26.11.12

വെറുതെ ഒരു ഭർത്താവ്

                             1975ൽ തലശ്ശേരിയിൽ വെച്ചായിരുന്നു, ‘ഇന്ത്യൻ കോഫി ഹൌസും’ ഞാനും തമ്മിൽ ബന്ധം തുടങ്ങിയത്. അക്കാലത്ത് ‘അടിയന്തരാവസ്ഥ’ എന്നൊരു ആഘോഷം നമ്മുടെ കേരളക്കരയിൽ ഉണ്ടായിരുന്നതിനാൽ മര്യാദക്ക് രണ്ട് വാക്ക് മിണ്ടിക്കൊണ്ട് ചായയും കാപ്പിയും കൂടിക്കണമെങ്കിൽ തലശ്ശേരിയിലെത്തുന്ന യുവതിയുവാക്കൾ, ഇന്ത്യൻ കോഫീ ഹൌസിൽ തന്നെ പോകും.
കാരണമോ?
                      തലശ്ശേരിനാട് കേരളത്തിലായതിനാൽ അസമയത്ത് വെളിയിൽ കാണുന്ന അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും, ചോദ്യമോ ഉത്തരമോ പറയാനറിയാത്ത അവസ്ഥയിൽ, പോലീസ്‌പിടിച്ച് സ്റ്റേഷനിൽ കൊണ്ടുപോകും. പിന്നെ പോലീസുകാരെല്ലാം‌ചേർന്ന്, ഉരുട്ടി പരത്തി വടിയാക്കി, പൊതിയാക്കി കെട്ടിയിട്ട് അറബിക്കടലിലോ ധർമ്മടം പുഴയിലോ കൊണ്ടുപോയി ചാ‍ടും അഥവാ എറിയും. അത്‌പേടിച്ച് കോളേജ് കുമാരന്മാരും കുമാരിമാരും പത്ത് മണിമുതൽ ഒരുമണി വരെയും രണ്ട് മണിമുതൽ നാല് മണി വരെയും ‘തല വെളിയിൽ കാണിക്കരുത്’, എന്ന് നമ്മുടെ ട്രെയിനിംഗ് കോളേജിലെ അദ്ധ്യാപകർ നമ്മളോട് എന്നും പറയും. അങ്ങനെയുള്ളവരുടെ കൂട്ടത്തിൽ, പടയുടെകാര്യം പറഞ്ഞ്‌കേട്ട് പേടിച്ച് ക്ലാസ്സിലിരിക്കുന്ന, ജീവശാസ്ത്ര അദ്ധ്യാപകജോലി കൊതിക്കുന്ന പതിനാറ് വിദ്യാർത്ഥികളും പന്തളക്കാരനായ നമ്മുടെ പ്രീയപ്പെട്ട പിള്ളസാറും ചേർന്ന് (ഇത് പിള്ള മാഷല്ല) അടിയന്തരാവസ്ഥ കാലത്ത് സർക്കാർ നിരോധിച്ച പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് ചർച്ചചെയ്യും.
എന്തതിശയമേ അടിയന്തിരാവസ്ഥ!!! എത്ര മനോഹരം
                      അക്കാലത്ത് മുതിർന്നവരായ വിദ്യാർത്ഥികൾക്ക് വലിയൊരു അനുഗ്രഹമാണ് തൊട്ടടുത്തുള്ള ഇന്ത്യൻ കോഫീ ഹൌസ്. എത്രയെത്ര പ്രേമങ്ങളാണ് കോഫീ ഹൌസിന്റെ ഫാമലി റൂമുകളിൽ വളർന്നു തളിർത്തത്; ഒടുവിൽ പിരിഞ്ഞതും. അവസാനദിവസം കണ്ണീരുമായി വിടചൊല്ലിയതും അതേ ഫാമലിറൂമിൽ ഒരു കാപ്പി കുടിച്ചുകൊണ്ടായിരിക്കും.

                     കേരളത്തിലെ എല്ലാ ജില്ലകളിലുമായി കോഫീ ഹൌസുകൾ അനേകം ഉണ്ടെങ്കിലും ലാറി ബക്കറുടെ നിർമ്മാണചാതുരികൊണ്ട് തിരുവനന്തപുരത്തെ കോഫീ ഹൌസ് വേറിട്ട് നിൽക്കുന്നു. തുറന്ന ജാലകത്തിലൂടെ നഗരത്തെ വീക്ഷിച്ചുകൊണ്ട് അവിടെയിരുന്ന് ഭക്ഷണം കഴിക്കാം. അതുപോലെയുള്ള ഒരു കോഫീഹൌസിൽ ഒരു നട്ടുച്ചനേരത്ത് ചായകുടിച്ചപ്പോൾ എനിക്ക് വലിയൊരു നേട്ടം ഉണ്ടായി.

അതാണ് ഈ സംഭവം,,,
                     അന്നൊരു നാൾ കണ്ണൂർ നഗരത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി ഷോപ്പിംഗിനെന്ന പേരിൽ പലതവണ ഒറ്റക്ക് നടന്നപ്പോൾ എനിക്ക് കലശലായ ദാഹം അനുഭവപ്പെട്ടു, ഒപ്പം നന്നായി വിശക്കാനും തുടങ്ങി. കാലത്ത് വീട്ടിൽ‌നിന്ന് കഴിച്ച ചായയും ഒന്നരമുറി (ഒന്നര പീസ്) ദോശയും ഒരു മണിക്കൂർ മുൻപെ ദഹിച്ച് എങ്ങോട്ടോ പോയതിനാൽ എന്റെ ആ‍മാശയം വരൾച്ചക്കാലത്തെ കിണറുപോലെ ഒഴിഞ്ഞിരിക്കയാണ്. വിശപ്പും ദാഹവും സഹിക്കവയ്യാതായ ഞാൻ ചുറ്റും നോക്കിയപ്പോൾ അതാ തൊട്ടുമുന്നിൽ എനിക്കായി തുറന്നുവെച്ചതുപോലെ ഒരു കോഫീ ഹൌസ്, അതായത് ഒറിജിനൽ ‘ഇന്ത്യൻ കോഫീ ഹൌസ്’. അതോടെ മുൻപ് കോഫീ ഹൌസിൽ പോയി മസാലദോശ കഴിച്ച കാര്യം എന്റെ മനസ്സിൽ ഉയർന്ന് നാവിലേക്ക് പടർന്നു.

                    ഞാൻ നേരെ അകത്തേക്ക് പ്രവേശിച്ച് ഒഴിഞ്ഞ ഇരിപ്പിടത്തിനായി നോക്കി. ഒരു മേശക്ക് ചുറ്റുമായി കാണുന്ന ഇരിപ്പിടത്തിൽ രണ്ടെണ്ണം ഒഴിഞ്ഞിരിക്കുന്നതിനാൽ നേരെയങ്ങോട്ട് നടന്ന് അതിലൊരു ചെയറിൽ ഞാനിരുന്നു. ആളുകൾക്കിടയിലൂടെ ഊളിയിട്ട് പായുന്ന വെള്ളക്കിരീടം അണിഞ്ഞ വെയിറ്ററെ കാത്തിരിക്കുന്നതിനിടയിൽ ഒരു യുവാവ് വന്ന് എന്റെ സമീപത്തുള്ള ഒഴിഞ്ഞ ഇരിപ്പിടത്തിൽ ഇരുന്നു.  വെയിറ്റർ വന്ന ഉടനെ ഞാൻ ഓർഡർ ചെയ്തു,
“മസാലദോശയും ചായയും”
                 അല്പനേരത്തിനുശേഷം വെയിറ്റർ കൊണ്ടുവന്നത് രണ്ട് പ്ലെയിറ്റ് മസാലദോശകളാണ്. അതിൽ ഒന്ന് എന്റെ മുന്നിൽ വെച്ചപ്പോൾ മറ്റേത് എന്റെ അടുത്തിരിക്കുന്ന ആ അപരിചിതന്റെ മുന്നിൽ വെച്ചു. അപ്പോൾ അയാളും ഓർഡർ ചെയ്തത് മസാലദൊശ തന്നെയാവാം.

                   വിശപ്പിന്റെ കാഠിന്യം അറിഞ്ഞ ഞാൻ സ്വയം മറന്ന് മസാലദോശ കഴിച്ചുകൊണ്ടിരിക്കെ ചായയുമായി വന്ന വെയിറ്റർ അയാൾക്ക് മാത്രം ബില്ല് നൽകിയിട്ട് എന്നെ അവഗണിച്ചു; ‘ഒ, ഇവിടെയും സ്ത്രീകളെ രണ്ടാം സ്ഥാനമാക്കി തഴയുകയാണ്, നടക്കട്ടെ’. അതിനിടയിൽ എന്റെ സമീപമിരുന്ന യുവാവ് പെട്ടെന്ന് ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി. മസാലദോശ ആസ്വദിച്ച് തിന്നുകൊണ്ടിരിക്കെ ചായകുടിച്ചുകൊണ്ട് വിശപ്പും ദാഹവും മാറിയപ്പോൾ ഞാൻ വെയിറ്ററെ കാത്തിരുന്നു, ‘കഴിച്ചതിന്റെ ബില്ല് കിട്ടിയിട്ടുവേണമല്ലൊ പണം കൊടുത്ത് എനിക്ക് വെളിയിലേക്കിറങ്ങാൻ’. അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന വെയിറ്റർ എന്നെ അവഗണിക്കുകയാണെന്ന് കണ്ടപ്പോൾ ഞാൻ ചോദിച്ചു,
“ഹലോ ബില്ല് വേണം, ഒരു ചായയും മസാലദോശയും”.
തൊട്ടടുത്ത ടേബിളിൽ ഒരു പ്ലെയിറ്റ് കട്ട്‌ലറ്റ് സപ്ലൈ ചെയ്യുന്നതിനിടയിൽ അയാൾ എന്നെനോക്കിയിട്ട് പറഞ്ഞു,
“മാഡം രണ്ടുപേരുടെയും ചേർത്ത്, ബില്ല് നിങ്ങളുടെ ഭർത്താവിന്റെ കൈയിൽ കൊടുത്തല്ലൊ”
“ഭർത്താവ്!!”
ഞാൻ പറയുന്നത് കേൾക്കാത്തമട്ടിൽ വെയിറ്റർ കിച്ചണിനുനേരെ നടന്നു.
ലാഭം പണം മാത്രമല്ല, വിശപ്പും ദാഹവും മാറുകയും ഒപ്പം വെറുതെ ഒരു ഭർത്താവിനെയും ലഭിച്ചു!
*********************************************** 

16.10.12

‘മുരുട’,നക്കിയ നാടകം

ഒരു മാസം മുൻപ് അന്തരിച്ച എന്റെ പ്രീയപ്പെട്ട പിള്ളമാസ്റ്ററുടെ ഓർമ്മകൾക്ക് മുന്നിൽ, ‘നർമ കണ്ണൂരിൽ’ പ്രസിദ്ധീകരിച്ച നർമ്മം സമർപ്പിക്കുന്നു....
                                        സ്ക്കൂൾ യുവജനോത്സവം അണിയറയിലും അരങ്ങിലും പൊടിപാറി നടന്നുകൊണ്ടിരിക്കുന്ന ഒരു സുവർണ്ണകാലം.
അന്നൊരു ദിവസം എട്ടാം തരത്തിൽ ഒന്നാമനായി പഠിക്കുന്ന പയ്യൻ പിള്ളമാഷെ സമീപിച്ചു,
“മാഷെ , നമ്മക്കൊരു നാടകം കളിക്കണം”
“നമ്മക്ക് കളിക്കാമല്ലൊ”
“അത് മാഷെ, ഇക്കൊല്ലത്തെ യൂത്ത്‌ഫസ്റ്റിവെലിനു എന്റെ ക്ലാസ്സിലുള്ളവർക്ക് മത്സരിക്കാൻ ഒരു നാടകം വേണം”
“നാടകമോ? അത് സ്ക്കൂൾ ലൈബ്രറിയിൽ‌നിന്ന് എടുക്കാമല്ലൊ?”
“അതല്ല മാഷെ, നമ്മക്ക് മാഷെഴുതിയ നാടകം വേണം”
“ഞാനെഴുതിയ നാടകമോ? അതാരാ ഞാൻ നാടകമെഴുതുമെന്ന് പറഞ്ഞത്?”
“അതൊക്കെ നമ്മക്കറിയാം, നമ്മുടെ ക്ലാസ്സിലുള്ളവർക്ക് അഭിനയിക്കാൻ മാഷെഴുതിയ നാടകം തന്നെ വേണം, അത് പഠിച്ച് നമ്മൾ അഭിനയിച്ചോളും”

