22.12.16

ശീലങ്ങൾ


                 ഏതാനും ദിവസങ്ങളായി അനിക്കുട്ടന്റെ മുത്തച്ഛന് ആകെയൊരു പ്രശ്നം.  ആദ്യമൊക്കെ കാര്യം നിസ്സാരമായത് പ്രശ്നം ഗുരുതരമായി മാറിയപ്പോൾ ബന്ധുക്കളെല്ലാം ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പ്രശ്നം എന്താണെന്നൊ? മൂത്രശങ്ക; മാറാത്ത ഒഴിഞ്ഞുപോവാത്ത ശങ്ക,,,,

                ആശുപത്രിയിലെ വെള്ളപ്രാവുകളും പച്ചക്കിളികളും ചേർന്ന് പഠിച്ചപണി പതിനേഴുവട്ടം പരിശ്രമിച്ചിട്ടും മുത്തച്ഛന്റെ ജലസേചനത്തിനുള്ള ഔട്ട്ലറ്റ് മാത്രം ശരിയാവണില്ല. ഇൻപുട്ടാണെങ്കിൽ പതിവായി പലതവണ നടക്കുന്നുണ്ട്. ഓപ്പറേഷൻ തീയറ്ററിൽ കിടത്തിയശേഷം ജലസേചനകുഴലിന്റെ റൂട്ട് ക്ലിയർ ആക്കിയെങ്കിലും സർക്കാർ പദ്ധതിപോലെ ഒരുതുള്ളിപോലും വെളിയിൽ വന്നില്ല. തുടർന്ന് എക്സ്ട്രാ പൈപ് ഫിറ്റ്‌ചെയ്തു; എന്നിട്ടും കേരളത്തിലെ കുടിവെള്ളപദ്ധതിപോലെ എല്ലാം പാഴായി.  

               സംഗതി ഇങ്ങനെയായപ്പോൾ പൊറുതിമുട്ടിയത്, ആനേരം മുതൽ ആശുപത്രിഡ്യൂട്ടി ലഭിച്ച അനിക്കുട്ടനാണ്. വേദനസഹിക്കവയ്യാതെ അടിവയറ്റിൽ അമർത്തിപ്പിടിച്ച് നിലവിളിക്കുന്ന മുത്തച്ഛനെ നോക്കിയിരിക്കുന്ന അവന് ഏതാനും ദിവസങ്ങളായി കറങ്ങിനടക്കാൻ മാത്രമല്ല, കാമുകി മിന്നുമോളുമായി ചാറ്റ് ചെയ്യാൻപോലും നേരം ഇല്ലാതായി.ഒടുവിൽ,,

ഓൾഡ് ജെനറേഷനു മുന്നിൽ തോറ്റുതൊപ്പിയിട്ട ന്യൂ ജെൻ ഡോക്റ്റർ പറഞ്ഞു,

“അനിക്കുട്ടാ ഞങ്ങൾക്ക് ചെയ്യാനുള്ളതൊക്കെ ചെയ്തു, എന്നിട്ടും മരുഭൂമിയിലെ ആകാശം കണക്കെ ഒരുതുള്ളിപോലും താഴോട്ടുപതിക്കുന്നില്ല. പിന്നെ തൊണ്ണൂറ് കഴിഞ്ഞ, പ്രായമായ മെയ്യല്ലെ,, കത്തിവെച്ച് ബ്ലാഡർതുറന്ന് എലിവാല് പിടിക്കാനൊന്നും നമ്മളില്ലേയ്. ഇനിയെല്ലാം താങ്കളുടെ ഇഷ്ടം,,,”            അതെല്ലാം കേട്ട അനിക്കുട്ടൻ അവർ എഴുതിയ ബില്ല് അതേപടി പേ-ചെയ്തശേഷം മൂത്രാശയം മാത്രമല്ല, മലാശയവും ആമാശയവും അണ്ഠാശയവും പൊട്ടുന്നതരത്തിൽ നിലവിളിക്കുന്ന മുത്തച്ഛനെ താങ്ങിയെടുത്ത് ഇന്നോവയിൽ കയറ്റിയിരുത്തി നേരെ വീട്ടിലേക്ക് സ്റ്റാർട്ടായി. ആനേരത്ത് മുത്തച്ഛന്റെ റിംഗ്ടോൺ ചെയ്ഞ്ച് ആയി,

