14.3.11

യാത്രക്കിടയിൽ കേട്ടതും കണ്ടതും

                          ഒരേ വഴികളിലൂടെ ആണെങ്കിലും ഏറ്റവും കൂടുതൽ യാത്ര ചെയ്തതിനാൽ എല്ലാവരെക്കാളും മെച്ചപ്പെട്ട യാത്രാവിവരണങ്ങൾ എഴുതാൻ എനിക്ക് കഴിയും; ചില കാര്യങ്ങൾ എഴുതിയിട്ടും ഉണ്ട്. എന്നാൽ എന്റെ യാത്രാവിവരണങ്ങളൊന്നും തന്നെ യാത്രാവിവരണങ്ങളായി അംഗീകരിക്കപ്പെടാൻ ഇടയില്ല.
കാരണം,,,?
                          എഴുതുന്നത് യാത്രാവിവരണമാണെങ്കിലും അവയെല്ലാം വാഹനത്തിന്റെ അകത്തുള്ള മനുഷ്യരുടെ കാര്യങ്ങൾ മാത്രമാണ്. പുറത്തുള്ള പ്രകൃതിദൃശ്യങ്ങളും വഴിയിൽ കേട്ട പാട്ടുകളും കണ്ട ദൃശ്യങ്ങളും പിന്നെ സ്റ്റാർ ഹോട്ടലിലെ ഭക്ഷണമെനുവും ഒന്നും‌തന്നെ എന്റെ യാത്രയിൽ കാണില്ല. ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ അവസരം ലഭിച്ച (എന്ന് ഞാൻ തന്നെ പറയുന്നു) എനിക്ക്, ഓരോ യാത്രയും ഓരോ പുതുപുത്തൻ അനുഭവങ്ങളാണ്; രസകരമായ യാത്രാനുഭവങ്ങൾ.
കുടുംബസമേതമുള്ള ഒരു ബസ്സ് യാത്രാനുഭവമാണ് ഞാനിവിടെ വിവരിക്കുന്നത്.

                          വിവാഹിതയായ, ഇടത്തരക്കാരായ, ഏതാനും ചില ഉദ്യോഗസ്ഥകളുടെ(അദ്ധ്യാപികമാരുടെത് പ്രത്യേകം) ഓണം കൃസ്തുമസ് അവധികൾക്ക് സവിശേഷതകൾ ഉണ്ട്. പഠനത്തിനുശേഷം കാത്തിരുന്ന് ലഭിക്കുന്ന അവളുടെ ഉദ്യോഗം, മിക്കവാറും സ്വന്തം വീടിനടുത്തായിരിക്കും. പിന്നീട് വിവാഹശേഷം അകലെയുള്ള ഭർതൃവീട് പലപ്പോഴും ‘അവധി വിഹാരകേന്ദ്രം’ മാത്രമായിരിക്കും. അവരോടൊപ്പം ജീവിക്കേണ്ട ഭർത്താവ് സ്വന്തം വീട്ടിലും വീടാരത്തിലുമായി അങ്ങും ഇങ്ങും കഴിഞ്ഞുകൂടും.
(വീടാരം= ഭാര്യവീട്)
എത്രകാലം???
ഉത്തരം= ഒന്നുകിൽ സ്വന്തം വീടുകളിൽനിന്ന് അടിച്ച് പിരിയും വരെ, അല്ലെങ്കിൽ സ്വന്തമായി സ്ഥലം വാങ്ങി വീട് നിർമ്മിക്കുന്നത് വരെ,

വർഷങ്ങൾക്ക് മുൻപ് ഒരു സായാഹ്നനേരത്ത് കേരളത്തിലെ വിദ്യാലയങ്ങൾക്ക് ഓണഅവധി പ്രഖ്യാപിക്കപ്പെട്ടതിന്റെ പിറ്റേദിവസം ഒരു ശനിയാഴ്ച.
                         സമീപമുള്ള വിദ്യാലയത്തിൽ ടീച്ചറായതിനാൽ രണ്ട് മക്കളും ഞാനും എന്റെ വീട്ടിൽ തന്നെയാണ് താമസമെങ്കിലും ഓണം, കൃസ്തുമസ്, മധ്യവേനൽ തുടങ്ങിയ അവധികളെല്ലാം ഭർത്താവിന്റെ വീട്ടിൽ വെച്ചായിരിക്കും ആഘോഷിക്കുന്നത്. അങ്ങനെയുള്ള ഒരു ഓണം അടിപൊളി ആക്കാനായി ഞങ്ങൾ ‘കാട്ടുമൂല’യിലുള്ള ഭർതൃവീട്ടിലേക്ക് പോവുകയാണ്. ഞങ്ങൾ എന്ന് വെച്ചാൽ രണ്ടും നാലും വയസ് പ്രായമുള്ള മക്കളും ഞാനും ഒപ്പം എന്നെ കെട്ടിയവനായ മാഷും. ഈ മാഷ് അദ്ദേഹത്തിന്റെ വീട്ടിലാണ് താമസമെങ്കിലും മക്കളെ കാണാനെന്ന വ്യാജേന ഇടയ്ക്കിടെ എന്നെക്കാണാൻ വരും.
(‘കാട്ടുമൂല’യിൽ ഇപ്പോൾ കാട് മാത്രം ഇല്ല)