                       കേരളത്തിന്റെ തെക്കേയറ്റത്തുള്ള തിരുവനന്തപുരത്ത് നിന്നും ഒരുകാലത്ത് വടക്കെഅറ്റമായിരുന്ന കണ്ണൂർ ജില്ലയിൽ വന്ന്, ഇവിടെയുള്ള വില്ലന്മാരെയും വില്ലത്തികളെയും പഠിപ്പിച്ചുകൊണ്ടിരുന്ന നമ്മുടെ സ്വന്തം മലയാളം വിദ്വാൻ പിള്ളമാസ്റ്റർ; ‘നാടകം എഴുതുക മാത്രമല്ല, അഭിനയിക്കാറും ഉണ്ട്’ എന്നത്, അദ്ദേഹത്തിന്റെ യൂണിയൻ പ്രവർത്തനം‌പോലെ പരസ്യമായ ഒരു രഹസ്യമാണ്. അങ്ങനെയുള്ള മലയാളം അദ്ധ്യാപകൻ കുട്ടികളുടെ ആവശ്യം എങ്ങനെ നിരാകരിക്കും; അദ്ദേഹം പറഞ്ഞു,
“നാടകം ഞാനെഴുതിതരാം, അഭിനയം പഠിപ്പിക്കാനൊന്നും എന്നെക്കൊണ്ടാവത്തില്ല. അതൊക്കെ നന്നായി പഠിച്ച് അഭിനയിച്ചോളണം”
“ശരി മാഷെ”
“പിന്നെ ഒരു കാര്യം, ഞാനാണ് നാടകം എഴുതിയതെന്ന് മറ്റുള്ളവരോടൊന്നും പറയരുത്”
“അത് പിന്നെ പറയണോ മാഷെ? അതറിഞ്ഞ് മറ്റ് ക്ലാസ്സിലുള്ളവർ വന്നിട്ട്, മാഷ് അവർക്കും നാടകം എഴുതിക്കൊടുത്താൽ നമ്മുടെ സമ്മാനം നഷ്ടപ്പെടില്ലെ?”
                       വളരെ സന്തോഷത്തോടെ പിരിഞ്ഞുപോയ കുട്ടികൾക്ക് കൃത്യം മൂന്നാം ദിവസംതന്നെ നാടകം കിട്ടി. നീല വരയുള്ള വെള്ളക്കടലാസിൽ ഉറുമ്പരിക്കുന്നതുപോലുള്ള അക്ഷരങ്ങളിൽ നാടകം റെഡി.
അന്ന് വൈകുന്നേരം മുതൽ എട്ടാം‌തരം ബി. ക്ലാസ്സിൽ നാടകറിഹേഴ്സൽ ആരംഭിച്ചു,,,
സാമൂഹ്യനാടകമാണ്; പോയകാലത്തെ ജന്മിയും കുടിയാനും തറവാട്ട്കാരണവരും കാര്യസ്ഥനും നാട്ടുകാരും വീട്ടുകാരും ചേർന്ന് അഭിനയം തകർത്ത്‌കൊണ്ട് അരങ്ങേറാൻ തയ്യാറായി.

യുവജനോത്സവ സുദിനം വന്നെത്തി,,
കലാവാസനയുള്ള അദ്ധ്യാപകർക്ക് അദ്ധ്വാനഭാരം കൂടിയതും കലയുടെ ഗന്ധമില്ലാത്തവർക്ക് ജഡ്ജി ആയി വിശ്രമിക്കാനും ലഭിക്കുന്ന സുവർണ്ണാവസരം. പരിപാടികൾ ഓരോന്നായി കഴിഞ്ഞുപോകവെ രണ്ടാം ദിവസം ഉച്ചക്കുശേഷം ഒടുവിലത്തെ ഐറ്റം ‘നാടകം’ ആരംഭിച്ചപ്പോൾ പെട്ടെന്ന് പിള്ളമാസ്റ്ററുടെ മെമ്മറിയുടെ ഫയൽ ഹാർഡ്‌ഡിസ്ക്കിൽ നിന്ന് വെളിയിലേക്ക് ഉയർന്നു,
‘എട്ടാംതരത്തിലെ പിള്ളേർക്ക് ഒരു നാടകം എഴുതിക്കൊടുത്തിരുന്നല്ലൊ,, അത് ആ പിള്ളേർ അഭിനയിക്കുന്നത് ഒന്ന് കാണണമല്ലൊ’
മുൻ‌നിരയിൽ ഇരുന്ന പത്താം‌തരത്തിലെ പയ്യനെ ഔട്ടാക്കിയിട്ട്, അവിടെ കയറിയിരുന്നുകൊണ്ട് പിള്ളമാസ്റ്റർ നാടകം ഓരോന്നായി വീക്ഷിക്കാൻ ആരംഭിച്ചു.
ഒന്നാം നാടകം രചയിതാവ് പിള്ളമാസ്റ്റർ അല്ല
രണ്ടാം നാടകം രചയിതാവ് പിള്ളമാസ്റ്റർ അല്ല
മൂന്നാം നാടകം കർട്ടൻ ഉയർന്നു രചയിതാവ് പിള്ളമാസ്റ്റർ തന്നെയെന്ന് പിള്ളമാസ്റ്റർ ഉറപ്പിച്ചു.

ജന്മിയുടെ പറമ്പിൽ ജോലിചെയ്യുന്ന തൊഴിലാളി, ചൂരലടിയേറ്റ് കരയുന്ന രംഗത്തോടെയാണ് നാടകം ആരംഭിക്കുന്നത്,,, വിപ്ലവം നിറഞ്ഞ കാലഘട്ടത്തിന്റെ കഥ,,, കുട്ടികൾ തകർത്ത് അഭിനയിക്കുകയാണ്.
‘ഹൊ ഈ കൊച്ചുപിള്ളേർ ഇങ്ങനെ അഭിനയിക്കുമെന്ന് സ്വപ്നത്തിൽ‌പോലും ചിന്തിച്ചിരുന്നില്ല,,’ അദ്ദേഹം രോമാഞ്ചകഞ്ചുകം എടുത്ത് മേലാകെ അണിഞ്ഞു.
രംഗങ്ങൾ ഓരോന്നായി പിന്നിടുകയാണ്,,

നാടകം പകുതി കഴിഞ്ഞു,
അടുത്തരംഗം,,,
                           കർട്ടൻ ഉയരുമ്പോൾ തറവാട്ടിലെ കാരണവർ ചാരുകസാരയിൽ മലർന്നിരുന്ന് പത്രം വായിക്കുകയാണ്, അല്പസമയം കഴിഞ്ഞപ്പോൾ ഇടതുവശത്തെ കർട്ടനു പിന്നിൽ‌നിന്നും ‘സ്വർണ്ണനിറത്തിൽ തിളങ്ങുന്ന ഉരുണ്ട ഓട്ടുപാത്രവുമായി’ കാര്യസ്ഥൻ രംഗപ്രവേശം ചെയ്തു. സ്റ്റേജിന്റെ മുന്നിലെത്തിയ കാര്യസ്ഥൻ പാത്രം ഉയർത്തിപിടിച്ച് സ്വന്തം നാവ്‌നീട്ടി അതിനെ നക്കാൻ തുടങ്ങിയതോടെ പിള്ളമാഷ് മാത്രമല്ല, കാണികളായ പിള്ളേരും അദ്ധ്യാപകരും നാട്ടുകാരും അന്തംവിട്ടു!!!
                          കാര്യസ്ഥൻ പാത്രം തിരിച്ചും‌മറിച്ചും നക്കിക്കൊണ്ട് കാരണവരുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി രണ്ട്‌മൂന്ന് തവണ നടത്തം തുടർന്നുകൊണ്ടിരിക്കെ വിശാലമായ സദസ്സിന്റെ പിന്നിൽ‌നിന്നും പതുക്കെ ഒരു കൂവൽ ഉയർന്നു. തുടർന്ന് പലഭാഗത്തുനിന്നായി, ശിഷ്യരും പൂർവ്വശിഷ്യരും നാട്ടുകാരും ഒത്തൊരുമിച്ച് ഏറ്റ്‌കൂവാൻ തുടങ്ങി. അങ്ങനെ കാണികളെല്ലാം ഒന്നിച്ച് കൂവി തകർക്കുന്നതിനിടയിൽ പിള്ളമാഷ് പിന്നിലൂടെ സ്റ്റേജിലേക്ക് ഓടിക്കയറിയിട്ട് കർട്ടൻ നിയന്ത്രിക്കുന്നവനെ നോക്കി ഉച്ചത്തിൽ ഒരു അലർച്ച,
“താഴ്‌ത്തെടാ കർട്ടൻ”
ഒച്ചകേട്ടനിമിഷം കർട്ടൻ പൊട്ടിവീണു,,, കാര്യസ്ഥനും കാരണവരും ഒന്നിച്ച് ഞെട്ടി,
“സർ,,, നമ്മുടെ നാടകം,,,”
“നിന്റെയൊക്കെ നാടകം,, എന്തുവാടാ ഈ സാധനം?”
അദ്ദേഹം കാര്യസ്ഥന്റെ കൈയ്യിലിരിക്കുന്ന ഉരുണ്ട്‌തിളങ്ങുന്ന സാധനം ചൂണ്ടിക്കൊണ്ട് ചോദിച്ചു.
“അത് സർ,, മുരുട”
“മുരുടയോ? ആരെടാ ഇതും‌കൊണ്ട് സ്റ്റേജിൽ വന്ന് നക്കാൻ പറഞ്ഞത്?”
“അത്,,, സാറെഴുതിത്തന്ന നാടകത്തിൽ ഉണ്ടല്ലൊ”
“എന്റെ നാടകത്തിലോ? ഈ മൊന്ത നക്കാനോ?”
“അതേ സാർ,, ഇക്കാലത്ത് വീടുകളിലൊന്നും മുരുടയില്ലാത്തതുകൊണ്ട് അമ്പലത്തിൽ‌പോയി പൂജാരിയുടെ കാല് പിടിച്ചാണ് ഞങ്ങളിത് സംഘടിപ്പിച്ചത്”
കാര്യസ്ഥനും കാരണവരും ഒരുമിച്ച്, വളരെ സന്തോഷത്തോടെ പറഞ്ഞിട്ടും നമ്മുടെ പിള്ളമാഷിന് ഒട്ടും മനസ്സിലായില്ല;
നാടകത്തിൽ എങ്ങനെ, ഇങ്ങനെയൊരു സാധനം കയറിവന്നു?
“ഞാനെഴുതിയ നാടകത്തിൽ ഇങ്ങനെയൊരു രംഗം ഉണ്ടാകത്തില്ലല്ലൊ?”
“ഉണ്ട് സർ മൂന്നാം രംഗം തുടങ്ങുന്നത് ഇത് നക്കിക്കൊണ്ടാണ്”
“അതെങ്ങനെ? ഇതാരാ പഠിപ്പിച്ചത്?”
പെട്ടെന്ന്, സ്റ്റേജിന്റെ പിന്നിൽ‌നിന്നും നാടകം സംവിധാനം ചെയ്ത പത്താം‌തരക്കാരൻ കടലാസുമായി ഓടിവന്നു,
“സാറെഴുതിത്തന്ന നാടകത്തിൽ നോക്കിയാട്ടെ,, മൂന്നാം രംഗത്തിൽ മുരടയുണ്ടല്ലൊ”
“മുരടയോ? താനെന്തുവാടാ പറയുന്നത്? വായിച്ചാട്ടെ,,,”
പയ്യൻസ് കടലാസ് നോക്കി വായിക്കാൻ തുടങ്ങി,

“മൂന്നാം രംഗം,
കാരണവർ ചാരുകസാരയിൽ മലർന്നിരുന്ന് പത്രം വായിക്കുന്നു,, അപ്പോൾ കാര്യസ്ഥൻ ‘മുരടനക്കിക്കൊണ്ട്’, പ്രവേശിച്ച് അദ്ദേഹത്തിന്റെ മുന്നിലൂടെ മൂന്ന്‌തവണ നടക്കുന്നു, അതാണ് സർ ഇവൻ നക്കുന്നത്, മുരുട,,,”
കർട്ടൻ താഴ്ത്തിയ സ്റ്റേജിൽ‌വെച്ച് നമ്മുടെ പിള്ളമാസ്റ്റർ പിള്ളേരെ വിചാരണ ചെയ്യുമ്പോൾ, നാടകം തീരുന്നതിന് മുൻപെ ക്ലൈമാക്സ് അരങ്ങേറിയതിനാൽ സദസ്സിലിരിക്കുന്നവർ കൂവിതകർക്കുകയാണ്.

9.9.12

ഫോൺ ഇൻ പ്രോഗ്രാം വിത്ത് എം പി


                       
 ജനപ്രതിനിധികളുടെ കൂട്ടത്തിൽ, ആദ്യമായി എന്നെ ഫോണിൽ വിളിച്ചത് ‘എം എൽ എ’ ആയിരുന്നു, ഒരിക്കലല്ല,, പലതവണ.
അദ്ദേഹം എങ്ങനെ വിളിക്കാതിരിക്കും!
                           സ്വന്തം പാർട്ടിക്കുവേണ്ടി സമരം‌ചെയ്ത് പോരാടുന്ന വിദ്യാർത്ഥികളെ ഹൈസ്ക്കൂൾ ഹെഡ്‌മിസ്ട്രസ്സായ ഞാൻ അകാരണമായി പീഡിപ്പിക്കുമ്പോൾ സ്ക്കൂളിലേക്ക് ഫോൺ ചെയ്ത് ചോദിക്കേണ്ടത് ഒരു നേതാവിന്റെ കടമയല്ലെ? വിളിച്ച എം എൽ എ, എനിക്ക് പരിചയമുള്ള എന്റെ നാട്ടുകാരനായിരുന്നു. വേലയും കൂലിയും ഇല്ലാത്തവനായി തേരാപാര നടക്കുന്നകാലത്ത് എന്റെ സഹോദരനോടൊപ്പം എന്റെ വീട്ടിൽ‌വന്ന്, എന്റെ അമ്മ ഉണ്ടാക്കിയ കാപ്പികുടിച്ചവൻ. എന്നാൽ സ്ക്കൂളിലേക്ക് വിളിച്ചത് വിദ്യാർത്ഥികളുടെ കാര്യം അന്വേഷിക്കാൻ മാത്രമായിരുന്നു.

