ടപ്പോൾ അവനിൽ വിനയഭാവം പ്രത്യക്ഷപ്പെട്ടു,
“ടിച്ചറെ അന്ന് മര്യാദക്ക് പഠിച്ചിരുന്നെങ്കിൽ വിനീതിനെപ്പോലെ ഞാനും ഒരു എഞ്ചിനീയറാകുമായിരുന്നു”
“അതിന് കൂടുതൽ പഠിച്ചില്ലെങ്കിലും ജീവിക്കാൻ പറ്റിയ ഒരു ജോലി നിനക്ക് കിട്ടിയില്ലെ?”
“എന്നാലും, അന്നേരം ഒന്നും ആലോചിക്കാതെ പഠിക്കാതെ നടന്നത് വളരെ മോശമായെന്ന് ഇപ്പൊഴാ തോന്നുന്നത്,”
“ഇപ്പൊഴെങ്കിലും അങ്ങനെ തോന്നിയല്ലൊ, നന്നായി”

                      വീട്ടിൽ അവന് ചെയ്യാനുള്ള ജോലി നിലം പോളിഷിങ്ങ് മാത്രമാണ്. തൊഴിലാളിക്ഷാമത്താൽ നാട്ടുകാർ നട്ടം‌തിരിയുമ്പോൾ, ഒരു വീട് മൊത്തമായി നിർമ്മിക്കാൻ തൊഴിലാളികളെ ചിലപ്പോൾ കിട്ടിയാലും നിർമ്മാണം പൂർത്തിയായ വീട് റിപ്പയർ ചെയ്യാൻ ഒരിക്കലും ഒരു തൊഴിലാളിയെ കിട്ടുകയില്ല. പിന്നെ പഴയവീട്‌ റിപ്പയർ ആണെങ്കിൽ ‘മാഷേ അത് സ്വന്തമായി അങ്ങ് ചെയ്താൽ മതി’ എന്ന മറുപടി ആയിരിക്കും ലഭിക്കുന്നത്.
                    ഏറെനാളത്തെ തിരച്ചിലിനിടയിൽ എന്റെ ഭർത്താവ്, അങ്ങനെയൊരുത്തനെ ഒപ്പിച്ച്; അവനെയും‌കൂട്ടി വീട്ടിൽ വന്നപ്പോൾ, അവന് ഒരു കാര്യം മനസ്സിലായി; വന്നത് പണ്ട് പത്താം തരത്തിൽ പഠിപ്പിച്ച ടീച്ചറുടെ വീട്ടിലാണെന്ന്.
                    ഇവിടെ വെറും രണ്ട് ദിവസത്തെ പണിമാത്രം, അപ്‌സ്റ്റെയറിലെ വരാന്തയിൽ വീട് നിർമ്മിച്ച കാലത്ത് സാധാ സിമന്റിട്ടത് ആകെ നിറം‌മങ്ങിയിരിക്കുന്നു. അത് പൊളിച്ചുമാറ്റാതെ അതിന്റെ മുകളിൽ കാവിപൂശി ഒന്ന് പോളിഷ് ചെയ്യണം.

                    ഇന്നലെ വന്ന് സൈറ്റ് പരിശോധിക്കുന്നതിനിടയിൽ അവൻ ഒരുകാര്യം തന്നെ പലതവണ പറഞ്ഞു,
“മാഷേ ഈ സിമന്റും പോളിഷുമൊക്കെ പഴഞ്ചനാ, പൊളിച്ചുമാറ്റി പുത്തൻ ടൈൽ‌സ് വെക്കുന്നതാ നല്ലത്; അതിന്റെ പണിക്ക് എന്നെ വിളിച്ചാൽ മതി”
“അത് ഈ പഴയ വീട് പൊളിച്ച് പുതിയതൊന്ന് ഉണ്ടാക്കാനാണ് മകന്റെ പ്ലാൻ. അതുവരെ ഒരു തൽക്കാല അഡ്‌ജസ്റ്റ്‌മെന്റ് ആയി പോളിഷ് ചെയ്യുന്നതാ”
മാസ്റ്റർ പറഞ്ഞ മറുപടിയിൽ അവന് അശേഷം തൃപ്തി വന്നില്ല; അവൻ അതുതന്നെ ആവർത്തിച്ചു പറഞ്ഞു.
“എന്നാലും ടൈൽ‌സ് വെക്കുന്നതല്ലെ ഭംഗി?”
                    ഇപ്പോൾ നിലം പോളിഷ് ചെയ്യാനും സമീപഭാവിയിൽ പുത്തൻ വീട് നിർമ്മിക്കുന്ന കൊട്ടേഷൻ അവന് കൊടുക്കാമെന്നും ഉള്ള ഉറപ്പ് കിട്ടിയപ്പോൾ അവൻ പണിയെടുക്കാമെന്ന് ഏറ്റു. രാവിലെതന്നെ പുത്തനായി വാങ്ങിയ പെയിന്റും പോളിഷും ബ്രഷും പിന്നെ പേരറിയാത്തകെട്ടുകൾ പലതും വരാന്തയിലെത്തിച്ച് അവൻ ജോലി ആരംഭിച്ചു.

                    ഒരു തൊഴിലാളി വീട്ടിലുണ്ടെങ്കിൽ അന്ന് ഏറ്റവും വലിയ തിരക്ക് അടുക്കളയിലായിരിക്കും. വീട്ടിൽ ഒരു ‘വിഐപി വിരുന്നുകാരൻ വന്നതുപോലുള്ള പരിഗണന അവർക്ക് നൽകണം’ എന്ന് എല്ലാവർക്കും അറിയാം. മര്യാദക്ക് ചോറും കറിയും വെച്ച്‌കൊടുത്താലും അതിൽ ഉപ്പോ മുളകോ, കൂടിയോ കുറഞ്ഞോ പോയാൽ തൊഴിലാളി പൊടിയും‌തട്ടി അവന്റെ പാട്ടിനു പോകും. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് അവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കണം.
                 