“എടാ,, കാലമാടാ, തറവാട് മുടിക്കുന്നവനേ,, നീയെന്നെ കൊല്ലാനായി ആശൂത്രീന്ന് എങ്ങോട്ടാടാ‍ കൊണ്ടുപോകുന്നത്”

“മിണ്ടാതിരിക്കെടാ കെളവാ,, കൊന്നുകളയും ഞാൻ,,,”

ന്യൂ ജനറേഷൻ നൽകിയ ഭീഷണിക്കുമുന്നിൽ അദ്ദേഹം പത്തി താഴ്ത്തിയിട്ട് സൌണ്ട് ലവൽ മ്യൂട്ട് ചെയ്തു.

  

           അനിക്കുട്ടൻ വീട്ടിലേക്ക് പോവാതെ നേരെ നാട്ടിൻപുറത്തെ നാലുംകൂടിയ കവലയിൽ എത്തി. അവിടെയുള്ള ബസ്‌വെയിറ്റിംഗ് ഷെൽട്ടറിന്റെ ഇടതുവശത്ത് വണ്ടി നിർത്തിയശേഷം ശബ്ദമില്ലാതെ കരയുന്ന മുത്തച്ഛനെ വെളിയിലിറക്കിയിട്ട് റോഡരികിലേക്ക് കൈപിടിച്ചു നടത്തുമ്പോൾ ആണും പെണ്ണുമായി ബസ് കാത്തുനിൽക്കുന്നവരെല്ലാം ചോദ്യചിഹ്നമായി. റോഡരികിലെ കുറ്റിച്ചെടികൾക്ക് സമീപം എത്തിയപ്പോൾ അവൻ ശബ്ദം താഴ്ത്തിയിട്ട് പറഞ്ഞു,

“മുത്തച്ഛാ ഇവിടെ ഒഴിച്ചാട്ടെ,, പെട്ടെന്ന്,,,”

                    റോഡരികിൽ എത്തിയപ്പോൾ സന്തോഷത്തോടെ മുണ്ടുപൊക്കി മൂത്രം ഒഴിക്കുന്ന മുത്തച്ഛൻ ചുറ്റുപാടും നിന്ന് നിരീക്ഷണം നടത്തുന്നവരെ കണ്ടില്ലെന്ന് നടിച്ചു. ആനേരത്ത് അനിക്കുട്ടൻ മനസ്സിൽ പറഞ്ഞു,

‘ശീലിച്ചതേ പാലിക്കു’,,,   

                                       *******************************************

26.11.16

വളഞ്ഞ വഴികൾ                നല്ലൊരു അദ്ധ്യാപിക ആയി മാറിയശേഷം അനേകം ശിഷ്യഗണങ്ങളെ പഠിപ്പിച്ച് അവരുടെ ഭാവിജീവിതം സുരക്ഷിതമാക്കണമെന്ന ആഗ്രഹം കുട്ടിക്കാലം മുതലേ എനിക്ക് ഉണ്ടായിരുന്നു. അങ്ങനെയാണ് ഹൈസ്ക്കൂൾ അദ്ധ്യാപിക ആയി മാറാനുള്ള ട്രെയിനിംഗ് കോഴ്സിനു ചേർന്നത്,, അതായത് മഹത്തായ ബി.എഡ് ഡിഗ്രി കോഴ്സ്.