അവസാനം വിളിച്ചത് മന്ത്രി ആയിരുന്നു; സാക്ഷാൽ ‘വിദ്യാഭ്യാസ മന്ത്രി’ തന്നെ!
ഹൊ,, അതൊരു അനുഭവം ആയിരുന്നു,,,, രോമാഞ്ചകഞ്ചുകമണിഞ്ഞ അനുഭവം,,, 
അദ്ദേഹം എങ്ങനെ വിളിക്കാതിരിക്കും!
                           ‘എസ് എസ് എൽ സി’ വിജയശതമാനം ‘വെറും അൻപത്’ ആയിരുന്ന ഒരു വിദ്യാലയത്തെ ഒരു വർഷം‌കൊണ്ട് 'തൊണ്ണൂറ്റി ആറ്' ശതമാനമാക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പിന്റെ മാനംകാത്ത ഹെഡ്‌ടീച്ചറായ എന്നെ വിദ്യാഭ്യാസ മന്ത്രിയല്ലെ വിളിച്ച് അനുമോദിക്കേണ്ടത്. അദ്ദേഹത്തിന്റെ അനുമോദനം ലഭിക്കുമ്പോഴേക്കും, പഠിക്കുന്നതും പഠിപ്പിക്കുന്നതുമായ പരിപാടികളൊക്കെ അവസാനിപ്പിച്ച ഞാൻ, വിരമിച്ച് വീട്ടിലിരുന്ന് ബ്ലോഗെഴുത്ത് തുടങ്ങിയിരുന്നു.

ഈ രണ്ട് വിളികൾക്കിടയിൽ ഒരു ദിവസമാണ് ‘എം പി’ വിളിച്ചത്, അതൊരു സംഭവം ആയിരുന്നു,,,
ഇന്നും എനിക്ക് പൂർണ്ണമായി വിശ്വസിക്കാനാവാത്ത ഒരു മഹാസംഭവം!!!
                         അദ്ധ്യാപന ജീവിതത്തിന്റെ ഒടുവിലത്തെ നാളുകളിൽ ‘ഏക്ക് ദിൻ കാ സുൽത്താൻ’ ആയിട്ടല്ല, ‘ഏക്ക് വർഷ് കാ സുൽത്താന’ ആയ ഒരുപാവം ഹെഡ്‌മിസ്ട്രസ്സ് ആയിരുന്നു ഞാൻ. അങ്ങനെയല്ലെങ്കിൽ ഹെഡ്‌മിസ്ട്രസ്സ് ആയി നിയമനം ലഭിച്ച ഓർഡർ മെയ് 31ന് വെബ്‌സൈറ്റിൽ കണ്ടപ്പോൾ‌തന്നെ ഡൌൺ‌ലോഡ് ചെയ്ത കോപ്പിയെടുത്ത് അതുവരെ കാണാത്ത ഹൈ സ്ക്കൂളിലേക്ക് ജൂൺ ഒന്നാം തീയതി വെള്ളിയാഴ്ചതന്നെ ചാർജെടുക്കാൻ പോകുമോ?
പോയിട്ടോ?
                        എന്റേതാവുന്ന സർക്കാർ ഹൈസ്ക്കൂളിനുമുന്നിൽ കൃത്യം 9മണിക്ക് ബസ്സിറങ്ങിയപ്പോൾ കണ്ടത് അടഞ്ഞ ഗെയ്റ്റ്. വിദ്യാർത്ഥികൾക്ക് മുന്നിലല്ലാതെ സ്ക്കൂളെന്തിന് നേരത്തെ തുറക്കണം? അവർക്കന്ന് അവധിയാണല്ലൊ,,, (കൂടെ അവിടത്തെ ഹയർ സെക്കന്ററി അദ്ധ്യാപികയായ സഹോദരപത്നി കൂടി ഉണ്ടായിരുന്നു). ഏതാനും മിനുട്ടുകൾ കഴിഞ്ഞപ്പോൾ ഗെയ്റ്റ് തുറന്നു, വാതിൽ തുറന്നു, ചാർജ് വാങ്ങി, ഒപ്പിട്ടു; അങ്ങനെ ഒരു മാസമായി ഒഴിഞ്ഞിരിക്കുന്ന എന്നെ കാത്തിരിക്കുന്ന ഹെഡ്‌മിസ്ട്രസ്സ് കസാരയിൽ ഞാൻ അമർന്നിരുന്നു.

                        അപ്പോൾ ദെ മനസ്സിലൊരു ലഡ്ഡുപൊട്ടി,,,  ഒന്ന് ഫോൺ ചെയ്താലോ,,, ദ, കിടക്കുന്നു ലാന്റ് ഫോൺ,,,
മുന്നിലുള്ള മേശയുടെ ഒരു മൂലയിൽ ഇരിക്കുന്ന ടെലിഫോൺ നീക്കിയിട്ട് ഞാനതിന്റെ റിസീവർ പതുക്കെ എടുത്തു, സ്വന്തമായി ഒരു മൊബൈലുണ്ടെങ്കിലും ഇനി ഇതിലൂടെ എനിക്കാരെയും വിളിക്കാമല്ലൊ,,
പെട്ടെന്ന് വലിയൊരു ബുക്കുമായി കടന്നുവന്ന പ്യൂൺ പറഞ്ഞു,
“മാഡം അത് മൂന്ന്‌മാസം മുൻപെ ചത്തിരിക്കയാ,,, പിന്നെ വിളിക്കാൻ,, ഒരു രൂപ ഇട്ട് വിളിക്കുന്ന കോയിൻ‌ഫോൺ അപ്പുറത്തുണ്ട്”
മറുപടി പറയാതെ ഞാനത് കുലുക്കിയിട്ട് പൊടികളൊക്കെ തട്ടിയശേഷം റിസീവർ ശക്തിയിൽ തിരിച്ചുവെച്ചു,
“എന്നിട്ട് ഇത് നന്നാക്കിയില്ലെ?”
“ഇല്ല മാഡം”
                        എനിക്കറിയാത്ത ഏതൊക്കെയോ സംഭവങ്ങൾ എഴുതിയതിന്റെ ചുവട്ടിൽ ഒപ്പ്  വാങ്ങിയിട്ട് പ്യൂൺ തിരിച്ചുപോയപ്പോൾ ഞാൻ ചിന്താമഗ്നയായി, ‘ഈ ചത്ത ഫോണിലാണോ ഞാൻ വിളിക്കേണ്ടത്, നാളെത്തന്നെ ടെലിഫോൺ ഓപ്പറേറ്ററെ വിളിക്കണം, പുതിയൊരു ലാന്റ്‌ഫോൺ വാങ്ങണം’
പെട്ടെന്ന് എന്റെ ചിന്തകൾ മുറിഞ്ഞു,, അതാ ഫോൺ ബല്ലടിക്കുന്നു,, അത്‌കേട്ടപ്പോൾ തൊട്ടടുത്ത മുറിയിലിരിക്കുന്ന ക്ലാർക്കും പ്യുണും അകത്തുവന്നു. അവരെല്ലാം അന്തം‌വിട്ട് നോക്കിനിൽക്കെ ഞാൻ റിസീവർ എടുത്ത് പതുക്കെ ചെവിയിൽ വെച്ചു,
“ഹലോ,,,”
അതൊരു തുടക്കം ആയിരുന്നു.

 അതേ, ആ ടെലിഫോണിലൂടെ കോളുകൾ പലതും കടന്നുവന്നു,
ഏഷണി, ഭീഷണി, അപേക്ഷ, മാപ്പ് പറയൽ, പരാതി പറയൽ, എല്ലാമെല്ലാം,,,
പിന്നെ വന്നതിനെല്ലാം അതേഡോസിൽ തിരിച്ചുകൊടുക്കുമ്പോൾ എന്തൊരു മനഃസമാധാനം!
 അതേ ഫോണിലൂടെ പല സ്ഥലത്ത് പലരെയും ഞാൻ വിളിച്ചു,
പോലീസ് സ്റ്റേഷനിൽ, വിദ്യാഭ്യാസ ഓഫിസുകളിൽ, ആർ ടി ഓ ഓഫിസിൽ, പാർട്ടി ഓഫീസുകളിൽ, പഞ്ചായത്ത് ഓഫീസുകളിൽ, മറ്റു വിദ്യാലയങ്ങളിൽ, പിന്നെ ഏറ്റവും കൂടുതലായി എന്റെ വീട്ടിലും;
അങ്ങനെ കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന ഹൈസ്ക്കുളിലെ ഹെഡ്‌ടീച്ചറായിട്ട് ഞാൻ വാണരുളിയിട്ട് രണ്ട് മാസം കഴിയാറായപ്പോൾ,,,

ഒരു ദിവസം രാവിലെ കൃത്യം 11മണിക്ക്,
“ഹലോ”
“യെസ്”
“ഇത് ഹൈസ്ക്കൂളല്ലെ? ഹെഡ്‌മിസ്ട്രസിനെ വേണമല്ലൊ?”
“ഇത് ഹെഡ്‌മിസ്ട്രസ് തന്നെയാണ്, നിങ്ങളാരാണ്?”
“ഞാൻ …… ……… എം പി”
റിസീവർ വലതുകൈയിൽ മുറുകെപിടിച്ച് ഹെഡ്‌മിസ്ട്രസ് ആയ ഞാനൊന്ന് ഞെട്ടി,,, തലയിലും കാലിലും ആകെയൊരു തരിപ്പ്; എനിക്ക് വിശ്വാസം വന്നതേയില്ല. ഇവിടെ വന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ‌തന്നെ ‘എം എൽ എ’ ഉൾപ്പെടെ അനേകം ‘വി ഐ പി’കളുടെ ഫോൺ വരുന്നുണ്ട്,,, ഇപ്പോൾ,
“അത്,,, സാർ, എം പി,,,,?”
“എം പി,,,  മെമ്പർ ഓഫ് പാർലമെന്റ്”
                         ഞാൻ ഞെട്ടി,,, വീണ്ടും വീണ്ടും ഞെട്ടി. സ്ക്കൂളിനടുത്ത നാട്ടുകാരനായ എം പി, ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി സ്വന്തം നാട്ടിലെ വീട്ടിൽ വന്നിട്ടുണ്ടെന്ന് അറിയാം. എന്നിട്ട്, സ്വന്തം നാട്ടുകാരെയൊന്നും വിളിക്കാതെ മറുനാട്ടുകാരിയായ അദ്ദേഹത്തിന്റെ വോട്ടറല്ലാത്ത എന്നെ വിളിക്കുക!!! എന്തതിശയമേ ഹെഡ്‌മിസ്ട്രസ്സിൻ പദവി! ഞാനറിയാതെ ഞാനെന്റെ സ്വന്തം കസാരയിൽ നിന്നെഴുന്നേറ്റു; പിന്നെ അമർന്നിരുന്നിട്ട് ചോദിച്ചു,
“അത് സാർ എന്നെ വിളിച്ചത്?”
“ഞാൻ വിളിച്ചത്,,, അത് സ്ക്കൂളിലെ പ്ലസ് വൺ അഡ്‌മിഷന്റെ ഒരു കാര്യം പറയാനാണ്”
“സർ, അത് ഹയർ സെക്കന്ററി കാര്യമല്ലെ? പ്രിൻ‌സിപ്പാൾ ആണല്ലൊ ചാർജ്”
“പ്രിൻ‌സിപാൾ ഇൻ-ചാർജല്ലെ, അവളെ എനിക്കറിയാം. ഇവിടെ അടുത്ത വീടല്ലെ,,”
ഞാൻ വീണ്ടും ഞെട്ടി,,  എന്റെ തലയിലൊരു വലിയ ലഡു പൊട്ടി.