                   അങ്ങനെ അടുക്കളയിൽ ചോറും കറിയും വെക്കുന്നതിനിടയിൽ ഉച്ചയാവാറായപ്പോൾ ഞാനൊരു കാര്യം ശ്രദ്ധിച്ചു, അപ്‌സ്റ്റെയറിൽ പണിയെടുക്കുന്നതിന്റെ ഒച്ചയും അനക്കവും ഇല്ല. ഞാൻ അദ്ദേഹത്തെ വിളിച്ചു,
“നിങ്ങളൊരുത്തനെ പോളിഷിടാൻ വിട്ട് ഇവിടെ പേപ്പറും വായിച്ച് ഇരിക്കയാണോ? ഒന്ന് പോയി നോക്കിയാലെന്താ?”
“നീ പോയി നോക്ക്, നിന്റെ ശിഷ്യനല്ലെ”
“എന്തായാലും അവൻ ജോലിചെയ്യുന്നത് നമ്മുടെ വീട്ടിലല്ലെ?”
ഇത്രയും പറഞ്ഞ് ഞാൻ കോണിപ്പടി കയറുന്നത് കണ്ടപ്പോൾ പിന്നലെ മാഷും കയറാൻ തുടങ്ങി.
അപ്പൊഴാണ് മേലേനിന്നും തൊഴിലാളിശിഷ്യന്റെ അറിയിപ്പ്,
“ടീച്ചറേ കൊറച്ച് പേപ്പറ് വേണം, പോളിഷ് ചെയ്യുമ്പോൾ നിലത്ത് വിരിച്ച് ചവിട്ടാനാണ്”

                  അതുകേട്ട ഞാൻ പഴയ പത്രങ്ങളുടെ കൂട്ടത്തിൽ‌നിന്ന് ഒരു വലിയ കെട്ട് പൊക്കിയെടുത്ത് അവന്റെ മുന്നിലെത്തിച്ചു.
മുന്നിൽ‌കാണുന്ന പത്രങ്ങൾ ഓരോന്നായി അവൻ നിവർത്തിനോക്കി. അതിനുശേഷം അവയോരോന്നും ഭംഗിയായി അടുക്കിവെച്ചശേഷം മാഷെനോക്കി,
“ഇതൊന്നും പറ്റില്ല മാഷെ, വേറെ പേപ്പറൊന്നും ഇല്ലെ?”
“ഇതെല്ലാം പഴയതാ, തൂക്കിവിൽക്കാൻ കഴിയാത്തതു കൊണ്ട് ധാരാളം ഉണ്ട്; ഇനിയും വേണോ?”
“മാഷെ, ഇതെല്ലാം ദേശാഭിമാനിയാ, ദേശാഭിമാനികളെ ചവിട്ടരുത്; മാഷ് നമ്മുടെ ആപ്പീസിൽ പോയാൽ ഇഷ്ടം‌പോലെ മറ്റുള്ള പഴയ പേപ്പറുകൾ കിട്ടും”

21.9.10

കുട്ടിരാമന്റെ കണക്ക് പറച്ചിൽ

                       നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് തെങ്ങ്കയറ്റം അറിയാത്തതിനാൽ ഒറിജിനൽ ചെത്ത് അജ്ഞാതമെങ്കിലും എപ്പോഴും അവർ ചെത്തി നടക്കാറുണ്ട്. വലതു കൈയാൽ മൊബൈലിനെ ഇടതുചെവി കാണിച്ച്, ഇടതു കൈകൊണ്ട് ബൈക്ക് പിടിച്ച്, തിരിച്ച്, സൂപ്പർഫാസ്റ്റ് സ്പീഡിൽ; സ്വന്തം വീടിന് തീപ്പിടിച്ചതായി വിവരം കിട്ടിയ ഫയർ‌സർവീസ് വണ്ടിയുടെ ഡ്രൈവറെപ്പോലെ ഓടിച്ച് പോകുന്ന ഇവനെയൊക്കെ കണ്ടാൽ ഇരുവശത്തുമുള്ള  കാൽ‌നടയാത്രക്കാർ ഇരുവശത്തേക്കും പേടിച്ചോടി കുഴിയിൽച്ചാടും. ആയുസ്സിന്റെ വര തലയിൽ വരച്ചത് ഈ വക ചെത്തുകാർ ചെത്താൻ തുടങ്ങുന്നതിനു മുൻപായത്‌കൊണ്ട് മാത്രമാണ് യാത്രക്കാരിൽ പലരും ജീവനോടെ ഇന്നും ഇരിക്കുന്നത്.

                        ഇങ്ങനെ ജോലിയും കൂലിയും ഇല്ലാത്ത ഈ ചെത്തുകാർക്ക് ഇങ്ങനെ ചെത്താൻ പണം കിട്ടിയത് എങ്ങനെയാണെന്ന് സീനിയർ സിറ്റിസൺ ആയ പലരും ചേർന്ന് സി.ബി.ഐ. പണിയും ചാരപ്പണിയും നടത്തിയിട്ടുണ്ട്. അധോലോകത്തിന്റെ അദൃശ്യകരങ്ങൾ ചെത്തുകാർക്ക് അദൃശ്യസഹായവാഗ്ദാനങ്ങൾ നൽകി മോഹിപ്പിക്കുന്നുണ്ടോ എന്ന് പോലും ചിലരുടെ പഴഞ്ചൻ തലയിൽ സംശയവ്യൂഹങ്ങൾ പത്തിവിടർത്തി താണ്ഡവമാടിയിട്ടുണ്ട്.

