28.2.13

ഒരു ചെരിപ്പും രണ്ട് കാലുകളും

മുൻ‌കുറിപ്പ്:

കൂടുതൽ സമയം ഇന്റർനെറ്റിൽ ചുറ്റിയടിച്ച് ഇടയ്ക്കിടെ ഫെയ്സ്ബുക്കിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനിടയിൽ ബ്ലോഗിൽ കയറാതെ പോവുന്ന എന്റെ ഒരു സുഹൃത്തിന്, ഏതാനും വർഷം മുൻപ് ബസ്‌യാത്രക്കിടയിൽ ഉണ്ടായ അനുഭവം അദ്ദേഹത്തിന്റെ അനുവാദം ചോദിക്കാതെ ഇവിടെ പകർത്തുകയാണ്.

അന്നൊരു നാൾ നട്ടുച്ചയ്ക്ക്...
                      സുന്ദരനും സാധാശീലനും ആരോഗ്യവാനും സർവ്വോപരി അവിവാഹിതനുമായ നമ്മുടെ ഹൈസ്ക്കൂൾ ക്ലാർക്ക്, പഠിപ്പിക്കുന്നവരും പഠിപ്പിക്കാത്തവരുമായ സ്ക്കൂൾ‌ജീവനക്കാരുടെ ശമ്പളം കണ്ണൂർ ട്രഷറിയിൽനിന്നും വാങ്ങിയിട്ട് എണ്ണിനോക്കാതെ സ്വന്തം ബാഗിലിട്ടു. പണം വാങ്ങുമ്പോൾ എണ്ണിനോക്കുന്ന സ്വഭാവമൊക്കെ സംശയാലുക്കളായ അദ്ധ്യാപകർക്ക് മാത്രം ഉള്ളതാണ്. അദ്ധ്യാപകരല്ലാത്തവർ ട്രഷറിയിലെ ഇരുമ്പ്‌വലക്കുള്ളിൽ ഇരുന്ന് കേഷ്യർ പണം എണ്ണുമ്പോൾ അവരോടൊപ്പം എണ്ണുന്നതിനാൽ, കൈയിൽ കിട്ടിയ പണം അവിടെനിന്ന് രണ്ടാമതൊന്ന് എണ്ണിനോക്കുന്ന സ്വഭാവമില്ല. അതിനാൽ ബാഗിലെ പണം മുറുകെപിടിച്ചുകൊണ്ട് ഒരു ചായപോലും കുടിക്കാതെ നേരെ ബസ്‌സ്റ്റോപ്പിലേക്ക് നടന്ന് സ്ക്കൂളിൽ എത്തിചേരാനുള്ള ബസ്സിൽ അദ്ദേഹം കയറി. സ്ക്കൂളിലാണെങ്കിൽ,,, ക്ലാർക്കിന്റെ വരവും‌നോക്കിയിട്ട് പഠിപ്പിക്കാതെ ഇരിക്കുന്ന അദ്ധ്യാപകർ ഒട്ടനവധി ഉണ്ട്.

                      ബസ്സിൽ കയറിയപ്പോൾ നമ്മുടെ ക്ലാർക്കിന് ഇരിക്കാൻ ഇടം കിട്ടിയത് ലേഡീസ് സീറ്റിന്റെ തൊട്ടുപിന്നിലുള്ള ഇരിപ്പിടത്തിൽ. അവിടെ ഇരിക്കാൻ‌നേരത്ത് തൊട്ടടുത്തിരിക്കുന്നവനെ ഒന്നുനോക്കി, യൂനിഫോം അണിഞ്ഞിരിക്കുന്ന ഒരു സ്ക്കൂൾ‌കുട്ടി. പത്താം തരത്തിലായിരിക്കും; ഇവനെന്തിനാണ് അസമയത്ത് ബസ്സിൽ യാത്ര ചെയ്യുന്നത്? എന്തെങ്കിലുമാവട്ടെ,,, ബാഗിന്റെ കനം മടിയിൽ സ്ഥാപിച്ച് രണ്ട് കണ്ണുകൊണ്ടും അതിനെ ഇടയ്ക്കിടെ ശ്രദ്ധിച്ച് അങ്ങനെ ഇരിക്കുമ്പോൾ ബസ് സ്റ്റാർട്ട് ചെയ്ത് ഫുൾസ്പീഡിൽ ഓടാൻ തുടങ്ങി. ഇനി അരമണിക്കൂർ യാത്ര ചെയ്താൽ ബസ്സിൽനിന്ന് ഇറങ്ങിയശേഷം പത്ത് മിനിട്ട് നടന്നാൽ നമ്മുടെ സർക്കാർ ഹൈസ്ക്കൂളിൽ എത്താം.