                       ജൂൺ ഒന്നാം തീയതി ഹൈസ്ക്കൂൾ ഹെഡ്‌ടീച്ചറായി ഞാൻ ചാർജെടുത്ത് ഒരു മാസം പൂർത്തിയാവുന്നതിന് മുൻപ് അതേ ഓഫീസിൽ തൊട്ടടുത്ത കസാരയിൽ അതുവരെ ഇരുന്ന പ്രിൻസിപ്പാൾ ട്രാൻസ്ഫർ ആയതാണ്. അങ്ങനെ ആയില്ലെങ്കിൽ അവിടെനിന്ന് ‘അദ്ദേഹത്തെ ഞാൻ ഓടിക്കുമായിരുന്നു’, എന്നത് വേറെ കാര്യം. ഓഫീസർ ആണായാലും പെണ്ണായാലും ഒരു സിംഹം മതി; മറ്റൊന്നിനെ ഇവിടെ ഞാൻ അനുവദിക്കില്ല. ഫോൺ തുടരുകയാണ്,
“ഇപ്പോൾ പ്ലസ് വൺ അഡ്മിഷൻ ഹെഡ്‌ടീച്ചറും ചേർന്നാണ് നടത്തുന്നതെന്ന് എനിക്കറിയാം. ഇവിടെ എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടിയുണ്ട്, അവളുടെ പേര്,,, എഴുതിക്കൊ,,,”
“പേര്?”
…….. ……
കുട്ടിയുടെ പേര് എഴുതിയെടുത്തശേഷം ഞാൻ പറഞ്ഞു,
“അത് സർ?”
“അവൾക്ക് പ്ലസ് വണ്ണിന് അഡ്‌മിഷൻ കൊടുക്കണം”
“അത് സർ റാങ്ക് ലിസ്റ്റ് നോക്കിയിട്ട് കൊടുക്കാം”
“എന്റെ ടീച്ചറെ ഒരു എം പി യാണ് പറയുന്നത്, റാങ്ക് ലിസ്റ്റ് നോക്കിയാലും ഇല്ലെങ്കിലും അവളെ ചേർത്തുകൊള്ളണം. പിന്നെ റേങ്ക് നമ്പർ വേണമെങ്കിൽ,,, ജസ്റ്റ് എ മിനിറ്റ്,,,,”
അദ്ദേഹം ആരോടോ ചോദിക്കുകയാണ്, അതിനുശേഷം റാങ്ക് നമ്പർ പറഞ്ഞതുകേട്ട് ഞാൻ വീണ്ടും ഞെട്ടി. 60 കുട്ടികളെ മാത്രം ഉൾക്കൊള്ളുന്ന ക്ലാസ്സിൽ ഒരിക്കലും പ്രവേശനം ലഭിക്കാനിടയില്ലാത്ത വലിയൊരു നമ്പർ. കൂടുതൽ ചിന്തിക്കുന്നതിന് മുൻപ് ഞാൻ പറഞ്ഞു,
“സർ ഇതൊക്കെ തീരുമാനിക്കാനുള്ള അധികാരം പ്രിൻസിപ്പാളിനാണ്. അവർ ഒരു കോൺഫ്രൻസിൽ പങ്കെടുക്കാൻ പോയിരിക്കയാണ്, അവരുടെ നമ്പർ തന്നാൽ സാർ അവരോട് വിളിച്ചുപറയുന്നതല്ലെ നല്ലത്”
“അവളുടെ നമ്പറൊക്കെ എനിക്കറിയാം, എന്റെ നാട്ടുകാരിയല്ലെ,, ഞാൻ വിളിച്ചുപറഞ്ഞുകൊള്ളാം. പിന്നെ കുട്ടിയും രക്ഷിതാവും ഉടനെ അങ്ങോട്ട് വരുന്നുണ്ട്, അഡ്‌മിഷൻ കൊടുത്തുകൊള്ളണം”

                          അങ്ങനെ ഒരു വലിയ ബോംബ് പൊട്ടലോടെ എം പിയുടെ ഫോൺ ഇൻ പ്രോഗ്രാം അവസാനിച്ചെങ്കിലും വലിയ പ്രശ്നത്തിന്റെ ആരംഭമായി. എന്റെ തലച്ചോറിൽ സംശയങ്ങൾ പൂമ്പാറ്റകളായും തേനീച്ചകളായും കടന്നലുകളായും പറക്കാൻ തുടങ്ങി. പിന്നെ ഇതെല്ലാം സംഭവിച്ചത് ‘പ്ലസ് വൺ ഏകജാലക സംവിധാനം’ വരുന്നതിന് മുൻപ് ആയതിനാൽ മുഴുവൻ സീറ്റിലും ആദ്യം തന്നെ വിദ്യാർത്ഥികൾ ചേർന്നിട്ടുണ്ടാവില്ല.
                          പെട്ടെന്ന് ചെയ്യേണ്ട കർമ്മങ്ങളോർത്തപ്പോൾ ഞാൻ കടന്നലുകളെയെല്ലാം ഓടിച്ച്‌വിട്ട് കർത്ഥവ്യ ബോധമതിയായി. കുട്ടിയും രക്ഷിതാവും ഇപ്പോൾ വരും, വരുന്നവർ ഏതായാലും എം പിയുടെ ബന്ധുവല്ലെന്നുറപ്പ്; രക്ഷിതാവ് ആരായിരിക്കും? അച്ഛനോ? അതോ അമ്മയോ?
അച്ഛനാണെങ്കിൽ പറയാനിടയുള്ള ഡയലോഗും അമ്മയാണെങ്കിൽ അങ്ങോട്ട് പറയാനുള്ള ഡയലോഗുകളും ഞാൻ മനസ്സിൽ പറഞ്ഞ് പഠിക്കാൻ തുടങ്ങി.

                           ചിന്തിച്ച് ചിന്തിച്ച് തലപുകഞ്ഞ ഞാൻ പതുക്കെ എഴുന്നേറ്റ് തൊട്ടപ്പുറത്തെ ഓഫീസ്‌റൂമിലേക്ക് കടന്ന് നാട്ടുകാരനായ പ്യൂണിനോട് സംഭവം വിശദമാക്കി; നമ്മുടെ എം പി യെ നാട്ടുകാരന് പരിചയം ഉണ്ടാവുമല്ലൊ. ഞാൻ പറഞ്ഞതെല്ലാം ഒരു ചെവിയിലൂടെ കേട്ട പ്യൂൺ ഒരു മിനിട്ട് ചിന്തിച്ചശേഷം എന്നോട് ചോദിച്ചു,
“ടീച്ചർക്ക് നമ്മുടെ എം പി യെ നേരിട്ട് പരിചയം ഉണ്ടോ?”
“ഇല്ല, പിന്നെ ടീവിയിലൂടെ കാണുന്ന പരിചയമുണ്ട്”
“അപ്പോൾ വിളിച്ചത് എം പി തന്നെയാണെന്ന് എന്താണുറപ്പ്? ശബ്ദം കേട്ടാൽ തിരിച്ചറിയാൻ കഴിയുമോ?”
ചിന്താമഗ്നയായ എന്റെ തലയിൽ വീണ്ടുമൊരു ലഡ്ഡു പൊങ്ങിവന്ന് പൊട്ടാൻ തയ്യാറായി. മോണോ ആക്റ്റും മിമിക്രിയും എന്നെക്കാൾ അറിയുന്ന വിദ്യാർത്ഥികളെ പഠിപ്പിച്ചവളാണല്ലൊ ഞാൻ.
“ടീച്ചർ വളരെ ആലോചിച്ച് തീരുമാനമെടുത്താൽ മതി. റാങ്ക് മറികടന്ന് അഡ്‌മിഷൻ കൊടുത്താൽ ആകെ കുഴപ്പമാവും; സ്ക്കൂൾ അടിച്ചുപൊളിക്കാനുള്ള ചാൻസ് നോക്കിയിരിക്കയാണ് നാട്ടുകാർ. പിന്നെ ഇതെല്ലാം പ്രിൻസിപ്പാളിന്റെ തീരുമാനത്തിന് വിടുന്നതാണ് നല്ലത്”
                           നാട്ടുകാരെ നല്ല പരിചയമുള്ള നാട്ടുകാരിൽ ഒരുവനായ പ്യൂൺ പറഞ്ഞത് കേട്ടപ്പോൾ ഞാനാകെ വിയർത്തു. വിദ്യാർത്ഥികളുടെ പഠനനിലവാരം കുറവാണെന്നറിയാമെങ്കിലും രക്ഷിതാക്കൾ ഉൾപ്പെട്ട നാട്ടുകാരിത്രക്ക് കുഴപ്പക്കാരാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നെ ഞാനെന്തിന് ഇക്കാര്യത്തിൽ ഇടപെടണം? പ്ലസ് വൺ കാര്യം ഹയർ സെക്കന്ററി വകുപ്പിന്റെ ചുമതലയല്ലെ; നാളെ പ്രിൻസിപ്പാൾ-ഇൻ-ചാർജ് വരുമല്ലൊ. പക്ഷെ പ്ലസ് വണ്ണിൽ ചേരാമെന്ന പൂർണ്ണ വിശ്വാസത്തോടെ പെട്ടെന്ന് കടന്നുവരാനിടയുള്ള രക്ഷിതാവിന്റെയും കുട്ടിയുടെയും മുന്നിലെങ്ങനെ പിടിച്ചുനിൽക്കും?

                            എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് സ്ക്കൂൾ ഗെയ്റ്റ് കടന്ന് യൂനിഫോം അണിയാടാത്ത പെൺകുട്ടിയും ഒപ്പം മുതിർന്നൊരു സ്ത്രീയും വരുന്നത് കണ്ടത്; അവർ തന്നെയാവും കക്ഷികൾ. ഓഫിസിനകത്ത് കടന്ന അവർ മറ്റുള്ളവരോട് കാര്യങ്ങളൊന്നും പറയാതെ നേരെ ഹെഡ്‌മിസ്ട്രസ്സ് ഇരിക്കുന്ന ഉൾവശത്തെ ക്യാബിനിലേക്ക് വന്നു. ഇരുവരേയും നോക്കിയ ഞാൻ മുതിർന്ന സ്ത്രീയോട് ഇരിക്കാൻ പറഞ്ഞു,
“ഞാനിരിക്കുന്നില്ല ടീച്ചറെ, എം പി ………. വിളിച്ചു പറഞ്ഞതുകൊണ്ടാണ് നമ്മള് വന്നത്,,”
“അത് പിന്നെ?”
“എല്ലാ കാര്യങ്ങളും ഹെഡ്‌ടീച്ചറോട് പറഞ്ഞിട്ടുണ്ടെന്ന് ഏട്ടൻ പറഞ്ഞു”
“ആര്?”
“എം പി, നമ്മളവരെ തൊട്ടപ്രത്തെ വീട്ടിലാ താമസം. എന്റെ മോളെയാണ് പ്ലസ് വണ്ണിന് ചേർക്കേണ്ടത്; മോളേ, ആ കടലാസെല്ലാം കൊടുക്ക്”
അവൾ എസ് എസ് എൽ സി കാർഡും സർട്ടിഫിക്കറ്റുകളും മേശപ്പുറത്ത് വെച്ചു. ഏട്ടനാണെന്ന് അവർ പറയുന്ന എം പി യുടെ കാര്യം കൂടുതലായി ചോദിക്കാൻ എനിക്ക് ധൈര്യം വന്നില്ല, ഈ അമ്മക്കും മകൾക്കും പിന്നിൽ ആരൊക്കെ ഉണ്ടാവുമെന്ന് എനിക്ക് മാത്രമല്ല ദൈവത്തിനുപോലും അറിയില്ല. ഞാൻ പതുക്കെ പറഞ്ഞു,
“ഇത് ഹയർ സെക്കന്ററി കാര്യമല്ലെ, ഇന്ന് പ്രിൻസിപ്പാൾ ഇല്ല, നാളെ അവർ വന്നിട്ട് ശരിയാക്കാം”
“എന്നിട്ട് ഏട്ടൻ പറഞ്ഞത് ഹെഡ്‌ടീച്ചർക്ക് പ്ലസ് വണ്ണിന് ചേർക്കാമെന്നാണല്ലൊ”
“എനിക്ക് ഹൈസ്ക്കൂൾ കാര്യം മാത്രമേ ഒറ്റക്ക് ചെയ്യാൻ പറ്റുകയുള്ളു. ഹയർ സെക്കന്ററി ആയാൽ പ്രിൻസിപ്പാൾ കൂടി വേണം. അതിനുള്ള കടലാസൊക്കെ പ്രിൻസിപ്പാളിന്റെ കൈയിലാണ്. നാളെ വാ,,,”
“നാളെ ഉറപ്പായിട്ടും ചേർക്കുമല്ലൊ”
“പ്രിൻസിപ്പാൾ വരട്ടെ, എന്നിട്ട് പറയാം”

                           ഞാൻ പറഞ്ഞത് പൂർണ്ണമായി വിശ്വസിക്കാതെ അവർ വെളിയിലേക്കിറങ്ങിയപ്പോൾ എന്റെ തലയിലെ ഭാരം അല്പം ഇറങ്ങിയതായി എനിക്ക് തോന്നി. വെറുമൊരു ഹെഡ്‌മിസ്ട്രസ്സ് ആയ ഞാനെന്തിന് പ്രിൻസിപ്പാളിന്റെ വകുപ്പിൽ തലയിടണം. പുതിയ പ്രിൻസിപ്പാൾ വരുന്നതുവരെ ആ ചുമതല വഹിക്കുന്ന ഹയർസെക്കന്ററി സീനിയർ ടീച്ചറുണ്ടല്ലൊ. അവരാണെങ്കിൽ ഇതേ പഞ്ചായത്തിലുള്ളവരാണ്. 