                        അങ്ങനെ ഒരു നല്ല ദിവസം ജോലി ചെയ്യാതെ കൂലി വാങ്ങുന്ന നാട്ടിലെ സീനിയർമോസ്റ്റ് സിറ്റിസനുകൾ ഒരിടത്ത് കൂട്ടായിരുന്ന്, ജോലിയും കൂലിയുമില്ലാത്ത ജൂനിയർ സിറ്റിസൺ‌ന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. എല്ലാരും അന്യോന്യം കുറ്റപ്പെടുത്തിയെങ്കിലും എല്ലാവർക്കും ഒരുകാര്യം മനസ്സിലായി,
‘മക്കൾ ആണായാലും പെണ്ണായാലും അവർക്ക് ചെത്താൻ പണം കൊടുക്കുന്നത് രക്ഷിതാക്കൾ തന്നെയാണ്. നമ്മുടെ നാട്ടിലെ എല്ലാ അച്ഛനും അമ്മയും അവർക്ക് പിറന്ന സ്വന്തം മക്കളെ പേടിക്കുന്നു’.
മക്കൾ അവരെ ഭീഷണിപ്പെടുത്തുന്നു.
ആ ഭീഷണിയിൽ ചിലർ കെട്ടുതാലിപോലും ഊരി മക്കൾക്ക് ചെത്താൻ കൊടുക്കുന്നു,
അങ്ങനെയങ്ങനെ ചെത്തുകാർ നാട് വാണിടും കാലം

.നാട്ടിൽ ഒരേയൊരു നല്ലപയ്യൻ മാത്രം,,, അതാണ് രാമൻ മകൻ കുട്ടിരാമൻ,,,
അവൻ ചെത്താൻ പോകാറില്ല,
കുടിക്കാൻ പോകാറില്ല,
പല്ലുതേക്കാതെ കാപ്പി കുടിക്കാറില്ല,
കൈ കഴുകാതെ ചോറ് തിന്നാറില്ല,
പെൺപിള്ളെരുടെ പിന്നാലെ നടന്ന് തോണ്ടാറില്ല,
സുന്ദരിമാരെ മിസ്‌കോൾ അടിക്കാറില്ല,
ബസ്സിൽ ലേഡീസ്‌സീറ്റിനു സമീപം വരാറില്ല,
കുളിക്കാതെ വീട്ടിന്ന് പുറത്തിറങ്ങാറില്ല,
അച്ഛനോടും അമ്മയോടും എതിർത്ത് ഒന്നും മിണ്ടാറില്ല,
പഠിപ്പിച്ച ടീച്ചർ‌മാരെ കമന്റടിക്കാറില്ല,
.ഒരു പാവം പയ്യൻ,,,
              
                    ‘കഴിഞ്ഞജന്മത്തിലെ മുഖ്യശത്രുവിന്റെ സന്താനമായിട്ടായിരിക്കും നടപ്പുജന്മം പിറക്കുന്നത്’,,, എന്ന് നമ്മുടെ അല്ല എന്റെ നാട്ടിലെ ഒരു ചൊല്ലുണ്ട്. ആ ചൊല്ലിന് മെയിൻകാരണം കുട്ടിരാമന്റെ അച്ഛനായ ‘രാമന്റെ’ സ്വഭാവമഹിമ ഒന്ന്‌കൊണ്ട് മാത്രമാണ്.

                    രാമന്റെ മകനായതുകൊണ്ട് നാട്ടുകാർക്ക് അവൻ കുട്ടിരാമനാണെങ്കിലും അവന്, അച്ഛൻ രാമന്റെ സമ്പാദ്യം പോയിട്ട് നല്ല സ്വഭാവം പോലും പാരമ്പര്യമായി കിട്ടിയിട്ടില്ല. കുടിയന്മാരായ നാട്ടുകാരുടെ മാതൃകാ പുരുഷോത്തമനാണ് രാമൻ.
രാമൻ അതായത് അച്ഛൻരാമൻ അതിരാവിലെ എഴുന്നേറ്റ് സ്വന്തം ഭാര്യ ദേവിയെ വിളിക്കും, “എടി മൂധേവീ, നിന്നെ കെട്ടിയെടുത്തോ?”
.കുട്ടിരാമന് സ്വന്തം ഭാര്യ ഇല്ലാത്തതിനാലും അച്ഛന്റെ ഭാര്യ, സ്വന്തം അമ്മ ആയതിനാലും അവൻ അങ്ങനെ വിളിക്കാറില്ല.
രാമൻ കൂലിപ്പണിക്ക് നടന്ന്‌പോകും; തിരിച്ചുവരുമ്പോൾ കിട്ടിയകൂലിയെല്ലാം ചാരായരൂപത്തിൽ വയറ്റിലാക്കി ഇഴഞ്ഞ് പാമ്പായിമാറും.
.കുട്ടിരാമനും കൂലിപ്പണിക്ക് പോകും; ചാരായം അലർജ്ജി ആയതിനാൽ തിരിച്ച് വരുമ്പോൾ വീട്ടിലേക്ക് വേണ്ടതെല്ലാം വാങ്ങി ബാക്കിപ്പണം അമ്മയെ ഏല്പിക്കും.
സ്വന്തം വീട്ടിലുള്ള പൊട്ടുന്നതെല്ലാം രാമൻ പൊട്ടിച്ച്, ചോറും കറിയും അടുക്കളപ്പുറത്തെ വാഴക്ക് വളമാക്കി മാറ്റും.
.കുട്ടിരാമന് പൊട്ടിക്കാൻ താല്പര്യം ടീവി, ഫ്രിഡ്ജ്, മിക്സി, ഏസി, എന്നിവയാണ്. അവയൊന്നും ആ വീട്ടിൽ  ഇല്ലാത്തതിനാൽ വല്ലതും പൊട്ടിക്കാനായി അവന്റെ കൈ തരിക്കും.
അടിച്ചങ്ങ്പൂസായ രാമൻ നാട്ടുകാരുമായി എന്നും വഴക്കുണ്ടാക്കും. നാട്ടുകാർ രാമന്റെ ദേഹമാസകലം തല്ലിയിട്ട് ബോഡിഷെയ്പ്പ് മാറ്റി പതം വരുത്തും.
.കുട്ടിരാമൻ അടികിട്ടിയ അച്ഛനെയും താങ്ങി, വേതാളത്തെ ചുമക്കുന്ന വിക്രമാദിത്ത്യൻ മോഡൽ വീട്ടിലെത്തിച്ച് അമ്മയെയും പെങ്ങമ്മരെയും ഏല്പിക്കും.
പാമ്പായി മാറിയ രാമൻ പതിവായി പാതിരാവിൽ ഉണർന്ന് ഭാര്യയെ തല്ലും.
.കുട്ടിരാമൻ പാതിരാവിൽ തല്ല്‌കൊണ്ട് കരയുന്ന അമ്മ പെങ്ങമ്മാരോടൊപ്പം കരഞ്ഞ് സുഖമായി ഉറങ്ങും.