                      ബസ് ഓടിക്കൊണ്ടിരിക്കെ എന്തോ ഒരു പന്തികേട്; മുന്നിലുള്ള വനിതാസംവരണ സീറ്റുകളിലിരിക്കുന്നത് ഒരു യുവതിയും പ്രായമേറെയുള്ള ഒരു സ്ത്രീയുമാണ്. സുന്ദരിയായ ആ യുവതി ഒരു തവണ പിന്നിലേക്ക് തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു. രണ്ടാം തവണയും പുഞ്ചിരിച്ചശേഷം തൊട്ടടുത്തിരിക്കുന്ന സ്ത്രീയോട് –അവളുടെ തള്ളയായിരിക്കാം- എന്തോ അടക്കം പറയുകയാണ്. അവൾ വീണ്ടും വീണ്ടും തലതിരിച്ച് നോക്കുകയാണ്. സുന്ദരിയായ ഒരു പെണ്ണ് അവിവാഹിതനായ യുവാവിനെ നോക്കി ഇടയ്ക്കിടെ പുഞ്ചിരിച്ചാൽ കാര്യം മനസ്സിലാക്കാം; എന്നാൽ ഇവിടെ നോക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നവളുടെ നെറ്റിയുടെ മുകളിൽ,,, സീമന്തരേഖയിൽ,,, സിന്ദൂരം വിതരി ചോരയൊലിപ്പിച്ചത് പോലെ ആക്കിയിട്ടുണ്ട്. പോരാത്തതിന് ആനച്ചങ്ങല പോലത്തെ താലിചെയിനും. ഇതെല്ലാം പൊതുജനത്തെ കാണിക്കുന്ന ഇവൾ മറ്റൊരുത്തനെ നോക്കുന്നത് എന്തിനായിരിക്കും? മതിലും വേലിയും ഉള്ള വീട്ടിലെ കൊച്ചെന്തിന് വെളിയിലേക്ക് നോക്കുന്നു?

പെട്ടെന്ന് ആ യുവതി ഉച്ചത്തിൽ വിളിച്ചുകൂവി,
“ചെരിപ്പ്,, ചെരിപ്പ്”
അതോടൊപ്പം തൊട്ടടുത്തിരിക്കുന്ന അമ്മച്ചിയുടെ ഒച്ച ഉയർന്നു,
“ബസ് നിർത്ത്, നിർത്തിയാട്ടെ”
പെട്ടെന്ന് ബസ് നിന്നു, ഒച്ചകേട്ട ഭാഗത്ത് എല്ലാവരും എത്തിനോക്കി. അവിടെ അവൾ എഴുന്നേറ്റ്‌നിന്ന് എല്ലാവരും കാൺകെ ഒരു ചെരിപ്പ് ഉയർത്തിപിടിച്ച് കൂവുകയാണ്,
“ചെരിപ്പ് കിട്ടിയേ,, എന്നെ ചവിട്ടിയവന്റെ ചെരിപ്പ് കിട്ടി,, ഇതാ ഒരു ചെരിപ്പ്”
തുടർന്ന് അവളുടെ അമ്മയോട് പറയാൻ തുടങ്ങി,
“ഇത്രയും നേരം എന്റെ കാല് ചൊറിഞ്ഞവന്റെ ചെരിപ്പാണ് ഇത്”