                          ഉച്ചകഴിഞ്ഞപ്പോൾ കോൺഫ്രൻസ് പൂർത്തിയാക്കാതെ പ്രിൻസിപ്പാൾ-ഇൻ-ചാർജ് സ്ക്കൂളിൽ വന്നു, അപ്പോൾ കാര്യം അവരും അറിഞ്ഞിരിക്കും. പ്രിൻസിപ്പാൾ എന്റെസമീപം‌ വന്ന് ചോദിച്ചു,
“ടീച്ചറെ എം പി ഫോൺ ചെയ്തോ?”
“ചെയ്തു, കുട്ടിയും രക്ഷിതാവും വന്നപ്പോൾ നാളെ വരാൻ പറഞ്ഞ് ഞാനവരെ തിരിച്ചയച്ചു”
“ഹൊ, ആശ്വാസം; എന്നോട് മീറ്റിംഗിൽ പങ്കെടുക്കുന്നത് ഒഴിവാക്കി, സ്ക്കൂളിൽ വന്ന് കുട്ടിയെ ചേർക്കാനാണ് വിളിച്ചുപറഞ്ഞത്”
അപ്പോൾ ടീച്ചർ വന്നത് എം പി ഫോൺ ചെയ്തിട്ടാണ്, പെട്ടെന്ന് ഞാനൊരു സംശയം ചോദിച്ചു,
“ആ വിളിച്ചത് എം പി തന്നെയാണെന്ന് ഉറപ്പുണ്ടോ ടീച്ചർ? റാങ്ക് നമ്പർ മറികടന്ന് നമുക്കൊന്നും ചെയ്യാനാവില്ലെന്ന് അദ്ദേഹത്തിനറിയില്ലെ?”
“ഉറപ്പില്ല, എന്നാലത് എം പി അല്ലെന്ന് ഉറപ്പിക്കാൻ പറ്റുമോ? പ്രത്യേകിച്ച് അദ്ദേഹം ഇവിടെ അടുത്ത് സ്വന്തം വീട്ടിലുള്ളപ്പോൾ?”
“അത് ശരിയാ, ആ കുട്ടിയെ ചേർക്കുന്നതല്ലെ നല്ലത്, പ്ലസ് വണ്ണിന് ഇനിയും സീറ്റ് ഒഴിവ് ഉണ്ടല്ലൊ”
“അതിപ്പം എങ്ങനെയാ? അവളെക്കാൾ മുന്നിൽ റാങ്ക് വരുന്ന ധാരാളം കുട്ടികളുള്ളപ്പോൾ”
“എന്നാൽ അവളോട് പറയണം ‘എം പി യുടെ കൈയിൽ നിന്നും ഒരു ഉത്തരവ് വാങ്ങി വരാൻ”
“അയ്യോ, അതൊന്നും പറ്റില്ല ടീച്ചറെ, പ്രത്യേകിച്ച് അദ്ദേഹത്തിന് എന്നെ പരിചയം ഉള്ളപ്പോൾ. ഒരു എം പി യെ നമ്മൾ ടീച്ചേർസിന് വിശ്വാസമില്ലെന്ന് പറയില്ലെ. ഏതായാലും നാളെയാവട്ടെ അപ്പോഴേക്കും ആലോചിച്ച് ഒരു പോം‌വഴി കണ്ടെത്താം”

ആലോചിച്ച് വഴികണ്ടെത്താനുള്ള ചുമതല പ്രിൻസിപ്പാളിന് മാത്രമായി വിട്ടുകൊടുത്ത് ഞാനെന്റെ തലയൂരി.
പ്രിൻസിപ്പാൾ ആ കുട്ടിയെ ചേർക്കുകയോ ചേർക്കാതിരിക്കുകയോ ചെയ്തിരിക്കാം.
എന്നാൽ,,,
അപ്പോൾ മാത്രമല്ല ഇപ്പോഴും എനിക്ക് സംശയം,
വിളിച്ചത് എം പി തന്നെയാണോ?
ആയിരിക്കാം,, അല്ലായിരിക്കാം,,
നാട്ടിലാകെ മിമിക്രിക്കാരുള്ളപ്പോൾ എങ്ങനെ ഒരു തീരുമാനത്തിൽ എത്തും?
 പിൻ‌കുറിപ്പ്:
ഈ പോസ്റ്റിൽ പറയുന്ന വ്യക്തികളുടെയോ സ്ഥലങ്ങളുടെയോ പേര് ചോദിച്ചാൽ ഒരു ക്ലൂ പോലും പറയാൻ എനിക്കറിയില്ല. 

18.8.12

ഓട്ടോറെയ്സ്


കുട്ടിയമ്മയുടെ ഓട്ടോറെയ്സ്
                          സർക്കാർ ഹൈസ്ക്കൂളിലെ ലാസ്റ്റാമത്തെ ലാസ്റ്റ്‌ഗ്രെയ്ഡ് സെർവന്റായ കുട്ടിയമ്മക്ക് സ്ക്കൂളിൽ‌വെച്ച് അന്നൊരുനാൾ അപൂർവ്വമായ ഒരു ഡ്യൂട്ടി ലഭിച്ചു. വളരെ പ്രധാനപ്പെട്ട ഒരു ഫയലിൽ ഹെഡ്‌മാസ്റ്ററെക്കൊണ്ട് ഒപ്പ് ചാർത്തിക്കണം. അദ്ദേഹം ലീവ് ആയതിനാൽ വീട്ടിൽ പോയിട്ട്‌വേണം ആ കർമ്മം നിർവ്വഹിക്കാൻ. പലതവണ ഹെഡ്‌മാസ്റ്ററുടെ വീട്ടിൽ പോയിട്ടുള്ള കുട്ടിയമ്മക്ക് ഇതൊരു സിമ്പിൾ കാര്യം മാത്രം.
                         രാവിലെ തന്നെ സീനിയർ അദ്ധ്യാപകൻ നൽകിയ ഫയലുമായി കുട്ടിയമ്മ സ്വന്തം ഹെഡ്‌മാസ്റ്ററുടെ വീട്ടിലേക്ക് യാത്ര ആരംഭിച്ചു. സ്ക്കൂളിന്റെ ഗെയ്റ്റ് കടന്ന് പത്ത് മിനിട്ട് നടന്നശേഷം ബസ്‌സ്റ്റോപ്പിൽ എത്തിയ കുട്ടിയമ്മ, ലിമിറ്റഡ് സ്റ്റോപ്പ്, നോൺ സ്റ്റോപ്പ് തുടങ്ങിയ നാടൻ ബസ്സിലൊന്നും കയറാതെ നേരെ ഹെഡ്‌മാസ്റ്ററുടെ നാട്ടിലേക്ക് പോകേണ്ട ടൌൺ ബസ്സിൽ കയറി. ബസ്സിൽ തിരക്ക് കുറവാണെങ്കിലും ഇരിക്കാനിടം കിട്ടുമ്പോഴേക്കും അവർക്ക് ഇറങ്ങാനുള്ള ഇടം എത്തിക്കഴിഞ്ഞിരുന്നു.

                          ബസ്സിൽ നിന്നും ഇറങ്ങിയ കുട്ടിയമ്മ നിരനിരയായി ക്യൂ പാലിച്ച് നിർത്തിയ ഓട്ടോ സമൂഹത്തെ നിവർന്ന്‌നിന്ന് ഒന്ന് നോക്കി. ഇനി പത്ത് മിനിട്ട് ഓട്ടോയിൽ പോകണം, അല്ലെങ്കിൽ അര മണിക്കൂർ നടക്കണം. നട്ടുച്ചവെയിലത്ത് നടത്തം ആരോഗ്യത്തിന് ഹാനികരമെന്ന് തിരിച്ചറിഞ്ഞ കുട്ടിയമ്മ ആദ്യത്തെ ഓട്ടോയിൽ കയറിയിട്ട് ആജ്ഞാപിച്ചു,
“ഹെഡ്‌മാസ്റ്റർ കുറുപ്പ് സാറിന്റെ വീട്ടിലേക്ക്”
                           നാട്ടിലാകെ അറിയപ്പെടുന്നത് ഒരേഒരു കുറുപ്പ് സാർ മാത്രമായതുകൊണ്ട് ഒട്ടും സംശയിക്കാതെ ‘എന്റെ സുന്ദരി’യായ ഓട്ടോ സ്റ്റാർട്ട് ചെയ്തു; നേരെ കുറുപ്പ് സാറിന്റെ വീട്ടിലേക്ക്,,,
                          അപ്പോഴാണ് കുട്ടിയമ്മ അവിശ്വസനീയമായ രംഗം കണ്ടത്, കുറുപ്പ് സാർ അദ്ദേഹത്തിന്റെ വെള്ള ആൾട്ടോയിൽ വന്നിറങ്ങിയിട്ട്, മുന്നിൽ നിർത്തിയ ബസ്സിലേക്ക് കയറാൻ പോകുന്നു. പെട്ടെന്ന് അവർ വിളിച്ചു പറഞ്ഞു,
“നിർത്ത്, നിർത്ത്,,, ,,, ഒന്ന് നിർത്തേ,,, എനിക്കിവിടെ ഇറങ്ങണം,,,,,”
                          എന്നാൽ പറയുന്നത് മൈന്റ് ചെയ്യാത്ത ഓട്ടോഡ്രൈവർ ഫസ്റ്റ് ഗിയറിൽ നിന്ന്, സെക്കന്റും തേർഡും ഫോർത്തും കഴിഞ്ഞ് ടോപ്പ് ഗിയറിൽ ഓട്ടോ പറപ്പിക്കാൻ തുടങ്ങി. അങ്ങനെ ഓടിക്കുന്നതിനിടയിൽ പിന്നിലേക്ക് നോക്കിയിട്ട് അനൌൺസ് ചെയ്തു,
“അതേയ് ‘എന്റെ സുന്ദരി’ സ്റ്റാർട്ട് ചെയ്താൽ‌പിന്നെ ഫിനിഷിംഗ് പോയിന്റിലെ നിൽക്കുള്ളു, അതായത് കുറുപ്പ്‌സാറിന്റെ വീട്ടിൽ”

                   കുട്ടിയമ്മ പിന്നെയൊന്നും മിണ്ടിയില്ല; അവർ പ്രകൃതിഭംഗിയും റോഡരികിലെ മാലിന്യഗന്ധവും ആസ്വദിച്ച് അങ്ങനെയിരുന്നു. കൃത്യം പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ ‘കുറുപ്പ്‌വസതിക്ക്’ മുന്നിൽ നിർത്തിയിട്ട് ഓട്ടോക്കാരൻ പറഞ്ഞു,
“ഹെയ് ഇറങ്ങിയാട്ടെ, കുറുപ്പ് സാറിന്റെ വീടെത്തി”
കുട്ടിയമ്മ ഓട്ടോയിൽ നിന്ന് ഇറങ്ങിയില്ല,
“ഇവിടെയെന്തിന് ഇറങ്ങണം? എനിക്ക് കാണേണ്ട, ഹെഡ്‌മാസ്റ്റർ കുറുപ്പ് സാറിനെ ബസ്‌സ്റ്റോപ്പിൽ കണ്ടതാ; നേരെ അങ്ങോട്ടേക്ക് തിരിച്ചുവിട്ടോ”
                     അത് കേട്ടതോടെ റിസ്റ്റാർട്ടായ ‘എന്റെ സുന്ദരി’ റിവേർസ് ഗിയറിനുശേഷം സൂപ്പർഫാസ്റ്റ് സ്പീഡിൽ വന്നവഴിയെ ഓടാൻ തുടങ്ങി. അങ്ങനെ ഓടിയോടിയിട്ട്, ഒടുവിൽ ബസ്‌സ്റ്റോപ്പിലെ ഓട്ടോകൂട്ടത്തിന് മുന്നിൽ ലാന്റ് ചെയ്തപ്പോൾ കുട്ടിയമ്മ ആദ്യം ഇടതുകാലും പിന്നീട് വലതുകാലും വെളിയിൽ വെച്ച് പൂർണ്ണകായയായി ഓട്ടോക്ക് വെളിയിൽ ചാടിയിട്ട് നേരെ വെയിറ്റിംഗ് റൂമിലേക്ക് നടക്കുമ്പോൾ ഡ്രൈവർ പിൻ‌വിളി വിളിച്ചു,
“ഹായ്, പൈസ തന്നിട്ട് പോവണം; ഓട്ടോ ഓടിയ ചാർജ്ജ്, അറുപത്തിഎട്ട് രൂപ”
കുട്ടിയമ്മ അയാളെ ഒന്ന് നോക്കി, പിന്നീട് ഇടതുകൈയ്യാൽ ക്രീംകളർ കോട്ടൺസാരിയുടെ കസവ് ഒതുക്കിയിട്ട് പറയാൻ തുടങ്ങി,
“അതേയ് ഞാൻ പറഞ്ഞോ ഓട്ടോ ഓടിക്കാൻ? ഇതേ ബസ്‌സ്റ്റോപ്പിൽ‌‌തന്നെ എന്നെ ഇറക്കിവിടാൻ പറഞ്ഞതായിരുന്നല്ലൊ?”
“സ്റ്റാർട്ട് ചെയ്ത ഓട്ടോ നിർത്തില്ല, എന്ന് ഞാൻ പറഞ്ഞല്ലൊ; പെങ്ങളെ ഓട്ടൊകൂലി തന്നിട്ട് പോയാട്ടെ”
“ഒരൊറ്റ പൈസയും ഞാൻ തരില്ല; നിർത്താൻ പറഞ്ഞ വണ്ടി ഓടിക്കാൻ നിന്നോട് ഞാൻ പറഞ്ഞോ?”