കണ്ണൂരിൽ നിന്ന് ഭർത്താവിന്റെ നാട്ടിലേക്ക് പോകുന്ന ഏക കെ.എസ്.ആർ.ടീ.സി. ചുവന്ന വണ്ടിയിലാണ് ഞങ്ങൾ കയറിയത്.
നമ്മുടെ സർക്കാറിന്റെ ചുവന്ന വണ്ടിക്ക് മാത്രമായി ചില സവിശേഷതകളുണ്ടല്ലൊ,
അതിലൊന്ന്: സാധാരണ ബസ്സുകൾക്ക് രണ്ട് വാതിലുകൾ ഉണ്ടെങ്കിലും നമ്മുടെ ഈ സർക്കാർ വണ്ടിക്ക് അക്കാലത്ത് ഒരേയൊരു വാതിൽ മാത്രം. രണ്ട് വാതിലുകൾ ഉണ്ടായാൽ രണ്ടിലൂടെയും ആളുകൾക്ക് കയറാം ഇറങ്ങാം; ഇവിടെ രണ്ട് വഴികൾ ഒന്നായി തീർന്നിരിക്കയാണ്.
രണ്ടാമത്: ആകെയുള്ള ഒരു വാതിൽ മുന്നിലാണെങ്കിൽ വനിതാസംവരണ സീറ്റുകൾ മുന്നിലായിരിക്കും. വാതിൽ പിന്നിലാണെങ്കിൽ വനിതാസംവരണം പിന്നിലായിരിക്കും. അത് അങ്ങനെയാണ്,
മൂന്നാമത്: ബസ്സ് ഓടണമെങ്കിൽ വനിതാസംവരണ ഇരിപ്പിടത്തിൽ വനിതകൾ തന്നെ ഇരിക്കണമെന്ന നിർബ്ബന്ധം കണ്ടക്റ്റർക്ക് പണ്ട്കാലത്ത്‌തന്നെ ഉണ്ട്.
(അതുകൊണ്ട് ആ ചുവന്ന സർക്കാർ വണ്ടികൾ പണ്ട്കാലം മുതൽ എനിക്ക് പെരുത്ത് ഇഷ്ടമാണ്)

                        ഞങ്ങൾ കയറിയ ബസ്സിന്റെ വാതിൽ മുന്നിലായതിനാൽ ഡ്രൈവറുടെ പിന്നിൽ നാലാംനമ്പർ വനിതാസംവരണത്തിൽ മൂന്നുപേർ ഇരിക്കേണ്ട ഇരിപ്പിടത്തിൽ മൂന്നാമതായി മടിയിൽ മൂത്ത മകളും കൈയിൽ സ്യൂട്ട്‌കെയ്സും ചുമലിൽ ഓഫീസ് ബാഗുമായി അല്പം ഒതുങ്ങി ഞാൻ ഇരുന്നു. ഒതുങ്ങാൻ കാരണം യാത്രക്കാരായ ആണുങ്ങളും പിന്നെ ആണായ കണ്ടക്റ്ററും  അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോൾ എന്നെ സ്പർശിക്കാതിരിക്കാനാണ്. ഉറങ്ങുന്ന രണ്ടുവയസ്സുകാരിയെ ചുമലിലെടുത്ത് നേരെ ബസ്സിന്റെ പിന്നിലേക്ക് പോയ അദ്ദേഹത്തിന് ഏറ്റവും പിന്നിൽ ഇരിപ്പിടം കിട്ടി.