                   അങ്ങനെ നടന്നും ഇഴഞ്ഞും രാമന്റെ നാളുകൾ സസുഖം മുന്നോട്ട് നീങ്ങുന്നതിൽ നല്ലവരായ നാട്ടുകാർക്കെല്ലാം അസൂയയും പരാതിയും മാത്രമാണ്. അതെല്ലാം കേൾക്കാനുള്ള സ്വബോധം രാമനില്ലാത്തതിനാൽ അവരെല്ലാം പരാതിക്കെട്ടുകൾ അഴിക്കുന്നത് കുട്ടിരാമനു മുന്നിലാണ്. അവനെല്ലാം കേട്ടു കേട്ടു മടുത്തപ്പോൾ പറയാനുള്ള സാഹിത്യമെല്ലാം ആ തന്തപ്പടിയോട് പറഞ്ഞുകഴിഞ്ഞു. ഇനി ഒരു വഴി മാത്രം മുന്നിലുണ്ട്, നല്ല ചുട്ട അടി. പക്ഷെ ആ ഒരടിക്ക് തന്തപ്പടി കാഞ്ഞുപോവുകയും താൻ ജയിലിൽ പോവുകയും ചെയ്താൽ അമ്മയും രണ്ട് പെങ്ങമ്മാരും ആനാഥരാവുമല്ലൊ എന്ന ചിന്ത, അവനെ ആ ഉദ്യമത്തിൽ‌നിന്ന് പിൻ‌തിരിപ്പിച്ചു.
.എന്നാലും ഇങ്ങനെയുണ്ടോ, ഒരു അച്ഛൻ!

ഒരു ദിവസം കുട്ടിരാമൻ അമ്മയോട് ചോദിച്ചു,
“ഈ ദുനിയാവിൽ എത്രയെത്ര ആണുങ്ങളുണ്ട്; എന്നിട്ടും എന്റെ അമ്മയെന്തിന് ഈ അച്ഛനെത്തന്നെ സെലക്റ്റ്‌ചെയ്ത് കല്ല്യാണം കഴിച്ചു?”
“അത് കല്ല്യാണനേരത്ത് ഞാനറിഞ്ഞില്ല മോനേ”
“എന്നാല് അറിഞ്ഞനേരത്ത് അമ്മക്ക് ഇയാളെയങ്ങ് ഡൈവോഴ്സ് ചെയ്യാമായിരുന്നുല്ലെ?”
“മോനേ, ഞാനങ്ങനെ ചെയ്താലുള്ള മനഃപ്രയാസം കൊണ്ട് ഇയാള് എന്തെങ്കിലും കടുംകൈ ചെയ്താലോ?”
കുട്ടിരാമൻ സ്വന്തം അച്ഛൻ കാരണം പകൽ‌വെളിച്ചത്ത് നാട്ടിലിറങ്ങാതായി.
പരിചയക്കാരെക്കണ്ടാൽ മുഖം കാണിക്കാതിരിക്കാൻ തലയിൽ മുണ്ടിടാൻ തുടങ്ങി.
ഈവക അച്ഛന്മാർ ഭൂമീലുണ്ടോ?
എന്നിട്ടും,
അച്ഛൻ രാമന് ഒരു കുലുക്കവും ഇല്ല,
പതിവായി പാമ്പായി വീട്ടിൽ വരുന്നത് മുറതെറ്റാതെ തുടർന്നു.
വീട്ടിലെ പുത്തൻ ചട്ടിയും കലവും പൊട്ടുന്നത് തുടർന്ന് കൊണ്ടേയിരുന്നു.
അമ്മയുടെ കണ്ണീർക്കയത്തിൽ മക്കൾ മുങ്ങിത്താണു പോയ്ക്കൊണ്ടേയിരുന്നു.