                       കാക്കകൂട്ടത്തിലൊന്നിന് അത്യാഹിതം സംഭവിച്ചതുപോലെയാണ് പിന്നീട് സംഭവിച്ചത്. ഓട്ടോബ്രദേർസ് ഒന്നിച്ചൊന്നായ് അണിചേർന്ന് കുട്ടിയമ്മയെയും ‘എന്റെ സുന്ദരി’യെയും പൊതിഞ്ഞു. അവരെല്ലാം‌ചേർന്ന് കുട്ടിയമ്മയെ ഭീഷണിപ്പെടുത്തിയപ്പോൾ അതൊന്നും മൈന്റ് ചെയ്യാത്ത കുട്ടിയമ്മ ബാഗിൽ‌നിന്നും മൊബൈൽ എടുത്ത് അതിന്റെ നെഞ്ചത്ത് പലതവണ കുത്തിയശേഷം ചെവിയിൽ വെച്ചു,
“ഹലോ ടൌൺ പോലീസ്‌സ്റ്റേഷനല്ലെ? ഇത് എസ്.ഐ. രാമദാസനാണോ?”
……….
“മോനെ ദാസാ നിയൊന്നിവിടം വരെ വന്നാട്ടെ,, ഇവിടെ കൊറേ ഓട്ടോക്കാർ എന്നെ വളഞ്ഞുവെച്ചിരിക്കയാ”
……….
“പെട്ടെന്ന് വാ,, എനിക്ക് സ്ക്കൂളിൽ പോയിട്ട് വേണം ശമ്പള ബില്ല് ട്രഷറിയിൽ കൊണ്ടുപോകാൻ”
മൂന്നാം ഡയലോഗ് പൂർണ്ണമായി കേൾക്കുന്നതിന് മുൻപ് കുട്ടിയമ്മയെ തനിയെവിട്ട്, കിട്ടിയ യാത്രക്കാരെയും കയറ്റി ഓട്ടോക്കാർ യാത്രപുറപ്പെട്ടിരുന്നു.
ഡയൽ ചെയ്യാത്ത മൊബൈൽ ബാഗിലിടുന്നതിന് മുൻപ്, കുട്ടിയമ്മ അതിനെ നോക്കിയൊന്ന് ചിരിച്ചു.

10.7.12

നാലാം വാർഡിലെ കൊലപാതകപരമ്പരകൾ


             സ്വന്തംകാലിൽ കടിച്ചുകൊണ്ടിരിക്കുന്ന ഉറുമ്പിനെപ്പോലും നോവിക്കാത്ത, സ്വന്തം കൈകളിൽ കുത്തി ചോരകുടിച്ചുകൊണ്ടിരിക്കുന്ന കൊതുകിനെപ്പോലും അടിച്ചു കൊല്ലാത്ത, സ്വന്തംനാട്ടുകാരുടെ കണ്ണിലുണ്ണിയായ നമ്മുടെ സ്വന്തം നാലാം‌വാർഡ് പഞ്ചായത്ത് മെമ്പറുടെ വീട്ടിലാണ്, ഇന്നലെ രാത്രി നാട്ടുകാരെല്ലാം ഉറങ്ങുന്ന നേരത്ത് കൊലപാതകം നടന്നത്. അതും ഒന്നും രണ്ടുമല്ല,, അഞ്ച് കൊലപാതകങ്ങൾ ഒന്നിച്ച്,,
ദിസ് ഈസ് അൺ‌സഹിക്കബിൾ,,,,
                       കൊലചെയ്യപ്പെട്ട രംഗം കണ്ടതുമുതൽ നാടിന്റെ പ്രീയപ്പെട്ട മെമ്പർ സ്വബോധം നഷ്ടപ്പെട്ട് കിടക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും മകളും പൊട്ടിപൊട്ടി കരയുന്നുണ്ടെങ്കിലും മകൻ ദേഷ്യം കൊണ്ട് വിറക്കുകയാണ്. കൊലപാതകിയെ കണ്ടുകിട്ടിയാൽ ‘അവനെയും ഇതുപോലെ കൊല്ലും’ എന്ന്, ഇടയ്ക്കിടെ മാലോകർ കേൾക്കെ അവൻ വിളിച്ചുപറയുന്നുണ്ട്. ഭരണ പ്രതിപക്ഷ ബഹുമാനം കണ്ണിലെ ലെൻസ് പോലെ സൂക്ഷിക്കുന്ന മെമ്പറുടെ ദുരവസ്ഥയിൽ അനുശോചിക്കാൻ നാട്ടുകാരെല്ലാം സ്വന്തം‌കാര്യം മറന്നുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ തടിച്ചുകൂടിയിരിക്കയാണ്. ആ നേരത്ത്,
പെട്ടെന്നാണ് പോലീസ് വണ്ടികൾ വന്നത്,, ആദ്യം സാധാ, തൊട്ടുപിന്നിൽ അസാധാ, പിന്നാലെ ചാര സദാചാര പാര അതിപാര എല്ലായിനങ്ങളും വന്നെത്തി. മെമ്പറുടെ വീട്ടിനു ചുറ്റും കൂടിയവരെ കണ്ടപ്പോൾ അവർ അവരുടെ മഹത്തായ ആയുധങ്ങളെല്ലാം വെളിയിലേക്കെടുത്തു; ചാർജ്ജ്,,,,,
ലാത്തിചാർജ്ജ്,
കല്ലേറ്,
ഗ്രെനേയ്ഡ്,
ബോംബ്,
ഉണ്ടയില്ലാവെടി,
ഉണ്ട നിറച്ച വെടി,
പീരങ്കി,
ജലപീരങ്കി,,,

                            ഒടുവിലത്തെ ഐറ്റം വന്നപ്പോൾ നാട്ടുകാർക്കിടയിൽ ആരവങ്ങളുയർന്നു. ദാരുണമായ കൊലപാതകം മറന്ന്‌കൊണ്ട് കുഞ്ഞുകുട്ടികളടക്കം ജലപീരങ്കി പതിക്കുന്ന കരക്റ്റ് സ്പോട്ടിൽ ഇറങ്ങിനിന്ന് നല്ലൊരു കുളി നടത്തി. രൂക്ഷമായ വരൾച്ച കാരണം ആറ് മാസമായി ജലസ്പർശമേൽക്കാത്ത മേനിയിൽ കുളിർ‌മഴ പീരങ്കിയായി പെയ്തപ്പോൾ നാട്ടുകാർ ആനന്ദനൃത്തം ചെയ്യാൻ തുടങ്ങി. അപ്പോൾ,
ഇനിയെന്ത് ചെയ്യുമെന്ന്, ചിന്താമഗ്നനായ സാധാ പോലീസിനെ മുന്നിൽ‌നിർത്തിക്കൊണ്ട് ചാരപോലീസ് അത് പൊട്ടിച്ചു,
അസ്സൽ പുകബോംബ്,,,

                             ഇതുവരെ കണ്ടും കേട്ടും അറിയാത്ത ‘ഈ പുകയുടെ പിന്നിൽ’ വലിയൊരു അഗ്നിബാധ ഉണ്ടാവും എന്ന് ഭയപ്പെട്ട നാലാം വാർഡിലെ നല്ലവരായ നാട്ടുകാർ ഒന്നാം പൌരന്റെ വീടുപേക്ഷിച്ച് പരക്കം പാഞ്ഞതോടെ പോലീസുകാരെല്ലാം പടയായി അകത്തേക്ക് കയറിയിട്ട്, ഏതാനും മിനിട്ടുകൾക്ക് മുൻപ് ബോധം തിരിച്ചുകിട്ടിയ വാർഡ് മെമ്പറുടെ മുന്നിൽ കൈകൂപ്പി വണങ്ങി,
“അങ്ങയുടെ വീട്ടിൽ അതിദാരുണമായ കൊലപാതക പരമ്പര നടത്തിയവരെ ഏത്‌വിധേനയും പിടികൂടുമെന്ന് ഞങ്ങളിതാ സത്യം ചെയ്യുന്നു, ഇത് സത്യം, സത്യം, സത്യം”
മെമ്പർ തല ഉയർത്തി എല്ലാവരെയും നോക്കിയശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു,
“ഞാനെന്റെ മക്കളെപോലെ സ്നേഹിച്ചതാ,, എന്നാലും എന്നോട് ഇങ്ങനെയൊരു ക്രൂരത ചെയ്യാൻ‌മാത്രം ഈ വാർ‌ഡിലാർക്കാ ഞാൻ ദ്രോഹം ചെയ്തത്?”
“സാർ അവരെ പിടിച്ച് ലാത്തികൊണ്ട് കുത്താനും കല്ല്‌കൊണ്ട് ഇടിക്കാനും വെടിവെച്ച് കൊല്ലാനും തയ്യാറായിട്ടാ ഞങ്ങൾ വന്നത്. ഈ അന്വേഷണത്തോട് സഹകരിക്കണം സർ”
“പൂർണ്ണമായി സഹകരിക്കാം ആ ദുഷ്ടനെ പിടിച്ചാൽ ഞാൻ തന്നെ അവന്റെ കൊടലുമാല ഊരിയെടുത്ത് താങ്കളെ ഹാരമണിയിക്കാം”
“അയ്യോ സർ”
“എന്ത് പറ്റി?”
“സർ അങ്ങേക്ക് ആരെയാണ് സംശയമുള്ളത്?”
“എനിക്കാരെയും സംശയമില്ല”
“എങ്കിൽ സാറിന്റെ പ്രതിപക്ഷത്തുള്ളവരുടെ പേരുകൾ തന്നാൽ മതി”
“അയ്യോ, പ്രതിപക്ഷം എന്റെ ശത്രുക്കളല്ല, സത്യം പറഞ്ഞാൽ അവരുടെ വോട്ട്കൊ‌ണ്ടാണ് ഞാൻ ജയിച്ചത്”
“എന്നാലും ഏതെങ്കിലും ഒരുത്തന്റെ പേര്?”
“അങ്ങനെ പറയാൻ അവരുടെ പേര് എനിക്കറിയില്ല”
അദ്ദേഹം പൊട്ടിക്കരയാൻ തുടങ്ങി; പൊട്ടിക്കരഞ്ഞ് കൊണ്ടിരിക്കെ അവശനായ മെമ്പർ വീണ്ടും അബോധാവസ്ഥയിലായി. പോലീസുകാരും ബന്ധുക്കളും അന്തം‌വിട്ട് കുന്തം വിഴുങ്ങിയതുപോലെ നിൽക്കുമ്പോഴാണ് വീ.ഐ.പി. കളുടെ വരവ്; സ്വന്തം ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ, സ്വന്തം എം.എൽ.എ., സ്വന്തം എം.പി., ഒടുവിൽ
അതാവരുന്നു,,, സ്വന്തം വകുപ്പ് മന്ത്രിമാരോടൊപ്പം നമ്മുടെയെല്ലം സ്വന്തം മുഖ്യൻ!