നമ്മുടെ ബസ്സ് മേലേചൊവ്വ പിന്നിട്ട് താഴെ ചൊവ്വയിലെത്തി.
(രണ്ടും ഭൂമിയിൽ തന്നെയാണേ,,,)
                        പിന്നീടങ്ങോട്ട് ബസ്സ് നടന്നും ഇഴഞ്ഞും നീങ്ങാൻ തുടങ്ങി. ഒരു ബസ്സിനുമാത്രം പോകാനായി പണികഴിപ്പിച്ച ആ റോഡിൽ എതിർ‌വശത്തുനിന്ന് ഒരു ബസ്സ് വരികയാണെങ്കിൽ,,,?
ഏതെങ്കിലും ഒരു ബസ്സിന്റെ ‘രണ്ട്‌കാലുകൾ’ തൊട്ടടുത്ത പറമ്പിലേക്ക് കയറ്റിവെക്കണം. അതുപോലെ ‘കീയേണ്ടവര് കീഞ്ഞിട്ട് കേരേണ്ടവര് കേരുമ്പം’ സമയം ഒരു പാടാകുന്നത് ബസ്സ് ഓടിക്കുന്നവനും കീഞ്ഞാളും കേരിയാളും അറിയുന്നതേയില്ല. ബസ്സിൽ വലിയ തിരക്കില്ലെങ്കിലും കമ്പിയിൽ‌പിടിച്ച് ആടിയാടി നിൽക്കുന്ന പത്തോളം പുരുഷപ്രജകളെ ഒരുവശത്തേക്ക് ഒതുക്കിമാറ്റി, അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ട്, കണ്ടക്റ്റർ പണം എണ്ണി വാങ്ങുകയും ടിക്കറ്റ് മുറിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്.