                പഠിച്ചുകൊണ്ടിരിക്കെ നമ്മുടെ പരിശീലനകാലം വന്നു,,, ടീച്ചിംഗ് പ്രാക്റ്റീസ്. അതുവരെ നല്ലകുട്ടികളായി ക്ലാസിലിരുന്ന് അദ്ധ്യാപകർ പറയുന്നതെല്ലാം അതേപടി കേട്ട് അനുസരണക്കുട്ടപ്പന്മാരായിരുന്ന ഞങ്ങൾ കളം‌മാറ്റി ചവിട്ടുകയാണ്. അതയത് ഇനിയുള്ള ഒരുമാസം സമീപത്തുള്ള സ്ക്കൂളുകളിൽ എത്തി അദ്ധ്യാപകവേഷം അണിയുന്നു,,, അതായത് അദ്ധ്യാപന പരിശീലനത്തിനുള്ള വിദ്യാർത്ഥിവേഷം.
                 സ്വന്തം നാട്ടിലാണെങ്കിലും പരിചയം തീരെയില്ലാത്ത ഹൈസ്ക്കൂളിൽ അദ്ധ്യാപിക ആയി ഞാനടക്കം നാലുപേർ എത്തിച്ചേർന്നു. വിദ്യാർത്ഥിയും അദ്ധ്യാപകനും ഒന്നായി മാറിയ അന്നത്തെ അവസ്ഥയിൽ പഠിപ്പിക്കേണ്ട ക്ലാസ്സിലെ എല്ലാ ശിഷ്യഗണങ്ങളോടും ഞങ്ങൾ അമിതമായ അടുപ്പം കാണിച്ചിരുന്നു. ചോക്ക്, ഡസ്റ്റർ, ബുക്ക്, ചാർട്ട്, പെൻ, പെൻസിൽ ആദിയായവയോടൊപ്പം ടീച്ചിംഗ്‌നോട്ട് ചേർത്ത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ് ഞങ്ങളുടെ അതിമഹത്തായ ടീച്ചിംഗ് പ്രാക്റ്റീസ് കാലം.
              അക്കാലത്ത് അദ്ധ്യാപകവേഷത്തിൽ നമ്മൾ ട്രെയിനീസ് പഠിപ്പിക്കുമ്പോൾ ആനേരത്ത് ക്ലാസ്സിൽ പഠിപ്പിക്കേണ്ട അദ്ധ്യാപകൻ പലപ്പോഴും ക്ലാസ്സിനു പിന്നിലിരുന്ന് നമ്മളെ നിരീക്ഷിച്ച് ക്ലാസ്സുകൾ വിലയിരുത്തുന്നുണ്ടാവും. പഠിപ്പിക്കുന്ന നേരത്ത് കുട്ടികളുടെ പിന്നിലിരിക്കുന്ന അദ്ധ്യാപകനെ കാണുമ്പോൾ ആദ്യമൊക്കെ ഒരു വിറയൽ ഉണ്ടായെങ്കിലും പിന്നീട് അതെല്ലാം ശരിയായപ്പോൾ ഞാനൊരു ജീവശാസ്ത്രം അദ്ധ്യാപികയായി രൂപാന്തരപ്പെടാൻ തുടങ്ങി.