അങ്ങനെ ഒരു ദിവസം
രാമൻ കുപ്പികളുമായി ആടിയാടി മന്ദം മന്ദം വീട്ടിലേക്ക് വന്നുകൊണ്ടിരിക്കയാണ്,
മുറ്റത്തെത്തിയപ്പോൾ പതിവില്ലാതെ ഒരു ആൾക്കൂട്ടം.
സ്വന്തം വീട് തന്നെയാണെന്ന് ഒരിക്കൽ‌കൂടി ഉറപ്പിച്ച് മുറ്റത്ത് കാലെടുത്തുവെച്ച രാമൻ ,പാട്ടുപാടി ആനന്ദനൃത്തത്തിൽ ആറാടുന്ന ഒരുത്തനെ കണ്ടു,
ഒരു കൈയിൽ തുറക്കാത്ത ചാരായക്കുപ്പിയും മറുകൈയിൽ കാലിയാവാറായ മറ്റൊരു കുപ്പിയുമായി നിൽക്കുകയാണ്,
രാമന്റെ അരുമ ഏക ആൺസന്താനം കുട്ടിരാമൻ,,,
മുറ്റത്ത് വടക്കെമൂലയിൽ അവന്റെ അമ്മയും രണ്ട് സഹോദരിമാരും തലയിൽ കൈവെച്ച് ഇരിക്കുന്നുണ്ട്.
രാമനെ കണ്ട ഉടനെ കുട്ടിരാമൻ ഗാനമേള നിർത്തി,
“ഹലോ അച്ഛാ, ഇത്രയും കാലം ഇത്രനല്ല സാധനം അച്ഛൻ എന്നിൽനിന്ന് ഒളിച്ചുവെച്ചല്ലൊ, അച്ഛാ;
എന്റെ അച്ഛനിന്നലെ വല്ലാത്തൊരക്കിടിപറ്റി,,,”
“എടാ നീ,,,”
“മിണ്ടരുത്, ഇത് ഞാനാ കുട്ടിരാമൻ, രാമന്റെ മകൻ; ഇന്ന് വൈകുന്നേരം ബാറിൽ‌പോയി മതിയാവോളം കുടിച്ച് വാളും‌വെച്ചാ മോൻ വന്നത്, അച്ഛനു വേണോ?”
മകന്റെ രൂപമാറ്റം കണ്ട് രണ്ട്‌കണ്ണും തള്ളിയ അവസ്ഥയിൽ നിൽക്കുന്ന രാമന്റെ ദേഹത്തുനിന്നും ഇതുവരെ കുടിച്ച ചാരായം മുഴുവൻ ആവിയായിപ്പോയി; ഇതുവരെ സ്വബോധം ഇല്ലാത്ത രാമന്റെ തലയിൽ പതുക്കെ ചാരായഅലർജ്ജി കയറിപ്പറ്റി.

                   രാമൻ ആദ്യമായി മകനെയും ഭാര്യയെയും ‌മക്കളെയും ശരിക്കൊന്ന് നോക്കി,
“മോനേ നീ അകത്ത് പോ”
“മോനോ???  എപ്പഴാ ഞാൻ നിന്റെ മോനായത്; ഞാനിനിയും കുടിക്കും. അച്ഛന്റെ കുടി നിർത്താൻ കഴിയാത്ത ഞാൻ ഇനിയും കുടിക്കും”
ഇത്രയും പറഞ്ഞ് കുട്ടിരാമൻ വെട്ടിയ വാഴത്തടപോലെ മുറ്റത്ത് കമഴ്ന്ന് വീണപ്പോൾ ഏതാനും ചിലർ അവനെത്താങ്ങി നേരെയിരുത്തി തലയിൽ പച്ചവെള്ളം കോരിയൊഴിച്ചു.
വെള്ളം തലയിൽ വീണപ്പോൾ ഇത്രയും നേരം മുറ്റത്തെ മൂലയിൽ ഇരുന്ന് കരയുന്ന അമ്മ പെങ്ങന്മാരെ നോക്കി കുട്ടിരാമൻ പറഞ്ഞു,
“അമ്മയും മക്കളും ഇപ്പൊഴെന്തിനാ കരയുന്നത്? എന്റെ അച്ഛൻ കുടിച്ച് പൂസായി വീണപ്പോൾ ആരും കരഞ്ഞിട്ടില്ലല്ലൊ?”

                     വൺ‌മാൻ റിയാലിറ്റി ഷോ കണ്ട് രസം പിടിച്ച് ചിരിക്കുന്ന നാട്ടുകാരിൽ ചിലരുടെ മുഖം കണ്ടപ്പോൾ അച്ഛൻരാമന് പെട്ടെന്ന് നാണക്കേട് തോന്നാൻ തുടങ്ങി. ഇത്രയും കാലം പാമ്പും പെരുമ്പാമ്പും ആയി വന്നപ്പോൾ ഇല്ലാത്ത അഭിമാനം പെട്ടെന്ന് ഉള്ളിൽനിന്നും തലപൊക്കി,
“എടാ നീ അകത്തു പോ, എടി ദേവീ  നീ ഇവനെപ്പിടിച്ച് വീട്ടിനകത്താക്കിയാട്ടെ”
“എന്നെ വീട്ടിനത്താക്കിയാൽ പുറത്തുള്ളവർ ഒന്നും അറിയില്ലല്ലൊ; അങ്ങനെയെന്ന അകത്താക്കാൻ താൻ നോക്കേണ്ട”
“എടാ നിന്റച്ഛനാ പറയുന്നത് അകത്തു പോകാൻ, പറയുന്നത് അനുസരിക്ക്”
അച്ഛനും മകനും ചേർന്ന പിടിവലിയിൽ അച്ഛൻ തോറ്റ് താഴെ വീണപ്പോൾ മകൻ കൈകൊട്ടിച്ചിരിക്കാൻ തുടങ്ങി.
“താനാരാ എന്നോട് പറയാൻ?”
മകന്റെ മുന്നിൽ തോറ്റ് തുന്നം പാടിയ രാമൻ ഒടുവിൽ പറഞ്ഞു,
“എടാ നിന്നെ ഉണ്ടാക്കിയത് ഞാനാ; പറയുന്നത് അനുസരിക്കുന്നതാ നിനക്ക് നല്ലത്, അകത്ത് പോ”
“ഓ, എന്നെ വളർത്തിയിട്ടില്ലെങ്കിലും ഉണ്ടാക്കിയതിന്റെ കണക്ക് പറയുകയാണ്. ഇപ്പൊം പറഞ്ഞൊ, അതിന് എത്ര പൈസ വേണം”
അണ്ടർ‌വെയറിന്റെ വലതു പോക്കറ്റിൽ നിന്ന് നൂറിന്റെയും പത്തിന്റെയും അനേകം നോട്ടുകൾ കുട്ടിരാമൻ പുറത്തെടുത്ത് അച്ഛന് നേരെ നീട്ടി,
“പറഞ്ഞൊ, എന്നെ ഉണ്ടാക്കിയതിന് എത്രയാന്ന് പറഞ്ഞാൽ തരാം”
മകൻ നീട്ടിയ പണം നോക്കി അച്ഛനായ രാമൻ നിലത്തിരുന്നു.
പിൻ‌കുറിപ്പ്:
ദിവസങ്ങൾക്ക് ശേഷം
രാമൻ മദ്യപാനം പൂർണ്ണമായി നിർത്തി; എന്നാൽ കുട്ടിരാമൻ നാട്ടിലെ ഏറ്റവും വലിയ കുടിയനായി ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നു.
എന്റെ നാട്ടിലെ കുടുംബകലഹത്തിനിടയിൽ മക്കൾ മാതാപിതാക്കളോട് ചോദിക്കും; ‘ഞാനും കുട്ടിരാമനെപ്പോലെ കണക്ക് പറയണോ’ എന്ന്, അത് കേട്ട് പേടിച്ച അച്ഛനും അമ്മയും, ചോദിച്ചതെല്ലാം മക്കൾക്ക് കൊടുക്കും.
...(ഒറിജിനൽ ചെത്ത് കാണാത്തവർക്കായി ഒരു ഫോട്ടോ മുകളിൽ കൊടുത്തിട്ടുണ്ട്).