അതിനിടയിൽ
                       ബസ്സിനകം മുഴുവൻ അരിച്ചുപെറുക്കി നിരീക്ഷിക്കുന്നതിനിടയിൽ ഞാൻ ഒരു കാര്യം കണ്ടുപിടിച്ചു; എന്റെ മുന്നിലുള്ള സീറ്റിൽ ഇരിക്കുന്ന ഏതാണ്ട് മുപ്പത് വയസ്സ് പ്രായമുള്ള സ്ത്രീയെ മുട്ടിയുരുമ്മി ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു! ശരിക്കും അവളുടെ ചുമലിൽ കയറിയിരിക്കാൻ അവൻ പരിശ്രമിക്കുകയാണെന്ന് തോന്നും. അവന്റെ ആ ശരീരഭാരം, ചുമലിൽ ഇറങ്ങാതിരിക്കാനായി അവൾ ചാഞ്ഞും ചെരുഞ്ഞും ഇരിക്കുന്നതിനിടയിൽ അവന്‌നേരെ കത്തുന്ന ഒരു നോട്ടം എറിഞ്ഞ്, പതുക്കെ എന്തൊക്കെയോ ഭീഷണിപ്പെടുത്തുന്നും ഉണ്ട്. 
                       ബസ്സിൽ നിൽക്കുന്നവൻ തന്റെ ഭാരം ഇരിക്കുന്നവളുടെ ചുമലിൽ ചാർത്താനുള്ള ശ്രമം തുടരുന്നതിന് തടസ്സം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കാതെ, കണ്ടക്റ്റർ പാസ് ചെയ്യുമ്പോൾ അവനോടായി പറഞ്ഞു,
“അല്പമൊന്ന് മാറി നിൽക്ക്, പിന്നിൽ ഇഷ്ടം‌പോലെ സ്ഥലം കെടപ്പുണ്ടല്ലൊ”
“ഞാൻ ഇവിടെത്തന്നെ നിൽക്കും, നീയാരാ അത് ചോദിക്കാൻ?”
ധിക്കാരപരമായ അവന്റെ മറുപടി കണ്ടക്റ്ററെ ചൊടിപ്പിച്ചു. സ്വന്തം വീട്ടിൽ അയൽ‌വാസി കടന്നുവന്ന് വഴക്ക് പറഞ്ഞാലും സഹിക്കാം. എന്നാൽ ഒരു ബസ്സിൽ കയറിയ യാത്രക്കാരൻ ബസ്സോടിക്കുന്ന ഡ്രൈവറെയടക്കം നിയന്ത്രിക്കുന്ന കണ്ടക്റ്ററെ ഭീഷണിപ്പെടുത്തുന്നത് ഒരിക്കലും സഹിക്കില്ല.
കണ്ടക്റ്ററുടെ ശബ്ദം ഉയർന്നു,
“ബസ്സിൽ കയറിവന്ന് ധിക്കാരം പറയുന്നോ? സ്ത്രീകളുടെ സമീപത്ത് നിന്ന് മാറി പിറകിൽ നിൽക്കാനാണ് പറയുന്നത്”
“അതിന് പെണ്ണുങ്ങൾക്ക് പരാതിയൊന്നും ഇല്ലല്ലൊ, പിന്നെന്താ എനിക്കിവിടെ നിന്നാൽ?”
അപ്പോൾ അതുവരെ ചാഞ്ഞും ചരിഞ്ഞും അവനെ സഹിച്ചവളുടെ വായ്ക്കുള്ളിൽ, ഇതുവരെ ചുരുണ്ടുകൂടിയ നാവ് പ്രവർത്തനം ആരംഭിച്ചു,
“ഇയാൾ കൊറെനേരമായി ഇവിടെന്ന് മാറിനിൽക്കുന്നില്ല, പല തവണയായി പറയുന്നു; ഇനി ഞാനെന്നാ ചെയ്യണ്ടത്?”
“പെങ്ങളെ ഞാനിവിടെ നിന്നാലെന്താ പ്രശ്നം? ഉപദ്രവമൊന്നും ചെയ്യുന്നില്ലല്ലൊ”
അതും പറഞ്ഞ് ആ മാന്യൻ ഒന്നുകൂടി അവളോട് ചേർന്ന് നിന്നതോടെ അവൾ കുറച്ചുകൂടി മുന്നോട്ട് നീങ്ങിയിരുന്നു.
അതിനുശേഷം അയാൾ കണ്ടക്റ്ററെ നോക്കി പറഞ്ഞു,
“കണ്ടക്റ്ററെ നിങ്ങള്, നിങ്ങളെ പണി നോക്കിയാൽ മതി”
“ഇതും എന്റെ പണി തന്നെയാ,,, നീ പിന്നിലേക്ക് പോകുന്നോ?”
                          പിന്നെ ബസ്സിലാകെ ബഹളം തന്നെ. കണ്ടക്റ്റർ ടിക്കറ്റ് മുറിയും ബെല്ലടിയും മറന്ന് അവനെ ചീത്ത പറയുകയാണ്. അവനാണെങ്കിൽ ഒരിഞ്ച് പിറകോട്ട് മാറാനും ഒരുക്കമല്ല. പെട്ടെന്ന് പിന്നിൽ‌നിന്നും എന്റെ ഭർത്താവിന്റെ ശബ്ദം ഉയർന്നു,
“കണ്ടക്റ്ററെ എന്താ പ്രശ്നം?”
“അത് മാഷെ, ഇവിടെയൊരുത്തൻ പെണ്ണുങ്ങളെ മുട്ടിക്കൊണ്ട് നിൽക്കുകയാ, പിന്നിലോട്ട് പോകാൻ പറഞ്ഞപ്പം എന്നെ പേടിപ്പിക്കുകയാ”
സ്ഥിരയാത്രക്കാരനായ മാഷെ(എന്റെ ഭർത്താവിനെ) കണ്ടക്റ്റർക്ക് നല്ല പരിചയമാണ്. അത് കേട്ടപ്പോൾ ഭർത്താവിന്റെ സമീപം ഇരിക്കുന്ന പരിചയക്കാരനായ രാജു വിളിച്ചുപറയാൻ തുടങ്ങി,
“കണ്ടക്റ്ററെ അവനെയിങ്ങോട്ട് വിട് നമ്മള് ശരിയാക്കാം. എന്റെ പെങ്ങളൊക്കെ മുന്നിലിരിക്കുന്നുണ്ട്”