ഒരുദിവസം,,, എന്റെ ജീവശാസ്ത്രം ക്ലാസ്സ്,,
എല്ലാ തയ്യറെടുപ്പോടെയുമാണ് ക്ലാസ് ആരംഭിച്ചത്,,
കാരണം,,, അന്നാദ്യമായി ക്ലാസ്സ് നിരീക്ഷിച്ച് മാർക്കിടാൻ അതേ സ്ക്കൂളിലെ ഹെഡ്‌മിസ്ട്രസ് വരുന്നുണ്ട്.
എന്നോടൊപ്പം ക്ലാസിലേക്ക് വന്ന ഹെഡ്‌ടീച്ചറെ കണ്ടപ്പോൾ എട്ടാം തരത്തിലെ കുട്ടികൾ എട്ടുതരത്തിൽ പറഞ്ഞു,,, ‘ഗുഡ്‌മോർണിംഗ്’.
               ഞാൻ പഠിപ്പിക്കേണ്ട അന്നത്തെ പാഠമാണ്,,, തവള,,, തവളയുടെ ജീവചരിത്രവും ശരീരഘടനയും ചേർത്ത് ദിവസങ്ങൾകൊണ്ട് പഠിപ്പിച്ചുതീർക്കേണ്ട നാലാം അദ്ധ്യായം. ഇൻഡയറക്റ്റ് മെത്തേഡിൽ ചോദ്യങ്ങൽ ചോദിച്ച് കുട്ടികളെക്കൊണ്ട് ഉത്തരം പറയിപ്പിക്കുന്നതായിരുന്നു അന്നത്തെ പഠനരീതി. ക്ലാസ് മൊത്തമായി നിരീക്ഷിച്ചശേഷം അവരോടായി ഞാൻ ചോദിച്ചു,
“കുട്ടികളെ പുതുമഴ പെയ്താൽ വയലിലും പറമ്പിലും വെള്ളം നിറയുമ്പോൾ രാത്രിനേരത്ത് പാട്ടുപാടുന്നത് ആരാണെന്ന് അറിയാമോ?”
“കുറുക്കൻ”
കുട്ടികളെല്ലാം ഒന്നിച്ച് പറഞ്ഞതുകേട്ട് ഞെട്ടിയ ഞാൻ ചോദ്യരീതിയൊന്ന് മാറ്റി,
“കുറുക്കൻ ഓരിയിടുകയല്ലെ,, ഇത് വെള്ളത്തിലും കരയിലും ജീവിക്കുന്ന ചെറിയ ജീവികളാണ്”
“ടീച്ചറെ അത് കൊതുകാണ്”
“കൊതുകൊന്നുമല്ല, ഇത് പാമ്പുകളുടെ ഇഷ്ടഭക്ഷണമാണ്”
“എലി”
“എലിയെക്കൂടാതെ പാമ്പുകൾ ഭക്ഷണമാക്കുന്ന മറ്റൊരു ജന്തുവിന്റെ പേര് പറഞ്ഞാട്ടെ”
‘ഓന്ത്, പല്ലി, പക്ഷികൾ’ പലതരം ഉത്തരങ്ങൾ കണ്ടെത്തി,,, എന്നിട്ടും തവളയെ കണ്ടില്ല. ഞാനാകെ വിയർത്തു,, നന്നായി പഠിക്കുന്ന ഇന്നലെവരെ മണിമണിയായി ഉത്തരം പറഞ്ഞ പിള്ളേരാണ്,, ഇവർക്കെന്ത് പറ്റി? എന്റെ വെപ്രാളം കണ്ടിട്ടാവണം ഹെഡ്‌ടീച്ചറുടെ മുഖമാകെ കറുത്തു.
“നമ്മുടെ ചുറ്റുപാടും മഴപെയ്ത് വെള്ളം‌നിറയുമ്പോൾ ‘പേക്രോം പോക്രോം’ എന്ന് ശബ്ദമുണ്ടാക്കിയിട്ട് മുറ്റത്തും പറമ്പിലുമായി ചാടിച്ചാടി സഞ്ചരിക്കുന്ന ചെറിയജീവിയില്ലെ, ഏതാണ് ആ ജീവി?”
ഒന്നും മനസ്സിലാവാത്ത മട്ടിൽ അന്തം‌വിട്ടിരിക്കുകയാണ് കുട്ടികളെല്ലാം. എന്റെ ദയനീയമായ അവസ്ഥയിൽ സഹായിക്കണമെന്ന് തോന്നിയിട്ടാവണം മൂന്നാം ബെഞ്ചിലിരിക്കുന്ന ഒരു കുട്ടി എഴുന്നേറ്റു,
“ടീച്ചർ അത് മുയലാണ്”
                ഞാനാകെ ഞെട്ടി,, ഈ പിള്ളേർക്കെന്ത് പറ്റി? ആ നേരത്താണ് അത് സംഭവിച്ചത്, ക്ലാസ്സിലെ പിൻ‌ബെഞ്ചിൽ വിദ്യാർത്ഥികളോടൊപ്പം ഇരിക്കുന്ന നമ്മുടെ ഹെഡ്‌മിസ്ട്രസ് എഴുന്നേട്ട് വെളിയിലേക്കൊരു നടത്തം. പോകുന്ന പോക്കിൽ എനിക്കുനേരെയുള്ള അവരുടെ നോട്ടം കണ്ടപ്പോൾ ഞാനാകെ ഭയന്നു,,, അല്ല, ഇതിനുമാത്രം എന്താണ് സംഭവിച്ചത്? പിള്ളേർ ഉത്തരം പറയാഞ്ഞതിന് ഞാനാണോ ഉത്തരവാദി?
പെട്ടെന്ന് പുകഞ്ഞുപൊങ്ങിയ ദേഷ്യം കുട്ടികളോടായി,
“നിങ്ങളൊക്കെ എന്തുപണിയാണ് ചെയ്തത്? ഇങ്ങനെ പോയാൽ എനിക്ക് മാർക്ക് കിട്ടുമോ? വെള്ളത്തിലും കരയിലും ജീവിക്കുന്ന എപ്പോഴും പാമ്പിനെ പേടിച്ച് കഴിയുന്ന ജന്തുവിനെ അറിയില്ലെ?’
“ടീച്ചറെ നമ്മൾ ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും ടീച്ചറുടെ മാർക്ക് കുറയും”
“അതെങ്ങനെ?”
“നമ്മൾ ഉത്തരം പറയാത്തതുകൊണ്ട് ടീച്ചർക്ക് പൂജ്യം മാർക്ക് ആയിരിക്കും, ഉത്തരം പറഞ്ഞിരുന്നെങ്കിൽ ടീച്ചറുടെ മാർക്ക് അതിലും കുറയും”
“പൂജ്യത്തിലും കുറയാനോ, അതെങ്ങനെ?”
“ശരിക്കും കുറയും,, കാരണം, നമ്മുടെ ഹെഡ്‌ടീച്ചറുടെ ഇരട്ടപ്പേരാണ്,,, തവള
**************************************************