                          ഒറ്റയടിക്ക് അഞ്ച് കൊലപാതകമല്ലെ നടന്നത്! അതും സ്വന്തം പാർട്ടി ഭരിക്കുന്ന ഗ്രാമത്തിലെ നാലാം വാർഡിലെ ഒന്നാം പൌരന്റെ വീട്ടിൽ? അതറിഞ്ഞ മുഖ്യൻ, എന്നും രാവിലെ പതിവുള്ള പൊടിയരിക്കഞ്ഞിപോലും കുടിക്കാതെയാണ് മുഖ്യമന്ദിരത്തിൽ നിന്നും ഇറങ്ങിഓടിയത്; അത്‌കണ്ടപ്പോൽ അദ്ദേഹത്തിന്റെ വകുപ്പടക്കം അകമ്പടിക്കാർ പിന്നലെ ഓടിയെങ്കിലും ആർക്കും മുഖ്യനെ തോൽ‌പ്പിക്കാനായില്ല.
                          മുഖ്യൻ ഓട്ടം നിർത്തിയത് നമ്മുടെ ഗ്രാമത്തിലെ നാലാം നമ്പർ വാർഡിൽ,, നേരെ കൊലപാതകദൃശ്യം കണ്ട് അവശനായി തീർന്ന മെമ്പറുടെ മുന്നിൽ; പിന്നെ ഒരു പൊട്ടിക്കരച്ചിൽ. അതുകണ്ട് എല്ലാവരും ഒന്നിച്ച് കരഞ്ഞപ്പോൾ കണ്ണിരിന്റെ മുല്ലപെരിയാർ പൊട്ടിയൊഴുകി തൊട്ടടുത്ത തെങ്ങിൻ‌തടങ്ങളിൽ നിറഞ്ഞു.
മുഖ്യൻ വികാരാധീനനായി,
“എന്നാലും എന്റെ മെമ്പറെ താങ്കളുടെ വീട്ടിൽ നടന്ന അഞ്ച് കൊലപാതകവും എന്റെ വീട്ടിൽ നടന്നതുപോലെയാണ്, എനിക്ക് തോന്നിയത്, ആരിത് ചെയ്തു?”
ബോധം നഷ്ടപ്പെട്ട മെമ്പർ മറുപടി പറയാത്തപ്പോൾ മുഖ്യൻ പോലീസുകാരെ നോക്കി; അവർ പൊടിപ്പും തൊങ്ങത്സും വെച്ച് വാചാലമായ ഒരു ദൃശ്യവിരുന്ന് വിളമ്പി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മുഖ്യൻ അരുളിചെയ്തു,
“എന്നാൽ നമുക്കങ്ങോട്ട് പോകാമല്ലൊ”
“ശരി സർ”
“നല്ലൊരു കൊലപാതകദൃശ്യം കണ്ടിട്ട് ഒത്തിരി നാളായി”

                        കരഞ്ഞുകലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് മെമ്പർ മുന്നിലും, തൊട്ട്‌പിന്നിൽ വി.വി.ഐ.പി. കളും, അവർക്കു പിന്നിൽ വി.ഐ.പി. കളും, പിന്നാലെ അകമ്പടി പടകളും, ഏറ്റവും പിന്നിലായി പൊതുജനം കഴുതകളും മന്ദം മന്ദം ഒന്നാം നമ്പർ വീട്ടിൽ നിന്നും വെളിയിലിറങ്ങിയിട്ട് നേരെ പിന്നിലേക്ക് നടന്നു. അവിടെ പോലീസുകാർ അതിരിട്ട കളത്തിൽ ഒന്നെത്തി നോക്കിയതേയുള്ളു,, നമ്മുടെ മെമ്പർ തലതല്ലി കരയാൻ തുടങ്ങി. അതുകേട്ട് മറ്റുള്ളവരും കരഞ്ഞുകൊണ്ട്,,, ആ ദൃശ്യം നോക്കി,
അവിടെ
ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല, അഞ്ച് കൊലപാതകങ്ങൾ നടന്ന കാഴ്ചകണ്ട് അവർ അന്തംവിട്ടു,,
‘അഞ്ച് കൊലപാതകം,
അഞ്ച് വാഴക്കൊലപാതകം’;
മുഖ്യൻ പോലീസുകാരോട് വിവരങ്ങൾ ആരാഞ്ഞു,,
“ആരിത്? എങ്ങനെ?”
“സർ, ഇതൊരു അതിഭീകരമായ സംഭവമാണ്, അഞ്ച് വാഴകളെ അനേകം പേർ ചേർന്ന് അതിഭീകരമായി പീഡിപ്പിച്ച് കൊലപാതകം നടത്തിയിരിക്കയാണ്”
“എന്നിട്ട്? എവിടെ കൊലപാതക വകുപ്പ് മന്ത്രി?”
“ഹാജർ സർ”
“എവിടെ പീഡന വകുപ്പ് മന്ത്രി?”
“ഹാജർ സാർ”
“എന്തോന്നാടോ നോക്കിനിൽക്കുന്നത്?”
“സർ ജാക്കി വരുന്നുണ്ട്”
“എന്തോന്നിനാടോ ജാക്കി? സ്റ്റെപ്പിനിയിടാനോ?”
“അതല്ല സർ,, ജാക്കി നമ്മുടെ പോലീസ് നായ,, അവൻ വന്നാൽ മണം നോക്കി നിറം നോക്കി കൊലപാതകം നടത്തിയ പ്രതികളെ തൊണ്ടിസഹിതം പിടിക്കും”
“നിറം മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം”
“ശരി സർ”

കൊല പാതകദൃശ്യം ഒന്നുകൂടി നോക്കി ഒന്നുകൂടി കണ്ണിരൊഴുക്കി വെളിയിൽ ഇറങ്ങുന്ന മുഖ്യന്റെ നേരെമുന്നിൽ ക്യാമറാപുരുഷനോടൊപ്പം അവൾ വന്നു,,
സാക്ഷാൽ ലോകവാണി എന്ന വേൾഡ്‌വിഷൻ,
“സർ, ഈ കൊലപാതക പരമ്പരയിൽ നാടിന്റെ മുഖ്യൻ എന്ന നിലയിൽ താങ്കൾക്ക് ആരെയെങ്കിലും സംശയം ഉണ്ടോ?”
“എനിക്ക് ചിലരെ സംശയം ഉണ്ട്, അവരെ പിടിക്കുകയും ചെയ്യും”
“സർ, പ്രതിയെ പിടിച്ചാൽ താങ്കളെന്ത് ചെയ്യും?”
“അവരുടെ ആസനത്തിൽ ആണിയടിച്ചു കയറ്റി ഉറുമ്പിൻ കൂട്ടിൽ കെട്ടിയിടും”
“അയ്യോ സർ അശ്ലീലം”
“ആസനത്തിൽ എവിടെയാ അശ്ലീലം? അശ്ലീലം അതിനിടയിലാണല്ലൊ,,,,”
“അയ്യോ, സർ”
“എന്തെ?”
“സർ, പ്രതിപക്ഷത്തുള്ള ആരെയെങ്കിലും സംശയമുണ്ടോ?”
“പ്രതിപക്ഷത്തുള്ളവരെ സംശയമേ ഉള്ളൂ”
“താങ്ക്യൂ സർ”

ലോകവാണിയുടെ ദണ്ഡ് നേരെ മെമ്പറുടെ നേരെ തിരിഞ്ഞു,
“സർ, ഈ കുഗ്രാമത്തിലെ ഒന്നാം പൌരനാണ് താങ്കൾ; താങ്കൾ ഈ കൊലപാതകത്തെ എങ്ങനെയാണ് വീക്ഷിക്കുന്നത്?”
“എന്റെ മക്കൾക്ക് തിന്നാനായി ഞാനെന്റെ മക്കളെപോലെ പോറ്റി വളർത്തിയ എന്റെ സ്വന്തം വാഴകളെ കൊലയറുത്ത് പാതകം നടത്തിയവരെ എങ്ങനെയെങ്കിലും പിടിക്കണം”
“താങ്കൾക്ക് പ്രതിപക്ഷത്തുള്ള ആരെയെങ്കിലും സംശയമുണ്ടോ?”
“പ്രതിപക്ഷങ്ങളെ എനിക്കൊരിക്കലും സംശയമില്ല”
“എന്നാലും താങ്കൾക്ക് പ്രതിപക്ഷത്തുള്ള ഏതെങ്കിലും ഒരുത്തന്റെ പേര് പറഞ്ഞുകൂടായിരുന്നോ? അങ്ങനെയായാൽ പോലീസുകാർക്ക് അടിക്കാനും ഒടിക്കാനും ചതക്കാനും ഒരാളെ കിട്ടുമല്ലോ”
“എനിക്ക് അവരുടെ പേരൊന്നും അറിയില്ല”
“ആരെയെങ്കിലും ചൂണ്ടിക്കാണിക്കാൻ പറ്റുമോ?”
“എനിക്ക് അവരുടെ മുഖമൊന്നും അറിയില്ല”

                         വീട്ടുകാരെ ആശ്വസിപ്പിച്ചശേഷം കൊലപാതകം നടന്ന വീട്ടിൽ‌നിന്നും കണ്ണീരണിഞ്ഞുകൊണ്ട് മുഖ്യൻ വെളിയിലേക്കിറങ്ങി. ഒടുവിൽ എല്ലാവരെയും നോക്കി അരുളിച്ചെയ്തു,
“പ്രീയപ്പെട്ട നാട്ടുകാരെ കൊലപാതകം പീഡനം മോഷണം എന്നിവ, എവിടെ നടന്നാലും അവിടെ ഞാനുണ്ട്. ഇവിടെ അഞ്ച് കൊലപാതകങ്ങൾ നടന്നതിനാൽ നഷ്ടപരിഹാരമായി വടക്കൻ മലയിൽ അഞ്ഞൂറ് ഏക്കർ വാഴത്തോട്ടം നിങ്ങളുടെയെല്ലാം പ്രീയപ്പെട്ട മെമ്പർക്ക് ഞാൻ നൽകുകയാണ്. കൊലപാതകം നടത്തിയത് പ്രതിപക്ഷങ്ങളാണെന്ന് അറിയിക്കുന്നതോടൊപ്പം അവരെയെല്ലാം അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ കിടത്തിയിട്ട് ആണിചികിത്സ നടത്താൻ ഈ നാട്ടിലെ മുഖ്യനെന്ന പേരിൽ ഞാൻ ആജ്ഞാപിക്കുന്നു”

                          അദ്ദേഹം മെമ്പറുടെ വീട്ടിൽ‌നിന്നിറങ്ങി, ഒപ്പം മറ്റുള്ള വി.ഐ.പി. കളും. കൊടിവെച്ച കാറിൽ കയറി കുണ്ടുംകുഴിയും തീരെയില്ലാത്ത ദേശീയപാതയിലൂടെ നേരെ തെക്കോട്ട് അല്പം ഓടിയപ്പോൾ നേരെ മുന്നിൽ,,,
അതാ ഒരു ബ്ലോക്ക് പഞ്ചായത്ത്.
അകമ്പടി തോക്കുധാരി വെളിയിലിറങ്ങി കാര്യം അന്വേഷിച്ച് തിരിച്ചുവന്ന് മുഖ്യനോട് പറഞ്ഞു,
“സർ, ഇവിടെ അടുത്ത് ഒരു പെൺ‌കുട്ടിയെ നാലുപേർ ചേർന്ന് പീഡിപ്പിച്ച് കൊന്നു. നാട്ടുകാർ‌ചേർന്ന് അവർ നാലുപേരെയും കെട്ടിയിട്ടിരിക്കയാ, എന്ത് വേണം സർ?”
“നാലുപേരെന്തിനാ ഒരു പെണ്ണിനെ പീഡിപ്പിക്കാൻ പോയത്? നാലാൾക്ക് നാല് പെണ്ണ് വേണ്ടെ? അവരെ അഴിച്ചു വിടാൻ പറ; എന്നിട്ട് ഓരോ പയ്യനും ഓരോ പെണ്ണിനെ വീതം കൊടുക്ക്”
“സർ”
“എന്തുവാടാ നോക്കുന്ന്,, വണ്ടി വടക്കോട്ട് പോകട്ടെ”
****************************************************

9.6.12

നീന്താൻ പഠിക്കുന്നവർ


                     അതിമഹത്തായ പ്രവേശനോത്സവം അടിപൊളിയായി കടന്നുവന്നെങ്കിലും അനിക്കുട്ടന് ഒട്ടും സന്തോഷം വന്നില്ല. എൽ.കെ.ജി. ക്ലാസ്സിൽ അവനെ പഠിപ്പിച്ചിരുന്ന മിസ്സ്‌മാത്രം തോറ്റത്‌, അവന് തീരെ സഹിക്കാനായില്ല. നന്നായി പഠിച്ച പൊന്നുമക്കൾ പാസ്സായിട്ട്, യു.കെ.ജി. ക്ലാസ്സിലേക്ക് കയറിപോകുന്നത് നോക്കിക്കൊണ്ട് മിസ്സങ്ങനെ നിൽക്കുന്നതുകണ്ടപ്പോൽ അനിക്കുട്ടന്റെ ഇടനെഞ്ച് പൊട്ടിപ്പോയൊ എന്നൊരു ഡൌട്ട് അവന് തോന്നിത്തുടങ്ങിയ നേരത്ത്, യൂ.കെ.ജി. മിസ്സ് അടുത്തുവന്ന് അവനെ സ്വീകരിച്ചിരുത്തി പച്ചക്കടലാസ്സിൽ പൊതിഞ്ഞ ചുവന്നമിഠായി നൽകിയെങ്കിലും ആ സോപ്പിലൊന്നും അവൻ വീണില്ല,
“ഇച്ച് മഞ്ച് മതി”
“ഇപ്പോൾ ഇതുകൊണ്ട് അഡ്‌ജസ്റ്റ് ചെയ്യു അനിക്കുട്ടാ”
ഒരഡ്ജസ്റ്റ്‌മെന്റിലും വീഴാത്തവനാണല്ലൊ അനിക്കുട്ടൻ,,, അവൻ നാലാം നമ്പർ അടവെടുത്തു,
“ച്ച് വീട്ടീപോണം,, മൂത്രോഴിക്കണം,, ന്‌ച്ച് ഈ ഉക്കൂള് വേണ്ടായേ”
യൂ.കെ.ജി. മിസ്സ് ഞെട്ടിവിറച്ചു,, ഒന്നാം‌ദിവസം ക്ലാസ്സിലിരിക്കാതെ വീട്ടിൽ‌പോയ കുട്ടി ‘ടീസി’ വാങ്ങി പോകത്തേയുള്ളു എന്ന് അവൾക്ക് നന്നായറിയാം. അങ്ങനെയെങ്ങാനും അനിക്കുട്ടൻ പോയാൽ???
പിന്നാലെ പടപോലെ മറ്റുപിള്ളേരും ഓരോന്നായി സ്ഥലംവിടും. ഉള്ള ജോലിതെറിച്ചാൽ ടീച്ചറെന്ന് പറഞ്ഞ് ഭർതൃവീട്ടുകാരുടെ മുന്നിലെങ്ങനെ ഷൈൻ ചെയ്യും? ഹോ,,, ഇവനെയൊന്ന് അഡ്ജസ്റ്റ് ചെയ്യാൻ,,, ഒരു മഞ്ച് കിട്ടാനെന്താ വഴി,,,