പിന്നീടങ്ങോട്ട് പൊടിപാറുന്ന ഡയലോഗുകളാണ്.
“ഞാനങ്ങോട്ട് വന്നാൽ എന്ത് ചെയ്യും? എന്നെയങ്ങ് തിന്നുകളയുമോ?” അവൻ,
“നീ വരണ്ടടാ, നിന്റെ വീട്ടിലെ പെണ്ണുങ്ങളെ ഇങ്ങോട്ട് വിട്ടാൽ മതി” എന്റെ ഭർത്താവ്,
“വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ പറയുന്നോ?” അവൻ,
“നിന്റെ വീട്ടില് അമ്മയോ, പെങ്ങളോ, ഭാര്യയോ, മകളൊ ആരാണുള്ളതെന്ന് വെച്ചാൽ അവരെയൊക്കെ കൂട്ടിവന്ന് ഈ ബസ്സിൽ കയറ്റിയിരുത്ത്. എന്നിട്ട് നമ്മളെല്ലാരും ചേർന്ന് അവരുടെ ചുമലിൽ കയറിയൊന്ന് ഇരിക്കട്ടെ” രാജു,
                      ശബ്ദവും ബസ്സിന്റെ സ്പീഡും കൂടിക്കൂടി വരുന്നുണ്ടെങ്കിലും അവൻ ലേഡീസ് സീറ്റിന് സമീപത്തുനിന്ന് ഒരിഞ്ച്‌പോലും പിറകോട്ട് പോകുന്നില്ല. പെട്ടെന്ന് സമീപമുള്ള സീറ്റിൽ ഇരുന്ന ഏതാണ്ട് എഴുപത് വയസ്സു തോന്നുന്ന ഒരു കാരണവർ എഴുന്നേറ്റ്‌നിന്ന് പിറകിലോട്ട് നോക്കി പറഞ്ഞു,
“ഒരു ചെറുപ്പക്കാരൻ ബസ്സില് പെണ്ണുങ്ങളുടെ അടുത്ത് നിൽക്കുന്നുണ്ടെന്ന്‌വെച്ച് അവനെന്താ വേണ്ടാത്തതൊന്നും ചെയ്യുന്നില്ലല്ലൊ?”
അപ്പോൾ അവനെ സപ്പോർട്ട് ചെയ്യാനും ആളുണ്ട്, അതും ഒരു കിഴവൻ. രാജുവിന് ദേഷ്യം വന്നു,
“അപ്പോൾ വേണ്ടാതീനം കാണിക്കാത്തതാ കുറ്റം. അല്ല കാരണവരെ, ഓനെന്താ നിങ്ങളെ മരുമോനാണോ? എന്നാല് ഇനി ഓന്റെ വീട്ടിലെ പെണ്ണുങ്ങളെ നമ്മക്ക് വേണ്ട. പകരം കാരണവര് മോളേം മരുമോളേം കൂട്ടി ഈ ബസ്സില് വാ. എന്നിറ്റിങ്ങോട്ട് വിട്, നമ്മള് ഓളെ തലേല് കേരിയിരിക്കട്ടെ”
അതോടെ കാരണവർ ഫ്ലാറ്റ്, അദ്ദേഹത്തിന്റെ വായ ലോഗ്‌ഔട്ട് ചെയ്തു. എന്നാൽ അവളുടെ ചുമലിൽ ഇരിക്കാനായി വാശിപിടിച്ചതു പോലെ അവൻ അവിടെത്തന്നെ നിന്നു.

                       ബസ്സിൽ വെച്ച് സുന്ദരങ്ങളായ സൂപ്പർ ഡയലോഗുകൾ കേൾക്കുന്ന യാത്രാക്കാരിൽ പലർക്കും ബസ്സിൽ‌നിന്ന് ഇറങ്ങാൻ തോന്നുന്നതേയില്ല; എങ്കിലും അവർ മനസ്സില്ലാമനസ്സോടെ കീയേണ്ട സ്ഥലത്ത്‌തന്നെ കീഞ്ഞു.
പെട്ടെന്ന് എന്റെ ഭർത്താവ് പറഞ്ഞു,
“കണ്ടക്റ്ററെ അയാളവിടെ നിന്ന് മാറുന്നില്ലല്ലൊ, അതുകൊണ്ട് അയാളെ പോലീസ്‌സ്റ്റേഷനിൽ എത്തിക്കാം”
മൂന്ന് സ്റ്റോപ്പ് കഴിഞ്ഞാൽ പോലീസ്‌സ്റ്റേഷന് മുന്നിലൂടെയാണ് ബസ്സ് പോകേണ്ടതെന്ന് അവന് മാത്രമല്ല എല്ലാ യാത്രക്കാർക്കും അറിയാം.

                        വൈകുന്നേരമായത് കൊണ്ടാവണം ബസ്സിൽ യാത്രക്കാരുടെ എണ്ണത്തിന് വലിയ മാറ്റമൊന്നും ഇല്ല. ഇറങ്ങിയ അതേഎണ്ണം ആളുകൾ കയറുകയും ചെയ്യുന്നുണ്ട്. ബസ്സ് അടുത്ത സ്റ്റോപ്പിന് സമിപം എത്താറായപ്പോൾ അതുവരെ സ്ത്രീകളുടെ സമീപത്ത് നിന്ന അവൻ അല്പം മുന്നോട്ട് നീങ്ങി. അത് കണ്ടപ്പോൾ എന്റെ കെട്ടിയവന്റെ കമന്റ്,
“ഓനതാ വീട്ടില് പോന്നുണ്ട്, കെട്ടിയോളെ കൂട്ടി വരാനായിരിക്കണം”
“അതൊന്നുമല്ല മാഷെ പെങ്ങളെ വിളിച്ചോണ്ട് വരാനാണ്, കണ്ടക്റ്ററെ അയാളെ വിടണ്ട, അടുത്ത സ്റ്റോപ്പ് പോലീസ്‌സ്റ്റേഷനാണ്” രാജു.

