17.6.15

നാടൻ‌പാലും നാട്ടുപ്രമാണിയും

                  നാട്ടുപ്രമാണിമാർ ഉപയോഗിക്കുന്നത് പാല്‌രാജന്റെ നാടൻ‌പാൽമാത്രം ആയതിനാൽ അതിന്റെ ഗുണം നമ്മുടെ നാട്ടിലെങ്ങും പ്രസിദ്ധമാണ്. ഗ്രാമങ്ങളുടെ ഹൃദയഭാഗങ്ങളിൽ കയറിയിറങ്ങിയിട്ട് നാടൻ‌പശുവിന്റെ നാടൻ‌പാൽ വെള്ളം‌തൊടാതെ വൃത്തിയുള്ള പാത്രത്തിൽ ശേഖരിച്ച് കൊണ്ടുവരുന്നതായി അറിയപ്പെടുന്നതിനാൽ അതുവാങ്ങാനായി അടുക്കള അടച്ചുപൂട്ടിയിട്ട് വീട്ടമ്മമാർ രാജനുമുന്നിൽ ക്യൂ നിൽക്കും. പ്ലാസ്റ്റിക്ക്‌കവറിലെ പാൽ ഒരുകാലത്തും ഉപയോഗിക്കില്ല എന്ന് ദൃഢപ്രതിജ്ഞചെയ്ത നമ്മുടെ നാട്ടുകാർക്ക് രാജന്റെ നാടൻ‌പാൽ കിട്ടിയില്ലെങ്കിൽ നേരം പുലരില്ല എന്നാണ് അനുഭവം ഗുരു.

               അങ്ങനെയിരിക്കെ ഒരുദിവസം രാത്രി പാല്‌രാജൻ ഓട്ടോകുമാരനെ ഫോൺ‌ചെയ്തു,
“നാളെരാവിലെ അഞ്ചുമണിക്ക് ഓട്ടോയുമായി വീട്ടിൽ‌വരണം, രണ്ടു മണിക്കൂർ ഓട്ടം പോവാനുണ്ട്”
“ശരി, കൃത്യം അഞ്ചുമണിക്ക് നിന്റെ വീട്ടിനുമുന്നിൽ ഹാജർ,,,”

               പിറ്റേന്ന് രാജന്റെ വീടിനുമുന്നിൽ ഓട്ടോ എത്തിയപ്പോൾ വലിയ പാൽ‌‌പാത്രവുമായി രാജൻ മുന്നിൽ,
“എന്റെ പാല്‌വണ്ടി വർക്ക്‌ഷാപ്പിലാ,,, അതുകൊണ്ട് ഇന്നത്തെ പാല്‌വിതരണം നിന്റെ ഓട്ടോയിലാണ്”
           രാജന് സന്തോഷം തോന്നി, രാവിലെതന്നെ നല്ലൊരു ഓട്ടം, ഒപ്പം പാല്‌വാങ്ങാൻ വരുന്ന പെണ്ണുങ്ങളെ കാണുകയും ചെയ്യാം. പാൽ‌പാത്രം ഓട്ടോയിൽ കെട്ടിയുറപ്പിച്ച രാജൻ വീട്ടിനകത്തുപോയിട്ട് ബക്കറ്റുമായിവന്ന് പൈപ്പിനു ചുവട്ടിൽ വെച്ചശേഷം ടാപ്പ് തുറന്നു. കുമാരനാകെ സംശയം,
“രാജാ, പാത്രം വണ്ടിയിൽ ഫിറ്റ് ചെയ്യുന്നതിനു മുൻപെയല്ലെ കഴുകേണ്ടത്? ഇതിപ്പം വണ്ടി നനയുമല്ലൊ?”
“കുമാരാ ഇന്ന് കാണുന്നതൊന്നും ചോദിക്കാൻ പാടില്ല, പറയാനും പാടില്ല, കേട്ടോ?”
അതിനിടയിൽ ബക്കറ്റിലെ വെള്ളത്തിൽ‌നിന്ന് മുഖവും കൈയും കഴുകിയ രാജൻ ബാക്കിവെള്ളം പാൽ‌പാത്രത്തിലൊഴിച്ചിട്ട് ഓട്ടോയിൽ കയറിയിരുന്നശേഷം പറഞ്ഞു,
“സ്റ്റാർട്ട്, നേരെ മുന്നോട്ട്”

പത്തുമിനിട്ട് ഓടിയപ്പോൾ വഴി രണ്ടായി മാറുന്നിടത്ത് ഓട്ടോയുടെ സ്പീഡ് കുറഞ്ഞു, ഇടത്തോ? വലത്തോ?
“നേരെ വലത്തോട്ട്”
“രാജാ, അത് ടൌണിലേക്കുള്ള വഴിയല്ലെ?”
“പറയുന്ന വഴിയെ ഓടിക്കുക, ഒന്നും ചോദിക്കരുത്”
അഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ ഓർഡർ വന്നു,
“കുമാരാ നിർത്ത്,”
കുമാരൻ നിർത്തിയിട്ട് ചുറ്റും നോക്കുമ്പോൾ രാജൻ ബക്കറ്റുമായി പോയത് തൊട്ടടുത്തുള്ള മിൽമബൂത്തിൽ, അവിടെനിന്നും പാൽ‌പേക്കറ്റുകൾ എണ്ണിയെടുത്ത് ബക്കറ്റിൽ നിറച്ചശേഷം തിരികെ വണ്ടിയിൽ കയറി,
“സ്റ്റാർട്ട്; പീച്ചിതോട് വഴി നാട്ടിലേക്ക്”
‘അത് വളഞ്ഞവഴിയല്ലെ’, എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും ചോദിച്ചില്ല. ദൂരവും സമയവും കൂടിയാൽ കൂലിയും കൂടുമല്ലൊ. തോട്ടിൻ‌കരയിൽ എത്തിയപ്പോൾ രാജൻ പറഞ്ഞു,
“കുമാരാ നിർത്ത്”
കുമാരൻ നിർത്തി; ആ നേരത്ത് രാജൻ മിൽമാ പാക്കറ്റുകൾ ഓരോന്നായി പൊട്ടിച്ച് അതിനുള്ളിലെ പാല് മുഴുവൻ പാത്രത്തിലെ വെള്ളത്തിൽ ഒഴിക്കാൻ തുടങ്ങി. എല്ലാം പൂർത്തിയാക്കിയിട്ട് മിൽമാ കവറുകൾ തോട്ടിലെ വെള്ളത്തിൽ ഉപേക്ഷിച്ചശേഷം വണ്ടിയിൽ കയറിയ രാജൻ പറഞ്ഞു,
“ഇനി നേരെ നാട്ടിലേക്ക് വിട്ടോ”
                നാട്ടിലെത്തിയ കുമാരൻ അമ്പരന്നു; അവിടെ ബന്ധുക്കളും നാട്ടുകാരും നാട്ടുപ്രമാണിമാരും പാല്‌രാജന്റെ നാടൻ‌പാലിനെ കാത്തിരിക്കുകയാണ്,,, കൂട്ടത്തിൽ കുമാരന്റെ സ്വന്തം ഭാര്യകൂടി ഉണ്ടായിരുന്നു,,,