21.6.16

പ്രസവവാർഡ്പത്തുമാസം കഴിഞ്ഞല്ലൊ മോനെ; ഇനി അമ്മയെ വിഷമിപ്പിക്കാതെ വെളിയിലോട്ട് ഇറങ്ങിവാ,,,”

“അമ്മേ, ഞാനിതാ അങ്ങോട്ട് വരുന്നുണ്ട്,, പക്ഷെ ഒരു കാര്യം”

“എന്തു കാര്യമാ?”

“എനിക്കറിയണം, എന്റെ അച്ഛനാരാണെന്ന്”

“അതാണോ? അത് വടക്കെവീട്ടിൽ വിശ്വനാഥൻ മുതലാളിയാണ് നിന്റെ അച്ഛൻ,,,”

“അയാൾക്ക് എന്തൊക്കെയുണ്ട്?”

“അദ്ദേഹത്തിന് രണ്ട് കാലുണ്ട്, രണ്ട് കൈകൾ ഉണ്ട്, രണ്ട് കണ്ണുകൾ, ഒരു മൂക്ക്, ഒരു വായ,, പിന്നെ,,,”

“അതൊന്നുമല്ല, അങ്ങേർക്ക് മൊബൈൽ ഉണ്ടോ?”

“ഉണ്ടല്ലൊ,, എല്ലാറ്റിലും വലുത്; സാംസങ്ങ് ഗാലക്സി, എയർടെൽ ഫോർ ജിയാണ്, പിന്നെ?”

“ഫെയ്സ്ബുക്ക്, വാട്ട്സപ്പ്, ട്വിറ്റർ, ഹോട്ട്സ്റ്റാർ, ചാറ്റ്, ചീറ്റ്, ഒക്കെയുണ്ടോ?”

“എല്ലാം അങ്ങേർക്ക് സ്വന്തമായി ഉണ്ട്”

“ടീ.വി, ഫ്രിഡ്ജ്, കമ്പ്യൂട്ടർ, മ്യൂസിക്ക് സിസ്റ്റം,, ഇവയൊക്കെ?”

“അതെല്ലാം ലെയ്റ്റസ്റ്റ് മോഡൽ വീട്ടിൽ വാങ്ങിയിട്ടുണ്ട്, പോരെ?”

“പോരല്ലൊ,, അച്ഛനു സ്വന്തമായി എത്ര സമ്പാദ്യം കാണും? പണമായിട്ടും പറമ്പായിട്ടും ഉള്ളതിൽ എത്ര ബ്ലാക്ക് മണികാണും, എത്ര കൈയിലുണ്ടാവും?”