                          യൂ.കെ.ജി. മിസ്സ്, കൺഫ്യൂഷൻ തീരാതെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറായി നടന്നുകൊണ്ടിരിക്കെ പെട്ടെന്നൊരു മഴപെയ്തു,,,
ചിന്നം പിന്നം ചെറുമഴ പെരുമഴ ചറപറാ മഴ മഴ,,,
ഹായ് മനസ്സിലൊരു മഞ്ച്‌പൊട്ടി,, “ട്രാ‍പ്പ്,,,,,”
“എന്റെ ഡീയറസ്റ്റ് മക്കളേ”
മക്കൾസെല്ലാം കലപിലക്കും കരച്ചിലിനും സഡൻ‌ബ്രെയിക്കിട്ടു, ഒപ്പം അനിക്കുട്ടനും. മിസ്സ് പതുക്കെ,,,, സ്ലോമോഷനിൽ ചുറ്റിനടന്നിട്ട്, ക്ലാസ്സിന്റെ നടുസെന്റ്രൽ‌മധ്യത്തിൽ സ്റ്റാന്റപ്പായി തുറന്ന വാതിലിന്‌നേരെ രണ്ട്‌വിരൽ ചൂണ്ടിയിട്ട് കുട്ടികളോട് പറഞ്ഞു,
“എല്ലാവരും അങ്ങോട്ട് നോക്കിയാട്ടെ,,, അവിടെ മഴ പെയ്യുന്നത് കണ്ടൊ”
“ന്‌ച്ച് മയപെയ്യിമ്പം പേടിയാവണ്”
അനിക്കുട്ടന്റെ ഡയലോഗിനൊപ്പം വെളിയിൽ വന്ന കരച്ചിൽ‌കേട്ട് മറ്റുള്ള കുട്ടികൾസും കരയാൻ തുടങ്ങി. വെളുക്കാൻ തേച്ചത് ബ്ലേക്കായി മാറിയോ? യൂ.കെ.ജി. മിസ്സ് അടവൊന്ന് മാറ്റിചവിട്ടി,
“മക്കളേ,,, ഈ മഴ ഇപ്പം പെയ്യുന്നതെന്തിനാന്നറിയോ?”
“ഇല്ല മിസ്സ്”
“എന്നാല് കേട്ടോ,, ഇപ്പം മഴ പെയ്യുന്നത് നിങ്ങളെല്ലാം സ്ക്കൂളിൽ വന്ന സന്തോഷം കൊണ്ടാണ്,, എന്തുകൊണ്ടാണ്?”
“സന്തോഷം കൊണ്ടാണ്”
“മഴ പെയ്താൽ വെള്ളം കിട്ടും,, വെള്ളത്തിന്റെ ഉപയോഗം നിങ്ങൾക്കറിയോ?”
കുട്ടികളാരും മിണ്ടാത്തതുകണ്ടപ്പോൾ മിസ്സ് തന്നെ ഉത്തരം പറഞ്ഞുകൊടുത്തു,
“മഴ പെയ്താൽ നമുക്ക് വെള്ളം കിട്ടും, ആ വെള്ളം നമുക്ക് കുടിക്കാം, കുളിക്കാം, ഫുഡ് ഉണ്ടാക്കാം, പ്ലെയ്റ്റ് വാഷ്‌ചെയ്യാം, ഡ്രസ് വാഷ് ചെയ്യാം, പിന്നെ നമുക്ക് വെള്ളത്തിൽ നീന്താം വെള്ളത്തിന്റെ ഉപയോഗം,,,?”
“നീന്താം,,,”
“നിച്ച് നീന്തണം ങ്‌ഹീ,,,”
അനിക്കുട്ടന്റെ വേറിട്ടൊരു ആവശ്യം കേട്ട മിസ്സ് ഞെട്ടി, വെയിലും മഴയും കൊള്ളാതെ കുഞ്ഞുങ്ങളെ പഠിപ്പിക്കണമെന്നാണ് നിയമം. അപ്പോൾ വെള്ളത്തിലിറങ്ങാതെ നീന്തം പഠിപ്പിക്കാനുള്ള സൂത്രം കണ്ടെത്തണം. ഒരു വഴി നോക്കട്ടെ,
“മക്കളെ നിങ്ങൾക്കാർക്കെങ്കിലും നീന്താനറിയോ?”
“അറിയില്ല മിസ്സ്”
“നിങ്ങളാരെങ്കിലും നീന്തുന്നത് കണ്ടിട്ടുണോ?”
“കണ്ടിട്ടുണ്ട് മിസ്സ്”
എല്ലാവരും കോറസ്സായി പറഞ്ഞത് കേട്ടപ്പോൾ മിസ്സിന്റെ മനസ്സിൽ വീണ്ടുമൊരു മഞ്ച് പൊട്ടി; ഹൊ,, ആശ്വാസമായി,,, ഇന്നത്തെക്കുള്ള വക കിട്ടി,
“മക്കളെവിടെന്നാ നീന്തുന്നത് കണ്ടത്?”
“ടീവീല്”
മനസ്സിലെ മഞ്ചിന്റെ മധുരം മഴവെള്ളത്തിൽ ഒലിച്ചുപോയി. മിസ്സ് വീണ്ടും ചോദിച്ചു,
“ഹായ് ചിൽഡ്രൻസ്,,, ടീബീൽ അല്ലാതെ ശരിക്കും നീന്തുന്നത് കണ്ടിട്ടുണ്ടോ? അറ്റ്‌ലീസ്റ്റ് ഒരു കുളത്തിൽ അല്ലെങ്കിൽ റിവറിൽ, പിന്നെ സ്വിമ്മിംഗ് പൂളിൽ”
“നാന് നീന്തുന്നത് കണ്ടിട്ടുണ്ട്,,,”
അനിക്കുട്ടൻ പറഞ്ഞത് കേട്ടപ്പോൾ മിസ്സിന്റെ മനസ്സിലൊരു മഞ്ചും ഒപ്പം മഴയും പെയ്തു,
“അനിക്കുട്ടൻ ആര് നീന്തുന്നതാണ് കണ്ടത്?”
“കുട്ടന്റെ മമ്മീം ഡാഡീം”
മിസ്സിനാകെ കൺഫ്യൂഷൻ,, നീന്തൽ അറിയാവുന്ന രക്ഷിതാക്കളോ? അപ്പോൾ അനിക്കുട്ടൻ ഭാവിയിൽ ഒരു നീന്തൽ‌താരമാവാനുള്ള എല്ല ലക്ഷണവും ഉണ്ടല്ലൊ. കുട്ടന്റെ വീട്ടിൽ സ്വിമ്മിംഗ്‌പൂൾ ഉണ്ടാവാം; ഭാഗ്യവാൻ,
“അനിക്കുട്ടന്റെ മമ്മീം ഡാഡിം നീന്തുന്നത് സ്വിമ്മിംഗ്‌പൂളിലാണൊ?”
“അതൊന്നും ന്‌ക്ക് അരീല്ല, മമ്മീം ഡാഡീം വീട്ടിന്റെ ആത്ത്‌ന്നാ നീന്തുന്നത്”
മിസ്സിന്റെ മനസ്സിലെ ആശ്ചര്യം വെളിയിൽ ചാടി,
“വീട്ടിന്റ അകത്തുന്നോ? അവിടെ എങ്ങനെയാ വെള്ളം?”
“അയ്യോ ഈ മിസ്സിനൊന്നും അരിയില്ല, ടീവീന്റെ ആത്തുന്ന് ആള്‌ നീന്തുന്നത് മമ്മി കാണിച്ച്‌തന്നിട്ടുണ്ട്. ഒരീസം രാത്ത്‌രിയിൽ ഒറക്കം ഞെട്ടിയേരം അത്പോ‌ലെ കുട്ടൻ കണ്ടു, മമ്മീം ഡാഡിം നീന്തുന്നത്”
അന്തംവിട്ട് കുന്തം വിഴുങ്ങിയതുപോലെ വാ പൊളിച്ചുനിന്ന മിസ്സിന്റെ വായീലൂടെ ഏതാനും ഈച്ചകൾ അകത്തേക്ക് പോയതും അതിൽ കുറേയെണ്ണം തിരികെ വെളിയിലേക്ക് വന്നതും അവർ അറിഞ്ഞതേയില്ല.

6.5.12

മനസ്സിലപ്പടി പയറ്റിൽ കുടയുടെ പിടി

                        ആറടി അഞ്ചിഞ്ച് ഉയരവും അറുപത്തിഅഞ്ച് കിലോഗ്രാം ഭാരവും ഉള്ള, അവിവാഹിതയായ ചെറുപ്പക്കാരിയാണ് അവൾ. കളരി, കരാത്തെ, ജൂഡോ, കുംങ്ഫു, ബോക്സിംഗ്, ഓട്ടം, ചാട്ടം, അടിപിടി ആദിയായ പരിപാടികളെല്ലാംതന്നെ അറിയപ്പെടുന്ന ഗുരുക്കന്മാരിൽനിന്നും അവൾ പരിശീലിച്ചിട്ടുണ്ട്. ബോംബ്, കല്ല്, മുള്ള്, കത്തി, കത്രിക, സ്കട്ടർ, ബ്ലെയ്ഡ്, കഠാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങളോടൊപ്പം നിറതോക്കും മുളകുപൊടിയും കൂടി അവളുടെ യാത്രാവേളകളിൽ സ്വന്തംബാഗിൽ എപ്പോഴും കരുതിയിരിക്കും. പിന്നെ എല്ലാറ്റിനെയും കവച്ചുവെക്കുന്ന മറ്റൊരായുധം കൂടി അവളുടെ പക്കലുണ്ട്,,,
അത് അവളുടെ നാവാണ്,,
അതൊന്ന് നീട്ടി വെടിവെച്ചാൽ??? മുന്നിലുള്ളവരെല്ലാം അപ്പടി ആ നിമിഷം തറപറ്റും.
കാലം വല്ലാത്തതാണ്,,, ഇതെല്ലാം എപ്പൊഴാണ് ആവശ്യം വരുന്നതെന്നറിയാനാവില്ലല്ലൊ,,,

അങ്ങനെ ഒരു വെള്ളിയാഴ്ച നട്ടുച്ചക്ക് മുൻപ്,
                      കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ അവൾ നമ്മുടെ പഴയ ബസ്സ്റ്റാന്റിലേക്ക് തിരക്കിട്ട് നടക്കുകയാണ്. ആണും പെണ്ണുമായി അനേകം ആളുകൾ സ്വന്തം കാര്യം സിന്ദാബാദാക്കി അങ്ങോട്ടും ഇങ്ങോട്ടുമായി നടക്കുന്നുണ്ട്. കൈക്കുഞ്ഞുങ്ങൾ അമ്മമാരുടെ ചുമലിൽ കിടക്കുമ്പോൾ പടുകിഴവന്മാർ മക്കളുടെ ചുമലിൽ ചാഞ്ഞും ചരിഞ്ഞും യാത്രചെയ്യുകയാണ്. അമിതമായ ആത്മവിശ്വാസത്തോടെ പരിസരം മറന്ന് നടക്കുന്ന അവൾ, ഉച്ചവെയിൽ അസഹനീയമായപ്പോൾ നാലായിമടക്കിയ കുട ബാഗിൽനിന്നെടുത്ത് ഞെക്കിത്തുറക്കാൻ ആരംഭിച്ചു, പൊട്ടിവിടരുന്ന വർണ്ണക്കുട,,,
ആ നേരത്താണ് അത് സംഭവിച്ചത്,
തിരക്കിട്ട് നടന്നുപോകുന്ന ഒരു തടിയൻ അവളുടെ ദേഹത്ത്, ‘അവൾപോലും നേരിട്ട്കാണാത്ത ഭാഗത്ത്’ അമർത്തിയിട്ടൊന്ന് നുള്ളി.
                              അപ്പോഴുണ്ടായ വേദനയാൽ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ അവൾ കൈയിലുള്ള കുടയുടെ പിടികൊണ്ട് അവനെയൊന്ന് വീശിയടിച്ചു. അടികൊള്ളാതെ ഒഴിഞ്ഞുമാറിയ ആ ‘തടിയൻ’ ഞാനൊന്നുമറിഞ്ഞില്ല എന്നമട്ടിൽ നടന്നുപോകുന്നത് അവൾ നോക്കിനിന്നു!!!

പിൻ‌കുറിപ്പ്: 2012 ഏപ്രിൽ മാസത്തെ നർമകണ്ണൂരിൽ വന്ന മിനിനർമം