                           തൊട്ടുമുന്നിലെ ടാങ്കർ ലോറിയെ ഓവർ‌ടെയ്ക്ക് ചെയ്യാൻ പരിശ്രമിക്കുന്ന ബസ്‌ഡ്രൈവർ ഇതിനിടയിൽ ആ പരിശ്രമം മതിയാക്കി ആളുകൾ ഒഴിഞ്ഞ, കടകളൊന്നും ഇല്ലാത്ത ഇടത്ത് ഇടതുവശത്തായി പതുക്കെ ബസ് നിർത്തി. അപ്പോഴേക്കും യാത്രക്കാരായ പൊതുജനങ്ങൾക്കിടയിലെ പുരുഷസഹോദരങ്ങൾ ഒന്നിച്ച് ഒച്ചകേട്ട ഭാഗത്ത് തടിച്ചുകൂടിയപ്പോൾ അവൾ പൊടിപ്പും തൊങ്ങൽ‌സും വെച്ച് ചെരിപ്പ് വിശേഷം നമ്മുടെ ക്ലാർക്കിനെ ചൂണ്ടിക്കാട്ടിയിട്ട് വിളമ്പുകയാണ്.
“ഇതാ ഇവനാണ് എന്നെ കാലുകൊണ്ട് ചൊറിഞ്ഞത്, കണ്ണൂരിൽ നിന്നേ ഇയാൾ തൊടങ്ങിയതാ”
അതുവരെ കേരളത്തിലെ എല്ലാ ബസ്സുകളിലും ഉണ്ടായ പീഡനകഥകൾ പറഞ്ഞ് അതിനെല്ലാം കാരണം നമ്മുടെ സ്ക്കൂളിലെ ക്ലാർക്കിന്റെ തലയിൽ വന്നുവീഴാൻ തുടങ്ങി. അഭിപ്രായങ്ങൽ പെരുമഴയായി വന്നു,,,
“നമുക്കുവനെ പോലീസ് സ്റ്റേഷനിൽ എത്തിക്കാം”
“വേണ്ട, ഇവനെ ഇവിടെവെച്ച് തന്നെ കൈകാര്യം ചെയ്യാം”
“അതൊന്നും വേണ്ട പെങ്ങള് ആ ചെരിപ്പുകൊണ്ട് ഇവന്റെ മുഖത്ത് അടിച്ചാൽ മതി”
                         ആ നേരത്ത് സ്ത്രീകളുടെ ചുറ്റും നിന്നവരെ വകഞ്ഞുമാറ്റിയിട്ട് പിന്നിലിരുന്ന രണ്ടുപേർ മുന്നിൽ‌വന്നു. അവരെ കണ്ടപ്പോൾ അവളുടെ ആവേശം വീണ്ടും ഉയർന്നു,
“ഏട്ടാ ഇയാളെ വെറുതെ വിടരുത്”
അയാൾ മറ്റുള്ളവരെ നോക്കിയിട്ട് പറഞ്ഞു,
“ഇക്കാര്യം നമ്മൾ കൈകാര്യം ചെയ്തുകൊള്ളും. ഞാനിവളുടെ ഏട്ടനാണ്, പിന്നെ ഇത് ഇവളുടെ ഭർത്താവാണ്”
                     