30.8.10

പെയിന്റിംഗ്

…തൊഴിലില്ലായ്മ കൊണ്ട് തേരാപാര നടക്കുന്നവരുടെ നാട്,,,
…തൊഴിലാളിക്ഷാമം കൊണ്ട് നട്ടം തിരിയുന്നവരുടെ നാട്,,,
…രണ്ടും നമ്മുടെ കേരളം തന്നെയാണ്, എന്ന,,, മഹാസത്യം
…പകൽ‌വെളിച്ചം‌പോലെ എല്ലാ മലയാളികൾക്കും അറിയാം.

                           ജീവിതകാലത്ത് കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ സ്വന്തംവീടിന് അത്യാവശ്യം ഒരു റിപ്പെയർ ആവശ്യമായിവന്ന് തൊഴിലാളിയെ അന്വേഷിച്ചാൽ പോയതുപോലെ കൈയുംവീശി അതേവഴി തിരിച്ചുവരാം. ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടുന്ന റിസൽട്ടുപോലെ ആയിരക്കണക്കിന് തൊഴിലില്ലാത്തവരെ നാടിന്റെ മുക്കിനും മൂലയിലും കാണും. എന്നാൽ ഒരു തൊഴിലാളിയുടെ ആവശ്യം വരുമ്പോൾ ബന്ദ് ദിവസം വാഹനത്തെ കാത്തിരിക്കുന്ന പൊതുജനത്തിന്റെ അവസ്ഥയായിരിക്കും അനുഭവം.

                        അത്പിന്നെ അങ്ങനെയല്ലെ വരിക; മലയാളികൾ അന്യരാജ്യങ്ങളിൽ പോയി ‘പണം വാരി’ വരുമ്പോൾ ആ മലയാളിയുടെ വീട്ടിലെ തൊഴിലെടുക്കാൻ അന്യരാജ്യക്കാരെ കിട്ടിയില്ലെങ്കിൽ; അന്യസംസ്ഥാനക്കാരെയെങ്കിലും അനുവദിക്കേണ്ടതല്ലെ;
…‘വനിതാ ഗൈനക്കോളജിസ്റ്റ് പ്രസവിക്കുമ്പോൾ മറ്റൊരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തീർച്ചയായും വേണമല്ലൊ’.

                         മകൾക്ക് പ്രായപൂർത്തി ആയശേഷം ആദ്യമായി ഒരു തടിയൻ പെണ്ണുകാണാൻ വന്നദിവസം മുതൽ വീടൊന്ന് വെള്ളപൂശി പെയിന്റടിക്കാൻ ആളെ അന്വേഷിച്ചു തുടങ്ങിയതാണ്. അകത്തുകയറിയ തടിയന്റെ വണ്ണം കണ്ട് പേടിച്ച മകൾ രണ്ട് ദിവസം പനിച്ച് കിടന്നതിനാൽ ആദ്യമായി ആരവത്തോടെ കടന്നുവന്ന ആലോചനയുടെ ഫയൽ അപ്പൊത്തന്നെ അടച്ചുപൂട്ടി. എന്നാൽ മകളുടെ അച്ഛൻ തൊഴിലാളി അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു; കണ്ടാൽ പേടിക്കാത്ത സൈസ് പയ്യൻ എപ്പൊഴാ പടികടന്ന് വരുന്നതെന്നറിയില്ലല്ലൊ.

                         ജോലിയും കൂലിയുമില്ലാത്തതിനാൽ സ്വന്തം‌വീട്ടിലെ അടുപ്പിൽ പൂച്ചയെ കിടത്തിയുറക്കി, ആറ് മാസം പട്ടിണിയായവനോട് ‘നിനക്കൊരു ജോലി തരാം, കൂലി തരാം’ എന്ന് പറഞ്ഞാൽ സൂപ്പർഫാസ്റ്റായി ഉത്തരം വരും,
“അയ്യോ മാഷെ ഇപ്പൊ അടുത്തകാലത്തൊന്നും വരാൻപറ്റില്ല; ഭയങ്കര തിരക്കാ”
“എന്നാൽ‌പിന്നെ എപ്പോൾ വരാൻ പറ്റും”
ഉടൻ റെഡീമെയ്ഡ് ഉത്തരം റെഡിയാണ്.
“അത്‌പിന്നെ ഒരാറ് മാസത്തേക്ക് നോക്കണ്ട, വെറും പെയിന്റടി മാത്രമല്ലെ, ഒഴിവ് നോക്കി വരാം”
                          പെയിന്റിന്റെ കൂടെ പയിന്റ് കൊടുക്കാത്ത അദ്ധ്യാപകന്റെ വീട്ടിലെ പെയിന്റടി, ‘കൊമ്പും തുമ്പിക്കൈയുമായി കൈലാസം നിറഞ്ഞിരിക്കുന്ന, നമ്മുടെ സാക്ഷാൽ ഗണപതിയുടെ കല്ല്യാണം പോലെ’ നീണ്ടുപോകും.