“പണമായിട്ട് സ്വിസ് ബാങ്കിലുള്ളത് അറിയില്ലെങ്കിലും നാട്ടിലുള്ള ഒട്ടുമിക്ക സഹകരണ ബാങ്കിലും നാഷണലൈസ്ഡ് ബാങ്കിലും ഫിക്സഡ് ഡപ്പൊസിറ്റ് ആയി കോടികൾ ഉണ്ട്. പിന്നെ സ്വന്തം പേരിൽ 4 വില്ലകളും 6 ഫ്ലാറ്റുകളും 2 ബംഗ്ലാവുകളും പത്തിലധികം എസ്റ്റെയിറ്റുകളും രണ്ട് മെഡിക്കൽ കോളേജും 3 എഞ്ചിനിയറിംഗ് കോളേജും ഉണ്ട്”

“അച്ഛന് സ്വന്തമായി വാഹനങ്ങളൊന്നും ഇല്ലെ?”

“ഓ, വീടിന്റെ പരിസരം നിറയെ വാഹനങ്ങളുടെ കൂട്ടമാണ്. മോന്റെ അച്ഛന് സ്വന്തം പേരിൽതന്നെ ഒരു ബി.എം.ഡബ്ലിയു, രണ്ട് സ്കോർപ്പിയോ, 3 ഇന്നോവ, 12 കണ്ടെയിനൽ ലോറികൾ, രണ്ട് ജേസിബി, 24 ടിപ്പർ ലോറികൾ, പിന്നെ 13 ലക്ഷ്വറി ബസ്സുകളും ഉണ്ട്,,, ”

“വീട്ടിൽ ഏസി ഉണ്ടോ?”

“വീടിന്റെ എല്ലാ മുറികളിലും കൂടാതെ അടുക്കളയിലും കുളിമുറികളിലുംകൂടി ഏസിയുണ്ട്”

“അപ്പോൾ എല്ലാം ശരി, ഇനി ഞാനിതാ പതുക്കെ പുറത്തേക്ക് വരുന്നു,,, പിന്നെ,,, എന്റെ അച്ഛന് വേറെ എന്തെങ്കിലും സ്വന്തമായിട്ട്,,?”

“ഇവയെല്ലാം കൂടാതെ അങ്ങേർക്ക് ഒരു ഭാര്യയും രണ്ട് മക്കളും ഉണ്ട്”

“ങെ,, അതെങ്ങനെ ശരിയാവും?”

“പറഞ്ഞതെല്ലാം ശരിയാണ്, ഇതെല്ലാം സ്വന്തമായുള്ള വിശ്വനാഥൻ മുതലാളിയുടെ വീട്ടിലെ വേലക്കാരി ജാനുവാണ് ഞാൻ. നീ കിടക്കുന്നത് ജാനുവിന്റെ വയറ്റിലാണ്”

“അയ്യോ അമ്മെ”

“എടാ, മര്യാദക്ക് നീയിങ്ങോട്ട് ഇറങ്ങി വരുന്നതാണ് നല്ലത്, അല്ലെങ്കിൽ ഡോക്റ്റർമാർ ചേർന്ന് നിന്നെപ്പിടിച്ച് വെളിയിലാക്കും, പറഞ്ഞേക്കാം.”