                     യാത്രക്കാരിക്ക് ഭർത്താവും സഹോദരനും ഉണ്ടെന്നറിഞ്ഞതോടെ മറ്റുള്ളവർ ഡയലോഗ് നിർത്തിയിട്ട്, ലൈവായി ഒരു സ്റ്റണ്ട് കാണാനുള്ള കൊതിയോടെ അനുസരണ കുട്ടപ്പന്മാനും കുട്ടപ്പിമാരുമായി മാറി. മറ്റുള്ളവരുടെ ബഹളത്തിനിടയിലും കൈയിലുള്ള പണം ശ്രദ്ധിച്ചുകൊണ്ട് മിണ്ടാതിരിക്കുന്ന ക്ലാർക്കിനോട് കൂട്ടത്തിൽ തടിയൻ ചോദിച്ചു,
“മാന്യന്മാരുടെ വേഷം ധരിച്ച നീയെന്തിനാടാ ചെരിപ്പുകൊണ്ട് എന്റെ ഭാര്യയെ തോണ്ടാൻ പോയത്?”
അതുവരെ ഒരക്ഷരവും മിണ്ടാതിരുന്ന അദ്ദേഹം പെട്ടെന്നെഴുന്നേറ്റ് എല്ലാവരും കേൾക്കെ പറഞ്ഞു,
“താനെന്താടോ പറഞ്ഞത്,,, ഈ ചെരിപ്പ് എന്റേതോ? കാലിൽ ആയിരത്തി ഇരുന്നൂറിന്റെ ഷൂ ഇട്ട് മാത്രം ഓഫീസിൽ പോവുന്ന എന്റെ കാലിലെങ്ങനെയാടാ ചെരിപ്പ്?”
                     എല്ലാവരുടേയും നോട്ടം താഴോട്ടിറങ്ങിയിട്ട് അദ്ദേഹത്തിന്റെ കാലിലേക്കായി, അവിടെ രണ്ട് കാലിലും കറുത്ത് മിന്നുന്ന ഷൂസ് കണ്ടപ്പോൾ അതുവരെ അലറിവിളിച്ച യുവതിയടക്കം നിശബ്ദമായി. അപ്പോൾ ഏട്ടൻ പറഞ്ഞു,
“അളിയാ ഒരു ചെരിപ്പ് ഉള്ളത് ഇയാളുടേതല്ലല്ലൊ. പിന്നെ ഇതിന്റെ ജോഡി ആരുടെ കാലിലാണ്?”
അതുവരെ അങ്കം നോക്കി രസിച്ചങ്ങനെ തൊട്ടടുത്ത് ഇരിക്കുന്ന സ്ക്കൂൾ വിദ്യാർത്ഥിയുടെ കാലിലേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞു. അവന് രണ്ട് കാലുകളും ഉണ്ട്; എന്നാൽ ചെരിപ്പ് ഒന്നുമാത്രം.
“ചൊറിഞ്ഞത് ഇവൻ തന്നെ ഇനി ഇവന്റെ ചൊറിച്ചിൽ നമ്മൾ മാറ്റിക്കൊള്ളം. ഇവനെ ഞങ്ങൾ കൊണ്ടുപോവുകയാ,, ബസ്  വിട്ടോ?”
                      അതുവരെ പ്രതിയാക്കപ്പെട്ട നമ്മുടെ ക്ലാർക്കിനോട് രണ്ടുപേരും മാപ്പ് പറഞ്ഞശേഷം സ്ക്കൂൾ വിദ്യാർത്ഥിയായ ആ ചെറുപ്പക്കാരന്റെ ഓരോ കൈയും പിടിച്ച് ബസ്സിന്റെ ഏറ്റവും പിന്നിലുള്ള സീറ്റിൽ ഇരുത്തിയിട്ട്, അവന്റെ ഇരുവശത്തും ചെരിപ്പ് കിട്ടിയ യുവതിയുടെ ഏട്ടനും കെട്ടിയവനും ഇരുന്നു. അതിൽ ഒരാൾ അവനോട് ചോദിച്ചു,
“മോനേ നിന്റെ പേരെന്താ?”
……..
“അളിയാ ഇവൻ മിണ്ടില്ല, അതൊക്കെ നമുക്ക് നോക്കാം” അയാൾ പയ്യന്റെ എല്ലാ പുസ്തകവും പിടിച്ചുവാങ്ങിയിട്ട് അതിലൊന്ന് തുറന്ന് വായിച്ചു,
“ശ്രീകുമാർ,, മോനേ ശ്രീ കുമാരാ നീയെന്തിനാ,, പഠിക്കാൻ പോന്നത്?”
അതോടൊപ്പം പേജുകൾ ഒരോന്നായി കീറി എറിയാൻ തുടങ്ങി.
അങ്ങനെ ഓരോ പുസ്തകവും തുറന്ന് ഓരോ പേജുകളായി കീറി എറിയുമ്പോഴെല്ലാം അവർ കോറസ്സായി പറഞ്ഞു,
“മോനേ നീ എന്തിനാടാ,,, പഠിക്കാ‍ൻ പോന്നത്?”
             പണം മുറുകെപിടിച്ചുകൊണ്ട് നമ്മുടെക്ലാർക്ക് ഹൈസ്ക്കൂൾ സ്റ്റോപ്പിൽ  ഇറങ്ങുമ്പോഴും ബസ്സിന്റെ പിൻ‌സീറ്റിലിരുന്ന് അളിയന്മാർ പേജുകൾ ഒരോന്നായി കീറി എറിയുന്നുണ്ടായിരുന്നു. ഒപ്പം വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്നു,
“മോനേ ശ്രീ കുമാരാ,,, നീ, എന്തിനാ,,,, പഠിക്കാൻ പോന്നത്?”