                            നടക്കേണ്ട സമയത്ത് നടക്കേണ്ട മകളുടെ വിവാഹത്തെക്കാൾ വേവലാതി ഇപ്പോൾ വീടിന്റെ ചുമരുകൾ കാണുമ്പോഴാണ്. പെണ്ണുകാണാൻ വരുന്നവർ ഇപ്പോൾ പെണ്ണിനെക്കാൾ ശ്രദ്ധിക്കുന്നത് വീടിന്റെ ചുമരുകളാണെന്ന് മനസ്സിൽ ഒരു ചിന്ന സംശയം. പണ്ടൊരുകാലത്ത് സ്വന്തം പിതാവ് നീറ്റുകക്ക വെള്ളത്തിലിട്ട് നീറ്റി ചുണ്ണാമ്പാക്കി മാറ്റി, സ്വന്തം വീട്ടിൽ വെള്ളപൂശാറുള്ള കാര്യം മാസ്റ്ററുടെ തലയിൽ ക്ലിക്കി. എന്നാൽ ഇപ്പോൾ അങ്ങനെയാണോ? ഒരു പെയിന്റിങ്ങ് തൊഴിലാളിയുടെ വീട് വെള്ള പൂശാൻ പോലും അതിന്റെ കോമ്പിനേഷനും കോമ്പസിഷനും അറിയുന്ന മറ്റൊരു തൊഴിലാളിതന്നെ വേണം.

                            അപ്പോഴാണ് അഭിനവ ദൈവദൂതൻ മോഡലായി ഒരു പൂർവ്വശിഷ്യന്റെ വരവ്. പ്രൈവറ്റ് ബസ്സിലെ കിളിയായി പറക്കുന്ന, നാട്ടുകാർ‌ക്കിടയിൽ ‘മാക്രി’ നാമധേയത്താൽ അറിയപ്പെടുന്ന അവൻ വീട്ടിൽ‌വന്ന് നാലുപാടും നടന്നുനോക്കിയശേഷം മാഷോട് പറഞ്ഞു,
“ഇത് ഞാൻ ഇപ്പശരിയാക്കാം; മാഷ് പേടിക്കേണ്ട, ഒരാഴ്ചക്കുള്ളിൽ വൈറ്റ്‌വാഷ് ചെയ്യാൻ ആള് റെഡി”

                       പറഞ്ഞതിന്റെ മൂന്നാം‌നാൾ പറഞ്ഞതുപോലെ പെയിന്റിംഗ് തൊഴിലാളിയതാ വീട്ടിനു മുന്നിൽ; രാവിലെതന്നെ വീട്ടിൽ‌വന്ന് വിളിച്ച് ചോദിക്കുകയാണ്,
“ഈ വീട്ടിലാണോ പെയിന്റടിക്കേണ്ടത്?”
പുതുമഴ നേരത്തെപെയ്തപ്പോൾ മനം‌കുളിർത്ത കുടവില്പനക്കാരനെപ്പോലെ അടുക്കളയിൽ ആകെയുള്ള ഒരു ഗ്യാസ് ഓഫാക്കി പുറത്തേക്കോടിയ ഞാൻ കണ്ടു,,,;
ചെത്ത് വേഷത്തിൽ ചെത്ത് കണ്ണടവെച്ച ഒരു അടിപൊളി ചെറുപ്പക്കാരൻ മുന്നിൽ.

                        എന്റെ ഓട്ടം കണ്ടിട്ടാവണം ദോശചുടാൻ മിക്സിയിൽ മാവരക്കുന്ന മാഷും എന്റെ പിന്നാലെ ഓടി.
വന്നവൻ വന്ന കാലിൽ നിന്ന് ചോദിക്കുകയാണ്,
“ടീച്ചറെ ഞാൻ വീട് വൈറ്റ്‌വാഷ് ചെയ്യാൻ വന്നതാ; എപ്പൊഴാ മകളുടെ കല്ല്യാണം ഫിക്സ് ചെയ്തത്?”
ഞാനൊന്ന് ഞെട്ടി,,,;
...‘അച്ഛനും അമ്മയും അറിയാതെ മകൾക്ക് കല്ല്യാണമോ?’
...പുരനിറഞ്ഞതാണെങ്കിലും പൂച്ചമോഡൽ ഇരിക്കുന്ന ഈ ഏകമകൾ ഇങ്ങനെയൊരു പരിപാടി എങ്ങനെ ഒപ്പിച്ചു?
“അത്പിന്നെ ഇപ്പോൾ ശരിയായില്ലെങ്കിലും പെട്ടെന്ന് കല്ല്യാണം നടക്കും, ധാരാളം അന്വേഷണങ്ങൾ വരുന്നുണ്ട്”
മറുപടി പറഞ്ഞെങ്കിലും എന്റെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുളക്കാൻ തുടങ്ങി.
“എന്നിട്ട് എന്നോട് അവൻ പറഞ്ഞത് ഒരാഴ്ചക്കുള്ളിൽ ഈ മാഷ് മകളുടെ കല്ല്യാണം ഒറപ്പിച്ചു എന്നാണല്ലൊ?”
                        