മണിയടിച്ച് ബസ്സ് നിന്നപ്പോൾ അവൻ പതുക്കെ മുൻ‌വാതിലിനു നേരെ നടക്കുന്നതിനിടയിൽ പിന്നിലിരിക്കുന്നവരെ നോക്കി വിളിച്ചുപറഞ്ഞു,
“ഞാൻ കാണിച്ചുതരാം”
“നീ എന്താടാ കാണിക്കുന്നത്? കാണിക്കുന്നതെല്ലാം ഇപ്പം‌തന്നെ കാണിക്ക്” രാജു.
പെട്ടെന്ന് എന്റെ ഭർത്താവ് ആശ്ചര്യത്തോടെ ഉച്ചത്തിൽ പറയാൻ തുടങ്ങി,
“അല്ല ഇത് നമ്മുടെ അനിക്കുട്ടനല്ലെ! ഇവിടെ അടുത്ത് ആശുപത്രി നടത്തുന്ന നമ്മുടെ ഡോക്റ്റർ മണിക്കുട്ടന്റെ അനിയൻ! ഇയാള് ബാഗ്ലൂരിൽ എഞ്ചിനീയറാണല്ലൊ, നമ്മക്ക് ഓനെ പോലീസിൽ ഏൽ‌പ്പിക്കണം. പത്രത്തിൽ വാർത്തവന്ന് നാലാൾ അറിയട്ടെ”
എല്ലാവരും അവനെ ഒന്നുകൂടി നോക്കാൻ ശ്രമിക്കുമ്പോഴേക്കും ബസ്സിൽ‌നിന്നും അവൻ ഇറങ്ങി ഓടിയിരുന്നു.

പിൻ‌കുറിപ്പ്:
  1. മാന്യന്മാരാണെന്ന് വിശ്വസിക്കുന്നവർ പരിചയമില്ലാത്തവരുടെ ഇടയിലാണെങ്കിൽ മാന്യമല്ലാത്ത പെരുമാറ്റം (തനിസ്വഭാവം) കാണിക്കും.
  2. ഒരുതവണ എതിർത്ത് സംസാരിച്ച് പിന്നിലേക്ക് പോവാത്ത വ്യക്തി, മറ്റുള്ളവരെല്ലാം ചേർന്ന് എത്ര പറഞ്ഞാലും പിന്നിലേക്ക് പോവുകയില്ല. ആത്മാഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ പരമാവധി ശ്രമിക്കും.
  3. സ്വന്തം ഐഡന്റിറ്റി തിരിച്ചറിയുന്നവരുടെ കൂട്ടത്തിലായാൽ എല്ലാവരും വളരെ ഡീസന്റ് ആയിരിക്കും.
  4. കണ്ണൂർ ഭാഷയിലുള്ള ചില പ്രയോഗങ്ങൾ ഇവിടെയുണ്ട്, അതേ രീതിയിലാണ് നാട്ടിൻ‌പുറത്തുകാർ ഇപ്പോഴും സംസാരിക്കുന്നത്.
  5. ബസ്സിലെ സ്ത്രീയും പിന്നിലിരിക്കുന്ന ഞാനും ആ യാത്രയിൽ ഒന്നും മിണ്ടാതെ ഇരുന്നിട്ടില്ല. ഞങ്ങളുടെ ഡയലോഗുകൾ മറ്റുള്ള സൂപ്പർ ഡയലോഗുകൾക്കിടയിൽ മുങ്ങിപ്പോയി.
  6. അന്ന് അരമണിക്കൂർ സമയം യാത്രക്കാർ വിളമ്പിയ ഡയലോഗുകളിൽ പലതും ഇവിടെ ചേർത്തിട്ടില്ല. ചേർക്കാൻ പറ്റിയില്ല.
  7. രസകരമായ ഒരു യാത്രാനുഭവം വിവരിക്കുക മാത്രമാണ് ഇവിടെ ചെയ്തത്.