************************************

27.4.16

എൽ.കെ.ജി ക്ലാസ്സിൽ സംഭവിച്ചത്അറസ്റ്റ്ചെയ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ എസ്.ഐ. ചോദിച്ചു,
“ടീച്ചറായിട്ട് ജോലിയിൽ പ്രവേശിച്ചത് ഇന്നലെയാണെന്ന് പറഞ്ഞു. പിന്നീട് എന്തൊക്കെയാ സംഭവിച്ചത്?”
“സാറിനറിയോ,, പ്ലസ് ടൂ വരെയുള്ള ടീച്ചിംഗിന് ക്വാളിഫൈഡ് ആണ് ഞാൻ; എന്നിട്ടും ഫസ്റ്റിൽതന്നെ ടീച്ച് ചെയ്യാൻ ഐ ഗോട്ട് മൈനസ് ടൂ ക്ലാസ്സ്; എത്ര ഹാർഡുവർക്ക് ചെയ്ത് പഠിച്ചതാണെന്നോ,,”
“മൈനസ് ടൂ?”
“മൈനസ് ടൂ മീൻസ് എൽ.കെ.ജി.,,,”
“എന്നിട്ട് എന്തുണ്ടായി?”
“സ്ക്കൂൾ ഓപ്പണായ ഡേയിൽതന്നെ അതായത് യസ്റ്റർഡേ,, നാട്ടിലുള്ള ഇംഗ്ലീഷ്മീഡിയം സ്ക്കൂളിൽ ടീച്ചറായി ജോയിൻ ചെയ്തു. അങ്ങനെയാണ് എൽ.കെ.ജി. ക്ലാസ്സിൽ പോയത്”
“ശരി, ബാക്കി പറഞ്ഞോ,,”
“ഇറ്റ് ഈസ് വരിനൈസ് സാർ, കൊച്ചു കുട്ടികളുമായി മിക്സ് ആവാമല്ലൊ. ഓപ്പനിംഗ് ഡേയിൽ ഫസ്റ്റിൽതന്നെ വരുന്ന പിള്ളേർസ് ഒരുതരത്തിലും ജോയിൻഡ് ആവുന്നില്ല. ആകെ ബഹളമയം. കുട്ടികളും പുതിയത്, ഞാനും പുതിയത്; ഫസ്റ്റ് ഡേ ആയതിനാൽ,,”
“ആയതിനാൽ?”
“എല്ലാ സ്റ്റൂഡന്റ്സും പേരന്റ്സിന്റെ കൂടെയാണ് വന്നത്. കൊച്ചുങ്ങളെ ക്ലാസ്സിലിരുത്തിയിട്ട് പേരന്റ്സൊക്കെ ലഫ്റ്റ് ഔട്ട്സൈഡ്”
“എന്നിട്ട്?”
“ഓൾ ചിൽഡ്രൻസ് ആർ ക്രൈയിങ്ങ്,, കരച്ചിലോട് കരച്ചിൽ,, അവരെയൊന്ന് മെരുക്കാനായി ഞാൻ സിംഗ് ചെയ്തു,, സ്റ്റോറി പറഞ്ഞു. അങ്ങനെ എല്ലാ‍രും നല്ലകുട്ടികളായി ക്ലാസ്സിലിരുന്നു. എന്നിട്ടും,,”
“എന്നിട്ടും?”
“ഒരുത്തൻമാത്രം കരച്ചിൽ തുടരുകയാണ്. അവനെയൊന്ന് ഇരുത്താനായി പഠിച്ചട്രിക്സ് പലതും ട്രൈചെയ്തു നോക്കി. അറ്റ്ലാസ്റ്റ് റജിസ്റ്റർ ഓപ്പൺചെയ്ത് പേരുവിളിക്കാൻ തുടങ്ങിയപ്പോഴും കരച്ചിൽ മാറാതെ കണ്ണീരൊലിപ്പിക്കുന്ന പയ്യന്റെ അടുത്തുപോയി ചുമലിൽ കൈവെച്ചുകൊണ്ട് അവനെ ആശ്വസിപ്പിച്ചിട്ട് പറഞ്ഞു,”
“എന്തിനാ കരയുന്നത്? ഫ്രന്റ്സൊക്കെ ചിരിക്കുന്നുണ്ടല്ലൊ,, മോന്റെ പേരൊന്ന് പറഞ്ഞാട്ടെ,,,”
“എന്നിട്ടോ?”
“വലതുകൈയ്യിലെ ചെറുവിരൽ എനിക്കുനേരെ ഉയർത്തിക്കൊണ്ട് ആ കുട്ടിക്കാന്താരി എന്റെ മുഖത്തുനോക്കി പറയാ,,,”
“എന്ത് പറഞ്ഞു?”
നീ പോടി പട്ടി പുല്ലെ,,, ഞാൻ കട്ടിയാ,, കട്ടി
എസ്.ഐ ഞെട്ടിയെഴുന്നേറ്റ് ചോദിച്ചു,
“അത്? പിന്നീട് എന്ത് സംഭവിച്ചു?”
“രാവിലെ ടീച്ചറായി ജോയിൻചെയ്ത എന്നെ വൈകുന്നേരംതന്നെ പിരിച്ചുവിട്ടു”
“അപ്പോൾ ആ കുട്ടി?,,,”
“മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കയാ,, ബോധം തെളിഞ്ഞില്ലെന്നാണ് ലെയ്റ്റസ്റ്റ് ന്യൂസ്”