                        വെറുമൊരു പെയിന്ററാണെങ്കിലും അവന്റെ വാക്കുകൾ കേട്ടതോടെ, എന്റെ തല ചൂട് പിടിച്ച് പുകയാൻ തുടങ്ങി, ഞാൻ തലയിൽ കൈവെച്ച് ‘ബിന്ദു പണിക്കർ മോഡൽ’ വിളിച്ചു കൂവി,
“ഞാനറിയാത്ത ഏത് മോളുടെ കല്ല്യാണമാ നിങ്ങള് നടത്തുന്നത്? ഇൻ‌സർവീസ് കോഴ്‌സെന്നും പറഞ്ഞ് ഇടയ്ക്കിടെ പലസ്ഥലത്തും പോയത് എന്നെ പറ്റിക്കാനാണോ?”
“നീയെന്താടി പറയുന്നത്? രാവിലെതന്നെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ?”
“അല്ലാതെപിന്നെ മകളുടെ കല്ല്യാണം ഒറപ്പിച്ചു എന്ന്, ഇവൻ പറയാൻ നിങ്ങൾക്ക് വേറെ എവിടെയോ മകളുണ്ടായിരിക്കുമല്ലൊ; അതാണെനിക്കറിയേണ്ടത്”
“മിണ്ടാതിരിക്ക്, നാട്ടുകാർ കേൾക്കും”
“എപ്പൊഴും ഒരു നാട്ടുകാർ; അവരെല്ലാം അറിയട്ടെ, ഈ മാഷ് ഇങ്ങനെയാണെന്ന്”
“നീ അകത്തുപോകുന്നോ അതോ,,,?”
“,,,,,,,,,,,”

                             ശബ്ദം കൂടിക്കൂടി വന്നതോടെ അയൽ‌വാസികൾ ഓരോരുത്തരായി റിയാലിറ്റിഷോ ലൈവ് ആയി കാണാൻ കൊതിച്ച് ഒളിഞ്ഞുനോക്കാൻ തുടങ്ങിയനേരം തൊഴിലാളിയെ കൊണ്ടുവരാമെന്നേറ്റ ശിഷ്യൻ ‘സാക്ഷാൽ ശ്രീമാൻ മാക്രി’ തുറന്ന ഗെയിറ്റ്‌വഴി ചാടിച്ചാടി മുന്നിലെത്തി.
അവനെ കണ്ടതോടെ എന്റെ ദേഷ്യം വർദ്ധിച്ച് 110 ഡിഗ്രി സെൽ‌ഷ്യസിൽ എത്തി,
“അടുത്ത ആഴ്ച ഇങ്ങേരുടെ ഏത് മകളുടെ കല്ല്യാണാമാ നീയൊക്കെച്ചേർന്ന് നടത്തുന്നത്?”
“അയ്യോ ടീച്ചറേ, അത്,,, ഈ വീട് വൈറ്റ്‌വാഷ് ചെയ്യാൻ ഒരുത്തനെ പെട്ടെന്ന് ഒപ്പിക്കാൻ‌ എന്തൊരു പാടാണ്. ഞാനൊരു കളവു പറഞ്ഞതാ‍; അല്ലാതെ മാഷൊന്നും അറിയില്ല. അങ്ങനെയൊരു കളവു പറഞ്ഞില്ലെങ്കിൽ ഇവനെപ്പോലുള്ളവനൊന്നും പണിക്ക് വരില്ല. ഏതായാലും ഇവനിവിടെ വന്നതുകൊണ്ട് ഇനി പണി പൂർത്തിയാക്കിയിട്ട് പോയാൽ മതി”

                    അതുവരെ കുടുംബവഴക്ക് നോക്കി രസം പിടിച്ചിരുന്ന തൊഴിലാളി സട കുടഞ്ഞെഴുന്നേറ്റു,
“അപ്പോൾ നീ എന്നോട് കളവ് പറഞ്ഞതാണോ? മാഷിന്റെ മകളുടെ കല്ല്യാണം അടുത്ത ആഴ്ച നിശ്ചയിച്ചിട്ടുണ്ടെന്ന് ഇവനാ എന്നോട് പറഞ്ഞത്. ഈ നാശം‌പിടിച്ചവന്റെ വാക്ക് കേട്ട് ഒരു വീട്ടിന്റെ പണി പാതിക്ക് നിർത്തിയിട്ടാ ഞാനോടി വന്നത്”
“ഈ വീട് ഇങ്ങനെ വൃത്തികേടായി കിടക്കുന്നതുകൊണ്ടായിരിക്കും മകൾക്ക് വരുന്ന ആലോചനകളൊന്നും ശരിയാവുന്നില്ല. ഇതൊന്ന് പെയിന്റടിച്ച് വൃത്തിയാക്കി തന്നാൽ വളരെ ഉപകാരമായിരിക്കും”,
രംഗം ശാന്തമാകാൻ‌വേണ്ടി മാസ്റ്റർ പറഞ്ഞു.
അത് കേട്ട്, അതേ ചൂടിൽ നിൽക്കുന്ന തൊഴിലാളി പറഞ്ഞു,
“ഏതായാലും ഇനി ഈ വീട് പെയിന്റടിച്ചിട്ടെ മറ്റു ജോലിക്ക് പോകുന്നുള്ളു; ഏതായാലും ഈ കള്ളനെ ഞാൻ വിടില്ല;
എടാ മരമാക്രീ, നീയിനി നിന്റെ അച്ഛൻ മരിച്ചെന്ന് പറഞ്ഞാൽ‌പോലും ഞാനത് വിശ്വസിക്കില്ലെടാ”

                    അങ്ങനെ പെയിന്ററുമായിചേർന്ന് നമ്മുടെ വീടിന്റെ മൊഞ്ച് കൂട്ടാനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയിൽ, ഒച്ചവെക്കാതെ നടന്ന് അകത്തേക്ക് പോകുന്ന എന്ന നോക്കി; മാസ്റ്റർ പതുക്കെ പറഞ്ഞു,
“നീയിപ്പോൾ അകത്തേക്ക് പോയിക്കോ; ഇവനോട് കാര്യങ്ങളൊക്കെ പറഞ്ഞശേഷം ഞാനകത്ത് വരുന്നുണ്ട്,
… നിനക്കുള്ള ഓഹരി തരാൻ”